സംവരണത്തിനെതിരെയുള്ള വാളെടുപ്പുകള്‍

റിസര്‍വേഷന്‍ ഒന്നിന്റെയും അവസാനമല്ല. ഇത് പല സമുദായങ്ങളും നേരിടുന്ന പരാധീനതകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. സാമൂഹികമായി പുറംതള്ളപ്പെട്ട ഓരോ വിഭാഗങ്ങളുടെയും ക്രിയാത്മക സഹകരണവും പങ്കാളിത്തവും എല്ലാ സാമൂഹ്യ വിഷയങ്ങളിലും തലങ്ങളിലും ഉറപ്പാക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ‘സംവരണം സമൂഹത്തെ പല തട്ടുകളായി തിരിച്ചു’ എന്ന തെറ്റിദ്ധാരണാജനകമായ ഒരു വാദമുണ്ട്. ഇന്ത്യന്‍ സമൂഹം നൂറ്റാണ്ടുകളായി പല ജാതികളായി പിരിഞ്ഞു കഴിഞ്ഞിരുന്നു. ആ അവസ്ഥയില്‍ റിസര്‍വ്വേഷന്‍ ജാതി യെ ഉന്മൂലനം ചെയ്തു എന്നു പറയേണ്ടിവരും. കാരണം ഇന്ത്യയില്‍ ഏതാണ്ട് 5,000-ത്തോളം ജാതികളാണ് പിന്നാക്ക വിഭാഗങ്ങളായി കരുതപ്പെട്ടിരുന്നത്. ഇവയെ മൂന്നു വിഭാഗങ്ങളായി (എസ്.സി., എസ്.ടി., ഒ.ബി.സി.) ചുരുക്കുകയാണ് സംവരണം ചെയ്തത്. അംബേദ്കര്‍ തെരഞ്ഞെടുത്ത ഈ രീതിയാണ് ജാതിയെ ഇല്ലാതാക്കാനുള്ള ശരിയായ മാര്‍ഗ്ഗം.

ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 15 ശതമാനം വരുന്ന ഒരു വിഭാഗമാണ് പാട്ടീദാര്‍ പട്ടേല്‍. ഗുജറാത്തിലെ വ്യാപാരത്തിന്റെ ഏതാണ്ട് സിംഹഭാഗവും പട്ടേലുകളുടെ കൈകളിലാണ്. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ്‌സിലെ എക്കണോമിക്‌സ് പ്രൊഫസറായ ഇന്ദിര ഹിര്‍വ്വേ സാക്ഷ്യപ്പെടുത്തുന്നത് പട്ടേലുകള്‍ രാഷ്ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായും വളരെ ശക്തമായ ഒരു മുന്നാക്കസമുദായമാണ് എന്നാണ്. അത്തരത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു സമുദായമാണ് ഒ.ബി.സി. സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സമരമുഖത്ത് വന്നിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തികച്ചും ന്യായമെന്ന് തോന്നിയേക്കാവുന്ന ചോദ്യങ്ങളുന്നയിച്ചുകൊണ്ട് ഹാര്‍ദ്ദിക് പട്ടേല്‍ എന്ന 22-കാരനാണ് ഈ സമരത്തെ നയിക്കുന്നത്. ”മാര്‍ക്ക് കുറവായതിനാല്‍ ഞങ്ങള്‍ക്ക് എന്‍ജിനീയറിങ്ങ് പ്രവേശനം ലഭിച്ചില്ല. എന്നാല്‍ ഞങ്ങളേക്കാള്‍ മാര്‍ക്കു കുറഞ്ഞ ഒ.ബി.സി. വിദ്യാര്‍ത്ഥിക്കു സീറ്റു കിട്ടി. എന്തുകൊണ്ടാണ് എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ജോലി കിട്ടുന്നതും അവരേക്കാള്‍ കൂടുതല്‍ മാര്‍ക്കും യോഗ്യതയുമുള്ള ഞങ്ങള്‍ക്ക് കിട്ടാത്തതും.” അങ്ങനെ ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തിലെ യുവത്വത്തിന്റെ പ്രതിനിധിയും മുഴുവന്‍ ഭാരതീയരുടേയും സാമൂഹികതുല്യത എന്ന പ്രഹേളികയിലെ മിന്നുന്ന താരവുമാകുന്നു. ഹാര്‍ദ്ദിക് പട്ടേലും അയാളുടെ പിന്നില്‍ അണിനിരക്കുന്ന ‘സമത്വവാദി’കളും സമകാലീന ഇന്ത്യയുടെ മൂടിവക്കപ്പെട്ട സാമൂഹികവും ജാതീയവുമായ അരാജകത്വത്തിന്റെയും ദലിത് വിരുദ്ധ പ്രക്ഷുബ്ധതയുടെയും പതാകവാഹകരാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. കാരണം പട്ടേലുകളുടെ സംവരണസമരം ഒരു പുതിയ അവസ്ഥയല്ല. അതിന് പ്രത്യക്ഷമായ ചില ചരിത്ര തലങ്ങളുണ്ട്. എന്നു മാത്രമല്ല ഗുജറാത്ത് എന്ന സമരഭൂമിക മൊത്തം ഇന്ത്യയുടെ പൊതുവരേണ്യ ഇടമായി പരിണമിക്കുന്നത് അത്ര വിദൂരമല്ല. അതിന്റെ അലയടികള്‍ ഇങ്ങ് കേരളത്തിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ജാതിയുടെ സംഘര്‍ഷം ഏതു സമയവും പുറത്തുവരാന്‍ കഴിയുന്ന അതി തീവ്രമായ ഒരു അടിസ്ഥാന സാമൂഹിക പ്രശ്‌നമാണ്. ഹാര്‍ദ്ദിക് പട്ടേലും അയാള്‍ നയിക്കുന്ന സമരവും അതിന്റെ സൂചകങ്ങള്‍ മാത്രമാണ്.
1980-കളില്‍ ഇതേ പട്ടേല്‍ സമുദായം സംഘടിച്ച് തെരുവില്‍ ഇറങ്ങിയതും ഒരു സംവരണ പ്രക്ഷോഭവുമായിട്ടാണ്. പക്ഷേ അത് സംവരണത്തിന് എതിരായിട്ടായിരുന്നു എന്നുമാത്രം. 1972-ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെ പറ്റി പഠിക്കാന്‍ ബക്ഷി കമ്മീഷനെ ഏര്‍പ്പെടുത്തുന്നത്. 1976-ല്‍ ബക്ഷി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം ഒ.ബി.സി.ക്ക് 10% സംവരണം ഏര്‍പ്പെടുത്തി. 1982-ല്‍ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരുടെ പ്രതിഷേധം കൂടി പരിഗണിച്ച് റാണെ കമ്മീഷന്‍ ഒ.ബി.സി. സംവരണം 18% ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തു. 1985-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റാണെ കമ്മീഷന്‍ റിപ്പോര്‍ട്ട് ചില തിരുത്തലുകളോടെ നടപ്പാക്കി. ഈ രീതിയില്‍ ഒ.ബി.സി. സംവരണം നടപ്പാക്കപ്പെട്ട 1976-മുതല്‍ 86-വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ ഗുജറാത്തിലെ ജാതി ഹിന്ദുക്കള്‍, പ്രത്യേകിച്ച് പട്ടേല്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പിന്നാക്കജാതിക്കാര്‍ക്കെതിരെ ആയിരക്കണക്കിന് തെരുവ് കലാപങ്ങളും ആക്രമണങ്ങളുമുണ്ടായതായി കാണാം. സാമൂഹികപുരോഗതി അല്‍പമെങ്കിലും സ്വന്തമാക്കിയ പിന്നാക്കക്കാരായിരുന്നു അവരുടെ പ്രധാന ഇരകള്‍ എന്നു കാണാം. എന്നാല്‍ ഈ കാലഘട്ടത്തില്‍ തന്നെയാണ് സംവരണവിരുദ്ധതയെ പരോക്ഷമായി പിന്തുണച്ച് പട്ടേല്‍ വിഭാഗത്തെ കൂടെനിര്‍ത്തുകയും പൊതുഹിന്ദുസമൂഹത്തിലും കീഴാളസമൂഹത്തിലും മുസ്ലീംവിരുദ്ധത പ്രചരിപ്പിച്ചുകൊണ്ടും ബി.ജെ.പി. ഒരു ഭൂരിപക്ഷ മതാധിഷ്ഠിത രാഷ്ട്രീയം രൂപപ്പെടുത്തുന്നത് 1985 ഫെബ്രുവരി മുതല്‍ ജൂലായ് വരെ നടത്തിയ 750-ഓളം മുസ്ലീംവിരുദ്ധ അക്രമങ്ങള്‍ ഗുജറാത്തില്‍ നിലനിന്നിരുന്ന ജാതി-രാഷ്ട്രീയ സംഘര്‍ഷങ്ങളെ പൊതുധാരയുടെ മുഖചിത്രത്തില്‍ നിന്നും അന്തര്‍ധാരയിലേക്ക് ഒതുക്കിനിര്‍ത്തി ഒരു മുസ്ലീംവിരുദ്ധ മുഖ്യധാരാരാഷ്ട്രീയം രൂപപ്പെടുത്തി. 2015 ആഗസ്റ്റ് 25-ന് ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദിലെ ഗുജറാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (GMDC) ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മെഗാ ‘ക്രാന്തി റാലി’ 1980-കളിലെ സംവരണപ്രക്ഷോഭത്തിന്റെ എതിര്‍വാദങ്ങളുമായാണ് രംഗത്തുവരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടിനും ഒരേ ലക്ഷ്യമേയുള്ളൂ- സംവരണം ഇല്ലാതാക്കുക. ബി.ജെ.പി.യുടെ മേല്‍ജാതിപ്രാമുഖ്യമുള്ള രാഷ്ട്രീയഅജണ്ട സമ്മാനിച്ച ആന്തരിക വൈരുദ്ധ്യങ്ങളുമായി കൂടിക്കലര്‍ന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ രൂപഭാവങ്ങളോടെ പഴയ അതേ കീഴാളവിരുദ്ധത മറനീക്കി പുറത്തുവരുന്നു. ഹാര്‍ദ്ദിക് പട്ടേല്‍ ഇതുവരെ ഒരു നിമിത്തം മാത്രം. സമകാലീന വരേണ്യതയുടെ അവസരവാദമുഖം കൂടി ഈ പ്രക്ഷോഭം പുറത്തുകാട്ടുന്നു.

_________________________________
ഇന്ത്യയില്‍ എവിടെയും കേരളത്തിലും മുന്നോക്ക സമുദായങ്ങളില്‍ പെട്ട ചിലരെല്ലാം ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഒ.ബി.സി.കളുമായും ദലിതരുമായും തട്ടിച്ചുനോക്കിയാല്‍ അത് തുലോം നിസ്സാരമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിക സര്‍വ്വേകള്‍ ഒന്നു പരിശോധിച്ചുനോക്കിയാല്‍ മതിയാകും. പക്ഷേ, ദരിദ്രനായ മുന്നോക്കക്കാരനും ദരിദ്രനായ പിന്നാക്കക്കാരനും തമ്മില്‍ വലിയ അന്തരമുണ്ട്. എത്ര ദരിദ്രനായാലും സവര്‍ണ്ണസമുദായങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിലായിരിക്കും. തലമുറകളുടെ ഒരു വിദ്യാഭ്യാസ പാരമ്പര്യം തന്നെ അവര്‍ക്കുണ്ടാകും. എന്നാല്‍ പിന്നാക്കക്കാരന്റെ വിദ്യാഭ്യാസ പാരമ്പര്യം ഒന്നോ രണ്ടോ തലമുറക്കപ്പുറം പോവില്ല. ഈ പരാധീനത അവരുടെ പുതിയ തലമുറകളുടെ കഴിവിലും പ്രതിഫലിക്കും. അതുകൊണ്ടാണ് എന്‍ട്രന്‍സ് പരീക്ഷകളിലും സിവില്‍ സര്‍വ്വീസ് പരീക്ഷകളിലും വിജയം കണ്ടെത്തുന്ന പിന്നാക്കക്കാരുടെ എണ്ണം ഇപ്പോഴും കുറവായിരിക്കുന്നത്. മാത്രവുമല്ല ദരിദ്രരായ മുന്നാക്കക്കാരനും പിന്നാക്കക്കാരനും കിട്ടുന്ന സാമൂഹ്യ സ്വീകാര്യതയിലും വ്യത്യാസം കാണാം. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ അവരില്‍ അടിച്ചേല്‍പിച്ചതാണ് ഈ സാമൂഹിക പിന്നാക്കാവസ്ഥ.

_________________________________

തങ്ങള്‍ക്ക് ജാതിസംവരണം വേണമെന്നതല്ല പട്ടേലുകളുടെ യഥാര്‍ത്ഥ ആവശ്യം. ജാതി സംവരണം എടുത്തുകളയണം എന്നതാണ്. ഇതേ ആവശ്യം തന്നെയാണ് ജാട്ടുകളും ഗുജ്ജാറുകളും കേരളത്തിലെ നായന്മാര്‍ പോലുള്ള ഇന്ത്യയിലെ മേല്‍ജാതി സമുദായ സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്. നേതാവ് വൈദ്യയുടെ പ്രസ്താവന ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. വൈദ്യ പറയുന്നത്- ‘ജാതിക്ക് ഇന്ന് പ്രസക്തിയില്ലാത്തതുകൊണ്ട് ജാതി അടിസ്ഥാനത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കുന്ന സംവരണം എടുത്തുകളയണം എന്നാണ്. പകരം സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയാല്‍ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.  സംവരണത്തിന്റെ ചരിത്രമോ സാഹചര്യങ്ങളോ ഇന്നും തുടരുന്ന പരോക്ഷവും പ്രത്യക്ഷവുമായ തൊട്ടുകൂടായ്മയോ കീഴാള വിരുദ്ധ അതിക്രമങ്ങളോ ഇന്നും നിലനില്‍ക്കുന്ന കീഴാളരുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയോ മനസ്സിലാക്കാതെയല്ല വൈദ്യ ഇത് പറയുന്നത്. മറിച്ച് ഇന്ത്യയിലെ സവര്‍ണ്ണ സാമൂഹ്യ ശ്രേണീകരണത്തിലെ നിര്‍ബന്ധബുദ്ധിയും പച്ചയായ സ്വാര്‍ത്ഥതയുമാണ് ഇവരെക്കൊണ്ട് ഇത് പറയിക്കുന്നത്. ഇങ്ങനെ തന്നെയാണ് എക്കാലവും സവര്‍ണ്ണ കേന്ദ്രീകൃത ജാതി രാഷ്ട്രീയം പല മുഖംമൂടികളിട്ട് ഇന്ത്യ ഭരിച്ചിട്ടുള്ളത്. ഭരണഘടന രൂപീകരണവേളകളില്‍ നെഹ്‌റുവും ഗാന്ധി യും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കന്മാരുടെ നിലപാടുകള്‍ പോലും ഇതായിരുന്നുവെന്ന് സംവരണ വിഭാഗങ്ങള്‍ പോലും തിരിച്ചറിയുന്നില്ല. സാമ്പത്തിക സംവരണം എന്ന മറുവാഗ്ദാനം ഒറ്റനോട്ടത്തില്‍ കൂടുതല്‍ വിശാലവും മനോഹരവുമൊക്കെയാണെന്നുള്ളത് ഇതുകൊണ്ട് തന്നെ ഇത്തരം പ്രചാരണങ്ങള്‍ ഒ.ബി.സി. വിഭാഗത്തെ കുറച്ചെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ഒ.ബി.സി.-കള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആശയക്കുഴപ്പത്തിലാണ്. പട്ടേല്‍ സമുദായത്തെ പിന്തുണച്ചുകൊണ്ട് നീതീഷ് കുമാര്‍ രംഗത്തുവന്നത് ഇതിനു തെളിവാണ്.

കേരളത്തില്‍ ഒ.ബി.സി. സംവരണം ഏര്‍പ്പെടുത്തുന്നതിന് വളരെ മുമ്പു തന്നെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഛത്രപതി സാഹുജി മഹാരാജാവാണ് ഇന്ത്യയില്‍ ആദ്യമായി ഒ.ബി.സി.ക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ഭരണത്തിലും ഉദ്യോഗത്തിലും തങ്ങള്‍ക്കു കൂടി പങ്കാളിത്തമുണ്ടെന്ന് ഒ.ബി.സി.കളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടിയാണ് സംവരണത്തിന്റെ ഉദ്ദേശ്യം. ഇതേ കാരണം, അതായത് പിന്നാക്കക്കാരുടെ ഭരണ-അധികാര പങ്കാളിത്തമാണ് ജാതി ഹിന്ദുക്കളുടെ സംവരണ വിരുദ്ധതയുടെ യഥാര്‍ത്ഥ വിഷയം. പിന്നാക്കക്കാരുടെ ഭരണ-അധികാര പങ്കാളിത്തം ഒഴിവാക്കാനുള്ള എളുപ്പവഴിയാണ് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമെന്ന ‘വെള്ള ഉടുപ്പിട്ട അമൂല്‍ ബേബി’. സാമ്പത്തിക സംവരണം യഥാര്‍ത്ഥത്തില്‍ ഒരു മുന്നോക്കസമുദായസംവരണത്തിന്റെ ഫലംചെയ്യും. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന സവര്‍ണസമുദായങ്ങളുമായി മത്സരിച്ച് മുന്നിലെത്താന്‍ കഴിയാത്ത പിന്നാക്കക്കാരന്‍ എത്ര ദരിദ്രനായാലും സംവരണം കിട്ടില്ല എന്നതുതന്നെയാണ് അതിന്റെ കാരണം.
ഇന്ത്യയില്‍ എവിടെയും കേരളത്തിലും മുന്നോക്ക സമുദായങ്ങളില്‍ പെട്ട ചിലരെല്ലാം ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഒ.ബി.സി.കളുമായും ദലിതരുമായും തട്ടിച്ചുനോക്കിയാല്‍ അത് തുലോം നിസ്സാരമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിക സര്‍വ്വേകള്‍ ഒന്നു പരിശോധിച്ചുനോക്കിയാല്‍ മതിയാകും. പക്ഷേ, ദരിദ്രനായ മുന്നോക്കക്കാരനും ദരിദ്രനായ പിന്നാക്കക്കാരനും തമ്മില്‍ വലിയ അന്തരമുണ്ട്. എത്ര ദരിദ്രനായാലും സവര്‍ണ്ണസമുദായങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിലായിരിക്കും. തലമുറകളുടെ ഒരു വിദ്യാഭ്യാസ പാരമ്പര്യം തന്നെ അവര്‍ക്കുണ്ടാകും. എന്നാല്‍ പിന്നാക്കക്കാരന്റെ വിദ്യാഭ്യാസ പാരമ്പര്യം ഒന്നോ രണ്ടോ തലമുറക്കപ്പുറം പോവില്ല. ഈ പരാധീനത അവരുടെ പുതിയ തലമുറകളുടെ കഴിവിലും പ്രതിഫലിക്കും. അതുകൊണ്ടാണ് എന്‍ട്രന്‍സ് പരീക്ഷകളിലും സിവില്‍ സര്‍വ്വീസ് പരീക്ഷകളിലും വിജയം കണ്ടെത്തുന്ന പിന്നാക്കക്കാരുടെ എണ്ണം ഇപ്പോഴും കുറവായിരിക്കുന്നത്. മാത്രവുമല്ല ദരിദ്രരായ മുന്നാക്കക്കാരനും പിന്നാക്കക്കാരനും കിട്ടുന്ന സാമൂഹ്യ സ്വീകാര്യതയിലും വ്യത്യാസം കാണാം. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ അവരില്‍ അടിച്ചേല്‍പിച്ചതാണ് ഈ സാമൂഹിക പിന്നാക്കാവസ്ഥ. അതു മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴും നിലനില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നാക്ക പ്രാതിനിധ്യത്തിലെ കുറവ്. അപ്പോള്‍ പിന്നെ പട്ടേലുകളുടെ ഈ പരാതി യാഥാര്‍ത്ഥ്യമാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
ഉത്തരേന്ത്യയിലേതിനു സമാനമായ നിലപാടുകളാണ് ഇവിടത്തെ നായര്‍ സമുദായങ്ങളും മറ്റു മുന്നാക്ക സമുദായങ്ങളും മുന്നോട്ടുവക്കുന്നത്. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗവും മുന്‍ ലെയ്‌സന്‍ ഓഫീസറും ഇപ്പോഴത്തെ വനം വികസനകോര്‍പ്പറേഷന്‍ ചെയര്‍മാനുമായ അഡ്വ. എം.മനോഹരന്‍ പിള്ള കേരളശബ്ദത്തില്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഒന്ന് പരിശോധിക്കാവുന്നതാണ്. അതിലൊന്ന്, നായരടക്കമുള്ള ഇന്ത്യയിലെ വിവിധ മുന്നാക്കസമുദായങ്ങളുടെ ജനസംഖ്യാ ശതമാനമാണ്. ഇന്ത്യയിലെ മുന്നാക്ക സമുദായങ്ങളുടെ ജനസംഖ്യ 40%-ത്തോളവും കേരളത്തിലേത് 38%-വും വരുമെന്നാണ് എം.മനോഹരന്‍ പിള്ള എഴുതുന്നത്. അതിന് അദ്ദേഹം ആശ്രയിക്കുന്നത് വര്‍ഷം വെളിപ്പെടുത്താത്ത ഒരു നാഷണല്‍ സാമ്പിള്‍ സര്‍വ്വേയും ഫാമിലി ഹെല്‍ത്ത് സര്‍വ്വേയുമാണ്. 1931-നു ശേഷം ജാതി തിരിച്ചുള്ള സെന്‍സസ് നടന്നത് ഈയിടെ ആണ്. ആ കണക്കുകള്‍ ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇത്രയധികം ജനസംഖ്യാ പ്രാമുഖ്യമുള്ള ഒരു സമുദായം ആദ്യംചെയ്യേണ്ടത് അത് പുറത്തുകൊണ്ടുവരിക എന്നതാണ്. എന്നാല്‍ ഇന്ത്യയിലെ എല്ലാ മുന്നാക്ക സമുദായങ്ങളും ഈ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനാണ് താല്‍പര്യപ്പെടുന്നത്. 50 ശതമാനം സംവരണം മുന്നോക്കസമുദായങ്ങള്‍ക്ക് ദോഷമായിത്തീരുന്നു എന്നതാണ് മനോഹരന്‍ പിള്ള അവകാശപ്പെടുന്നത്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ആകമാനം 22 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരും 52 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി 74 ശതമാനം സംവരണ വിഭാഗങ്ങള്‍ മാത്രമുണ്ട്. എന്തായാലും ഒരു പ്രദേശത്ത് നിന്നവരായിരിക്കുമല്ലോ വന്നവരേക്കാള്‍ കൂടുതല്‍.

____________________________________
ഇന്ത്യയിലെ എല്ലാ മുന്നാക്ക സമുദായങ്ങളും ഈ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനാണ് താല്‍പര്യപ്പെടുന്നത്. 50 ശതമാനം സംവരണം മുന്നോക്കസമുദായങ്ങള്‍ക്ക് ദോഷമായിത്തീരുന്നു എന്നതാണ് മനോഹരന്‍ പിള്ള അവകാശപ്പെടുന്നത്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ആകമാനം 22 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരും 52 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി 74 ശതമാനം സംവരണ വിഭാഗങ്ങള്‍ മാത്രമുണ്ട്. എന്തായാലും ഒരു പ്രദേശത്ത് നിന്നവരായിരിക്കുമല്ലോ വന്നവരേക്കാള്‍ കൂടുതല്‍. സംവരണക്കാര്‍ ഇവിടത്തെ തദ്ദേശീയരാണ്. കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരും മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനത്തോളം വരും. സംവരണം ജനസംഖ്യാനുപാതികമാണെങ്കില്‍ വെറും 50 ശതമാനം സംവരണം പ്രതികൂലമായി ബാധിക്കുന്നത് ഇവരെയാണ്. അതുകൊണ്ടു കൂടിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വ്വീസില്‍ ഇവരുടെ പ്രാതിനിധ്യം തുലോം കുറവായിരിക്കുന്നത്. വര്‍ഷം എത്രകഴിഞ്ഞാലും ജനസംഖ്യ കൂടുമ്പോള്‍ എങ്ങനെയായാലും ആനുപാതികമായ വര്‍ദ്ധനയല്ലേ ഓരോ സമുദായത്തിനും സംഭവിക്കൂ. അല്ല മറിച്ചാണെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും.
_____________________________________

സംവരണക്കാര്‍ ഇവിടത്തെ തദ്ദേശീയരാണ്. കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരും മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടി മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനത്തോളം വരും. സംവരണം ജനസംഖ്യാനുപാതികമാണെങ്കില്‍ വെറും 50 ശതമാനം സംവരണം പ്രതികൂലമായി ബാധിക്കുന്നത് ഇവരെയാണ്. അതുകൊണ്ടു കൂടിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വ്വീസില്‍ ഇവരുടെ പ്രാതിനിധ്യം തുലോം കുറവായിരിക്കുന്നത്. വര്‍ഷം എത്രകഴിഞ്ഞാലും ജനസംഖ്യ കൂടുമ്പോള്‍ എങ്ങനെയായാലും ആനുപാതികമായ വര്‍ദ്ധനയല്ലേ ഓരോ സമുദായത്തിനും സംഭവിക്കൂ. അല്ല മറിച്ചാണെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും.
ശാസ്ത്രസാഹിത്യ പരിഷത്ത് സാമ്പിള്‍ സര്‍വ്വേ (കേരള പഠനം) 2004 പ്രകാരം കേരളത്തിലെ മുന്നാക്ക ഹിന്ദുക്കളുടെ ജനസംഖ്യ 14 ശതമാനം മാത്രമാണ്. മൊത്തം ക്രിസ്ത്യാനികള്‍ 18.3 ശതമാനമാണ്. അതില്‍ നിന്നും ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറച്ചാല്‍ ഒരു 10-12 ശതമാനം വരും മുന്നാക്ക ക്രിസ്ത്യാനികളുടെ ജനസംഖ്യ. അങ്ങനെ വരുമ്പോള്‍ മൊത്തം മുന്നോക്കക്കാര്‍ ഏതാണ്ട് 26% ശതമാനമോ അതില്‍ കുറവോ മാത്രമായിരിക്കും. എങ്ങനെ കൂട്ടിയാലും അത് 38 ശതമാനമാകുന്നില്ല. അങ്ങനെ വരുമ്പോള്‍ പിന്നാക്കക്കാരുടെ ജനസംഖ്യ 75 ശതമാനമായി തന്നെ തുടരുന്നത് കാണാം. നരേന്ദ്രന്‍ കമ്മീഷന്‍ സര്‍വ്വേയിലും മണ്ഡല്‍ കമ്മീഷന്‍ സര്‍വ്വേയിലും സംവരണ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട് സംവരണം ചെയ്യപ്പെട്ട പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല എന്നുകാണാം. ഉന്നത തസ്തികകളിലെ പ്രാതിനിധ്യം വളരെ പരിതാപകരമാണുതാനും. എന്നാല്‍ എല്ലായിടത്തും ജനസംഖ്യയേക്കാള്‍ ഇരട്ടി വരുന്ന പ്രാതിനിധ്യമാണ് മുന്നോക്കക്കാര്‍ കയ്യടക്കിയിരിക്കുന്നത്. അവിടെയാണ് തങ്ങളുടെ കഴിവും യോഗ്യതയും അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ദിവസവും ജോഗിങ്ങും പരിശീലനവും ചെയ്യുന്ന ആളെയും വര്‍ഷങ്ങളോളം ചങ്ങലക്കിട്ട അടിമയേയും ഒരേ പോയിന്റില്‍ നിര്‍ത്തി ഒരുമിച്ചോടിച്ചിട്ട് ആദ്യത്തെയാള്‍ ജയിക്കുമ്പോള്‍ അത് കഴിവും യോഗ്യതയുമാണെന്നു പറഞ്ഞാല്‍ അതു ശരിയാകുമോ…? അത് ആധിപത്യമനോഭാവമാണ്. എന്താണ് മെറിറ്റ് നിശ്ചയിക്കുന്നതിലെ അളവുകോല്‍. കേവലം പരീക്ഷകളാണോ? മെറിറ്റ് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് വളരെ ഇടുങ്ങിയ കാഴ്ചപ്പാടുകളുടെയും ഏകകങ്ങളുടെയും അടിസ്ഥാനത്തിലാണ്. പരീക്ഷകള്‍ മെറിറ്റിന്റെ അവസാന വാക്കാണോ? ചോദ്യപേപ്പര്‍ തയ്യാറാക്കപ്പെടുന്നത് ശാസ്ത്രീയവും മന:ശാസ്ത്രപരവുമായിട്ടായിരിക്കാം. പക്ഷേ, ഉത്തരങ്ങള്‍ പൊതുവിപണിയില്‍ ഉയര്‍ന്ന വിലയിട്ട് വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. അത് വാങ്ങാന്‍ കഴിയാത്ത ഒരു കീഴാളന്‍ സ്വന്തം സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. അതിനെ എങ്ങനെ വരേണ്യരുടെ മെറിറ്റ്‌വാദത്തിന്റെ അളവുകോലുകൊണ്ട് അളക്കും. ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ നിലവിലുള്ള മിതമായ സാഹചര്യങ്ങളില്‍ നിന്ന് പിന്നാക്കക്കാരന്‍ നേടുന്നത് മെറിറ്റിലുപരിയാണെന്ന് സമ്മതിക്കേണ്ടിവരും. കാരണം, മെറിറ്റിന്റെ ഏകകങ്ങള്‍ ഏകപക്ഷീയവും അശാസ്ത്രീയവുമാണ്. അതുകൊണ്ടു തന്നെയാണല്ലോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗങ്ങളില്‍ പോലും അഴിമതിക്കാരും ക്രിമിനലുകളും കയറിപ്പറ്റുന്നത്.

ഇങ്ങനെയിരിക്കെയാണ് എന്‍.എസ്.എസ്. ഭൂരിപക്ഷസമുദായമെന്ന് അവകാശവാദം ഉന്നയിച്ച് ഭരണത്തിന്റെ ‘താക്കോലിന്’ പിടിവലി നടത്തുന്നത്. ഈ ഭൂരിപക്ഷവാദത്തെ പിന്തുണക്കുന്നതാണ് ഇവിടത്തെ മാധ്യമങ്ങളുടെ നിലപാടുകള്‍. എന്നാല്‍ ഇവിടത്തെ ഭൂരിപക്ഷസമുദായം മുസ്ലീംകളോ ഈഴവരോ ആയിരിക്കും. മൂന്നാമത് ക്രിസ്ത്യാനികള്‍ വരും അതിനും പിന്നിലാണ് അഭിനവ ഭൂരിപക്ഷ നായന്മാര്‍ വരിക. ഭൂരിപക്ഷസമുദായത്തിന് താക്കോല്‍ സ്ഥാനം കിട്ടണമെന്ന വാദത്തിലൂടെ നായര്‍ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് എന്‍.എസ്.എസ്. പരോക്ഷമായി പറയുന്നത്. യഥാര്‍ത്ഥ ഭൂരിപക്ഷമായ ഈഴവരും എന്‍.എസ്.എസിനെ പിന്തുണച്ചത് ഈ വസ്തുതകള്‍ അറിയാതെയാണെന്നുവേണം കരുതാന്‍. എന്നാല്‍, നിലവിലെ പ്രത്യേകമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യക്തമായ ചരിത്രാവബോധത്തോടെ എസ്.എന്‍.ഡി.പി. യോഗം ഇപ്പോള്‍ തീരുമാനിക്കേണ്ടത് എന്‍.എസ്.എസിനെ കൂട്ടുപിടിച്ച് 50 ശതമാനമാകണോ അതോ മുഴുവന്‍ പിന്നാക്കക്കാരോടൊപ്പം ചേര്‍ന്ന് 75 ശതമാനമാകണോ എന്നതാണ്.

_____________________________________
തങ്ങള്‍ക്ക് ജാതിസംവരണം വേണമെന്നതല്ല പട്ടേലുകളുടെ യഥാര്‍ത്ഥ ആവശ്യം. ജാതി സംവരണം എടുത്തുകളയണം എന്നതാണ്. ഇതേ ആവശ്യം തന്നെയാണ് ജാട്ടുകളും ഗുജ്ജാറുകളും കേരളത്തിലെ നായന്മാര്‍ പോലുള്ള ഇന്ത്യയിലെ മേല്‍ജാതി സമുദായ സംഘടനകള്‍ വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്. നേതാവ് വൈദ്യയുടെ പ്രസ്താവന ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. വൈദ്യ പറയുന്നത്- ‘ജാതിക്ക് ഇന്ന് പ്രസക്തിയില്ലാത്തതുകൊണ്ട് ജാതി അടിസ്ഥാനത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കുന്ന സംവരണം എടുത്തുകളയണം എന്നാണ്. പകരം സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയാല്‍ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സംവരണത്തിന്റെ ചരിത്രമോ സാഹചര്യങ്ങളോ ഇന്നും തുടരുന്ന പരോക്ഷവും പ്രത്യക്ഷവുമായ തൊട്ടുകൂടായ്മയോ കീഴാള വിരുദ്ധ അതിക്രമങ്ങളോ ഇന്നും നിലനില്‍ക്കുന്ന കീഴാളരുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയോ മനസ്സിലാക്കാതെയല്ല വൈദ്യ ഇത് പറയുന്നത്. മറിച്ച് ഇന്ത്യയിലെ സവര്‍ണ്ണ സാമൂഹ്യ ശ്രേണീകരണത്തിലെ നിര്‍ബന്ധബുദ്ധിയും പച്ചയായ സ്വാര്‍ത്ഥതയുമാണ് ഇവരെക്കൊണ്ട് ഇത് പറയിക്കുന്നത്.
_____________________________________

എന്തുതന്നെയായാലും സംവരണം പിന്നാക്കക്കാരനെ അളക്കാനും ഒതുക്കാനുമുള്ള ഒരു ഉപകരണം കൂടിയായി പരക്കെ ഉപയോഗിക്കപ്പെടുന്നു. അവന്റെ നേട്ടങ്ങളെല്ലാം സംവരണത്തിന്റെ പേരില്‍ നിസ്സാരവത്കരിക്കപ്പെടുന്നു. എന്നാല്‍ അവന്റെ അവസരങ്ങളും സാദ്ധ്യതകളും സംവരണത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തപ്പെടുന്നു. എവിടേയും രാഷ്ട്രീയത്തിലും ഭരണത്തിലും ഉദ്യോഗത്തിലുമെല്ലാം പിന്നാക്കക്കാരന്‍ മെറിറ്റോടെ വന്നാലും സംവരണത്തിന്റെ കുട്ടയില്‍ നിക്ഷേപിക്കപ്പെടുന്നു. അത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യത്തില്‍ പോലും പ്രകടമാണ്. നേതാക്കളായാലും പ്രവര്‍ത്തകരായാലും കൃത്യം എണ്ണമേ അനുവദിക്കൂ. എന്നാല്‍ രാഷ്ട്രീയത്തൊഴിലാളികളുടെ (രാഷ്ട്രീയ ഗുണ്ടായിസം, ജാഥ, പോസ്റ്ററൊട്ടിക്കല്‍…) കാര്യം ഇതിന് ഒരു അപവാദമാണ്. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പിന്നാക്കക്കാരായിരിക്കും ഉണ്ടായിരിക്കുക. അതാകട്ടെ ‘പ്രമോഷനില്ലാത്ത തസ്തിക’യുമാണ്.
ഗവണ്‍മെന്റ് സര്‍വ്വീസുകളിലെ നിയമനനില നോക്കിയാല്‍ ക്ലാസ്-1, ക്ലാസ്-2 തസ്തികകളില്‍ നിയമനം ലഭിച്ച പിന്നാക്കക്കാരുടെ എണ്ണം തുലോം കുറവാണ്. അത് വരേണ്യരുടെ അനിഷേധ്യ ഇടമായി ഇന്നും നിലനിര്‍ത്തപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമനം ലഭിച്ചിട്ടുള്ള പിന്നാക്കക്കാര്‍ ഭൂരിഭാഗവും ക്ലാസ്-3, ക്ലാസ്-4 തസ്തികകളില്‍ പ്രവേശിച്ചവരാണ്. കണ്ടിജന്‍സി അഥവാ മാലിന്യ നിര്‍മ്മാര്‍ജ്ജന ജോലികളെല്ലാം തന്നെ പട്ടികവിഭാഗങ്ങള്‍ക്ക് റിസര്‍വ്വ് ചെയ്തതുപോലെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശ്രിത നിയമനങ്ങള്‍ നടക്കുന്നത് കണ്ടിജന്‍സി ജോലികളിലാണ്. കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാന്‍സര്‍ ബാധിച്ചു മരിച്ചത് കണ്ടിജന്‍സി ജീവനക്കാരായ 30 പേരാണ്. എത്രമാത്രം അരക്ഷിതമായ തൊഴില്‍ സാഹചര്യത്തിലാണ് ഇന്നും അവര്‍ പണിയെടുക്കുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ആദായനികുതിയുടെ പരിധിയില്‍ പെടാത്ത മുന്നാക്കസമുദായാംഗങ്ങളെ ഒ.ബി.സി.ക്ക് തുല്യമായി പരിഗണിച്ച് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സംവരണം നല്‍കണമെന്ന് സിന്‍ഹു കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് മനോഹരന്‍ പിള്ള പറയുന്നു. ഇപ്പോള്‍ തന്നെ സ്വന്തം ജനസംഖ്യയുടെ ഇരട്ടി പ്രാതിനിധ്യം കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലുള്ള ഇവര്‍ക്ക് സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തിയാല്‍ പാവം പിന്നാക്കക്കാരന് പിന്നെ എന്തു ബാക്കിയുണ്ടാകും? ഇത് വെറും ആര്‍ത്തി മാത്രമല്ല, നൂറ്റാണ്ടുകളായുള്ള മുന്നോക്കക്കാരന്റെ കീഴാളവിരുദ്ധതയുടെ ചായംതേച്ച മുഖം കൂടിയാണ്. ജാതി അടിസ്ഥാനത്തില്‍ ഉദ്യോഗമോ ജോലിയോ കൊടുക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന വൈദ്യ, തിരുപ്പതിയിയിലേയും കാശിയിലേയും ഗുരുവായൂരിലേയും മേല്‍ ശാന്തി/തന്ത്രി തസ്തികകളിലേക്കും അങ്ങനെ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറയുമോ?
സംവരണമെന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വാക്കാണ്. സംവരണം എന്ന് പരക്കെ പറയപ്പെടുന്ന ഈ സംവിധാനത്തെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ‘പ്രാതിനിധ്യം’ എന്നാണ്. ഇതൊരു വ്യക്തിക്കോ സമുദായത്തിനോ അവരുടെ കഴിവുകൊണ്ട് നേടാവുന്ന ഒന്നല്ല. മറിച്ച് , പ്രത്യേക വിശേഷാധികാരങ്ങളൊന്നുമില്ലാത്ത ഒരു സമുദായത്തിന്റെ (Unprivileged Community) പ്രാതിനിധ്യം ഉറപ്പാക്കുവാനായി ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതാണ് സംവരണം. സമുദായങ്ങള്‍ക്കാണ് സംവരണം (പ്രാതിനിധ്യം) നല്‍കുന്നത്. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഭരണാധികാരത്തില്‍ പ്രാതിനിധ്യം നല്‍കാനുള്ള എന്തെങ്കിലും വ്യവസ്ഥകള്‍ അതാത് രാജ്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. അത് ജനാധിപത്യസംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടനാപരമായ ആവശ്യമാണ്. ഇന്ത്യയില്‍ പല സമുദായങ്ങള്‍ വിശേഷിച്ച് കാലങ്ങളായി സാമൂഹിക സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചുവരുന്ന ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണാധികാരത്തിലും സര്‍വ്വീസിലും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനു വേണ്ടി ഭരണഘടന ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണ് റെപ്രസെന്റേഷന്‍ എന്ന സംവരണം. അമേരിക്കയിലെ ‘അഫര്‍മേറ്റീവ് ആക്ഷന്‍’ ഈ സാമുദായിക സംവരണത്തിന് സമാനമായ ഒരു സംവിധാനമാണ്. പലരും കരുതിയിരിക്കുന്നതുപോലെ പത്തു വര്‍ഷത്തേക്കു മാത്രമായി രൂപംകൊടുത്ത ഒന്നല്ല സംവരണം. പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗ/വിദ്യാഭ്യാസ സംവരണത്തിന് കാലപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഒ.ബി.സി.കളുടെ പിന്നാക്കാവസ്ഥ പഠിച്ച് മതിയായ പ്രാതിനിധ്യത്തിന് വ്യവസ്ഥചെയ്യാന്‍ ഭരണഘടന ആവശ്യപ്പെടുന്നു.
റിസര്‍വേഷന്‍ ഒന്നിന്റെയും അവസാനമല്ല. ഇത് പല സമുദായങ്ങളും നേരിടുന്ന പരാധീനതകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. സാമൂഹികമായി പുറംതള്ളപ്പെട്ട ഓരോ വിഭാഗങ്ങളുടെയും ക്രിയാത്മക സഹകരണവും പങ്കാളിത്തവും എല്ലാ സാമൂഹ്യ വിഷയങ്ങളിലും തലങ്ങളിലും ഉറപ്പാക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ‘സംവരണം സമൂഹത്തെ പല തട്ടുകളായി തിരിച്ചു’ എന്ന തെറ്റിദ്ധാരണാജനകമായ ഒരു വാദമുണ്ട്. ഇന്ത്യന്‍ സമൂഹം നൂറ്റാണ്ടുകളായി പല ജാതികളായി പിരിഞ്ഞു കഴിഞ്ഞിരുന്നു. ആ അവസ്ഥയില്‍ റിസര്‍വ്വേഷന്‍ ജാതി യെ ഉന്മൂലനം ചെയ്തു എന്നു പറയേണ്ടിവരും. കാരണം ഇന്ത്യയില്‍ ഏതാണ്ട് 5,000-ത്തോളം ജാതികളാണ് പിന്നാക്ക വിഭാഗങ്ങളായി കരുതപ്പെട്ടിരുന്നത്. ഇവയെ മൂന്നു വിഭാഗങ്ങളായി (എസ്.സി., എസ്.ടി., ഒ.ബി.സി.) ചുരുക്കുകയാണ് സംവരണം ചെയ്തത്. അംബേദ്കര്‍ തെരഞ്ഞെടുത്ത ഈ രീതിയാണ് ജാതിയെ ഇല്ലാതാക്കാനുള്ള ശരിയായ മാര്‍ഗ്ഗം.
________________________

Top