ധര്‍മ്മദിനം: പ്രബുദ്ധതയുടെ സിംഹനാദവും കാരുണ്യഭാഷണവും മുഴങ്ങിയ ചരിത്രമഹൂര്‍ത്തം
ജൈനസംസ്‌കാരത്തിലെ ഗുരുപൂര്‍ണിമയുടെ ചരിത്രപശ്ചാത്തലമിതാണ്. ഏതായാലും ശ്രമണമായ ബോധോദയ ചിന്തയുടേയും ധമ്മചിന്തയുടേയും വിമോചനമാര്‍ഗത്തിന്റേയും തുടക്കം സൂചിപ്പിക്കുന്ന ധമ്മദിനം ഇന്ന് ബഹുജനങ്ങള്‍ ഇന്ത്യയിലും ഏഷ്യയിലും പാശ്ചാത്യനാടുകളിലും വിപുലമായി അറിഞ്ഞും ആചരിച്ചും വരികയാണ്. പ്രബുദ്ധതയുടെ ധമ്മഭാഷണ ദിനത്തില്‍ സര്‍വചരാചരങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ എന്നു പ്രത്യാശിക്കാം. ധമ്മത്തിന്റേയും നീതിയുടേയും സാഹോദര്യത്തിന്റേയും പുത്തന്‍ പാതകള്‍ തുറക്കട്ടെ, സമഗ്രാധിപത്യങ്ങളും അധീശ വ്യവഹാരങ്ങളും വഴിമാറട്ടെ.
- മാബലി വാണുള്ളൊരീ രാജ്യത്തു രണ്ടാമതും ഭാവുക ബുദ്ധധര്‍മ്മം നിത്യമായ് വളരട്ടെ.
സഹോദരനയ്യപ്പന്‍, ”സ്വാഗതപത്രം’‘
ജൂലൈ പത്തൊമ്പത് ഗുരുപൂര്‍ണിമയായും വ്യാസപൂര്‍ണിമയായും ധര്‍മ്മദിനമായുമെല്ലാം ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലും മ്യാന്‍മാറിലും തായ്‌ലന്റിലും ശ്രീലങ്കയിലും കമ്പോഡിയയിലും വിയറ്റ്‌നാമിലും കൊറിയയിലും ജപ്പാനിലും മലേഷ്യയിലുമെല്ലാം ആഘോഷിക്കപ്പെടുന്നു. ആഷാഡത്തിലെ പൗര്‍ണമിയാണ് ധമ്മദിനം. വൈശാഖത്തിലെ പൗര്‍ണമിയാണ് ബുദ്ധപൂര്‍ണിമ. ബുദ്ധന്റെ ജനനവും ബോധോദയവും മഹാപരിനിബാണവും ഒന്നിച്ചു വരുന്ന പൗര്‍ണമിയാണ് ബുദ്ധപൂര്‍ണിമ. അതു പോലെ തന്നെ ശകവര്‍ഷപ്രകാരം ആഷാഡത്തിലെ പൗര്‍ണമിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചരിത്ര ഭാഷണം. തന്റെ ധമ്മചിന്തയെ (ഹൈന്ദവമായ വര്‍ണാശ്രമധര്‍മത്തില്‍ നിന്നും വ്യവഛേദിക്കാനാണ് പാലി വാക്കായ ധമ്മം ഉപയോഗിക്കുന്നത്) ലോകസമക്ഷം ശാക്യജിനമുനി അവതരിപ്പിച്ച ദിനമാണ് ധമ്മദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്.
2016 ലെ ധമ്മദിവസം ജൂലൈ 19 ആണ്. പാലിയില്‍ ധമ്മചക്കപ്പവത്തന (ധര്‍മചക്രപ്രവര്‍ത്തനം എന്നു സംസ്‌കൃതം) ദിനമാണ് ധമ്മദിനമായി ചുരുക്കത്തില്‍ അറിയപ്പെടുന്നത്. ഗൗതമബുദ്ധന്‍ നടത്തിയ ആദ്യ ധമ്മപ്രഭാഷണത്തിന്റെ വാര്‍ഷികദിനമാണത്. ഇരുകൈവിരലുകളും വര്‍ത്തുളമായി ചേര്‍ത്തു കൊണ്ട് നിരന്തരം തിരിയുന്ന ലോകത്തേയും കാലത്തേയും ചക്രബിംബത്തില്‍ സൂചിപ്പിക്കുന്ന ബുദ്ധന്റെ ധമ്മചക്കപ്പവത്തന മുദ്ര അദ്ദേഹത്തിന്റെ ജൈവീകമായ ഭൂമീസ്പര്‍ശ മുദ്രപോലെ വിഖ്യാതമാണല്ലോ. ഗയയിലെ പോതിമരത്തിനു കീഴിലിരുന്ന് ധ്യാനിച്ച് ബോധോദയത്തിലേക്കുണര്‍ന്ന പുത്തര്‍ തുടര്‍ന്ന് ഒരു മാസത്തോളം സഞ്ചരിച്ച് സാരാനാഥിലെ മൃഗവാടിയിലെത്തി ആദ്യശിഷ്യഗണങ്ങളെ സംബോധന ചെയ്തുകൊണ്ട് നീണ്ട ബോധനഭാഷണം തുടങ്ങിയ ദിവസമാണത്. നീതിയുടേയും ധമ്മത്തിന്റേയും ഈ ചരിത്രഭാഷണത്തേയാണ് സാരാനാഥിലെ അശോകസ്തംഭത്തില്‍ മൗര്യചക്രവര്‍ത്തി ധമ്മചക്രത്തിനു മുകളില്‍ നാലുദിക്കുകളിലേക്കും തലയെടുത്തു നിന്നു ഗര്‍ജിക്കുന്ന സിംഹരൂപങ്ങളിലൂടെ അനശ്വരമാക്കിയത്. ശാക്യസിംഹന്റെ സിംഹനാദം ലോകത്തിന്റെ നാലു ദിക്കുകളിലേക്കും മാറ്റൊലിക്കൊള്ളുന്നതിന്റെ അര്‍ഥഗര്‍ഭമായ ശില്പമാതൃകയാണത്. അതിനും മുമ്പ് കലിംഗത്ത് ധൗലിഗിരിയില്‍ ശിലാഗര്‍ഭത്തില്‍ നിന്നും പുറത്തു വരുന്ന ഗജോത്തമനായാണ് അശോകന്‍ തന്റെ ദാര്‍ശനികനും നൈതിക മാതൃകയുമായ പുത്തരെ ആദ്യം അടയാളപ്പെടുത്തിയത്. ലോകമെമ്പാടും പരന്ന ഗജപൃഷ്ഠ വാസ്തുശില്പത്തിന്റെ ഉദയവും ഭുവനേശ്വരിലെ ധൗലിയിലാണ്.
വര്‍ഷകാലാചരണമായ ബര്‍സ അഥവാ വസ്സ എന്ന ബൗദ്ധാചരണത്തിന്റെ തുടക്കവും പുത്തരുടെ ഒരുമാസം നീണ്ട ഈ പ്രഭാഷണ സംവാദമാണ്.
2016 ജൂലൈ 19 കേരളബുദ്ധനെന്ന് ക്രാന്ദദര്‍ശികളായ കവികള്‍ കറുപ്പനും, മൂലൂരും സഹോദരനും വിളിച്ച നാണുഗുരുവിന്റെ വല്‍സലശിഷ്യനും ഹിന്ദുസാമ്രാജ്യത്തചരിത്രം (1941) എഴുതി ഇംഗ്ലീഷിലും മലയാളത്തിലും പാക്കിസ്ഥാനില്‍ നിന്നും പ്രസിദ്ധീകരിച്ച സ്വാമി ജോണ്‍ ധര്‍മതീര്‍ഥരുടെ നാല്‍പ്പതാം ചരമവാര്‍ഷികദിനം കൂടിയാണ്. തമിളകത്തെ അയ്യോതി താസരുടെ ഇന്ദിരര്‍ ദേശചരിത്രം പോലെ തന്നെ യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ബൗദ്ധചരിത്രവും കൂടിയാണ് ധര്‍മതീര്‍ഥരുടെ നിശിതമായ ഹൈന്ദവബ്രാഹ്മണമത വിമര്‍ശം. സായിപ്പിന്റെ ഭരണം പലതലങ്ങളില്‍ ഗുണകരമാണെന്നും, നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാരാണവരെന്നും ശ്രുതിസ്മൃതികള്‍ നോക്കി ഭരിക്കുന്ന രാമാദികളുടെ കാലത്തായിരുന്നെങ്കില്‍ ശൂദ്രനായ ശംബൂകന്റെ ഗതിയേക്കാള്‍ കഷ്ടമാകും ചണ്ടാളനായ തന്റെ ഗതിയെന്നും ഉറക്കെ പ്രഖ്യാപിച്ച 1888 ലെ വിധ്വംസകമായ അരുവിപ്പുറം പ്രതിഷ്ഠാപന കലയിലൂടെ ബ്രാഹ്മണമതത്തിന്റെ അടിത്തറയിളക്കിയ, പുരുഷസൂക്തമെന്ന വര്‍ണാശ്രമധര്‍മത്തിന്റേയും ജാതിയുടേയും ആധാരപാഠമടങ്ങുന്ന വേദത്തേയും വര്‍ണസങ്കരം തടയുകയും മുഖം നോക്കാതെ സഹോദരങ്ങളേയും ഉറ്റവരേയും പോലും കൊല്ലാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഗീതയേയും കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം പുലര്‍ത്തുകയും, ജാതിയും മതവും ദൈവവുമല്ല ധര്‍മമാണു വേണ്ടതെന്നു ആധുനികവിദ്യാഭ്യാസവും വിമര്‍ശബോധവുമുള്ള ശിഷ്യനായ സഹോദരന്‍ പറഞ്ഞപ്പോള്‍ അതിനേയും അംഗീകരിക്കുകയും, 1917 ലെ മിശ്രഭോജനം നടത്തി അടികൊണ്ടു വന്ന സഹോദരന് ക്രിസ്തുവിനെ പോലെ ക്ഷമിക്കാനുപദേശിച്ച് സ്വന്തം കൈപ്പടയില്‍ മിശ്രഭോജനം മാത്രമല്ല മിശ്രവിവാഹവും കൂടി നടത്തേണ്ടതിന്റെ അനിവാര്യതയേക്കുറിച്ച് മഹാസന്ദേശം എഴുതിനല്‍കുകയും ചെയ്ത നാരായണഗുരുവിന്റെ വിമര്‍ശപാരമ്പര്യത്തെ ഏറെ മുന്നോട്ടു കൊണ്ടു പോയ പ്രബുദ്ധ ശിഷ്യനായിരുന്നു സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍.
_____________________________________
ഹിന്ദുക്കളാവാനല്ല, മനുഷ്യരാകാനും മനുഷ്യന്‍ നന്നാകാനുമാണ് കേരളപുത്തരായ നാണുഗുരു പഠിപ്പിച്ചത്. മതങ്ങളേ ആധാരമാക്കാം സ്വതന്ത്രമായ അപരോന്മുഖവും നൈതികവുമായ യുക്തിചിന്തയിലൂടെയും ധമ്മബോധത്തിലൂടെയും വിമോചനം ആവാം എന്നതായിരുന്നു മതനിരപേക്ഷവും ബഹുസ്വരവുമായ അദ്ദേഹത്തിന്റെ ദര്‍ശനം. അംബേദ്കര്‍ പറഞ്ഞിട്ടുള്ളതു പോലെ മതത്തിനു വേണ്ടിയല്ല മനുഷ്യന്‍, മനുഷ്യനുവേണ്ടിയാകണം മതം. മനുഷ്യരുടെ ആധുനിക ജീവിതത്തിനും ജനായത്തമൂല്യങ്ങള്‍ക്കും ഭീഷണിയാവുന്ന ഒരു പാഷണ്ഡമതത്തേയും നാം ചുമക്കേണ്ടതില്ല എന്നതാണീ വിമോചന സന്ദേശങ്ങളുടെ സുവ്യക്തമായ സൂചന. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിതാന്ത ഭീഷണിയായ ശ്രേണീകൃത അസമത്വമായ ജാതിയുടെ മതത്തെ വിമര്‍ശനൈതിക ബോധത്തോടെ ലോകക്ഷേമത്തിനായി നിരാകരിക്കേണ്ടിയിരിക്കുന്നു.
_____________________________________
ഹിന്ദുക്കളാവാനല്ല, മനുഷ്യരാകാനും മനുഷ്യന്‍ നന്നാകാനുമാണ് കേരളപുത്തരായ നാണുഗുരു പഠിപ്പിച്ചത്. മതങ്ങളേ ആധാരമാക്കാം സ്വതന്ത്രമായ അപരോന്മുഖവും നൈതികവുമായ യുക്തിചിന്തയിലൂടെയും ധമ്മബോധത്തിലൂടെയും വിമോചനം ആവാം എന്നതായിരുന്നു മതനിരപേക്ഷവും ബഹുസ്വരവുമായ അദ്ദേഹത്തിന്റെ ദര്‍ശനം. അംബേദ്കര്‍ പറഞ്ഞിട്ടുള്ളതു പോലെ മതത്തിനു വേണ്ടിയല്ല മനുഷ്യന്‍, മനുഷ്യനുവേണ്ടിയാകണം മതം. മനുഷ്യരുടെ ആധുനിക ജീവിതത്തിനും ജനായത്തമൂല്യങ്ങള്‍ക്കും ഭീഷണിയാവുന്ന ഒരു പാഷണ്ഡമതത്തേയും നാം ചുമക്കേണ്ടതില്ല എന്നതാണീ വിമോചന സന്ദേശങ്ങളുടെ സുവ്യക്തമായ സൂചന. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിതാന്ത ഭീഷണിയായ ശ്രേണീകൃത അസമത്വമായ ജാതിയുടെ മതത്തെ വിമര്‍ശനൈതിക ബോധത്തോടെ ലോകക്ഷേമത്തിനായി നിരാകരിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് ഇന്ന് നവബുദ്ധനായി ബഹുജനങ്ങള്‍ കാണുന്ന അംബേദ്കര്‍ വ്യക്തമാക്കിയിട്ടുള്ളതു പോലെ ബുദ്ധചിന്തയുടെ വര്‍ത്തമാന വിമോചന പ്രസക്തി. അതൊരു മതമല്ല മറിച്ച് സാമൂഹ്യ തത്വചിന്തയാണ് എന്നതാണ് രാഷ്ട്രീയ ബൗദ്ധവാദമായ അംബേദ്കറൈറ്റ് ബുദ്ധിസം അഥവാ നവയാനം വിവക്ഷിക്കുന്നത്. എലീനര്‍ സെല്യോട്ടും ഓംവത്തും മറ്റും നിരവധി അക്കാദമിക പഠനങ്ങളിലൂടെ വെളിപ്പെടുത്തിയതു പോലെ ജാതിക്കും വര്‍ണത്തിനും ബ്രാഹ്മണ്യത്തിനുമെതിരായ വിമോചന പ്രതിരോധമാണത്. തന്റെ ജനായത്ത സങ്കല്‍പ്പം വികസിപ്പിക്കുന്നതും തന്റെ ഗുരുവായ ബുദ്ധനില്‍ നിന്നും അദ്ദേഹത്തിന്റെ സംഘത്തില്‍ നിന്നുമാണെന്നും ജീവിതാന്ത്യത്തിനടുത്തു ബി. ബി. സി. യില്‍ നടത്തിയ ചരിത്രഭാഷണത്തില്‍ നവബുദ്ധന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നിതാന്ത ഭീഷണിയായ പാഷണ്ഡമതത്തേയും അതിന്റെ വര്‍ണാശ്രമധര്‍മ വ്യവസ്ഥയേയും ഉന്മൂലനം ചെയ്‌തേ മതിയാകൂ എന്നും നവബുദ്ധന്‍ വ്യക്തമാക്കി. ഷര്‍മിള റെഗേ, ഉമ ചക്രവര്‍ത്തി, അനുപമ റാവു എന്നീ സമകാലിക ഇന്ത്യന്‍ സ്ത്രീവാദ ചിന്തകരുടെ പഠനങ്ങള്‍ തെളിയിക്കുന്നത് അധീശമതസൃഷ്ടിയായ പൗരോഹിത്യ ആണ്‍കോയ്മയെ ചെറുക്കുന്നതിലും നവയാനം ഏറെ പ്രസക്തമാണെന്നാണ്.
ധമ്മദിനത്തില്‍ നീതിയുടേയും കാരുണ്യത്തിന്റേയും മൈത്രിയുടേയും ധമ്മമാര്‍ഗമാണ് ബുദ്ധനും സാരാനാഥിലെ മൃഗവാടിയില്‍ വിശദീകരിച്ചത്. ധമ്മചക്കപ്പവത്തന സുത്തമായി അത് തിപിടകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവങ്ങളുടെ മാന്ത്രികമായാലോകങ്ങളെ കുറിച്ചല്ല ഈ ലോകത്തെ ബഹുജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളേയും സങ്കടങ്ങളേയും ദുരിതങ്ങളേയും കുറിച്ചാണ് പുത്തര്‍ തിരഞ്ഞതും പറഞ്ഞതും. ബഹുജനസുഖവും ബഹുജനഹിതവുമായിരുന്നു അദ്ദേഹത്തിന്റെ തത്വചിന്തയും പ്രയോഗവും. വരേണ്യ വേദാന്തങ്ങളും ആഭിജാത ലാവണ്യങ്ങളും കുലീന കൗശലങ്ങളുമായിരുന്നില്ല അദ്ദേഹത്തിന്റെ താത്വിക താല്‍പ്പര്യം. ലോകത്ത് സങ്കടങ്ങളുണ്ടെന്ന അടിസ്ഥാന യാഥാര്‍ഥ്യത്തെ പുത്തര്‍ അറിഞ്ഞു, ആരാഞ്ഞു, അംഗീകരിച്ചു. സങ്കടത്തിന് കാരണമുണ്ടെന്നും അത് അദമ്യമായ കാമനകളും ആശകളുമാണെന്നും അതിനെ നിയന്ത്രിച്ചു കൊണ്ടു മാത്രമേ സങ്കടനിവാരണവും സമാധാനവും സാധ്യമാവൂ എന്നും അദ്ദേഹം യുക്തിയുക്തം സിദ്ധാന്തിച്ചു. ഇതിനാണ് നാലടിസ്ഥാന സത്യങ്ങള്‍ അഥാവ ആര്യസത്യങ്ങളെന്നു പറയുന്നത്. അദമ്യകാമനകളുടേയും ആശയടക്കത്തിന്റേയും മാര്‍ഗങ്ങളാണ് അഷ്ടാഗ മാര്‍ഗങ്ങള്‍. നീതിക്കു നിരക്കുന്ന ശരിയായ അച്ചടക്കമുള്ള കാഴ്ച്ച, സങ്കല്‍പ്പം, വാക്ക്, പ്രവൃത്തി, ജീവനമാര്‍ഗം, വ്യായാമം, സ്മൃതി, സമാധി അഥവാ ശ്രദ്ധ എന്നിവയാണത്. പഞ്ചശീലങ്ങളായ കക്കായ്ക, കൊല്ലായ്ക, കാമത്താല്‍ തെറ്റായ്ക,
ചതുര്‍ സത്യങ്ങളെ കൂടാതെ ബുദ്ധന്റെ ജീവിത സമീപനമായ മധ്യമാര്‍ഗവും സൈദ്ധാന്തിക സമീക്ഷകളായ അനിത്യവാദവും പ്രതീത്യസമുദ്പാദവാദവും ധമ്മചക്കപ്പവത്തന സുത്തത്തിലുണ്ട്. വൈശാഖപൗര്‍ണമിയില്‍ പോതിമരച്ചുവട്ടിലെ ബോധോദയത്തെ തുടര്‍ന്ന് നാല്‍പ്പത്തൊമ്പതു ദിവസം അദ്ദേഹം മൗനത്തിലായിരുന്നു. ഇക്കാലത്ത് ഗയയില്‍ നിന്നും നടന്ന് ഗംഗാനദി കടന്ന് വാരാണസിക്കടുത്തുള്ള ഇസിപട്ടണമെന്ന ഇന്നത്തെ സാരാനാഥിലെത്തുകയും പരിവ്രാജകരായ ആദ്യശിഷ്യരോടു സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. സര്‍വസംഗപരിത്യാഗികളായി സത്യാന്വേഷണത്തിലായിരുന്നു മുന്‍സുഹൃത്തുക്കളായ ഈ സന്യാസിമാര്‍. എന്നാല്‍ പരിപൂര്‍ണമായ വൈരാഗവും ബദ്ധമായ രാഗവും സത്യത്തിലേക്കു നയിക്കില്ല എന്ന് ബുദ്ധന്‍ അവര്‍ക്കു മുമ്പില്‍ വിശദീകരിച്ചു. ഇന്ദ്രിയനിഗ്രഹവും ഇന്ദ്രിയാമഗ്നതയും യാഥാര്‍ഥ്യത്തെ മനസ്സിലാക്കുന്നതില്‍ നിന്നും മനുഷ്യരെ വഞ്ചിക്കുമെന്നും ഇതിനിടയില്‍ നൈതികമായ ഒരു മധ്യമാര്‍ഗമാണ് തിരഞ്ഞെടുക്കാവുന്നതെന്നും പുത്തര്‍ വിശദീകരിച്ചു. മധ്യമാര്‍ഗത്തിന്റെ തത്വചിന്തയായി ഇതറിയപ്പെടുന്നു. ഏതാണ്ടായിരം വര്‍ഷത്തിനു ശേഷം മഹായാനിയായ നാഗാര്‍ജുനനും മറ്റും മായികമായി നിഗൂഢവല്‍ക്കരിച്ച വിഖ്യാതമായ മധ്യമാര്‍ഗത്തിന്റെ തത്വചിന്തയുടെ ആധാരം അപരോന്മുഖമായ നൈതികതയാണ്. അഷ്ടാംഗമാര്‍ഗം പാലിച്ചാല്‍ മധ്യമാര്‍ഗത്തിലുള്ള ചലനം സാധ്യമാണ്. സ്ഥിരവും തനതും സ്വതന്ത്രവുമായ ഒരു സ്വത്വവും ആത്മവുമില്ലെന്നും അതു നിരന്തരം മാറുന്നതും പ്രക്രിയാനിബദ്ധവുമാണെന്നതാണ് ബുദ്ധന്റെ അനാത്മവാദം അധവാ അനിത്യവാദം വിശദീകരിക്കുന്നത്. സമകാലിക ഘടനാവാദാനന്തര ചിന്തയുമായിപ്പോലും പാഠാന്തര ബന്ധം പുലര്‍ത്തുന്ന ഒരു സമ്യക്കായ സൈദ്ധാന്തക സമീക്ഷയാണിത്. സമാന്തരമാണ് ജൈനമായ അനേകവാദവും. യാഥാര്‍ഥ്യത്തിന്റെ ബഹുലതയേയും സ്വരവൈവിധ്യങ്ങളേയും വ്യതിരിക്തതകളേയും പാഠാന്തരതയേയും ഉള്‍ക്കൊള്ളുന്ന മാനവികവും യുക്തിചിന്താപരവുമായ നൈതിക ചിന്തകളാണിവ രണ്ടും.
___________________________________
ജൈനപാരമ്പര്യത്തില്‍ വിശുദ്ധമായ ചൗമാസങ്ങളുടെ തുടക്കമാണ് ധര്‍മദിനം. നാലുമാസത്തെ വര്‍ഷാചരണത്തിനു ശേഷമാണ് ഇരുപത്തിനാലാം തീര്‍ഥങ്കരനായ മഹാവീരന്‍ ശാക്യസിംഹനെ പോലെ കൈവല്യമെന്ന ബോധോദയത്തിലേക്കെത്തുകയും തന്റെ ആദ്യ ശിഷ്യനായി അഥവാ ജൈനരീതിയില്‍ ഗണധാരനായി ഗൗതമസ്വാമിയെ അഥവാ ഇന്ദ്രഭൂതി ഗൗതമനെ സ്വീകരിക്കുകയും സ്വയം ഒരു ഗുരുവായി മാറുകയും ചെയ്തത്. ജൈനമായ സ്യാദ് വാദമെന്ന ബഹുസ്വരമായ അനേകവാദത്തിന്റെ കരുണാര്‍ദ്രവും മാനവികവുമായ വിപുലീകരണവും വിതരണവും കൂടിയാണീ ബോധന മുഹൂര്‍ത്തം.
___________________________________
എല്ലാം പരസ്പരം ബന്ധിതവും വിനിമയബന്ധം പുലര്‍ത്തുന്നതുമാണ്. ഇതിനെയാണ് പ്രതീതിസമുദ്പാദവാദം വിശദീകരിക്കുന്നത്. അറിവ് അപരപ്രിയമാണെന്നും അപരസുഖം തന്നെയാണ് ആത്മസുഖമെന്നും നാണുഗുരു പറഞ്ഞതും ഇതേ അപരോന്മുഖമായ നൈതികബോധത്താല്‍ സാധ്യമായ മൈത്രീലോകബോധത്തിലാണ്. അനിത്യതയേയും പ്രതീത്യസമുദ്പാദത്തേയും കുറിച്ച് ബോധമുള്ളവരാകുമ്പോള്‍ നാം ബോധോദയത്തിലേക്കു നീങ്ങുന്നു. സങ്കടകാമനകളില്‍ നിന്നുള്ള വിമോചനം തന്നെയാണത്. ദുഖസത്യത്തേയും അനിച്ച എന്നു പാലിയില്‍ പറയുന്ന അനാത്മവാദത്തേയും കുറിച്ചുള്ള തിരിച്ചറിവ് സംസാരബന്ധനത്തില്‍ നിന്നും തൃഷ്ണയില്‍ നിന്നും ആത്മാഹംബോധത്തില്‍ നിന്നുമുള്ള മോചനത്തിലേക്കും നിബാണത്തിലേക്കും (നിര്‍വാണമെന്നതു സംസ്‌കൃതം) നയിക്കുന്നു. തേരാവാദ പാരമ്പര്യത്തില്‍ പാലി കാനോന പ്രകാരം ഇത് സുത്തപിടകത്തിലെ ‘സംയുക്തനികായ’ത്തിലാണു വരുന്നത്. മഹായാന, വജ്രയാന സൂത്രങ്ങളില്‍ വ്യത്യസ്തമായ ഉള്‍ച്ചേര്‍ക്കലുകളാണു കാണുന്നത്. മായാനത്തിന്റെ നിഗൂഢമായ പരകായപ്രവേശങ്ങളും അഗമ്യഗമനങ്ങളും ഹൈന്ദവീയതയിലേക്കുള്ള തിരിച്ചുപോക്കും കൂടി വിമര്‍ശചരിത്രാവബോധത്തോടെ ബഹുജനങ്ങള്‍ ഓര്‍മിക്കേണ്ടതുണ്ട്. നവബുദ്ധന്‍ 1956 ല്‍ നാഗപുരത്തെ ദീക്ഷാഭൂമിയില്‍ എടുപ്പിച്ച 22 അധിക പ്രതിജ്ഞകളും.
ആദ്യത്തെ അഞ്ചു ശിഷ്യന്മാരില്‍ തുടങ്ങിയ വര്‍ഷകാല പ്രഭാഷണം പുത്തര്‍ക്ക് അറുപതോളം ശിഷ്യരെ നേടിക്കൊടുത്തു. ഭിക്കുക്കള്‍ എന്നു തന്നെയാണവരെ അദ്ദേഹം സംബോധന ചെയ്യുന്നത്. ഭിക്കുക്കളേ കടന്നുവരൂ എന്നു ഗൗതമന്‍ അവരെ വിളിച്ചു. വസ്സ, വാസം എന്നെല്ലാം അറിയപ്പെടുന്ന ബര്‍സയ്ക്കു ശേഷം അവരെയെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് സുവിശേഷവേലയ്ക്കായും ധമ്മബോധനത്തിലേക്കുമായി അദ്ദേഹം അയച്ചു. മഹാനായ മൗര്യചക്രവര്‍ത്തി അശോകന്‍ ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം മാതൃകയാക്കിയതും ഇതേ മിഷനറി സുവിശേഷ ബോധനവേലയാണ്. സ്വന്തം മക്കളും സോദരരുമായ സംഘമിത്തയേയും മഹിന്ദനേയും ലങ്കയിലേക്കയച്ച് ഗൗതമക്കൂട്ടായ്മയും അനുരാധപുര മഹാവിഹാരവുമെല്ലാം സ്ഥാപിച്ചത് ഇതേ മാതൃകയിലാണ്. ഈ ഭിക്കുക്കളെല്ലാം തേരാവാദ പാരമ്പര്യത്തിലെ ആതന്മാര്‍ അഥവാ അര്‍ഹതരായി മാറുകയുണ്ടായി. മൂന്നു ചാന്ദ്രചക്രങ്ങളുടെ കാലം അതായത് ജൂലൈ മുതല്‍ ഒക്‌റ്റോബറിലെ അശോക വിജയദശമി വരെയുള്ള മൂന്നുമാസത്തിലേറിയ കാലം ഭിക്കുക്കള്‍ക്ക് വിഹാരങ്ങളിലും പള്ളികളിലും കഴിച്ചുകൂട്ടി തിപിടകപഠനവും വായനയും വിപാസനധ്യാനവും പഞ്ചശീലാചരണങ്ങളും പരിശീലിച്ചുറപ്പിക്കാം.
ധമ്മദിനം ഹൈന്ദവമായ രീതിയില്‍ ഗുരുപൂര്‍ണിമയായും വ്യാസപൂര്‍ണിമയായും ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായി ഗുരുവര്യന്മാരെ സ്മരിക്കുകയും ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ജഗത്ഗുരു എന്ന സങ്കല്‍പ്പത്തില്‍ ശിവനേയോ വിഷ്ണുവിനേയും സങ്കല്‍പ്പിക്കുന്ന പതിവും ശൈവ, വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങള്‍ സജീവമായ എട്ടാം നൂറ്റാണ്ടിനു ശേഷം ഉത്തരേന്ത്യയില്‍ നാട്ടുനടപ്പായി. പക്ഷേ ബൗദ്ധമായ പാദപൂജയുടെ അനുരണനങ്ങള്‍ വ്യാസജന്മദിനത്തിലും ഹൈന്ദവ ഭക്തിപ്രസ്ഥാനധാരകളിലും ആചരിക്കുന്നതു കാണാം. അനാത്മവാദിയും അനിത്യവാദിയുമായ ബുദ്ധനില്‍ നിന്നും വിമര്‍ശാത്മകവും ബോധോദയപരവുമായ ഗുരുസങ്കല്‍പ്പത്തെ അടര്‍ത്തിമാറ്റി ഗുരുവിനെ ബ്രഹ്മാവും മഹേശ്വരനും വിഷ്ണുവുമാക്കി, സാക്ഷാല്‍ പരബ്രഹ്മമെന്ന വൈദിക ബ്രാഹ്മണിക സങ്കല്‍പ്പത്തിലേക്ക് പ്രതിഷ്ഠിക്കാനാണ്
വേദങ്ങളുടേയും ഗീതയുടേയും കര്‍ത്താവായും കണക്കാക്കപ്പെടുന്ന വേദവ്യാസന്റെ ജന്മദിനമായും ഓര്‍മദിവസമായും ജനപ്രിയ ഹൈന്ദവരീതിയില്‍ ഗുരുപൂര്‍ണിമ ആഘോഷിക്കാറുണ്ട്. ഇന്ന് സംസ്‌കാരദേശീയവാദികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാസപൂര്‍ണിമ മുക്കുവസ്ത്രീയില്‍ വ്യാസന്റെ ജനനത്തെ മാനവികമായി അടയാളപ്പെടുത്തുന്നതല്ല എന്നു മാത്രമല്ല അദ്ദേഹത്തിന്റെ വൈദികവും ബ്രാഹ്മണികവുമായ പിതൃത്വത്തെ പ്രതിഷ്ഠാപനം ചെയ്യുന്നതുമാണ്. നേപ്പാളിലും മറ്റും പൊതു അവധിയാണ് ഗുരുപൂര്‍ണിമ. വിദ്യാര്‍ഥികള്‍ മധുരപലഹാരങ്ങളും ബൗദ്ധമായ പായസവും പൂമാലകളും കൈത്തറിയില്‍ നെയ്തുതുന്നിയ തുണിത്തൊപ്പിയും മറ്റും അധ്യാപകര്‍ക്കും ആശാന്മാര്‍ക്കും കാഴ്ച്ചവയ്ക്കുന്ന, അണിയിക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. ഉത്തരേന്ത്യയില്‍ കലാശാലകളിലും സര്‍വകലാശാലകളിലും പൂര്‍വവിദ്യാര്‍ഥി സംഗമങ്ങളും മുതിര്‍ന്ന അധ്യാപകരേയും പണ്ഡിതരേയും ഗുരുക്കന്മാരേയും ആദരിക്കലും നടക്കാറുണ്ട്. ഇന്ന് പരിവാര ഹൈന്ദവ പരിഷദുകളാണിതില്‍ ഇടപെട്ട ് സാംസ്‌കാരിക ഹൈന്ദവീകരണത്തിന്റെ മാതൃകയായി ഗുരുപൂര്‍ണിമയെ ഏറ്റെടുത്തു നടപ്പാക്കുന്നത്.
ജൈനപാരമ്പര്യത്തില്‍ വിശുദ്ധമായ ചൗമാസങ്ങളുടെ തുടക്കമാണ് ധര്‍മദിനം. നാലുമാസത്തെ വര്‍ഷാചരണത്തിനു ശേഷമാണ് ഇരുപത്തിനാലാം തീര്‍ഥങ്കരനായ മഹാവീരന്‍ ശാക്യസിംഹനെ പോലെ കൈവല്യമെന്ന ബോധോദയത്തിലേക്കെത്തുകയും തന്റെ ആദ്യ ശിഷ്യനായി അഥവാ ജൈനരീതിയില്‍ ഗണധാരനായി ഗൗതമസ്വാമിയെ അഥവാ ഇന്ദ്രഭൂതി ഗൗതമനെ സ്വീകരിക്കുകയും സ്വയം ഒരു ഗുരുവായി മാറുകയും ചെയ്തത്. ജൈനമായ സ്യാദ് വാദമെന്ന ബഹുസ്വരമായ അനേകവാദത്തിന്റെ കരുണാര്‍ദ്രവും മാനവികവുമായ വിപുലീകരണവും വിതരണവും കൂടിയാണീ ബോധന മുഹൂര്‍ത്തം. ജൈനസംസ്‌കാരത്തിലെ ഗുരുപൂര്‍ണിമയുടെ ചരിത്രപശ്ചാത്തലമിതാണ്. ഏതായാലും ശ്രമണമായ ബോധോദയ ചിന്തയുടേയും ധമ്മചിന്തയുടേയും വിമോചനമാര്‍ഗത്തിന്റേയും തുടക്കം സൂചിപ്പിക്കുന്ന ധമ്മദിനം ഇന്ന് ബഹുജനങ്ങള്‍ ഇന്ത്യയിലും ഏഷ്യയിലും പാശ്ചാത്യനാടുകളിലും വിപുലമായി അറിഞ്ഞും ആചരിച്ചും വരികയാണ്. പ്രബുദ്ധതയുടെ ധമ്മഭാഷണ ദിനത്തില്‍ സര്‍വചരാചരങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ എന്നു പ്രത്യാശിക്കാം. ധമ്മത്തിന്റേയും നീതിയുടേയും സാഹോദര്യത്തിന്റേയും പുത്തന്‍ പാതകള്‍ തുറക്കട്ടെ, സമഗ്രാധിപത്യങ്ങളും അധീശ വ്യവഹാരങ്ങളും വഴിമാറട്ടെ.
__________________________________________
ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി 683574.