“എന്റെ ജീവിതം ഇങ്ങനെ മതിയോ?”

സ്ത്രീവിരുദ്ധമെന്നും വ്യക്തിസ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്നതുമായ സമുദായമായും അപകടകരമായ മതപരത കൊണ്ടുനടക്കുന്ന ദുരൂഹവും അപകടകരവുമായ സമൂഹമായും മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന ഇടത്തിലാണ് എല്ലാ ദുർഘടങ്ങൾക്കിടയിലും “ഞാൻ സ്വയം പഠിച്ചു തീരുമാനിച്ചു മുസ്ലീമായതാണ്” എന്ന് ഹാദിയ ആവർത്തിച്ചുകൊണ്ടിരിക്കുന്നതും സ്വന്തം മാതാപിതാക്കളുടെ വിശ്വാസത്തെ തള്ളിപ്പറയുന്നതും, ഐ എസ് റിക്രൂട്ട്മെന്റ് അടക്കമുള്ള പ്രചാരങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിക്കൊണ്ടു നിലകൊള്ളുന്നതും.

ഹാദിയയുടെ ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ സാധിക്കാത്ത കേരളത്തിന്റെ പ്രതിസന്ധിയിൽ കേവലം ഒരു വ്യക്തി അനുഭവിക്കുന്ന മനുഷ്യാവകാശപ്രശ്നങ്ങൾ മാത്രമല്ല ഉള്ളത്.

ഹാദിയയുടെ തെരെഞ്ഞെടുപ്പുകളോടും അതുകാരണം അവർ നേരിടേണ്ടി വരുന്ന അനുഭവങ്ങളോടും കോടതിയും പൊതുസമൂഹവും മാധ്യമങ്ങളും ജനാധിപത്യ സംവിധാനങ്ങളും എങ്ങനെ പ്രതികരിച്ചു എന്നത് പൗരസമൂഹത്തിന്റെ അവകാശങ്ങളെ സംബന്ധിച്ച് മതേതര ജനാധിപത്യത്തിന്റെ വാഗ്ദാനങ്ങൾക്കപ്പുറം നിലനിൽക്കുന്ന വിവേചനങ്ങളേയും അവയുടെ മാനദണ്ഡങ്ങളേയും ഒരു പക്ഷേ മറ്റൊരുദാഹരണത്തിലും കാണാനാവാത്തവിധം വെളിപ്പെടുത്തുന്നുണ്ട്. നിലവിൽ ഹാദിയ വീട്ടുതടങ്കലിലാണ് എന്നത് അംഗീകരിക്കാത്തവരായി ഒരുപക്ഷേ ആരും തന്നെയില്ല. അതിലേക്ക് നയിച്ച കാരണങ്ങൾ വ്യാഖ്യാനിക്കാൻ പാടുപെടുന്നതിലാണ് മതേതര ജനാധിപത്യത്തിന്റെ വിവേചനങ്ങൾ വെളിവാകുന്നത്.

ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദ് ചെയ്തപ്പോൾ മുതൽ വന്നുതുടങ്ങിയതാണ് ഈ വ്യാഖ്യാനങ്ങൾ. മതം മാറാനുള്ള ഹാദിയയുടെ അവകാശം ആദ്യം കോടതി അംഗീകരിച്ചു കൊടുത്തതാണ് എന്നും വിവാഹത്തിൽ കാണിച്ച രഹസ്യാത്മകതയാണ് പ്രതികൂലമായ വിധി പറയാൻ പിന്നീട് കോടതിയെ നിർബന്ധിതമാക്കിയതെന്നുമാണ് മാധ്യമങ്ങളും കോടതിയെ ന്യായീകരിച്ചവരും തുടർച്ചയായി പറഞ്ഞത്. വാസ്തവത്തിൽ സ്വമേധയായുള്ള മതം മാറ്റമെന്ന് ആദ്യം അംഗീകരിച്ച ബെഞ്ചല്ല പിന്നീട് അത് നിർബന്ധ മതപരിവർത്തനമാണ് എന്ന് ആരോപിച്ചത്. വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങൾ ഹാദിയയുടെ സത്യവാങ്മൂലവുമായും നേരിട്ട് സംസാരിച്ചും ക്രോസ്സ് ചെക്ക് ചെയ്തു പൊരുത്തപ്പെടുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ടാണ്  ജസ്റ്റിസുമാരായ അബ്ദുൽ റഹീം,  ഷാജി പി ചാലി എന്നിവരുള്ള ഡിവിഷൻ ബെഞ്ച് ഹാദിയയ്ക്ക് അനുകൂലമായി തീർപ്പു കൽപ്പിക്കുന്നത്. ഏഴുമാസങ്ങൾക്കു ശേഷം ഹാദിയയുടെ അച്ഛൻ അശോകൻ വീണ്ടും നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, അബ്രഹാം മാത്യു എന്നിവരുള്ള മറ്റൊരു ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. ആ നടപടിതന്നെ ഹൈക്കോടതി ആക്റ്റിനും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായിരുന്നു.

ഹർജിക്കു മുകളിൽ നൽകിയ ഇടക്കാല ഉത്തരവിലൂടെ ഹാദിയ ഹോസ്റ്റലിൽ പോലീസ് നിയന്ത്രണത്തിൽ ആയപ്പോൾ, “താൻ കോടതിയുടെ തടവിലിലാണ് ” എന്ന ഹാദിയയുടെ കത്ത് പരിഗണിച്ച്, അവരുടെ വാദം കേട്ട ശേഷം 2016 ഒക്ടോബറിൽ മറ്റൊരു ഉത്തരവിലൂടെ സ്വാതന്ത്രയാക്കുകയും പോപ്പുലർ ഫ്രണ്ട് പ്രവർത്തക സൈനബയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്തു. ഈ സമയം ഹാദിയ വിവാഹം കഴിക്കരുതെന്ന് നിഷ്കർഷിക്കണം എന്ന് അശോകൻ ആവശ്യപ്പെടുന്നുണ്ട്. കോടതി ആ ആവശ്യം അംഗീകരിച്ചില്ല. വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ സാധ്യമല്ലെന്ന് ഒക്ടോബറിൽ പറഞ്ഞ കോടതിയാണ് ഡിസംബറിൽ, ഹാദിയ താമസിക്കുന്ന സൈനബയുടെ വീട്ടിൽ വെച്ചു നടന്ന വിവാഹത്തിൽ രഹസ്യാത്മകത ആരോപിച്ച് അന്വേഷണത്തിന് ഉത്തരവിടുന്നത്. വിവാഹത്തിൽ യാതൊരു ദുരൂഹമായ കാര്യങ്ങളും നടന്നിട്ടില്ലെന്ന് പോലീസന്വേഷണത്തിൽ തെളിഞ്ഞിട്ടും അത് തള്ളിക്കളഞ്ഞുകൊണ്ട് വളരെ ബാലിശമായ ചില നിരീക്ഷണങ്ങളിലൂടെ കോടതി തന്നെ വിവാഹത്തിന്റെ കാര്യത്തിൽ ഒരു കോൺസ്പിരസി തിയറി ഉണ്ടാക്കി വിവാഹം റദ്ദ് ചെയ്യുകയായിരുന്നു. ഹാദിയയെ വിവാഹം ചെയ്ത ഷഫിൻ ജഹാൻ വിദേശത്ത് (മസ്കറ്റിൽ) ജോലി ചെയ്യുന്നയാളും എസ്ഡിപിഐ അനുഭാവിയും ആണെന്നതും ഷഫിന്റെ ഉമ്മയും മസ്കറ്റിൽ ഉണ്ടെന്നുള്ളതുമാണ് ഹാദിയയെ സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് കൊണ്ടുപോവാനുള്ള സാധ്യതയായി കോടതി കണ്ടെത്തുന്നത്. വിവാഹത്തിന്റെ പ്രൊപോസൽ മുതൽ വിവാഹം റെജിസ്റ്റർ ചെയ്ത സകല രേഖകളും ഉണ്ടായിരുന്നിട്ടും അവയൊക്കെ ഏകപക്ഷീയമായി സംശയാസ്പദം എന്നു പറഞ്ഞു തള്ളിക്കളയുകയാണ് കോടതി ചെയ്തത്.  ഏറ്റവും പ്രധാനമായത് ഈ പരാക്രമത്തിനിടയിൽ ഹാദിയയുടെ മതപരിവർത്തനത്തെ തന്നെ കോടതി സംശയാസ്പദം എന്ന് വിശേഷിപ്പിക്കുകയും അതിന് യാതൊരു രേഖയുമില്ലെന്ന് പച്ചക്കള്ളം പറയുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ്. കേരളത്തിൽ ഇസ്ലാമിലേക്കുള്ള മതപരിവർത്തനം പരിശോധിച്ച് സർട്ടിഫൈ ചെയ്യുന്ന, പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമുള്ള തർബിയ്യത്തുൽ ഇസ്ലാമിയയുടെ സർട്ടിഫിക്കറ്റ് ഹാദിയ സമർപ്പിച്ചത് ഫയലിൽ സ്വീകരിച്ചത് മറച്ചുവെച്ചാണ് കോടതി ഈ നിഷേധം നടത്തുന്നത്.

ഈ അനീതികളെയാണ് കേരളം ന്യായീകരിച്ചുകൊണ്ടിരുന്നത്. 25 വയസ്സായാലും, വിദ്യാസമ്പന്നയാണെങ്കിലും  ഒരു സ്ത്രീക്ക് സ്വന്തമായി തീരുമാനം എടുക്കാനാവില്ല എന്നു പറഞ്ഞു കോടതി രക്ഷാകർത്താവായതിനെ പോലും  സ്ത്രീകളുടെ അവകാശ വ്യവഹാരങ്ങളിൽ പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളും സമൂഹവും മൗനമായി അംഗീകരിച്ചു.

ഹൈക്കോടതി വിധിയിലെ അനീതിയിൽ പ്രതിഷേധിക്കാൻ ആകെ തയ്യാറായത് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ഏകോപന സമിതിയായിരുന്നു. അവർ നടത്തിയ ഹൈക്കോടതി മാർച്ചും അതിനുനേരെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ നടത്തിയ ഹർത്താലും ഇതേ മാധ്യമങ്ങളും സമൂഹവും ‘കേരളം അപകടത്തിൽ’ എന്നു പറഞ്ഞാണ് ചർച്ച ചെയ്തത്. ഹാദിയയുടെ വീട്ടുതടങ്കലിനെക്കുറിച്ചുള്ള വാർത്തകളും ദൃശ്യങ്ങളും ഹാദിയയുടെ തന്നെ സാക്ഷ്യവും പുറത്തുവന്നതിനു ശേഷവും ഈ സമരങ്ങളാണ് അതിനുകാരണമായതെന്ന് മുഖ്യധാരാ മാധ്യമങ്ങളിലെ നീതിമതികളായ സ്ത്രീകളായി അറിയപ്പെടുന്ന ഷാനി പ്രഭാകരനും സിന്ധുസൂര്യകുമാറും തങ്ങളുടെ പ്രതിവാര രാഷ്ട്രീയ സാമൂഹിക അവലോകന പരിപാടികളിൽ പ്രസ്താവിച്ചു. ഹാദിയയെക്കുറിച്ചുള്ള മതേതര ഇടതു ലിബറൽ ചർച്ചകളും ഇതേ വാദമുഖങ്ങളോടെ വീട്ടുതടങ്കലിനേയും ഹാദിയ നേരിടുന്ന പീഢനങ്ങളേയും ന്യായീകരിച്ചു.

വസ്തുതകൾ മറച്ചു വെച്ചുകൊണ്ട് കോടതി മെനഞ്ഞെടുത്ത ഒരു മുസ്ലീം തീവ്രവാദ റിക്രൂട്ട്മെന്റ് കഥ സ്വീകരിക്കാനും അതിനെ തങ്ങളുടെ സ്വന്തം അവലോകനങ്ങൾ ചേർത്ത് കൊഴുപ്പിക്കാനും അതിനായി പ്രതിരോധത്തിലുള്ള മുസ്ലീം പ്രസ്ഥാനങ്ങളെ തന്നെ പ്രതികളാക്കാനും തയ്യാറായപ്പോൾ മതേതര കേരളം വെളിപ്പെടുത്തിയത് അത് എന്നും ഉള്ളിൽ കൊണ്ടുനടന്നിട്ടുള്ള മുസ്ലീം വിരുദ്ധതയുടെ ആഴമാണ്. അതിനോടൊപ്പം സ്ത്രീസമത്വ, വ്യക്തിസ്വാതന്ത്ര്യ വ്യവഹാരങ്ങളിൽ പുലർത്തിയിരുന്ന വിവേചനങ്ങളും വെളിവാവുകയാണ് ചെയ്തത്. വീട്ടുതടങ്കലിനേയും പീഢനങ്ങളേയും കുറിച്ച് മുസ്ലീം സംഘടനകളുടേയും അല്ലാത്തവരുടേതുമായ പരാതികകൾ അവഗണിച്ച മനുഷ്യാവകാശ, വനിതാ കമ്മീഷനുകളും ഭരണകൂടവും ഈ വിവേചനം സാമൂഹികം മാത്രമല്ലെന്നും ജനാധിപത്യ സംവിധാനത്തിലും അന്തർലീനമാണെന്നും തെളിയിച്ചു.

ഹൈന്ദവ ആചാരങ്ങളിലും സവർണ്ണതയുടെ പ്രാമാണികതയിലുമാണ് കേരളം അതിന്റെ മതേതര രൂപം കണ്ടെടുത്തത്. അതിലധിഷ്ഠിതമായ കലയും സാഹിത്യവും വിദ്യാഭ്യാസവും കൊണ്ട്  അത്യന്തം സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായ സമൂഹമായാണ് കേരളം വളർന്നത്. ഈ സമൂഹം ആധുനികതയെ പുണരുന്നതിന് കണ്ടെടുത്ത അപരത്വങ്ങളിൽ പ്രധാനമായത് ഈ മതേതര മാനദണ്ഡങ്ങൾ പാലിക്കാത്ത മുസ്ലീങ്ങളാണ്. മുസ്ലീം ജീവിതങ്ങളേയും അവരുടെ ഭക്ഷണവും വസ്ത്രധാരണവുമൊക്കെ വിചാരണചെയ്തുകൊണ്ടാണ് കേരളം അതിന്റെ പുരോഗമനപരത പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. അതിൽ തന്നെ മുസ്ലീം വിവാഹവും ലൈംഗീക ജീവിതവും തുടർച്ചയായി ചർച്ചചെയ്തുകൊണ്ടാണ് സ്ത്രീസമത്വവും വ്യക്തിസ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും സംബന്ധിച്ച വ്യവഹാരങ്ങൾ നടത്തിയിട്ടുള്ളത്. ഈ വ്യവഹാരങ്ങൾ സൃഷ്ടിച്ച ബോധപരിസരമാണ് സംഘപരിവാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും വിളയിടമാവുന്നത്.

അപരരെ സൃഷ്ടിക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്നിരിക്കെ മുസ്ലീം ജീവിതത്തിന്റെ നന്മകളോ അവരുടെ രീതികളുടെ സാമൂഹിക പ്രസക്തികളോ അടുത്തറിയുവാനോ ആത്മാർത്ഥമായ സമീപനങ്ങളോടെ പഠിക്കുവാനോ മതേതര കേരളം തയ്യാറായില്ല. കേരളത്തിൽ മാത്രമല്ല, ആധുനികതയിലൂന്നിയ വ്യവഹാരത്തിൽ ലോകത്തുള്ള മുസ്ലീം സമൂഹങ്ങളൊക്കെയും ഈ വിവേചനം അനുഭവിച്ചിട്ടുണ്ട്.

എന്നാൽ വിവേചന ഉന്മൂലനത്തിനും  കീഴാള ഉന്നമനത്തിനും വേണ്ടി സ്ഥാപിതമായ ഇസ്ലാമിന്റെ, സമൂഹ സൃഷ്ടിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അപരവൽക്കരണത്തിന്റ വിവേചനകളെ അതിജീവിക്കാൻ പ്രത്യയശാസ്ത്രപരമായി പ്രാപ്തമായിരുന്നു. നിർബന്ധമായ സക്കാത്തും, ഐഛീകമായ ദാനധർമ്മങ്ങളും, വിവാഹം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കും അനാഥർക്കും ഒറ്റപ്പെട്ടവർക്കും പ്രാധാന്യം നൽകുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെയായി സഹവർത്തിത്വത്തിൽ അധിഷ്ഠിതമായ മതഭാവനയാണ്, വിഭവ വിനിമയവും വിതരണവും സാധ്യമാകുന്ന ജനസംഖ്യാനുപാതമുള്ളയിടങ്ങളിൽ മുസ്ലീങ്ങളെ അതിജീവനത്തിന് പ്രാപ്തമാക്കിയത്. അനുഷ്ഠാനങ്ങളിലും ജീവിത രീതികളിലും അനാഥരേയും വിധവകളേയും പുതുമതക്കാരേയും അങ്ങനെ ഒറ്റപ്പെടുന്ന വിവിധ വിഭാഗങ്ങളെ വിശ്വാസപരമായി ബന്ധിപ്പിക്കുന്നതുകൊണ്ടാണ് കേരളത്തിലെ മുസ്ലീം സമുദായത്തിനുള്ളിലും സഹവർത്തിത്വത്തിലൂടെയുള്ള ഉന്നമനം സാധ്യമായതും സാമൂഹികവും വിഭവപരവുമായ അധികാരങ്ങൾ നേടിയതും.

കേരളത്തിൽ പ്രകടമായിത്തന്നെ ദൃശ്യമായ ഈ അതിജീവനത്തിന്റെ ഫലങ്ങളേയും അവമതിയോടേയും അസഹിഷ്ണുതയോടേയും കാണുകയാണ് കേരളം ചെയ്തിട്ടുള്ളത്. സ്വന്തം അതിജീവനത്തോടൊപ്പം കേരളത്തിന്റെ വികസനത്തിൽ തന്നെ നിർണ്ണായക പങ്കാവുന്ന മുസ്ലീങ്ങളുടെ ഉന്നമനം അനർഹമായതും അവിഹിതമായ മാർഗ്ഗങ്ങളിലൂടെ നേടിയെടുത്തതുമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മുസ്ലീം സമുദായത്തിന്റെ മതകീയ അടിത്തറയാണ് തകർക്കപ്പെടേണ്ടത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള സംഘപരിവാർ പദ്ധതികൾക്ക് പിൻബലമായി പ്രവർത്തിക്കുന്നത് മതേതര സമൂഹത്തിന്റെ ഈ അവമതി നിറഞ്ഞ സമീപനമാണ്. അതുകൊണ്ടുതന്നെയാണ് മുത്തലാഖും ഏകസിവിൽകോഡും ബഹുഭാര്യത്വവും പോലെത്തന്നെ നിർബന്ധിത മതപരിവർത്തനം, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, കശ്മീർ റിക്രൂട്ട്മെന്റ്, ഐ എസ് റിക്രൂട്ട്മെന്റ് തുടങ്ങിയവയും ഇരുകൂട്ടരുടേയും പ്രചാരണങ്ങളിൽ ഒരേപോലെ സ്ഥാനം പിടിക്കുന്നത്.

സ്ത്രീവിരുദ്ധമെന്നും വ്യക്തിസ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്നതുമായ സമുദായമായും അപകടകരമായ മതപരത കൊണ്ടുനടക്കുന്ന ദുരൂഹവും അപകടകരവുമായ സമൂഹമായും മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന ഇടത്തിലാണ് എല്ലാ ദുർഘടങ്ങൾക്കിടയിലും “ഞാൻ സ്വയം പഠിച്ചു തീരുമാനിച്ചു മുസ്ലീമായതാണ്” എന്ന് ഹാദിയ ആവർത്തിച്ചുകൊണ്ടിരിക്കുന്നതും സ്വന്തം മാതാപിതാക്കളുടെ വിശ്വാസത്തെ തള്ളിപ്പറയുന്നതും, ഐ എസ് റിക്രൂട്ട്മെന്റ് അടക്കമുള്ള പ്രചാരങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിക്കൊണ്ടു നിലകൊള്ളുന്നതും.

കേരളാപോലീസിന്റെ എട്ടോളം അന്വേഷണങ്ങൾ, രണ്ടുവർഷം നീണ്ട രണ്ടു നിയമയുദ്ധങ്ങൾ, സംഘപരിവാർ ഭീഷണികൾ, ഹോസ്റ്റലിലും വീട്ടിലുമായി മാസങ്ങളായുള്ള തടവ്, താൻ ഏറ്റവും സ്നേഹിക്കുന്നവരിൽ നിന്നുതന്നെയുള്ള സമ്മർദ്ദവും പീഢനങ്ങളും, ആടിനെമേക്കാൻ പോകുന്നവളെന്ന, അവഹേളനം ഉദ്ദേശിച്ചുള്ള പ്രചാരണവും ഐ എസിൽ ചേരാൻ പോവുന്നവളെന്നും മാതാപിതാക്കളെ മതം മാറ്റാൻ വരെ പ്രയത്നിക്കുന്ന രീതിയിൽ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടവൾ എന്നുമുള്ള പ്രചാരണങ്ങൾ, ഒടുവിൽ ഇപ്പോളത്തെ എൻഐഎ അന്വേഷണം. ഇങ്ങനെ നിരവധി ദുർഘടങ്ങൾക്കിടയിലാണ് ഹാദിയ വിശ്വാസത്തിന്റെ മാത്രം ഉറപ്പിൽ, ആ ഉറപ്പിന്റെ അവകാശത്തിനായി നിലകൊള്ളുന്നത്. ആ ദുർഘടങ്ങൾ മുഴുവൻ ഒരു മുസ്ലീം എന്ന നിലയിൽ മാത്രം ഹാദിയ നേരിടുന്നതാണ്.

ശഹാദത്ത് കലിമ ചൊല്ലിയതുകൊണ്ടുമാത്രം മുസ്ലീമായ ഒരാളായി ഹാദിയയെ കാണാനാവില്ല. സംഘപരിവാരിന്റെ ആക്രമണങ്ങളും മതേതര ജനാധിപത്യത്തിന്റെ വിവേചനങ്ങളും ഒരേപോലെ പ്രതിരോധിക്കുന്ന മുസ്ലീങ്ങളുടെ പ്രതിനിധിയാവുന്നതുകൊണ്ടു കൂടിയാണ്. “ഞങ്ങളുടെ ജീവിതം ഇങ്ങനെ മതിയോ” എന്ന് ചോദിക്കേണ്ടിവരുന്ന അനേകരുടെ പ്രതിനിധിയാവുന്നതുകൊണ്ടാണ്.

അതാണ് ഹാദിയ എന്ന മുസ്ലീം സ്ത്രീയുടെ അനുഭവങ്ങളെ മനുഷ്യാവകാശ ലംഘനത്തിന്റേയും പൗരാവകാശ ലംഘനങ്ങളുടേയും പ്രശ്നങ്ങൾക്ക് അതീതമാക്കുന്നതും തങ്ങൾ തന്നെ സൃഷ്ടിച്ച മുസ്ലീം വാർപ്പുമാതൃകകളുടെ തകർച്ചയുടെ കാഴ്ചയാൽ മതേതര ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കുന്നതും.

Top