ഒരു സമത്വ സംഗീതം ദളിത് പോപ് സംഗീതത്തിന്റെ വിജയഗാഥകള്‍

ദളിത് പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി ബാബാ സാഹേബിന്റെ സ്തുതികളും സന്ദേശങ്ങളും രാജ്യത്താകമാനം പ്രചരിപ്പിക്കുന്ന, അസമത്വത്തെയും ബ്രാഹ്മണ സംഘടനയെയും തകര്‍ത്തെറിയുന്ന ധാരാളം കവികള്‍ക്കും നാടോടി സംഗീതജ്ഞര്‍ക്കും പഴങ്കഥപ്പാട്ടുകാര്‍ക്കും ജന്മം നല്കിയിട്ടുണ്ട്. തുടക്കം മുതല്‍ക്കേ, ഈ വിപ്ലവ സംഗീതം, ഉദാഹരണത്തിന് ഭീം ഗീത് (അംബേദ്കര്‍ ഗാനങ്ങള്‍) സംഗ്രഹങ്ങള്‍ മഹാരാഷ്ട്രയിലെ അവകാശ പ്രക്ഷോഭങ്ങളുടെ ജീവരക്തമായിരുന്നു. ഇന്ന് സംഗീതജ്ഞര്‍ക്ക് കൂടുതല്‍ വലിയ സ്വപ്നങ്ങളുണ്ട്. മഹിക്ക് ബോളിവുഡിലെ പിന്നണിഗായികയാകാനാണ് ആഗ്രഹം. കുറച്ചു കാലം മുന്‍പു വരെ പിന്നണി ഗായകരും സംഗീതജ്ഞരും അവരുടെ ജാതി സ്വത്വം മറച്ചുവച്ചിരുന്നു. പുത്തന്‍ തലമുറ അത് തുറന്നുകാണിക്കുന്നു. അവരുടെ വരികള്‍, അവരുടെ ചരിത്രത്തില്‍ നിന്നുള്ളതാണ്. അവരുടെ വീഡിയോകള്‍ അംബേദ്കര്‍ ചിത്രങ്ങളാലും ബുദ്ധ പ്രതിമകളാലും നിറഞ്ഞു നില്‍ക്കുന്നു.

‘എനിക്ക് ജാതിയെക്കുറിച്ച് സംസാരിക്കേണ്ട, എനിക്കത് തകര്‍ക്കണം’ പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള പതിനേഴുകാരി നാടോടി പോപ് സംഗീത തരംഗം ഗിന്നി മഹി പറയുന്നു. അവളുടെ ഏറ്റവും പുതിയ പാട്ട് ഫാന്‍ ബാബാ സാഹിബ് ധി (അംബേദ്ക്കറിന്റെ ആരാധിക)ഭരണഘടനാ ശില്പിയോടും അദ്ദേഹത്തിന്റെ വിമോചനപരമായ ചിന്തകളോടും എഴുത്തുകളോടുമുള്ള അവളുടെ ആരാധന വിളിച്ചറിയിക്കുന്നതാണ്. ”ഗുരു രവിദാസിനെക്കുറിച്ചും ഗുരു നാനാക്കിനെക്കുറിച്ചും കബീറിനെക്കുറിച്ചും അംബേദ്കറിനെക്കുറിച്ചും ഞാന്‍ പാടുന്നു. സമത്വത്തിന്റെ സന്ദേശങ്ങളായിരുന്നു അവരുടേത്.ജാതി വിവേചനത്തിന് അറുതിവരുത്താന്‍ അവരാഹ്വാനം ചെയ്തു”.

ദളിത് പ്രസ്ഥാനങ്ങളുടെ സംഗീതത്തെ നിലനില്‍ക്കുന്ന നാടന്‍ ശീലുകളും പാശ്ചാത്യരീതികളുമായി സമ്മേളിപ്പിച്ച് അടിമുടി മാറ്റം വരുത്തി പുത്തന്‍ ശ്രോതാക്കളെ ആകര്‍ഷിക്കുന്ന ന്യൂജനറേഷന്‍ സംഗീതജ്ഞരില്‍ ഒരാള്‍ മാത്രമാണ് മഹി.

ദളിത് പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി ബാബാ സാഹേബിന്റെ സ്തുതികളും സന്ദേശങ്ങളും രാജ്യത്താകമാനം പ്രചരിപ്പിക്കുന്ന, അസമത്വത്തെയും ബ്രാഹ്മണ സംഘടന യെയും തകര്‍ത്തെറിയുന്ന ധാരാളം കവികള്‍ക്കും നാടോടി സംഗീതജ്ഞര്‍ക്കുംപഴങ്കഥപ്പാട്ടുകാര്‍ക്കും ജന്മം നല്കിയിട്ടുണ്ട്. തുടക്കം മുതല്‍ക്കേ, ഈ വിപ്ലവ സംഗീതം, ഉദാഹരണത്തിന് ഭീം ഗീത് (അംബേദ്കര്‍ ഗാനങ്ങള്‍) സംഗ്രഹങ്ങള്‍ മഹാരാഷ്ട്രയിലെ അവകാശ പ്രക്ഷോഭങ്ങളുടെ ജീവരക്തമായിരുന്നു. ഇന്ന് സംഗീതജ്ഞര്‍ക്ക് കൂടുതല്‍ വലിയ സ്വപ്നങ്ങളുണ്ട്. മഹിക്ക് ബോളിവുഡിലെ പിന്നണിഗായികയാകാനാണ് ആഗ്രഹം. കുറച്ചു കാലം മുന്‍പു വരെ പിന്നണി ഗായകരും സംഗീതജ്ഞരും അവരുടെ ജാതി സ്വത്വം മറച്ചുവച്ചിരുന്നു. പുത്തന്‍ തലമുറ അത് തുറന്നുകാണിക്കുന്നു. അവരുടെ വരികള്‍, അവരുടെ ചരിത്രത്തില്‍ നിന്നുള്ളതാണ്. അവരുടെ വീഡിയോകള്‍ അംബേദ്കര്‍ ചിത്രങ്ങളാലും ബുദ്ധ പ്രതിമകളാലും നിറഞ്ഞു നില്‍ക്കുന്നു.

നാടന്‍ പാട്ടുകളും കവിതകളുമായിരുന്നു സമത്വാശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള പഴയ മാര്‍ഗ്ഗങ്ങള്‍. ആശയങ്ങള്‍ വളരെ വേഗം പ്രചരിപ്പിക്കാനായതില്‍ അംബേദ്കര്‍ കവികളെ പ്രശംസിച്ചിട്ടുണ്ടെന്ന്, നയി മുംബൈയില്‍ നിന്നുള്ള കബീര്‍ ഷാക്യാ 2011- ല്‍ ”അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് ഗോസ്പല്‍ ബാന്‍ഡ്” എന്ന് അദ്ദേഹം തന്നെ വിളിക്കുന്ന, ധമ്മം വിംഗ് ആരംഭിച്ച വ്യക്തി പറയുന്നു. ‘ഇന്ന് ഇതേ കാര്യങ്ങള്‍ കുറച്ചുകൂടി ആധുനികവല്‍കരിച്ച് പറയേണ്ടിയിരിക്കുന്നു. ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ വളരെ നല്ല വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇംഗ്ലീഷില്‍ സംഗീതം ചെയ്തത്. ഞങ്ങള്‍ കോളേജുകളില്‍ പരിപാടി നടത്താറുണ്ട്. റോക്കും പോപ്പുമെല്ലാം, ബുദ്ധിസ്റ്റുകളല്ലാത്തവര്‍ക്കും എന്റെ സംഗീതം ഇഷ്ടമാണ്. എന്നാല്‍ ജാതി ദളിത് പോപ്പുകളില്‍ വിദൂരമല്ല. ഷാക്യ പറയുന്നു. ”ഞങ്ങളുടെ മുഴുവന്‍ സ്വത്വവും അംബേദ്കറിലാണ് കുടികൊള്ളുന്നത്. ദീവാന ബുദ്ധാ ഭീം ജി താ എന്ന തന്റെ പാട്ട് ചൂണ്ടി അദ്ദേഹം പറയുന്നു. ”ഞാനൊരു കീഴാള വിഭാഗത്തില്‍ നിന്നുള്ള ആളാണ്. ആരോ ജാതിയുടെ ദൗര്‍ബല്യങ്ങള്‍ ഞങ്ങളില്‍ കുത്തിയിറക്കി. അംബേദ്കര്‍ എന്ന വൈദ്യന്‍ വന്നത് സുഖപ്പെടുത്തി. സുഖപ്പെട്ട തലമുറയില്‍പ്പെട്ടയാളാണ് ഞാന്‍. സ്വാഭാവികമായും ഞാനദ്ദേഹത്തിന്റെ ആരാധകനായി., അദ്ദേഹത്തിന്റെ ദീവാനാ. ഇതേ വികാരം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാം. അംബേദ്കര്‍ പോരാട്ടത്തിന്റെ പ്രതീകമാണ്”.

അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലെ കറുത്തവര്‍ഗ്ഗ പ്രതിഷേധ സ്വരങ്ങളായാണ് സംഗീതത്തിന്റെ രാഷ്ട്രീയ ശബ്ദം മുഴങ്ങി കേട്ടത്. ”എന്റെ എല്ലാ കലയും രാഷ്ട്രീയമാണ്. യു. എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അംബേദ്കറൈറ്റ് ഗായിക തേന്മൊഴി സൗന്ദരരാജന്‍ പറയുന്നു. ”സാമൂഹികമായി ഇടപെടുന്ന ഒരു കലാകാരിയാണു ഞാന്‍. അതുകൊണ്ട് എന്റെ എല്ലാ മാധ്യമങ്ങളും സിനിമയോ സംഗീതമോ ഫോട്ടോഗ്രാഫിയോ എല്ലാം തന്നെ പോരാട്ടത്തില്‍ വേരൂന്നിയതും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടതുമാണ്. ഒരു സംഗീതജ്ഞ എന്ന നിലയ്ക്ക് എന്നെ തന്നെ അയാളപ്പെടുത്താന്‍ റോക്കും ബ്ലൂസുമാണ് ഞാന്‍ തിരഞ്ഞെടുത്തത്. അതൊരു മിശ്രണം പോലെയാണെന്നിക്ക്. അവ പ്രതിരോധത്തിന്റെ പാരമ്പര്യമാണ്. ഞാന്‍ പാടുമ്പോള്‍, ആ ശോഭയിലും രോഷത്തിലും വിസ്മയത്തിലും നിന്നാണ് പാടുക”. ഈ ആവേശഭരിതയായ ഈ ഗായിക പറയുന്നതനുസരിച്ച്, ”കല എല്ലായ്‌പ്പോഴു സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനമാണ്”. കലയ്ക്ക് ഹൃദയങ്ങളെ ചലിപ്പിക്കാനാവുമെന്നവര്‍ക്കറിയാം.

മഹി, ജലന്ധറിലെ ഹന്‍സ് രാജ് മഹിളാ മഹാ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ഉച്ചഭക്ഷണ സമയത്ത് ഒരു സഹപാഠി വന്ന് അവളുടെ ജാതി ചോദിച്ചു. ‘പട്ടികജാതി വിഭാഗത്തിലെന്ന് ഞാനവളോട് പറഞ്ഞപ്പോള്‍ അവള്‍ ചോജിച്ചു. ‘ഏത് ഉപജാതിയെന്ന്? ഞാന്‍ ചാമറാണെന്ന് മറുപടി പറഞ്ഞു. ചാമറുകള്‍ അപകടകാരികളാണെന്ന് അവള്‍ പറഞ്ഞു. അങ്ങിനെയാണ് ‘അപകടകാരിയായ ചാമര്‍’ ജന്മമെടുക്കുന്നത്. 2015 ലെ സൂപ്പര്‍ ഹിറ്റോടുകൂടി ദളിത് പോപ്പ് സംഗീത രംഗത്തെ ഏറ്റവും ശക്തമായ സാന്നിദ്ധ്യമായി മഹി മാറി. ഒരു പോപ്പില്‍, കറുത്ത ജാക്കറ്റിട്ട് ടാറ്റൂ ചെയ്ത ശരീരം പ്രദര്‍ശിപ്പിക്കുന്ന ആണുങ്ങള്‍ക്കിടയില്‍ ഉറച്ച ഭാവത്തില്‍ മഹി പാടി. എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതിനെക്കുറിച്ചും, രവിദാസിനെ ആരാധിക്കുന്ന ദളിത് ചാമര്‍ വിഭാഗങ്ങളുടെ നിലപാടുകള്‍ ഊന്നിപ്പറയുകയാണ് ആ ഗാനം. ‘ഞങ്ങള്‍ക്ക് ആയുധങ്ങള്‍ ആവശ്യമില്ല, ഞങ്ങള്‍ പോരാട്ടങ്ങളെ ഭയക്കുന്നുമില്ല. ത്യാഗത്തിന് ഞങ്ങള്‍ എല്ലായ്‌പ്പോഴും തയ്യാറാണ്’. വരികളുടെ അര്‍ത്ഥം വിവരിച്ചുകൊണ്ട് ഫോണിലൂടെ മനോഹരമായി ഗാനമാലപിക്കുകയും ചെയ്തു മഹി. താഴ്ന്ന സ്ഥായിയിലുള്ള ശബ്ദത്തിന്റെ ശക്തിയും ആത്മവിശ്വാസവും അവളുടെ സംഗീതത്തെ സാന്ദ്രമാക്കുന്നു.

തന്റേതായി ആറു ആല്‍ബങ്ങളുള്ള മഹി 15-16 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദളിത് സന്യാസിയായിരുന്ന രവിദാസിനെ പിന്തുടരുന്ന അംബേദ്കറൈറ്റ് കുടുംബത്തില്‍ വളര്‍ന്നതിനെക്കുറിച്ച് പറയുന്നു. മഹിയുടെ ഗാനങ്ങള്‍ അവളുടെ ആരാധനമൂര്‍ത്തികളുടെ ശക്തമായ സ്തുതികളാണ്. ‘ഒരു ഗായിക എന്ന നിലയ്ക്ക്, ഞങ്ങളുടെ അവകാശങ്ങള്‍ നേടിത്തന്നതിന് അംബേദ്കര്‍ജിയോട് എനിക്ക് നന്ദിയുണ്ട്. ഞങ്ങളദ്ദേഹത്തോട് കടപ്പെട്ടവരാണ്’. വിദൂരദേശമായ കാലിഫോര്‍ണിയയിലും തെന്മൊഴി സൗന്ദരരാജന്‍ അറിയപ്പെടുന്നു. ഒരു റാഡിക്കല്‍ ഹിസ്റ്ററി പ്രോജക്ടായ ‘ദളിത് ഹിസ്റ്ററി മന്തിന്റെ’ നടത്തിപ്പുകാരില്‍ ഒരാളായ അവള്‍ കാലിഫോര്‍ണിയ പാഠപുസ്തകങ്ങളില്‍ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതിനെതിരെ വിജയകരമായി പ്രചരണം നടത്തിയിരുന്നു. ‘തലമുറകളായുള്ള പോരാട്ടത്തിന്റെയും ദളിത് സ്ത്രീ ശക്തിയേയും കുറിക്കുന്ന ബ്ലൂസ് ഗീതമായിരുന്നു എന്റെ ആദ്യ ഗാനം. ദളിത് കലാശാഖകളില്‍ നമുക്ക് എല്ലാത്തരം സംഗീതവും ഉണ്ടാവണം. പാരമ്പര്യ നാടന്‍ പാട്ടുകള്‍, റോക്ക് ചലച്ചിത്ര ഗാനങ്ങള്‍, റെഗ്ഗേ എല്ലാം. മഹത്തായ കല സൃഷ്ടിക്കുന്നതിനാവശ്യമായ അനുഭവം പ്രദാനം ചെയ്യുന്ന, അനന്യവും ശക്തവുമായ വാതായാനമാണ് ദളിതായിരിക്കുക എന്നത്’.

ഷാക്യയുടെ സംഗീതാഭിരുചിക്ക് പിന്നില്‍ മൈക്കിള്‍ ജാക്‌സണിന്റെയും ബോബ് മാര്‍ലിയുടെയും പോരാട്ട ഗാനങ്ങളാണ് ഉള്ളത്. കോളേജില്‍, സാംസ്‌കാരിക പരിപാടികളില്‍ ഗിറ്റാര്‍ വായിക്കുകയും സാംസ്‌കാരിക സമിതികളില്‍ അംഗവുമായിരുന്നു അദ്ദേഹം. ബിരുദത്തിനു ശേഷം, മുംബൈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ചില തായ് സന്യാസികളെ കണ്ടുമുട്ടിയതോടെ ജീവിതത്തില്‍ വളരെ പെട്ടെന്ന് ആത്മീയമായ ചെറിയ മാറ്റം വന്നു. ”പരമാനന്ദകരമായ മൂന്ന് മാസക്കാലം ഞാന്‍ ബീഹാറിലെ ബോധ് ഗയയില്‍ ഒരു സന്യാസിയായിരുന്നു. അവിടെ ഞാന്‍ അംബേദ്കറിന്റെ പ്രതിമ കണ്ടു. അതെന്നെ എന്റെ വളര്‍ച്ചയെക്കുറിച്ച് വിചിന്തനം ചെയ്യാന്‍ പ്രാപ്തനാക്കി. അദ്ദേഹത്തിന്റെ ചിന്തകള്‍ ഉപകാരപ്രദമാണെന്നും അവ പ്രചരിപ്പിക്കേണ്ടതാണെന്നും എനിക്ക് തോന്നി”.

ഗാനങ്ങളെ മാധ്യമമാക്കിയെടുത്തുകൊണ്ട് ഷാക്യ അഞ്ചുപേരടങ്ങുന്ന ധമ്മവിംഗിനെ സുഹൃത്തുക്കളെ ചേര്‍ത്ത് വികസിപ്പിച്ചു. ചരിത്രത്തെക്കുറിച്ച് ആളുകളെ ബോധവല്‍കരിക്കുകയും നല്ല ചിന്താഗതി ഉണ്ടാക്കിയെടുക്കുകയാണ് ബാന്റിന്റെ ലക്ഷ്യങ്ങള്‍. ‘ഞാന്‍ രണ്ടു വര്‍ഷക്കാലം അംബേദ്കറിനെ വായിച്ചു. ഇന്ത്യ ചരിത്രം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. ദളിത് ചരിത്രം എത്രമാത്രം അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ ചരിത്രം വീണ്ടെടുക്കണം. ഞങ്ങളത് നേടുംവരെ ഞങ്ങളുടെ പ്രയാണം തടസ്സപ്പെടില്ല”. ഷാക്യ പറയുന്നു.

2011 ‘ദ ലെജന്റ് ഓഫ് ബോധിസത്വ’ എന്ന ആദ്യ ആല്‍ബത്തോടെ ബാന്‍ഡ് വിപണിയിലിറങ്ങി തുടര്‍ന്ന് ‘ജയ് ഭിം സേ’ യും അന്തരിച്ച വാമന്തദ കര്‍ക്കിന്റെ പ്രശസ്തമായ ‘ചാന്ദന്യചി ചയ്യ’യുടെ ആധുനികാലാപനവും ചെയ്തു. കന്നടയിലും ഗുജറാത്തിയും ഒരു റോക്ക് ആല്‍ബത്തിന്റെ പണിപ്പുരയിലാണവര്‍. വിവിധ സംസ്ഥാനങ്ങളിലെ സംഗീതജ്ഞരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്. ഹിന്ദിയിലും മറാത്തിയിലും പാലിയിലും വരെ പരിപാടി നടത്താറുണ്ട്.

വടക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഹേമന്ദ് കുമാര്‍ ബൗദ്ധയും താരാനും ബോധയും സംഗീതത്തില്‍ ബിരുദാനന്തരബിരുദവും ചെയ്യുകയാണ്. ദലിത് പോപ് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അവര്‍ സ്വയം കാണുന്നത്. ടി സിരീസ് ലേബലില്‍ ഡിവിഡിയായി പുറത്തിറങ്ങാനിരിക്കുകയാണ്. ‘ജയ് ഭീം ലഗേ ജബ് നാരാ’ എന്ന അവരുടെ ഏറ്റവും പുതിയ ആല്‍ബം. ‘ഹം ഹേയ് നയാ, അന്താസ് ക്യൂം ഹോ പുരാണാ? (ഞങ്ങള്‍ ചെറുപ്പമാണ്, എന്തിന് ഞങ്ങളുടെ ശൈലി പഴയതാവണം) എന്ന് ബൗദ്ധ കളിപറയുന്നു.

ബോധ് കൂടുതല്‍ കലഹപ്രിയനാണ്. ”ബോളിവുഡില്‍ എത്രയോ ദളിത് ഗായകരുണ്ട്. പക്ഷേ, എത്രപേര്‍ ജാതിയെക്കുറിച്ച് പാടുന്നു? ഞങ്ങള്‍ക്ക് സംസരിക്കാനാവകാശമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നു ഞാന്‍ പാടുന്നു. അംബേദ്കറിന്റെ ദൗത്യം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ എന്റെ സംഗീതം വിഫലമായിപ്പോകും. രാജ്യത്തിന് പുതിയ സംഗീതം നല്കണമെന്ന് ഞങ്ങള്‍ക്കെല്ലാമുണ്ട്. ഞങ്ങളുടെ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ശബ്ദം ലഭിക്കുമ്പോള്‍ കൂടുതല്‍ രചനകള്‍ സൃഷ്ടിക്കപ്പെടും”.

രോഹിത് വേമൂലയുടെ ആത്മഹത്യ ഈ കലാപ്രവര്‍ത്തകര്‍ക്കിടയില്‍ പലരുടെയും ചിന്തകളെ ആളിക്കത്തിച്ചിട്ടുണ്ട്. ഭീം ഗീതത്തില്‍ പുത്തന്‍ അദ്ധ്യായങ്ങള്‍ക്കായുള്ള പ്രത്യാശ മിന്നിത്തിളങ്ങുന്നു. ബൗദ്ധയുടെ വരികള്‍ ഇത് വെളിവാക്കുന്നു: അബ് തക് ജോ ഹമാരേ, സാത് ഹുവാ ഉസ്‌കാ, ഗും നഹി/ലേകിന്‍ അബ് ജമാനേ കോ ദിവാനാ ഹേയ്, ഹം കിസി സേ കം നഹി (ഞങ്ങള്‍ക്ക് ഇതുവരെ സംഭവിച്ചതോര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നില്ല/എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മറ്റാരെക്കാളും പിന്നിലല്ല എന്ന് ഈ ലോകത്തെ കാണിക്കണം).
_________________________
(മുംബൈയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ് രാഹി ഹെയ്ക്‌വാദ്- വിവര്‍ത്തനം: രാധു രാജ്)

Top