മറന്നും മാഞ്ഞും പോയ ജീവിതങ്ങളുടെ ചെറുചരിത്രം

സുരേന്ദ്രന്റെ വീട് കോളിയാടി എന്ന സ്ഥലത്താണ്. മുത്തങ്ങാ കാടുകളുടെ അടുത്താണ് ആ പ്രദേശം. ആദിവാസികളായ ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന അവന്‍ പല പ്രാവിശ്യം മുത്തങ്ങാ കാടുകളില്‍ അവരുമായി പോയിട്ടുണ്ട്. ഒരു കാട്ടില്‍ ആദ്യമായി ഞാന്‍ പോകുന്നത് രണ്ടാം വര്‍ഷ പ്രീഡിഗ്രി കാലത്തെ ഓണാവധിക്ക് മുത്തങ്ങയില്‍ സുരേന്ദ്രനുമായിട്ടാണ്. നെരൂദയുടെ മെമ്മയേഴ്‌സ് ഒരിക്കല്‍കൂടെ ഓര്‍മ്മിക്കപ്പെടുന്നത്. അതിലെ ചിലിയന്‍ കാടുകളുടെ വര്‍ണ്ണനയുടെ പേരിലാണ്. മുത്തങ്ങാ കാടുകളിലേയ്ക്കുള്ള ആദ്യപ്രവേശം എന്നിലുയര്‍ത്തിയ മഹാസ്‌തോഭം എന്തായിരുന്നു എന്നത് ഇപ്പോഴും അനിര്‍വചനീയമാണ്. ബോധപരിവര്‍ത്തനത്തിന്റെ ഒരു കടല്‍ ഇരമ്പികടന്നുവരുന്നത് പോലെയാണ് കാടിന്റെ മണം, അതിന്റെ ശബ്ദപ്രപഞ്ചം, കാട്ടുചെടികളുടെ സ്പര്‍ശം, മഹാവൃക്ഷങ്ങളുടെ സാമീപ്യം എന്നിവയെല്ലാം ഞാന്‍ അനുഭവിച്ചത്. പിന്നീട്ട് പല പ്രാവിശ്യം ഞങ്ങള്‍ ആ കാടുകളില്‍ പോയിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്.

എന്നെങ്കിലും, വയനാടിനെ കുറിച്ചെഴുതുകയാണെങ്കില്‍ അത് നെരൂദയുടെ ‘മെമ്മയേഴ്‌സി’നെ ഓര്‍മ്മപ്പെടുത്തിയായിരിക്കുമെന്നു ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആഫ്രിക്കന്‍ സംവിധായകനായ ഹറൂണിന്റെ സിനിമകള്‍ കണ്ടപ്പോള്‍ അവയിലെ ഭൂമിശാസ്ത്രം വയനാട്ടിലേത് പോലെ തോന്നി. എങ്കിലും അമ്പത്‌വര്‍ഷം മുമ്പത്തെ വയനാടിനെ അടയാളപ്പെടുത്താന്‍ ഹറൂണിന്റെ സിനിമകള്‍ക്കുപരി നെരുദയുടെ ആത്മകഥയിലെ കടുംനിറങ്ങളും രൂക്ഷമായ ഗന്ധങ്ങളും പ്രാചീനമായ കാടുകളുമാണ് ഏറ്റവും അനുയോജ്യമായ പശ്ചാത്തലമെന്ന് കരുതുന്നു.
നാടുമായുള്ള വ്യത്യാസത്തെ സൂചിപ്പിക്കാന്‍ വയനാടിന്റെ സവിശേഷമായ കാലാവസ്ഥയാണ് പലരും എടുത്തു പറയുക. എന്നാല്‍ അവിടുത്തെ പൂക്കളുടെ ധാരാളിത്തത്തെയും വലുപ്പത്തെയും നിറത്തെയും പറ്റിയാണ് ആദ്യമായി എനിക്ക് എഴുതാനുള്ളത്.
അക്കാലത്തെ വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ള ഓരോ വീട്ടിലും ആരും നട്ടുവളര്‍ത്താതെ റോസച്ചെടികളും ഡാലിയ ചെടികളും വളര്‍ന്നു നില്‍ക്കുന്നുണ്ടാവും. കനത്ത മഞ്ഞും തോരാത്ത മഴയും മാറിമാറി വരുന്ന കാലാവസ്ഥയില്‍ വിരിയുന്ന പൂക്കള്‍ക്കും വിളയുന്ന കായ്കള്‍ക്കും നിറവും മുഴുപ്പും കൂടുതലാണ്. മിക്കവാറും എല്ലാ പറമ്പുകളിലും വേലികള്‍ കെട്ടുന്നത് റോസക്കമ്പുകള്‍ കൊണ്ടായിരിക്കും. നൂറുകണക്കിന് റോസച്ചെടികള്‍ മൊട്ടും പൂവുമായി നില്‍ക്കുന്ന വേലിപ്പടര്‍പ്പുകള്‍ എവിടെയും കാണാമായിരുന്നു.
വയനാട്ടില്‍ എത്തി നാലഞ്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യമായി കാപ്പിച്ചെടികള്‍ പൂത്ത കാഴ്ച കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു. തലേ ദിവസം രാത്രിവരെ പച്ചപടര്‍പ്പായിരുന്ന കാപ്പിത്തോട്ടങ്ങള്‍ രാവിലെ മഞ്ഞുപോലെ വെളുത്തപൂക്കള്‍കൊണ്ട് മൂടിപ്പുതച്ചു നില്‍ക്കുകയായിരുന്നു. നോക്കുന്ന ഇടത്തെല്ലാം വെളുത്തപൂക്കളും രൂക്ഷമായ ഗന്ധവും.
ഞങ്ങളുടെ വീടിന്റെ അടുത്ത്, എം.പി വീരേന്ദ്രകുമാറിന്റെ ബന്ധുവായ ജിനചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒരു ഓറഞ്ച് തോട്ടമുണ്ടായിരുന്നു. നൂറുകണക്കിന് ഏക്കറുകളായി പരന്നുകിടന്ന ആ തോട്ടത്തിന് സമാന്തരമായുള്ള പാടങ്ങളും കുന്നുകളും കടന്നു നാലഞ്ച് കിലോമീറ്റര്‍ ഓടിയാണ് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ മീനങ്ങാടി സ്‌കൂളിലെത്തിയിരുന്നത്. തിരിച്ചുപോരുമ്പോള്‍, കൂട്ടുകാരുമായി സംഘം ചേര്‍ന്നു പതുക്കെ നടന്നുവരും. അപ്പോഴാണ് ഓറഞ്ചുകളുടെ വര്‍ണ്ണക്കാഴ്ചയും, കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് മോഷ്ടിച്ച പഴങ്ങള്‍ പങ്കിടുമ്പോഴുള്ള അവിസ്മരണീയമായ രുചിയും അനുഭവിക്കുന്നത്. ഇത്തരം നിറങ്ങള്‍ക്കും രുചികള്‍ക്കുമൊപ്പം അക്കാലത്ത് പരക്കെയുണ്ടായിരുന്ന, തെരുവ ചെടികളില്‍നിന്നും പുല്‍ത്തൈലം വാറ്റിയെടുക്കുന്ന ചെറുപുരകളില്‍ നിന്നും വരുന്ന രൂക്ഷ ഗന്ധവുമാണ് എന്റെ വയനാടന്‍ വിചാരങ്ങളില്‍ നിറയുന്നത്.
നാട്ടില്‍ നിന്നും വ്യത്യസ്തമായി വയനാട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉണ്ടായിരുന്ന വലുപ്പവും ആരോഗ്യവും എടുത്തുപറയേണ്ടതാണ്. തീറ്റിയുടെ ജൈവമൂല്യവും കാലാവസ്ഥയുടെ ഇണക്കവുമായിരിക്കണം അവയുടെ കൊഴുക്കലിന് കാരണമായത്.
വാഴവറ്റയിലെ ഞങ്ങളുടെ പറമ്പിന്റെ മൂന്നു വശവും ചുറ്റിയാണ് കാരാപ്പുഴ ഒഴുകിയിരുന്നത്. വന്‍വൃക്ഷങ്ങളും ഇഞ്ചയും ഈറ്റയും മുളക്കൂട്ടങ്ങളും തിങ്ങി വളര്‍ന്നിരുന്ന പുഴയുടെ കരകളിലൂടെ ദിവസവും വിരിയുന്ന കാട്ടുപൂവുകളെയും, അപ്രതീക്ഷിതമായി ഓടിമറയുന്ന കാട്ടുകോഴികളെയും കാട്ടുമുയലുകളെയും തേടി ഞാന്‍ ചെല്ലും.
നാട്ടില്‍ തിരികെ വന്നു സ്ഥിരതാമസം തുടങ്ങിയതിനുശേഷം വയനാട്ടിലേത് പോലെയുള്ള പക്ഷിക്കൂട്ടങ്ങളെ കണ്ടിട്ടില്ല. ധാന്യവിളകളെ പക്ഷികളില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കൃഷിക്കാര്‍ക്ക് പെടാപ്പാട് വേണ്ടിവരും. വീടിന്റെ മുകള്‍ഭാഗത്തുള്ള പാറപ്പുറത്ത്, മഴയില്ലാത്ത വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ കുഞ്ഞേച്ചിയുമായി ചെന്നിരിക്കും. ബൈബിള്‍ പഴയ നിയമത്തിലെ വെട്ടുകിളികളെപ്പോലെ, എഴുത്തച്ഛന്‍ വര്‍ണ്ണിച്ച ശരമാലകളെ പോലെ ലക്ഷക്കണക്കിന് പക്ഷികള്‍ ചേക്കാറാനായി ഇരമ്പിക്കൊണ്ട് പോകുന്നത് കാണാനാണ് ചെല്ലുന്നത്. സന്ധ്യ കഴിയുന്നത് വരെ അവിടെ ഇരുന്നാല്‍ കടവാതിലുകള്‍ വരുന്നത് കാണാം. ‘പുരാതന നാവികനിലെ’ സൈറണുകളെ പോലെ വിചിത്ര ശബ്ദവും പുറപ്പെടുവിച്ചുകൊണ്ട്, നേരിയ ഇരുളില്‍ പതിനായിരങ്ങളായിട്ടാണവ ഉയര്‍ന്നുപൊങ്ങുക.
നാട്ടില്‍ മഴവില്ലുകള്‍ അപൂര്‍വ്വവും വിദൂരവുമായ കാഴ്ചയാണെങ്കില്‍, വയനാട്ടിലെ കുന്നുകളുടെയും പാടങ്ങളുടെയും സവിശേഷ വിന്യാസത്തിന്റെ ഫലമായി അവ നിത്യപ്രതിഭാസമായിരുന്നു. രണ്ടും മൂന്നും മഴവില്ലുകള്‍ പരസ്പരം ചങ്ങലപോലെ കണ്ണിചേര്‍ന്നു പ്രത്യക്ഷപ്പെടുന്നതും സാധാരണമാണ്. പാക്കം സ്‌കൂളിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന തോമസിന്റെ വീട് നിന്നിരുന്നത് സ്ഥിരമായി മഴവില്ലുകള്‍ ഉണ്ടാകുന്ന ഒരു മലഞ്ചെരുവിലാണ്.
വയനാട്ടിലേക്കു കുടിയേറിയ ആദ്യവര്‍ഷങ്ങളില്‍ ‘കയ്പന്‍’ എന്ന നെല്ലിന്റെ വിത്താണ് ചാച്ചന്‍ വിതച്ചത്. കരഭൂമിയില്‍ വളരുന്ന അതിന്റെ ചോറിന് ചെറിയ കയ്പുള്ളതിനാലാണ് ആ പേര് വന്നത്. കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുമൃഗങ്ങളുടെ ‘ഗറില്ലഅക്രമണം’ പ്രതീക്ഷിക്കേണ്ടതാണ്. ഏറുമാടമുണ്ടാക്കി കാവലിരുന്നും, തീകൂട്ടിയും, ചെണ്ടകൊട്ടിയും അയല്‍പക്കക്കാര്‍ പരസ്പരം സഹകരിച്ച് നടത്തുന്ന പ്രതിരോധത്തില്‍ കുട്ടികളെയും കൂട്ടും.
എഴുപതുകളുടെ മധ്യത്തോടെ വയനാട്ടിലേക്കുള്ള വന്‍തോതിലുള്ള ആഭ്യന്തരകുടിയേറ്റം അവസാനിച്ചു. അതിനുശേഷമാണ് പരക്കെയുള്ള വനനശീകരണവും, ആദിവാസിഭൂമികളുടെ കയ്യേറ്റവും ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയോടെ നടന്നത്. ഈ കാലയളവിലെ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കിടയില്‍ വയനാടിന്റെ കാലാവസ്ഥയില്‍ വമ്പിച്ച തരത്തിലുള്ള തകിടം മറിയലുകള്‍ സംഭവിച്ചു. ഒപ്പം തികഞ്ഞ ഗ്രാമീണത; റസ്റ്റിക് അവസ്ഥ- ഉള്‍നാടുകളില്‍ നിന്നുവരെ മാഞ്ഞുപോവുകയും, കേരളത്തില്‍ പുതുതായി വികസിച്ചുവന്ന സാമൂഹികശക്തികളുടെയും അധികാരസമവാക്യങ്ങളുടെയും ഘടനകളിലേക്ക് അവിടുത്തെ മണ്ണും മനുഷ്യരും കണ്ണിചേര്‍ക്കപ്പെടുകയുമാണ് നടന്നത്. മാഞ്ഞുപോയ ആ ഗ്രാമീണതയെ പറ്റി ഓര്‍ക്കുമ്പോള്‍, മിക്കവാറും എല്ലാ വീട്ടിലും വാറ്റിയിരുന്ന റാക്കിനെയും നിയന്ത്രണവും നിരോധനവും ഇത്രമാത്രം കര്‍ശനമല്ലാതിരുന്ന ലൈംഗീകഭൂമിശാസ്ത്രത്തെ പറ്റിയും പറയേണ്ടതുണ്ട്. നെരൂദയുടെ മെമ്മേയേഴ്‌സ് പ്രസക്തമാകുന്നത് ഇത്തരം പ്രതിപാദനങ്ങളുടെ പേരിലാണ്.

  • മൂന്നാം തലമുറ കുടിയേറ്റം ; ആദിവാസികള്‍

ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ മധ്യത്തോടെയാണ് വൈക്കം താലൂക്കില്‍ നിന്നും ഞങ്ങളുടെ വീട്ടുകാര്‍ വയനാട്ടിലെത്തുന്നത്. മൂന്നാം തലമുറ കുടിയേറ്റമായി ഇതിനെ കാണാമെന്നു തോന്നുന്നു. അതിനുമുമ്പ് ബ്രിട്ടീഷ് ഭരണ കാലത്തും, സ്വാതന്ത്ര്യത്തിനുശേഷമുള്ള തൊട്ടടുത്ത വര്‍ഷങ്ങളിലും വലിയ തോതിലുള്ള രണ്ട് കുടിയേറ്റങ്ങള്‍ നടന്നിരുന്നു. ഒന്നും രണ്ടും കുടിയേറ്റക്കാര്‍ നേരിട്ട പോലുള്ള പ്രതികൂല സാഹചര്യങ്ങളും മലമ്പനിപോലുള്ള പകര്‍ച്ച വ്യാധികളും മൂന്നാം തലമുറ കുടിയേറ്റക്കാര്‍ക്ക് അധികമൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല.
പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയംജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിയ, ഏഴെട്ട് ക്രൈസ്തവ-ദലിത് ക്രൈസ്തവ-ഈഴവ-അന്തരാള ഹിന്ദുകുടുംബങ്ങളായിരുന്നു അയല്‍ക്കാര്‍. കുറച്ചുമാറി ചില മുസ്ലിം കുടുംബങ്ങളും ഉണ്ടായിരുന്നു. സാമൂഹികമായ ബഹിഷ്‌കൃതത്വമോ തകര്‍ച്ചയോ അനുഭവിച്ചവരായിരിക്കും പൊതുവേ കുടിയേറ്റ കുടുംബങ്ങള്‍. അതിനാല്‍ ഇവിടുത്തെ അയല്‍പക്കബന്ധങ്ങള്‍ പരസ്പരം ഉള്‍ക്കൊള്ളുന്നതും സഹകരിക്കുന്നതും ഗാഢവും ഊഷ്മളവുമായിട്ടായിരിക്കും. ഈ അര്‍ത്ഥത്തിലുള്ള ഇഴുകിചേര്‍ന്ന അയല്‍പക്കബന്ധങ്ങള്‍ എല്ലാവരുമായി പെട്ടെന്നു തന്നെയുണ്ടായി.
ഞങ്ങളുടെ പറമ്പിന്റെ അതിര്‍ത്തിയായ കാരാപ്പുഴ മുറിച്ചുകടന്നാല്‍ വലിയൊരു പാടശേഖരമാണുള്ളത്. അതിന്റെ കുറെഭാഗം, കുറുമര്‍ എന്ന ആദിവാസി വിഭാഗങ്ങളുടേതായിരുന്നു. പാടത്തിനോടു ചേര്‍ന്നുള്ള കരഭൂമിയില്‍ ഏറെക്കുറെ പതിനഞ്ചോളം കുറുമ വീടുകള്‍ ഉണ്ടായിരുന്നു. കൂട്ടുടമ സമ്പ്രദായത്തിലാണ് അവര്‍ കൃഷി ചെയ്തിരുന്നത്. മൂപ്പന്മാരായിരുന്നു സമുദായത്തെ പ്രതിനിധീകരിച്ചിരുന്നത്. പാക്കം സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ പണിയര്‍, ഊരാളികള്‍ എന്നി ആദിവാസി വിഭാഗങ്ങളുടെ കുറച്ചു വീടുകളും ഉണ്ടായിരുന്നു.
ഞങ്ങളുടെ അമ്മ കൂലിപ്പണിക്ക് പോകുമായിരുന്നതിനാല്‍ കുറുമ-പണിയ-ഊരാളി സ്ത്രീകളുമായി പെട്ടെന്നു തന്നെ ബന്ധം സ്ഥാപിച്ചു. കാപ്പിക്കുരു കുത്താനും മറ്റു പണികള്‍ക്കും അവര്‍ ഞങ്ങളുടെ വീട്ടില്‍ വരാനും തുടങ്ങി. അധികം താമസിക്കാതെ ആദിവാസികളുമായി നല്ല സൗഹൃദമായി ഞങ്ങളുടെ വീട്ടിലുള്ളവര്‍ക്കും.
വാഴവറ്റയിലെ സമ്പന്ന കൃഷിക്കാരും കോഴിക്കോട് കേന്ദ്രീകരിച്ച് തടി ബിസിനസ് നടത്തിയിരുന്നവരുമായ ഒരു കുടുംബത്തിലെ ഒരു വ്യക്തി, ഞങ്ങളുടെ അടുത്തുള്ള കുറുമവീടുകളോട് ചേര്‍ന്നു കുറച്ചു ഭൂമി വാങ്ങി. മൂന്നുനാല് വര്‍ഷം കഴിഞ്ഞപ്പോള്‍ മേല്‍പ്പറഞ്ഞ ആദിവാസി ഭൂമി മുഴുവന്‍ അയാളുടെ കയ്യിലാവുകയും, കുറുമര്‍ ആപ്രദേശത്ത് നിന്നു തന്നെ ഒഴിഞ്ഞുപോവുകയും ചെയ്തു. ആദിവാസി മൂപ്പന്മാരെ അനുനയിപ്പിച്ചും, കള്ളപ്രമാണങ്ങളില്‍ കുടുക്കിയുമാണ് അവരുടെ ഭൂമി തട്ടിയെടുത്തതെന്നതിന് ഈ പറഞ്ഞതിനപ്പുറം തെളിവിന്റെ ആവശ്യമില്ല. ഇപ്രകാരം, വയനാട്ടിലെ ഓരോ പ്രദേശത്തും ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടലും അവരുടെ മേലുള്ള സാമൂഹിക മര്‍ദ്ദനവുമാണ് അക്കാലത്ത് നടന്നത്. വയനാടിന്റെ സവിശേഷമായ പ്രാദേശികതയും അവിടുത്തെ ആദിവാസി ജനതയുടെ മേലുണ്ടായ അനീതികളുമാണ് എന്റെ ജീവിതബോധത്തെ നിര്‍ണ്ണയിച്ചതെന്നു ഞാന്‍ കരുതുന്നു.

  • പ്രദേശം; വായന

എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന് സ്‌കിസോഫ്രാനിയ ആയതിനാലും, പത്താംതരത്തില്‍ പഠിച്ചിരുന്ന മൂത്തചേച്ചി ഒരു ഇതരമതസ്ഥനുമായി ഒളിച്ചോടിയതിന്റെ ഫലമായി ബന്ധുക്കള്‍ക്കിടയിലുണ്ടായ ശത്രുതയും മൂലമാണ് ഞങ്ങള്‍ വയനാട്ടിലേക്ക് പോന്നത്. നാട്ടിലെ സ്ഥലംവിറ്റ പണം കൊണ്ട് ഒന്നര ഏക്കറോളം കാപ്പിത്തോട്ടവും കുറച്ചു വെറും ഭൂമിയും വാങ്ങി. പഴയ വയനാടിന്റെ കാലാവസ്ഥ അനുസരിച്ചുണ്ടാക്കിയ ചെറിയ രണ്ട് വീടുകള്‍ പറമ്പിലുണ്ടായിരുന്നു. ചെറുപ്പത്തില്‍ സമപ്രായക്കാരായ ആണ്‍കുട്ടികള്‍ ആരും അയല്‍പക്കത്ത് ഇല്ലാതിരുന്നതിനാല്‍, കുഞ്ഞേച്ചി അടക്കമുള്ള പെണ്‍കുട്ടികളായിരുന്നു എന്റെ കൂട്ടുകാര്‍.
ഞങ്ങളുടെ അയല്‍പക്കത്തെ ചക്കാലപ്പറമ്പുകാര്‍ പത്തിരുപത് വര്‍ഷം മുമ്പ് കുറവിലങ്ങാടുനിന്നും വന്ന ദലിത് ക്രൈസ്തവ കുടുംബമാണ്. ഇവരുടെ ബന്ധുവായ ദാനിയേല്‍ പത്തുനാല്പത് കിലോമീറ്റര്‍ അകലെയുള്ള പുല്‍പ്പള്ളില്‍ കുടുംബസമേതം കുടിയേറിയിരുന്നു. ഇടയ്ക്ക് വാഴവറ്റയില്‍ വരുമായിരുന്ന അദ്ദേഹം ചാച്ചന്റെ സുഹൃത്താവുകയും ഞങ്ങളുടെ വീട്ടില്‍ തങ്ങുകയും പതിവായി.
ദാനിയേല്‍ അപ്പന്‍ എന്നെ സംബന്ധിച്ചിടത്തോളം, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ മെല്‍ക്വിഡിസിനെ പോലുള്ള ഒരു കഥാപാത്രമാണ്. മരംകൊണ്ട് കൃഷിപ്പണിക്കുള്ള കലപ്പ, നുകം എന്നിവയും വീട്ടാവശ്യത്തിനുള്ള ഉലക്കയും, കഞ്ഞിവാര്‍ക്കുന്ന മരത്തട്ടും അതീവ കരവിരുതോടെ നിര്‍മ്മിച്ചിരുന്ന അദ്ദേഹം അവ വില്‍ക്കാനായി വയനാടിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. വ്യത്യസ്തമായ വേഷവും പണിയായുധങ്ങളുമായി ഒരു ജിപ്‌സിമൂപ്പനെ പോലെ പ്രത്യക്ഷപ്പെടാറുള്ള അദ്ദേഹത്തിന്റെ കായികശേഷിയെയും സാഹസിക ജീവിതത്തെയും പറ്റിയുള്ള നിരവധി കഥകള്‍ നാട്ടുകാരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. രാത്രിഭക്ഷണം കഴിച്ച്, നെരിപ്പോടിന്റെ അരുകിലിരുന്നു ദാനിയേല്‍ അപ്പന്‍ ചെറുപ്രായത്തില്‍ നടത്തിയ നാട്ടുസഞ്ചാരങ്ങളെയും വയനാട്ടിലെ മുന്‍തലമുറ കുടിയേറ്റക്കാര്‍ അനുഭവിച്ച രോഗബാധകളെയും ആലിപ്പഴവീഴ്ചകളെയും പറ്റി പലരില്‍ നിന്നും കിട്ടിയ അനുഭവകഥകള്‍ പറയും. ചാച്ചനും അമ്മയുമടക്കം എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റും കൂടും.
ദാനിയേല്‍ അപ്പന്റെ മകനായ പീറ്റര്‍ ചേട്ടനെ ഞങ്ങളുടെ വീട്ടില്‍ നിറുത്തിയാണ് ഹൈസ്‌കൂളില്‍ അയച്ചത്. വായിക്കുകയും കവിതകള്‍ എഴുതുകയും രേഖാചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുമായിരുന്ന അദ്ദേഹത്തിന് അനേകം കഥകള്‍ അറിയാമായിരുന്നു. പെണ്‍കൂട്ടുകാരുമായി ഒതുങ്ങിയ കളികളില്‍ ഏര്‍പ്പെട്ടിരുന്ന ഞാന്‍ പീറ്റര്‍ ചേട്ടനെ ബാധപോലെ കേറിപിടിച്ചു. അദ്ദേഹത്തെ കൊണ്ട് കഥകള്‍ പറയിപ്പിക്കാനായിരുന്നു അത്. കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന വൈഭവത്തോടെ അദ്ദേഹം ഇതിഹാസങ്ങളും ലോകസാഹിത്യവും വര്‍ണ്ണിക്കും. വീട്ടിലുണ്ടായിരുന്ന മൂന്നുകൊല്ലവും ഞാന്‍ ശാഠ്യം പിടിച്ചും ശല്യം ചെയ്തും അദ്ദേഹത്തെ കൊണ്ട് അനേകം കഥകള്‍ പറയിപ്പിച്ചിട്ടുണ്ട്. പില്ക്കാലത്ത്, പോലീസില്‍ ജോലി കിട്ടിയ അദ്ദേഹം അക്കാലത്തെ അസ്തിത്വവാദ സാഹിത്യത്തിലെ വലിയൊരു പ്രതീകമായിരുന്ന, മെഴുകുതിരികളുമായി സൂര്യനിലേക്ക് പറന്ന ഇക്കാറസിന്റെ പതനത്തെ സൂചിപ്പിച്ച ഒരു കത്ത് എനിക്ക് എഴുതുകയുണ്ടായി.
പീറ്റര്‍ചേട്ടന്‍ പോയതിനുശേഷം വായിക്കുക മാത്രമാണ് കഥകള്‍ക്കുള്ള വഴിയെന്നു എനിക്ക് അറിയാമായിരുന്നു. അതിനാല്‍ എല്‍.പി.സ്‌കൂള്‍ മുതല്‍ അതീവ ശ്രദ്ധയോടെ പഠിക്കുകയും സ്‌കൂളിലെ ഒന്നാമനായി മാറുകയും ചെയ്തിരുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഏറ്റവും കൊതിച്ചിരുന്ന ഒരു പുസ്തകം കയ്യിലെത്തുന്നത്. ഞങ്ങളുടെ അല്‍പക്കത്തെ ബാര്‍ബര്‍ സമുദായക്കാരിയായ ലക്ഷ്മി എന്നുപേരുള്ള അമ്മയില്‍ നിന്നും വാങ്ങിയ ആധ്യാത്മരാമായണമായിരുന്നത്. പുസ്തകം കിട്ടി, പാഞ്ഞുവീട്ടിലെത്തി തുറന്നു നോക്കിയപ്പോഴുണ്ടായ മനസ്താപം പറഞ്ഞറിയിക്കാനാവില്ല. ഒരു കഥാപുസ്തകമായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒരു പേജ് പോലും ഉള്‍ക്കൊണ്ട് വായിക്കാനാവാത്ത പദ്യമായിരുന്നു അത്. ഈ അവസരത്തിലാണ് മഹാരാജാസില്‍ പഠിച്ചിരുന്ന മൂത്ത ജ്യേഷ്ഠനായ കെ.കെ. കൊച്ച് അവധിക്ക് വീട്ടിലെത്തുന്നത്. ആധ്യാത്മ രാമായണം പ്രത്യേക ഈണത്തില്‍ ചൊല്ലിയാല്‍ മനസ്സിലാക്കാന്‍ വിഷമമുണ്ടാകില്ലെന്നു പറഞ്ഞ അദ്ദേഹം, അതിനു വേണ്ടി ശ്രമിക്കാമെന്ന് സമ്മതിക്കുകയും, പിറ്റെ ദിവസം വൈകുന്നേരം മുതല്‍ വായന തുടങ്ങുകയും ചെയ്തു. നാലഞ്ച് വരികള്‍ ചൊല്ലിക്കഴിയുമ്പോള്‍ കഥാസന്ദര്‍ഭത്തെ വിശദീകരിച്ചും വാക്കുകളുടെ അര്‍ത്ഥം പറഞ്ഞുതന്നുമാണ് വായിക്കുന്നത്. ഞാന്‍ പൂര്‍ണ്ണശ്രദ്ധയോടെ കേട്ടിരിക്കും. രാമായണം കഴിഞ്ഞപ്പോള്‍ ലക്ഷ്മിയമ്മ, മഹാഭാരതവും തന്നു. അതും ഞങ്ങള്‍ ഇപ്രകാരം വായിച്ചു. രാമായണവും ഭാരതവും വായിക്കുന്നത് എങ്ങിനെയെന്നു പിടികിട്ടിയ ഞാന്‍ അവ സ്വന്തമായി വായിക്കാനുള്ള ശ്രമമാരംഭിച്ചു. ഇതേ കാലത്ത് ഒരു ബൈബിള്‍ സംഘടിപ്പിക്കുകയും അതും പരമാവധിശ്രദ്ധയോടെ വായിക്കുകയും പതിവായി.
ഞങ്ങള്‍ എത്തുമ്പോള്‍, വാഴവറ്റ പള്ളി പുല്ലുമേഞ്ഞ ഒരു ചെറിയ ഷെഡ്ഡായിരുന്നു. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ കാണുന്ന വിധത്തില്‍ പള്ളി പുതുക്കിപണിതു. പുതിയപള്ളിയിലെ ക്രൂശിതരൂപത്തിന്റെ പ്രതിമയും ഗാഗുല്‍ത്താമലയിലേക്കുള്ള പീഡാനുഭവയാത്രയുടെ ചിത്രവും എന്റെ മനസ്സില്‍ പതിഞ്ഞ രണ്ട് അടയാളങ്ങളാണ്. സ്‌കൂള്‍വിട്ടുപോരുന്ന വഴിക്ക് മിക്കവാറും ദിവസങ്ങളില്‍ പള്ളിയില്‍ കയറി മേല്പറഞ്ഞ പ്രതിമയും ചിത്രവും ഞാന്‍ നോക്കി നില്‍ക്കും. ഒരു ദിവസം പള്ളി വികാരി എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. അപ്പോഴാണ് ഞാന്‍ അന്വേഷിച്ചിരുന്ന യഥാര്‍ത്ഥ നിധി കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മുറി നിറയെ പുസ്തകങ്ങള്‍. അന്നുതന്നെ അച്ചനോട് ഞാനൊരു പുസ്തകം മേടിച്ചു. ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’യുടെ എഴുന്നൂറോളം പേജുള്ള മലയാളപരിഭാഷയായിരുന്നത്. ഓടി വീട്ടിലെത്തി, കുപ്പായം പോലുമൂരാതെ വായന തുടങ്ങി. പുസ്തകം തിരികെ ഏല്‍പ്പിച്ചപ്പോള്‍ അച്ചന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ ശരിക്കും വായിച്ചോ എന്നറിയാനായിരുന്നു അത്. അതിനുശേഷം ഒഡീസി, ഇലിയഡ്, ഗ്രീക്ക് കഥകള്‍, ടോല്‍സ്റ്റോയി കഥകള്‍, പാവകള്‍, നോത്രദാമിലെ കൂനന്‍, യുദ്ധവും സമാധാനവും, അന്നാകരീനീന, ബറാബാസ്, പരദേശി മോക്ഷയാത്ര തുടങ്ങി അവിടെയുണ്ടായിരുന്ന ക്ലാസിക് ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകളും നിരവധി പുരാണകൃതികളും അറബിക്കഥകളും ലോക നാടോടി സാഹിത്യവും വായിച്ചു. ഏറ്റവും ആഹ്ലാദത്തോടെ ഓരോ പുസ്തകവും തന്നിരുന്ന ചെറുപ്പക്കാരനായ അച്ചന്റെ പേര് പോലും ഇന്നും എനിക്കറിയില്ല. ഇപ്രകാരമുള്ള എന്റെ വായനശീലവും പഠനത്തിലുള്ള മികവും കണ്ടിട്ടാവണം പാക്കം സ്‌കൂളിലെ ഭാസ്‌കരന്‍ മാഷും യോഹന്നാന്‍ മാഷും എന്നെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയാക്കി. ഇതോടെ പാക്കം ഗ്രാമീണ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കാനുള്ള അവസരവും കിട്ടി.
ഹൈസ്‌കൂളില്‍ എത്തിയതോടുകൂടി ക്ലാസിക്കുകള്‍ക്കൊപ്പം സമകാലീന പുസ്തകങ്ങളും വായിക്കാനാരംഭിച്ചു. ഓണം, ക്രിസ്തുമസ് മുതലായ ഉത്സവകാലങ്ങളില്‍ പുസ്തകങ്ങള്‍ കടമായി കൊടുക്കുന്ന ഏര്‍പ്പാട് എന്‍.ബി.എസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇത്തരം പദ്ധതികളില്‍ ചേര്‍ന്നു ഒരുപാട് പുസ്തകങ്ങള്‍ കെ.കെ. കൊച്ച് വാങ്ങിയിരുന്നു. എല്ലാം പുതിയവ. ഇങ്ങനെ ബഷീര്‍, തിക്കോടിയന്‍, ഉറൂബ്, കോവിലന്‍, ടി.പത്മനാഭന്‍, എം.ടി, മാധവിക്കുട്ടി, ഒ.വി വിജയന്‍, എം.മുകുന്ദന്‍, കാക്കനാടന്‍, പത്മരാജന്‍, എം. സുകുമാരന്‍ മുതലായവരുടെ കഥകളും നോവലുകളും കുമാരനാശാന്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ബാലാമണിയമ്മ, സുഗതകുമാരി, പി.ഭാസ്‌കരന്‍, ഒ.എന്‍.വി., തിരുനെല്ലൂര്‍ കരുണാകരന്‍, വയലാര്‍ മുതലായവരുടെ കവിതകളും എം.പി പോള്‍, സുകുമാര്‍ അഴീക്കോട്, മുണ്ടശ്ശേരി, കെ.പി അപ്പന്‍ തുടങ്ങിയവരുടെ നിരൂപകകൃതികളും ഒപ്പം പ്രധാനപ്പെട്ട വിജ്ഞാന ഗ്രന്ഥങ്ങളും മാര്‍ക്‌സിസ്റ്റ് കൃതികളും വിവര്‍ത്തന സാഹിത്യവും വീട്ടില്‍ എത്തിയിരുന്നു. വാങ്ങുന്ന പുസ്തകങ്ങള്‍ കൃത്യമായി വായിക്കുന്നതിനൊപ്പം അവയെ പറ്റി ഭ്രാന്തമായ ആവേശത്തോടെ എന്നോട് സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് അതേ പുസ്തകങ്ങള്‍ ഞാനും വായിക്കും. മാത്രമല്ല, മീനങ്ങാടി സ്‌കൂളിലെ ലൈബ്രറി മികച്ചതായിരുന്നു. അതും പെട്ടെന്നു തന്നെ ഞാന്‍ വായിച്ചു തീര്‍ത്തു.
പുസ്തകങ്ങള്‍ക്കൊപ്പം അക്കാലത്തെ സമാന്തര പ്രസിദ്ധീകരണങ്ങളും ആവേശത്തോടെയാണ് വായിച്ചിട്ടുളളത്. ഇവയില്‍ കെ.ജി ശങ്കരപ്പിള്ള എഡിറ്ററായിരുന്ന ‘പ്രസക്തി’യുടെ ഒന്നും രണ്ടും ലക്കങ്ങള്‍ ഉണ്ടാക്കിയ അപരിചിതത്വത്തിന് തുല്യമായി മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ഞാന്‍ ഏറ്റവുമധികം ആരാധിച്ചു വായിച്ചിട്ടുള്ള രണ്ട് എഴുത്തുകാര്‍ കെ.രവീന്ദ്രനും, കെ.സച്ചിദാനന്ദനുമാണ്. രണ്ടുപേരെയും പരിചയപ്പെടുത്തി തന്നത് കെ.കെ. കൊച്ചാണ്. ഇന്നും രവിയേട്ടന്‍ എന്ന പേര് പറയുമ്പോള്‍ അദ്ദേഹം പുലര്‍ത്തുന്ന ആദരവ് ശ്രദ്ധിക്കാറുണ്ട്. ഒരുപക്ഷേ- ചിന്ത രവിയുടെ ഭാഷയുടെ വിസ്മയങ്ങളാണ് എന്നെ സ്വാധീനിച്ചതെങ്കില്‍, ലോകസാഹിത്യത്തിലേക്ക് കടന്നുചെല്ലാനുള്ള വെളിച്ചം വര്‍ഷിച്ച എഴുത്തുകാരനായിരുന്നു എനിക്ക് സച്ചിദാനന്ദന്‍.

  • സംഘര്‍ഷം, തകര്‍ച്ച, അടിയന്തിരാവസ്ഥ

ലോര്‍ക്കയുടെ ‘ബ്ലഡ് വെഡ്ഡിംഗ്’ എന്ന നാടകം കാറ്റലോണിയന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു വിവാഹം, രക്തമയമാകുന്നതിനെപറ്റിയുള്ള അതിശയകരമായ ഒരു സര്‍റിയലിസ്റ്റ് ആഖ്യാനമാണ്. മലയോര പ്രദേശത്തെ രണ്ടു സുഹൃത്തുക്കള്‍ പങ്കു കൃഷി നടത്തുന്നതിനിടയിലുണ്ടായ താളപ്പിഴകള്‍ രക്തം ചിന്തുന്നതിലേക്ക് നയിക്കുന്നതാണ് എസ്. ജോസഫിന്റെ ‘പങ്കുകൃഷി’ എന്ന കവിത.
കുടിയേറ്റ ജീവിതത്തിലെ പരസ്പരമുള്ള ഗാഢവിശ്വാസവും സ്‌നേഹബന്ധങ്ങളും അവിശ്വാസത്തിലേക്കും കിടമത്സരങ്ങളിലേയ്ക്കും വഴുതിവീഴാറുണ്ട്. വയനാട്ടിലെ കേണിച്ചിറ മത്തായിയുടെ വധത്തിന് പിന്നില്‍ വിമോചന രാഷ്ട്രീയത്തിനുപരി കുടിപ്പകയാണുള്ളത്.
കുടിയേറ്റപ്രദേശങ്ങളിലെ സാമൂഹികസംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ സൂചനകള്‍ മനസ്സിലാക്കാന്‍ സാമ്പ്രദായിക സാമൂഹിക വിശകലനങ്ങള്‍ അപര്യാപ്തമാണ്. ഉദാഹരണമായി ‘നക്‌സലൈറ്റ് ത്യാഗപ്രവര്‍ത്തനങ്ങള്‍’ ‘കുടില്‍കെട്ടല്‍ സമരം’ എന്നിവയെ നാഴികകല്ലുകളായി വെച്ചുകൊണ്ടുള്ള അക്കാദമിക് ഭാഷ്യങ്ങളും, പത്ര-ചാനല്‍ റിപ്പോര്‍ട്ടിംഗുമാണ് വയാട്ടിലെ ആദിവാസികളെ കുറിച്ച് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. ഇതേസമയം ഭൂമിയുടെ അന്യാധീനപ്പെടല്‍, സിവില്‍ നിയമങ്ങളുടെ ലംഘനത്തിന് ഭരണകൂടത്തിന്റെയും രാഷ്ട്രീയ കക്ഷികളുടെയും ഒത്താശ, ഹുണ്ടിക മൂലധനത്തിന്റെ വ്യാപനം, ലൈംഗികമായ കോളനീകരണം മുതലായ ഘടകങ്ങളുടെ ഫലമായിട്ടാണ് ആദിവാസികള്‍ അന്യരായത്. ഇപ്രകാരം അന്യരായവരില്‍ നിന്നും ഒരു വിഭാഗം ആചാര പരിഷ്‌ക്കരണത്തിന് സന്നദ്ധരാവുകയും ആധുനിക വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുകയും ചെയ്തതിലൂടെ പുതിയൊരു സംഘര്‍ഷ മേഖല ഉരുത്തിരിയുകയായിരുന്നു. ഇതിനൊപ്പമാണ് ആദിവാസികളുടെ സമുദായവല്‍ക്കരണം, അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍, ആദിവാസി സംഘടനകളുടെ രൂപീകരണം എന്നിവയെല്ലാം നടന്നത്. ‘അന്യ’ങ്ങളില്‍ നിന്നും ഉണ്ടായ ഇത്തരം ഉണര്‍വ്വുകളും സംഘര്‍ഷങ്ങളുമാണ് പൊതുസമൂഹത്തിന്റെ അവിഭാജ്യഘടകമാണ് ആദിവാസികള്‍ എന്ന തോന്നല്‍ കുടിയേറ്റ ജനതയില്‍ ഉണ്ടാക്കിയത്. ഈ വസ്തുതയെ അറിയുകപോലും ചെയ്യാതെ, ചില സ്ഥിരം വാര്‍പ്പുമാതൃകകളിലും നാഴികക്കല്ലുകളിലും ഊന്നുമ്പോള്‍; ആദിവാസി ജനതയുടെ അതിജീവന പാഠങ്ങള്‍ മാത്രമല്ല, ദേശരാഷ്ട്രവുമായുള്ള അവരുടെ സവിശേഷമായ കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രസ്മരണകളും അവഗണിക്കപ്പെടുകയണ്. ഈ അര്‍ത്ഥത്തില്‍, ചില ഫണ്ടിംഗ് ഏജന്‍സികളുടെ തണലില്‍ നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തിയ അട്ടിമറി നീക്കമായി മാത്രമേ അന്നും ഇന്നും കുടില്‍കെട്ടല്‍ സമരത്തെ ഞാന്‍ കാണുന്നുള്ളു.
വയനാട്ടിലെ ആദിവാസിജനതയുടെയും ചെറുകിട കര്‍ഷകരുടെയും തകര്‍ച്ചയെപറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ പ്രദേശത്ത് ഏറ്റവുമധികം പാപ്പരീകരിക്കപ്പെടുകയും, അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത വിഭാഗം ദലിത്-ദലിത് ക്രൈസ്തവ കുടിയേറ്റക്കാരാണ്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ അഞ്ചും ആറും ഏക്കര്‍ ഭൂമിയും നല്ല നിലയില്‍ കഴിഞ്ഞവരുമായിരുന്ന മിക്കവാറും എല്ലാ ദലിത്-ദലിത് ക്രൈസ്തവ കുടുംബങ്ങളും എണ്‍പതുകളോടെ പാപ്പരീകരിക്കപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നതിന് കാരണമായി എനിക്ക് തോന്നുന്നത്; കാര്‍ഷികാദായം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കിട്ടുകയുള്ളു. അതിനിടയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, വീട്ടുകാര്യങ്ങള്‍, വിദ്യാഭ്യാസ ചെലവുകള്‍ മുതലായവ നികത്താന്‍ പലരും ഹൂണ്ടിക വ്യാപാരികളുടെ കെണിയില്‍ പെടും. കുറച്ചു കഴിയുമ്പോള്‍ ഇത് ഭൂമി വില്പനയായി മാറും. ദലിതര്‍ക്ക് കച്ചവടം, ഉയര്‍ന്ന സര്‍ക്കാര്‍ജോലികള്‍ എന്നിവ അത്യപൂര്‍വ്വമായതിനാല്‍ അവരുടെ പാപ്പരീകരണം അതിവേഗമാണ് നടക്കുക. കൂടാതെ വിളനാശവും നിരന്തരമായി സംഭവിക്കുന്നതാണ്. എഴുപതുകളുടെ അവസാനം വയനാട്ടിലുണ്ടായ വ്യാപകമായ വിളനാശം നൂറുകണക്കിന് ഇടത്തരക്കാര്‍ക്കൊപ്പം ബഹുഭൂരിപക്ഷം ദലിത് കുടിയേറ്റക്കാരുടെയും അടിപതറിപ്പിച്ചു.
മേല്‍പ്പറഞ്ഞ വിധത്തിലുള്ള അരക്ഷിതാവസ്ഥ വട്ടം ചുഴറ്റിയപ്പോള്‍ തന്നെ സാമൂഹികമായ സംഘര്‍ഷത്തിന്റെ കുത്തൊഴുക്കിലേക്കും ഞങ്ങള്‍ വലിച്ചെറിയപ്പെടുകയായിരുന്നു.
വയനാട്ടിലേക്ക് പോരുമ്പോള്‍ ഞങ്ങളുടെ അകന്ന ബന്ധുക്കളായ മൂന്നു ചെറുപ്പക്കാരും ഒപ്പം കൂടിയിരുന്നു. ഇവരും എന്റെ രണ്ടാമത്തെ ജ്യേഷ്ഠനായ മണിയും നാട്ടിന്‍പുറത്തെ സംബന്ധിച്ചിടത്തോളം ‘അമിതം’ (excess) ആയിരുന്നു. കൂലിപ്പണിക്ക് പോകാതെ, ടെര്‍ലിന്‍ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച്, കൃതാവും വെച്ചുനടന്ന ഇവര്‍ നാട്ടുപ്രമാണിമാര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ടാക്കുകയും ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് കെ.കെ. കൊച്ച് വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച് വീട്ടിലെത്തുന്നത്. കുറച്ചുനാള്‍ ഒരു അസ്തിത്വവാദ എഴുത്തുകാരനെ പോലെ ജീവിക്കാന്‍ ശ്രമിച്ച അദ്ദേഹം, ആ ഏര്‍പ്പാടുകളെയെല്ലാം നിറുത്തി നാട്ടിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ട ആളായി മാറുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ആദിവാസി വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ പൊതുബോധത്തില്‍ നിന്നു അതിശക്തമായ തിരിച്ചാക്രമണം ഉണ്ടായി. അത് പാരമ്യതയിലെത്തിയത,് കാരാപ്പുഴ പദ്ധതി പ്രദേശത്തെ കുടിയിറക്കുമായി ബന്ധപ്പെട്ട് സമ്പന്ന-ഇടത്തരം കര്‍ഷകര്‍ക്ക് ഉപരി ദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടിയുള്ള വേറിട്ട സമരങ്ങള്‍ നടത്തിയതിലൂടെയാണ്.
ഇപ്രകാരം, കുടിയേറ്റ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ കനത്തതിനൊപ്പം വീട് തകര്‍ച്ചയുടെ നെല്ലിപ്പടിയിലേക്ക് ആഴ്ന്നുകൊണ്ടിരുന്നു. സ്‌കിസോഫ്രാനിയ കൂടുതലായ മൂത്തമകനെ ഒരു ഷെഡ് കെട്ടി ചങ്ങലയില്‍ ബന്ധിക്കുകയും, മുതിര്‍ന്ന രണ്ട് ആണ്‍മക്കള്‍ അധീശത്വ പൊതുബോധത്തിന്റെ വിദ്വേഷത്തിന് വിധേയമാവുകയും ചെയ്തതിലൂടെ ചാച്ചനും അമ്മയും വല്ലാതെ തകര്‍ന്നവരായി മാറി. ഇതിനൊപ്പം കരഭൂമി മുഴുവനും തുണ്ടുതുണ്ടായി വില്‍ക്കുകയും വിളഭൂമിയുടെ നിയന്ത്രണം ഹുണ്ടികക്കാരുടെ കയ്യിലുമായി. ദാരിദ്ര്യവും പ്രത്യാശനഷ്ടവും ഒപ്പം അടിയന്തിരാവസ്ഥയുടെ നിശബ്ദീകരണവുമെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ സഹനം മാത്രമായിരുന്നു വഴി.
ഞാന്‍ ഏഴാം ക്ലാസ്സില്‍ എത്തിയപ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ രോഗംമൂലം മറ്റുള്ളവര്‍ക്ക് ഉണ്ടായത്രയും ദുരന്തബോധം എന്നെ ബാധിച്ചില്ല. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയും, സാമൂഹികമായി വെറുക്കപ്പെട്ടതും, അടിയന്തിരാവസ്ഥ കാലത്ത് പോലീസുകാര്‍ നിരന്തരമായി വീട്ടില്‍ വന്നുകൊണ്ടിരുന്നതും എന്നെ ആന്തരികമായി ബാധിച്ചിരുന്നു.
എട്ടാം ക്ലാസ്സില്‍വെച്ച് എനിക്ക് ഒരു കൂട്ടുകാരിയുണ്ടായി. അടിയന്തിരാവസ്ഥയെ എതിര്‍ത്തുകൊണ്ട് ആര്‍. എസ്.എസ് കാര്‍ പ്രസിദ്ധീകരിക്കുന്ന ലഘുലേഖകള്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്ത് രാത്രിയില്‍ നിക്ഷേപിച്ചിരിക്കും. അവ ശേഖരിച്ച് എനിക്ക് അവള്‍ കൊണ്ടുതരുമായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ അവസരത്തില്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കുകയും, കാരാപ്പുഴ അണക്കെട്ട് പ്രദേശത്ത് നിന്നും ഞങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് വാകേരി എന്ന സ്ഥലത്ത് അല്പം മെച്ചപ്പെട്ട സ്ഥിതിയില്‍ പുതിയ പറമ്പും വീടും വാങ്ങി. ഇവിടെവെച്ച് എന്നെ ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു.

  • രാത്രി ജീവിതത്തിന്റെ തുടക്കം

പത്താംതരത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിലുള്ള ശിക്ഷയെന്ന നിലയ്ക്കാണ് അച്ചടക്കത്തിന് പേരുകേട്ട ദേവഗിരി കോളേജില്‍ എന്നെ ചേര്‍ത്തത്. ഏഴുമണിക്ക് മെസ്സു കഴിഞ്ഞാല്‍ വാര്‍ഡന്‍ അച്ചന്‍ ചൂരലുമായി ഹോസ്റ്റല്‍ വരാന്തയിലൂടെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കും. ഒരു അനക്കം പോലും ഉണ്ടാവാന്‍ പാടില്ല. ആദ്യത്തെ ഒന്നുരണ്ട് മാസക്കാലം ഈ ഭീഷണികൊണ്ട് പ്രീഡിഗ്രിക്കാരായ അന്തേവാസികളെ അടക്കിനിര്‍ത്താനായി. അല്പം മദ്യമൊക്കെ സേവിച്ചിട്ടാണെന്നു പറയപ്പെടുന്നു, അച്ചന്‍ കിടന്നാല്‍ പിന്നെ പൂണ്ട ഉറക്കമാണ്. ഇതോടെ കടന്നല്‍കൂട് ഇളകിയത് പോലെയാവും ഹോസ്റ്റല്‍.
വാര്‍ഡന്‍ സ്ഥലത്തില്ലാത്ത ഒരു വെള്ളിയാഴ്ച മെസ്സ് കഴിഞ്ഞ് എല്ലാവരും സ്വന്തം മുറികളിലേക്ക് പോന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, ആരോ വലിയ ശബ്ദത്തില്‍ എന്തോ വിളിച്ചുപറയുന്നതായി കേട്ടു പുറത്തിറങ്ങി. ഒരുവന്‍ ”കോഴിക്കോട് സിറ്റിയില്‍ സെക്കന്റ് ഷോയ്ക്ക് നടന്നുപോകാന്‍ ധൈര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടോടാ” എന്നു വെല്ലുവിളിച്ചുകൊണ്ട് വരാന്തയിലടെ നടക്കുകയാണ്. ഇത് കേട്ടപാതി ”എനിക്ക് ഉണ്ടെടാ ധൈര്യം” എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അവന്റെ അടുത്തെത്തി. അപ്പോള്‍ തന്നെ കുപ്പായംമാറ്റി ഉളള കാശും കയ്യിലെടുത്ത് രണ്ടുപേരും കോഴിക്കോട്ടേയ്ക്ക് നടന്നു.
ഒരേ ഹോസ്റ്റലിലായിരുന്നെങ്കിലും ഈ കഥാപാത്രത്തെ ഞാനാദ്യം കാണുകയായിരുന്നു. മുത്തങ്ങാസമരകാലത്ത് പോലീസിന്റെ മര്‍ദ്ദനമേറ്റ, ഡയറ്റ് അധ്യാപകനും എഴുത്തുകാരനുമായ കെ.കെ. സുരേന്ദ്രനായിരുന്നു അവന്‍. അന്നു പരിചയപ്പെട്ടതിനുശേഷം എന്റെ മുറി അവന്റേതാവുക മാത്രമല്ല, എന്റെ വീട്ടില്‍ അല്ലെങ്കില്‍ അവന്റെ വീട്ടില്‍ എന്ന നിലയിലാണ് ഞങ്ങള്‍ കഴിഞ്ഞത്.
സുരേന്ദ്രന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എസ്. എഫ്.ഐയുടെ ചില കമ്മറ്റികളില്‍ ഉണ്ടായിരുന്നതിനാല്‍ കോളേജില്‍ അവന് ധാരാളം പരിചയക്കാരുണ്ടായിരുന്നു. ഒരു പ്രീഡിഗ്രിക്കാരനാണെന്ന വിചാരം പോലുമില്ലാതെ, മെയിന്‍ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും വളരെ തുറന്നാണ് അവന്‍ ഇടപെട്ടിരുന്നത്. മരിച്ചുപോയ മത്തായിചാക്കോ മുതലായ നേതാക്കന്മാര്‍ അവനെ കാണാന്‍ മുറിയില്‍ വരും. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുക എന്നത് ഒരു തീവ്രയജ്ഞ പരിപാടിയായി ഏറ്റെടുത്തതിനാല്‍; സുരേന്ദ്രന്റെ പരിചയക്കാരായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ കോളേജ് ലൈബ്രറിയിലെ ഇംഗ്ലീഷ് സാഹിത്യപുസ്തകങ്ങള്‍ ഞാന്‍ എടുത്തുകൊണ്ടിരുന്നു.
വാര്‍ഡന്‍ ഇല്ലാത്തപ്പോഴാണ് ്യൂഞങ്ങള്‍ ആദ്യമായി ഹോസ്റ്റലില്‍ നിന്നും ചാടിയതെങ്കില്‍, പിന്നെ ക്രൗണ്‍ തിയറ്ററില്‍ പടം മാറുന്ന എല്ലാ ദിവസവും രാത്രി മുങ്ങുക പതിവായി. പല പ്രാവിശ്യവും പിടിക്കപ്പെട്ട് കോളേജില്‍ പിഴയടക്കേണ്ടി വന്നെങ്കിലും ചാട്ടത്തിന് കുറവുണ്ടായില്ല. ഈ കാരണത്താല്‍ ഒന്നാംവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ രണ്ടുപേര്‍ക്കും ഹോസ്റ്റല്‍ പ്രവേശനം നിഷേധിച്ചു. ഇതോടെ മെഡിക്കല്‍ കോളേജിനടുത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങി.
ഹോസ്റ്റല്‍ വിട്ടതോടെ രാത്രിയിലെ നഗരജീവിതം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ നടത്താമെന്നായി. അക്കാലത്തെ കോഴിക്കോട് നഗരം പാളയവും, കെ.എസ്.ആര്‍.ടി സ്റ്റാന്റും, റെയില്‍വേ സ്റ്റേഷനും, മിഠായി തെരുവും, അപ്‌സര തിയറ്ററുമുള്‍ക്കൊള്ളുന്ന പ്രദേശമാണ്. രാത്രി മുഴുവന്‍ ഉറങ്ങാതെ സജീവമായ ഒരു ആള്‍ക്കൂട്ടം ഇവിടെ എപ്പോഴും കാണും. തുറന്നു വെച്ചിരിക്കുന്ന കടകളിലെ ഗ്രാമഫോണുകളില്‍ നിന്നും ഹിന്ദി സിനിമാപ്പാട്ടുകളും തമിഴ്-മലയാളം ഗാനങ്ങളും ഒഴുകിക്കൊണ്ടിരിക്കും. സാഹിത്യം തലയില്‍ കയറിയതോടെ, എന്നെ സംബന്ധിച്ചിടത്തോളം നഗരരാത്രികള്‍ വേറിട്ട അനുഭവമായിരുന്നു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യര്‍ നഗരത്തിലെ പിമ്പുകളും ലൈംഗികവേലക്കാരുമായിരുന്നു. അവരോട് ബന്ധപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് രാത്രി ജീവിതം തുടങ്ങിയത് തന്നെ. അക്കാലത്തെ അസ്തിത്വവാദ സാഹിത്യത്തിനുപരി ഫ്രഞ്ചിലെ നാച്വറലിസ്റ്റ് കൃതികള്‍ വായിച്ചിട്ടാണ് ഇപ്രകാരം ഒരു ബോധം ഉണ്ടായതെന്നു തോന്നുന്നു.
സെക്കന്റ്‌ഷോ കഴിഞ്ഞതിനുശേഷം നിരവധി ദിവസങ്ങളിലെ പരിശ്രമത്തിന്റെ ഫലമായി നഗരത്തിലെ പുറമ്പോക്കുകളില്‍ പലരുമായി നല്ല ചങ്ങാത്തം സ്ഥാപിക്കാനായി. പലപ്പോഴും നേരം വെളുക്കുന്നത് വരെയും ഇവര്‍ക്കൊപ്പം കൂടും. കോളേജില്‍ പഠിക്കുന്ന ഒരു പയ്യന്‍ സ്ഥിരമായി ഇവരോട് കമ്പനി ചേരുന്നതില്‍ അവര്‍ക്കും കൗതുകം തോന്നിയിരിക്കണം. ഒരു കാര്യം ഉറപ്പാണ്; നഗരത്തിലെ പിമ്പുകളില്‍ നിന്നോ ലൈംഗിക വേലക്കാരായ സ്ത്രീകളില്‍ നിന്നോ പോക്കറ്റടിക്കാരില്‍ നിന്നോ ഒരതിക്രമവും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. മറിച്ച്, വളരെ സ്‌നേഹപൂര്‍വ്വമായ പെരുമാറ്റമേ ഉണ്ടായിട്ടുള്ളു.

  • കാബറേ

ജനതാപാര്‍ട്ടി സര്‍ക്കാര്‍ സെന്‍ഷര്‍ഷിപ്പ് ചട്ടങ്ങളില്‍ ഇളവ് വരുത്തി. തുടര്‍ന്ന് ഇറങ്ങിയ മലയാളം-ഹിന്ദി സിനിമകള്‍ കാണാന്‍ ഹോസ്റ്റലില്‍ നിന്നും കോളേജില്‍ നിന്നും കുത്തൊഴുക്കാണ് ഉണ്ടായത്. ഇംഗ്ലീഷ് പടങ്ങള്‍ക്ക് മാത്രമേ പോകുമായിരുന്നുള്ളു എന്നതിനാല്‍ ഇത്തരത്തിലുള്ള ഒരു പടവും ഞാന്‍ കാണുകയുണ്ടായില്ല. എന്നാല്‍ എന്റെ രാത്രിജീവിതം മറ്റൊരു കേന്ദ്രത്തെ പറ്റിയുള്ള അറിവ് തന്നിരുന്നു.
അക്കാലത്തെ പത്രങ്ങളിലെ രണ്ടാം പേജില്‍ ‘ഇന്നത്തെ സിനിമ’ എന്ന കോളംപോലെ കാബറേ ഷോകളെ പറ്റിയുള്ള പരസ്യവും കാണാമായിരുന്നു. ഷോയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ പേരും ഉണ്ടാകും. കേരളത്തിലെ പ്രധാനനഗരങ്ങളിലും തൊടുപുഴ മുതലായ ചെറുപട്ടണങ്ങളിലും കാബറേ നടത്തുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നു. മിഠായി തെരുവിലെ ‘ക്യൂന്‍സ്’ ഇതില്‍ ഒന്നാണ്.
എന്താണ് കാബറേ ? പഴയ സിനിമകളില്‍ ജയമാലിനിയൊക്കെ നടത്തിയ പോലുള്ള ഡാന്‍സ് മാത്രമാണോ അത്? ക്യൂന്‍സിലെ സെക്കന്റ്‌ഷോ അതായിരുന്നില്ല. ഫുള്‍ന്യൂഡിറ്റിയില്‍, എസ്പ്ലിസിറ്റായ ആക്ഷനുകള്‍ ഉള്ള സ്റ്റേജ്‌ഷോകളായിരുന്നു അവ. സെക്‌സിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വേണ്ടിയാവണം ആള്‍ക്കാരോട് വളരെ സ്വതന്ത്രമായി ഇടപെട്ടുകൊണ്ടിരുന്ന നിരവധി സ്ത്രീകളെയും അവിടെ കാണാമായിരുന്നു.
എണ്‍പതുകളുടെ മധ്യംവരെയും കേരളത്തില്‍ ലൈംഗികമായ ആനന്ദം വില്‍ക്കുന്നതും വാങ്ങുന്നതും അത്ര കുഴപ്പമല്ലായിരുന്നു. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇത്തരം ഇടപാടുകള്‍ നടത്തുന്ന സ്ത്രീപുരുഷന്മാരെ സമൂഹം അങ്ങേയറ്റം വെറുത്തിരുന്നില്ല. തല്‍ഫലമായിട്ടാണ്, നഗരങ്ങളില്‍ കാബറേ ശാലകള്‍ നിലനിന്നിരുന്നത്. കേരളത്തിന്റെ ആധുനികതയ്ക്ക് വ്യത്യസ്തമായ ഒരു മുഖം നല്‍കുമായിരുന്ന അവ മൊത്തമായി നിരോധിക്കപ്പെട്ടത് പലരും കരുതുന്നത് പോലെ മതപുനരുത്ഥാന ശക്തികളുടെ വളര്‍ച്ച മൂലമല്ല. മറിച്ച്; മതേതര പുരോഗമനകാരികളുടെ മുന്‍കൈയ്യില്‍ നടന്ന ”സദാചാര പോലീസിംഗിന്റെ” ഫലമായിട്ടാണ്.
കേരളത്തില്‍ കാബറേ വിരുദ്ധസമരം നടത്തിയത് സി.പി.ഐ (എം.എല്‍) പ്രസ്ഥാനവും ബദല്‍ രാഷ്ട്രീയത്തിന്റെ ആള്‍ക്കാരും ലിബറല്‍ ഫെമിനിസ്റ്റുകളുമാണ്. ‘സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്ക് എതിരെയുള്ള ചെറുത്തുനില്‍പ്’ എന്ന പേരില്‍ ഇവര്‍ ഉല്‍പ്പാദിപ്പിച്ച സദാചാരഭീതിയെ ഭരണകൂടവും ബ്യൂറോക്രസിയും മത-ജാതി വ്യവസ്ഥാപിതത്വങ്ങളും ഏറ്റെടുക്കുകയാണ് നടന്നത്. കേരളത്തില്‍ സദാചാര പോലീസിംഗിന് എതിരെ ‘ചുംബന സമരം’ നടന്നപ്പോള്‍ അതിന്റെ മുമ്പിലേക്ക് കയറിവന്നതും ഇക്കൂട്ടര്‍ തന്നെയായിരുന്നു. ആള്‍ക്കാര്‍ക്ക് ‘സദാചാരകുത്തല്‍’ ഇല്ലാതെ ആനന്ദങ്ങളും ആവശ്യങ്ങളും മേടിക്കാനും കൊടുക്കാനും പറ്റുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചവര്‍; യാതൊരു പൊളിച്ചെഴുത്തും നടത്താതെ പൊതുസമ്മതിയുടെ മറവില്‍, സംസ്‌കാരത്തിന്റെ മേലധികാരികളായി തന്നെ തുടരുന്നതിലെ വിരോധാഭാസത്തോടാണ് അന്ന് ഞാന്‍ വിയോജിച്ചത്.

  • യാത്ര

വായനയും രാത്രിജീവിതവും പോലെ യാത്രയും അത്യാവശ്യമാണെന്ന തോന്നല്‍ ഇക്കാലത്ത് എങ്ങിനെയോ ഉണ്ടായി. അതിനാല്‍ പ്രീഡിഗ്രി ഒന്നാംവര്‍ഷ പരീക്ഷ കഴിഞ്ഞ് അവധി ആരംഭിക്കുന്ന അന്നുതന്നെ തെക്കന്‍ കേരളത്തിലേക്ക് ഒരു യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ സുരേന്ദ്രനുമായി ചേര്‍ന്നു നടത്തിയിരുന്നു. നാട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞു ചാച്ചനോട് കുറച്ചുരൂപ ഞാന്‍ സംഘടിപ്പിച്ചു. അന്ന് ദേവഗിരി കോളേജില്‍ ഉണ്ടായിരുന്ന എം.ജി. ശശിഭൂഷണ്‍ സാറിനോട് അല്പം തുക കടമായി സുരേന്ദ്രന്‍ മേടിച്ചു (ആ കടം വീട്ടിയിട്ടില്ല). കമ്മ്യൂണിസ്റ്റ് യുവജനവേദി എന്നൊരു സംഘടനയിലായിരുന്നു കെ.കെ. കൊച്ച്. അവര്‍ പ്രസിദ്ധീകരിച്ച മാര്‍ക്‌സിസ്റ്റ് ഉദ്ധരണികള്‍ അടങ്ങിയ ഒരു ലഘുലേഖയുടെ കുറേകോപ്പികളും അതുകൊടുക്കാനുള്ള ആള്‍ക്കാരുടെ അഡ്രസ്സും കുറച്ചുരൂപയും അദ്ദേഹം തന്നു.
സുരേന്ദ്രന്റെയും എന്റെയും ബന്ധുക്കളെയും പരിചയക്കാരെയും തേടിപിടിച്ചും, അവര്‍ മുഖേന പുതിയബന്ധങ്ങള്‍ ഉണ്ടാക്കിയും തെക്കന്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലും ഉള്‍ഗ്രാമങ്ങളിലും ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. അമ്പത്തിയഞ്ച് ദിവസം നീണ്ടു നിന്ന ഈ യാത്രയ്ക്കിടയില്‍ ദിവസവും കുളിക്കുക, അണ്ടര്‍വെയര്‍ ധരിക്കുക, വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കുക എന്നീ ശീലങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു ഗസറ്റഡ് ഓഫീസറായി നേരിട്ട് നിയമിക്കപ്പെട്ടപ്പോഴാണ് മേല്‍പ്പറഞ്ഞ ശീലങ്ങള്‍ പുനരാരംഭിച്ചത്.
ലഘുലേഖ കൊടുക്കാനായി കേരളത്തിലെ നക്‌സല്‍ മൂവ്‌മെന്റിന്റെ നിരവധി താവളങ്ങളെയും സഖാക്കളെയും കണ്ടുമുട്ടി. കൂത്താട്ടുകുളത്തിനടുത്ത് ഒരു ഉള്‍ഗ്രാമത്തില്‍വെച്ച് കണ്ട ഒരാളെ പറ്റി എടുത്തുപറയേണ്ടതുണ്ട്. റോഡരികില്‍ ഷെഡ്ഡ് കെട്ടി ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചപോലെ ഹാര്‍ദ്ദവമായിട്ടാണ് സ്വീകരിച്ചത്. പലരുടെയും അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഞങ്ങളെ പരിചയപ്പെടുത്തി. തൊട്ടടുത്ത ഷാപ്പില്‍നിന്നും പനങ്കള്ളും ഭക്ഷണവും കഴിച്ച് അദ്ദേഹത്തിനൊപ്പം മൂന്നാല് ദിവസം തങ്ങി. യഥാര്‍ത്ഥത്തില്‍, ഈ കഥാപാത്രം നാട്ടിലെ അറിയപ്പെടുന്ന റൗഡിയായിരുന്നു. തന്റെ കുറ്റവാളി ജീവിതത്തിന് ഒരു നക്‌സല്‍ പരിവേഷമുണ്ടാക്കിയെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഞങ്ങള്‍ തിരിച്ചെത്തി, ഒരാഴ്ചയ്ക്കുള്ളില്‍ നിസ്സാരമായ വാക്ക് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് അദ്ദേഹം ഒളിവില്‍ പോയതായി അറിഞ്ഞു.
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന അഡ്രസ്സ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയും, റാഡിക്കല്‍ പെയിന്റേഴ്‌സിലെ ഒരാളുമായ കൃഷ്ണകുമാറിന്റേതായിരുന്നു. അദ്ദേഹത്തിന്റെ മുറി കണ്ടുപിടിച്ചെങ്കിലും ആള്‍ സ്ഥലത്തില്ലായിരുന്നു. ഒടുവില്‍ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ജീവന്‍ ജോസഫിന്റെ മുറിയില്‍ എത്തിച്ചേര്‍ന്നു.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ആള്‍ മുറിയിലുണ്ട്. പകുതി യേശുക്രിസ്തുവിന്റെയും പകുതി അദ്ദേഹത്തിന്റെയും മുഖങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഒരു പൊട്രെയ്റ്റ് മേശപ്പുറത്ത് വെച്ചിട്ടുണ്ട്. കനത്ത ശബ്ദവും അതിലും പരുക്കന്‍ മുഖഭാവവും. അവിടെ കണ്ട മറ്റ് അരാജകത്വങ്ങളെ പറ്റി പറയാന്‍ പറ്റുമോ? ഏതായാലും, ഞങ്ങള്‍ ബാഗുകള്‍ അവിടെവെച്ച് നഗരത്തില്‍ കറങ്ങിയിട്ട് രാത്രി തിരിച്ചെത്തി പതുക്കെ മുറിയില്‍കൂടി. അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജീവന്റെ ഗൗരവം അലിഞ്ഞില്ലാതാവുകയും പിന്നെയുള്ള രാത്രികളില്‍ ചിത്രകലയെപ്പറ്റി വാചാലമാവുക മാത്രമല്ല ഞങ്ങളുടെ അലഞ്ഞുതിരിയലിനെ പ്രോത്സാഹിക്കുന്ന തരത്തിലുമാണ് അദ്ദേഹം സംസാരിച്ചത്.
തിരുവനന്തപുരത്ത് വെച്ച് ശശിഭൂഷണ്‍ സാറിന്റെ പിതാവായ എസ്.ഗുപ്തന്‍നായര്‍ സാറിനെ കണ്ടു. അപ്പോഴത്തെ ഞങ്ങളുടെ അലമ്പ് വേഷവും അച്ചടക്കമില്ലായ്മയും ശശിഭൂഷണ്‍ സാറിന് അല്പം നീരസമുണ്ടാക്കിയെന്നാണ് തോന്നുന്നത്. മടക്കയാത്ര, തെന്മല ഡാംപ്രദേശത്ത് എഞ്ചിനിയറായിരുന്ന ജോസ്‌ചേട്ടന്റെ അടുത്തുനിന്നും നേരെ വയനാട്ടിലേയ്ക്കായിരുന്നു. പ്രീഡിഗ്രികാലത്ത് ഞങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന സത്യശീലന്റെ വളപട്ടണത്തുള്ള വീട്ടിലും, നീലേശ്വരത്തുള്ള എന്റെ ചേച്ചിയുടെ അടുത്തേയ്ക്കും ഇടയ്ക്കിടയ്ക്ക് പോകും. ഇപ്രകാരം മൈസൂരിലേയും ബാംഗ്ലൂരിലേയ്ക്കും യാത്ര ചെയ്തിട്ടുണ്ട്.

  • മുത്തങ്ങാ കാടുകള്‍

സുരേന്ദ്രന്റെ വീട് കോളിയാടി എന്ന സ്ഥലത്താണ്. മുത്തങ്ങാ കാടുകളുടെ അടുത്താണ് ആ പ്രദേശം. ആദിവാസികളായ ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന അവന്‍ പല പ്രാവിശ്യം മുത്തങ്ങാ കാടുകളില്‍ അവരുമായി പോയിട്ടുണ്ട്. ഒരു കാട്ടില്‍ ആദ്യമായി ഞാന്‍ പോകുന്നത് രണ്ടാം വര്‍ഷ പ്രീഡിഗ്രി കാലത്തെ ഓണാവധിക്ക് മുത്തങ്ങയില്‍ സുരേന്ദ്രനുമായിട്ടാണ്.
നെരൂദയുടെ മെമ്മയേഴ്‌സ് ഒരിക്കല്‍കൂടെ ഓര്‍മ്മിക്കപ്പെടുന്നത്. അതിലെ ചിലിയന്‍ കാടുകളുടെ വര്‍ണ്ണനയുടെ പേരിലാണ്. മുത്തങ്ങാ കാടുകളിലേയ്ക്കുള്ള ആദ്യപ്രവേശം എന്നിലുയര്‍ത്തിയ മഹാസ്‌തോഭം എന്തായിരുന്നു എന്നത് ഇപ്പോഴും അനിര്‍വചനീയമാണ്. ബോധപരിവര്‍ത്തനത്തിന്റെ ഒരു കടല്‍ ഇരമ്പികടന്നുവരുന്നത് പോലെയാണ് കാടിന്റെ മണം, അതിന്റെ ശബ്ദപ്രപഞ്ചം, കാട്ടുചെടികളുടെ സ്പര്‍ശം, മഹാവൃക്ഷങ്ങളുടെ സാമീപ്യം എന്നിവയെല്ലാം ഞാന്‍ അനുഭവിച്ചത്.
പിന്നീട്ട് പല പ്രാവിശ്യം ഞങ്ങള്‍ ആ കാടുകളില്‍ പോയിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്. ഭക്ഷണമായി കുറച്ചുപഴങ്ങളും ബണ്ണും കരുതിയിരിക്കും. രാവിലെ എത്തിയിട്ട് ഇരുട്ടുന്നതിന് തൊട്ടുമുമ്പാണ് ഇറങ്ങുക. വനത്തിലൂടെ നടക്കുന്നത് നാഗരികതയോട്; സംസ്‌കാരത്തോടുള്ള ഒരു സംവാദമോ കടംവീട്ടലോ ആണ് എന്ന ചിന്ത ബാധിച്ചിട്ടാണോ എന്തോ; വസ്ത്രങ്ങളെല്ലാം ഊരി മരത്തിന്റെ മുകളില്‍ ഭദ്രമായി വെച്ചിട്ട് പൂര്‍ണ്ണ നഗ്നരായിട്ടാണ് സഞ്ചരിക്കുക. പല പ്രാവിശ്യം ആള്‍ക്കാരുടെ കാല്‍പ്പെരുമാറ്റവും സംസാരവും കേട്ട് ഓടി മറവില്‍ ഒളിച്ചിട്ടുണ്ട്. ഒരിക്കല്‍, ശരിക്കും കുഴപ്പത്തില്‍ ചാടി. തിരിച്ചുവരുന്ന വഴിക്ക് വസ്ത്രങ്ങള്‍ വെച്ചിരുന്ന മരം കണ്ടുപിടിക്കാനായില്ല. വനത്തില്‍ ഇരുട്ടുകൂടിവരുന്ന മുറയ്ക്ക് ഞങ്ങളുടെ അന്വേഷണം നില്‍ക്കക്കള്ളിയില്ലാത്ത വെള്ളത്തിലകപ്പെട്ടത് പോലെയായി. എത്രയോ മണിക്കൂറുകളിലെ അലച്ചിലിനും വിയര്‍ക്കലിനുംശേഷം മരം കണ്ടുപിടിച്ച് പുറത്തിറങ്ങിയപ്പോള്‍, കോളിയാടിവഴിയുള്ള അവസാന വണ്ടിയും പോയിരുന്നു.
_______________________________
കടപ്പാട് മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

Top