പുരാണങ്ങളിലെ ഹിന്ദുമതം- തത്വവും പ്രയോഗവും

”ജാതിക്കു ചുറ്റും കെട്ടിപ്പൊക്കിയ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍ പറ്റാത്തവയാണ്. അതിന്റെ നിര്‍മ്മാണ സാമഗ്രികള്‍ യുക്തിചിന്തയ്ക്കും സന്മാര്‍ഗ്ഗചിന്തയ്ക്കും ദഹിപ്പിച്ചുകളയാന്‍ പറ്റാത്തവയാണ്. മാത്രമല്ല, ആ മതില്‍ക്കെട്ടിനുള്ളില്‍ ബ്രാഹ്മണര്‍ നിലയുറപ്പിച്ചിരിക്കുന്നു. ബുദ്ധിജീവികളായ ബ്രാഹ്മണര്‍ ഹിന്ദുക്കളുടെ സ്വാഭാവികനേതാക്കളാണ്. കൂലിപ്പട്ടാളക്കാരല്ല. മാതൃഭൂമിക്കുവേണ്ടി പടവെട്ടുന്ന സൈന്യമാണ്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ക്കിടയിലെ ജാതി നശീകരണം ഏറെക്കുറെ അസാദ്ധ്യമാണെന്ന് ഞാന്‍ കരുതുന്നത്. ഏതു തരത്തിലായാലും ജാതിയുടെ തകര്‍ച്ചയ്ക്ക് നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. എന്നാല്‍ കൃത്യനിര്‍വ്വഹണം നീണ്ടുപോയാലും പെട്ടെന്ന് നടന്നാലും ഒരു കാര്യം ഓര്‍മ്മിക്കണം. ജാതി വ്യവസ്ഥയ്ക്ക് ഒരു തകര്‍ച്ച സംഭവിക്കണമെങ്കില്‍ വേദങ്ങളേയും ശാസ്ത്രങ്ങളേയും ഡയനാമിറ്റ് വച്ച് തകര്‍ക്കണം.

ഹിന്ദുമതം, പ്രാചീന ഗോത്രാചാരാനുഷ്ഠാനങ്ങളില്‍ ബന്ധിതമാണെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. തന്മൂലം ഈ മതം തത്വത്തിന്റേതല്ല. മറിച്ച് ചട്ടങ്ങളുടേതാണ്. ഉള്ളടക്കമാകട്ടെ വേദങ്ങളിലും സ്മൃതികളിലും പറയുന്ന യാഗ സംബന്ധമായതും, സാമൂഹ്യവും രാഷ്ട്രീയവും ശുദ്ധീകരണപരവുമായ വ്യവസ്ഥകളുടെ സമാഹാരമാണ്. അതുകൊണ്ടാണ് ഹിന്ദുമതം ആജ്ഞകളുടെയും നിഷേധങ്ങളുടെയും ബഹുലതയായിരിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും ബാധകമായ ആത്മീയ തത്വങ്ങള്‍ ആ മതത്തില്‍ ദര്‍ശിക്കാനാവുകയില്ല. അഥവാ, ഉണ്ടെങ്കില്‍ തന്നെ ഹിന്ദുവിന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ അവ പര്യാപ്തവുമല്ല. ഇപ്രകാരം അനുശാസനങ്ങളിലും അനുഷ്ഠാനങ്ങളിലും ബന്ധിതമായിരിക്കുന്ന ഹിന്ദുമതത്തിന്റെ വ്യവഹാര മണ്ഡലത്തെ കാലാതിവര്‍ത്തിയാക്കുന്നത്, രാഷ്ട്രീയാധിശ്വത്താല്‍ സ്ഥാപനവത്കരിക്കപ്പെടുന്ന നിയമമാണ്. അതായത് ഹിന്ദുമതമെന്ന് വിളിക്കപ്പെടുന്നത് പുരാതനവും പ്രചാര ലബ്ധവുമായ നിയമമാണ്. ഇത്തരം നിയമങ്ങളുടെ ലക്ഷ്യം സമൂഹത്തെ മാറ്റുക എന്നതിനപ്പുറം ചില വംശങ്ങളുടെയും ജാതികളുടെയും നിലനില്‍പ്പിനാധാരമായ മൂല്യങ്ങളുടെയും ഘടനാ ക്രമത്തിന്റെയും സംരക്ഷണമാണ്. അതുകൊണ്ടാണ് രാമായണത്തിലെ രാമന്‍, ശൂദ്രനായ ശംബൂകന്റെ തലയറുത്തതും ഭഗവത് ഗീതയിലൂടെ കൃഷ്ണന്‍ രക്തബന്ധങ്ങള്‍ കണക്കിലെടുക്കാതെ അനേകായിരങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്തതും.

ഹിന്ദുമതത്തെ മുകളില്‍ പറഞ്ഞ പ്രകാരം തിരിച്ചറിഞ്ഞതിനാലാണ് അംബേദ്കര്‍ ഇപ്രകാരം എഴുതിയത്. ”ജാതിക്കു ചുറ്റും കെട്ടിപ്പൊക്കിയ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍ പറ്റാത്തവയാണ്. അതിന്റെ നിര്‍മ്മാണ സാമഗ്രികള്‍ യുക്തിചിന്തയ്ക്കും സന്മാര്‍ഗ്ഗചിന്തയ്ക്കും ദഹിപ്പിച്ചുകളയാന്‍ പറ്റാത്തവയാണ്. മാത്രമല്ല, ആ മതില്‍ക്കെട്ടിനുള്ളില്‍ ബ്രാഹ്മണനര്‍ നിലയുറപ്പിച്ചിരിക്കുന്നു. ബുദ്ധിജീവികളായ ബ്രാഹ്മണര്‍ ഹിന്ദുക്കളുടെ സ്വാഭാവികനേതാക്കളാണ്. കൂലിപ്പട്ടാളക്കാരല്ല. മാതൃഭൂമിക്കുവേണ്ടി പടവെട്ടുന്ന സൈന്യമാണ്. അതുകൊണ്ടാണ് ഹിന്ദുക്കള്‍ക്കിടയിലെ ജാതി നശീകരണം ഏറെക്കുറെ അസാദ്ധ്യമാണെന്ന് ഞാന്‍ കരുതുന്നത്. ഏതു തരത്തിലായാലും ജാതിയുടെ തകര്‍ച്ചയ്ക്ക് നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. എന്നാല്‍ കൃത്യനിര്‍വ്വഹണം നീണ്ടുപോയാലും പെട്ടെന്ന് നടന്നാലും ഒരു കാര്യം ഓര്‍മ്മിക്കണം. ജാതി വ്യവസ്ഥയ്ക്ക് ഒരു തകര്‍ച്ച സംഭവിക്കണമെങ്കില്‍ വേദങ്ങളേയും ശാസ്ത്രങ്ങളേയും ഡയനാമിറ്റ് വച്ച് തകര്‍ക്കണം. യുക്തിചിന്തയ്ക്ക് ഒരു സ്ഥാനവും കല്‍പിക്കാത്തവയാണ് വേദങ്ങളും ശാസ്ത്രങ്ങളും. അവ സന്മാര്‍ഗ്ഗത്തിന് ഒരു പങ്കും നല്‍കുന്നില്ല. ശ്രുതികളുടെയും സ്മൃതികളുടെയും മതം നശിപ്പിക്കപ്പെടണം. മറ്റൊന്നും ഫലപ്രദമാവുകയില്ല”. നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളെ നിഷേധിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുമതം എന്നും ജാതികളുടെ ഒരു സമാഹാരമായാണ് നിലനില്‍ക്കുന്നത്. ആയിരക്കണക്കായ ജാതി-ഉപജാതികളായി വിഭജിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ ഏകീകരിക്കപ്പെടുന്നത് മുസ്ലീങ്ങള്‍ക്ക് എതിരായ ലഹളകള്‍ നടക്കുമ്പോള്‍ മാത്രമാണ്. തന്മൂലം ഹിന്ദുക്കളുടെ മതാത്മകമായ ഏകീകരണത്തിന് മുസ്ലീം വിരോധം ശാശ്വതമായി നിലനിറുത്തേണ്ടതുണ്ട്. ഇത്തരമൊരു മതത്തിന്റെ പുരാണിക് ഘട്ടത്തിലെ പാഠവത്ക്കരണമാണ് പരിശോധിക്കുന്നത്.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ 61-ാം വാര്‍ഷിക സമ്മേളനത്തില്‍ (2000-2001) വിജയ നാഥ് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ (From Brahmanism to Hindhusm Negotiating the myth of great tradition) ചൂണ്ടിക്കാണിക്കുന്നത്; പുരാണങ്ങളുടെ രചനാകാലം എ.ഡി രണ്ടാം നൂറ്റാണ്ട് മുതല്‍ എ.ഡി 12-ാം നൂറ്റാണ്ടുവരെയാണെന്നാണ്. ഇതേകാലഗണനയെ ഡോ.ബി.ആര്‍ അംബേദ്കറും ഡി.ഡി.കൊസാംബിയും അംഗീകരിക്കുന്നുണ്ട്. പുരാണങ്ങളുടെ പ്രത്യേകതകളെന്താണ്? ഇതിഹാസങ്ങള്‍, ഭരിക്കുന്ന രാജാവുമായി ബന്ധപ്പെട്ട ഭൂതകാല സംഭവങ്ങളുടെ (ചരിത്രം) ആഖ്യാനമാണ്. ഇതില്‍ നിന്നും ഭിന്നമായി പുരാണങ്ങള്‍. പാഠവത്കരിക്കുന്നത് ജ്ഞാനമണ്ഡലത്തെയാണ്. അവ ഇപ്രകാരമാണ്. എ. സ്മൃതി ധര്‍മ്മം 1. വര്‍ണാശ്രമ ധര്‍മ്മം, 2. ആചാരം, 3. അഗ്നികം, 4. ഭാഷാഭാഷ്യം, 5. വിവാഹം, 6. അശനചം, 7. ശ്രാദ്ധം, 8. ദ്രവ്യശുദ്ധി, 9. പാതകം, 10. പ്രാശ്ചിത്തം, 11. നരകം, 12. കര്‍മ്മ വിപാകം, 13. യുഗധര്‍മ്മം എന്നീ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ബി. വൃതധര്‍മ്മം വിശുദ്ധ ശപഥങ്ങുടെയും വിശുദ്ധദിനങ്ങളുടെയും അനുഷ്ഠാനം, സി.ക്ഷേത്രധര്‍മ്മം, പൂണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം, ഡി. ദാനധര്‍മ്മം: വിശുദ്ധ വ്യക്തികള്‍ക്ക് ദാനം നല്‍കല്‍. ഈ സാഹിത്യം രൂപം കൊള്ളുന്നതിനെക്കുറിച്ച് ഡോ.ബി.ആര്‍ അംബേദ്കര്‍ എഴുതുന്നു. കൂടാതെ ബുദ്ധന്റെ കാലശേഷമാണ് ഈ സാഹിത്യം രൂപം കൊള്ളുന്നത്. അതിപ്രധാനമായൊരു സംഗതിയിലേക്ക് അത് വിരല്‍ചൂണ്ടുന്നുണ്ട്. അതായത് ഈ സാഹിത്യം ഉടലെടുത്തത് പുഷ്യമിത്രന്റെ1 നേതൃത്വത്തില്‍ ബ്രാഹ്മണര്‍ വിജയം നേടിയതിനെതുടര്‍ന്നുള്ള കാലഘട്ടത്തിലാണ് ഈ അവലോകനം. ശ്രദ്ധാര്‍ഹമായ മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. അതായത് മഹാഭാരതം എഴുതിയത് വ്യാസനാണ്. ഭഗവത് ഗീത ചൊല്ലിയത് വ്യാസനാണ്. പുരാണങ്ങള്‍ എഴുതിയതും വ്യാസനാണ്. മഹാഭാരതത്തില്‍ പതിനെട്ട് പര്‍വ്വങ്ങളും ഗീതയില്‍ പതിനെട്ട് അദ്ധ്യാങ്ങളുമുണ്ട്. പുരാണങ്ങളുടെ എണ്ണവും പതിനെട്ടാണ്. ഇത് യാദൃശ്ചികമല്ല. കൂടിയാലോചിച്ച് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു പദ്ധതിയുടെ ഫലമാണ്”. ഈ നിരീക്ഷണത്തില്‍ ശ്രദ്ധേയമായത് ബുദ്ധനെക്കുറിച്ചുള്ള പരാമര്‍ശമാണ്.

പ്രാചീന ഇന്ത്യയില്‍ ഗോത്ര സമൂഹങ്ങളുടെ പരിവര്‍ത്തനത്തില്‍ ബുദ്ധ, ജൈനമതങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വേദങ്ങള്‍ അപ്രരോധ്യമായ വ്യവഹാരമായിരുന്നപ്പോള്‍, യാഗങ്ങളും ബലികളും, യജ്ഞങ്ങളും അനുഷ്ഠിച്ച പുരോഹിതരായിരുന്ന ബ്രാഹ്മണരാണ് സമൂഹ നിര്‍മ്മിതിക്ക് നേതൃത്വം കൊടുത്തത്. ആര്യ-അനാര്യ രാജവാഴ്ചകളിലൂടെ രൂപംകൊണ്ട ഭരണകൂടങ്ങള്‍ മാത്രമല്ല, അധിനിവേശം നടത്തിയ വിദേശീയരായ ഭരണാധികാരികളും2 ബ്രാഹ്മണര്‍ക്ക് വിധേയരായിരുന്നതിനാല്‍ ചാതുര്‍വര്‍ണ്യത്തിന്റെ പരികല്‍പനകള്‍ രാജ്യത്തുടനീളം ബാധകമായിത്തീര്‍ന്നു. ഫലമോ വേദങ്ങളുടെ അപ്രമാദിത്വം മാത്രമല്ല. വേദകാല ദേവന്മാരും അപ്രസക്തരാവുകയായിരുന്നു. ഡി.ഡി. കൊസംബിയുടെ അഭിപ്രായത്തില്‍ ‘ക്രിസ്തുവര്‍ഷത്തിന്റെ ആരംഭ ദശകങ്ങളില്‍ തന്നെ ഋഗ്വേദ ദേവന്മാര്‍ അപ്രസക്തരായിത്തീര്‍ന്നു. ഋഗ്വേദത്തിലെ സര്‍വ്വശക്തനും വിനാശകരിയുമായ ഇന്ദ്രന്‍ ശോഭകെട്ടവനായി മാറി”. ഇതിന് കാരണം ഈ ദേവന്മാര്‍ അഭേദ്യമായ വേദസൂക്തങ്ങളില്‍ തളച്ചിട്ടപ്പെട്ടവരും യജ്ഞമെന്ന ബലി കര്‍മ്മത്താല്‍ പ്രസാദിക്കപ്പെടേണ്ടവരുമായതിനാലാണ്. വേദകാല ദേവന്മാരുടെ തിരോധാനം ഇടയ സമുദായങ്ങളുടെ വെങ്കല യുഗത്തിലെ നിലനില്‍പ്പിനെ അസാദ്ധ്യാമാക്കിയതോടെ ഇരുമ്പിന്റെ ആവിര്‍ഭാവത്തോടൊപ്പം പെറുക്കിത്തീനികളായ പ്രാകൃതഗോത്രങ്ങളുമായുള്ള സംയോജനവും അനിവാര്യമാക്കി. ഫലമോ, അമ്മ ദൈവാരാധന അപ്രസക്തമാവുകയും പുതിയ ദേവന്മാര്‍ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ച ഗോത്രങ്ങളുടെ സംയോജനമാണ് അമ്മ ദൈവങ്ങളുടെ ദേവന്മാരുമായുള്ള വിവാഹമെന്ന പ്രതിഭാസത്തിന് കാരണമാകുന്നത്. ഈ ആഖ്യാനം ഗോത്ര സമുദായങ്ങളുടെ കാര്‍ഷിക സമുദായങ്ങളുമായുള്ള പരിവര്‍ത്തനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.

മുകളില്‍ കൊടുത്തിരിക്കുന്ന പരിവര്‍ത്തനത്തിന്റെ സാമ്പത്തികവും മതപരവമായ സങ്കല്‍പങ്ങളെ വിജയനാഥ് വിലയിരുത്തുന്നു. ഇതില്‍ മുഖ്യ സാമ്പത്തിക കാരണം, എ.ഡി ആദ്യ നൂറ്റാണ്ടുകളില്‍ റോമാ സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് ഇന്ത്യയും വിദേശ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര തകര്‍ച്ചയാണ്. ഇതോടൊപ്പം വളര്‍ച്ച നിലച്ച വ്യാപാര സമ്പദ് ഘടനയുടെ സ്ഥാനം കാര്‍ഷിക സമ്പദ് ഘടന കരസ്ഥമാക്കി. ഇപ്രകാരമൊരു കാര്‍ഷിക സമ്പദ്ഘടനയുടെ നിലനില്‍പ്പിന് അനിവാര്യമായും വേണ്ടിയിരുന്നത് സാങ്കേതിക വിദ്യയുടെയും ജലസേചനത്തിന്റെയും സഹായകമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ കാര്‍ഷിക സാങ്കേതിക വിദ്യയുടെയും ഫല സസ്യങ്ങളെക്കുറിച്ചുള്ള വിവരണമെന്ന നിലയിലാണ് കൃഷി പരാശര പോലുള്ള പുരാണകൃതികള്‍ രചിക്കപ്പെടുന്നത്. മാത്രമല്ല, ജ്യോതിശാസ്ത്രം, ലോഹവിജ്ഞാനം, മൃഗപരിപാലനം എന്നിങ്ങനെയുള്ള വിഷയങ്ങളും പുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടു. അഗ്നിപുരാണവും, വായുപുരാണവും ഇത്തരം കാര്യങ്ങളെ പരാമര്‍ശിക്കുന്നുണ്ട്.

കാര്‍ഷിക സമ്പദ് ഘടനയില്‍ രൂപപ്പെട്ട ഗോത്ര സംഘര്‍ഷങ്ങളും സംയോജനങ്ങളുമാണ് പുരാണങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്നത്. വേദങ്ങളുടെ മൂല്യവ്യവസ്ഥയേയും ബ്രാഹ്മണരുടെ സാമൂഹ്യാധീശ്വത്തേയും നിഷേധിക്കാതെ തന്നെ കെട്ടുകഥകളിലൂടെയും അത്ഭുതപ്രവൃത്തികളുടെ വിവരണങ്ങളിലൂടെയും പുരാണങ്ങള്‍ ദേവീ ദേവന്മാരുടെ മഹത്വം സ്ഥാക്കുക മാത്രമല്ല ദാനം, വ്രതം, തീര്‍ത്ഥാടനം എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങളിലൂടെ പുരാണിക് ഹിന്ദുയിസം ശൂദ്രര്‍ക്കും ബാധകമാക്കി. ശൂദ്രരോടൊപ്പം സ്ത്രീകളേയും അപരിഷ്‌കൃത വനവാസിഗോത്രങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതോടെയാണ് ഹിന്ദുയിസം സ്വയം പ്രവര്‍ത്തകമായൊരു വിശാല സംഘടനാ രൂപത്തിലേക്ക് പരിവര്‍ത്തനെപ്പെടുന്നത്. ഇത് ഗോത്ര സംഘര്‍ഷങ്ങളെയും അദ്ധ്വാന വിനിയോഗത്തിനായുള്ള ബലപ്രയോഗങ്ങളേയും ലഘൂകരിക്കാന്‍ സഹായിച്ചു.

പുരാണങ്ങള്‍ പാതകം/മഹാപാതകം എന്നിവയ്ക്ക് പ്രചാരം നല്‍കിയതും ബ്രാഹ്മണരെ ഭൂദേവന്മാരോ അമാനുഷിക സിദ്ധിയുള്ളവരോ ആയി വാഴ്ത്തിയത് അവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഒഴിവാക്കാനും ആരാധിക്കപ്പെടാനും കാരണമായിത്തീര്‍ന്നു. വേദകലാനുഷ്ഠാനങ്ങളില്‍ നിന്നും ഭിന്നമായ ഉത്സവങ്ങള്‍, പൂജകള്‍ എന്നിവയ്ക്ക് കാര്‍ഷിക വിഭവങ്ങള്‍ അനിവാര്യമായതോടെ സമ്പത്തിന്റെ പുനര്‍ വിതരണത്തിന് വേദകാലത്ത് നിലനിന്ന ബലപ്രയോഗത്തിന് പകരം നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തിയതോടെ മതം രാഷ്ട്രീയ ക്രമത്തിന്റെ ഭാഗമായി മാറി. ഇപ്രകാരം അയവുള്ളതായിത്തീര്‍ന്ന ബ്രാഹ്മണമതം ഗോത്ര സംയോജനങ്ങളെ അനായാസവും വിപുലവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹങ്ങളുടെ ദേവീദേവന്മാരെ ഉള്‍ക്കൊള്ളുന്നത്. ഫലമോ, മത്സ്യം, കൂര്‍മ്മം, വരാഹം, എന്നിങ്ങനെയുള്ള കുലചിഹ്നങ്ങള്‍ വിഷ്ണുവിന്റെ അവതാരങ്ങളായി മാറി. മാത്രമല്ല, വിഷ്ണുവില്‍ നാരായണന്‍, വെങ്കിടേശ്വരന്‍, ജഗന്നാഥന്‍ എന്നിവരും ശിവനില്‍ ഈശ്വരന്‍, ഭൂതേശ്വരന്‍, ചണ്ഡേശ്വരന്‍ എന്നിവരും ലയിച്ചു. കൃഷ്‌നും ബലരാമനും നായാട്ടുകാരേയും കൃഷിക്കാരേയും സംയോജിപ്പിച്ചു. നാഗന്മാരുമായുള്ള ഏകീകരണത്തിന്റെ ഫലമായി ശിവന്റെ കഴുത്തിലും വിഷ്ണുവിനറെ ശയന ശയ്യയായും നാഗം മാറി. ഗണേശനും സുബ്രഹ്മണ്യനും ശിവന്റെ പുത്രന്മാരായി. അതി പ്രാചീന ജനതകളുടെ ഉര്‍വരതാനുഷ്ടാനമായ ലിംഗ പൂജ ശിവനുമായി താദാത്മ്യപ്പെട്ടു. ഇതോടൊപ്പം ദേവന്മാര്‍ക്ക് ദേവിമാര്‍ ഭാര്യയായി. വിഷ്ണുവിന് ലക്ഷ്മിയും ശിവന് പാര്‍വ്വതിയും സുബ്രമഹ്മണ്യന് സരസ്വതിയും ഭാര്യമാരായിത്തീര്‍ന്നതിങ്ങനെയാണ്.

പുരാണങ്ങളിലൂടെ രാഷ്ട്രീയ ക്രമത്തിന്റെ ഭാഗമായി നിലനിന്ന മൂല്യവ്യവസ്ഥയും ബ്രാഹ്മണമേധാവിത്വവും സ്ഥാപനവത്ക്കരിക്കപ്പെടുന്നത് എ.ഡി 4-ാം നൂറ്റാണ്ടിലെ ഭൂവുടമസ്ഥ സമ്പ്രദായത്തിലൂടെയാണ്. ഈ ഫ്യൂഡല്‍ ഭൂവുടമസ്ഥത രൂപം കൊള്ളുന്നത് ഭൂദാനങ്ങളിലൂടെയാണ്. ആദ്യകാലത്ത് ഭൂദാനങ്ങള്‍ നടത്തിയിരുന്നത് രാജാക്കന്മാരും വ്യാപാരികളും വന്‍കിട ഭൂവുടമകളുമായിരുന്നു. മൗര്യകാലത്തെ ജനപദനിവേശ3ത്തില്‍ നിന്നും ഭിന്നമായി സ്വകാര്യ സ്വത്തായി നല്‍കിയ ഭൂമി നികുതി വിമുക്തമായിരുന്നുവെന്ന് ആര്‍.എസ്. ശര്‍മ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഭൂവുടമകളും രാജഭരണകൂടവുമായി ദൃഡമായ ബന്ധം സ്ഥാപിക്കപ്പെട്ടു. ഈ ബന്ധത്തിന്റെ ഉപോത്പന്നമെന്ന നിലയിലാണ് ഭക്തിയൊരു വ്യവഹാര മണ്ഡലമാകുന്നത്. ഭക്തിയുടെ സാമൂഹ്യധര്‍മ്മത്തെക്കുറിച്ച് കൊസാംബി എഴുതുന്നു. ”പ്രഭുവിന് രാജാവിനോടോ ചക്രവര്‍ത്തിയോടോ ഉള്ള വ്യക്തിഗതമായ കൂറിന്റെ കണ്ണിചേര്‍ക്കലാണ് വികസിത നാടുവാഴിത്തത്തിന്റെ സത്ത. കേവലമായ കൂറല്ല, ഉല്‍പാദനോപാദികളുടെയും ഉല്‍പാദന ബന്ധങ്ങളേയും ഭദ്രമായ അടുത്തറയുള്ള കൂറാണിത്. ഭൂവുടമസ്ഥത, പട്ടാള സേവനം, നികുതി പിരിവ്, വര്‍ത്തക പ്രമാണി മുഖേന പ്രാദേശികോല്‍പന്നങ്ങള്‍ ക്രയവിക്രയ വസ്തുതകളാക്കി മാറ്റല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണിത്”. ഈയൊരു വ്യവസ്ഥ എ.ഡി 6-ാം നൂറ്റാണ്ടിന്റെ അവസാനത്തിന് മുമ്പ് സാദ്ധ്യമായിരുന്നില്ല. സാമന്തന്‍ എന്നത് സുപ്രധാനമായൊരു പദമാണ്. എ.ഡി 532 വരെ സാമന്തന്‍ എന്നതിനര്‍ത്ഥം അയല്‍ രാജാവ് എന്നായിരുന്നു. എ.ഡി 592 ആയപ്പോഴേക്കും ആ പദത്തിന്റെ അര്‍ത്ഥം നാടുവാഴി പ്രഭു എന്നായിത്തീര്‍ന്നു. ഈ പുതു പ്രഭുക്കന്മാര്‍ക്ക് രാജാവിനോട് വ്യക്തിഗതമായ ബാദ്ധ്യതയുണ്ടായിരുന്നു. നികുതി പിരിവിനുള്ള സംവിധാനത്തിന്റെ ഭാഗമായിരുന്നു അവര്‍. മനസ്മൃതിയിലെ രാജാവിന് സമാന്തരന്മാരുണ്ടായിരുന്നില്ല. ഭരണം മുഴുവന്‍ അയാള്‍ നേരിട്ടോ സാമന്ത പദവി ഇല്ലാത്ത പ്രതിനിധി മുഖേനയോ നോക്കി നടത്തേണ്ടിയിരുന്നു. അടിയില്‍ നിന്നുള്ള ഫ്യൂഡലിസത്തിന്റെ കൂടുതലായ വളര്‍ച്ചയുടെ അര്‍ത്ഥം ഭൂമിയില്‍ പ്രത്യേകമായ അവകാശങ്ങളുള്ള (ഇത്, കാര്‍ഷിക വൃത്തിയുമായോ, പരമ്പരാഗത ഉടമസ്ഥതയുമായോ ബന്ധപ്പെട്ടതാവാം) ഒരു വിഭാഗം ഗ്രാമത്തിലുണ്ടാവുക എന്നതായിരുന്നു. അവര്‍ പടയാളികളുടെ നിലയിലോ നികുതി പിരിവുമായി ബന്ധപ്പെട്ടോ പ്രത്യേക സേവനമനുഷ്ഠിക്കേണ്ടിയിരുന്നു. ഇത്തരത്തിലുള്ള ഒരു സമൂഹവും അതിന്റെ ഭരണകൂടവും തമ്മില്‍ കൂട്ടിയിണക്കാന്‍ ഏറ്റവും പറ്റിയ മതം ഭക്തിയായിരുന്നു. ഭക്തിക്ക് പാത്രമാകുന്ന വസ്തുവിന് ചില വ്യക്തമായ ന്യൂനതകള്‍ ഉണ്ടെങ്കില്‍ പോലും വ്യക്തി വിശ്വാസത്തിലൂന്നിക്കൊണ്ടുള്ള ഒന്നായിരിക്കുന്നത്. ഭക്തിയിലൂടെ രൂപപ്പെട്ട മതപരമായ വ്യവഹാരത്തിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥത പുനര്‍വിതരണം, ഉല്‍പാദന ബന്ധങ്ങളുടെ ക്രമീകരണം, ഉല്‍പന്നങ്ങളുടെ വിനിയോഗം എന്നിവയെ സംബന്ധിച്ച നിയമാവലികള്‍ ധര്‍മ്മശാസ്ത്രാടിസ്ഥാനത്തില്‍ ആവിഷ്‌കരിക്കേണ്ടതുകൊണ്ടാണ് പണ്ഡിതന്മാരെന്ന നിലയിലുള്ള ബ്രാഹ്മണരുടെ ഇടപെടലുകളുണ്ടായത്.

ഇതോടൊപ്പം ഭക്തിയുടെ സ്ഥാപനവത്കരണവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്നത്. ക്ഷേത്രങ്ങളുടെ കാര്യനിര്‍വഹണത്തിനായി നല്‍കപ്പെട്ട ഭൂമിമാത്രമല്ല ഉല്‍പാദന വസ്തുക്കള്‍ (നെല്ല്, നാളികേരം മുതലായവ) പൂജാ വസ്തുക്കളായതോടെ അവയുടെ മേലും ബ്രാഹ്മണര്‍ക്ക് പരമാധികാരം ലഭിച്ചു. ഇപ്രകാരം പരമാധികാരം ലഭിക്കാന്‍ കാരണം, പൂര്‍വ്വമീമാംസയിലെ നിയമമനുസരിച്ച് യജ്ഞം ചെയ്യാന്‍ അവകാശം ഉള്ള ബ്രാഹ്മണര്‍ക്കാണ് സ്വത്തുടമസ്ഥത ലഭ്യമായിരുന്നത്. ഇത് ചൂണ്ടിക്കാട്ടുന്നത് ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും സ്വത്ത് കൈവശം കഴിയാതിരുന്നത്, അവര്‍ ശൂദ്രരും സ്ത്രീകളുമായതു കൊണ്ടല്ല, പിന്നയോ യജ്ഞം ചെയ്യാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നതിനാലാണ്.
ആധുനിക സമൂഹത്തില്‍ ഭക്തിയുടെ ഉപോത്പന്നമായ ക്ഷേത്രങ്ങളുടെ സംരക്ഷണവും അനുഷ്ഠാനങ്ങളും രാഷ്ട്രീയ ക്രമത്തില്‍ സമര്‍ത്ഥമായി വിന്യസിച്ചിരിക്കുന്നത് ആര്‍.എസ്എസ് ആണ്. ഇതിന്റെ ഫലമായാണ് ബ്രാഹ്മണധീശത്വമുള്ള സവര്‍ണ്ണ ഹിന്ദുത്വത്തിലേക്ക് പിന്നാക്ക-ദലിത് ജനങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പുനര്‍ വിന്യസിക്കപ്പെടുന്ന ഹിന്ദുത്വ ചിഹ്നങ്ങള്‍4കൊണ്ട് കഴിയില്ല. മറിച്ച് ഭക്തിയുടെ മതം നിലനില്‍ക്കുന്ന ജ്ഞാന വ്യവസ്ഥയും അനുഷ്ഠാനങ്ങളെയും നിഷേധിക്കുകയാണ് വേണ്ടത്.

സൂചനകള്‍
1. പുഷ്യമിത്രന്‍: ബി.സി. 185 ല്‍ അവസാനത്തെ മൗര്യ ചക്രവര്‍ത്തിയായ ബ്രഹദ്ര ഥനെ വധിച്ച് സിംഹാസനം പിടിച്ചടക്കിയ സാമവേദ ബ്രാഹ്മണന്‍. ഈ രാജഹത്യ യുടെ ലക്ഷ്യം ബ്രാഹ്മണധീശത്വം ഉറപ്പിക്കുകയും ബുദ്ധമതത്തെ നശിപ്പിക്കു കയായിരുന്നു. കൊല്ലപ്പെടുന്ന ഓരോ ബുദ്ധ സന്യസിയുടെ തലയ്ക്കും നൂറു സ്വര്‍ണ്ണ നാണയം നല്‍കിയിരുന്നു. ഇക്കാലത്താണ് മനുസ്മൃതി രചിക്കപ്പെടുന്നത്.
2. വിദേശ ഭരണാധികാരികള്‍. ബി.സി 75-ലാണ് പശ്ചിമ ചൈനയിലെ സിതിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട യുദ്ധ ഗോത്രമായിരുന്ന ശകന്മാരുടെ ആക്രമണം നടക്കുന്നത്. ഇന്ത്യയിലിവര്‍ സാട്രപ് എന്ന വാക്ക് സംസ്‌കൃതീകരിച്ച് ക്ഷാത്രവര്‍ എന്നാണ റിയപ്പെടുന്നത്. ശകന്മാരെ ആര്യവത്കരിക്കുന്നതില്‍ ബ്രാഹ്മണരുടെ പങ്ക് വളരെ വലുതാണ്. ഈ ആര്യവത്കരണം നടത്തുന്നത് ബ്രാക്മനോയ് അഥവാ മഗാ ബ്രാഹ്മണരാണ്. കൂര്‍മ്മപുരാണവും, മഹാഭാരതവും മഗാകളെ ശകന്മാരിലെ ബ്രാഹ്മ ണരായാണ് കണക്കാക്കുന്നത്. ഹൊറോഡോട്ടസിന്റെ അഭിപ്രായത്തില്‍, മഗാകള്‍ ഇറാനിലെ ആറുഗോത്രങ്ങളില്‍ ഒന്നാണ്. ശകനാടുകളിലേക്ക് മഹാകള്‍ പൗരോ ഹിത്യ ജോലിക്കുവേണ്ടി ശകന്മാരോടൊപ്പം വന്നവരാണ്. ശകനാടുകളിലെ വര്‍ണ്ണ വ്യവ സ്ഥയില്‍ മഗാകള്‍ ബ്രാഹ്മണരാണെങ്കില്‍ മഗധര്‍ ക്ഷത്രിയരും മാനസര്‍ വൈശ്യരും മണ്ടഗള്‍ ശൂദ്രരുമാണ്. ഈ വിവരണം വ്യക്തമാക്കുന്നത് ഇന്ത്യയില്‍ അധിനിവേശം നടത്തിയ വിദേശികള്‍ ആയ യുദ്ധ ഗോത്രങ്ങള്‍ ചാതുര്‍വര്‍ണ്യത്തെ ദൃഢപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ്.
3. ജനപദനിവേശം: കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ വിവരണനുസരിച്ച് മൗര്യ കാലത്ത് രാജാവ് പരദേശത്തു നിന്നോ സ്വദേശത്തുള്ള അധികമായുള്ള ജന ഗണങ്ങളെ ഭൂപ്രദേശങ്ങളില്‍ പാര്‍പ്പിക്കുന്നു.
4. ഹിന്ദുത്വചിഹ്നം: ആര്‍.എസ്.എസിന്റെ ശ്രീകൃഷ്ണ ജയന്തിയെ അതേ ചിഹ്ന വ്യവ സ്ഥകൊണ്ട് പ്രതിരോധിച്ച സി.പി.എം. അപഹാസ്യരാവുകയായിരുന്നു.

Top