കുട്ടന്‍കുളവും വഴിനടപ്പും പൊതുമറവിയും

സൂക്ഷ്മമായ വിമര്‍ശാവബോധവും രാഷ്ട്രീയ സാമൂഹ്യ ചരിത്രബോധവും വികസിപ്പിക്കുക എന്നതാണ് ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം ആശാസ്യമായിരിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലവരോധിക്കപ്പെട്ട ഇരുട്ടിനേയെങ്കിലും ചുരുങ്ങിയത് തിരിച്ചറിയാനും ചെറുക്കാനും നീതിബോധമുള്ള കേരള ജനത തയ്യാറാവേണ്ടതാണ്. എല്ലാത്തിനേയും ഹിന്ദുവല്‍ക്കരിക്കാനും വ്യാജഭൂരിപക്ഷപരമായ സംസ്‌കാര ദേശീയതയെ അടിച്ചുറപ്പിക്കാനും ശ്രമിക്കുന്ന ഹിന്ദുത്വ സമഗ്രാധിപത്യം ഭരണം കയ്യാളിയിരിക്കുന്ന വര്‍ത്തമാന കാലത്ത് ഇത്തരം സൂക്ഷ്മവും വ്യതിരിക്തവുമായ ചരിത്രബോധവും രാഷ്ട്രീയ വിമര്‍ശാവബോധവും അതിജീവനത്തിന്റെ അടിത്തറയാകുന്നു.

ദൈവത്തെ പിശാചായും പിശാചെ ദൈവമായും
വര്‍ണിക്കും ബ്രാഹ്മണന്റെ വൈഭവം ഭയങ്കരം…
സഹോദരനയ്യപ്പന്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലുള്ള കുട്ടന്‍കുളത്തിനപ്പുറത്തേക്ക് അവര്‍ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം മധ്യകാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പാതി വരെ ഇല്ലായിരുന്നു. നരനുനരനശുദ്ധവസ്തുവാക്കിയ വര്‍ണാശ്രമധര്‍മവും ജാതിയും തീണ്ടലുമായിരുന്നു പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കേരളത്തില്‍ അടിച്ചുറപ്പിക്കപ്പെട്ടത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി 1946 ജൂലായ് 6 നു നടന്ന ഐതിഹാസിക ബഹുജന സമരമാണ് കുട്ടന്‍കുളം സമരം എന്നറിയപ്പെടുന്നത്. കമ്യൂണിസ്റ്റുപാര്‍ട്ടിയും എസ്. എന്‍. ഡി. പി. യും പുലയ മഹാസഭയും പ്രജാണ്ഡലവും സംയുക്തമായി നടത്തിയ ഈ ഐതിഹാസിക ജാതിവിരുദ്ധ സമരത്തിലെ നായിക ശ്രീമതി പി. സി. കുറുമ്പ എന്ന ദലിത് വനിത 2013 ലാണ് അന്തരിച്ചത്. ഇന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിനു കിഴക്കുള്ള കുട്ടന്‍കുളവും പടിഞ്ഞാറുള്ള പള്ളിക്കുളവും ആ പേരുകളില്‍ പോലും അവശേഷിക്കാത്ത മറവിയുടെ ഇരുട്ടിലേക്കു നീങ്ങിയിരിക്കുന്നു. ജനതയുടെ മറവിയുടെ ഇരുട്ടിലും ചിലവിലുമാണ് അധീശത്വം തിരിച്ചുവരുന്നത്. സ്വന്തം ചരിത്രം മറക്കുന്ന ജനത ഫാഷിസത്തിനു വാതില്‍ തുറന്നു കൊടുത്ത് തുണിയും ചുറ്റി ഇളിഭ്യരായി തൂണും ചാരി കറങ്ങി നില്‍ക്കുന്നു.

കുട്ടനാട്, കുട്ടനല്ലൂര്‍, കുട്ടന്‍കുളങ്ങര എന്നിങ്ങനെയുള്ള സ്ഥലപ്പേരുകള്‍ സാക്ഷ്യപ്പെടുത്തുന്ന പോലെ കുട്ടന്‍ അഥവാ പുത്തരുമായി ബന്ധപ്പെട്ട പ്രാചീന സ്ഥലനാമ സൂചകമാണ് കുട്ടന്‍കുളം. അത് കുട്ടന്റെ കുളം തന്നെയാണ്. കുട്ടയുടെ അഥവാ കോരികയുടെ കുളമോ, പന്നിയുടെ കുളമോ അല്ലേയല്ല. പടിഞ്ഞാറു പള്ളിക്കുളവും തെക്കോട്ടു മാറി അയ്യന്‍കാവും അയ്യന്‍കണ്ടവും അയ്യന്‍ചിറയും ഇന്നും അവശേഷിക്കുന്നു. ഈ സമീപ സ്ഥലങ്ങളെല്ലാം വ്യക്തമായ ബൗദ്ധസൂചനയുള്ളതാണ്. ഇതിനിടയില്‍ ഒരു ”കുട്ടംകുളം” മാത്രം ഏതോ കുട്ടവാര്യര്‍ കുഴിപ്പിച്ചതാണെന്ന വമ്പിച്ച പ്രചാരണമാണിപ്പോള്‍ പലപുരോഗമന വക്താക്കളും തന്നെ അഴിച്ചു വിടുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിനെ പ്രതിരോധിക്കുന്ന അവരുടെ വാദങ്ങള്‍ സ്വീകാര്യമാണെങ്കിലും സ്ഥലനാമത്തിന്റെ ചരിത്രസൂചനകളേയും പ്രാചീന വംശാവലികളേയും ഇല്ലായ്മ ചെയ്യുന്ന അവരുടെ നവീന മിത്തുകള്‍ തികച്ചും വിമര്‍ശബോധത്തോടെ തള്ളിക്കളയേണ്ടതുണ്ട്. രാജഭരണകാലത്ത് കുട്ടവാര്യര്‍ നിര്‍മിച്ച നിഴല്‍വീഴാത്ത ദീര്‍ഘചതുരാകൃതിയിലുള്ള കുളത്തിന്റെ വിശേഷങ്ങളൊക്കെ കാലഗണനയില്ലാത്ത കെട്ടുകഥയല്ല മറിച്ച് ഭാഷയില്‍ അവശേഷിക്കുന്ന ബൗദ്ധസൂചകങ്ങളെ കൂടി തിരഞ്ഞുപിടിച്ച് തിരുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ്. പള്ളിപ്പേരുകള്‍ ചേരുന്ന സ്ഥലനാമങ്ങളെ പിള്ളിവല്‍ക്കരിക്കുകയും (വാടാനപ്പള്ളിയെ വാടാനപ്പിള്ളിയാക്കി വരുന്നു) പുള്ളിവല്‍ക്കരിക്കുകയും (കുളപ്പുള്ളിയും കൂത്താമ്പുള്ളിയും പോലെ) ചെയ്യുന്ന വര്‍ണാശ്രമധര്‍മത്തിന്റെ അമിതാവേശം തന്നെയാണ് കുട്ടവാര്യരുടെ കുളക്കഥ അഥവാ കള്ളക്കഥ. വാര്യരു കുഴിച്ചകുളമായിരുന്നെങ്കില്‍ അതു വാര്യക്കുളം ഏന്നറിയപ്പെട്ടേനേ. മൂടപ്പെട്ടതോ, ഇടിഞ്ഞുതൂര്‍ന്നതോ ആയ പ്രാചീനമായ കുട്ടന്‍ കുളത്തെ ചിലപ്പോള്‍ കുട്ടവാര്യര്‍ പുതുക്കിയെടുത്തേക്കാനിടയുണ്ട്. കേരളത്തിലേയും തെന്നിന്ത്യയിലേയും സ്ഥലനാമരൂപീകരണത്തെ കുറിച്ചു പഠിച്ചിട്ടുള്ളവര്‍ക്ക് അത് കുട്ടന്റെ അഥവാ ബുദ്ധന്റെ കുളം തന്നെയാണെന്നതില്‍ സംശയത്തിനിടയില്ല.

ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂരില്‍ 2014 ല്‍ ഒരു പ്രാചീന ശിലാ വിഗ്രഹം കണ്ടെത്തുകയുണ്ടായി. അവിട്ടത്തൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നാണതു കിട്ടിയത്. അത ് താന്ത്രികമായ വജ്രയാന ബുദ്ധമതധാരയിലെ അവലോകിതേശ്വര ബോധിസത്വന്റേതാണെന്നായിരുന്നു തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ വിലയിരുത്തല്‍. പ്രദേശചരിത്ര ഗവേഷകരായ സൈഫുദ്ദീനും കൃഷ്ണകുമാറും ഈ ലേഖകനും, അഭി തുമ്പൂരിനെ പോലുള്ള ദലിത് സംസ്‌കാര ചരിത്രാന്വേഷകരായ പ്രദേശവാസികളും നവസാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രമടക്കം 2014 സെപ്റ്റംബര്‍-ഡിസമ്പര്‍ മാസങ്ങളില്‍ ദീര്‍ഘമായ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കറുത്ത കല്ലിലുള്ള ഈ ശില്പം കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തു തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയത്തിലേക്കു കൊണ്ടുപോയി. ഇതുവരെ കൃത്യമായ വിശദാംശങ്ങളോടെ പ്രദര്‍ശനത്തിലെത്തിയിട്ടില്ല. അഗസ്‌തേശ്വര പുത്തൂര്‍ എന്നാണ് അവിട്ടത്തൂരിന്റെ പ്രാചീന നാമം. ഭരണിക്കാവ് പള്ളിക്കല്‍ (കായംകുളം), പുത്തൂര്‍ പള്ളിക്കല്‍ (കോഴിക്കോട് സര്‍വകലാശാലയ്ക്കു കിഴക്കുവശം) എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ പുത്തരുടെ അഥവാ ബുദ്ധരുടെ ഊരാണ് പുത്തൂര്‍. കേരളത്തിലും തമിഴ്‌നാട്ടിലും ധാരാളം പുത്തൂരുകള്‍ ഉണ്ട്. പുത്തനും അയ്യനും കുട്ടനും നീലനും പയ്യനുമെല്ലാം തന്നെ ബുദ്ധന്റേയും വിവിധ ബോധിസത്വന്മാരുടേയും ഗ്രാമ്യനാമങ്ങളാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള പുത്തന്‍കാവുകളും അയ്യമ്പുഴയും കുട്ടമ്പുഴയും കുട്ടനാടും കുട്ടനല്ലൂരും കുട്ടന്‍കുളങ്ങരയും കുട്ടന്‍കുളവും നീലൂരും നീലമ്പേരൂരും നീലങ്കുളങ്ങരയും പയ്യനാടും പയ്യന്നൂരുമെല്ലാം നമുക്കു പരിചിതമാണ്.

കേരളത്തിലെ അവസാനത്തെ ബൗദ്ധ പെരുമാളായിരുന്ന പള്ളിബാണര്‍ തന്റെ ആദര്‍ശമൂര്‍ത്തിയായ പുത്തരേയും മാതാവ് മഹാമായയേയും ആദ്യം പ്രതിഷ്ഠിച്ച ഇരിങ്ങാലക്കുടയ്ക്കു തൊട്ടുപടിഞ്ഞാറും കൊടുങ്ങല്ലൂരിനു വടക്കുമുള്ള പെരിഞ്ഞനം പള്ളിലമ്പലത്തിനു വടക്കുള്ള ഇന്നത്തെ അച്ചേശരത്തെ റോമാക്കാരുടെ അഗസ്റ്റസുമായി പല പ്രാദേശിക ചരിത്രാന്വേഷകരും ബന്ധിപ്പിക്കാറുണ്ട്. മണപ്പുറത്തെ പ്രാദേശിക ചരിത്രകാരന്മാരായ സൈഫുദ്ദീനും കൃഷ്ണകുമാറും ഈ വാദം മുന്നോട്ടു വച്ചിട്ടുണ്ട്. ഇതേ പോലെ അല്‍പ്പം മാത്രം കിഴക്കുള്ള അവിട്ടത്തൂരിന്റെ പഴയ പേരായ അഗസ്‌തേശ്വര പുത്തൂരിനെ അഗ്‌സ്റ്റസുമായി ബന്ധിപ്പിക്കാം. അതിലുമെളുപ്പത്തില്‍ അഗസ്ത്യരുമായും ബന്ധിപ്പിക്കാം.

ഇന്ന് അഗസ്ത്യകൂടം എന്നു വിളിക്കുന്ന പൊതാളകം അഥവാ പൊതിയില്‍ മല (ബുദ്ധലോകം അഥവാ ബോധിയില്‍ മലകൂടം) പ്രാചീന കാലത്ത് ബോധിയില്‍ മലയായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ പോലും തെന്നിന്ത്യന്‍ ബൗദ്ധകേന്ദ്രങ്ങളായിരുന്ന നാഗപട്ടിണവും കാഞ്ചീപുരവും സന്ദര്‍ശിച്ച ഹുയാന്‍സാങ്ങെന്ന ചൈനീസ് ബുദ്ധസഞ്ചാരി പൊതാളകമെന്ന മലകൂടത്തെ കുറിച്ചും ചേരനാട്ടിലെ വമ്പന്‍ വിഹാരങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്. മായാനത്തിലേയും വജ്രയാനത്തിലേയും അവലോകിതേശ്വര ബോധിസത്വന്റെ കേന്ദ്രമായിരുന്നു പൊതാളകം അഥവാ പൂതലോകം അഥവാ ബുദ്ധലോകമായ പൊതിയില്‍ മല. ഇന്നും തിബത്തിലെ ദലൈലാമയുടെ അരമന അറിയപ്പെടുന്നത് പൊതാളകം എന്നാണ്. അവലോകിതേശ്വരനെ പഴന്തമിഴില്‍ അകത്തിയനെന്നും പറഞ്ഞിരുന്നു. ഈ അകത്തിയകൂടത്തെ പിന്നീട് അഗസ്ത്യകൂടമെന്നും അകത്തിയനെ അഗസ്ത്യ മഹര്‍ഷിയെന്നും
ഹിന്ദുവല്‍ക്കരിച്ചെടുക്കുകയായിരുന്നു മധ്യകാലത്തോടെ തമിളകത്ത് യാഗയജ്ഞമാന്ത്രിക കൂടോത്രകൗടില്യ വിദ്യകളിലൂടെ രാജപൗരോഹിത്യം വഴി മേല്‍ക്കൈ നേടിയ ബ്രാഹ്മണിക ഹിന്ദുമതം. ഇങ്ങനെ സാംസ്‌കാരികമായ വംശാവലീ ചരിത്രം നോക്കുമ്പോള്‍ അഗസ്‌തേശ്വര പുത്തൂരിന്റെ യഥാര്‍ഥ രൂപം അവലോകിതേശ്വര ബുദ്ധൂര്‍ എന്നാണ്. പഴന്തമിഴ് ശൈലിയില്‍ അതിനെ അകത്തിയ പൂത്തൂര്‍ എന്നു പറയുന്നു. സ്ഥലനാമ ലക്ഷ്യങ്ങളില്‍ നിന്നും പ്രാചീന പുരാവസ്തു അവശിഷ്ടങ്ങളായ ചിറകള്‍, വയല്‍ത്തോടുകള്‍, മതിലുകള്‍, അമ്പലങ്ങള്‍ എന്നിവയില്‍ നിന്നും അവിട്ടത്തൂരും ഇരിങ്ങാലക്കുടയും ഒരു ചമണകേന്ദ്രമായിരുന്നു എന്നതും വ്യക്തമാണ്. ഏതാണ്ടു പതിനാലാം നൂറ്റാണ്ടുവരെ ജൈനമതം ഇവിടെ പിടിച്ചു നിന്നിരുന്നു എന്നു ചരിത്രരചയിതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തുപന്ത്രണ്ടാം നൂറ്റാണ്ടോടെ ജാതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടു സ്വീകരിച്ച ബുദ്ധമതത്തെ ബ്രാഹ്മണ ഹിന്ദുമതം ശൈവ, വൈഷ്ണവ ഭക്ത്യാവേശത്തെ ഉപയോഗപ്പെടുത്തി ഉന്മൂലനം ചെയ്തിരിക്കാം. ഭക്തിയുടെ ലഹരി മോന്തിയ അപ്പരുടേയും സംബന്ധരുടേയും നരമേധത്തെ കുറിച്ച് ഇളങ്ങുളവും മറ്റും ഏറെ എഴുതിയിട്ടുണ്ട്. ഏതായാലും ബോധിയില്‍ എന്ന ബൗദ്ധനാമത്തിന്റെ തമിഴ് ഗ്രാമ്യരൂപങ്ങളായ പോതിയില്‍, പൊതിയില്‍, പോതിയേല്‍, പോതിയേക്കര, എന്നിങ്ങനെയുള്ള വീട്ടുപേരുകളും സ്ഥലപ്പേരുകളും കേരളത്തിലങ്ങോളമിങ്ങോളം ഇന്നും സമൃദ്ധമാണ്.

_____________________________________
ത്തുപന്ത്രണ്ടാം നൂറ്റാണ്ടോടെ ജാതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടു സ്വീകരിച്ച ബുദ്ധമതത്തെ ബ്രാഹ്മണ ഹിന്ദുമതം ശൈവ, വൈഷ്ണവ ഭക്ത്യാവേശത്തെ ഉപയോഗപ്പെടുത്തി ഉന്മൂലനം ചെയ്തിരിക്കാം. ഭക്തിയുടെ ലഹരി മോന്തിയ അപ്പരുടേയും സംബന്ധരുടേയും നരമേധത്തെ കുറിച്ച് ഇളങ്ങുളവും മറ്റും ഏറെ എഴുതിയിട്ടുണ്ട്. ഏതായാലും ബോധിയില്‍ എന്ന ബൗദ്ധനാമത്തിന്റെ തമിഴ് ഗ്രാമ്യരൂപങ്ങളായ പോതിയില്‍, പൊതിയില്‍, പോതിയേല്‍, പോതിയേക്കര, എന്നിങ്ങനെയുള്ള വീട്ടുപേരുകളും സ്ഥലപ്പേരുകളും കേരളത്തിലങ്ങോളമിങ്ങോളം ഇന്നും സമൃദ്ധമാണ്. ബൗദ്ധപാദം അഥവാ ശ്രീപാദമുദ്രയുമായി ബന്ധപ്പെട്ട എറണാകുളം ജില്ലയിലെ കാലടി, മേക്കാലടി, മലയാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്കടുത്ത് ജൈനമുദ്രകള്‍ പേറുന്ന സ്ഥലനാമങ്ങളായ മാണിക്യമംഗലം, കൈപ്പാട്ടൂര്‍ (മാണിക്യവും കൈയ്യും ജൈനസൂചകങ്ങളാണ്, പൊന്നും കാലും കൂടുതലും ബൗദ്ധവും) എന്നിവിടങ്ങള്‍ക്കടുത്ത് പോതിയേക്കര എന്ന സ്ഥലം ഇപ്പോഴുമുണ്ട്.
_____________________________________ 

ബൗദ്ധപാദം അഥവാ ശ്രീപാദമുദ്രയുമായി ബന്ധപ്പെട്ട എറണാകുളം ജില്ലയിലെ കാലടി, മേക്കാലടി, മലയാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്കടുത്ത് ജൈനമുദ്രകള്‍ പേറുന്ന സ്ഥലനാമങ്ങളായ മാണിക്യമംഗലം, കൈപ്പാട്ടൂര്‍ (മാണിക്യവും കൈയ്യും ജൈനസൂചകങ്ങളാണ്, പൊന്നും കാലും കൂടുതലും ബൗദ്ധവും) എന്നിവിടങ്ങള്‍ക്കടുത്ത് പോതിയേക്കര എന്ന സ്ഥലം ഇപ്പോഴുമുണ്ട്. തൊട്ടു തെക്കുവശത്തായി തലയാറ്റംപള്ളിയും കാല്‍പ്പള്ളിയും കാര്‍പ്പള്ളിക്കാവും പെരിയാറിന്റെ തെക്കന്‍കരയില്‍ ഓണമ്പള്ളിയുമുണ്ട്. ഈ സ്ഥലപ്പേരുകളില്‍ പലതും ഇന്ന് പിള്ളികളായി മാറിയിരിക്കുന്നു. അകാരത്തെ ഇകാരമാക്കുന്ന ഉച്ചാരണ മാറ്റത്തില്‍ അര്‍ഥവും ചരിത്രവും ആവിയാകുന്നു, അഥവാ ആക്കുന്നു. പള്ളികളെ പിള്ളിവല്‍ക്കരിച്ചാണ് ബൗദ്ധചരിത്രത്തെ ദമനാത്മകമായ ബ്രാഹ്മണിക എഴുത്തധികാരം മായിക്കാന്‍ ശ്രമിച്ചത്. അല്‍പ്പം പടിഞ്ഞാട്ടു മാറി നെടുമ്പാശേരി ഭാഗത്താണെങ്കില്‍ ചേരിപ്പേരുകളുടെ പ്രളയമാണ്. പളളി ജൈനബൗദ്ധ ബസതികളേയും സ്തൂപങ്ങളേയും കുറിക്കുമ്പോള്‍ ചേരി ബൗദ്ധരുടെ പാര്‍പ്പിടങ്ങളേയും സംഘവിഹാരങ്ങളേയും കുറിക്കുന്നു. ചാലകളെന്ന പള്ളിക്കൂടങ്ങളും ഓത്തുപള്ളികളും സ്ഥലനാമങ്ങളില്‍ സമാന്തരമായി നിരവധിയാണ്. ലാമാശേരി എന്ന പദം ഇപ്പോഴും റ്റിബറ്റനിലും അവിടെ നിന്നും ഇംഗ്ലീഷിലും (ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി കാണുക) ഉപയോഗത്തിലുണ്ട്. ഭിക്കുക്കളായ ലാമമാരുടെ വാസസ്ഥാനമാണിത്. കേരളത്തില്‍ മധ്യകാലത്തിനു ശേഷം ബുദ്ധിസത്തെ ബ്രാഹ്മണിസം ക്രമേണ ഇല്ലാതാക്കിയതിനു ശേഷം ബൗദ്ധപാരമ്പര്യമുള്ള തീണ്ടല്‍ക്കാരാക്കിയ അവര്‍ണരുടെ വാസസ്ഥാനമായി ചേരി അറിയപ്പെട്ടു തുടങ്ങി. ആവണംകോടമ്പലവും മറ്റും നെടുമ്പാശേരിയിലാണ്. ശ്രമണമായ സാവണം തന്നെയാണ് ആവണമായും ഓണമായും മധ്യകാലത്തു മാറിയിട്ടുള്ളത്. ആവണം, ഓണം, അവിട്ടം, ചിങ്ങം, ചങ്ങം, മുണ്ട, പള്ളി, ശേരി, മുട്ടം, കുറിച്ചി തുടങ്ങിയ പദങ്ങള്‍ ചേര്‍ന്നു വരുന്ന സ്ഥലനാമങ്ങള്‍ക്ക് ബൗദ്ധജൈന ചമണബന്ധം കാണാറുണ്ട്. ഈ പശ്ചാത്തലങ്ങളില്‍ അവിട്ടത്തൂരും അവലോകിതേശ്വരന്റെ അഥവാ അകത്തിയന്റെ പുത്തൂര്‍ എന്ന നിലയില്‍ തികച്ചും ബൗദ്ധമായ സാംസ്‌കാരികപാരമ്പര്യമുള്ള സ്ഥലം തന്നെയാണെന്നു കാണാം.

അവിട്ടത്തൂരില്‍ നിന്നും കിട്ടിയ കരിങ്കല്‍ ശില്പത്തിന് ആയിരത്തിയിരുനൂറു വര്‍ഷത്തിലധികം പഴക്കം അനുമാനിക്കാം. കറുത്ത കല്ലിന്റെ നിറവും മിഴിവും ശൈലീകരണവും ശില്പത്തിന്റെ പ്രാചീനതയ്ക്ക് അടിവരയിടുന്നു. ജൈനമുദ്രകളായ ലാഞ്ഛനയും ശ്രീവല്‍സവുമില്ലാത്തതിനാല്‍ ജൈനമല്ല, തികച്ചും ബൗദ്ധമാണീ ശാന്തസുന്ദരമായ ശിലാശില്പം. സമൃദ്ധമായ മുടിക്കെട്ടും ആടയാഭരണങ്ങളും സൂചിപ്പിക്കുന്നത് പത്തുവര്‍ഷത്തോളം മുമ്പ് കരപ്പുറത്തു നിന്നും കണ്ടെടുത്ത് ഇപ്പോള്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ ശാസ്താവ് എന്ന പേരോടുകൂടി സംസ്ഥാന പുരാവസ്തു വകുപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോധിസത്വരൂപത്തിനു സമാനമായ മോഹനരൂപത്തെയാണ്. പി. ഓ. പുരുഷോത്തമന്‍ ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തില്‍ ചിത്രസഹിതം കൊടുത്ത് അവലോകിതേശ്വര ബോധിസത്വനെന്നെഴുതിയ കരപ്പുറത്തു നിന്നും കണ്ടെത്തിയ മണല്‍രാശി കലര്‍ന്ന മൃദുശിലയിലുള്ള ബോധിസത്വരൂപത്തെ ഹൈന്ദവ നാമമായ ശാസ്താവ് എന്ന പേരുചാര്‍ത്തിയാണ് കേരള പുരാവസ്തു വകുപ്പ് കൃഷ്ണപുരം കൊട്ടാര മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതേ പോലെ തന്നെ തൃശ്ശൂര്‍ വടക്കുന്നാഥന്റെ അമ്പലത്തിന്റെ വടക്കു പടിഞ്ഞാറേ ചരിവായ പള്ളിത്താമത്തു നിന്നോ മറ്റോ കിട്ടിയ ഒരു വലിയ ബുദ്ധവിഗ്രഹ ശകലത്തെ ശക്തന്‍ മ്യൂസിയത്തില്‍ വച്ചിട്ടുണ്ട്. ഇതു തൃശ്ശൂരിനു തെക്കെവിടെ നിന്നോ ആണെന്നും ഒരൗദ്യോഗികഭാഷ്യമുണ്ട്. അതിന്റെ പടമെടുക്കാനും അനുമതിയില്ല. ഇങ്ങനെ കിട്ടുന്ന ബൗദ്ധ തിരുശേഷിപ്പുകളെല്ലാം മുക്കുകയോ കടല്‍കടത്തുകയോ പേരുമാറ്റി പ്രദര്‍ശിപ്പിക്കുകയോ തലവച്ചു പിടിപ്പിച്ചു രൂപമാറ്റം വരുത്തുകയോ ചിത്രം പകര്‍ത്തുന്നതു തടയുകയോ ചെയ്തു കൊണ്ട് ബൗദ്ധമായ കേരളത്തിന്റെ അധാരചരിത്രത്തെ ഇനിയും ഇല്ലാതാക്കുകയും തമസ്‌കരിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണ് ജനങ്ങളുടെ ചിലവില്‍ തന്നെ പുരാവസ്തു വകുപ്പ്.

ഇത്തരം സാഹചര്യത്തിലാണ് 2014 ഡിസമ്പറില്‍ പെരുമ്പാവൂരിനടുത്ത് പെരിയാറിന്റെ തെക്കേകരയില്‍ പോഞ്ഞാശേരി പൂക്കുളം അമ്പലത്തിനടുത്തുള്ള കുളത്തില്‍ നിന്നും സമാനമായ ഒരു ബോധിസത്വ വിഗ്രഹം കണ്ടെത്തുകയും അതവിടെ തന്നെ പുരാവസ്തുവകുപ്പിന്റേയും പഞ്ചായത്തിന്റേയും അമ്പലക്കമ്മറ്റിയുടേയും സഹകരണത്തോടെ സംരക്ഷിക്കണമെന്നുമുള്ള ആവശ്യമുയര്‍ന്നത്. പെരുമ്പാവയുടെ അഥവാ ബാമിയാനിലും ചൈനയിലെ ഹൂനാന്‍ പ്രവിശ്യയിലുമൊക്കെയുണ്ടായിരുന്ന പോലുള്ള പെരിയ പാവരൂപങ്ങളായ ബൃഹദ്ബുദ്ധന്റെ ഊരിനേയാണ് പെരുമ്പാവൂര്‍ എന്നു വിളിച്ചു പോന്നത്. ഭിക്കുനിമാരായ കന്യകാവുകളുടെ സംഘാരാമവും കന്യാമഠവുമായിരുന്നു തൊട്ടുകിഴക്കുള്ള ഇരിങ്ങോള്‍കാവ്. ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള കാവുകളിലൊന്നാണിത്. പ്രദക്ഷിണ വഴിയിലെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള നടകല്ലില്‍ സാഷ്ടാംഗനമസ്‌കാരം ചെയ്യുന്ന ബുദ്ധഭിക്കുനിയുടെ അഥവാ കന്യകാവിന്റെ റിലീഫ് (അര്‍ദ്ധശില്പം) ഇന്നും വ്യക്തമാണ്. ഇതിനും കിഴക്കാണ് ജൈനപ്പള്ളിയായിരുന്ന കല്ലില്‍. തൊട്ടു വടക്കായി അശമന്നൂരില്‍ ബൗദ്ധരേയും ജൈനരേയും കഴുവേറ്റിയതിന്റെ മുന്നറിയിപ്പടയാളങ്ങളായി ഹിന്ദുമാടമ്പിത്തം മധ്യകാലത്ത് ഉയര്‍ത്തിയ കഴുവേറ്റിക്കല്ലുകള്‍ ഇന്നും നിലനില്‍ക്കുന്നു. പനച്ചിയത്തെ തിരുവല്ലാഴത്തപ്പനമ്പലത്തിനു പുറത്തും പടിഞ്ഞാറു മാറി ഒരു പുരയിടത്തിലുമാണ് കഴുവേറ്റിക്കല്ലുകള്‍ നില്‍ക്കുന്നത്. കര്‍ത്താവ് വാര്യരെ കഴുവേറ്റിയെന്നാണ് ജനകഥ. അമ്പലവാസികളായ ചമണരെ നവഹിന്ദുമാടമ്പിത്തം മതഹിംസയ്ക്കു വിധേയമാക്കിയതാണെന്നു വ്യക്തം. മദുരൈയില്‍ എട്ട്, ഒമ്പതു നൂറ്റാണ്ടുകളില്‍ അപ്പരുടേയും സംബന്ധരുടേയും നടുനായകത്വത്തില്‍ അപ്പര്‍ക്കു തുല്യരായ 8000 ജൈനമുനിമാരെയാണു കഴുവേറ്റിയതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സമാനമായ മതഹിംസകളാണ് കേരളത്തിലും ആദിമധ്യകാലത്തരങ്ങേറിയതെന്നു തെളിയിക്കുന്നു അശമന്നൂരേയും തൃക്കൊടിത്താനത്തേയും കഴുവേറ്റിക്കല്ലുകള്‍. ഉത്തരീയം ധരിച്ച് ശംഘും പിടിച്ച ബുദ്ധഭിക്കുവിന്റെ രൂപം തൃക്കൊടിത്താനത്തെ കല്ലില്‍ വ്യക്തമാണ്. അശമന്നൂരെ കല്ലിലുള്ള പ്രാചീന എഴുത്ത് എപ്പിഗ്രാഫിസ്റ്റായ പ്രൊഫസര്‍ റ്റി. പവിത്രനയച്ചു കൊടുത്തു വായിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാണ്ട് പതിനാലാം നൂറ്റാണ്ടിലെ ഒരു തീയതിയാണ് വെളിവായത്. ചമണമതധ്വംസനവും മതപീഡനവും പതിനാലാം നൂറ്റാണ്ടിലും പെരിയാറിന്റെ കരകളില്‍ നിര്‍ബാധം തുടര്‍ന്നതായി ഇതില്‍ നിന്നും മനസ്സിലാക്കാം. പതിനഞ്ചാം നൂറ്റാണ്ടുവരെ ബുദ്ധമതം പിടിച്ചു നിന്ന പാണ്ട്യദേശങ്ങളുമായി കൊടുങ്ങല്ലൂരിനെ ബന്ധിപ്പിച്ചിരുന്ന പെരിയാറോരങ്ങളിലൂടെയുള്ള പ്രാചീനചമണ വാണിജ്യ പാതയിലാണ് അശമന്നൂരും പെരുമ്പാവൂരും പോഞ്ഞാശേരിയും ആലുവയുമെല്ലാം വരുന്നത്. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിനു പുറത്തും കഴുവേറ്റിക്കല്ലുകളുണ്ട്.
2014 ഡിസമ്പറില്‍ കണ്ടെത്തിയ പോഞ്ഞാശേരി ബോധിസത്വനെ സംബന്ധിച്ചാണെങ്കില്‍ പ്രാദേശിക ചരിത്രകാരനായ ഇസ്മയില്‍ പള്ളിപ്പുറമാണ് ഈ വിഗ്രഹത്തിന്റെ ബൗദ്ധബന്ധത്തെ മാധ്യമദ്വാരാ ജനശ്രദ്ധയിലെത്തിച്ചത്. രസകരമായ വസ്തുത അവിട്ടത്തൂര്‍ ബോധിസത്വനും ഇന്നത്തെ അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അടുത്തുള്ള വമ്പന്‍ ചെങ്കല്ലുകള്‍ കൊണ്ടു കെട്ടിയ അയ്യന്‍ ചിറയില്‍ നിന്നാണ് കിട്ടിയതെന്നതാണ്. അയ്യന്‍ അഥവാ അയ്യര് പഴന്തമിഴില്‍ ബുദ്ധനാണ്. ഇരിങ്ങാലക്കുട വാണിരുന്ന പ്രാചീന ചമണ മൂപ്പനായിരുന്ന അയ്യന്‍ ചിരുകണ്ടന്‍ കെട്ടിയതാണ് അയ്യന്‍ ചിറ. അയ്യന്‍ ചിരുകണ്ടനുമായി ബന്ധപ്പെട്ട വാള്‍ ഇപ്പോഴും നമ്പാടന്‍ കുടുംബത്തില്‍ സൂക്ഷിച്ചു വരുന്നുണ്ട്.

മറ്റൊരു ശ്രദ്ധേയമായ വസ്തുത മാവേലിക്കരയിലേയും കരുമാടിയിലേയും ഭരണിക്കാവു പള്ളിക്കലേയും മരുതൂര്‍ കുളങ്ങരയിലേയും കോട്ടപ്പുറത്തേയും പട്ടണത്തേയും ലഭ്യമായ പ്രാചീനമായ അനുരാധപുരം ശൈലിയിലുളള തേരാവാദ ബുദ്ധശില്പ ശകലങ്ങളെല്ലാം തന്നെ ഇന്നത്തെ ഹിന്ദുക്ഷേത്രക്കുളങ്ങളില്‍ നിന്നോ സമീപത്തുള്ള ചളിനിലങ്ങളില്‍ നിന്നോ ആണ് വീണ്ടെടുക്കപ്പെട്ടത് എന്നതാണ്. പൂക്കുളത്ത് പണ്ട് വലിയ താമരപ്പൂക്കുളമുണ്ടായിരുന്നതായും ബോധിസത്വവിഗ്രഹം വീണ്ടെടുത്ത താഴത്തെ ഉറവയുള്ള ചിറയില്‍ പണ്ടു പീഠവും കിടന്നിരുന്നതായും സ്ഥലവാസികള്‍ പറയുന്നു. വലിയ ചെങ്കല്ലുകള്‍ നെടുകേ നാട്ടിയുള്ള ചിറക്കെട്ടായിരുന്നു ഉണ്ടായിരുന്നതെന്നും തദ്ദേശീയരായ മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. ഭൂതത്താന്‍കെട്ടും പുത്തന്‍തോടും പെരുന്തോടുമടക്കമുള്ള ജലസേചന, ഉള്‍നാടന്‍ ജലഗതാഗത പാതകളും നെല്‍കൃഷിയും മറ്റും തലമുണ്ഡനം ചെയ്ത മുണ്ടന്‍മാരെന്നും മുണ്ടത്തിമാരെന്നും വിളിക്കപ്പെട്ട ബുദ്ധഭിക്കുക്കളുടേയും ഭിക്കുനിമാരുടേയും സംസ്‌കാര ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ബ്രാഹ്മണ പൗരോഹിത്യ ദൃഷ്ടിയില്‍ മനുഷ്യസാധ്യമല്ലാത്ത വമ്പിച്ച പ്രവര്‍ത്തികള്‍ ചുരുങ്ങിയ സമയത്തില്‍ സാധ്യമാക്കിയിരുന്ന ബൗദ്ധ ഭിക്കുക്കളുടെ അധ്വാനസംസ്‌കാരത്തെ രാക്ഷസവല്‍ക്കരിക്കാനാണ് ഭൂതത്താന്‍മാരുടെ കെട്ട്, കോട്ട, അമ്പലം എന്നീ പ്രയോഗങ്ങള്‍ ഹൈന്ദവ സാവര്‍ണ്യം പ്രചരിപ്പിച്ചത്. പെരിയാറിന്റെ ഇരുകരകളിലും ഇത്തരം നിരവധി ഭൂതത്താന്‍മാരുടെ നിര്‍മിതികളിന്നും അവശേഷിക്കുന്നു. ഭിക്കുനിമാരെ പാപിനികളായി വ്യവഹരിച്ച ബ്രാഹ്മണിക ആണ്‍കോയ്മയുടെ സ്ഥലനാമ അവശേഷിപ്പുകളാണ് ഇരിങ്ങാലക്കുടയ്ക്കു പടിഞ്ഞാറുള്ള പാപിനിവട്ടം. പേരാറിന്റെ കരയില്‍ തവനൂരിനടുത്തുള്ള പാപിനിക്കാവും മറ്റൊരുദാഹരണം.

______________________________________
മായാനത്തില്‍ നിന്നും വജ്രയാനത്തില്‍ നിന്നും ബോധിസത്വരൂപങ്ങളെ സ്വാംശീകരിച്ചെടുത്ത് ശിവനും വിഷ്ണുവും അവരുടെ സംയോഗത്തിലുണ്ടായെന്നു പ്രചരിപ്പിച്ച അയ്യപ്പനുമാക്കിക്കൊണ്ടായിരുന്നു ശൈവ, വൈഷ്ണവ ഭക്തിധാരകളുടെ മദമാല്‍സര്യ ലഹരിയും കൂടിയുപയോഗിച്ചു കൊണ്ട് ബ്രാഹ്മണിസം ബുദ്ധിസത്തെ തെന്നിന്ത്യയില്‍ വിഴുങ്ങിയത്. സമാന്തരമായി കണ്ണന്‍, മുരുകന്‍ എന്നീ മായാന ബോധിസത്വ രൂപങ്ങളേയും വൈഷ്ണവവും ശൈവവുമായ ദൈവമൂര്‍ത്തികളാക്കി മാറ്റുകയും ശബരിമല, ഗുരുവായൂര്‍, പളനി, തിരുപ്പതി തുടങ്ങിയ മായാന കേന്ദ്രങ്ങളെ വമ്പിച്ച ബ്രാഹ്മണിക ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റുകയും ചെയ്തു. മധ്യകാലത്തോടെ ഈ കര്‍മപരിപാടികള്‍ പൂര്‍ത്തിയാക്കുകയും വര്‍ണവ്യവസ്ഥയും ജാതിയും തീണ്ടലും ചവിട്ടിയുറപ്പിച്ചു കൊണ്ട് ബ്രഹ്മണിക പ്രത്യയശാസ്ത്രത്തെ ചെറുത്ത കീഴടങ്ങാത്ത ബൗദ്ധ ജനതയെ അവര്‍ണരും ചണ്ടാളരുമായി അടിമകളാക്കുകയും ചെയ്തു.
______________________________________ 

ബൗദ്ധമായ ശില്പങ്ങളെ ഹിന്ദുദേവീദേവന്മാരാക്കാന്‍ വളരെ എളുപ്പമാണ്. അജന്ത, എല്ലോറ, ഔറംഗബാദ് ഗുഹകളില്‍ ഈ പരിണാമം ഏറെ വ്യക്തവുമാണ്. ആദ്യം ലളിതമായ തേരാവാദ ഗൗതമ ബുദ്ധരൂപങ്ങള്‍, പിന്നീട് കൂടുതല്‍ ആലങ്കാരികവും ശൈലീകൃതവുമായ മായാന ബോധിസത്വരൂപങ്ങള്‍, തുടര്‍ന്ന് രൗദ്രവും ചടുലവുമായ വജ്രയാന ബോധിസത്വ, സിദ്ധരൂപങ്ങളും അതിന്റെ തുടര്‍ച്ച പോലുള്ള ശൈവകിരാത രൂപങ്ങളും മഹാരാഷ്ട്രയിലെ ഗഹ്വരങ്ങളില്‍ കാണാം. ബി. സി. മൂന്നാം നൂറ്റാണ്ടിലും മറ്റും തുടങ്ങുന്ന ആദ്യകാല തേരവാദ ശൈലി ലളിതവും കൂടുതല്‍ യഥാതഥവുമാണ്. എന്നാല്‍ മൂന്ന്, നാല് നൂറ്റാണ്ടോടെ പ്രമാദമായ മായാന ശൈലിയില്‍ ശൈലീകരണവും ആലങ്കാരികതയും പെരുകുന്നു. പോഞ്ഞാശേരിയിലും അവിട്ടത്തൂരിലുമെല്ലാം ആശയക്കുഴപ്പമുണ്ടാക്കുന്നത് ഈ ശൈലീകരണവും അബ്‌സ്ട്രാക്ഷനുമാണ്. പോഞ്ഞാശേരി പൂക്കുളത്തെ ബോധിസത്വന്റെ മഹായാന, വജ്രയാന ശൈലികളിലുള്ള ഏറെ ആലങ്കാരികവും ശൈലീകൃതവുമായ കുറുകിയ ഉത്തരീയത്തെ പൂണൂലായി എളുപ്പത്തില്‍ കുറുക്കുവഴിയില്‍ ചൂണ്ടിക്കാട്ടിയും അര്‍ധവീരാസനത്തിലും രാജലീലാസനത്തിലുമുള്ള ഇരുപ്പും നിലയും മറ്റും ചൂണ്ടിക്കാട്ടിയും വിഗ്രഹത്തെ എളുപ്പത്തില്‍ ഹിന്ദുവായ ശാസ്താവാക്കാനാണ് ബൗദ്ധമായ വിഗ്രഹത്തെ വെറും കരിങ്കല്‍ വിഗ്രഹമെന്നു തലക്കെട്ടില്‍ കുറുക്കിക്കെട്ടിയ ചില മാധ്യമവേലക്കാരും പഴകിയ ചട്ടങ്ങളും ലക്ഷണശ്ലോകങ്ങളും വച്ചുകൊണ്ട് കേരള പുരാവസ്തു വകുപ്പിന്റെ അധികാരികളും ശ്രമിക്കുന്നത്. ഉത്തരീയം, ഉഷ്ണീഷം, ജ്വാല എന്നിവയാണ് പരമ്പരാഗത തേരാവാദ ബുദ്ധരൂപങ്ങളുടെ ലക്ഷണം. മായാനത്തിലും വജ്രയാനത്തിലും ബുദ്ധനെ നേരിട്ടല്ല മറിച്ച് വിവിധ ബോധിസത്വരൂപങ്ങളിലൂടെയാണ് ആരാധിക്കുന്നത്. ബോധിസത്വരൂപങ്ങള്‍ ആലങ്കാരികവും ശൈലീകൃതവുമാണ്. പോഞ്ഞാശേരി ബോധിസത്വനില്‍ വമ്പിച്ച മുടിക്കെട്ടും ധ്യാനഭാവവും രാജലീലാസനവും വ്യക്തമാണ്. ജ്വാല അപ്രത്യക്ഷമെങ്കിലും കുറുകിയ ഉത്തരീയവും വമ്പിച്ച മുടിക്കെട്ടും ഇപ്പോഴും വ്യക്തം. തേഞ്ഞുമാഞ്ഞു പോയ മിനുക്കമുളള പ്രത്യേകതയുള്ള ശിലയിലാണ് നിര്‍മിതി. കരപ്പുറത്തു നിന്നു കിട്ടിയ ബോധിസത്വനെ അനുസ്മരിപ്പിക്കുന്നു പോഞ്ഞാശേരി ബോധിസത്വന്റെ

മിനുക്കമുള്ള ശിലയും ശൈലീകരണവും. ഇത്രയും വമ്പിച്ച മുടിക്കെട്ടുള്ള ഒരു വിഗ്രഹം ഇതുവരെ കേരളത്തില്‍ നിന്നു കിട്ടിയിട്ടില്ലെന്ന് കൃഷ്ണകുമാറിനെ പോലുള്ള പ്രാദേശിക ചരിത്രരചയിതാക്കള്‍ പറയുന്നു.

കേരള പുരാവസ്തു വകുപ്പിന്റെ വിഗ്രഹലക്ഷണ ശാസ്ത്രമനുസരിച്ച് പൂണൂലിട്ട തനി ത്രൈവര്‍ണികനായ ശാസ്താവാണിത്. കേരളത്തില്‍ ബുദ്ധമതത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളെ അടയാളപ്പെടുത്തുന്ന തേരവാദവും മഹായാനവും വജ്രയാനവുമൊന്നും നിലനിന്നിട്ടേയില്ല എന്ന മട്ടിലാണ് വകുപ്പിന്റെ ചട്ടവും ചാത്തിരവും. എന്നാല്‍ ചരിത്രവസ്തുത മഹാനായ അശോകന്റെ കാലത്തു തന്നെ അതായത് ബി. സി. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ബുദ്ധമിഷനറിമാരായി സംഘമിത്തയും മഹിന്ദനും മറ്റും തെന്നിന്ത്യയിലും ഈളത്തും വരികയും നൈതികതയുടേയും അക്ഷരത്തിന്റേയും വെളിച്ചം തെക്കന്‍ ദമിളദേശങ്ങളില്‍ പടര്‍ത്തുകയും ചെയ്തു എന്നതാണ്. ഏതാണ്ട് എ. ഡി. അഞ്ച്, ആറ് നൂറ്റാണ്ടുകളോടെയാണ് മായാനവും പിന്നീട് ഏഴും എട്ടും നൂറ്റാണ്ടുകളോടെ വജ്രയാനവും തേരാവദത്തില്‍ നിന്നും വ്യതിരിക്തമായി മാറുന്നത്. ഇത് തത്വചിന്താപരവും പ്രതിമാനിര്‍മാണപരവുമായ പകര്‍ച്ചയും പതര്‍ച്ചയും മിശ്രതയും ഉണ്ടാക്കിയ ഒരു ബ്രാഹ്മണിക ഗൂഢാലോചനയുടെ ഭാഗവും കൂടിയായിരുന്നു. അനിത്യവാദത്തെ ശൂന്യവാദമാക്കിയ നാഗാര്‍ജുനനെ പോലുള്ള ബ്രാഹ്മണ ബൗദ്ധപണ്ഡിതര്‍ അതിനെ മായാവാദത്തിലേക്കും അദൈ്വതത്തിലേക്കും വഴിനടത്തി. പ്രഛന്ന ബുദ്ധനെന്നറിയപ്പെടുന്ന ശങ്കരന്‍ അദൈ്വതത്തിലൂടെ തുല്യതയുടെ നൈതിക ചിന്തയെ കൂടുവിട്ടുകൂടുമാറിയെടുത്തു. പതിനാറാം നൂറ്റാണ്ടോടെ തന്ത്രസമുച്ചയം എഴുതിക്കൊണ്ട് ചേന്നാസ് വജ്രയാനത്തെ സ്വാംശീകരിക്കുന്ന അഗമ്യഗമന പ്രക്രിയ പൂര്‍ത്തിയാക്കി. ഹിംസയിലൂടെ സാധ്യമാകാത്ത തേരവാദത്തിന്റെ ശിഥിലീകരണം ബ്രാഹ്മണിസം നടത്തിയെടുത്തത് സംഘത്തിനുള്ളില്‍ കടന്നു കൂടിക്കൊണ്ടാണ്. ഉള്ളില്‍ നിന്നും അതിനെ പലതായി പിളര്‍ത്തിമാറ്റിക്കൊണ്ടായിരുന്നു ആ അഗമ്യഗമനം.

മായാനത്തില്‍ നിന്നും വജ്രയാനത്തില്‍ നിന്നും ബോധിസത്വരൂപങ്ങളെ സ്വാംശീകരിച്ചെടുത്ത് ശിവനും വിഷ്ണുവും അവരുടെ സംയോഗത്തിലുണ്ടായെന്നു പ്രചരിപ്പിച്ച അയ്യപ്പനുമാക്കിക്കൊണ്ടായിരുന്നു ശൈവ, വൈഷ്ണവ ഭക്തിധാരകളുടെ മദമാല്‍സര്യ ലഹരിയും കൂടിയുപയോഗിച്ചു കൊണ്ട് ബ്രാഹ്മണിസം ബുദ്ധിസത്തെ തെന്നിന്ത്യയില്‍ വിഴുങ്ങിയത്. സമാന്തരമായി കണ്ണന്‍, മുരുകന്‍ എന്നീ മായാന ബോധിസത്വ രൂപങ്ങളേയും വൈഷ്ണവവും ശൈവവുമായ ദൈവമൂര്‍ത്തികളാക്കി മാറ്റുകയും ശബരിമല, ഗുരുവായൂര്‍, പളനി, തിരുപ്പതി തുടങ്ങിയ മായാന കേന്ദ്രങ്ങളെ വമ്പിച്ച ബ്രാഹ്മണിക ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റുകയും ചെയ്തു. മധ്യകാലത്തോടെ ഈ കര്‍മപരിപാടികള്‍ പൂര്‍ത്തിയാക്കുകയും വര്‍ണവ്യവസ്ഥയും ജാതിയും തീണ്ടലും ചവിട്ടിയുറപ്പിച്ചു കൊണ്ട് ബ്രഹ്മണിക പ്രത്യയശാസ്ത്രത്തെ ചെറുത്ത കീഴടങ്ങാത്ത ബൗദ്ധ ജനതയെ അവര്‍ണരും ചണ്ടാളരുമായി അടിമകളാക്കുകയും ചെയ്തു. ഈ കിരാതമായ ആന്തരാധിനിവേശമായ, സ്വാമി ജോണ്‍ ധര്‍മതീര്‍ഥരും മറ്റും ഹിന്ദു കൊളോണിയലിസമെന്നു വിളിച്ച ആഭ്യന്തിരാധിനിവേശത്തിന്റെ തമിളകത്തെ എട്ടാം നൂറ്റാണ്ടു മുതലുള്ള അഗമ്യഗമനങ്ങളെ വെളിപ്പെടുത്തുന്നതു കൊണ്ടാണ് മായാന, വജ്രയാന ധാരകളിലെ പുരാവസ്തുക്കളെ തമസ്‌കരിച്ചുകൊണ്ട്, സ്വയം കണ്ണടച്ചിരുട്ടാക്കി, അതെല്ലാം മധ്യകാലത്തെ തുടര്‍ന്നുവന്ന ഹിന്ദുദേവതയായ ശാസ്താവും അയ്യപ്പനുമായി സ്ഥാപിത ചരിത്രകാരന്മാരും അവരുടെ അധീശത്വം നടമാടുന്ന സംസ്ഥാന പുരാവസ്തുവകുപ്പും ജനങ്ങളുടെ ചിലവില്‍ വിഗ്രഹലക്ഷണം പറഞ്ഞുറപ്പിക്കുന്നത്. സൂക്ഷ്മമായ വിമര്‍ശാവബോധവും രാഷ്ട്രീയ സാമൂഹ്യ ചരിത്രബോധവും വികസിപ്പിക്കുക എന്നതാണ് ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം ആശാസ്യമായിരിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലവരോധിക്കപ്പെട്ട ഇരുട്ടിനേയെങ്കിലും ചുരുങ്ങിയത് തിരിച്ചറിയാനും ചെറുക്കാനും നീതിബോധമുള്ള കേരള ജനത തയ്യാറാവേണ്ടതാണ്. എല്ലാത്തിനേയും ഹിന്ദുവല്‍ക്കരിക്കാനും വ്യാജഭൂരിപക്ഷപരമായ സംസ്‌കാര ദേശീയതയെ അടിച്ചുറപ്പിക്കാനും ശ്രമിക്കുന്ന ഹിന്ദുത്വ സമഗ്രാധിപത്യം ഭരണം കയ്യാളിയിരിക്കുന്ന വര്‍ത്തമാന കാലത്ത് ഇത്തരം സൂക്ഷ്മവും വ്യതിരിക്തവുമായ ചരിത്രബോധവും രാഷ്ട്രീയ വിമര്‍ശാവബോധവും അതിജീവനത്തിന്റെ അടിത്തറയാകുന്നു.

ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, സംസ്‌കൃത സര്‍വകലാശാല

Top