ചലോ തിരുവനന്തപുരം: ഭൂസമര പ്രഹസനവും പാരമ്പര്യ മാര്‍ക്‌സിസ്റ്റുകളുടെ മുസ്ലീംവിരുദ്ധ രാഷ്ട്രീയവും.

ഭൂമിയുടെ മേലുള്ള നിയമപരിരക്ഷയുടെ കുരുക്കഴിക്കാനുള്ള സാമുദായിക രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ, സര്‍ക്കാര്‍ നടപടികളിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം അടിത്തട്ട് ജനതയ്ക്കു ലഭിക്കുമെന്നത് ദിവാസ്വപ്നം മാത്രമാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ തെലുങ്കാനയില്‍ തുടക്കം കുറിച്ചതും, നക്‌സല്‍ബാരിയിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പിടിച്ചെടുത്തതുമായ ഭൂമി തിരിച്ചുനല്‍കേണ്ടി വന്നുവെന്ന താണ് ചരിത്രപാഠം. ഇത് മനസിലാക്കാതെ തങ്ങളുടെ അവസരവാദത്തിനും നിക്ഷിപ്ത താല്പര്യങ്ങള്‍ക്കും വേണ്ടി ഭൂസമരങ്ങളെ വഴിതിരിച്ചു വിടുന്നവരെ ഉദ്ദേശിച്ചും കൂടിയാണ് ‘നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവര്‍, അവരോടെനിക്കൊന്നും പറയാനില്ല എന്ന് ബുദ്ധന്‍ ആനന്ദനോട് പറഞ്ഞത്.’

ഭൂമിയുടെ ഉടമസ്ഥതയ്ക്കു വേണ്ടിയുള്ള ആദിവാസി-ദലിത് സമരങ്ങളെ പുനര്‍വായിക്കാന്‍ സഹായിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാല കേരളചരിത്രത്തിലുണ്ട്. അതില്‍ ഒന്നാമത്തേത്, 2000-ത്തില്‍ സി.കെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന മുമ്പില്‍ നടന്ന ‘കുടില്‍ കെട്ടല്‍’ സമരമാണ്. ‘പൊതുസമൂഹത്തി’ന്റെ വര്‍ദ്ധമാനമായ പിന്തുണ ലഭിച്ചതും, ദിവസങ്ങള്‍ നീണ്ടുനിന്നതുമായ സമരം അവസാനിപ്പിച്ചത് സമരസമിതി നേതാക്കളും എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാരുമായുണ്ടാക്കിയ ആദിവാസി കരാറിലൂടെയാണ്. പ്രസ്തുത കരാര്‍ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതരായ ആദിവാസികള്‍ക്കും 1 ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ ഭൂമി ലഭ്യമാക്കും. എന്നാല്‍ സംഭവിച്ചതെന്താണ്? പട്ടികവര്‍ഗ്ഗഫണ്ട് (40 കോടി രൂപ) വിനിയോഗിച്ചു വാങ്ങിയ ആറളത്തെ കുറച്ചു ഭൂമിയും, സര്‍ക്കാരിന് ക്രയവിക്രയാധികാരമുള്ള റവന്യൂഭൂമിയുമടക്കം കുറെ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ ഭൂമിവിതരണം തോട്ടം മേഖലയിലെ ഭൂമിയുടെ കേന്ദ്രീകരണത്തെയോ ഇതര ഭൂമിയുടെ മേലുള്ള കുത്തകാധിപത്യത്തെയോ ജാതി- മതബന്ധങ്ങളെയോ സ്പര്‍ശിച്ചതേയില്ല. അതുകൊണ്ടാണ് ആദിവാസി ഭൂമി വിതരണത്തെ ആരും എതിര്‍ക്കാതിരുന്നത്.
അതേസമയം, സംസ്ഥാനത്തൊട്ടാകെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കാനുള്ള നിയമം നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ഇടത് വലത് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല, ജാതി-മതനേതാക്കളും ഉരുകിയൊലിച്ചൊന്നായിത്തീര്‍ന്നു. ഇത് വ്യക്തമാക്കുന്നത്, സാമുദായിക-രാഷ്ട്രീയ-കോര്‍പ്പറേറ്റ് ബന്ധങ്ങളിലൊരു മാറ്റവും വരുത്താതെ നടത്തുന്ന ഭൂ വിതരണത്തിന് പൊതുസമൂഹത്തിന്റെ സമ്മതപത്രവുമുണ്ടെന്നാണ്. ഇപ്രകാരം വിയര്‍പ്പും ചോരയും ചിന്താതെ നടത്തുന്ന ഭൂമി സമരത്തിന് ഒരു മറുവശമുണ്ട്. അത് ആദിവാസികളുടെ പേരില്‍ രംഗത്തു വന്നവരാണ് സൃഷ്ടിച്ചത്.

ഭരണഘടനാ പരമായി നിലനില്‍ക്കുന്ന ‘പട്ടികവര്‍ഗ്ഗം’ എന്ന സംവര്‍ഗ്ഗത്തില്‍ നിന്നും ‘ഗിരിജനങ്ങള്‍’ എന്ന ദേശപരമായ സാമൂഹ്യ നിലയില്‍ നിന്നും ഗോത്ര വിഭജനങ്ങള്‍ക്കതീതമായി രൂപം കൊണ്ട സ്വത്വ സ്ഥാനമായിരുന്നു ‘ആദിവാസി’ എന്ന സംവര്‍ഗ്ഗം. നിരവധി വര്‍ഷങ്ങളിലെ ആശയപരവും പ്രക്ഷോഭകരവുമായ അനുഭവങ്ങളിലൂടെയാണ് ഈ സ്വത്വ മുദ്ര രൂപപ്പെട്ടത്. ഈ സാമൂഹ്യനിലയെ പിന്നിലേക്ക് നടത്തുന്ന, സംഘപരിവാറിന്റെ വനവാസി എന്ന പരികല്‍പനയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഗോത്രം. ഈ മടക്കയാത്രയ്ക്ക് ആധാരമായ സംഘടനാരൂപവും (ഗോത്രമഹാസഭ) അനുഷ്ഠാനപരതയും സൃഷ്ടിച്ച് ആദിവാസികളുടെ ആധുനിക സമൂഹത്തിലേക്കുള്ള യാത്രയാണ് ഇവര്‍ തടഞ്ഞുനിറുത്താന്‍ ശ്രമിച്ചത്. ”മറ്റൊരു നേട്ടം”, ആദിവാസി സംഘടനകളെ ലിക്വിഡേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ്. ജനാധിപത്യ സമരങ്ങളിലൂടെ നിലനിന്ന സംഘടനകള്‍ ”മഹത്തായ മുത്തങ്ങാ സമരത്തി”ലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാവല്ലെന്ന തിരിച്ചറിവിലൂടെയാണ് സ്വയം പിരിച്ചുവിടപ്പെട്ടത്. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ സി.കെ. ജാനുവിന് സംഘപരിവാര്‍ കൂടാരത്തിലും, എം. ഗീതാനന്ദന് വിപ്ലവവേഷധാരിയായി തന്നെ തുടരാനും അവസരം ലഭിച്ചു. ആദിവാസികള്‍ക്ക് ഈ രണ്ടു മാര്‍ഗ്ഗങ്ങളും സ്വീകാര്യമല്ലാത്തതിനാല്‍, അവരുടെ അവസ്ഥ മറ്റൊന്നായി.
രണ്ടാമത്തെ സന്ദര്‍ഭം, ചെങ്ങറ സമരമാണ്. മുഖ്യ ആവശ്യം ഓരോ ദലിത് കുടുംബത്തിനും 5 ഏക്കര്‍ ഭൂമി ലഭിക്കണമെന്നായിരുന്നു. ഇപ്രകാരമാവശ്യമുന്നയിച്ചതിന്റെ ലക്ഷ്യം, ളാഹഗോപാലന്റെ വാക്കുകളില്‍ ”രാഷ്ട്രീയാധികാരം” കൈവരിക്കുകയായിരുന്നു. ഇതില്‍ വിശ്വസിച്ചാണ് ചെങ്ങറ സമരത്തില്‍ പങ്കെടുത്തതെന്ന് ഡോ.എം.ബി. മനോജും ഡോ.ഓ.കെ.സന്തോഷും കേട്ടെഴുതിയ സെലീന പ്രക്കാനത്തിന്റെ ആത്മകഥന ത്തിലുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാമുദായിക ചരിത്രത്തിലെ സമാനതകളില്ലാത്ത, സമരമായിരുന്നു ചെങ്ങറയിലേത്. ഏകദേശം 7000 കുടുംബങ്ങളാണ് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു സമരത്തില്‍ നിലയുറപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 240 ലേറെ പേര്‍ പോലീസ്-ഗുണ്ടാ ആക്രമണത്തിന് വിധേയരായി. (കുറെപേര്‍ക്ക് സഹോദരപ്പേരില്‍ മര്‍ദ്ദനമേറ്റിരുന്നു) 5 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒടുവില്‍ സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പും ഫലപ്രാപ്തിയിലെത്തിയില്ല. തന്മൂലം, ചെങ്ങറയില്‍ അരയേക്കര്‍ വീതം ഭൂമി വീതിച്ചെടുത്തു 600 കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവര്‍ക്ക് കോളനികളില്‍ നിന്നും ഭിന്നമായ അവസ്ഥയാണുള്ളതെന്ന് അംഗീകരിക്കുമ്പോള്‍, മറുപുറം ഇപ്രകാരമാണ്. ചെങ്ങറയിലെ ഭൂവുടമകള്‍ക്ക് പട്ടയമോ കൈവശരേഖയോ ലഭിച്ചിട്ടില്ല. ഫലമോ, പൗരത്വത്തിന്റെ അംഗീകരമായ വീട്ടുനമ്പര്‍, റേഷന്‍കാര്‍ഡ്, വോട്ടവകാശം എന്നിവ വിലക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പൗരാവകാശ മുദ്രകളുടെ നിഷേധമാണ് വര്‍ത്തമാനകാല വംശീയ ശത്രുതയായി മാറിയിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം തമിഴ് ജനതയുടെ ജീവനപഹരിച്ച ശ്രീലങ്കന്‍ കലാപത്തിന്റെ തുടക്കം 10 ലക്ഷം തോട്ടം തൊഴിലാളികളുടെ വോട്ടവകാശത്തിന്റെ നിഷേധമായിരുന്നു. (ഈ ചരിത്ര പാഠമുള്‍ക്കൊള്ളുന്നതിനാലാണ് ദലിതര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തെ എതിര്‍ക്കുന്നത്) ആധുനിക കാലത്തെ പൗരത്വനിഷേധത്തിലൂടെയാണ് മ്യാന്‍മാറില്‍ നിന്നും, രക്ഷക്കണക്കിന് രോഹിങ്ക്യോ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥികളായി കടലാഴങ്ങളില്‍ പതിച്ചത്. ചെങ്ങറ നല്‍കുന്ന ചിത്രവും വ്യത്യസ്തമല്ല.
മുന്‍മന്ത്രി ഡോ.എം.എ. കുട്ടപ്പനോട് ഒരു സ്വകാര്യസംഭാഷണത്തില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. ‘എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആദിവാസി കരാര്‍ നടപ്പാക്കാത്തത്?’ മറുപടി ഇപ്രകാരമായിരുന്നു. ‘നിയമത്തിന്റെ പരിരക്ഷ ഇല്ലാത്ത കരാറു നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ല’ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ട ആദിവാസി കരാര്‍ നിലനില്‍ക്കെ, മുത്തങ്ങ മുതല്‍ നില്‍പുസമരം വരെയുള്ള ആദിവാസി സമരങ്ങളുടെ ആവശ്യം കരാര്‍ നടപ്പാക്കുക എന്നതായിരുന്നില്ല. മറിച്ച്, ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനായിരുന്നു. എന്നാല്‍, നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ട, അന്യാധീന ഭൂമി തിരിച്ചുനല്‍കാനുള്ള നിയമത്തിന്റെ കാര്യമോ? വ്യവസ്ഥാപിത പ്രസ്ഥാനങ്ങളാല്‍ ദീര്‍ഘകാലം മൂടിവയ്ക്കപ്പെട്ട നിയമം ജനമദ്ധ്യത്തില്‍ വെളിവാക്കപ്പെട്ടതോടെ നാലരലക്ഷം ആദിവാസികളില്‍ വളരെ ചെറിയൊരു വിഭാഗത്തിനു വേണ്ടി ആദിവാസി സംഘടനകള്‍ മാത്രമല്ല, ദലിത് സംഘടനകളും സമരമുഖത്ത് അണിനിരന്നു. പിന്നീട് സി.കെ ജാനുവും എം.ഗീതാനന്ദനുമടങ്ങുന്ന ഗോത്രമഹാസഭ നേതൃത്വം, നിയമത്തെ അപ്രസക്തമാക്കിയതോടെ പ്രത്യക്ഷ സമരം നിലച്ചെങ്കിലും, ആദിവാസികളെ സംബന്ധിച്ച വ്യവഹാര ഭൂമികയില്‍ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ ഇന്നേവരയില്ലാത്ത എതിര്‍നടപടികളിലൂടെയാണ് നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടത് വലത് ഭരണ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞത്. ഫലമോ, ദലിത്-ആദിവാസി ജനതകളുടെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള അന്യവത്കരണവും ദളിത് സംഘടനകളുടെ രൂപീകരണവും നടന്നു.

_________________________________________
ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ഉണ്ടായ മുന്നേറ്റം പ്രസക്തമാക്കുന്നത്, മൂന്നുകാര്യങ്ങളാലാണ്. ഇവയിലൊന്നാമത്തേത് ചത്ത പശുവിന്റെ തോലുരിക്കല്‍ പോലുള്ള ഹീനമായ ജോലികള്‍ ഉപേക്ഷിക്കണമെന്ന പ്രഖ്യാപനമാണ്. ഈ ആഹ്വാനം ഡോ.ബി.ആര്‍. അംബേദ്ക്കറുമായി രക്തബന്ധം പുലര്‍ ത്തുന്നുണ്ട്. 1920 കളില്‍ അംബേദ്കര്‍ സാമൂഹികരംഗത്തേക്കു കടന്നുവരുന്നത് ഹീനജോലികള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായാണ്. ഇതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സമുദായമായ മഹറുകള്‍ ചത്തമൃഗങ്ങളുടെ തോലുരിയുന്നതും, മലം കോരുന്നതും, ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതും ഉപേക്ഷിക്കുകയും ചെയ്തു. പകരം, അദ്ദഹം മുന്നോട്ടു വച്ചത് സര്‍ക്കാര്‍ ഉദ്യോഗം പോലുള്ള മാന്യമായ തൊഴിലുകളാണ്.
_________________________________________ 

ഇപ്പോള്‍ മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ ഭൂമി ഒരു ‘വിഭവമ’ണെന്ന നിലയിലുള്ള ഉടമസ്ഥാവകാശത്തിനുവേണ്ടി വാദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ മറക്കുന്നത് അല്ലെങ്കില്‍ ബോധപൂര്‍വ്വം അവഗണിക്കുന്നത് 1957 മുതല്‍ 70 വരെ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണത്തിന്റെ പ്രത്യേകതകളാണ്. അക്കാലത്ത്, ദലിതര്‍ക്ക് ഭൂവുടമസ്ഥതയും, ദലിതര്‍ക്ക് കോളിനികളും ‘വിഭവം’ എന്ന നിലയില്‍ വിതരണം ചെയ്യുകയായിരുന്നില്ല. മറിച്ച്, ഭൂപരിഷ്‌കരണം നിയമാധിഷ്ഠിമായി നടപ്പാക്കുകയായിരുന്നു. ഇപ്രകാരം നിയമ പരിരക്ഷ ലഭിച്ചതിനാലാണ് ഭൂമി സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാനും സ്വത്തുടമസ്ഥതയാക്കി മാറ്റാനും കഴിഞ്ഞത്. കോളനി ഭൂമിക്കും ഇക്കാര്യം ബാധകമായതിനാലാണ് വീട്ടുനമ്പരും റേഷന്‍ കാര്‍ഡും വോട്ടവകാശവും ലഭിച്ചത്. മറിച്ചായിരുന്നെങ്കില്‍ അരലക്ഷം ചെങ്ങറകളായിരിക്കും രൂപം കൊള്ളുക.

കേരളത്തിലടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഭൂപരിഷ്‌കരണം സാധ്യമാക്കിയത് സാമൂഹ്യ-രാഷ്ട്രീയബന്ധങ്ങളിലെ പൊളിച്ചെഴുത്തുകളാണ്. 1924-ല്‍ സോവിയറ്റ് യൂണിയനില്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയത് ഒക്‌ടോബര്‍ വിപ്ലവത്തിന്റെ വിജയത്തോടെ വര്‍ഗ്ഗബന്ധങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഫലമായാണ്. ഈ ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ച മിച്ച മൂല്യംകൊണ്ടാണ് സോവിയറ്റു യൂണിയനൊരു വ്യവസായ സാമ്രാജ്യം പടുത്തുയര്‍ ത്താനും രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മിനിയെ പരാജയപ്പെടുത്താനും കഴിഞ്ഞത്. ചൈന, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളുടെ വ്യവസായ സമ്പദ് ഘടനയുടെ അടിത്തറയും ഭൂപരിഷ്‌കരണമാണ്. ‘കേരളാമോഡല്‍’ സാധ്യമാക്കിയതും ഭൂപരിഷ്‌കരണത്തിലൂടെ രൂപപ്പെട്ട മിച്ച സമ്പത്താണ്. ഇപ്രകാരം, ഭൂപരിഷ്‌കരണം നടപ്പാക്കാതിരുന്നതിനാലാണ് ഇന്ത്യയിലെ വ്യവസായവത്കരണത്തിനാവശ്യമായ മൂലധനം വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. ചുരുക്കത്തില്‍, ഭൂമിയുടെ രാഷ്ട്രീയമെന്നത് സാമൂഹിക (സാമുദായിക) ബന്ധങ്ങളിലെ മാറ്റവും ഭൂമിയില്‍ നിന്നുള്ള മിച്ച മൂല്യത്തിന്റെ വിനിയോഗവുമാണ്. അതുകൊണ്ടാണ് നിയമാധിഷ്ഠിതമായ ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള വാദമുയരുന്നത്.

ഈ ദലിത് നാമധാരികളുടേയും അവര്‍ക്ക് ഓശാന പാടുന്ന കമ്മ്യൂണിസ്റ്റ് ലിബറലുകളുടെയും വഴിയും വെളിച്ചവുമായി മാറിയിരിക്കുന്നത് ജിഗ്നേഷ് മേവാനിയാണ്. ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായ മുന്നേറ്റം പ്രസക്തമാക്കുന്നത്, മൂന്നുകാര്യങ്ങളാലാണ്. ഇവയിലൊന്നാമത്തേത് ചത്ത പശുവിന്റെ തോലുരിക്കല്‍ പോലുള്ള ഹീനമായ ജോലികള്‍ ഉപേക്ഷിക്കണമെന്ന പ്രഖ്യാപനമാണ്. ഈ ആഹ്വാനം ഡോ.ബി.ആര്‍. അംബേദ്ക്കറുമായി രക്തബന്ധം പുലര്‍ ത്തുന്നുണ്ട്. 1920 കളില്‍ അംബേദ്കര്‍ സാമൂഹികരംഗത്തേക്കു കടന്നുവരുന്നത് ഹീനജോലികള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായാണ്. ഇതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സമുദായമായ മഹറുകള്‍ ചത്തമൃഗങ്ങളുടെ തോലുരിയുന്നതും, മലം കോരുന്നതും, ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതും ഉപേക്ഷിക്കുകയും ചെയ്തു. പകരം, അദ്ദഹം മുന്നോട്ടു വച്ചത് സര്‍ക്കാര്‍ ഉദ്യോഗം പോലുള്ള മാന്യമായ തൊഴിലുകളാണ്. ഈ സാമൂഹ്യവിപ്ലവത്തിന്റെ തുടര്‍ച്ചയാണ് ജിഗ്നേഷ് മേവാനിയില്‍ നിന്നും വായിച്ചെടുക്കാനാവുന്നത്. രണ്ടാമത്തെ കാര്യം മുസ്ലീങ്ങളെ ഒരു പീഡിത ജനതയായും നിരന്തരമായ ഭീഷണിയിലൂടെ അരക്ഷിതത്വം പേറുന്ന ജനതയായും കണ്ടെത്തുന്നതാണ്.

കേരളത്തില്‍ ‘ചലോ തിരുവനന്തപുരം മുന്നേറ്റം’ എന്ന പേരില്‍ ഭൂസമര പ്രഹസനവുമായി രംഗത്തുവന്നിട്ടുള്ള ചില ദലിത് ആക്ടിവിസ്റ്റുകളും കമ്യൂണിസ്റ്റു പാരമ്പര്യവാദികളും ചേര്‍ന്ന്; ഒരു പിടി സമ്പന്നരേയും വരേണ്യരേയും ചൂണ്ടിക്കാട്ടി മുസ്ലീങ്ങളെ വര്‍ഗ്ഗപരമായി വിഭജിക്കുകയാണ് ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ മറന്നുപോകുന്നത് നാളിതുവരെ നടന്നിട്ടുള്ള മുസ്ലീം വിരുദ്ധ ആക്രമണങ്ങളില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതെന്നതാണ്. ഗുജറാത്തിലെ മുസ്ലീംവിരുദ്ധ കൂട്ടക്കൊലകളുടെ നാള്‍വഴികള്‍ ഇത് അസന്നിദ്ധമായി തെളിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്? വ്യക്തമായ പാഠവത്കരണം അംബേദ്കറിന്റേതാണ്. അദ്ദേഹത്തിന്റ വീക്ഷണത്തില്‍; ഇന്ത്യന്‍ ദേശീയതയില്‍ അധീശത്വം വഹിക്കുന്നത് ഒരു മതേതര രാഷ്ട്രീയഭൂരിപക്ഷമല്ല, മറിച്ച് ഹിന്ദുത്വത്താല്‍ നയിക്കപ്പെടുന്ന മതാത്മകമായ സാമുദായിക ഭൂരിപക്ഷമാണ്. ജാതികളായി വിഭജിതരായിരിക്കുന്ന ഈ സാമുദായിക ഭൂപരിക്ഷത്തിന്റെ ഏകീകരണത്തിനടിസ്ഥാനം മുസ്ലീങ്ങള്‍ക്കതിരായ കലാപമോ വിദ്വേഷപ്രചാരണമോ ആണെന്ന് അദ്ദേഹം ‘ജാതി ഉന്മൂലനം’ എന്ന കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജര്‍മ്മനിയില്‍ ആര്യന്‍ വംശീയതയുടെ സ്ഥാപനവത്കരണത്തിനായി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജൂത വിരോധത്തിന്റെ ഇന്ത്യന്‍ പതിപ്പാണിത്. കൂടാതെ, ഈ ഹിന്ദുസാമുദായിക ഭൂരിപക്ഷത്തിനു ലഭിച്ച വരദാനമാണ് ഭരണഘടനയുടെ 25-ാം വകുപ്പിലെ 2-ാം ഉപവകുപ്പിന്റെ നിര്‍വ്വചനത്തിലൂടെ ബുദ്ധ, സിക്ക്, ജൈനമതങ്ങളെ ഹിന്ദുക്കളായി കണക്കാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അംബേദ്കര്‍, ഗാന്ധിജിയുടേയും അഗഖാന്റെയും പ്രതിരോധ നിരകളെ മറികടന്ന് ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും, അതിന് ഭരണഘടനാ പരിരക്ഷ ഉറപ്പാക്കാനും വേണ്ടി ശ്രമിക്കുകയും ചെയ്തത്. ഇത്തരം ജനാധിപത്യവല്‍ക്കരണത്തിന്റെ ചരിത്രാനുഭവങ്ങളെ നിഷേധിക്കുന്നവരാണ് മുസ്ലീങ്ങളെ വര്‍ഗ്ഗവത്കരണങ്ങളിലൂടെ വിഭജിക്കാനായി രംഗത്ത് വന്നിരിക്കുന്നത്.
മൂന്നാമത്തെ കാര്യമാണ് 5 ഏക്കര്‍ ഭൂമി വേണമെന്ന ആവശ്യം. ചത്ത പശുക്കളുടെ തോലുരിക്കല്‍ പോലുള്ള ഹീനജോലികള്‍ നിഷേധിക്കപ്പെടുമ്പോഴുണ്ടാകുന്ന തൊഴിലില്ലായ്മയുടെ പരിഹാരമെന്ന; ദരിദ്രരായ ദലിതരുടെ അടിയന്തരമായ സാമ്പത്തികാവശ്യമെന്ന നിലയിലാണ് 5 ഏക്കര്‍ ഭൂമി പ്രസക്തമാകുന്നത്.
ഇതിന്നാധാരമായ അവഗണനയുടെ ചിത്രം മീരാ വേലായുധന്‍ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്. ”1996-നും 2000 ത്തിനും ഇടയില്‍ ഭൂവിതരണപദ്ധതിക്കു കീഴില്‍ ദലിതര്‍ക്കു 6000ത്തോളം ഏക്കര്‍ ഭൂമിയാണ് രേഖപ്രകാരം നല്‍കിയത്, എന്നാല്‍ അതില്‍ അവര്‍ക്ക് നിയമാവകാശമില്ല. ദലിതര്‍ ജീവിക്കുന്ന 12,500 ഗ്രാമങ്ങളില്‍ ഭൂവിതരണം നടന്നിട്ടില്ല.” ലേഖിക തുടര്‍ന്നെഴുതുന്നു. ”ഗുജറാത്തില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട 64, 000 ത്തിലധികം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും രണ്ടുലക്ഷം വരെയുള്ള ഫീസും ദലിതരെ വിദ്യാഭ്യാസത്തില്‍ നിന്നുമകറ്റി. കര്‍ഷകതൊഴിലാളികള്‍ക്കുള്ള ദിവസ വേതനം 176 രൂപയാണെങ്കിലും ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ദലിതര്‍ക്ക് കിട്ടുന്നത് 50-60 രൂപ മാത്രമാണ്.” ഇത്തരം പ്രശ്‌നങ്ങള്‍ കുടി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ദലിതരുടെ സാമ്പത്തിക വികസനത്തെ അഭിസംബോധന ചെയ്യാന്‍ ജിഗ്നേഷ് മേവാനിയ്ക്ക് കഴിയുമായിരുന്നു.

കേരളത്തില്‍, ഭൂമിയുടെ ഉടമസ്ഥാവകാശം കേവലമൊരു സാമ്പത്തികമാത്ര അവകാശമായിരിക്കുന്നതിനാലാണ് ലിബറല്‍ ഇടതുപക്ഷങ്ങള്‍ രക്ഷാപുരുഷന്മാരായി വന്നിരിക്കുന്നത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നിറുത്തിച്ചതിനെത്തുടര്‍ന്ന് വി.എസ്.അച്യുതാനന്ദനാണ് കേരളത്തിലൊരു ‘രണ്ടാം ഭൂപരിഷ്‌കരണം’ വേണമെന്ന ആവശ്യം മുന്നോട്ടു വച്ചത്. ഈ ആവശ്യത്തെ കെ.പി.എം.എസ്. അടക്കമുള്ള സംഘടനകളും, സാമൂഹ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയുണ്ടായി. അപ്പോഴൊന്നും, ഇടതുപക്ഷ ലിബറലുകളുടെ പിന്തുണയുണ്ടായില്ല. ഇതിനര്‍ത്ഥം, ജിഗ്നേഷ് മേവാനിയുടെ 5 ഏക്കര്‍ ഭൂമിയെന്ന ആവശ്യത്തെ കലവറയില്ലാതെ തുണയ്ക്കുന്നവരുടെ ലക്ഷ്യം. അംബേദ്കറിന്റെ സാമ്പത്തിക രാഷ്ട്രീയ ദര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് മാര്‍ക്‌സിസ്റ്റ് താര്‍ക്കിക യുക്തികളെ ദലിതരിലേക്ക് ഒളിപ്പിച്ചു കടത്തുകയാണ്.
ജിഗ്നേഷ് മേവാനി മുന്നോട്ടു വച്ച ആവശ്യങ്ങള്‍ നിഷേധിക്കേണ്ടതില്ല. മറിച്ചതിനെ നിയമാധിഷ്ഠിത ഭൂപരിഷ്‌കരണമാക്കി മാറ്റാനുള്ള പ്രക്ഷോഭങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ഇതിനായി, സാമുദായിക രാഷ്ട്രീയബന്ധങ്ങളുടെ പുനര്‍നിര്‍ണ്ണയത്തിനുതകുന്ന സംഘടനാപ്രവര്‍ത്തനങ്ങളാണാവശ്യം. ഇത്തരം വസ്തുതകളെ കണക്കിലെടുക്കാതെ യാണ് ഭൂമിയുടെ രാഷ്ട്രീയം കൈകാര്യംചെയ്യുന്നത്. ഒരുദാഹരണം നോക്കുക. രാജമാണിക്കം കമ്മിറ്റി ചൂണ്ടിക്കാണിച്ചിരിക്കുന്ന തോട്ടം മേഖലയിലെ 5 ലക്ഷം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെടുമ്പോള്‍, തോട്ടം ഭൂമി വ്യാവസായികാവശ്യത്തിനു മാത്രമാണ് വിനിയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലവിലുള്ള നിയമത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. അതായത് ഭൂമിയുടെ മേലുള്ള നിയമപരിരക്ഷയുടെ കുരുക്കഴിക്കാനുള്ള സാമുദായിക രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ, സര്‍ക്കാര്‍ നടപടികളിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം അടിത്തട്ട് ജനതയ്ക്കു ലഭിക്കുമെന്നത് ദിവാസ്വപ്നം മാത്രമാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ തെലുങ്കാനയില്‍ തുടക്കം കുറിച്ചതും, നക്‌സല്‍ബാരിയിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പിടിച്ചെടുത്തതുമായ ഭൂമി തിരിച്ചുനല്‍കേണ്ടി വന്നുവെന്ന താണ് ചരിത്രപാഠം. ഇത് മനസിലാക്കാതെ തങ്ങളുടെ അവസരവാദത്തിനും നിക്ഷിപ്ത താല്പര്യങ്ങള്‍ക്കും വേണ്ടി ഭൂസമരങ്ങളെ വഴിതിരിച്ചു വിടുന്നവരെ ഉദ്ദേശിച്ചും കൂടിയാണ് ‘നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവര്‍, അവരോടെനിക്കൊന്നും പറയാനില്ല എന്ന് ബുദ്ധന്‍ ആനന്ദനോട് പറഞ്ഞത്.’

Top