ലൈംഗികതയുടെ അഭാവവും പോണ്‍ നിരോധനവും

പോണിനെ ‘നിരോധിക്കുക’ അല്ലെങ്കില്‍ ‘നിലനിര്‍ത്തുക’ എന്ന മാതിരിയുള്ള ചര്‍ച്ചകളില്‍ ഒതുക്കുന്നതും അതില്‍തന്നെ യാഥാസ്ഥിതികരും പുരോഗമനകാരികളും എന്ന വേര്‍തിരിവ് ഉണ്ടാക്കി പക്ഷം പിടിക്കുന്നതും വലിയ അര്‍ത്ഥമുള്ള കാര്യമായി തോന്നുന്നില്ല. ഇതേസമയം, ‘സദാചാരം’ എന്ന അടിമത്വവ്യവസ്ഥയില്‍ നിന്നും തലയൂരിയെടുത്ത ‘പരിഷ്‌കൃത ന്യൂനപക്ഷ’ത്തിന്റെ സ്വാതന്ത്ര്യബോധത്തിനും സവിശേഷ അവകാശങ്ങള്‍ക്കും എതിരെ ‘അപരിഷ്‌കൃത ഭൂരിപക്ഷം’നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലെ ഏറ്റവും അവസാനത്തെ ഉദാഹരണമായി ഈ നിരോധനത്തെയും കാണണമെന്ന തലതിരിഞ്ഞ വാദമാണ് ചിലര്‍ ഉന്നയിക്കുന്നത്. ലൈംഗികത പോലുള്ള വ്യവഹാരങ്ങളില്‍ ഫാഷിസ്റ്റ് ശുദ്ധിവാദം പുലര്‍ത്തുന്ന വരേണ്യബ്യൂറോക്രസിയും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഭരണാധികാരികളും അടങ്ങുന്ന ന്യൂനപക്ഷം, ഭൂരിപക്ഷത്തെ നിയന്ത്രിക്കാനും നിരായുധരാക്കാനും നടത്തുന്ന ഏര്‍പ്പാടുകളല്ലേ ഇത്തരം നിരോധനങ്ങള്‍?

യാക്കൂബ് മേമന്റെ മേല്‍ നടപ്പിലാക്കിയ വധശിക്ഷക്ക് എതിരെ സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും പ്രതിഷേധം ഉയരുകയുണ്ടായി. രാഷ്ട്രം നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളെയും ദേശീയതയുടെയും പൊതുസമ്മതിയുടെയും  മാസ്മരികമായ  പദപ്രയോഗങ്ങള്‍ കൊണ്ട് മായ്ച്ചുകളയാനാവില്ല  എന്ന വസ്തുതയെ വെളിപ്പെടുത്തുന്നതാണ് ഈ പ്രതിഷേധങ്ങള്‍. നമ്മുടെ പൗരാവകാശ -മനുഷ്യാവകാശ സങ്കല്‍പ്പനങ്ങള്‍ ഘടനാപരമായ പൊളിച്ചെഴുത്തിന് വിധേയമാകുന്നു എന്നതാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് ഇന്ത്യയിലെ മുഖ്യധാരാ ചാനലുകള്‍ക്ക്  എതിരെപോലും സെന്‍സര്‍ഷിപ്പിന്റെ  വാളുയര്‍ത്തി കാണിച്ചു കൊണ്ട് വേറിട്ട അഭിപ്രായങ്ങളെ  തടയാന്‍ ഭരണകൂടം വ്യഗ്രതപ്പെടുന്നത്.
വളരെ വ്യത്യസ്തമായ വിഷയമാണെങ്കിലും, പോണ്‍സൈറ്റുകളെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രകമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ  നടപടിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. തല്‍ഫലമായി,  വിലക്ക് താല്‍ക്കാലികം മാത്രമാണെന്നും ചൈള്‍ഡ്‌പോണോഗ്രാഫി പോലുള്ളവ മാത്രമേ നിരോധിക്കുകയുള്ളൂ എന്നും  വകുപ്പ്മന്ത്രിക്ക് പ്രസ്താവന ഇറക്കേണ്ടി വന്നു. ഇപ്പോള്‍ അത് ഭാഗികമായി പിന്‍വലിക്കുകയും ചെയിതിരിക്കുകയാണ്.
പോണ്‍ കാണാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അത് കാണാതിരിക്കാനുള്ള സര്‍വസ്വാതന്ത്ര്യവും നിലനില്‍ക്കുന്നുണ്ട്. പൊതുവിടങ്ങളിലും കുട്ടികളുടെ സാമീപ്യത്തിലും അതിന്റെ പ്രദര്‍ശനം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. അതിനാല്‍   ഈ നിരോധനത്തെ വ്യക്തിസ്വാതന്ത്ര്യത്തിനും  ഓരോരുത്തവരുടെയും ശ്ലീലാ-അശ്ലീല വിചിന്തന ബോധത്തിനും എതിരായ കടന്നുകയറ്റമായാണ് കാണേണ്ടത്. ബീഫ് നിരോധനം അടക്കമുള്ള നടപടികളിലൂടെ ഹിന്ദുത്വഭരണം  ഉയര്‍ത്തി കൊണ്ടുവരുന്ന പ്രതിതരംഗത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇതും.
പോണിനെ ‘നിരോധിക്കുക’ അല്ലെങ്കില്‍ ‘നിലനിര്‍ത്തുക’ എന്ന മാതിരിയുള്ള ചര്‍ച്ചകളില്‍ ഒതുക്കുന്നതും അതില്‍തന്നെ യാഥാസ്ഥിതികരും പുരോഗമനകാരികളും  എന്ന വേര്‍തിരിവ് ഉണ്ടാക്കി പക്ഷം പിടിക്കുന്നതും വലിയ അര്‍ത്ഥമുള്ള കാര്യമായി തോന്നുന്നില്ല. ഇതേസമയം, ‘സദാചാരം’ എന്ന അടിമത്വവ്യവസ്ഥയില്‍ നിന്നും തലയൂരിയെടുത്ത ‘പരിഷ്‌കൃത ന്യൂനപക്ഷ’ത്തിന്റെ സ്വാതന്ത്ര്യബോധത്തിനും  സവിശേഷ അവകാശങ്ങള്‍ക്കും  എതിരെ ‘അപരിഷ്‌കൃത ഭൂരിപക്ഷം’നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലെ ഏറ്റവും അവസാനത്തെ ഉദാഹരണമായി ഈ നിരോധനത്തെയും കാണണമെന്ന തലതിരിഞ്ഞ വാദമാണ് ചിലര്‍ ഉന്നയിക്കുന്നത്. ലൈംഗികത പോലുള്ള വ്യവഹാരങ്ങളില്‍ ഫാഷിസ്റ്റ് ശുദ്ധിവാദം പുലര്‍ത്തുന്ന വരേണ്യബ്യൂറോക്രസിയും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഭരണാധികാരികളും അടങ്ങുന്ന ന്യൂനപക്ഷം, ഭൂരിപക്ഷത്തെ നിയന്ത്രിക്കാനും നിരായുധരാക്കാനും നടത്തുന്ന ഏര്‍പ്പാടുകളല്ലേ ഇത്തരം നിരോധനങ്ങള്‍?
‘നിരോധനം’ ‘അശ്ലീലം’ മുതലായ പദാവലികള്‍ കടന്നു നമ്മുടെ കാലഘട്ടത്തിലെ അതീവ ഗൗരവതരമായ ഒരു സാന്നിദ്ധ്യമായി പോണിനെ കാണണമെന്നാണ് തോന്നുന്നത്. മനുഷ്യരുടെ വര്‍ഗ്ഗപശ്ചാത്തലങ്ങളെയും ഭൗതികസാഹചര്യങ്ങളെയും  മാത്രം കണക്കിലെടുത്തു കൊണ്ടുള്ള സാമൂഹികവിശകലനങ്ങള്‍ പലതും ഇക്കാലത്ത് അപര്യാപ്തമായിരിക്കുകയാണ.്  സ്ഥലത്തിലും സമുദായത്തിലും ചരിത്രപരമായ വേരുകളുള്ളവയാണ് കാമനകള്‍. അവയുടെ മേല്‍ പ്രത്യക്ഷമായും പരോക്ഷമായും വലിയ സ്വാധീനം ചെലുത്തുന്നവയാണ് പോണോഗ്രാഫി. അതിനെ വേണ്ടവിധത്തില്‍ പരിഗണിക്കാതെയുള്ള സാംസ്‌ക്കാരിക അന്വേഷണങ്ങള്‍ എത്രമാത്രം ഫലപ്രദമാകും എന്നത് ഉന്നയിക്കേണ്ട ചോദ്യമാണ്. 1960-കള്‍ക്ക്  ശേഷം ലൈംഗികവിപ്ലവം എന്ന പദം തന്നെ ഉദയം ചെയ്തു എന്ന വസ്തുത ഈ ചോദ്യത്തിന് ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

______________________________
പോണ്‍ കാണാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അത് കാണാതിരിക്കാനുള്ള സര്‍വസ്വാതന്ത്ര്യവും നിലനില്‍ക്കുന്നുണ്ട്. പൊതുവിടങ്ങളിലും കുട്ടികളുടെ സാമീപ്യത്തിലും അതിന്റെ പ്രദര്‍ശനം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. അതിനാല്‍   ഈ നിരോധനത്തെ വ്യക്തിസ്വാതന്ത്ര്യത്തിനും  ഓരോരുത്തവരുടെയും ശ്ലീലാ-അശ്ലീല വിചിന്തന ബോധത്തിനും എതിരായ കടന്നുകയറ്റമായാണ് കാണേണ്ടത്. ബീഫ് നിരോധനം അടക്കമുള്ള നടപടികളിലൂടെ ഹിന്ദുത്വഭരണം  ഉയര്‍ത്തി കൊണ്ടുവരുന്ന പ്രതിതരംഗത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇതും.
______________________________

പോണിന്റെ സ്വാധീനം പോപ്പുലര്‍കള്‍ച്ചറില്‍  പ്രതിഫലിക്കുന്നതായി മനസ്സിലായത് ഷാജികൈലാസിന്റെ ചില സിനിമകളെപറ്റി എഴുതിയപ്പോഴാണ്. 1980-90കളില്‍ കേരളത്തില്‍ പുതിയതായി ഉണ്ടായ പോണ്‍ തരംഗം,നവസാങ്കേതികവിദ്യ    ,വാണിജ്യജേര്‍ണലിസം എന്നിവയെ സവര്‍ണ്ണഹൈന്ദവ പൊതുബോധവുമായി വിളക്കിചേര്‍ത്തതിലൂടെ രൂപപ്പെട്ട ”വംശീയതയുടെ പോണോ- ട്രോപിക് കാഴ്ചകളാ”യിട്ടാണ് ഞാന്‍ ആ സിനിമകളെ വിലയിരുത്തിയത്.

പൊതുവേ, ഉത്തര മുതലാളിത്ത ദിശയെ കാഴ്ചയുടെ കാലമായിട്ടാണ് (visual Age) വിലയിരുത്താറുള്ളത്. കാഴ്ചയുടെ ചടുലത, വര്‍ണ്ണപരത എന്നിവയെല്ലാം കാമനകളെ പെട്ടെന്നു കയ്യടക്കുന്നതിനാല്‍ അവയെ കേന്ദ്രീകരിച്ച സാംസ്‌ക്കാരികോല്‍പ്പന്നങ്ങള്‍ക്ക്  വശ്യത കൂടുകയും വിപണിമൂല്യവും  മാധ്യമപരിഗണനയും കിട്ടുകയും ചെയ്യും. ഇതോടെ ‘ആസ്വാദനം’, ‘ആവിഷ്‌ക്കാരം’, ‘കലാപരത’ എന്നിവയെല്ലാം കെട്ടുകാഴ്ച്ചകളുടെ അപൂര്‍വ്വ സമുച്ചയങ്ങളാകാന്‍  നിര്‍ബന്ധിതമാകുന്നു. ഇങ്ങനെ പുതിയ തരത്തില്‍ തൃഷ്ണാഭരിതമാകുന്ന സാംസ്‌ക്കാരികമേഖല, പടിഞ്ഞാറന്‍ സമൂഹത്തില്‍ വെളുപ്പിനെയും ഇന്ത്യപോലുള്ള സ്ഥലങ്ങളില്‍ സവര്‍ണ്ണതയെയും പുതുക്കിയെടുക്കുകയും സാര്‍വ്വലൗകികവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നത്. വെളുപ്പും സവര്‍ണ്ണതയും സര്‍വ്വാധിപത്യപരമായി പുനര്‍വിന്യസിക്കപ്പെടുന്ന അതേ അനുപാതത്തില്‍ അപരങ്ങളും ചെറുതുകളുമായ നിരവധി സാന്നിധ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. മാത്രമല്ല; കറുപ്പും, തവിട്ടും, മഞ്ഞയും ഇവയുടെയൊക്കെ കലര്‍പ്പുകളും ചേര്‍ന്ന വൈവിധ്യങ്ങള്‍ അപ്രധാനമാവുകയോ അനുബന്ധങ്ങളായി ചുരുങ്ങുകയോ ആണ് ഫലം.
ഇപ്രകാരം രൂപപ്പെട്ടിരിക്കുന്ന സാംസ്‌ക്കാരികമായ ജഢത്വത്തിന്റെ പ്രതിഫലനവും ഉപോല്‍പ്പന്നവുമായിട്ടാണ് പോണ്‍ പടരുന്നതെന്നു തോന്നുന്നു. ഉച്ച സാങ്കേതികവിദ്യയുടെ താങ്ങിലൂടെ,  അചിന്ത്യമായ ബഹുലത ഉള്‍ക്കൊണ്ട് ഓരോ നിമിഷവും അളക്കാനാവാത്ത വിധത്തില്‍ അത് പെരുകുകയാണ്. ആവര്‍ത്തനത്തിനുമേല്‍ ആവര്‍ത്തനം എന്നതാണ് പോണിന്റെ ഉല്‍പ്പാദനത്തിലും  വിനിമയത്തിലും ഉപഭോഗത്തിലും ഉള്ളടങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.
വര്‍ഷങ്ങള്‍ക്കുമുമ്പ്, സാഡേയുടെ കൃതികളും ലൈംഗിക വിപ്ലവകാലത്ത് പ്രചരിക്കപ്പെട്ട ചില അതിവിചിത്രമായ സാഹിത്യവും  വായിച്ചപ്പോള്‍ ലൈംഗിക ഭാവനയുടെ അറ്റമാണ് അവയിലുള്ളതെന്നു തോന്നിയിട്ടുണ്ട്. ലൈംഗിക കുറ്റവാളിയെന്ന നിലയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സാഡേ തലനാരിഴയുടെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെങ്കിലും മുപ്പതു വര്‍ഷത്തോളം ജയിലില്‍ തന്നെയാണ് കഴിഞ്ഞത്.ഫ്രോയ്ഡും  ഫൂക്കോയുമടക്കമുള്ള ലോകത്തിലെ ഉന്നതരായ ചിന്തകരെപ്പോലും  അന്ധാളിപ്പിച്ചു കളഞ്ഞ വിധ്വംസക കൃതികളെഴുതിയ സാഡേ, മുട്ടിലിഴയുന്ന ശിശുവാണെന്നു തോന്നും ഇന്നത്തെ ഇന്റര്‍നെറ്റ്‌പോണിന്റെ  വിഷ്വല്‍ഇമേജിറിക്ക് മുമ്പില്‍. വിപ്ലവകരമെന്നോ പുരോഗമനപരമെന്നോ  പറയാവുന്ന വളരെകുറച്ച് ഇടങ്ങള്‍ കണ്ടേക്കാമെന്നല്ലാതെ,  അടിസ്ഥാനപരമായും പോണ്‍ ജഢത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നതില്‍ തര്‍ക്കമില്ല.
പോണ്‍ വിനിമയും ചെയ്യുന്ന മരവിപ്പ്, ആവര്‍ത്തനം എന്നിവ അഭിമുഖീകരിക്കപ്പെടുകയും  സാധ്യമായ വിധത്തില്‍ ചെറുത്തു നില്‍ക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം. ഇതിനര്‍ത്ഥം, അതിനെ നിരോധിക്കണമെന്നല്ല. കടുത്ത ലൈംഗിക നിയന്ത്രണങ്ങളും, അരുതായ്മ വിലക്കുകളും  നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍  പലരും ആശ്വാസം തേടിയും ജിജ്ഞാസ അകറ്റാനും  പോണിനെ ആശ്രയിക്കുന്നുണ്ട്. ഒട്ടനവധിപേര്‍ അതിനെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.  ഇവരുടെ സ്വകാര്യതയ്ക്ക് അവസര സമത്വം നിഷേധിക്കുന്നത്  ജനാധിപത്യ നൈതികതയല്ല. മാത്രമല്ല, പോണ്‍ ആസ്വാദകരെ  കുറ്റവാളികളായും സംസ്‌ക്കാരം കുറഞ്ഞവരായും  കാണുന്ന പൊതുബോധവും മാറേണ്ടത് തന്നെയാണ്. ഇതേസമയം, പോണില്‍ പ്രതിരോധം  ഉണ്ടെന്ന് പറയുകയും  യാഥാസ്ഥിതിക സമൂഹത്തെ വെല്ലുവിളിക്കാന്‍  അതിനു പ്രാപ്തിയുണ്ടെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്ന നിരവധി വ്യക്തിവാദഗ്രൂപ്പുകള്‍ പാശ്ചാത്യനാടുകളിലുണ്ട്. ഇക്കൂട്ടര്‍ വരേണ്യരുടെ ശുദ്ധിവാദത്തെ  എതിര്‍ ദിശയിലുടെ സാധൂകരിക്കുന്ന പ്രതിബോധമാണ് ഉന്നയിക്കുന്നതെന്നും  വിമര്‍ശിക്കപ്പെടുന്നുണ്ട്.
വിധ്വംസകമെന്നു വിളിക്കപ്പെടുന്ന  സാഡേയുടെ കൃതികളില്‍;  ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമായി  ക്രൂരമായ ആനന്ദം പകരാന്‍ നിയുക്തമായ ശരീരങ്ങള്‍ കാര്‍ഷിക അടിയാളവ്യവസ്ഥയില്‍ നിന്നും പറിച്ചെറിയപ്പെട്ട അനാഥബാലികമാരുടെയും, പ്രഭുകുലത്തിന്റെ പരിചാരിക വൃത്തിയിലേര്‍പ്പെട്ടവരുടേതുമായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്.  ഇന്നത്തെ പോണിന്റെ മുന്നോടിയായി ‘രോഗാതുരമായ’ അറുപതുകളുടെ അവസാനം ഉണ്ടായ അണ്ടര്‍ഗ്രൗണ്ട്‌സിനിമകളിലും ലഘുചിത്രങ്ങളിലും  വിയറ്റ്‌നാം അടക്കമുള്ള അധിനിവേശ  യുദ്ധങ്ങളിലൂടെ രക്തദാഹം വര്‍ദ്ധിച്ചവരും അപരസ്ത്രീകളുടെ ശരീരങ്ങളെ ഏതുവിധേനയും അപമാനവീകരിക്കാന്‍ വാസന പൂണ്ടവരുമായ വെള്ളക്കാരുടെ ക്രൂരസംതൃപ്തികളും അന്തര്‍ലീനമായിരുന്നു എന്നതും വസ്തുതയാണ്.   പഴയ പ്ലാന്റേഷനുകളിലെ അടിമകളോട്  കാണിച്ച യജമാനത്വം മുതല്‍ ഗ്വാണ്ടനാമ തടവറകളിലെ പീഡനമുറകള്‍ വരെ ഇന്നത്തെ പോണില്‍ ആന്തരികവത്ക്കരിച്ചും അല്ലാതെയും പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്.
സമകാലീന മുതലാളിത്തത്തിന്റെ  ലൈംഗിക മരവിപ്പുകളേയും ബൂര്‍ഷ്വാവ്യക്തിവാദത്തിന്റെ കെണിനിലങ്ങളെയും ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരെ പ്രത്യേകിച്ചും, അവര്‍ സ്ത്രീകളായ സാമൂഹികചിന്തകരും ആക്റ്റിവിസ്റ്റുകളുമാണെങ്കില്‍ അവരെ ‘യാഥാസ്ഥിതിക ഫെമിനിസ്റ്റു’കളായി മുദ്രകുത്തി ഒതുക്കാന്‍ പാശ്ചാത്യമാധ്യമങ്ങളും വ്യക്തിവാദഗ്രൂപ്പുകളും  പണ്ട്മുതലേ സംഘടിത നീക്കം നടത്തിയിരുന്നു. ഫെമിനിസത്തിന്റ പേരുപയോഗിക്കുന്ന അവസരവാദികളായ ചില സ്ത്രീകളും ഇത്തരം പുരുഷാധിപത്യ/ മാധ്യമതന്ത്രങ്ങള്‍ക്കൊപ്പം അണിചേരാറുണ്ട്.

_______________________________
‘നിരോധനം’ ‘അശ്ലീലം’ മുതലായ പദാവലികള്‍ കടന്നു നമ്മുടെ കാലഘട്ടത്തിലെ അതീവ ഗൗരവതരമായ ഒരു സാന്നിദ്ധ്യമായി പോണിനെ കാണണമെന്നാണ് തോന്നുന്നത്. മനുഷ്യരുടെ വര്‍ഗ്ഗപശ്ചാത്തലങ്ങളെയും ഭൗതികസാഹചര്യങ്ങളെയും  മാത്രം കണക്കിലെടുത്തു കൊണ്ടുള്ള സാമൂഹികവിശകലനങ്ങള്‍ പലതും ഇക്കാലത്ത് അപര്യാപ്തമായിരിക്കുകയാണ.്  സ്ഥലത്തിലും സമുദായത്തിലും ചരിത്രപരമായ വേരുകളുള്ളവയാണ് കാമനകള്‍. അവയുടെ മേല്‍ പ്രത്യക്ഷമായും പരോക്ഷമായും വലിയ സ്വാധീനം ചെലുത്തുന്നവയാണ് പോണോഗ്രാഫി. അതിനെ വേണ്ടവിധത്തില്‍ പരിഗണിക്കാതെയുള്ള സാംസ്‌ക്കാരിക അന്വേഷണങ്ങള്‍ എത്രമാത്രം ഫലപ്രദമാകും എന്നത് ഉന്നയിക്കേണ്ട ചോദ്യമാണ്. 1960-കള്‍ക്ക്  ശേഷം ലൈംഗികവിപ്ലവം എന്ന പദം തന്നെ ഉദയം ചെയ്തു എന്ന വസ്തുത ഈ ചോദ്യത്തിന് ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
_______________________________

ഇവര്‍ ഉപഭോഗം എന്ന ഒറ്റ വശത്തിലുടെ മാത്രമാണ്  ലൈംഗികതയെ  കാണുന്നുള്ളു എന്നു തോന്നുന്നു. കടുത്ത അനീതികളും അതിക്രമങ്ങളും നടമാടുന്ന, മിക്കവാറും മാഫിയ സമ്പത്ത്‌വ്യവസ്ഥ അടിത്തറയായ ഉല്‍പ്പാദന-വിനിമയ-ഉപഭോഗ മേഖലയാണ് പോണിന്റേത്. മനുഷ്യചോദനകളെ യുദ്ധകാലത്ത് എന്നപോലെ പരമാവധി അക്രമാസക്തമാക്കികൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൃഗങ്ങള്‍ക്കുമെതിരെ  ഇതിന്റെ വക്താക്കള്‍ നടത്തിയിട്ടുള്ള കടന്നുകയറ്റങ്ങളെ  ആധുനിക ഫെമിനിസം ഉജ്ജ്വലമായ സമരങ്ങളിലൂടെയാണ് നേരിട്ടിട്ടുള്ളത്. ഇന്ന് പല രാഷ്ട്രങ്ങളിലും ചൈല്‍ഡ്‌പോണോഗ്രാഫി കടുത്ത കുറ്റമായി മാറിയതും, അക്രമണോത്സുകമായ ബലാത്സംഗചിത്രീകരണങ്ങള്‍ക്കും മൃഗങ്ങളെയും ശവശരീരങ്ങളെയും ഉപയോഗിച്ചുള്ള ലൈംഗികതയ്ക്കും നിയന്ത്രണങ്ങള്‍ വന്നതും ഇത്തരം സമരങ്ങളുടെ ഫലമായിട്ടാണ്. മാത്രമല്ല, പോണ്‍ വ്യവസായ രംഗത്ത് നിലനില്‍ക്കുന്ന കടുത്ത വംശീയ – ലിംഗ വിവേചനങ്ങള്‍ക്ക് എതിരെയും അതില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീപുരുഷന്‍മാരുടെ രണ്ടാംകിട പൗരത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന നിരവധി ശബ്ദങ്ങള്‍ ആ മേഖലയില്‍ നിന്നും തന്നെ ഇപ്പോള്‍ ഉയരുന്നുണ്ട്.
സമരങ്ങളിലൂടെ മാത്രമല്ല, അപരങ്ങളുടെയും ചെറുതുകളുടെയും സംസ്‌ക്കാരത്തെയും ധാര്‍മികതയെയും ഉള്‍കൊള്ളുന്ന പുതിയ ജ്ഞാനമണ്ഡലങ്ങളുടെ വളര്‍ച്ച, അഭാവങ്ങളെയും അലിംഗപരതയെയും ഉള്‍ക്കൊള്ളുന്ന പുതിയ സാഹിത്യ-സംഗീത-സിനിമ ഭാവനകള്‍, ജനാധിപത്യത്തെ ഘടനാപരമായി വികസിപ്പിക്കുന്ന വിവിധതരം സബ്കള്‍ച്ചറുകളുടെ വ്യാപനം എന്നിവയിലൂടെ ‘പോണ്‍എയ്ജിന്റെ’ ജഢത്വം ലോകമെമ്പാടും വെല്ലുവിളിക്കപ്പെടുന്നുണ്ട്.
പോണിന്റെ മരവിപ്പ് ദൈനംദിനജീവിതത്തിലേക്ക് പടര്‍ന്നു കയറിയ ഒരമ്മയുടെയും മകളുടെയും പ്രക്ഷുബ്ധമായ അവസ്ഥകളെ പ്രതിപാദിക്കുന്നതാണ്, 2004ല്‍ നോബല്‍ സമ്മാനം ലഭിച്ച എല്‍ഫ്രഡ് യെല്‍നിക് എന്ന ആസ്ട്രിയന്‍ എഴുത്തുകാരിയുടെ ‘പിയാനോ ടീച്ചര്‍’ എന്ന നോവല്‍. കേരളത്തില്‍ മികച്ച വായനാപരിഗണന കിട്ടിയ ടി.ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സീസ് ഇട്ടിക്കോര’ എന്ന നോവലും പോണിന്റെ ആഖ്യാനപശ്ചാത്തലത്തിലുള്ളതാണ്.
പാശ്ചാത്യസമൂഹത്തില്‍ അരിസ്റ്റോക്രസിയില്‍ നിന്നും റൊമാന്റിക് ഭാവനാലോകം ഉടലെടുത്തപ്പോഴാണ് ലൈംഗികസങ്കല്‍പനങ്ങളില്‍ തീവ്രമായ ഗതിമാറ്റം സംഭവിക്കുന്നത്. അക്കാലത്തെ കവികളും ദാര്‍ശനികരുമ ടക്കം അനേകം വ്യക്തികള്‍ അപകടകരമായ ലൈംഗിക- പ്രണയജീവിതം നയിക്കുകയും അതനുസരിച്ചുള്ള ആവിഷ്‌ക്കാരങ്ങള്‍ നടത്തുകയും ചെയ്തതിനാലാണ് റൊമാന്റിക് ഭാവനാലോകം വികസിച്ചത്. ഇതിനുശേഷം, നാച്ചലറിസത്തിന്റെ ഉദയത്തോടെ ലൈംഗികത കുറച്ചുകൂടെ സാധാരണമാവുകയും അപരജനതകളുടെ ജീവിതമുദ്രകള്‍ അതില്‍ രേഖപ്പെടാനും തുടങ്ങി. ആധുനികതയില്‍ പ്രണയത്തിന് മാത്രമല്ല ലൈംഗികതയ്ക്കും പദവിനഷ്ടം സംഭവിക്കുകയും യാന്ത്രികവും അല്ലാത്തതുമായ നിരവധി മനുഷ്യഭാവങ്ങളില്‍ ഒന്നുമാത്രമായി ഇവ കണക്കാക്കപ്പെടാനും തുടങ്ങി. ഇന്നത്തെ ഉത്തരാധുനിക സമൂഹത്തില്‍ ഈ രണ്ടു വ്യവഹാരങ്ങളുടെയും പതനം സമ്പൂര്‍ണ്ണമാവുകയും അവയുടെ അഭാവത്തെ രേഖപ്പെടുത്തുന്ന ആവിഷ്‌ക്കാരങ്ങള്‍ക്കും ചിന്താപദ്ധതികള്‍ക്കും പ്രാതിനിധ്യം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്.

പുതിയ ജ്ഞാനമാര്‍ഗ്ഗങ്ങളിലൂടെ, സബ്കള്‍ച്ചറുകളിലൂടെ വികസിച്ചു വരുന്ന പുത്തന്‍ സാംസ്‌ക്കാരികതയുടെ ഏറ്റവും സമുന്നതമായ സൂചനകളാണ് ബോബ്മാര്‍ലിയുടെ സമരജീവിതത്തിലും സംഗീതത്തിലും കാണാവുന്നത്. ഉത്തര മുതലാളിത്തഘട്ടത്തിലെ അധിനിവേശ വ്യവസ്ഥയെ  പ്രതിപാദിക്കാന്‍ ബോബ്മാര്‍ലി സ്വന്തമായി ഉപയോഗിച്ച വാക്കാണ് ”ബാബിലോണ്‍”. അദ്ദേഹത്തിന്റെ മഹത്തായ സംഗീതവും നാടോടി ജീവിതവും സാര്‍വ്വദേശീയ പ്രശസ്തിയുമെല്ലാം ബാബിലോണിനോടുള്ള രാഷ്ട്രീയ സമരം തന്നെയായിരുന്നു. ബോബ്മാര്‍ലിയുടെ ‘വേയ്‌ലേഴ്‌സ് ‘എന്ന ട്രൂപ്പിലെ ഗായക സംഘാംഗംആയിരുന്ന പീറ്റര്‍ തോഷ് പുത്തന്‍ ചൂഷകവ്യവസ്ഥയെ”തീട്ടവ്യവസ്ഥ” (Shitstem) എന്നാണ് വിളിച്ചത്. ബോബ്മാര്‍ലിയുടെയും പീറ്റര്‍ തോഷിന്റെയുമെല്ലാം സമരം ”സദാചാരത്തെയും മതപരതയെയും ധാര്‍മ്മികത”യെയും  പുതുകാലത്തിലേക്ക് വിളക്കിച്ചേര്‍ക്കുന്നതിനൊപ്പം, ഏറ്റവും അവഗണിതരായ സമുദായങ്ങളുടെ അതിജീവനത്തിന്റെ ജൈവനാരുകളെ വീണ്ടെടുക്കുന്നവയുമായിരുന്നു. പാശ്ചാത്യാധിഷ്ഠിതമായ ഉച്ചസാംസ്‌ക്കാരികതയെ മാത്രം പരിശീലിച്ചുകൊണ്ടിരുന്നവര്‍ക്ക്  ബോബ്മാര്‍ലിയെ പോലുള്ളവരെ തിരിച്ചറിയാന്‍ വൈകിയതിനു കാരണവും മറ്റൊന്നല്ല.

നോബല്‍ സമ്മാനജേതാവും ഇറ്റാലിയന്‍ നാടകകലാകാരനുമായ ഡാരിയോഫോയും അദ്ദേഹത്തിന്റെ ഭാര്യയായ ഫ്രാന്‍ക റൈമും ചേര്‍ന്ന് പോണിനെ പ്രമേയമാക്കി രൂപപ്പെടുത്തിയ നാടകമാണ് ‘ആലീസ് ഇന്‍ വണ്ടര്‍ലെസ് ലാന്റ്’. ‘ആലീസേ നിന്റെ പാവാട കുറച്ചു കൂടെ പൊക്കൂ, നിനക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മാസ്മരിക ലോകത്തെത്താം എന്ന മാര്‍ജാരന്‍മാരുടെയും കരടികളുടെയും ആര്‍പ്പു വിളികള്‍ക്കിടയിലൂടെ പതിമൂന്നുവയസ്സുകാരിയായ ആലീസ് പോണ്‍സാമ്രാജ്യത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നതാണ് നാടകത്തിന്റെ പ്രതിപാദ്യം. പോണിനോടുള്ള നമ്മുടെ അപരിചിത മനോഭാവത്തെ മാറ്റിമറിക്കുന്നതാണ് ഈ നാടകം.

കേരളത്തില്‍ ശിവദാസന്റെ ശില്പങ്ങള്‍, സക്കീര്‍ഹുസൈന്റെയും ബിനുവിന്റെയും ചിത്രങ്ങള്‍, ബിനോയി പി.ജെയുടെയും ബിനു പള്ളിപ്പാടിന്റെയും കവിതകള്‍, ജയന്‍ ചെറിയാന്റെയും രൂപേഷ്‌കുമാറിന്റെയും ഡോക്കുഫിക്ഷനുകള്‍, ഫെമിനസത്തിന്റെ പുതുതരംഗം, ദലിത്-ന്യൂനപക്ഷ-കീഴാള ഫെമിനിസത്തിന്റെ ഉയര്‍ച്ച, മതങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും വിമര്‍ശനാത്മകമായി ഉരുത്തിരിയുന്ന സബ്കള്‍ച്ചറുകള്‍, പ്രവാസിത്തവും ദേശാന്തരീയതകളും രൂപപ്പെടുന്ന കലര്‍പ്പുകള്‍, സങ്കരഭാഷകള്‍, നിരവധി സംഗീത ട്രൂപ്പുകള്‍, തിയേറ്റര്‍ ആര്‍ട്ടിലെ പുതുപരീക്ഷണങ്ങള്‍, സാമൂഹികതയോട് ആഴത്തില്‍ പ്രതിബദ്ധത കാണിക്കുന്ന യൂത്ത്കള്‍ച്ചറും അതിന്റെ വേഷങ്ങളും ശരീര ഭാഷകളും സൗഹൃദഇടങ്ങളും-ഇവയെല്ലാം പഴയ ലൈംഗികതയുടെ സമ്പൂര്‍ണ്ണ നാശത്തിനൊപ്പം മള്‍ട്ടികള്‍ച്ചറിസത്തിന്റെ ഭാവങ്ങളെയും അഭാവങ്ങളെയും പ്രതിനിധാനം ചെയ്യുന്നവയാണ്. ഇവയില്‍ നിന്നും അകന്നു മാറിയാണ് പോണ്‍ ഉണ്ടാകുന്നത്.

___________________________________

Top