ദലിതര്‍ ദൈവത്തെ തൊട്ടു തൊഴുമ്പോള്‍

പൂജാരി നിയമനത്തിലെ പുരോഗമന ആശങ്കയുടെ മറ്റൊരു കാരണം, നമ്മള്‍ പണിതുവച്ചിട്ടുള്ള ജാതിവിരുദ്ധ യുക്തിയെക്കുറിച്ചുള്ള വിശ്വാസമില്ലായ്മ കൂടിയാണ്. ഹിന്ദു ബ്രാഹ്മണ ക്ഷേത്രങ്ങള്‍ ദലിതരെ ഉൾക്കൊണ്ടാല്‍ ജാതിവ്യവസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ രാഷ്ട്രീയം എങ്ങനെ ഇനി പറയും എന്നാണ് ആശങ്ക. ജാതി എന്നും ഒരു പോലെയല്ല. അതു കൈവരിക്കുന്ന പുതിയ രൂപങ്ങളെ തിരിച്ചറിഞ്ഞു രാഷ്ട്രീയം ആവിഷ്ക്കരിക്കുന്നതിനു പകരം, നേരത്തെ സെറ്റ് ചെയ്തു വച്ചിട്ടുള്ളതില്‍ എല്ലാം ഒതുങ്ങണം എന്നു വാശിപിടിക്കാന്‍ പാടില്ല.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ്, പരീക്ഷ നടത്തിയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍  അഞ്ചു ദലിതര്‍ ഉള്‍പ്പടെ മുപ്പത്തിയഞ്ചു് അവര്‍ണർക്കു് പാര്‍ട്ട് ടൈം ശാന്തിക്കാരായി നിയമനം നൽകുമ്പോള്‍, അതിലൊരു തിരിച്ചിടല്‍ ഉണ്ട്. ജാതീയമായി ബ്രാഹ്മണര്‍ക്കു മാത്രമായി തീരുമാനിക്കപ്പെട്ടിട്ടുള്ള ഒരു തൊഴിലിൽ സര്‍ക്കാര്‍ മെക്കാനിസം വഴി വിള്ളല്‍ ഉണ്ടാക്കുന്നുമിണ്ടിവിടെ. ഹിന്ദു/ബ്രാഹ്മണ വ്യവഹാരങ്ങളുടെ ആധുനിക സാമൂഹിക മണ്ഡലത്തിലെ ധര്‍മസങ്കടത്തെയാണതു വെളിവാക്കുന്നത്.  ബ്രാഹ്മണന്‍ എന്നത് ജന്മനായുള്ള സ്ഥാനമല്ലെന്നും പൌരോഹിത്യം എന്നതിനു ജാതിയല്ല വിഷയമെന്നും അതു കര്‍മത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നുമൊക്കെയുള്ള ബ്രാഹ്മണ ജാതിവ്യവഹാരത്തിനാണു തിരിച്ചടി നേരിടുന്നത്.  ബ്രാഹ്മണാധിപത്യത്തിനെതിരെയുള്ള ജാതിവിരുദ്ധ പോരാട്ടങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിയ പ്രതിസന്ധികളെ, ബ്രാഹ്മണ്യം കര്‍മം കൊണ്ടു  നേടുന്നതാണെന്ന യുക്തി ഉയര്‍ത്തിയായിരുന്നു ബ്രാഹ്മണ്യശക്തികൾ എക്കാലവും പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നത് . അതേസമയം തന്നെ, ജാതിനിയമത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പൂജാരി എന്ന സ്ഥാനത്തേക്കു വരുന്ന അവര്‍ണര്‍ക്കെതിരെ ഇക്കൂട്ടർ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്  ഒരു സംഘപരിവാര്‍ സംഘടനയ്ക്ക് ദയനീയമായ ഒരു പരാതി, ഈ നിയമനത്തിനെതിരെ കൊടുക്കേണ്ടി വന്നത്. നൂറ്റാണ്ടുകളായി ഈ കുലത്തൊഴില്‍ ചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നു എന്നാണ് അവരുടെ വിലാപം. ഒരുവശത്ത്  ഉദാരമായ ഹൈന്ദവ വാദങ്ങളിലൂടെ ജാതീയാധികാരം നിലനിർത്താന്‍  ശ്രമിക്കുകയും മറുഭാഗത്ത് സ്വന്തം വാദങ്ങള്‍ തന്നെ തിരിച്ചടിക്കുകയും ചെയ്യുന്ന പ്രതിസന്ധിയാണു ബ്രാഹ്മണര്‍ നേരിടുന്നത്.

എന്നാല്‍ ഇതൊന്നുമായിരിക്കണമെന്നില്ല ഇപ്പോള്‍ നിയമിതരായ ദലിത്-അവര്‍ണ പൂജാരികളുടെ മനസില്‍. അവര്‍ക്ക് ഈ കാര്യത്തില്‍  സ്വന്തമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കാഴ്ച്ചപ്പാടുകളും ഉണ്ടാവും. അതില്‍ സുപ്രധാനമായ കാര്യം, ഭക്തിയും വിശ്വാസവും ആണെന്നാണ് അവരില്‍ രണ്ടു പേരോടു നേരില്‍ സംസാരിച്ചതിന്റെ ഭാഗമായും അവരുടെ അഭിമുഖങ്ങള്‍ വായിച്ചതില്‍ നിന്നും എനിക്കു മനസിലായത്. അവരുടെ വികാരം എന്തെന്നോ അല്ലെങ്കില്‍  അവര്‍  ഈ നിയമനത്തെ എങ്ങനെ കാണുന്നുവെന്നോ  ദലിത്-ബഹുജന്‍,യുക്തിവാദി വിഭാഗങ്ങളിൽപ്പെട്ട പലരും കാണുന്നില്ല എന്നാണെനിക്കു തോന്നുന്നത്.

ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ പൂജാരികള്‍ ആവുന്നതോടെ ഹിന്ദുത്വ/ബ്രാഹ്മണ്യ ആധിപത്യത്തിനു കീഴ്പ്പെട്ടുവെന്നും സംഘപരിവാര്‍ അജണ്ട വിജയിച്ചുവെന്നും ഒക്കെയാണ് പല മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍. ദലിതര്‍ക്കു പൂജാരിപ്പണിയല്ല വേണ്ടതെന്നും  സര്‍ക്കാര്‍ ഉദ്യോഗമാണു വേണ്ടതെന്നും ഒക്കെയാണു വാദങ്ങള്‍. പൂജാരികളായി നിയമിതരായ ദലിതരെ സമുദായ വഞ്ചകരെന്നും വിഡ്ഢികളെന്നുമൊക്കെ വിശേഷിപ്പിക്കുന്ന എഴുത്തുകളും കണ്ടു. ദലിത് പൂജാരികൾക്കെതിരെ ആക്രമണങ്ങളോ വിവേചനമോ നടക്കുമ്പോൾ, ആവശ്യമില്ലാത്തിടത്തു പ്രവേശിക്കാന്‍ ശ്രമിച്ചതുകൊണ്ട് അതവർക്കു കിട്ടേണ്ടതാണെന്ന മട്ടിൽ അവരെ തള്ളിക്കളയുന്നതും കണ്ടിട്ടുണ്ട്.  ദലിതരോ മറ്റു ബഹുജന്‍ വിഭാഗത്തില്‍പ്പെട്ടവരോ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നോ പൂജാരി ആകണമെന്നോ ആഗ്രഹിച്ചാല്‍, അതിനു വിശ്വാസത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാവില്ലേ? അതല്ലെങ്കില്‍, പൂജാരിയായി ജോലി ചെയ്യണമെന്നു് ആഗ്രഹിച്ചാല്‍ അവരെ നിഷേധിക്കാന്‍, അവഹേളിക്കാന്‍ ആർക്കാണ് അധികാരം? നമ്മുടെ യുക്തികള്‍, രാഷ്ട്രീയം എന്നതില്‍ നിന്നു മാത്രമേ എല്ലാവരും ചിന്തിക്കാവൂ എന്നാണോ? വിശ്വാസം എന്നത് ഏതു യുക്തിയിലൂടെയാണു മനസിലാക്കുക?

ദലിത് പൂജാരികളായി നിയമിക്കപ്പെട്ട സുമേഷുമായും ജീവനുമായും സംസാരിച്ചപ്പോള്‍, അവർ വളരെ സന്തോഷത്തിലാണെന്നു മനസ്സിലായി. അവര്‍ രണ്ടു പേരും, ഇപ്പോള്‍ ലിസ്റ്റിലുള്ള പലരെയും പോലെ, വര്‍ഷങ്ങളായി പ്രാദേശികമായ അമ്പലങ്ങളില്‍ പൂജ ചെയ്തു വരുന്നവരാണ്. ദലിത് പ്രസ്ഥാനങ്ങളെക്കുറിച്ചും ജാതിയുടെ രാഷ്ട്രീയത്തെക്കുറിച്ചും ധാരണയുള്ളവര്‍ തന്നെയാണ് അവരും. ആദ്യകാലത്ത്, ഈ രംഗത്തു നിലനില്‍ക്കാന്‍ കഴിയുമോയെന്ന് അവർ ഭയപ്പെട്ടിരുന്നു. ഇപ്പോള്‍, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദലിതര്‍  പൂജാരികളായി ആദ്യമായി കയറുന്നു എന്നത് അവരെ സന്തോഷിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡ് പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴാന്‍ പോയ അനുഭവം ഒരു അഭിമുഖത്തില്‍ സുമേഷ് പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും കോതറാണി എന്ന പുലയ രാജ്ഞിയെക്കുറിച്ചും ഓര്‍ത്തുവെന്നും ലിസ്റ്റില്‍ ഒരു ദലിതനെങ്കിലും ഉണ്ടാകണേ എന്നു പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതു വായിച്ചപ്പോള്‍ ഓർമ വന്നത്, 1936 ല്‍ തിരുവിതാങ്കൂറിൽ ക്ഷേത്രപ്രവേശനം നടക്കുന്ന സമയത്ത് അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ കേട്ടിട്ടുള്ള പാട്ടാണ്. ‘നമുക്കും ചേത്ത്രത്തീ പോകാം, പോയി തൈവത്തെ തൊട്ടു തൊഴാവേ’ എന്ന പാട്ട് , അന്നത്തെ ദലിതര്‍ എങ്ങനെയാണ് ആ വിളംബരത്തെ കണ്ടിട്ടുള്ളതെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അവസരം തരുന്നുണ്ട്. കീഴാള സമരങ്ങള്‍ എല്ലാ തലങ്ങളില്‍ നിന്നും ഉയര്‍ന്നു വരികയും ക്രിസ്തുമത സ്വീകരണം ദലിതര്‍ ഒരു വിമോചന തന്ത്രമായി കണ്ടെത്തുകയും അതു രാജഭരണത്തിന് ആശങ്ക ഉണ്ടാക്കുകയും ചെയ്തപ്പോഴാണ് ക്ഷേത്ര പ്രവേശനം വേണ്ടി വന്നത്. എന്നാൽ,  ദൈവത്തെ തൊടുക എന്നതും അമ്പലക്കുളത്തില്‍ കുളിക്കുക എന്നതുമായിരിക്കും ദലിതരെ സംബന്ധിച്ചു പ്രധാനം.

‘പോറ്റിത്തമ്പ്രാക്കന്മാര്‍ പോഴന്മാര്‍ ആണെ’ന്നും ആ പാട്ടിലുണ്ട്. വിളംബരം വന്ന ഉടനെ, ഓടിക്കയറുകയായിരുന്നില്ല ദലിതര്‍ എന്നാണു കേട്ടിട്ടുള്ളത്. സമയമെടുത്ത് അവര്‍ക്ക് ഇഷ്ടമുള്ളപ്പോളാണു കയറിയത്. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്, ഭക്തിയെ/ദൈവത്തെ  സമീപിക്കുമ്പോള്‍  കീഴാളര്‍ക്കു മറ്റു കാരണങ്ങള്‍ ഉണ്ടാവാമെന്നാണു്. ജീവന്റെ അഭിമുഖത്തില്‍, ‘ദലിതര്‍ കൊയ്തു മെതിച്ചു കൊണ്ടു വരുന്ന അരി കൊണ്ടു നിവേദ്യം വെക്കാം, പക്ഷേ ശ്രീകോവിലില്‍ കയറി പൂജ ചെയ്യാന്‍ പാടില്ലായെന്നതിന് എന്തു ന്യായമാണുള്ളതെ’ന്നു  ചോദിക്കുന്നുണ്ട്. പല മേഖലകളിലെ ദലിതരുടെ പ്രവേശനത്തെ പിന്തുണയ്ക്കുന്നവർക്ക് എന്തുകൊണ്ട് ഈ ഏജെന്‍സിയെ അംഗീകരിക്കാന്‍ കഴിയുന്നില്ല? ദലിത് പൂജാരിമാര്‍ നേരിടേണ്ടി വരുന്ന ആക്രമണങ്ങളെക്കുറിച്ചും വിവേചനത്തെ സംബന്ധിച്ചുമെല്ലാം ബോധ്യമുണ്ടായിട്ടും ഈയൊരു തൊഴില്‍ തിരഞ്ഞെടുക്കുന്നു എന്നത് ആഗ്രഹത്തിന്റെ തീവ്രതയെത്തന്നെയല്ലേ സൂചിപ്പിക്കുന്നത്? ഇടതു്-യുക്തിവാദ-മതേതര യുക്തികളില്‍ നിന്നുകൊണ്ട് വിശ്വാസത്തെ എങ്ങനെയാണു മനസിലാക്കാന്‍ കഴിയുക?

ഈ സമയത്ത് ചരിത്രത്തില്‍ നിന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒന്ന്  ദലിതരുടെ ക്രിസ്തുമത സ്വീകരണമാണ്. മിഷനറിമാരുടെ താല്പര്യം അനുസരിച്ച് അവര്‍ മാറ്റപ്പെടുകയായിരുന്നില്ല. മറിച്ച്, ജാതി വ്യവസ്ഥിതിയോടുള്ള സമരത്തിന്റെ ഭാഗമായി, അവരുടെ രീതിയില്‍ ക്രിസ്തുമതത്തെ വായിക്കുകയായിരുന്നു. ഇതേ സമയത്തു തന്നെ വൈകുണ്ഠ സ്വാമി,  ഹിന്ദു യുക്തിയെ തിരിച്ചിട്ടുകൊണ്ട് വിഷ്ണുവിന്റെ പുത്രനായി സ്വയം അവതരിച്ചു് രാജ കുടുംബത്തെ ചോദ്യം ചെയ്യുന്നുണ്ട്.  കീഴാളര്‍ എങ്ങനെയാണു വിശ്വാസത്തെ കാണുന്നതെന്നാണ് ഇതെല്ലാം സ്പഷ്ടമാക്കുന്നത്. മതേതര- ലിബറല്‍ ചിന്തകളുടെ അധീശ ലോകം,  വിശ്വാസത്തെ തള്ളിക്കളയുന്നുണ്ട് എന്നതാണു സത്യം.  ഹാദിയയുടെ ഇസ്ലാം സ്വീകരണം എന്ന അവകാശത്തെ/ആഗ്രഹത്തെ അംഗീകരിക്കാന്‍ പൊതുബോധം അനുവദിക്കാത്തത് അതു കൊണ്ടാണ്. ഒരാളുടെ വിശ്വാസ സ്വീകരണം സമൂഹത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ട ഒന്നല്ല.ആരോടും അങ്ങനെ ഒരു ബാധ്യത വിശ്വാസിക്കില്ല.

പൂജാരി നിയമനത്തിലെ പുരോഗമന ആശങ്കയുടെ മറ്റൊരു കാരണം, നമ്മള്‍ പണിതുവച്ചിട്ടുള്ള ജാതിവിരുദ്ധ യുക്തിയെക്കുറിച്ചുള്ള വിശ്വാസമില്ലായ്മ കൂടിയാണ്. ഹിന്ദു ബ്രാഹ്മണ ക്ഷേത്രങ്ങള്‍ ദലിതരെ ഉൾക്കൊണ്ടാല്‍ ജാതിവ്യവസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ രാഷ്ട്രീയം എങ്ങനെ ഇനി പറയും എന്നാണ് ആശങ്ക. ജാതി എന്നും ഒരു പോലെയല്ല. അതു കൈവരിക്കുന്ന പുതിയ രൂപങ്ങളെ തിരിച്ചറിഞ്ഞു രാഷ്ട്രീയം ആവിഷ്ക്കരിക്കുന്നതിനു പകരം, നേരത്തെ സെറ്റ് ചെയ്തു വച്ചിട്ടുള്ളതില്‍ എല്ലാം ഒതുങ്ങണം എന്നു വാശിപിടിക്കാന്‍ പാടില്ല.

Top