വിഭവ രാഷ്ട്രീയം സവര്‍ണ്ണഗൂഡാലോചന

സംവരണത്തിലൂടെ ലഭ്യമായ നേട്ടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഔദ്യോഗിരംഗത്തേക്കു കടന്നുവരുന്നവരുടേയും പരമ്പരാഗത തൊഴിലാളികളുടെയും എത്ര ദുര്‍ബലമാണെ ങ്കിലും കൃഷിക്കാരുടെയും ഒരു സമൂഹമാണ് ദലിതരുടേത്. കച്ചവടവും വ്യവസായവുമ ടക്കം സാമൂഹ്യ ജീവിതത്തിന്റെ ഇതരമണ്ഡലത്തിലേക്ക് കടന്നുവരാന്‍ വെമ്പുന്ന അനേ കരെ സമുദായത്തില്‍ കണ്ടെത്തുവാന്‍ കഴിയും. സാഹിത്യത്തിന്റെയും കലയുടെയും മറ്റ് സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെയും രംഗത്തേക്ക് ദലിതര്‍ കടന്നുവന്നു കഴിഞ്ഞിരി ക്കുന്നു. ദലിത് സാഹിത്യം ഒരു യാഥാര്‍ത്ഥ്യമായി തീരുന്നതുപോലെ ദലിത് ചിന്തയും ദലിത് വീക്ഷണവും ദലിത് പ്രത്യയശാസ്ത്രവും ദലിത് ദര്‍ശനവും ദലിത് രാഷ്ട്രീയവുമെല്ലാം കേരളത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ദാരിദ്ര്യത്തിന്റെയും ദുര്‍ബലതയുടെയും പഴമുറംകൊണ്ട് തടഞ്ഞുനിര്‍ത്തുവാനുള്ള സാമ്പത്തിക-രാഷ്ട്രീയ വാദികളുടെ ഗൂഡാലോചന വിജയിക്കുവാന്‍ പോകുന്നില്ല.

കെ.എം. സലിംകുമാര്‍
__________________________________________________________
പ്രായോഗിക പ്രവര്‍ത്തനങ്ങളോടൊപ്പം പ്രത്യയശാസ്ത്രസമരങ്ങളും ആരംഭിച്ചിരിക്കുന്നുവെന്നത് 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്ന ദലിത് പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. ഈ പ്രത്യയശാസ്ത്ര സമരത്തിന്റെ വര്‍ത്തമാനകാല ഭൂമിക ആഗോളവത്കരണവും ഹിന്ദു ഫാസിസവുമാണ്. ആഗോളവത്കരണം വിദേശാധിപത്യവുമായി ബന്ധപ്പെട്ട ഒന്നാകുമ്പോള്‍ ഹിന്ദുഫാസിസം നവബ്രാഹ്മണാധിപത്യം അഥവാ സവര്‍ണാധിപത്യവുമായി ബന്ധപ്പെട്ട ഒന്നാണ്. ഒന്ന് ദലിതര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുമ്പോള്‍ മറ്റൊന്നു സവര്‍ണ്ണാധിപത്യത്തിനു വിധേയമാകുന്നവര്‍, പ്രത്യേകിച്ച് ദലിതരും പിന്നോക്കക്കാരും നേരിടൊന്നൊരു വിപത്താണ്. കേരളത്തിലെ/ ഇന്ത്യയിലെ ദലിതര്‍ തങ്ങളുടെ മോചനത്തിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ ദിശ തീരുമാനിക്കുന്നത് വൈദേശീയവും ദേശീയവുമായ ഈ മര്‍ദ്ദസംവിധാനങ്ങള്‍ക്കുള്ളിലാണ്.

രണ്ടുതരത്തിലുള്ള അധീശത്വങ്ങള്‍ക്കു വിധേയരാക്കപ്പെടുന്നവരാണ് ദലിതര്‍ എന്നാണ് ഇതിനര്‍ത്ഥം. 2500 വര്‍ഷങ്ങളോളം പഴക്കമുള്ള ആഭ്യന്തര ആധീശ ത്വവും രണ്ടുനൂറ്റാണ്ടിലേറെയായി തുടര്‍ന്നുപോരുന്ന വൈദേശീയാധിപത്യവും. ദലിതര്‍ രണ്ടു ശത്രുക്കള്‍ക്കെതിരെ പോരാടേണ്ടിവരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും ഒരു മുന്‍ഗണനാക്രമം ആവശ്യമുണ്ട്. നേരിട്ടും മുഖാമുഖവും നില്‍ക്കുന്ന ശത്രുക്കളിലെ ഊന്നാനാകൂ. അത് നേരിടേണ്ടി വരുമ്പോള്‍ രണ്ടാമത്തയാളെ നേരിടുകയെന്നതിനര്‍ത്ഥം പ്രത്യക്ഷത്തിലുള്ള ആധിപത്യം നിലനിര്‍ത്തുക യെന്നതാണ്. അതുകൊണ്ടാണ് നാളിതുവരെ നടന്നിട്ടുള്ള ദലിത് പോരാട്ടത്തിന്റെ ദിശ മുഖ്യമായും സവര്‍ണ്ണാധിപത്യത്തിനെ തിരേ തിരിയുന്നത്.

എന്നാല്‍ ഈ കാര്യത്തില്‍ മൗലീകമായും വ്യത്യസ്തമായൊരു നിലപാടിനാണ് ഇന്ന് കേരളത്തില്‍ പ്രാമുഖ്യമുള്ളത്. ദലിതരുടെ കീഴാള പരിപ്രേക്ഷ്യമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന ഈ നിലപാട് സാമ്രാജ്യാധിപത്യത്തില്‍ ഊന്നുകയും സവര്‍ണ്ണാധിപത്യത്തെ ഒഴിവാക്കുകയോ അപ്രധാനമായി ഗണിക്കുകയോ ചെയ്യുന്നു. സാമ്പത്തികരാഷ്ട്രീയം എന്ന പേരിലും ഇപ്പോള്‍ ”വിഭവരാഷ്ട്രീയം” എന്ന നിലയിലുമെല്ലാം അവതരിപ്പിക്കപ്പെടുന്ന ഈ നിലപാടാണ് കേരളത്തിലെ ദലിത് മുന്നേറ്റത്തെ എന്നും പ്രതിരോധിച്ചിരിക്കുന്നത്. ഈ നിലപാടില്‍ നിന്നുകൊണ്ട് കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായ ഡോ. എം. കുഞ്ഞാമന്‍ ‘ആഗോളവത്കരണവും ദലിത’രും എന്ന പേരില്‍ എലിക്കുളം ജയകുമാര്‍ രചിച്ച ചെറുകൃതിക്കെഴുതിയ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു ‘ദലിതര്‍ ദരിദ്രരും നിരക്ഷരരും അനാരോഗ്യരും കിടപ്പാടമില്ലാത്തവരുമാണ്. അതിജീവന സമരത്തിലാണവര്‍. കൂടുതല്‍ കൂടുതല്‍ വ്യക്തികളേയും വിഭാഗങ്ങളേയും ദരിദ്രമാക്കുന്ന കമ്പോളനിയന്ത്രിത ആഗോളവത്കരണത്തോടുള്ള അതിശക്തമായി കൊണ്ടിരിക്കുന്ന ചെറുത്തുനില്പിന്റെ മുന്നണിയില്‍ നില്‌ക്കേണ്ടതു പട്ടിക വിഭാഗങ്ങളാണ്’. ദലിതരുടെ ദാരിദ്ര്യത്തിനും മറ്റു ദുരിതങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനായി സാമ്രാജ്യത്വവിരുദ്ധ മുന്നണിയില്‍ നിലപാടുറപ്പിക്ക ണമെന്നാണ് കുഞ്ഞാമന്‍ പറയുന്നത്.

മൂലധന കേന്ദ്രീകരണത്തിനും ചൂഷണത്തിനുമെതിരായി ഇത്തരമൊര നിലപാ ടില്‍ നിന്നുകൊണ്ടുതന്നെയാണ് ‘മാറുന്ന ദലിത് അജണ്ട’ എന്ന പേരില്‍ 2003 ജൂലൈ 11-ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ സണ്ണി എം. കപിക്കാട് ഇങ്ങനെ എഴുതിയത്. ‘വിഭവാധികാരത്തിന്റെ പ്രശ്‌നം ദലിത് അജണ്ടയുടെ കേന്ദ്രപ്രശ്‌നമായി മാറിയി രിക്കുന്നു”. ഡോ. അംബേദ്കര്‍ക്കുശേഷം രൂപം കൊണ്ട ദലിത് പ്രസ്ഥാനങ്ങളുടെ അജണ്ടകളായിരുന്ന സവര്‍ണ്ണവിരുദ്ധ സാമൂഹ്യവിമര്‍ശനങ്ങളും സംവരണ സംരക്ഷണവും അപ്രസക്തമായിരക്കുന്നുവെന്നും അതു തിരിച്ചറിയാതിരു ന്നതായിരുന്നു കേരളത്തലെ ദലിതരുടെ മുഖ്യ ദൗര്‍ബല്യമെന്നും വിലയിരുത്തി ക്കൊണ്ട് സണ്ണി പറഞ്ഞതായി എം. ആര്‍. രേണുകുമാര്‍ (സാമൂഹ്യരൂപീക രണത്തിന്റെ പുതുവഴികള്‍-സൈന്ധവമൊഴി) എഴുതുന്നു. ‘ഒരു സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടും പ്രവര്‍ത്തനരൂപവും അവതരിപ്പിക്കുവാന്‍ കഴിഞ്ഞതാണ് ആധുനികാനന്തര കാലത്തെ ദലിത്-ആദിവാസി സമരങ്ങളുടെ മൗലികമായ പ്രത്യേകത” ‘ആദിവാസികളുടെ സമരം ആഗോളവത്കരണത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവര്‍ എന്ന നിലയില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് ഉണ്ടായത്.’ എന്ന് സി.കെ. ജാനുവും പറയുന്നു. (നവോത്ഥാനത്തി ന്റെയും മാറ്റിത്തീര്‍ക്കലിന്റെയും പ്രതിനിധാനങ്ങള്‍- എം.ബി. മനോജ്, അപ്പുക്കുട്ടന്‍-സൈന്ധവമൊഴി).

ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിലെ ദലിത് പോരാട്ടത്തിന്റെ ദിശയാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ഇതേ ദിശാബോധത്തില്‍ നിന്നുകൊണ്ടാണ് സി.കെ.ജാനു അദ്ധ്യക്ഷയായും എം. ഗീതാനന്ദന്‍ ജനറല്‍ കണ്‍വീനറുമായ 2004 ഫെബ്രുവരി 19-ന് എറണാകുളത്തു നടന്ന ആദിവാസി-ദലിത് സാമുദായിക-രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നത്: ”ആഗോള വത്കരണത്തിന്റെ കാലഘട്ടത്തില്‍ വിഭവാധികാരത്തിനും സ്വയംഭരണത്തിനും സാമൂഹിക നീതിക്കുംവേണ്ടി പോരാടുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ദിശാബോധം നല്കാന്‍ കഴിയുന്ന രാഷ്ട്രീയ നവോത്ഥാന ശക്തിയാകാന്‍ ആദിവാസി-ദലിത് ജനതയ്ക്കു കഴിയേണ്ട തുണ്ട്. അതിനായി ‘കേരളത്തിലെ ആദിവാസി കളെയും ദലിതരെയും സാമുദായികമായി വേര്‍തിരിക്കപ്പെട്ടവരെയും ദുര്‍ബല വിഭാഗങ്ങളെയും ഒരു ഏകീകൃത സാമുദായിക പ്രസ്ഥാനത്തില്‍ അണിനി രത്താനും അതുവഴി ഒരു രാഷ്ട്രീയശക്തിയാകാനുമുള്ള ആദ്യപടിയാണ്’ സമ്മേളനം. കുഞ്ഞാമന്‍ മുതല്‍ ഗീതാനന്ദന്‍വരെയുള്ളവര്‍ പറയുന്നത് ഒരേ കാര്യമാണ്. ഇന്ന് കേരളത്തിലെ /ഇന്ത്യയിലെ ദലിതര്‍ നേരിടുന്ന ഏറ്റഴും മുഖ്യമായ വെല്ലുവിളി ആഗോളവത്കരണമാണ്. അതിനെതിരായി പ്രക്ഷോഭണത്തിന്റെ നേതൃശക്തിയും വഴികാട്ടിയുമായി മാറുകയാണ് ദലിതരുടെ വര്‍ത്തമാനകാ ലദൗത്യം. ഈ ദിശയില്‍ നടന്ന ‘കുടില്‍കെട്ടി സമരവും’ മുത്തങ്ങ സമരവും ഇപ്പോള്‍ പ്ലാച്ചിമടയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരവുമെല്ലാം കേരളത്തിന്റെ ജനാധിപത്യമുന്നേറ്റങ്ങളായിട്ടാണ് ഇതിന്റെ വാഗ്ദാതാക്കള്‍ വിലയിരുത്തുന്നത്. മൂലധനകേന്ദ്രീകരണത്തിനെതിരായി പോരാട്ടങ്ങളിലൂടെയാണ് ജനാധിപ്യവ ത്കരണം നടക്കുന്നത് എന്ന് നിലപാടില്‍ നിന്നുകൊണ്ടാണ്, അതിന്റെ വികൃതവും വ്യാജവുമായ പതിപ്പുകളിലൂടെ കുഞ്ഞാമനെപ്പോലെയുള്ള വര്‍ഗ്ഗനിലപാടുകാരും ഗീതാനന്ദനെപ്പോലെയുള്ള ആക്ടിവിസ്റ്റുകളും കേരളത്തിലെ ദലിത് മുന്നേറ്റത്തെ ”ദേശീയപോരാട്ട”ത്തിന്റെ പാതയിലേക്കു വ്യതിചലിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ മുത്തങ്ങയില്‍ നടന്നതെന്താണ്? അവിടെ സി.കെ. ജാനു നടത്തിയത് ‘ആദിവാസികളുടെ സ്വാതന്ത്ര്യപ്രഖ്യാപമാണെ’ന്നു വിലയിരുത്തുന്ന ഡോ. അരുണ്‍ (ആദിവാസി വഞ്ചന ഒരു തുടര്‍ക്കഥ-സമീക്ഷ- ഓണം 2003) വെടിവെപ്പിനുശേ ഷമുള്ള സ്ഥിതിയെ ഇങ്ങനെ വിലയിരുത്തുന്നു. ‘ആദിവാസി ഭൂപ്രശ്‌നം ഹൈജാക് ചെയ്യപ്പെടുന്ന അവസ്ഥയാണ് വെടിവെപ്പിനുശേഷം കണ്ടത്. ആദിവാസികളെ ഇനിയും തിരിഞ്ഞുനോക്കാത്ത ചില മനുഷ്യാവാകാശ പ്രവര്‍ത്തകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക നായകന്മാരും അവരുടെ വക്താക്കളായി രംഗത്തുവന്നു. യഥാര്‍ത്ഥത്തില്‍ ആദിവാസി ദലിത് ജനതയും അവരുടെ നേതൃത്വവുമായിരുന്നു തുടര്‍ന്നും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. അവര്‍ തങ്ങളെ പിന്തുണയ്ക്കുന്ന പൊതുപ്രവര്‍ത്തകരെ കൂടെ നിറുത്തുകയും വേണം” രണ്ടും സംഭവിച്ചില്ലെന്നതാണു വസ്തുത. എന്തായിരുന്നു അതിന്റെ കാരണം? കുടിയേറ്റക്കാര്‍ക്കെതിരായി വളര്‍ന്നുവന്ന ആദിവാസി ഭൂസമരത്തെ ദലിതര്‍ പിന്താങ്ങിയിരുന്നുവെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ കുടിയേറ്റ ലോബിയുടെ താല്‍പര്യാര്‍ത്ഥം സമരനേതൃത്വത്തില്‍ കടന്നുകൂടിയ ഗീതാനന്ദനും സണ്ണി എം.കപിക്കാടുമടക്കമുള്ള ദലിതരും അദലിതരുമായ ചിലര്‍ സമരത്തിന്റെ ദിശ മാറ്റുകയും ‘തങ്ങള്‍ കുടിയേറ്റക്കാര്‍ക്കെതിരല്ലെന്ന്’ പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കില്‍കൂടി ആദിവാസി കരാറിലെത്തിച്ച സെക്രട്ടറിയേറ്റ് നടയിലെ ‘കുടില്‍കെട്ടി’ സമരത്തെ കേരളത്തിലെ ദലിത് സംഘടനകള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ കുടില്‍കെട്ടി സമരത്തിലൂടെ ജാനുവും കൂട്ടരും ആദിവാസികളെ കബളിപ്പിക്കുകയായിരുന്നുവെന്നും അതിലൂടെ ഉണ്ടാക്കിയ കരാര്‍ ആദിവാസി ഭൂനിയമം അട്ടിമറിച്ചുകൊണ്ട് കേരളാ ഗവണ്‍മെന്റ് ഉണ്ടാക്കിയ ആദിവാസിവി രുദ്ധമായ നിയമം നടപ്പിലാക്കുവാനുള്ള തന്ത്രമായിരുന്നുവെന്നും ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് മുത്തങ്ങ സമരത്തിനു പിന്തുണ നല്കുന്നതില്‍ നിന്നും ദലിതര്‍ പിന്മാറിയത്. ആദിവാസി ഭൂപ്രശ്‌നം ഒരു സാമുദായിക പ്രശ്‌നമാണെന്ന തിരിച്ചറിവും ദലിതര്‍ക്കിടയില്‍ ശക്തിപ്പെടുകയുണ്ടായി.

ദലിതരുടെ ഈ പിന്മാറ്റത്തോടൊപ്പം മുത്തങ്ങ സമരം ഹൈജാക് ചെയ്യപ്പെട്ടുവെ ന്നതാണ് മറ്റൊരു കാര്യം. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്ത ഇടതുപക്ഷ ഗവണ്‍മെന്റിനെ നയിച്ച സി.പി.എം. നേതൃത്വംതന്നെയാണ് ഇതില്‍ മുഖ്യപങ്ക് വഹിച്ചത്. എന്തായിരുന്നു അതിനുകാരണം ’75-ലെ ഭൂനിയമം നടപ്പിലാക്കുവാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ആദിവാസികള്‍ നടത്തിയ പ്രക്ഷോഭണങ്ങളെ ആര്‍ക്കും ഹൈജാക് ചെയ്യാനിവില്ലായിരുന്നു. കാരണം അതിന്റെ സാമുദായികമായ ഉള്ളടക്കം തന്നെയായിരുന്നു. ആദിവാസികളെ ഒരു പ്രത്യേക സാമൂഹ്യ ഘടകമായി അംഗീകരിച്ചുകൊണ്ട് അവര്‍ക്കു ലഭ്യമായ ഭരണഘടനാപരമായ പരിരക്ഷയായിരുന്നു. ’75 ലെ ആദിവാസി ഭൂനിയമം. ഇതൊരു സാമുദായിക രാഷ്ട്രീയ സംരക്ഷണയായിരുന്നു. ഈ നിയമം നടപ്പലാക്കുന്നതിനായി നിലകൊ ള്ളുകയെന്നതിനര്‍ത്ഥം ഭൂമി കൈയ്യേറ്റക്കാരായ ക്രൈസ്തവ, നായര്‍, മുസ്ലിം, ഈഴവ സമുദായങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയെന്നതാണ്. പ്രത്യേകിച്ചും ഭൂമി കൈയ്യേറ്റക്കാരുടെ മുന്‍നിരയില്‍ നില്ക്കുന്ന ക്രൈസ്തവസമുദായവുമായി. അതിന് സി.പി.എമ്മിനെന്നല്ല ഒരു പ്രസ്ഥനത്തിനും ആവില്ല. എന്നാല്‍ വിഭവരാഷ്ട്രീയ ത്തിന്റെ സ്ഥിതി അതല്ല. അതിലൂടെ മുന്നോട്ടുവെക്കപ്പെട്ടത് പകരം ഭൂമിയുടെ പ്രശ്‌നമാണ്. അതൊരു കുടിയേറ്റ നിലപാടുതന്നെയാണ്. ക്രൈസ്തവ സമുദായ ത്തിനോ മറ്റാര്‍ക്കെങ്കിലുമോ അതുകൊണ്ട് യാതൊരു കോട്ടങ്ങളുമില്ല. എന്നാല്‍ നേട്ടങ്ങളുണ്ടുതാനും. സി.പി.എമ്മിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യവും. മുത്തങ്ങയിലൂടെ മുന്നോട്ടുവെക്കപ്പെട്ട വനഭൂമി പിടിച്ചെടുക്കല്‍ മുദ്രാവാക്യം സി.പി.എം സ്വീകരിക്കുന്നും വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ‘ആദിവാസി ക്ഷേമസമിതി’ യുടെ ബാനറില്‍ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടതും അതു കൊണ്ടാണ്. ഈ സമരങ്ങളെ മുന്‍നിര്‍ത്തി ‘ഭൂമിക്കുവേണ്ടിയുള്ള ഏതു പ്രക്ഷോ ഭണത്തെയും പിന്താങ്ങു” മെന്നാണ് ഗോത്രമഹാസഭാനേതാവ് സി.കെ. ജാനു പറഞ്ഞത് (മാധ്യമം ദിനപത്രം- ഏപ്രില്‍ 20, 2003). ഇത്തരം സംഭവവികാസ ങ്ങളെല്ലാം മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ കഴിഞ്ഞതു കൊണ്ടാണ് പല ദലിത് സംഘടനകളും മുത്തങ്ങയില്‍ നിന്നും വിട്ടുനിന്നത്.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകത്തുതന്നെയും ശ്രദ്ധിക്കപ്പെട്ട ‘പ്ലാച്ചിമട’യിലെ ആദിവാസി സമരത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. സി.കെ. ജാനുവാണ് സമരം ഉദ്ഘാടനം ചെയ്തത്. അരുദ്ധതി റോയിയും മേധാപാട്ക്കറും വന്ദനാശിവയും മാത്രമല്ല അച്ചുതാനന്ദനും വീരേന്ദ്രകുമാറുമെല്ലാം പ്ലാച്ചിമട സമരവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ദലിതര്‍മാത്രം ഇവിടെയും വിട്ടുനിന്നു. മുത്തങ്ങയില്‍ കണ്ടതുപോലെ പ്ലാച്ചിമടയിലും ആദിവാസികള്‍ അവരുടെ താല്പര്യങ്ങള്‍ക്കെതിരായി ഉപയോഗിക്കപ്പെടിന്നുവെന്നു തന്നെയാണ് ഈ വിട്ടുനില്ക്കലിനു കാരണം ദലിത് കര്‍ത്തൃത്വവും സാമുദായിക രൂപീകരണവും അസാദ്ധ്യമാക്കി തീര്‍ക്കുകയും ചെയ്യുന്നു. ഭൂമിയിടക്കം വിഭവങ്ങള്‍ക്കുവേണ്ടി യുള്ള ഏതു സമരവും സാമുദായിക രാഷ്ട്രീയ ഉള്ളടക്കമില്ലാത്തി ടത്തോളം പൊതുധാരാപ്രസ്ഥാന ങ്ങള്‍ക്കു വഴിതെറ്റിക്കുവാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.

ദശീയപ്രസ്ഥാനത്തിലൂടെയും അതിന്റെ ഗാന്ധിയന്‍, മാര്‍ക്‌സിയന്‍ വിപുലീ കരണത്തിലൂടെയുമെല്ലാം സ്വാധീനിക്കപ്പെട്ട സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ നിന്നും മൗലീക മായി വ്യത്യസ്തവും സവര്‍ണ്ണാധിപത്യത്തി നെതിരായതും സാമുദായിക രാഷ്ട്രീയത്തില്‍ ഊന്നുന്നതുമായ ഒന്നാണ് കേരളത്തിലെ ദലിതരുടെ സാമുദായിക രാഷ്ട്രീയ കാഴ്ചപ്പാട്. കഴിഞ്ഞ ഒരു ദശകത്തിലെറെയായി ദലിതര്‍ക്കിടയില്‍ പ്രായോഗികമായും സൈദ്ധാന്തി കമായും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ദലിത് ചിന്ത. നവോത്ഥാന കാലത്തിന്റെ അപചയത്തെയും ഗാന്ധിയന്‍, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സവര്‍ണ്ണാഭിമുഖ്യത്തെയും പക്ഷപാതിത്വത്തെയും ഒപ്പം കേരളത്തിലെ ജാത്യാധിപത്യത്തെയും തുറന്നുകാണിച്ചുകൊണ്ട് 1989-ല്‍ അധഃസ്ഥിത നവോത്ഥാനമുന്നണിയുടെ നേതൃത്വത്തില്‍ ദലിതരുടെ ആത്മാഭിമാനബോധം തട്ടിയുണര്‍ത്തുന്നതിനായി മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് നടന്ന പ്രത്യയശാസ്ത്ര സമരവും സി.ടി. സുകുമാരന്‍ ഐ.എ.എസ്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുനടന്ന നീണ്ടുനിന്ന ചെറുത്തുനില്പ്പും ഈ ദിശയിലുള്ള ശ്രദ്ധേയമായ തുടക്കങ്ങലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1994- അവസാനം ‘ദലിത് സമുദായവത്കരണം-സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍’ എന്ന പേരില്‍ കെ.കെ. കൊച്ച് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലൂടെ ദലിത് സമുദായവത്കരണ ത്തെപ്പറ്റിയുള്ള ഒരു നിലപാട് മുന്നോട്ടുവെക്കപ്പെട്ടത്. 1999 ജനുവരി 26-ന് എറണാകുളത്തുവെച്ച നടന്ന ദലിത് ഐക്യസമ്മേളനം അംഗീകരിച്ച മാര്‍ഗ്ഗരേഖ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായ മറ്റൊരു ചുവടുവെ പ്പായിരുന്നു. ദലിത് എന്ന് സ്വത്വാവിഷ്‌കാ രത്തിന്റെ ഭാഗമായി നിര്‍വ ചിക്കപ്പെടുകയും അതിലൂടെ സമുദായവത്കരണ ത്തോടൊപ്പം സാമുദായിക രാഷ്ട്രീയവും മുന്നോട്ടുവെയ്ക്കുകയും ചെയ്തു. ‘തങ്ങളുടേതായ ജീവിതരീതികളും ഭാഷകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മതസങ്കല്പങ്ങളും തനതായൊരസ്തിത്വവും ഉണ്ടായിരുന്ന ഒരു ജനസമൂഹ’മായി ദലിതര്‍ വിലയിരുത്തപ്പെട്ടു. ദലിതര്‍ ‘ഒരു ജനതയോ-സമൂഹമോ സമുദായമോ ആയി മാറിത്തീരേണ്ടതിലേക്കായി ഒരു സാമൂഹ്യ-രാഷ്ട്രീയഘടകം എന്ന നിലയില്‍ സാമൂഹ്യപരിഷ്‌കരണം അന്തസത്തയായിട്ടുള്ള സാമൂഹ്യ (സാമുദായികം) ഏകീകരണത്തിന്റെയും രാഷ്ട്രീയാധികാരം ഉള്ളടക്കമായിട്ടുള്ള രാഷ്ട്രീയ ഏകീകരണത്തിന്റെയും ദ്വിമാനങ്ങള്‍ ഉള്ള ഒന്നായി ദലിത്പദം നിര്‍വചിക്കപ്പെട്ടു”. കുഞ്ഞാമന്‍ പറയുന്നതുപോലെ ദരിദ്രരും നിരക്ഷരരും കിടപ്പാടമില്ലാത്തവരുമല്ല ദലിതര്‍. ബിര്‍സാമുണ്ഡയും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ഡോ. അംബേദ്കറും കെ.ആര്‍. നാരായണനുമെല്ലാം ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പാണ് ദലിത് സമുദായം. കേരളത്തിലെ പുലയരും പറയരും കുറവരും പണിയരും കുറിച്യരുമെല്ലാം അടങ്ങുന്ന ഒരു ഗ്രൂപ്പ്. ഇവരില്‍ ഹിന്ദുക്കളും ക്രൈസ്തവരുമുണ്ട്. ഉള്ളവരും ഇല്ലാത്തവരുമുണ്ട്. സാമ്പത്തിക വേര്‍തിരിവല്ല, ഈ ഗണത്തെ തീരുമാനിക്കുന്നത്. എന്നാല്‍ ദലിത് ഐക്യസമിതി നയപ്രഖ്യാപന രേഖയില്‍ പറയുന്നതുപോലെ ‘ഹിന്ദുക്രൈസ്തവ വിഭജനം പോലെ പട്ടികജാതി ക്കാര്‍, പട്ടിവര്‍ഗ്ഗക്കാര്‍, പരിവര്‍ത്തിതക്രൈസ്തവര്‍ എന്നീ നിയമാനുസൃത വിഭജനംപോലും കാലപ്പഴക്കംകൊണ്ടു സ്ഥാപിച്ചെടുക്കപ്പെട്ടവയാണ്. ഈ ഓരോ ഘടകങ്ങളും വേറിട്ടു നില്ക്കുകയും തനതായ തലത്തില്‍ ചലിക്കുകയും ചെയ്യുന്നുണ്ട്. തനതായ ചില സാമൂഹ്യധര്‍മ്മങ്ങള്‍ അവ നിര്‍വഹിക്കുന്നുമുണ്ട്. അവയുടെ സവിശേഷമായ ചില നിയമങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്. ദീര്‍ഘിച്ചതും പരിണാത്മകവുമായ ഒരു പ്രക്രിയയിലൂടെ മാത്രമേ ഒരു സാമൂഹമോ സമുദായമോ ജനതയോ ആയ ദലിതര്‍ക്ക് മാറിത്തീരാനാകൂ എന്നു സാരം. പൊതുവായൊരു പ്രത്യയശാസ്ത്രത്തിന്റെയും പ്രായോഗിക പദ്ധതികളുടെയും അടിസ്ഥാനത്തില്‍ നിരന്തരമായി നടക്കേണ്ട പ്രവര്‍ത്തനങ്ങളിലൂടെയേ ഇതു സാദ്ധ്യമാകൂ. സമുദായത്തിലെ വിവിധ ഘടകങ്ങള്‍ക്കെന്നതുപോലെ വ്യക്തി കള്‍ക്കും തങ്ങള്‍ ഒരു സമൂഹ ശരീരത്തിലെ പരസ്പരം കൊണ്ടും കൊടുത്തും നിലനില്‍ക്കുന്ന വിവിധ അവയവഭാഗങ്ങളാണെന്നു സ്വമേധയാ തന്നെ തോന്നേണ്ടതുണ്ട്. ജാതിനിഷ്ഠവും പൗരോഹിത്യത്തില്‍ കേന്ദ്രീകരി ക്കപ്പെട്ടിട്ടു ള്ളതുമായ പ്രത്യയശാസ്ത്രങ്ങളെ എതിര്‍ത്തുകൊണ്ട് സാമൂഹ്യസമത്വവും തുല്യനീതിയും ഉറപ്പാക്കുന്ന ഒരു പ്രത്യയശാസ്ത്ര നിലപാടിന്റെ അടിസ്ഥാനത്തിലും, ജാതിമര്‍ദ്ദനത്തിന്റെ വിവിധ രൂപങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടും മാത്രമേ ഇതു സാദ്ധ്യമാകൂ.”

മുകളില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇതില്‍ നിന്നും മൗലികമായും വ്യത്യസ്തമാണ് വിഭവരാഷ്ട്രീയക്കാരുടെ ദലിത് വീക്ഷണം. അവര്‍ ആദിവാസികളേയും ദുര്‍ബലരേയും സാമുദായികമായി വേര്‍തിരിക്കപ്പെട്ടവരെയും ഉള്‍പ്പെടുത്തി ഒരേകീകൃത സാമുദായിക പ്രസ്ഥാനം ഉണ്ടാക്കുവാന്‍ ആലോചിക്കുന്നു. ആദിവാസികളേയും ദലിതരേയും രണ്ടായി കാണുന്നു. സാമുദായികമായി വേര്‍തിരിക്കപ്പെട്ടവര്‍ ആരെന്നു വ്യക്തമല്ല. കേരളത്തില്‍ നാളിതുവരെ നടന്നിട്ടുള്ള സാമുദായികരൂപീകരണത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ സാമുദായികപ്രസ്ഥാനത്തെപ്പറ്റിയുള്ള ഇത്തരമൊരു മൗഢ്യം അരങ്ങേറ്റുകയില്ല. 2001-ല്‍ ‘ആദിവാസി-ദലിത് സമരസമിതി’യുടെ ലേബലില്‍ ഇക്കൂട്ടര്‍ പുറത്തിറക്കിയ ‘ആദിവാസി-ദലിത് രാഷ്ട്രീയ നവോത്ഥാനരേഖ(കരട്) യിലും ‘ആദിവാസി ഗോത്രജനതയും ദലിതരുംമറ്റു ദരിദ്രജനവിഭാഗങ്ങളും ഒരു പുതിയ രാഷ്ട്രീയശക്തിയായി മാറേണ്ടതുണ്ട് എന്നു പറയേണ്ടതുണ്ട്. ഈ രാഷ്ട്രീയം എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല. പകരം ‘കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികള്‍, ദലിതര്‍, മറ്റു പുറന്തള്ളപ്പെട്ട സാമൂഹികവിഭാഗങ്ങള്‍, ദരിദ്രര്‍എന്നിങ്ങനെയുള്ളവര്‍ക്ക് സാമൂഹ്യനീതിയും പ്രാഥമിക ജനാധിപത്യാ വകാശങ്ങളും അംഗീകരിക്കപ്പെടുന്നൊരു നവോത്ഥാനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിലൂടെ മാത്രമേ കേരളത്തിന്റ ജനാധിപത്യപ്രക്രിയ മുന്നോട്ടുപോ കുകയുള്ളൂ”വെന്നു ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിഭവരാഷ്ട്രീയത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഇത്തരം സൈദ്ധാന്തിക കസര്‍ത്തുകള്‍ക്കെതിരേ ഉയര്‍ന്നുവന്ന ദലിത് വിമര്‍ശനങ്ങളെ ചെറുത്തുനില്‍ക്കുവാന്‍ ശേഷിയില്ലാ ത്തിട്ടാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ആദിവാസി ദലിത് സമുദായിക-രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചരിക്കുന്നത്. ഈ സമ്മേളനത്തിലൂടെ ആദിവാസികളും ദലിതരും പുറന്തള്ളപ്പെട്ടവരും ദരിദ്രരുമെല്ലാം ചേര്‍ന്ന് രൂപീകരിക്കുന്ന ഒരു സംഘടനയ്ക്ക് ദലിത് സാമുദായിക സംഘടന എന്നു പറയാനാകുമോ? തീര്‍ച്ചയായുമില്ല. ദരിദ്രരും പുറന്തള്ളപ്പെട്ടവരുമായ മറ്റു സമുദായാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി അവര്‍ മേധാപട്ക്കറോ അരുദ്ധതി റോയിയോ ബി.ഡി ശര്‍മ്മയോ ആയാല്‍ പോലും ദലിതര്‍ക്ക് അവരുടെ സാമുദായിക പ്രസ്ഥാനത്തെപ്പറ്റി ചിന്തിക്കാനാവില്ല. ഇതിലൂടെ ഒരു രാഷ്ട്രീയ ലേബല്‍ പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞേക്കും. അതൊരു സാമുദായിക സംഘടനയാവില്ല. ഇത്തരമൊരു രാഷ്ട്രീയ ലേബലിന് കേരളത്തിന്റെ ജനാധിപത്യവത്കരണത്തില്‍ യാതൊന്നും ചെയ്യാനുമില്ല. മൂലധനകേന്ദ്രിതമായി നിര്‍വചിക്കപ്പെട്ട ജനാധിപത്യവത്കരണം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും ജാത്യാധിപത്യത്തിനെതിരായി പോരാട്ടങ്ങളിലൂടെയും സമുദായവത്കരണത്തിലൂടെയുമാണ് ജനാധിപത്യവത്കരണം നടക്കുന്നതെന്നുമുള്ള മൗലികമായ ദലിത് വീക്ഷണമാണ് ഇവിടെ പ്രസക്തമാകുന്നത്.

കേരളത്തിന്റെ ചരിത്രത്തെ സാമുദായിക-രാഷ്ട്രീയചരിത്രത്തില്‍ നിന്നും വേര്‍പെടുത്താനാവില്ല. നൂറ്റാണ്ടുകളിലൂടെ ആരാണ് കേരളം ഭരിച്ചിരുന്നത് എന്നു ചോദിച്ചാല്‍ നിശ്ചിതമായ ചില വര്‍ണ്ണ-ജാതി വിഭാഗങ്ങള്‍ എന്നു തന്നെയാണ് അതിനുത്തരം. ആധുനിക കേരളത്തിന്റെ സ്ഥിതിയും ഇതില്‍ നിന്നും ഭിന്നമല്ല. സാമുദായികമായി വിഭജിതമായൊരു സമൂഹമാണ് ഇന്നും കേരളം. നായര്‍സമുദായവും ക്രൈസ്തവസമുദായവും ഈഴവ-മുസ്ലീം സമുദായങ്ങളും, സര്‍വ്വോപരി ഹിന്ദുസമുദായവുമെല്ലാം കേരളത്തിലെ സാമുദായിക-രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളാണ്. കേരളത്തിന്റെ രാഷ്ട്രീയാധികാര ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന ഘടകങ്ങളാണ് നായര്‍-ക്രൈസ്തവ വിഭാഗങ്ങള്‍. മുസ്ലിം-ഈഴവ വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനങ്ങളുണ്ട്. എന്നാല്‍ കേരള നിയമസഭയിലെ 14 പട്ടികജാതി-പട്ടികവര്‍ഗ്ഗ എം.എല്‍.എ മാര്‍ക്ക് ദലിത് സമുദായത്തെ പ്രതിനിധീകരിക്കാന്‍ ആവുന്നില്ലെന്നു മാത്രമല്ല, അവര്‍ക്കെതിരായ സവര്‍ണ്ണ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‌കേണ്ടിവരികയും ചെയ്യുന്നു. ഈ സാമുദായിക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെ ദലിതരെ ജാതി-ഉപജാതി ചിന്തകള്‍ക്കും സങ്കുചിതമത-സംഘടനാതാല്‍പര്യങ്ങള്‍ക്കും, അപ്പുറം ഒരു സാമുദായിക-രാഷ്ട്രീയ ഘടകമായി മാറുവാന്‍ നിര്‍ബന്ധിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു പ്രക്രിയയ്ക്ക് എന്നും തടസ്സമായി നിന്നിട്ടുള്ളത് ദേശീയ പ്രസ്ഥാനത്തിലൂടെയും സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയുമെല്ലാം മുന്നോട്ടുവെക്കപ്പെട്ട നിലപാടുകളാണ്. ഇതര സമുദായങ്ങള്‍ സംഘടിത സാമുദായിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറിയപ്പോള്‍ ദലിതരുടെ സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനമായി വികസിക്കേണ്ടിയിരുന്ന ‘സാധുജനപരിപാലസംഘം’ തകരുകയും തല്‍സ്ഥാനത്ത് അസംഖ്യം ജാതിക്കൂട്ടങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. സംഘടിത സാമുദായിക പ്രസ്ഥാനങ്ങള്‍ പൊതുധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയും സാമുദായിക താല്‍പര്യ ങ്ങള്‍ക്കായി വിനിയോഗിച്ചും മുന്നേറിയപ്പോള്‍, ദലിതര്‍ ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറി. ഗാന്ധിയന്‍ കോണ്‍ഗ്രസ് നേതൃത്വം ഹരിജന്‍ സേവാസംഘത്തിലൂടെ ദലിതരെ കോണ്‍ഗ്രസ്സിന്റെ അടിത്തറയാക്കിയതുപോലെ സോഷ്യലിസ്റ്റ് കമ്മ്യൂ ണിസ്റ്റ് നേതൃത്വം അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ എന്ന നിലയിലും കര്‍ഷകത്തൊഴി ലാളികള്‍ എന്ന നിലയിലുമെല്ലാം വിവക്ഷിച്ച ഒരു ജനവിഭാഗമാണ് ഇത്തരം വിവിക്ഷകളില്‍ നിന്നെല്ലാം വിമുക്തമായി ദലിത് എന്ന കര്‍ത്തൃത്വനിര്‍വ ഹണത്തിലേക്കു മാറുന്നത്. ഇന്ന് ഒരു കാര്യം ഉറപ്പിച്ചുപറയുവാനാകും. ദലിത് എന്നത് ഒരു സാമുദായിക പ്രശ്‌നമായി മനസ്സിലാക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രായോഗികപ്രവര്‍ത്തനങ്ങളോടൊപ്പം ഏതൊരു സമുദായത്തിന്റെ രൂപീകരണത്തിനും ഒഴിച്ചുകൂടാനാവാത്ത ബൗദ്ധികമായ ശേഷിയും ദലിതര്‍ നേടിത്തുടങ്ങിയിരിക്കുന്നു. കുഞ്ഞാമനെപ്പോലെയുള്ളവര്‍ കരുതുന്നതു പോലെകേരളത്തിലെ ദലിതര്‍ നിരക്ഷരരോ അത്ര ദരിദ്രരോ അത്ര കിടപ്പാടമില്ലാത്തവരോ അല്ല. സംവരണത്തിലൂടെ ലഭ്യമായ നേട്ടങ്ങള്‍ ഉപയോ ഗിച്ചുകൊണ്ട് ഔദ്യോഗിരംഗത്തേക്കു കടന്നുവരുന്നവരുടേയും പരമ്പരാഗത തൊഴിലാളികളുടെയും എത്ര ദുര്‍ബലമാണെങ്കിലും കൃഷിക്കാരുടെയും ഒരു സമൂഹമാണ് ദലിതരുടേത്. കച്ചവടവും വ്യവസായവുമടക്കം സാമൂഹ്യ ജീവിത ത്തിന്റെ ഇതരമണ്ഡലത്തിലേക്ക് കടന്നുവരാന്‍ വെമ്പുന്ന അനേകരെ സമുദായ ത്തില്‍ കണ്ടെത്തുവാന്‍ കഴിയും. സാഹിത്യത്തിന്റെയും കലയുടെയും മറ്റ് സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെയും രംഗത്തേക്ക് ദലിതര്‍ കടന്നുവന്നു കഴിഞ്ഞിരിക്കുന്നു. ദലിത് സാഹിത്യം ഒരു യാഥാര്‍ത്ഥ്യമായി തീരുന്നതുപോലെ ദലിത് ചിന്തയും ദലിത് വീക്ഷണവും ദലിത് പ്രത്യയശാസ്ത്രവും ദലിത് ദര്‍ശനവും ദലിത് രാഷ്ട്രീയവുമെല്ലാം കേരളത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ദാരിദ്ര്യത്തിന്റെയും ദുര്‍ബലതയുടെയും പഴമുറംകൊണ്ട് തടഞ്ഞുനി ര്‍ത്തുവാനുള്ള സാമ്പത്തിക-രാഷ്ട്രീയവാദികളുടെ ഗൂഡാലോചന വിജയിക്കുവാന്‍ പോകുന്നില്ല.
____________________________________
(പി.ആര്‍.ഡി.എസ് പ്രസിദ്ധീകരണമായ ആദിയാര്‍ ദീപത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. 25-02-2004)

Top