നിസ്സഹായതയുടെ 48 മണിക്കൂര്‍

വി.സി അപ്പ റാവുവിന്‍െറ തിരിച്ചുവരവ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ വീണ്ടും പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുഖ്യകാരണക്കാരനായ അപ്പ റാവുവിന്‍െറ രാജിയാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. എന്നാല്‍, പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന രീതിയാണ് പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ കൈക്കൊണ്ടത്. സമരാനുഭവങ്ങളുടെ നേര്‍സാക്ഷ്യവുമായി വാഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികള്‍

സഹ് ല നെച്ചിയില്‍- മെഹ്ജബിന്‍ കെ.ടി

നിങ്ങള്‍ അറിയുന്ന വാര്‍ത്തകള്‍ ആയിരിക്കില്ല ഒരുപക്ഷേ, ഞങ്ങള്‍ക്ക് പറയാനുള്ളത്. രണ്ടുദിവസം ഇവിടെ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ ഇപ്പോഴും ഞങ്ങള്‍ക്കാവുന്നില്ല.

രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയിലും പിന്നീട് രാജ്യമൊട്ടുക്കും പടര്‍ന്ന പ്രക്ഷോഭം ഒരു നവവിദ്യാര്‍ഥി മുന്നേറ്റമാണ് സൃഷ്ടിച്ചത്. രോഹിത് വെമുലയുടെ മരണവുമായിബന്ധപ്പെട്ട് മാനവവിഭവശേഷിമന്ത്രാലയം നിയമിച്ച ജുഡീഷ്യല്‍ എന്‍ക്വയറി  കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കവെയാണ് അതിലെ പ്രധാന കുറ്റവാളികൂടിയായ അപ്പ റാവു വീണ്ടും ചുമതല ഏറ്റെടുക്കുന്നത്.വിദ്യാര്‍ഥി പ്രക്ഷോഭംമൂലം നീണ്ട അവധിയില്‍ പോയിരുന്ന ഇയാള്‍ രണ്ടുമാസത്തിനുശേഷമാണ് തിരിച്ചത്തെിയത്.

മാര്‍ച്ച്  22, ചൊവ്വാഴ്ച ഏകദേശം 9.30 നാണ് അപ്പറാവു ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ വൈസ്ചാന്‍സലര്‍ ചുമതല പുനരാരംഭിച്ചുകൊണ്ടുള്ള ഇ-മെയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപിച്ചത്. അപ്പോഴേക്കു യൂനിവേഴ്സിറ്റിക്കുള്ളിലെ തന്‍െറ വസതിയില്‍ എത്തി എക്സിക്യൂട്ടിവ് കൗണ്‍സില്‍ മീറ്റിങ് ആരംഭിച്ചിരുന്നു.

ക്ഷുഭിതരായ വിദ്യാര്‍ഥികള്‍ എക്സിക്യൂട്ടിവ് മീറ്റിങ് നിര്‍ത്തിവെക്കണമെന്നും അപ്പ റാവുവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വി.സിയുടെ വസതിക്കുമുന്നില്‍ തടിച്ചുകൂടി.  മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച വലിയൊരുകൂട്ടം വിദ്യാര്‍ഥികളെ തടഞ്ഞത്, പ്രത്യേകം ചുമതലപ്പെടുത്തിയ കാമ്പസിലെ പെണ്‍കുട്ടികള്‍ അടങ്ങിയ എ.ബി.വി.പി വിദ്യാര്‍ഥികള്‍ ആയിരുന്നു. അപ്പറാവുവിനുള്ള സിന്ദാബാദ് വിളികളും അവര്‍ ഒരുക്കിയ രക്ഷാവലയവും അവര്‍ക്ക് കിട്ടിയ മുന്‍ നിര്‍ദേശങ്ങളെ വ്യക്തമാക്കുന്നതായിരുന്നു.

അലോക്പാണ്ടേ, (അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ച സമിതി ചീഫ് പ്രോക്ടര്‍), വിപിന്‍ ശ്രീവാസ്തവ (2008ല്‍ സെന്തില്‍ കുമാര്‍ എന്ന ദലിത് വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവത്തിലെ ആരോപണ വിധേയന്‍) എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് സ്വയം വി.സി ബംഗ്ളാവില്‍ എത്തിച്ചേരാന്‍ നിര്‍ദേശമുണ്ടായിരുന്നു.

വി.സിയുടെ തിരിച്ചുവരവില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കെ വി.സി പിന്‍വാതില്‍ വഴി പുറത്തുപോവാനുള്ള സാധ്യത മനസ്സിലാക്കിയ ഞങ്ങള്‍ ബംഗ്ളാവിന്‍െറ പിന്‍ഭാഗത്തേക്ക് നീങ്ങി. അവിടെ ഞങ്ങള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരു വലിയ വിഭാഗം എ.ബി.വി.പി വിദ്യാര്‍ഥികള്‍ സോഫ, കസേര, മേശ, കര്‍ട്ടന്‍  എന്നിവകൊണ്ട് പിന്‍വാതില്‍ വഴിയുള്ള പ്രവേശം തടഞ്ഞിരുന്നു. പി.ഡി.പി.പി ആക്ട് പ്രകാരം  ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള വിദ്യാര്‍ഥികല്‍ക്കെതിരെ ചുമത്തിയ കുറ്റം  മേല്‍പറഞ്ഞ സാധനങ്ങളുടെ നശീകരണമാണ്. യഥാര്‍ഥത്തില്‍ ബംഗ്ളാവിനുള്ളിലെ  ഈവക  സാധനങ്ങള വി.സിക്ക് സംരക്ഷണ കവചം ഒരുക്കാന്‍ ഉപയോഗിച്ചത് എ.ബി.വി.പി പ്രവര്‍ത്തകര്‍തന്നെ ആയിരുന്നു. അപ്രതീക്ഷിതമായ ഇത്തരം സംഭവവികാസങ്ങള്‍ ഞങ്ങളില്‍ അങ്ങേയറ്റം ഞെട്ടലുളവാക്കി. നിസ്സഹായരായ വിദ്യാര്‍ഥികള്‍ ‘എ.ബി.വി.പി ശരംകരോ, ശരം നെഹി ടോടൂബ്മാരോ, ‘രോഹിത് ഹം ശര്‍മിന്ധഹൈന്‍, തേരേ ഖാത്തില്‍ സിന്ദഹ, എ.ബി.വി.പി മുര്‍ദാബാദ്, ‘അപ്പറാവു ബാഹര്‍ ആവോ, ബാഹര്‍ ആകെ ബാത്ത്കരോ’ (അപ്പറാവു പുറത്തുവരുക, പുറത്തുവന്നു സംസാരിക്കുക) തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തി. അന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാക്കിക്കൊണ്ടായിരുന്നു നോണ്‍ ടീച്ചിങ് സ്റ്റാഫുകളുടെ രംഗപ്രവേശം.

25ഓളം വരുന്ന ഇവര്‍ ഞങ്ങളെ തള്ളിമാറ്റിക്കൊണ്ട് വാതിലിനു മുന്നില്‍ നിലയുറപ്പിച്ചശേഷം അപ്പറാവു സിന്ദാബാദ് തുടങ്ങി.

രോഹിത് വെമുലയുടെ മരണശേഷം യൂനിവേഴ്സിറ്റിയില്‍ നടന്ന പ്രക്ഷോഭത്തില്‍ ഒപ്പംനിന്ന ഇവരുടെ കൂറുമാറ്റം ഞങ്ങളില്‍ ആദ്യം ഞെട്ടലും പിന്നീട് രോഷവുമുണ്ടാക്കി. ഈ കാപട്യത്തെ ചോദ്യംചെയ്തുകൊണ്ട് സസ്പെന്‍ഡ് ചെയ്യപ്പട്ട വിദ്യാര്‍ഥികളില്‍ ഒരാളും എ.എസ്.എ ലീഡറുമായ ദോന്തപ്രശാന്തും, എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്‍റ് റമീസും അവരോടു സംസാരിക്കുന്നുണ്ടായിരുന്നു.  എന്നാല്‍, അപ്പോള്‍ അവിടെ എത്തിയ ആരുംതന്നെ പക്ഷേ, പ്രക്ഷോഭത്തില്‍ കൂടെനിന്ന നോണ്‍ടീച്ചിങ് സ്റ്റാഫില്‍പെട്ടവരായിരുന്നില്ല.

അഡ്മിന്‍ ബ്ളോക്കില്‍ പ്രവര്‍ത്തിക്കുന്ന ഈയാളുകള്‍ അപ്പറാവുവിന്‍െറ ശിങ്കിടികളും ദിവസക്കൂലിയുള്ള മറ്റു ജോലിക്കാരുടെ ബോസുമായിരുന്നു. തടിമാടന്മാരായ ഇവരുടെയും എ.ബി.വി.പി പ്രവര്‍ത്തകരുടെയും സംരക്ഷണം പോരാത്തവണ്ണം പൊലീസുകാര്‍ സ്ഥലത്ത് പാഞ്ഞത്തെി. എത്തിയ ഉടനെ പ്രതിഷേധിക്കുന്ന ഞങ്ങളെ ഭീതിപ്പെടുത്തുകയും എത്രയുംവേഗം വി.സി ബംഗ്ളാവിന്‍െറ പരിസരം വിടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. അതനുസരിക്കില്ളെന്നും വി.സിയെ അറസ്റ്റ് ചെയ്യുംവരെ പ്രതിഷേധം തുടരുമെന്നും ഞങ്ങള്‍ പ്രഖ്യാപിച്ചു. ഇത് വി.സിയുടെ സ്വകാര്യ വസതി ആണെന്നും അവിടേക്ക് വിദ്യാര്‍ഥികള്‍ക്ക് കടക്കാന്‍ അനുമതി ഇല്ളെന്നും പറഞ്ഞ പൊലീസ് ഓഫിസറോട് അങ്ങനെയെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരുകൂട്ടം എ.ബി.വി.പി വിദ്യാര്‍ഥികള്‍ വസതിക്കുള്ളില്‍ കയറിയതെന്നും അവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ളെന്നും ഞങ്ങള്‍ വീണ്ടുംവീണ്ടും ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവരെ അതിനുള്ളില്‍നിന്ന് മാറ്റാതെ നിവര്‍ത്തിയില്ളെന്നുകണ്ട പൊലീസ് ഞങ്ങളെ ഏകദേശം മൂന്നുമീറ്റര്‍ അകലേക്ക് മാറ്റിനിര്‍ത്തി. തുടര്‍ന്ന് പൊലീസുകാര്‍ വലയം സൃഷ്ടിച്ച് എ.ബി.വി.പി പ്രവര്‍ത്തകരെ അതിസുരക്ഷിതമായി പുറത്തത്തെിച്ചു.  ഒരു കുറ്റവാളിയെ സംരക്ഷിക്കുന്ന ഇത്രയും നീചമായ അവരുടെ പ്രവര്‍ത്തനത്തെ അപലപിച്ചു ഞങ്ങള്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ നൊന്തത് പൊലീസിനായിരുന്നു.

ഇതിനോടകം സ്ഥലത്തത്തെിയ ഡി.സി.പി കാര്‍ത്തികേയനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. നിയമപരവും യുക്തിപൂര്‍വവുമായ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളോട്, നിങ്ങള്‍ പക്വത എത്താത്തവര്‍ ആണെന്നും സംസാരിക്കാന്‍ കഴിയില്ല എന്നുമായിരുന്നു പൊലീസിന്‍െറ മറുപടി. അങ്ങേയറ്റം പൊള്ളുന്ന ചൂടില്‍ ശരിക്ക് കുടിവെള്ളംപോലും ലഭ്യമാവാതെ ഞങ്ങള്‍ പുറത്തിരിക്കുമ്പോള്‍ ഫ്രൂട്ടി പാക്കറ്റുകളും ഭക്ഷണപ്പൊതികളും വി.സി ബംഗ്ളാവിനുള്ളിലേക്ക് എത്തിക്കുന്നുണ്ടായിരുന്നു.

രാജ്യത്തെ പ്രബലമായ ഒരു സെന്‍ട്രല്‍യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ സകല പ്രിവിലേജ് ഉണ്ടായിട്ടും ഞങ്ങള്‍ നേരിട്ട പൊലീസിന്‍െറ ക്രൂരമര്‍ദനവും ഭരണനടത്തിപ്പുകാരുടെ താന്തോന്നിത്തവും  ഒടുവില്‍ അഴികള്‍ക്കുള്ളില്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച ആകുലതകളും ഇന്ന് ഒന്നുമാത്രം പറയാനേ ഞങ്ങളെ പ്രേരിപ്പിക്കുന്നുള്ളൂ: ജനാധിപത്യം ഒരു മിഥ്യയാണ്.

സ്ഥലത്തത്തെിയതു മുതല്‍ ഫോണിലായിരുന്ന കമീഷണര്‍ക്ക് മുകളില്‍നിന്നുള്ള നിര്‍ദേശം ലഭിച്ചപ്രകാരം ഏകദേശം നാലുമണിയോടെ വി.സി ബംഗ്ളാവിന്‍െറ പിന്‍ഭാഗത്തെ ഗേറ്റിലൂടെ ഞങ്ങളെ പുറത്താക്കാന്‍ ആരംഭിച്ചു. ഈ നീക്കത്തെ ചെറുത്ത ഞങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തൊട്ടുമുമ്പ് സ്ഥലത്തത്തെിയ സി.ഐ സുനിതയും വിരലിലെണ്ണാവുന്ന വനിതാ പൊലീസും പെണ്‍കുട്ടികളെ അതിക്രൂരമായാണ് മര്‍ദിച്ചത്. കൈകൊണ്ട് മുഖത്തടിക്കുകയും കൈയും കാലും പിടിച്ചുവലിച്ചു പുറത്തേക്ക്  തള്ളുകയുമായിരുന്നു.

മുഖത്തടിച്ചും നാഭിക്കു ചവിട്ടിയും നിലത്തു വലിച്ചിഴച്ചും കൈകാലുകൊണ്ടുള്ള മര്‍ദനമുറകളായിരുന്നു പൊലീസ് സ്വീകരിച്ചത്. ഈ മര്‍ദനമുറകള്‍ കണ്ട് അലമുറയിടുന്ന ഞങ്ങളെ നിയന്ത്രിക്കാനായി ഒരുവലിയ പൊലീസ് സൈന്യം ഗേറ്റില്‍ നിലയുറപ്പിച്ചിരുന്നു. വി.സി ബംഗ്ളാവില്‍ ഉണ്ടായിരുന്ന എല്ലാ വിദ്യാര്‍ഥികളെയും ഇത്തരത്തില്‍ പൊലീസ് വലിച്ചിഴച്ചു പുറത്തിട്ടു. ശരീരത്തിന്‍െറ മര്‍മഭാഗങ്ങളില്‍ അടിയേറ്റ് അവശരായവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു. ഇതിലും സംതൃപ്തരാവാത്ത പൊലീസ് ഒന്നാകെ ലാത്തിയും ബാരിക്കേഡുമായി ഞങ്ങളെ ഓടിച്ചിട്ട് തല്ലാനാരംഭിച്ചു. നാല് ഭാഗത്തേക്കും ചിതറിയോടിയ ഞങ്ങളെ ആക്രോശിച്ചുകൊണ്ടായിരുന്നു പൊലീസ് തല്ലിച്ചതച്ചത്. ഒരുതരത്തിലുമുള്ള പരിഗണന ഇല്ലാതെയാണ് പൊലീസുകാര്‍പെണ്‍കുട്ടികളെ കൈകാര്യംചെയ്തത് . ഏതു വകുപ്പിലാണ് ഇതെന്ന് ചോദ്യം ചെയ്ത ഞങ്ങളുടെ മുഖത്തേക്ക് തുറിച്ചുനോക്കിക്കൊണ്ട് വീണ്ടും പൊലീസ് അടി തുടങ്ങി. അല്‍പസമയത്തിനകം അവിടെ എത്തിയ സി.ഐ സുനിതയോട് എങ്ങനെയാണ് ആണ്‍പൊലീസുകാര്‍ പെണ്‍കുട്ടികളെ ഇത്ര ക്രൂരമായി മര്‍ദിക്കുകയെന്നു ചോദിക്കാന്‍ ശ്രമിച്ച ഞങ്ങളെ വീണ്ടും ആണ്‍പൊലീസുകാര്‍ മര്‍ദിക്കുകയും അവരോടു സംസാരിക്കാന്‍ മാത്രം യോഗ്യതയും പ്രായവും നിങ്ങള്‍ക്കായിട്ടില്ളെന്ന് പറയുകയും ചെയ്തു. ഇതിനിടയില്‍ അവര്‍ നോട്ടമിട്ടുവെച്ചപോലെ ചില വിദ്യാര്‍ഥികളെ തൂക്കിയെടുത്തു പൊലീസ് വാനിലേക്ക് എറിയുന്നുണ്ടായിരുന്നു. തടഞ്ഞുവെച്ച  വിദ്യാര്‍ഥികളെ വിട്ടുതരണമെന്നും ഈ നരനായാട്ട് അവസാനിപ്പിക്കണം എന്നുംലേഡി ഫാകല്‍ടീസ് അടക്കം പൊലീസിനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. തടഞ്ഞുവെച്ച വിദ്യാര്‍ഥികളെ പൊലീസ് വാനിലിട്ടു മര്‍ദിക്കുന്നത് അപ്പോള്‍ ഞങ്ങള്‍ക്ക് കാണാമായിരുന്നു.

അപ്രതീക്ഷിതമായി വീണ്ടും ലാത്തിച്ചാര്‍ജ് ആരംഭിച്ച പൊലീസ് തല്ലിയത് ക്ളാസ്മുറികളുടെ മുന്നിലിട്ടായിരുന്നു. ഇത് വി.സി ബംഗ്ളാവല്ളെന്നും ഞങ്ങളുടെ യൂനിവേഴ്സിറ്റിയും ക്ളാസ്മുറികളും ആണെന്നും, ഇതിലപ്പുറം എങ്ങോട്ടാണ് പോകേണ്ടതെന്നും ഞങ്ങള്‍ ആവര്‍ത്തിച്ചുചോദിച്ചു. ഇതിനകം പത്തോളം വിദ്യാര്‍ഥികളെ പിടിച്ചുകൊണ്ടുപോയിരുന്നു എന്നതായിരുന്നു ഞങ്ങളുടെ കണക്ക്. പൊലീസിന്‍െറ മര്‍ദനമേറ്റ് യൂനിവേഴ്സിറ്റിക്കുള്ളിലെ ഹെല്‍ത്ത് സെന്‍ററിലേക്കും പുറത്തെ ആശുപത്രികളിലേക്കും വിദ്യാര്‍ഥികളെ മാറ്റുന്നുണ്ടായിരുന്നു. ഏകദേശം 6.30ഓടുകൂടി ലാത്തിച്ചാര്‍ജ് അവസാനിപ്പിച്ച പൊലീസ് മറ്റൊരു വിഭാഗം വന്‍ പൊലീസ് വ്യൂഹത്തെ കാമ്പസില്‍ നിയോഗിച്ചു. കൂടെ പാരാമിലിറ്ററി ഫോഴ്സും സ്ഥലത്തത്തെിറോന്തുചുറ്റാന്‍ തുടങ്ങി.

പൊലീസ് കൊണ്ടുപോയ വിദ്യാര്‍ഥികള്‍ ആരൊക്കെയാണെന്നും എവിടെയൊക്കെ ആണെന്നും അറിയാതെ നട്ടംതിരിഞ്ഞ മണിക്കൂറുകള്‍. തളര്‍ന്ന് അവശരായി ഹോസ്റ്റല്‍ മുറികളിലത്തെിയ ഞങ്ങളെ വരവേറ്റത് അടച്ചുപൂട്ടിയ മെസും, വിച്ഛേദിക്കപ്പെട്ട വൈഫെ കണക്ഷനും   കാലിയായ വാട്ടര്‍കൂളറുകളുമായിരുന്നു.

പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളുമായി രണ്ടുമണിക്കൂറോളം ടെക്സ്റ്റ്മെസേജ് വഴി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അതില്‍നിന്ന് പലരെയും പല സ്റ്റേഷനില്‍നിന്നും സ്റ്റേഷനുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും  വിദ്യാര്‍ഥികളെയും ഒരുപോലെ കബളിപ്പിക്കുന്നതായിരുന്നു ഈ നീക്കം. ഒരിറ്റു കണ്ണടക്കാതെ നേരംപുലരാന്‍ കാത്തിരുന്ന ഞങ്ങളറിഞ്ഞത് ഈ വിദ്യാര്‍ഥികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്നും അവര്‍ അല്‍പസമയത്തിനകം കാമ്പസില്‍ തിരിച്ചത്തെും എന്നായിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ഇതില്‍ 27 പേര്‍ക്കെതിരെ ചുമത്തിയത്. രണ്ട് ഫാക്കല്‍ടീസ് അടക്കം 27 പേരെ ഇപ്പോള്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാജ്യത്തെ പ്രബലമായ ഒരു സെന്‍ട്രല്‍യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ സകല പ്രിവിലേജ് ഉണ്ടായിട്ടും ഞങ്ങള്‍ നേരിട്ട പൊലീസിന്‍െറ ക്രൂരമര്‍ദനവും ഭരണനടത്തിപ്പുകാരുടെ താന്തോന്നിത്തവും  ഒടുവില്‍ അഴികള്‍ക്കുള്ളില്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച ആകുലതകളും ഇന്ന് ഒന്നുമാത്രം പറയാനേ ഞങ്ങളെ പ്രേരിപ്പിക്കുന്നുള്ളൂ: ജനാധിപത്യം ഒരു മിഥ്യയാണ്.

Top