സ്വാതന്ത്ര്യ യാത്ര: ഉന അതിക്രമം ഒരു വര്‍ഷം പിന്നിടുന്നു

ഈ രാജ്യത്ത് ഓരോ ദിവസവും ദലിതര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെരുവോരങ്ങളില്‍ നടന്നു പോകുന്ന ആരെയും ആള്‍ക്കൂട്ടങ്ങള്‍ ആക്രമിച്ചു കൊല്ലുകയാണ്. എന്നാല്‍ നിയമങ്ങള്‍ ഉണ്ടാക്കപ്പെടുന്നത് ഗോവധത്തെ പറ്റിയാണ്, മനുഷ്യവധത്തെ പറ്റിയല്ല. അത് കൊണ്ടുതന്നെ ഈ സ്വാതന്ത്ര്യ യാത്രയില്‍ ഉനയിലും ദാദ്രിയിലും നടന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിടപെട്ട് എല്ലാ ഗ്രാമത്തിനും ബാധകമാകുന്ന ആള്‍ക്കൂട്ടകോടതിക്കെതിരെ നിലപാടെടുക്കുന്ന നിയമം നടപ്പിലാക്കാന്‍ നമ്മള്‍ ആവശ്യപ്പെടുകയാണ്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ ഈ നിയമം സ്ഥാപിക്കേണ്ടിയിരിക്കുന്നു.

ദലിതര്‍, മുസ്ലീങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ ഒന്നിച്ചു ചേര്‍ന്നു മുദ്രാവാക്യം വിളിക്കുന്നു. ‘പശുവിന്റെ വാല്‍ നിങ്ങള്‍ എടുത്തോളൂ, നമ്മുടെ ഭൂമി നമുക്ക് വിട്ടുതരിക’

സുഹൃത്തുക്കളെ,

ഏവര്‍ക്കും അറിയുന്ന പോലെ, ഉനയിലെ ദലിതര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന് ഈ ജൂലായ് 11-ന് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 11-നായിരുന്നു ഗിര്‍-സോംനാഥ് ജില്ലയിലെ മോട്ട-സംധിയാള ഗ്രാമത്തിലെ നിവാസികളായ ബാലു ഭായ് സര്‍വ്വെയ്യയെയും അദ്ദേഹത്തിന്റെ നാല് മക്കളെയും ഗോരക്ഷകരെന്നു വിളിക്കുന്നവര്‍ വാഹനത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. പട്ടാപ്പകലില്‍ പോലീസ് സ്റ്റേഷനില്‍ മുന്നില്‍ വച്ചായിരുന്നു ഈ ആക്രമണം. ഈ ആക്രമികള്‍ തന്നെയാണവരുടെ ഹീനമായ കൃത്യങ്ങളുടെ വീഡിയോ എടുത്തതും സോഷ്യല്‍ മീഡിയയില്‍ പരത്തിയതും. വൈറല്‍ ആയ ആ വീഡിയോ രാജ്യത്തെ മുഴുവന്‍ ഞെട്ടിക്കുകയും ചെയ്തു.

കുറ്റവാളികള്‍ സ്വയം വീഡിയോ എടുക്കുകയും അവയെ സോഷ്യല്‍ മീഡിയയില്‍ പരത്തുകയും ചെയ്യുന്നത് അവരുടെ ഭയമില്ലായ്മയും അത് പോലെ തന്നെ അധികാരികള്‍ അവര്‍ക്കു നല്‍കുന്ന സുരക്ഷയും സഹകരണത്തെയും ആണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ദലിതര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ക്കും ഗോരക്ഷ-തീവ്രവാദത്തിനും യാതൊരു കുറവുണ്ടായിട്ടില്ലെന്നു മാത്രമല്ല, അവയും അവയുടെ രാഷ്ട്രീയവത്കരണവും ഒരു പതിവായി. ഉനയിലും, ദാദ്രിയിലും, ലത്തോഹോറിലും, അല്‍വറിലും, സഹാറന്‍പൂരിലും ഉണ്ടായ സംഭവങ്ങള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വ്യഗ്രതയാണ് കാണിക്കുന്നത്.

തുടര്‍ന്ന്, ‘പശുവിന്റെ വാല് നിങ്ങള്‍ എടുത്തോളൂ, നമ്മുടെ ഭൂമി നമുക്ക് വിട്ടുതരിക’ എന്ന മുദ്രാവാക്യം മുഴങ്ങിയ മുസ്ലീങ്ങളും മറ്റു പുരോഗമന വാദികളുമായി ഗുജറാത്തിലെ ദളിതര്‍ ഒത്തൊരുമിച്ചു നടത്തിയ പ്രക്ഷോഭം ദലിത് പ്രക്ഷോഭചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു. മുമ്പെങ്ങും കാണാത്ത രീതിയിലാരുന്നു പിന്നീടുണ്ടായ സമരങ്ങള്‍. ചത്ത പശുവിന്റെ ജഡങ്ങള്‍ സുരേന്ദ്രനഗറിലെ കളക്ടറുടെ സ്ഥാപനത്തിന് മുന്നിലിട്ട് കൊണ്ട് നമ്മള്‍ പ്രതീകാത്മകമായി പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് 31 ജൂലൈയില്‍ അഹമ്മദാബാദില്‍ വച്ച് നടന്ന ദലിത് മഹാസമ്മേളനത്തില്‍ 20,000 ദളിതര്‍ ‘ഇനി മുതല്‍ ചത്ത മൃഗങ്ങളുടെ തൊലിയുരിക്കുന്ന ജോലി ചെയ്യില്ലെന്നും, സര്‍ക്കാര്‍ ഈ പരമ്പരാഗത തൊഴിലില്‍ നിന്നും അവര്‍ക്കു വിടുതല്‍ നല്‍കണമെന്നും, ഏവര്‍ക്കും കുറഞ്ഞത് അഞ്ചേക്കര്‍ ഭൂമിയെങ്കിലും നല്‍കണമെന്നും’ പ്രതിജ്ഞ എടുത്തു. ഇതിനു ശേഷമാണ് അഹമ്മദാബാദില്‍ നിന്ന് ഉന വരെ ആയിരങ്ങള്‍ പങ്കെടുത്ത ദലിത് സ്വാഭിമാന യാത്ര ഉണ്ടായത്. ഇതിനു മുന്നില്‍ മോദിയുടെ വികസന മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം വെളിവായി.

ഈ പ്രക്ഷോഭം കാരണം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പാട്ടേലിന് രാജി വെക്കേണ്ടി വന്നു. പൊതുവില്‍ അധികം സംസാരിക്കാത്ത മോദിക്ക് സമ്മര്‍ദ്ദം കാരണം ഗോരക്ഷകരോട് തനിക്ക് ദേഷ്യമാണെന്നും എല്ലാ സര്‍ക്കാരുകളോടും ഇവരുടെ കാര്യവിവരങ്ങള്‍ ശേഖരിക്കാനും ഉത്തരവിറക്കേണ്ടി വന്നു.

ഈ പ്രക്ഷോഭം രാജ്യത്തെ യുവത്വത്തിനും നമ്മുടെ പുരോഗമനകാരികളായ സഹപ്രവര്‍ത്തകര്‍ക്കും പുത്തനുണര്‍വ് നല്‍കി. ഇതിലൂടെ നമ്മള്‍ നേടിയെടുത്തത് രണ്ടു പ്രധാന നേട്ടങ്ങളാണ്. ഒന്ന് ചില ഗ്രാമങ്ങളില്‍ ദലിതര്‍ മൃഗങ്ങളുടെ തോലുരിയുന്ന തൊഴില്‍ പാടെ ഉപേക്ഷിച്ചു. രണ്ട്, 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദളിതര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതും എന്നാല്‍ ഇത് വരെ വിതരണം ചെയ്യാത്തതുമായ ഭൂമിയില്‍ നിന്ന് 300 ഏക്കര്‍ അവര്‍ക്ക് കൊടുക്കുകയുണ്ടായി.
ഇന്ന് നമ്മുടെ സ്വാഭാമാനത്തിനും നമ്മുടെ അസ്തിത്വത്തിനും വേണ്ടിയുള്ള പോരാട്ടം ഗുജറാത്തില്‍ ദേശീയ ദളിത് അധികാര വേദിയുടെ (National Dalit Rights Manch) പേരില്‍ നാം മുന്നോട്ട് കൊണ്ടു പോവുകയാണ്.

ഈ പോരാട്ടം മുന്നേറണം എന്നും, ദളിതര്‍ അവരുടെ പരമ്പരാഗത തൊഴില്‍ ഉപേക്ഷിച്ചു മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങള്‍ തേടണം എന്നും, സ്വന്തം ഭൂമി, സര്‍ക്കാര്‍ ജോലി എന്നിവ ലഭിക്കാനും സമരം ചെയ്യണം എന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഉന അതിക്രമം ഒരു വര്‍ഷം പിന്നിടുന്ന ഈ സമയത്ത് ദാദ്രിയിലെയും അല്‍വറിലെയും ലത്തേഹാറിലേയും പോരാളികള്‍ ഒന്നിച്ചൊരു മുന്നണിയില്‍ ”പശുവിന്റെ വാല് നിങ്ങള്‍ എടുത്തോളൂ, നമ്മുടെ ഭൂമി നമുക്ക് വിട്ടുതരിക” എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ത്തണമെന്ന് നാം വിശ്വസിക്കുന്നു.

അതിനാല്‍ രാജ്യത്തെ ദളിതരും മുസ്ലീങ്ങളും കര്‍ഷകരും തൊഴിലില്ലാത്ത യുവാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഉത്തര ഗുജറാത്തിലെ മെഹ്‌സാണ് ജില്ലയില്‍ നിന്ന് തുടങ്ങി ബനാസ്‌കണ്ഠ റാപര്‍ വരെ ഒരു സ്വാതന്ത്ര്യ യാത്ര നമ്മള്‍ നടത്താന്‍ പോവുകയാണ്. ജാതിവിവേചനത്തില്‍ നിന്നും, ഹിന്ദു തീവ്രവാദത്തില്‍ നിന്നും, ഉയരുന്ന വിലകളില്‍ നിന്നും കര്‍ഷക ആത്മഹത്യകളില്‍ നിന്നും, തൊഴിലാളികളുടെ മേലുള്ള ചൂഷണത്തില്‍ നിന്നും നമ്മള്‍ സ്വാതന്ത്ര്യം നേടണം. അത് കൊണ്ടാണ് സ്വാതന്ത്ര്യ യാത്ര എന്ന പേരിട്ടിരിക്കുന്നത്.

നാം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന ആവശ്യം എന്തെന്നാല്‍, മോട്ട-സംധിയാള ഗ്രാമത്തിലെ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെട്ടവരുമായ ദലിതര്‍ക്ക് ആനന്ദിബൈന്നിന്റെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ അവയിലൊന്നും ഇതുവരെയും നടപ്പിലാക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് അപ്പീല്‍ ചെയ്യാനൊരു ശ്രമവും നടത്തിയില്ല. ആ ഗ്രാമത്തിലെ ദളിതര്‍ ഇന്നും ഭയന്ന് കൊണ്ടാണ് ജീവിക്കുന്നത്. ദളിതര്‍ക്കു നേരെ നടന്നിട്ടുള്ള അതിക്രമങ്ങള്‍ വച്ച് നോക്കുമ്പോള്‍ കേവലം 3% കേസുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. നിയമം നടപ്പിലാക്കാതിരിക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ നീക്കം തന്നെയാണിത്. ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കൃത്യമായ ശ്രദ്ധ ചെലുത്താന്‍ പ്രത്യേക കോടതി നിയമപ്രകാരം അനുവദിച്ചിട്ടുണ്ടെങ്കിലും ഗുജറാത്തില്‍ ഒരൊറ്റ കോടതി പോലും നിലവിലില്ല.

ഉന പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില കാര്യങ്ങള്‍ വളരെ നാടകീയമായി പറയുകയുണ്ടായി. ”അടിക്കണമെന്നുണ്ടെങ്കില്‍ എന്നെ അടിക്കൂ. എന്റെ ദലിത് സഹോദരങ്ങളെയല്ല.” കൂടാതെ, മാര്‍ച്ച് 2016-ല്‍ നടന്ന അംബേദ്കര്‍ സ്മാരക പ്രഭാഷണത്തില്‍ മോഡി തന്നെ ഒരു അംബേദ്കര്‍ ഭക്തനെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉന തൊട്ടു സഹ്രാന്‍പൂന്‍ വരെ നടന്നിട്ടുള്ള സംഭവങ്ങളും, രോഹിത് വേമൂല തൊട്ട് ചന്ദ്രശേഖര്‍ രാവണ്‍ വരെ നേരിട്ട അതിക്രമങ്ങളും നോക്കിയാല്‍ ബി.ജെ.പിയുടെ ദലിതരോടുള്ള ‘സ്‌നേഹം’ വെളിപ്പെടും. ഏറ്റവും ഒടുവിലായി ‘നാഗ്പൂരി’ന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വിജയ് രൂപാനി നേതൃത്വം വഹിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ ഗോവധം ജീവപര്യന്തം തടവ് അര്‍ഹിക്കുന്ന കുറ്റകൃത്യമാക്കിയ നിയമം നടപ്പിലാക്കി. ഇതായിരുന്നോ പ്രധാനമന്ത്രി മോഡി ഉനയിലെ പ്രക്ഷോഭത്തില്‍ നിന്നും പഠിച്ചത്?

ഈ രാജ്യത്ത് ഓരോ ദിവസവും ദലിതര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെരുവോരങ്ങളില്‍ നടന്നു പോകുന്ന ആരെയും ആള്‍ക്കൂട്ടങ്ങള്‍ ആക്രമിച്ചു കൊല്ലുകയാണ്. എന്നാല്‍ നിയമങ്ങള്‍ ഉണ്ടാക്കപ്പെടുന്നത് ഗോവധത്തെ പറ്റിയാണ്, മനുഷ്യവധത്തെ പറ്റിയല്ല. അത് കൊണ്ടുതന്നെ ഈ സ്വാതന്ത്ര്യ യാത്രയില്‍ ഉനയിലും ദാദ്രിയിലും നടന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിടപെട്ട് എല്ലാ ഗ്രാമത്തിനും ബാധകമാകുന്ന ആള്‍ക്കൂട്ടകോടതിക്കെതിരെ നിലപാടെടുക്കുന്ന നിയമം നടപ്പിലാക്കാന്‍ നമ്മള്‍ ആവശ്യപ്പെടുകയാണ്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ ഈ നിയമം സ്ഥാപിക്കേണ്ടിയിരിക്കുന്നു.

ഈ സ്വാതന്ത്ര്യയാത്ര അവസാനമായി എത്തുന്നത് ബനാസ്‌കണ്ഠ അഥവാ റാപര്‍ തെഹ്‌സിയിലെ ഗ്രാമങ്ങളിലാണ്. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇവിടെയുള്ള ഭൂരഹിതരായ ദലിത് തൊഴിലാളികള്‍ക്ക് ഭൂമി അനുവദിച്ചുകൊടുക്കുകയുണ്ടായി. എന്നാല്‍ ഇന്നും ആ ഭൂമി സവര്‍ണ്ണരുടെ കീഴില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ ആ ഭൂമിയിലെ ഒരിഞ്ചുപോലും വിട്ടു തരാന്‍ തയ്യാറല്ല. ദളിതര്‍ ആജീവനാന്തം തോട്ടിപ്പണിയെടുത്തും രാവന്തിയോളം മണ്ണ് ചുമന്നും ഒരു തരത്തിലുള്ള മനുസ്മൃതി മോഡല്‍ ജീവിതം നയിക്കുന്നതാണ് ഇവര്‍ക്കൊക്കെ താല്പര്യം. നൂറുകണക്കിന് ഏക്കര്‍ ഭൂമി ദളിതര്‍ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും അത് വെറും കടലാസില്‍ മാത്രമാണ്. ദളിതര്‍ ഭൂമി സ്വന്തമാക്കുന്നതും കര്‍ഷകരാവുന്നതും കടലാസില്‍ മാത്രം മതിയെന്ന് തന്നെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെയും ആഗ്രഹം. ഇത്രയും കാലം ദളിതര്‍ അനുഭവിച്ച കഷ്ടതകളെ ഇപ്രകാരം പരിഹസിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് ഭൂമി അനുവദിക്കുകയും 40 വര്‍ഷങ്ങള്‍ക്ക് മുന്നെ ദലിതര്‍ക്കും ആദിവാസികള്‍ക്കുമായി അനുവദിച്ചു തന്നിരിക്കുന്ന 1,63,808 ഏക്കര്‍ ഭൂമി കടലാസില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്ന നീതിയാണ് ഈ സര്‍ക്കാരിന്റേത്.

ഈ സ്വാതന്ത്ര്യയാത്രയില്‍, ഈ ഗ്രാമങ്ങളില്‍ അനുവദിച്ചു തന്നിട്ടുള്ള ഭൂമി നമ്മള്‍ കൈവശപ്പെടുത്തുകയും പ്രതിഷേധത്തിന്റെ ചിഹ്നമായി ത്രിവര്‍ണപതാക അവിടെ ഉയര്‍ത്തുകയും ചെയ്യും. ഇതാണ് നമ്മുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം. കാരണം ഭൂമിക്കുവേണ്ടിയുള്ള സമരം സ്വാഭിമാനത്തിന്റെയും സമരമാണ്, സാമ്പത്തിക ചൂഷണത്തില്‍ നിന്നുള്ള മോചനമാണ്. ജാതിയുടെയും അടിമത്വത്തിന്റെയും ഉന്മൂലനത്തിലൂടെ മാത്രമേ നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പറ്റിയുള്ള പൊതു അവബോധം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നാം ശ്രമിക്കണം. അതോടൊപ്പം തന്നം, സ്വാതന്ത്ര്യത്തിന്റെ പുതിയ നിര്‍വചനങ്ങളിലൂടെ പോരാട്ടം മുന്നോട്ട് കൊണ്ട് പോകണം.

നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാ പൗരരും ഈ യാത്രയില്‍ പങ്കെടുത്ത് വിജയകരമാക്കുമെന്നു നമ്മള്‍ പ്രതീക്ഷിക്കുന്നു.

ഒപ്പ്,

ജിഗ്നേഷ് മേവാനി
(സംഘടിതാവ്, ദേശീയ ദലിത് അധികാര മഞ്ച്)

വിവര്‍ത്തനം: അമൃത

Top