രോഹിത്ത് വേമുലയുടെ മരണം ചില മുന്നറിയിപ്പുകള്‍

രോഹിത്തിനും സഹപാഠികള്‍ക്കുമെതിരെ അധികാരികള്‍ ഉന്നയിച്ച ഈ ആരോപണങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ യാഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഉന്നതമായ താല്‍പര്യങ്ങള്‍ക്കും ജനാധിപത്യത്തിനും എതിരായി നില്‍ക്കുന്ന ജാതിവാദികളും തീവ്രവാദികളും രാജ്യദ്രോഹികളും രോഹിത്തിന്റെ മരണത്തിന് കാരണക്കാരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ ദുഷ്പ്രഭുകളാണെന്ന് വ്യക്തമാണ്. അത് സവര്‍ണ്ണ ഹിന്ദുത്വരാഷ്ട്രീയമാകുന്നത് യാദൃശ്ചികമല്ല. അടിസ്ഥാനപരമായി ഈ രാഷ്ട്രീയം ജാതീയവും അതുകൊണ്ടുതന്നെ അടിമുടി ജനാധിപത്യ വിരുദ്ധവും അതുവഴി രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായതുകൊണ്ടാണ്.

സര്‍വ്വകലാശാല ഒരു പൊതുവിദ്യാഭ്യാസസ്ഥാപനമാണ്. വിദ്യാഭ്യാസ സ്ഥാപനമായതുകൊണ്ടുതന്നെ ഇതില്‍ പ്രഥമസ്ഥാനം വിദ്യാര്‍ത്ഥികള്‍ക്കാണ്. അദ്ധ്യാപകരും അനദ്ധ്യാപകരുമടക്കമുള്ളവര്‍ ഇവരെ സഹായിക്കാനായി പണം കൈപ്പറ്റി സേവനം ചെയ്യുന്നവര്‍ മാത്രമാണ്. അതിനുള്ള അധികാരം മാത്രമാണ് നിയമം ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. കൊല്ലാനുള്ള അധികാരമല്ല!
അധികാരം കൊടുക്കുക എളുപ്പമാണ്. വിവേകം കൊടുക്കുക എളുപ്പമല്ലല്ലോ. വിവേകമില്ലാത്തവര്‍ അധികാരികളാകുമ്പോള്‍ മനുഷ്യനിര്‍മ്മിതമായ ഏതു സ്ഥാപനവും മനുഷ്യവിരുദ്ധമായിതീരും. ഒരു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി വിരുദ്ധമാകുമ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നല്ല.
17-1-16 ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വേമുല എന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥി മരിക്കാനിടയായ സാഹചര്യമിതാണ്. ജനാധിപത്യഇന്ത്യയുടെ ഭരണഘടന എഴുതിയ, ജനാധിപത്യം ഒരു ഭരണസംവിധാനം മാത്രമല്ല ജീവിതരീതി കൂടിയാണെന്ന വിശ്വസിച്ച ഡോ.ബി.ആര്‍. അംബേദ്കറുടെ ആശയങ്ങളെ പിന്‍തുടരുന്ന വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ജാതിവാദികളാകുന്നത്? വിദ്യാഭ്യാസമാണ് വിമോചനത്തിനുള്ള മാര്‍ഗ്ഗമെന്ന് പഠിപ്പിച്ച അംബേദകറുടെ അനുയായികള്‍ എങ്ങനെയാണ് തീവ്രവാദികളാകുന്നത്? വ്യക്തി കൊലചെയ്താല്‍ ഭരണകൂടം അതേ കുറ്റം ചെയ്തുകൊണ്ടാണോ അതിന് പരിഹാരം തേടേണ്ടത് എന്ന താത്വികമായ ചോദ്യം വധശിക്ഷയ്‌ക്കെതിരെ ഉയരുകയും ലോകത്തിലെ നൂറുകണക്കിന് രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുകയും ചെയ്ത സമകാലീനതയില്‍ നിന്നുകൊണ്ട് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് വധശിക്ഷയ്‌ക്കെതിരെ നിയമപരമായി പ്രതികരിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്.?
രോഹിത്തിനും സഹപാഠികള്‍ക്കുമെതിരെ അധികാരികള്‍ ഉന്നയിച്ച ഈ ആരോപണങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ യാഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഉന്നതമായ താല്‍പര്യങ്ങള്‍ക്കും ജനാധിപത്യത്തിനും എതിരായി നില്‍ക്കുന്ന ജാതിവാദികളും തീവ്രവാദികളും രാജ്യദ്രോഹികളും രോഹിത്തിന്റെ മരണത്തിന് കാരണക്കാരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ ദുഷ്പ്രഭുകളാണെന്ന് വ്യക്തമാണ്. അത് സവര്‍ണ്ണ ഹിന്ദുത്വരാഷ്ട്രീയമാകുന്നത് യാദൃശ്ചികമല്ല. അടിസ്ഥാനപരമായി ഈ രാഷ്ട്രീയം ജാതീയവും അതുകൊണ്ടുതന്നെ അടിമുടി ജനാധിപത്യ വിരുദ്ധവും അതുവഴി രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായതുകൊണ്ടാണ്.
വിമോചനത്തിന്റെ വഴിയായ വിദ്യാഭ്യാസത്തിലേക്കുള്ള ദലിത്-സ്ത്രീ-പിന്നാക്ക-ന്യൂനപക്ഷങ്ങളുടെ കടന്നുവരവ് എന്തുവിലകൊടുത്തും തടയുക എന്നത് ഇവരുടെ താല്‍പര്യവും അജണ്ടയുമാകുന്നത് ഇങ്ങനെയാണ്. ജനാധിപത്യസ്ഥാപനമായ സര്‍വ്വകലാശാലകള്‍ ജാതിബോധവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വബോധവും തലയ്ക്കു പിടിച്ചവര്‍ കൈയ്യാളുമ്പോഴാണ് ഭരണഘടന രാജ്യത്തിന്റെ പൊതുസ്വത്തായി കാണുന്ന ഗവേഷകരും രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വെളിച്ചമാകേണ്ട ഗവേഷണവും ”വെറും കാശ് വാങ്ങാനുള്ള പരിപാടികളും അതും ഒരു ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ സേവകനുള്ള അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക!” അതുമല്ലെങ്കില്‍ ”കാശ് ആവശ്യമില്ലാത്ത കാര്യമോ അല്ലെങ്കില്‍ കാശ് ഉള്ളവര്‍ മാത്രം ചെയ്യേണ്ട കാര്യമോ ആയി മനസിലാക്കപ്പെടുന്നത്.” ഗവേഷണത്തെക്കുറിച്ചുള്ള ഈ ധാരണയില്‍/ ധാരണയില്ലായ്മയില്‍ നിന്നാണ് ഗവേഷകര്‍ക്കുള്ള നിയമപരമായ സാമ്പത്തിക പിന്‍തുണകള്‍ സര്‍വ്വകലാശാലാ അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍പറഞ്ഞ് തടസ്സം സൃഷ്ടിക്കുന്നതും വകമാറ്റി ചിലവാക്കി വിദ്യാര്‍ത്ഥികളെ ഗവേഷണത്തില്‍നിന്നും ജീവിതത്തില്‍നിന്നുതന്നെ പുറത്താകുന്നത്. അത് ദലിത്/പിന്നാക്ക/ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയാകുമ്പോള്‍ ജാതിബോധത്തിനും സവര്‍ണ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും തീഷ്ണത കൈവരുന്നു.

_____________________________________

വിമോചനത്തിന്റെ വഴിയായ വിദ്യാഭ്യാസത്തിലേക്കുള്ള ദലിത്-സ്ത്രീ-പിന്നാക്ക-ന്യൂനപക്ഷങ്ങളുടെ കടന്നുവരവ് എന്തുവിലകൊടുത്തും തടയുക എന്നത് ഇവരുടെ താല്‍പര്യവും അജണ്ടയുമാകുന്നത് ഇങ്ങനെയാണ്. ജനാധിപത്യസ്ഥാപനമായ സര്‍വ്വകലാശാലകള്‍ ജാതിബോധവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വബോധവും തലയ്ക്കു പിടിച്ചവര്‍ കൈയ്യാളുമ്പോഴാണ് ഭരണഘടന രാജ്യത്തിന്റെ പൊതുസ്വത്തായി കാണുന്ന ഗവേഷകരും രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വെളിച്ചമാകേണ്ട ഗവേഷണവും ”വെറും കാശ് വാങ്ങാനുള്ള പരിപാടികളും അതും ഒരു ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ സേവകനുള്ള അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക!” അതുമല്ലെങ്കില്‍ ”കാശ് ആവശ്യമില്ലാത്ത കാര്യമോ അല്ലെങ്കില്‍ കാശ് ഉള്ളവര്‍ മാത്രം ചെയ്യേണ്ട കാര്യമോ ആയി മനസിലാക്കപ്പെടുന്നത്.” ഗവേഷണത്തെക്കുറിച്ചുള്ള ഈ ധാരണയില്‍/ ധാരണയില്ലായ്മയില്‍ നിന്നാണ് ഗവേഷകര്‍ക്കുള്ള നിയമപരമായ സാമ്പത്തിക പിന്‍തുണകള്‍ സര്‍വ്വകലാശാലാ അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍പറഞ്ഞ് തടസ്സം സൃഷ്ടിക്കുന്നതും വകമാറ്റി ചിലവാക്കി വിദ്യാര്‍ത്ഥികളെ ഗവേഷണത്തില്‍നിന്നും ജീവിതത്തില്‍നിന്നുതന്നെ പുറത്താകുന്നത്.
_____________________________________ 

രോഹിത്തിന്റെ ഫെലോഷിപ്പ് (1,70,000 രൂപ) തടഞ്ഞുവെച്ച് കുറ്റവാളിയായി മുദ്രകുത്തി യൂണിവേഴ്‌സിറ്റിയുടെ പൊതുഇടങ്ങളില്‍ നിന്ന് പുറത്താക്കി മരണത്തിലേക്ക് തള്ളിവിട്ട അതേ ബോധം തന്നെയാണ് ഈ എം.ജി യൂണിവേഴ്‌സിറ്റിയടക്കമുള്ള കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്.
രോഹിത്തിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ‘നാക്കി’ന്റെ സന്ദര്‍ശനം പ്രമാണിച്ച് നമ്മുടെ വൈസ് ചാന്‍സലര്‍ ഈ ക്യാമ്പസില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ഏറെക്കാലമായി തങ്ങളുടെ ഫെലോഷിപ്പുകള്‍ തടഞ്ഞുവെച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത് ഈ ക്യാമ്പസിലും രോഹിത് വേമുലയെ മരണത്തിലേക്ക് നയിച്ച അതേ സാഹചര്യങ്ങള്‍ തന്നെയാണ് ഏറെക്കാലമായി നിലനില്‍ക്കുന്നത് എന്നത് തെളിയിക്കുന്നതായിരുന്നു.
ഈ പ്രതിഷേധങ്ങളില്‍ നിന്നും പരാതികളില്‍ നിന്നുമുയരുന്ന വസ്തുതകളും ആവശ്യങ്ങളും താഴെ പറയുന്ന പ്രകാരം ക്രോഡീകരിക്കാവുന്നതാണ്.

1. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് അല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് അധികാരവും ശമ്പളവും വിതരണം ചെയ്യാന്‍വേണ്ടി മാത്രം സര്‍ക്കാര്‍ ഉണ്ടാക്കിയല്ല എന്ന് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

2. ഇതൊരു ജനാധിപത്യ സ്ഥാപനമാണ്. ജാതി/ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതല്ല.

3. ഗവേഷണം രാജ്യതാല്‍പര്യമാണ്.

4. ഗവേഷണം പണചിലവുള്ളതാണ്. അതറിയുന്ന ഈ മേഖലയിലെ പ്രഗല്‍ഭരും വിദഗ്ധരുമായ വ്യക്തികളുടെ ഗൗരവമേറിയ ചിന്തകളുടേയും ആലോചനകളുടെയും ഫലമായി രൂപപ്പെട്ട ഫെലോഷിപ്പുകളുടെ വിതരണത്തില്‍ അധികാരികള്‍ ‘സാമാന്യബോധം’ വെച്ച് ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഈ പ്രതിഷേധ സമരപരിപാടികളിലൂടെ ഞങ്ങള്‍ ഉന്നയിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട ആവശ്യങ്ങള്‍.

1. സര്‍വ്വകലാശാലവഴി വിതരണം ചെയ്യുന്ന എല്ലാ ഫെലോഷിപ്പുകളും കൃത്യസമയതത് വിതരണം ചെയ്യുക.

2. പി.എച്ച്.ഡി രജിസ്‌ട്രേഷനില്‍ വരുന്ന കാലതാമസം എന്നെന്നേക്കുമായി അവസാനിപ്പിക്കുക.

3. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ സംവിധാനം എടുത്തുകളയുക.

4. ദലിത്/ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ മുടങ്ങികിടക്കുന്ന ഫെലോഷിപ്പ് ലഭ്യമാക്കുക.

5. ദലിത്/സ്ത്രീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്യാമ്പസില്‍ സുസ്ഥിരമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.

ഈ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലി ചെയ്യാതെ കൂലി വാങ്ങുന്ന, സര്‍വ്വകലാശാലയോടും അതിന്റെ ലക്ഷ്യങ്ങളോടും കൂറുപുലര്‍ത്താത്തവരായും ഗവേഷണത്തെക്കുറിച്ചും അതിന്റെ രാജ്യതാല്‍പര്യങ്ങളെക്കുറിച്ചും അജ്ഞതയുള്ളവരായും ജനാധിപത്യത്തില്‍വിശ്വാസമില്ലാത്തവരായും മാത്രമേ സര്‍വ്വകലാശാലാ അധികൃതരെ വിദ്യാര്‍ത്ഥി സമൂഹത്തിന് കാണാന്‍ കഴിയൂ.
_______________________________________

  • (20-1-2016 നു നടന്ന പ്രതിഷേധ പ്രകടനത്തിനിടയില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ത്ഥികള്‍ പ്രചരിപ്പിച്ച നോട്ടീസ്)
Top