ആത്മാവ് വേണ്ടാത്ത മതങ്ങള്‍ വെറും ശരീരങ്ങളെ തേടുന്നു. തലയെണ്ണങ്ങളെ തേടുന്നു. ഓരോ ശരീരത്തിലും ഓരോ ആത്മാവുണ്ടെന്ന് ഉള്‍ക്കണ്ണുകൊണ്ട് കാണാതെ ശരീരത്തിനുമേല്‍ കടന്നു കയറുന്നു. നമ്മുടെ ശരീരം നമ്മുടേതല്ല എന്നും അത് ദേശത്തിന്റെതാണെന്നും അടിമയേപ്പോലെ തീറെഴുതി സ്വാതന്ത്ര്യം ഹനിക്കുന്നു. ആത്മാവു നഷ്ടപ്പെട്ട കബന്ധക്കൂട്ടങ്ങളായി മതവും ദേശവും മാറുമ്പോള്‍, ആത്മാഭിമാനവും, ആത്മത്വവും, സമത്വവും നേടാന്‍ നങ്ങേലിയെ അറിയുകയും അനുസ്മരിക്കുകയും ചെയ്യാം. സാമൂഹ്യനീതിക്കും ഭരണകൂട വിഭാഗീയതയ്ക്കും എതിരായ നങ്ങേലിയുടെ ആത്മാഹൂതിയും ധര്‍മ്മാഗ്നിയും സാമൂഹ്യാന്തസ്സിന്റെ പ്രതീകം തന്നെയാണ്. ഇനിയുള്ള വനിതാ ദിനങ്ങളില്‍ നമുക്ക് നങ്ങേലിയേക്കൂടി അനുസ്മരിക്കാം. വിശിഷ്യാ ഇന്നത്തെ പെണ്ണവസ്ഥ കൂടി ഓര്‍ക്കുമ്പോള്‍.
നാം പലതും അറിയാതെ പോവുകയാണ്. ഒറ്റപ്പെട്ടു പോകുന്നവരുടെ ശബ്ദങ്ങള്‍, ഒറ്റയ്ക്കു പൊരുതുന്നവരുടെ ജീവിതങ്ങള്‍, നരകയാതനകള്‍, നീതിക്കായുള്ള നിലവിളികള്‍, ആത്മത്യാഗങ്ങള്‍ ഇതൊന്നും ആരും കാണുന്നില്ല, കേള്‍ക്കുന്നില്ല. കണ്ണും കാതുമുള്ള മനസ്സിന്റെ തായിടങ്ങള്‍ ഇനി തുറക്കണം. കാലം നമ്മോട് അതാവശ്യപ്പെടുന്നു. കുഞ്ഞുകുട്ടികള്‍ മുതല്‍ ജഡ്ജിയെ വരെ പീഡിപ്പിക്കപ്പെടുന്നൊരു സമൂഹത്തിലാണ് നാം ജീവിക്കേണ്ടി വരുന്നത്. ശവംതോണ്ടിയെടുത്ത് അതിനെവരെ ലൈംഗീക വികൃതത്തിന് വിധേയമാക്കിയപ്പോള്‍ മനോരോഗമെന്ന ഒളിപ്പേരിട്ട് മലയാളി തങ്ങളുടെ സ്വാര്‍ത്ഥ മാര്‍ഗ്ഗത്തില്‍ ഓടിപ്പോയി. ഇനി രക്ഷയില്ല. ഉണര്‍ന്നേ മതിയാകൂ. ചിന്തിച്ചേ മതിയാകൂ. ഇന്നുകളേപ്പറ്റി മാത്രമല്ല ഇന്നലെകളെപ്പറ്റിയും ചിന്തിക്കണം. ഓര്‍മ്മയുടെ ചരിത്രപഥങ്ങളിലേക്കു കൂടി മനസ് തിരിയ്ക്കണം, പഴയ കാര്യങ്ങള്‍ പറഞ്ഞിട്ടെന്തുകാര്യം എന്നാണ് പലരും ചോദിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ടാല്‍ എന്താവും സ്ഥിതിയെന്നാണ് അതിനുള്ള മറുചോദ്യം. സ്ത്രീകളുടെ സാമൂഹ്യസമത്വത്തിനു വേണ്ടിയും സാമൂഹ്യാന്തസ്സിനുവേണ്ടിയും ഒട്ടേറെ സമരങ്ങള്‍ നടന്നത് ചരിത്രത്തിന്റെ താളുകളില്‍ കാണാം. എന്നാല്‍ ആസ്ഥാന ചരിത്രകാരന്മാര്‍ തമസ്‌കരിക്കപ്പെട്ട ഒരു കഥയുണ്ട്. നങ്ങേലിയുടെ ആത്മത്യാഗത്തിന്റെ ജ്വലിക്കുന്ന കഥ. അതുകൂടി ഓര്‍ത്തുകൊണ്ടുവേണം അന്താരാഷ്ട്ര വനിതാദിനങ്ങള്‍ ആചരിക്കുവാന്‍.
എന്താണ് നങ്ങേലി സംഭവം
സ്ഥലനാമചരിത്രത്തിലൂടെയും വാമൊഴി ചരിത്രത്തിലൂടെയുമാണ് നങ്ങേലി സംഭവം ഇന്ന് നമുക്കു മുന്നില്‍ എത്തുന്നത്. നങ്ങേലിയുടെ പിന്‍മുറക്കാര്‍ ഇന്നും അവിടെ (ചേര്‍ത്തലയില്‍) ജീവിക്കുന്നുണ്ട്. നങ്ങേലിയുടെ ആത്മത്യാഗത്തിനു ശേഷമാണ് ആ… സ്ഥലത്തിനു മുലച്ചിപ്പറമ്പ് എന്ന പേരു വന്നത്. പഴയ പ്രമാണങ്ങളില്‍ മുലച്ചിപ്പറമ്പ് എന്ന പരമാര്‍ശങ്ങളുണ്ട്. തന്റെ ബാല്യകാലത്ത് അമ്മൂമ്മയില്‍ നിന്ന് ഈ പെണ്‍പോരിന്റെ കഥ കേട്ടിട്ടുണ്ട് എന്നാണ് പിന്‍മുറക്കാരിയായ ലീല പറയുന്നത്. (1) തിരുവിതാംകൂര്‍ ധര്‍മ്മരാജ്യത്ത് മുലക്കരം ഉണ്ടായിരുന്നതുകൊണ്ടാണല്ലോ സര്‍ക്കാരിന് അത് നിര്‍ത്തലാക്കേണ്ടി വന്നത്. (2) അന്നത്തെ മുളകുമടിശ്ശീലക്കാരന്‍ (ഇന്നത്തെ ധനമന്ത്രി) വേലുത്തമ്പി 1802 ല്‍ ദളവ ആയതോടുകൂടി ദലിതരെയും അവര്‍ണരേയും ഞെക്കിപ്പിഴിയാന്‍ തുടങ്ങി. കടുത്ത ശിക്ഷയും നടപ്പാക്കിയിരുന്ന വേലുത്തമ്പിയുടെ ഭരണം, ദുരിതജീവിതമാണ് അവര്‍ണര്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കും നല്കിയത്. കരം നല്‍കിയില്ലെങ്കില്‍ ‘ഊഴിയ വേലയ്‌ക്കോ’ (3) അടിമയാക്കപ്പെടുകയോ ചെയ്യാം. (4) ജാതീയ വ്യവസ്ഥയില്‍ താഴോട്ട് ഉള്ളവരെ മാത്രമാണ് അടിമയാക്കപ്പെട്ടത്. മുലക്കരവും ഉയര്‍ന്ന ജാതിയിലെ സ്ത്രീകള്‍ക്ക് നല്‌കേണ്ടതില്ലായിരുന്നു. ഭരണകൂടത്തിന് ജാതീയമായ പക്ഷപാതമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബ്രാഹ്മണര്‍ക്കും രാജ – ഉപജാപക സംഘത്തിനും വേണ്ടി മാത്രമായിരുന്നു രാജ്യം നിലകൊണ്ടത്. ബ്രാഹ്മണമേധാവിത്വത്തിനെതിരായ നായര്‍ സമുദായത്തിന്റെ പോരാട്ടം ചരിത്രത്താളുകളിലുണ്ട്. ഇത്തരം സാഹചര്യത്തില്‍ അടിമകള്‍ക്കോ ഉന്നത ജാതികളിലെ ദരിദ്രര്‍ക്കോ ആയിരുന്നില്ല മുലക്കരം ചുമത്തിയിരുന്നത് എന്ന് ഊഹിക്കാവുന്നതാണ്. അതിനാല്‍ അടിമസ്ത്രീയ്ക്ക് മുലക്കരവും അടിമപുരുഷന് തലക്കരവുമായിരുന്നു എന്ന നിഗമനം ശരിയല്ല.
മറ്റൊരു പ്രധാനസംഗതി വിക്‌ടോറിയന്‍ പാട്രിയാര്‍ക്കി ബോധമാണ് ഇത് സൃഷ്ടിക്കുന്നത് എന്നും, അതിനാല്‍ പാശ്ചാത്യ മിഷണറിമാര്‍ സൃഷ്ടിച്ച നവോത്ഥാന സൃഷ്ടിയാണ് ഇത്തരം പ്രതിഷേധങ്ങളിലെത്തുന്നത് എന്നുമൊരു വാദമുണ്ട്. ദലിത പിന്നോക്ക അടിമ ജനങ്ങള്‍ക്ക് സ്വയം ചിന്തിക്കാന്‍ കഴിവില്ലെന്നും എന്തെങ്കിലും മെച്ചപ്പെട്ട ചിന്തകളോ പ്രതിഷേധമോ ഉണ്ടായാല്‍ അതിന്റെ പുറകില്‍ ആരേ ഉണ്ടെന്നുമുള്ള ഒരു തരം അധീശ ജ്ഞാനബോധത്തില്‍ നിന്നാണ് ഇത്തരം വാദം ഉയര്‍ന്നു വരുന്നത്. നവോത്ഥനം പോലെ അതിബ്രഹത്തായ ഒരു സാമൂഹ്യ മുന്നേറ്റം ഏതെങ്കിലും ഒരു പദ്ധതിയിലൂടെ മാത്രമായി സംഭവിക്കുന്നതാണെന്ന് വിലയിരുത്തുന്നത് തികഞ്ഞ പക്ഷപാതമാണ്. പാശ്ചാത്ത്യമിഷണറിമാര്‍ ചില പൊതു ഇടപെടല്‍ നടത്തിയിരുന്നു എന്നത് ശരിയാണ്. അയിത്ത ജാതിക്കാരെ കണ്‍വര്‍ഷന്‍ നടത്തിയാല്‍ മറ്റുള്ളവര്‍ അകന്നു പോകുമെന്ന് ചിന്തിച്ച് ഏറെ നാള്‍ അവരുടെ അടുത്തേക്ക് വരാതിരുന്ന അവസ്ഥയാണ് മിഷണറി പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങളിലുണ്ടായിരുന്നത്.(5)
ടിപ്പുവിന്റെ കടന്നുവരവും – പതനവും, ഡച്ചുകാരുടെ വരവും – പതനവും, ബ്രിട്ടീഷുകാരുടെ വരവും പൊതുഘടനയെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നോ എന്നത് സംശയമാണ്. മറ്റൊരു കാര്യം അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ കേരളത്തിന് ഒരു പൊതുഇടം ഇല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതുസാഹചര്യം എങ്ങനെ ആയിരുന്നാലും സമൂഹത്തില്‍ ആകസ്മികമായ ചില കാര്യങ്ങളെങ്കിലും നടക്കാറുണ്ട്. മനുഷ്യമനസ് വളരെ വൈവിധ്യമാര്‍ന്ന ഭാവുക ലോകത്തു കൂടി കടന്നു പോകുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് നങ്ങേലിയുടെ ആത്മത്യാഗം പാശ്ചാത്ത്യ നവോത്ഥാനത്തിന്റെ അക്കൗണ്ടിലോ മറ്റെതെങ്കിലും മതകുറിപ്പടിയില്‍ ചേര്‍ക്കാനോ കഴിയില്ല. നേരിട്ട് ഭരണകൂടവുമായിട്ടാണ് അത് സംവേദിക്കുന്നത്. മുലക്കരവും – മീശക്കരവും പോലുള്ള കരങ്ങളില്‍ നിന്നുകൂടി സ്വരുക്കൂട്ടിയ സ്വര്‍ണ്ണം കലവറയില്‍ ഭരണകൂടം ഒളിപ്പിച്ചു വയ്ക്കുമ്പോള്‍, നങ്ങേലി തന്റെ ജീവനെ അരിഞ്ഞു നല്കുകയായിരുന്നു. അറവുകാരന്റെ കലവറയായിരുന്നോ ഭരണകൂടം. എങ്ങനെയാണിത് ദൈവത്തിന്റെ നാടാകുന്നത്…?
1956ല്‍ പോലും തൃശ്ശൂര്‍ ജില്ലയിലെ മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ നഗ്നമാറിട താലപ്പൊലി (6) നിലനിന്നിരുന്നു. അപ്പോള്‍ പിന്നെ ഇരുനൂറ് വര്‍ഷം പിന്നോട്ടുള്ള സമൂഹ സ്ഥിതി എന്തായിരിക്കും. തന്റെ രാജ്യത്ത് ഏതെങ്കിലും നായര്‍ സ്ത്രീ പുരുഷന്റെ ആഗ്രഹത്തിനു വഴങ്ങാന്‍ വിസമ്മതിച്ചാല്‍, ആ പുരുഷന് സ്ത്രീയെ കൊന്നു കളയാനുള്ള അവകാശമുണ്ടെന്ന് കാര്‍ത്തികപ്പള്ളി രാജാവ് വിളംബരം ഇറക്കിയതായി പറയുന്നു.(7) ഈ സ്ഥിതിഗതികള്‍ക്ക് പിന്നീട് അയവു വന്നിട്ടുണ്ടാവണം. എങ്കിലും നായര്‍ സ്ത്രീകളും നമ്പൂതിരിമാരും തമ്മിലുള്ള സംബന്ധവും, നായര്‍ സമുദായത്തിലെ മരുമക്കത്തായവും എല്ലാം ചേര്‍ത്ത് നായര്‍ സ്ത്രീകള്‍ക്ക് ലൈംഗീകസ്വയം നിര്‍ണയാവകാശം ഉണ്ടായിരുന്നു എന്നൊരു വീക്ഷണമുണ്ട്. പക്ഷേ അതങ്ങനെ തന്നെ ആണോ അതോ പുരുഷകാമനകളുടെയും ജാതി മേധാവിത്വത്തിന്റെയും വെറും ലൈംഗീക ഉപകരണമായിരുന്നോ നായര്‍ സ്ത്രീകളും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ മുലക്കരത്തിനെതിരെ പ്രതികരിച്ച് കൊണ്ട് നായര്‍ സമുദായത്തിലേക്ക് നങ്ങേലിക്ക് പ്രവേശിക്കാന്‍ കഴിയില്ല. ജാതിവ്യവസ്ഥിതി അതനുവദിക്കുന്നില്ല. അതല്ലെങ്കില്‍ അടിമയാക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യാം. അതിലും നന്ന് അഭിമാനത്തോടെ മരിക്കുക തന്നെ. മുലമാത്രമല്ല തന്റെ ശരീരം തന്നെ ഭക്ഷിച്ചു കൊള്ളൂ. ജീവനും ആത്മാവും തലമുറയില്ക്ക് പകര്‍ന്ന് അഭിമാനത്തിന്റെ ഊര്‍വ്വര മനസ്സുകളിലേക്ക് പുനര്‍ജ്ജനിച്ച് ആ ധീരവനിത മരിച്ചു. 1803ല്‍ ആവാം നങ്ങേലി മരിക്കുന്നത്. വേലിത്തമ്പി ദളവയുടെ കാലത്ത് മുലക്കരം, തലക്കരം, മീശക്കരം എന്നു തുടങ്ങി നൂറില്‍പ്പരം കരങ്ങള്‍ നിലിനിന്നിരുന്ന കര്‍ശനമായി പിരിക്കാന്‍ എത്തിയ പ്രവര്‍ത്തിയാരുടെ (വില്ലേജ് ഓഫീസര്‍) മൂന്നിലാണ് നങ്ങേലി മുലയരിഞ്ഞ് വെച്ചത്. ഭയന്ന പ്രവര്‍ത്തിയാരും കൂട്ടരും ഓടിക്കളഞ്ഞു. വാഴയിലയില്‍ മുറിച്ചു വച്ച മുലകള്‍ക്കരികില്‍ നങ്ങേലി രക്തം വാര്‍ന്ന് മരിച്ചു. പിന്നീട് നങ്ങേലിയെ ദഹിപ്പിച്ച ചിതയില്‍ ഭര്‍ത്താവ് ചിരുകണ്ഡനും ചാടി മരിച്ചു.
സ്ത്രീയന്തസ്സിന്റെ അഗ്നിച്ചിറക്.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയരാന്‍ തുടങ്ങും മുമ്പുള്ള നങ്ങേലിയുടെ മരണം ധര്‍മ്മാഗ്നിയുടെ ചുരുളുകളുയരുകയായിരുന്നു. തന്റെ ജീവിത പങ്കാളിയോടുള്ള നീതിയും ആത്മബന്ധവുമാണ് ചിരുകണ്ടന്റെ മരണവും കാണിക്കുന്നത്. ഇവിടെ പുരുഷനും സ്ത്രീയും ഒന്നാകുകയാണ് ആത്മാവിന്റെ അഗ്നിച്ചിറകളായ്.
ഇത് സതി അനുഷ്ഠാനമല്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന സതി വീണ്ടും വടക്കേയിന്ത്യയില്‍ രൂപകന്‍വാറിലൂടെ പുനരവതരിപ്പിക്കാമെങ്കില്‍ ഈ സംഭവം എന്തുകൊണ്ട് നമുക്ക് ഓര്‍ത്തുകൂടാ…? നമ്മുടെ ഓര്‍മ്മകളെ വിലക്കാന്‍ ആര്‍ക്കും കഴിയില്ല. ആത്മാവ് മനുഷ്യ മനസ്സിലേക്ക് പകര്‍ന്നിട്ട് ശരീരം സവര്‍ണ ഭരണകൂടത്തിനു മുന്നിലേക്ക് വലിച്ചെറിഞ്ഞ നങ്ങേലി ആത്മാഭിമാനത്തിന്റെ ധ്രുവനക്ഷത്രമായി ഉദിക്കുകയാണ്. നങ്ങേലിയുടെ മനസറിഞ്ഞിട്ടെന്നവണ്ണം ശ്രീനാരായണഗുരു ഒരു സംഭാഷണത്തില്‍ മരിച്ചയാളിന്റെ ശരീരം ചക്കിലാട്ടി തെങ്ങിന്‍ ചുവട്ടിലിടാന്‍ പറയുകയുണ്ടായത് ഓര്‍ത്തുപോവുകയാണ്. ആത്മാവ് വേണ്ടാത്ത മതങ്ങള്‍ വെറും ശരീരങ്ങളെ തേടുന്നു. തലയെണ്ണങ്ങളെ തേടുന്നു. ഓരോ ശരീരത്തിലും ഓരോ ആത്മാവുണ്ടെന്ന് ഉള്‍ക്കണ്ണുകൊണ്ട് കാണാതെ ശരീരത്തിനുമേല്‍ കടന്നു കയറുന്നു. നമ്മുടെ ശരീരം നമ്മുടേതല്ല എന്നും അത് ദേശത്തിന്റെതാണെന്നും അടിമയേപ്പോലെ തീറെഴുതി സ്വാതന്ത്ര്യം ഹനിക്കുന്നു. ആത്മാവു നഷ്ടപ്പെട്ട കബന്ധക്കൂട്ടങ്ങളായി മതവും ദേശവും മാറുമ്പോള്‍, ആത്മാഭിമാനവും, ആത്മത്വവും, സമത്വവും നേടാന്‍ നങ്ങേലിയെ അറിയുകയും അനുസ്മരിക്കുകയും ചെയ്യാം. സാമൂഹ്യനീതിക്കും ഭരണകൂട വിഭാഗീയതയ്ക്കും എതിരായ നങ്ങേലിയുടെ ആത്മാഹൂതിയും ധര്‍മ്മാഗ്നിയും സാമൂഹ്യാന്തസ്സിന്റെ പ്രതീകം തന്നെയാണ്. ഇനിയുള്ള വനിതാ ദിനങ്ങളില്‍ നമുക്ക് നങ്ങേലിയേക്കൂടി അനുസ്മരിക്കാം. വിശിഷ്യാ ഇന്നത്തെ പെണ്ണവസ്ഥ കൂടി ഓര്‍ക്കുമ്പോള്‍.
സൂചനകള്‍
1. ലീല – നങ്ങേലിയുടെ പിന്‍തലമുറക്കാരി. 2016 നവംബര്‍ 6 മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പില്‍ ഇന്റര്‍വ്യൂ വന്നിരുന്നു. ലീലയുമായി ഈ ലേഖകനും നേരില്‍ സംസാരിച്ചിട്ടുണ്ട്. ചേര്‍ത്തല നെടുമ്പ്രക്കാട് ആണ് ഇപ്പോള്‍ താമസം. 2. 1815ല്‍ ഒരു പ്രത്യേക വിളംബരം വഴി മുലക്കരം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഒരു ദേശത്തിന്റെ കഥ കയറിന്റെയും – ഡി.സുഗതന്‍ (പ്രിയ ദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റി, തിരുവനന്ത പുരം 2013 ഏപ്രില്‍ പേജ് 56ല്‍ ഇത് പറയുന്നു). ഗൗരിലക്ഷ്മിഭായിയുടെ ഭരണകാലത്താണ് മുല ക്കരം നിര്‍ത്തലാക്കിയത് എന്ന് ദലിത് ബന്ധു എന്‍.കെ.ജോസും (ഓറ മാസിക. 2016 നവംബര്‍ പേര് 14ല്‍) പറയുന്നു. 3. ഊഴിയവേല – യാതൊരു പ്രതിഫലവും നല്കാതെ ഒരു നേരത്തെ ഭക്ഷണം (കരിക്കാടി) മാത്രം നല്കിയുള്ള തൊഴില്‍ 4. 1847ല്‍ സര്‍ക്കാരിന് 150000 (ഒരു ലക്ഷത്തി അന്‍പതിനായിരം) അടികളുണ്ടായിരുന്നു. അവരെ സ്വകാര്യ മുതലാളിമാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അനുസരണക്കേട് കാണിക്കുന്ന അടിമ കളെ ശിക്ഷാഭയമില്ലാതെ കൊല്ലുവാന്‍ അധികാരം ഉണ്ടായിരുന്നു. മിക്കവാറും എല്ലാ ചന്ത ദിവസ ങ്ങളിലും ചങ്ങനാശ്ശേരിയില്‍ കുട്ടികളെ രക്ഷിതാക്കളോ അവരുടെ ബന്ധുക്കളോ വില്പനയ്ക്കു കൊണ്ടു വന്നിരുന്നു. 6 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലായിരുന്നു വില. (നായര്‍ മേധാവിത്വ ത്തിന്റെ പതനം റോബിന്‍ ജെഫ്രി, ഡി.സി.ബുക്ക് ഹൗസ് 2014 പുറം 50, 51. അടിമകളെയും വിറ്റി രുന്നു. ഒരടിമയ്ക്കും അയാളുടെ പെണ്ണാളിനും കൂടി 250 മുതല്‍ 300 വരെ പണമായിരുന്നു വില. (ഈഴവ-തീയ്യ ചരിത്രം കെ.ജി.നാരായണന്‍, അനശ്വരാ പബ്ലിക്കേഷന്‍സ് കായംകുളം പേജ്.408). 5. ടി.എം.യേശുദാസന്‍ (ബലിയാടുകളുടെ വംശാവലി എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്) 6. തൃശ്ശൂര്‍ ജില്ലയിലെ പ്രസിദ്ധമായ മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ പതിനേഴും പതിനെട്ടും വയസ്സുള്ള സുന്ദരികളായ തരുണീമണികളുടെ നഗ്നമായ മാറിടം ആളിക്കത്തുന്ന തീപ്പന്തത്തിന്റേയും, താല ത്തിരികളുടെയും പ്രകാശത്തില്‍ ആചാരമെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന ചടങ്ങുണ്ടായിരുന്നു. 1956ല്‍ ഇതിനെതിരെ സമരം നടത്തിയ മീനാക്ഷിയമ്മ, ജാനകിയമ്മ എന്നിവരെപ്പറ്റിയുള്ള റിപ്പോര്‍ച്ച് (കേരളശബ്ദം 2014 ഫെബ്രുവരി 9 പേജ് 27). 7. പി.കെ.ബാലകൃഷ്ണന്‍ ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും പേജ്. 319.