സംഘപരിവാറിന്റെ ഉയര്‍ച്ചയും ലിബറല്‍ ഹിന്ദുവിന്റെ തിരോധാനവും

ദേശരാഷ്ട്രം ഒരു മര്‍ദ്ദക സംവിധാനമായി മാറുമ്പോള്‍, ജനാധിപത്യത്തെ ഘടനാപരമായി വികസിപ്പിക്കാന്‍ വ്യത്യസ്തതകള്‍ ഐക്യപ്പെടേണ്ടതുണ്ട്. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പഴയ ദേശീയവാദ കല്പനക്കും ‘ദേശത്തിന്റെ അഖണ്ഡത’ എന്ന ഹിന്ദുത്വവാദത്തിനും വെളിയില്‍ ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ എന്ന പുതുഭാവന രൂപപ്പെടുന്നുണ്ട്. ദലിതര്‍, കീഴാള സ്ത്രീകള്‍, പിന്നാക്കക്കാര്‍, മുസ്ലീംങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ മുതലായ വ്യത്യസ്തതകള്‍ സംവാദത്തിലേക്ക് ഉയരുമ്പോള്‍, അവയെ ഒറ്റ യൂണിറ്റായല്ല, ബഹുത്വപൂര്‍ണ്ണവും ദൈനംദിന രാഷ്ട്രീയാനുഭവത്തിന് അനുസരിച്ച് സ്വയം മൊബിലിറ്റിയുള്ള ഘടകങ്ങളുടെ സമ്മിശ്രമായി കാണേണ്ടതുണ്ട്. ദേശരാഷ്ട്രത്തെ മറികടന്നുള്ള ‘ജനാധിപത്യം’ എന്ന വാഗ്ദാനത്തെ എത്തിപ്പിടിക്കാന്‍, ബഹുത്വവും സമ്മിശ്രതയും മൊബിലിറ്റിയുമാണ് കീഴാളര്‍ക്ക് സാധ്യതകള്‍ തരുന്നത്.

‘ജനാധിപത്യം വരാനിരിക്കുന്നതാണ്. അതൊരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ പേരിലാണ് നിലവിലെ ജനാധിപത്യം എന്നു നിര്‍ദ്ദേശിക്കപ്പെടുന്ന ഒന്നിനെ നമുക്കെപ്പോഴും വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നത്.’
-ദെറീദ

മണ്ഡല്‍-മസ്ജിദ് സംഘര്‍ഷങ്ങളുടെ കാലത്ത് ഇന്ത്യയിലെ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങളാണ് ”ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം.” ”അധികാരം ബഹുജന്‍ സമാജിന്” മുതലായവ. ഇവ ഫലപ്രാപ്തിയിലെത്താന്‍ പുതിയൊരു ദേശീയപ്രസ്ഥാന രൂപീകരണമോ രണ്ടാംസ്വാതന്ത്ര്യസമരമോ വേണ്ടിവരുമെന്ന തരത്തിലുള്ള സംവാദങ്ങളുമുണ്ടായി.

സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയാധികാരം കൈമാറി കിട്ടിയ കോണ്‍ഗ്രസ്സിന്റെ മതേതര ഭരണകാലത്ത്; ദലിത് ബഹുജനങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും മേലുള്ള സാമൂഹികമര്‍ദ്ദനങ്ങള്‍ കുറയുകയുണ്ടായില്ല. നേരെ മറിച്ച്, അവ കൂടുതലാവുകയും ജീവിതത്തിന്റെ എല്ലായിടങ്ങളിലും സവര്‍ണ്ണാധിപത്യം പിടിമുറുക്കുകയുമാണ് നടന്നത്. കൂടാതെ, സാമ്രാജ്യത്വാധിനിവേശത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്ന സാമ്പത്തിക നയങ്ങളാണ് ഇതേ ഭരണകൂടം അനുവര്‍ത്തിച്ചത്. സ്വാഭാവികമായും, ഇതിനെ ചെറുക്കുന്നവര്‍ എന്നു കരുതപ്പെട്ടിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ജാതീയവും മതപരവും ലിംഗപരവുമായ പുറംതള്ളലിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായ പ്രത്യേക പരിപാടികള്‍ ഇല്ലായിരുന്നു. മാത്രമല്ല, അവര്‍ ആശയപരമായും പ്രായോഗിമായും പഴയ ദേശീയപ്രസ്ഥാനത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഈ പശ്ചാത്തലത്തിലാണ,് ‘രണ്ടാം സ്വാതന്ത്ര്യസമരം’ ‘രാഷ്ട്രീയാധികാരം ബഹുജന്‍ സമാജിന്’ മുതലായ സങ്കല്പങ്ങള്‍ ഉയര്‍ന്നുവന്നത്.

ഇന്നു യു.പി. പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുത്വശക്തികള്‍ കരുത്ത് കാട്ടുന്നത് സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ ജാതിരാഷ്ട്രീയത്തെയും, ബഹുജന്‍സമാജ് പാര്‍ട്ടിയുടെ ദലിത്-മുസ്ലിം ഐക്യത്തെയും അട്ടിമറിച്ചുകൊണ്ടാണെന്ന വിലയിരുത്തല്‍ അത്ര ശരിയാണെന്നു തോന്നുന്നില്ല. നേരെ മറിച്ച്, ഇന്ത്യയുടെ മതേതര സംവിധാനങ്ങളെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്തിരുന്ന ലിബറല്‍ ഹിന്ദുവിന്റെ പിന്നോട്ടടിയോ, തിരോധാനമോ ആണ് ദേശവ്യാപകമായി സംഭവിക്കുന്നതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത്, നമ്മുടെ മതേതര യുക്തി അടിയുറപ്പിക്കപ്പെട്ടിട്ടുള്ളത്. ”പുരോഗമന ഹിന്ദു” ”യാഥാസ്ഥിതിക ഹിന്ദു” എന്ന വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതില്‍ പുരോഗമന ഹിന്ദുവിന്റെ അഥവ ലിബറല്‍ ഹിന്ദുവിന്റെ ചേരിക്ക് നെടുനായകത്വം കിട്ടാന്‍ കാരണമായത് ഗാന്ധിജിയുടെ സനാതന ഹിന്ദുവിനെ പറ്റിയുള്ള പരികല്പനങ്ങളും നെഹ്‌റുവിന്റെ ആധുനികത വീക്ഷണങ്ങളും സമന്വയിക്കപ്പെട്ടതിലൂടെയാണ്. ഇപ്രകാരം, മതേതരത്വത്തിന്റെ സവര്‍ണ്ണധാരയില്‍ തന്നെ ഉള്‍പ്പെടുന്ന ലിബറല്‍ ഹിന്ദുവിന്റെ ചേരിയെ മലര്‍ത്തിയടിച്ചുകൊണ്ട്, യാഥാസ്ഥിതിക ഹിന്ദുവിന്റെ ചേരിക്കാര്‍ അരങ്ങ് കയ്യേറിയ അവസ്ഥയാണ് നമുക്ക് ഹിന്ദുത്വത്തിന്റെ സര്‍വ്വാശ്ലേഷമായി അനുഭവപ്പെടുന്നത്.

എന്തുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് ഇത്രമാത്രം മുന്നേറ്റം സാധ്യമായത്? തീര്‍ച്ചയായും, ആര്‍.എസ്.എസ് എന്ന ഫാഷിസ്റ്റ് സംഘടനയുടെ മുന്‍കൈയ്യില്‍ നടന്ന വംശീയ പ്രചാരണങ്ങളാണ് ഏറ്റവും പ്രധാനം. ജനവിരുദ്ധ ബ്യൂറോക്രസിയുടെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും പിന്‍ബലവും അവര്‍ക്കുണ്ട്. കൂടാതെ അപര വിദ്വേഷം കൈമുതലായ പുതു മധ്യവര്‍ഗ്ഗത്തിന്റെ ഉറച്ച പിന്തുണയും ഇന്നുലോകം മുഴുവന്‍ വ്യാപിച്ചിട്ടുള്ള വലതുപക്ഷത്തേക്കുള്ള പ്രതിതരംഗവും അവര്‍ക്ക് അനുകൂലമാണ്.

മേല്‍ സൂചിപ്പിച്ച ഘടകങ്ങള്‍ക്കൊപ്പം, യു.പി. തിരഞ്ഞെടുപ്പില്‍ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ഉപജാതി അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകള്‍ ഉണ്ടാക്കാനും, അവരിലെ ചില ജാതികള്‍ക്ക് എതിരെ മറ്റു ജാതികളെ അണിനിരത്തുക എന്ന തന്ത്രം നടപ്പിലാക്കാനും സംഘപരിവാറിന് സാധിച്ചു. ഉപജാതി ഭിന്നിപ്പിന്റെ ഇതേ തന്ത്രം പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഫലപ്രദമായി പയറ്റി. പുതിയൊരു ‘കാസ്റ്റ് എഞ്ചിനീയറിംഗ്’ ആയി കൊട്ടിഘോഷിക്കപ്പെട്ട ഈ പ്രക്രിയ, കാന്‍ഷിറാമിനെ പോലുള്ളവര്‍ നടപ്പിലാക്കിയ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ നേര്‍വിപരീത ദിശയിലുള്ളതാണ്. ഇതിലൂടെ കീഴാളരുടെ അധികാരപ്രവേശവും ശാക്തീകരണവും നടക്കുക എന്നതിനുപരി സവര്‍ണ്ണ വംശീയതയുടെ പുനഃസ്ഥാപനമാണ് സാധ്യമാവുക. തിരഞ്ഞെടുപ്പിന് മുമ്പ് അരങ്ങില്‍ ഇല്ലാതിരുന്ന, തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതും സംസ്ഥാന രാഷ്ട്രീയത്തിലെ ബ്രാഹ്മണ-ക്ഷത്രിയ വംശാധികാരം തിരിച്ചുപിടിക്കപ്പെട്ടതും മേല്‍പ്പറഞ്ഞ കാസ്റ്റ് എഞ്ചിനീയറിംഗിന്റെ പ്രതിലോമകാരിത്വത്തെയാണ് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയമായും സാമുദായികമായും നോക്കുമ്പോള്‍, കേവലം വഞ്ചന മാത്രമാണെന്നു മനസ്സിലാവുന്ന കാസ്റ്റ് എഞ്ചിനീയറിംഗിലേയ്ക്ക് എന്തുകൊണ്ടാണ് ദലിതരും പിന്നാക്കക്കാരും പെട്ടെന്നു തന്നെ എത്തിചേര്‍ന്നത്? സംഘപരിവാര്‍ പ്രചാരണങ്ങളുടെ ഫലമായി ‘മുസ്ലീം അപരരെ’ തടഞ്ഞു നിറുത്തുക എന്നതിനൊപ്പം, പിന്നാക്കക്കാരനും ചായക്കട നടത്തിയിരുന്ന ”സാധാരണക്കാരനുമായ” പ്രധാനമന്ത്രിയെ താങ്ങി നിര്‍ത്തേണ്ടുന്ന ബാധ്യതയും കീഴാളരുടെ ചുമലിലായി എന്നതാണ് ഇതിനുള്ള ലളിതമായ ഉത്തരം. നോട്ടു അസാധുവാക്കിയതിലൂടെ തങ്ങളുടെ പ്രധാനമന്ത്രി ധനികര്‍ക്കും, കള്ളപ്പണക്കാര്‍ക്കും, തീവ്രവാദികള്‍ക്കും ചുട്ടഅടികൊടുക്കുകയായിരുന്നു എന്ന സാമാന്യബോധത്തെ പരമാവധി പ്രയോജനപ്പെടുത്താനും സംഘപരിവാറിനായി.

ഇതേ സാധാരണക്കാരനായ പ്രധാനമന്ത്രിയുടെ പ്രതിപുരുഷന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ആദ്യം ചെയ്തത്, സംസ്ഥാനത്തെ മൊത്തം അറവുശാലകളും അടച്ചുപൂട്ടാനുള്ള നടപടികള്‍ എടുക്കുകയായിരുന്നു. ഹൈന്ദവ ശുദ്ധിവാദത്തെയും വെജിറ്റേറിയനിസത്തെയും മാത്രം ഉള്‍ക്കൊള്ളുന്നതല്ല ഈ നടപടി. ഉത്തര്‍പ്രദേശ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലെ ദലിത് ബഹുജനങ്ങളുടെയും മുസ്ലീംങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയും സ്വാശ്രയ ജീവിതവും ബന്ധപ്പെട്ടിരിക്കുന്നത് അറവ് മാംസത്തിന്റെ കയറ്റുമതിയും, തുകല്‍ സംസ്‌കരണ വ്യവസായവുമായി കണ്ണിചേര്‍ന്നാണ്. ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് കോളനികാലത്തിന് തുല്യമായ കീഴാളരുടെ പാപ്പരീകരണവും കൂട്ടപാലായനങ്ങളുമാണ്.

മറ്റൊരു തീരുമാനം, പൂവാലന്മാരെ നിയന്ത്രിക്കാന്‍ എന്ന പേരില്‍ റോമിയോ പോലീസിന്റെ രൂപീകരണമാണ്. ഇതിഹാസപുരാണങ്ങളിലെ സതിസാവിത്രിമാരുടെയും മര്യാദപുരുഷന്മാരുടെയും വാര്‍പ്പുമാതൃകകളിലേക്ക് സ്വതന്ത്ര ജീവിതം നയിക്കുന്ന പെണ്ണുങ്ങളെയും, ആണുങ്ങളെയും പുതുയുവത്വത്തെയും ഒതുക്കി കയറ്റാനുള്ള ഗുണ്ടാസംഘമായിട്ടാവും ഈ സംവിധാനം പ്രവര്‍ത്തിക്കുക.

ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെ അഭൂതപൂര്‍വ്വമായ വിജയം കൈവരിച്ചതിലൂടെ ‘പ്രാതിനിധ്യ ജനാധിപത്യം’ എന്ന സങ്കല്പത്തെയാണ് ഹിന്ദുത്വം കുഴിച്ചുമൂടിയിരിക്കുന്നത്. രക്തം ചിന്തിയ വംശീയ അക്രമണങ്ങളിലൂടെ ഗുജറാത്തില്‍ വിജയിപ്പിച്ച ഈ പദ്ധതിയെ രക്തം ചിന്താത്ത യുദ്ധമായ തിരഞ്ഞെടുപ്പിലൂടെ ഉത്തര്‍പ്രദേശില്‍ തനിയാവര്‍ത്തിക്കുകയായിരുന്നു എന്നു കാണാം. രണ്ട് സ്ഥലങ്ങളിലും മുസ്ലിം വിരുദ്ധതയെ അടിത്തട്ടിലേക്ക് ആഴത്തില്‍ പടര്‍ത്തിക്കൊണ്ട് ഹിന്ദുക്കളെ ഏകീകരിക്കുകയാണ് നടന്നത്. ജാതിയില്‍ നിന്നും ഹിന്ദു ഉയിര്‍ക്കൊള്ളുന്നത് മുസ്ലിംവിരുദ്ധ കലാപഘട്ടത്തില്‍ മാത്രമാണെന്ന അംബേദ്ക്കറിന്റെ പാഠം ഈ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്.

വി.പി.സിംഗിന്റെ കേന്ദ്ര ഗവണ്‍മെന്റിനും, പിന്നാക്ക രാഷ്ട്രീയ നേതൃത്വവുമുണ്ടായിരുന്ന നിരവധി പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും, മണ്ഡല്‍കമ്മീഷനും ശേഷം ഒട്ടേറെ ദലിത്-മുസ്ലിം പ്രതിരോധമുന്നണികള്‍ രൂപപ്പെടുകയും, രോഹിത് വെമുലയുടെ ആത്മബലിയും ഊനപ്രക്ഷോഭണവും നടന്നിട്ടും, സംഘപരിവാറിന് അനുകൂലമായ പ്രതിതരംഗം ശക്തമായി തുടരുന്നു. എന്നു മാത്രമല്ല, കീഴാളരുടെയും സോഷ്യലിസ്റ്റുകളുടെയും പ്രസ്ഥാനങ്ങളുടെ പരിപാടികളില്‍ പോലും സാമൂഹിക വിപ്ലവത്തിന് വേണ്ടത്ര പ്രാതിനിധ്യം ഇപ്പോഴും ഉണ്ടായിട്ടില്ല. കേരളത്തില്‍ രോഹിത് വെമുലയ്ക്ക് ശേഷമുള്ള ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഉണര്‍വ്വുകളെയും, ഊനപ്രക്ഷോഭണത്തിന്റെ സാമൂഹിക വിപ്ലവപരതയെയും റദ്ദുചെയ്യുന്ന ‘വിഭവ സിദ്ധാന്തവാദം’ ഉയര്‍ത്തുകൊണ്ട് വരികയെന്ന എസന്‍ഷ്യലിസ്റ്റ് നിലപാടാണ് പല ദലിത് ആക്ടിവിസ്റ്റുകളും നടത്തുന്നത് എന്ന ദുര്യോഗമാണ് നിലനില്‍ക്കുന്നത്. തങ്ങള്‍ക്കൊപ്പം മറ്റുള്ള സമുദായങ്ങളുടെയും അവസ്ഥ തിരിച്ചറിയുന്നതില്‍ വിമുഖതയും, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാരസ്പര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ജാഗ്രതയും ഇല്ലാത്ത ആക്ടിവിസം സാമൂഹിക വിപ്ലവത്തിലേക്ക് ആയിരിക്കില്ല, ആത്മീയ ഫാഷിസത്തിലേക്കായിരിക്കും നയിക്കപ്പെടുക എന്നുപറയാതെ വയ്യ.
മാക്‌സ് വെബറുടെ സാമൂഹിക ചിന്തകളുടെ വെളിച്ചത്തില്‍, ഗെയ്ല്‍ ഓംവേദ്ത്ത് നല്‍കുന്ന ചില സൂചനകള്‍ ഈ അവസ്ഥയില്‍ ഓര്‍ക്കാവുന്നതാണ്.

നിലനില്‍ക്കുന്ന ഭരണവര്‍ഗ്ഗം വ്യത്യസ്ത കക്ഷികളും ഗ്രൂപ്പുകളായി വേര്‍തിരിഞ്ഞാണ് കാണപ്പെടുന്നതെങ്കിലും, അവര്‍ തമ്മിലുള്ള പരസ്പര ബന്ധം പരമ്പരാഗതമായി ഊട്ടിയുറപ്പിക്കപ്പെട്ടതാണ്. തങ്ങളുടെ അധികാരം നഷ്ടപ്പെടുകയോ ശോഷിക്കുകയോ ചെയ്യുന്നതിനെ മുന്‍കൂട്ടി കാണാനും അതനുസരിച്ചുള്ള തന്ത്രങ്ങള്‍ മെനയാനും മേല്‍പ്പറഞ്ഞ പാരമ്പര്യബന്ധം അവരെ സഹായിക്കുന്നു. ഇതേ സമയം, അധികാരത്തിന് പുറത്തുള്ളവര്‍ തമ്മില്‍ ഇത്തരം ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ പുറന്തള്ളപ്പെടാന്‍ എളുപ്പമാണ്. അതിനാല്‍, നിതാന്തമായ സഹജീവനത്തിലൂടെയും വിനിമയ ബന്ധങ്ങളുടെ പുതുക്കലിലൂടെയും കീഴാളര്‍ തമ്മിലുള്ള അകലങ്ങള്‍ കുറയ്ക്കുകയും, പാരസ്പര്യം വര്‍ദ്ധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മണ്ഡല്‍ വിരുദ്ധ സമരകാലത്ത് ഭരണപക്ഷത്തും പ്രതിപക്ഷത്തും സോഷ്യലിസ്റ്റ് പക്ഷത്തുള്ള സവര്‍ണ്ണര്‍ ഒന്നാവുകയും, അവര്‍ണ്ണരുടെ ഭൂരിപക്ഷ താല്‍പര്യം അസ്ഥിരപ്പെടുകയും ചെയ്തത് നാമെല്ലാം കണ്ടതാണല്ലോ.

എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് കക്ഷികള്‍ക്ക് ലിബറല്‍ ഹിന്ദുവിന്റെ ‘രക്ഷക ദൗത്യ’ത്തിനപ്പുറം കടന്ന രാഷ്ട്രീയമുണ്ടോ എന്നതും പ്രശ്‌നമാണ്.

സംഘപരിവാറിനെ സംബന്ധിച്ചെടുത്തോളം, പരമ്പരാഗത ബ്രാഹ്മണ്യത്തിന് തുടര്‍സംരക്ഷണം കിട്ടുന്ന ”ദേശമാണ്” പരമപ്രധാനം. ഇതിനെ പരിവാര്‍ കുടുംബാംഗങ്ങള്‍ക്ക് കിട്ടുന്ന മാതൃലാളന പോലുള്ള അനുഭൂതിയാക്കി മാറ്റുമ്പോള്‍, ബ്രാഹ്മണ്യത്തിനു പുറത്തുനില്‍ക്കുന്നവരും ”വ്യത്യസ്തത”യുടെ അടയാളം പേറുന്നവരുമായ അവര്‍ണ്ണരും മുസ്ലിംങ്ങളും അന്യരാവാതെ തരമില്ല. ഈ അന്യരില്‍ വിശ്വാസത്താലും സദാചാരവീക്ഷണത്താലും വീണ്ടും വ്യത്യസ്തരായ മുസ്ലീംങ്ങളെ ഒറ്റതിരിക്കുകയും, അവര്‍ക്ക് എതിരാവുന്നതിലൂടെ ”നമ്മള്‍” ഹിന്ദുക്കളും ഉറ്റവരുമാണെന്ന മിഥ്യ ജനിപ്പിക്കുകയുമാണ് സംഘപരിവാര്‍ നടത്തുന്ന വംശീയ കലാപങ്ങളുടെയും പ്രതീക വിന്യാസങ്ങളുടെയും രസതന്ത്രം. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാമൂഹിക ചിന്തകര്‍ക്കും മതേതരവാദികള്‍ക്കും കഴിയുന്നില്ല. അതിനാലാണ് ‘ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം’ ‘ദലിത്-മുസ്ലിം യൂണിറ്റി’, മുതലായ സംജ്ഞകളെ പരമ്പരാഗത അധികാരത്തിന് ബദലായ സഹജീവനത്തിന്റെയും പാരസ്പര്യത്തിന്റെയും ഭൂമികയായി തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാത്തത്. അവരെ സംബന്ധിച്ചെടുത്തോളം തിരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ള കേവല തന്ത്രമോ ഉപാധികള്‍ വെച്ചുള്ള ഒത്തുതീര്‍പ്പോ മാത്രമാണ് ഈ സംജ്ഞകള്‍.

ദേശരാഷ്ട്രം ഒരു മര്‍ദ്ദക സംവിധാനമായി മാറുമ്പോള്‍, ജനാധിപത്യത്തെ ഘടനാപരമായി വികസിപ്പിക്കാന്‍ വ്യത്യസ്തതകള്‍ ഐക്യപ്പെടേണ്ടതുണ്ട്. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പഴയ ദേശീയവാദ കല്പനക്കും ‘ദേശത്തിന്റെ അഖണ്ഡത’ എന്ന ഹിന്ദുത്വവാദത്തിനും വെളിയില്‍ ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ എന്ന പുതുഭാവന രൂപപ്പെടുന്നുണ്ട്. ദലിതര്‍, കീഴാള സ്ത്രീകള്‍, പിന്നാക്കക്കാര്‍, മുസ്ലീംങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ മുതലായ വ്യത്യസ്തതകള്‍ സംവാദത്തിലേക്ക് ഉയരുമ്പോള്‍, അവയെ ഒറ്റ യൂണിറ്റായല്ല, ബഹുത്വപൂര്‍ണ്ണവും ദൈനംദിന രാഷ്ട്രീയാനുഭവത്തിന് അനുസരിച്ച് സ്വയം മൊബിലിറ്റിയുള്ള ഘടകങ്ങളുടെ സമ്മിശ്രമായി കാണേണ്ടതുണ്ട്. ദേശരാഷ്ട്രത്തെ മറികടന്നുള്ള ‘ജനാധിപത്യം’ എന്ന വാഗ്ദാനത്തെ എത്തിപ്പിടിക്കാന്‍, ബഹുത്വവും സമ്മിശ്രതയും മൊബിലിറ്റിയുമാണ് കീഴാളര്‍ക്ക് സാധ്യതകള്‍ തരുന്നത്.
_______________________________________

Top