ജാതീയതയുടെ ആലയം കൈവിടാനാവാതെ ക്രിസ്തുഭക്തര്‍

മിഷനറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്‍െറ 200ാം വാര്‍ഷികാഘോഷത്തിന് സി.എസ്.ഐ സഭ തുടക്കംകുറിച്ചുകഴിഞ്ഞു. 200 വര്‍ഷങ്ങള്‍ക്കപ്പുറവും ക്രൈസ്തവ സഭകളില്‍നിന്ന് ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് എത്രമാത്രം ആഴത്തിലാണ് അതിന്‍െറ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു

ക്രിസ്തുവില്‍ നാമേവരും ഒന്നാണ് എന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്‍െറ സാമൂഹിക അടിത്തറ. ഉച്ചനീചത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍ ഈ വിശ്വാസത്തിന്‍െറ പ്രാധാന്യം ഏറെയാണ്. ജാതി അസമത്വത്തെ ഒരുപരിധിവരെ തുടച്ചുനീക്കാന്‍ ക്രൈസ്തവമൂല്യങ്ങളും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, പലരും കരുതുന്നതുപോലെ ക്രൈസ്തവ ലോകം ജാതിവിവേചനം എന്ന കൊടും ‘പാപത്തെ’ അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.

19ാം നൂറ്റാണ്ടില്‍ ജാതിഅടിമത്തത്തില്‍ നരകതുല്യമായ ജീവിതം നയിച്ചിരുന്ന കേരളത്തിലെ ദലിത് ജനവിഭാഗങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസവും സ്വാതന്ത്ര്യം, സമത്വം മുതലായ ആധുനിക ആശയങ്ങളും പരിചയപ്പെടുത്തിയത് പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. ചര്‍ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്) മിഷനറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്‍െറ 200ാം വാര്‍ഷികാഘോഷത്തിന് സി.എസ്.ഐ സഭ തുടക്കംകുറിച്ചുകഴിഞ്ഞു. 200 വര്‍ഷങ്ങള്‍ക്കപ്പുറവും ക്രൈസ്തവ സഭകളില്‍നിന്ന് ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് എത്രമാത്രം ആഴത്തിലാണ് അതിന്‍െറ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു.

വിവിധ സഭാവിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ദലിത് ക്രൈസ്തവര്‍ക്ക് അതത് സഭാവിഭാഗങ്ങളില്‍ പ്രത്യേകം മഹാ ഇടവകകളും പ്രത്യേകം പള്ളികളും ഉണ്ടെന്നുള്ളതാണ് വസ്തുത. കേരളത്തിലെ ആദ്യത്തേതും പ്രബലമായിട്ടുള്ളതുമായ പെന്തക്കോസ്ത് പ്രസ്ഥാനമായ ചര്‍ച്ച് ഓഫ് ഗോഡ് ജാതിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടായി വിഭജിക്കപ്പെടുകയും ‘ചര്‍ച്ച് ഓഫ് ഗോഡ് കേരള ഡിവിഷന്‍’ എന്ന പേരില്‍ ദലിത് ക്രിസ്ത്യാനികളും ‘ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്’ എന്ന പേരില്‍ ‘സവര്‍ണ’ ക്രിസ്ത്യാനികളും ദൈവത്തെ ആരാധിച്ചുവരുന്നു. സി.എം.എസ് മിഷനറിമാരാല്‍ സ്ഥാപിതമായ സി.എസ്.ഐ സഭയില്‍ നിലനിന്നുപോന്നിരുന്ന ‘സിറിയന്‍ ക്രിസ്ത്യന്‍’ മേധാവിത്വത്തിനെതിരെ നിരന്തരം സമരം ചെയ്തുപോന്ന ദലിത് ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം സഭ വിട്ടുപോകുകയും സി.എം.എസ് ആംഗ്ളിക്കന്‍ ചര്‍ച്ച് രൂപവത്കരിക്കുകയും ചെയ്തു. ദലിത് ക്രിസ്ത്യാനികള്‍ക്കു മാത്രം അംഗത്വമുള്ള ധാരാളം പെന്തക്കോസ്ത് പ്രസ്ഥാനങ്ങളില്‍ ഒന്നാണ് യുനൈറ്റഡ് പെന്തക്കോസ്ത് ചര്‍ച്ച് (യു.പി.സി). മറ്റൊരു സ്വതന്ത്ര സഭയായ ബൈബ്ള്‍ ഫെയ്ത്ത് മിഷന്‍, സാല്‍വേഷന്‍ ആര്‍മി മുതലായവ ദലിത് ക്രൈസ്തവര്‍ മാത്രം അംഗങ്ങളായ ക്രൈസ്തവ സഭകളാണ്.

ദലിത് ക്രൈസ്തവര്‍ക്കും ‘സവര്‍ണ’ ക്രൈസ്തവര്‍ക്കും വെവ്വേറെ പള്ളികള്‍ ഉള്ളതായി മധ്യതിരുവിതാംകൂറിന്‍െറ പല ഭാഗങ്ങളിലുമുള്ള പല സഭാവിഭാഗങ്ങളിലും കാണാന്‍ സാധിക്കും
ഒരേ സഭയില്‍തന്നെ ദലിത് ക്രൈസ്തവര്‍ക്കും ‘സവര്‍ണ’ ക്രൈസ്തവര്‍ക്കും വെവ്വേറെ പള്ളികള്‍ ഉള്ളതായി മധ്യതിരുവിതാംകൂറിന്‍െറ പല ഭാഗങ്ങളിലുമുള്ള പല സഭാവിഭാഗങ്ങളിലും കാണാന്‍ സാധിക്കും. ഇത്തരം പള്ളികള്‍ പലതും മുമ്പ് ഇരുവിഭാഗങ്ങളിലുംപെട്ട വിശ്വാസികള്‍ ഒരുമിച്ച് ആരാധിച്ചിരുന്നവയും പിന്നീട് ഏതെങ്കിലും ഒരുവിഭാഗം വിട്ടുപോയിട്ടുള്ളതുമാണ്. ഇത്തരം പ്രത്യേക പള്ളികള്‍ സി.എസ്.ഐ, ബ്രദറണ്‍ സഭ, പെന്തക്കോസ്ത് വിഭാഗങ്ങള്‍ എന്നിവയില്‍ ധാരാളമായുണ്ട്. ഓര്‍ത്തഡോക്സ് ചേരമര്‍ ചര്‍ച്ച്, മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച്, യാക്കോബായ സുറിയാനി ചര്‍ച്ച് മുതലായ പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബോര്‍ഡുകള്‍ മാത്രം ക്രൈസ്തവ സഭകളിലെ ജാതിവേരുകളിലേക്ക് വെളിച്ചംവീശുന്നവയാണ്. ഓര്‍ത്തഡോക്സ് സഭയിലെ ദലിത് വിഭാഗങ്ങള്‍ അറിയപ്പെടുന്നത് ‘ശ്ളീബാദാസ സമൂഹം’ എന്നാണ്.

ദലിത് ക്രൈസ്തവരും ഇതര ജാതിവിഭാഗങ്ങളും അംഗങ്ങളായിട്ടുള്ള സഭകളിലാകട്ടെ, സഭയുടെ ആത്മീയവും ഭൗതികവുമായുള്ള അധികാരത്തില്‍നിന്ന് ദലിത് ക്രൈസ്തവര്‍ അകറ്റിനിര്‍ത്തപ്പെടുന്നു. സി.എസ്.ഐ സഭയുടെ കോട്ടയം കേന്ദ്രീകരിച്ചുള്ള മധ്യകേരള ഡയോസിസില്‍ സുറിയാനി ക്രിസ്ത്യാനികളും ഈഴവ വിഭാഗത്തില്‍നിന്ന് പരിവര്‍ത്തനംചെയ്ത വിഭാഗങ്ങളും മേധാവിത്വം പുലര്‍ത്തുമ്പോള്‍ മേലുകാവ് കേന്ദ്രീകരിച്ച ഈസ്റ്റ് കേരള ഡയോസിസില്‍ മലയരയ വിഭാഗത്തില്‍പെടുന്ന ആദിവാസി ക്രൈസ്തവ വിഭാഗമാണ് മേധാവിത്വം പുലര്‍ത്തുന്നത്. ഇവര്‍ സി.എസ്.ഐ സഭയിലെ ‘സവര്‍ണ’ ക്രൈസ്തവ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ഇതര ‘സവര്‍ണ’ ക്രിസ്ത്യാനികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നു. തിരുവനന്തപുരം കേന്ദ്രമായ സൗത് കേരള ഡയോസിസില്‍ മേധാവിത്വം പുലര്‍ത്തുന്നത് നാടാര്‍ ക്രിസ്ത്യാനികളാണ്.

പ്രാര്‍ഥനകള്‍ക്കുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുക കൂട്ടായ്മയുടെ ഭാഗമാണ്. എന്നാല്‍, ദലിത് ക്രൈസ്തവരുടെ വീടുകളില്‍ പ്രാര്‍ഥനക്കുശേഷം ഭക്ഷണം കഴിക്കാതെ പോകുന്ന ‘സവര്‍ണ’ ക്രൈസ്തവര്‍ ഇന്നുമുണ്ട്
ക്രിസ്തീയ സഭകളിലെ, പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്‍റ്, പെന്തക്കോസ്ത് വിഭാഗങ്ങളിലെ സഭകളിലെ കൂട്ടായ്മകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വീടുകളില്‍ നടത്തുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധേയമാണ്. ഇത്തരം പ്രാര്‍ഥനകള്‍ക്കുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുക കൂട്ടായ്മയുടെ ഭാഗമാണ്. എന്നാല്‍, ദലിത് ക്രൈസ്തവരുടെ വീടുകളില്‍ പ്രാര്‍ഥനക്കുശേഷം ഭക്ഷണം കഴിക്കാതെ പോകുന്ന ‘സവര്‍ണ’ ക്രൈസ്തവര്‍ ഇന്നുമുണ്ട്. വീട്ടില്‍ പാകംചെയ്ത ഭക്ഷണമാണെങ്കില്‍ കഴിക്കാതിരിക്കുക, ചായയുമായി വെളിയിലിറങ്ങി കളഞ്ഞശേഷം ഗ്ളാസ് തിരികെയേല്‍പിക്കുക മുതലായ രീതികള്‍ അവലംബിക്കുന്നത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവരായ ഗവേഷണ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഭാഷണങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്.

അടുത്തകാലത്ത് പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്ന ഒരു ദലിത് കുടുംബത്തില്‍ പ്രാര്‍ഥനക്കത്തെിയ ‘സവര്‍ണരായ’ വിശ്വാസികളില്‍ ചിലര്‍ക്ക് പ്രാര്‍ഥന കഴിഞ്ഞയുടനെ വയറുവേദന അനുഭവപ്പെട്ടു. പ്രാര്‍ഥനയുടെ കാര്യം അറിയിച്ചപ്പോള്‍തന്നെ ആ ദിവസങ്ങളില്‍ താന്‍ ഉപവാസത്തിലായിരിക്കുമെന്ന് പാസ്റ്റര്‍ അറിയിച്ചിരുന്നു. പ്രാര്‍ഥനക്കുശേഷം സവര്‍ണ വിശ്വാസികള്‍ ഉപവാസത്തിന്‍െറയും വയറുവേദനയുടെയും പേരില്‍ ഭക്ഷണം കഴിക്കാതെ പോകുകയാണെന്ന് അറിയിച്ചപ്പോള്‍ ‘എന്നാല്‍ അങ്ങനെയാവട്ടെ’ എന്ന് പറഞ്ഞ ഗൃഹനാഥന്‍ വാക്കത്തിയുമായി പുറത്തിറങ്ങി ഭക്ഷണം കഴിക്കാതെ ഒരുത്തനും ഇവിടെനിന്ന് പോകില്ല! എന്ന് ആക്രോശിച്ചുകൊണ്ടാണ് ദൈവനീതി നടപ്പാക്കിയത്. സി.എസ്.ഐ സഭയിലെ ദലിത് ക്രൈസ്തവര്‍ മാത്രമുള്ള ഒരു സഭയില്‍ പുതുതായി വന്ന പുരോഹിതന്‍ താന്‍ വീടുകള്‍ സന്ദര്‍ശിക്കുകയാണെന്നും താന്‍ വരുമ്പോള്‍ ആരും ഭക്ഷണമോ ചായയോ കരുതേണ്ട, ചൂടുവെള്ളം മാത്രം തന്നാല്‍ മതി എന്നും പള്ളിയില്‍ അറിയിച്ചു. അദ്ദേഹം ചായയോ കാപ്പിയോ കുടിക്കാറില്ല! പിന്നീട് മിഷന്‍ ബംഗ്ളാവില്‍ സൗഹൃദസന്ദര്‍ശനത്തിനത്തെിയ ആ സഭയിലെ ചെറുപ്പക്കാര്‍ക്ക് ഒന്നാന്തരം ചായ നല്‍കി സ്വീകരിച്ച പുരോഹിതന്‍ അവരോടൊപ്പം ചായ കുടിക്കുന്നത് കണ്ട് കാര്യം ചോദിച്ചപ്പോള്‍ ‘നല്ല ചായയാണെങ്കില്‍’ താന്‍ കുടിക്കും എന്ന് അറിയിക്കുകയാണ് ഉണ്ടായത്.

സഭയുടെ സമ്പത്തും അധികാരവും അവസരങ്ങളും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് ജാതിവിവേചനത്തിന്‍െറ മുഖം വ്യക്തമായി തെളിഞ്ഞുവരാറുള്ളത്. ജാതിവിവേചനം കാണിക്കാറില്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുള്ളതുകൊണ്ട്, പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ചില കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് അര്‍ഹമായ പ്രാതിനിധ്യവും അവസരങ്ങളും ദലിതര്‍ക്ക് നിഷേധിക്കുകയും താമസിപ്പിക്കുകയും ചെയ്യുന്നത്. എന്നാല്‍, സി.എസ്.ഐ മധ്യകേരള ഡയോസിസിന്‍െറ കീഴില്‍ വരുന്ന സി.എം.എസ് കോളജിലേക്ക് ഈയിടെ നടന്ന അധ്യാപക നിയമനത്തില്‍ ഇതേ ഡയോസിസിലെ അംഗവും ദലിത് ക്രൈസ്തവനുമായ ഉദ്യോഗാര്‍ഥി യു.ജി.സി, നെറ്റ്, ജെ.ആര്‍.എഫ് യോഗ്യതകളുണ്ടായിട്ടും ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയില്‍ (ഇ.എഫ്.യു.എല്‍) ഗവേഷകനായിട്ടുംകൂടി തഴയപ്പെട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതേ ഡയോസിസില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവരെയാണ് അധ്യാപക നിയമനങ്ങളില്‍ പരിഗണിക്കുക എന്ന് ബിഷപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ലഭിച്ച ഒൗദ്യോഗിക വിശദീകരണമാണ് തികഞ്ഞ ജാതിവെറിയുടെയും വംശീയാധിക്ഷേപത്തിന്‍െറയും തെളിവായി മാറിയത്. ഈ ഉദ്യോഗാര്‍ഥിക്ക് പേഴ്സനാലിറ്റിയില്ലത്രെ! മറ്റൊരു കാരണം അദ്ദേഹം ജീന്‍സ് ധരിക്കുന്നു എന്നതായിരുന്നു. പകരം നിയമിക്കപ്പെട്ട വ്യക്തിയെ കാണുമ്പോഴാണ് സി.എസ്.ഐ സഭയുടെ പേഴ്സനാലിറ്റിയുടെയും യോഗ്യതയുടെയും മാനദണ്ഡം മനസ്സിലാകുന്നത്. ലെക്ചര്‍ഷിപ്പിനുവേണ്ട അടിസ്ഥാന യോഗ്യത, വെളുത്ത നിറം, നല്ല ഉയരവും വണ്ണവും, ദലിതനല്ല!
എഴുത്തുപരീക്ഷയില്‍ 100ല്‍ 96 മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്ത് വന്നിട്ടും ദലിത് ക്രൈസ്തവനായ ഉദ്യോഗാര്‍ഥി തഴയപ്പെട്ടു. രണ്ടാംസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാകട്ടെ നേടിയത് 62 മാര്‍ക്കും. അഭിമുഖത്തിനുശേഷം റാങ്ക്ലിസ്റ്റ് വന്നപ്പോള്‍ എഴുത്തുപരീക്ഷയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ‘സവര്‍ണ’ ക്രൈസ്തവ വിഭാഗത്തില്‍പെട്ട വ്യക്തി ഒന്നാം സ്ഥാനത്ത്
രണ്ടുവര്‍ഷം മുമ്പ് സി.എസ്.ഐ സഭയിലെ സ്കൂളുകളിലേക്ക് നടന്ന അധ്യാപക നിയമനത്തിലും ഇതേ ഉദ്യോഗാര്‍ഥിയെ തഴഞ്ഞിരുന്നു. അന്ന് നടത്തിയ എഴുത്തുപരീക്ഷയില്‍ 100ല്‍ 96 മാര്‍ക്ക് നേടി ഇദ്ദേഹം ഒന്നാം സ്ഥാനത്ത് വന്നിരുന്നു. രണ്ടാംസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാകട്ടെ നേടിയത് 62 മാര്‍ക്കും. അഭിമുഖത്തിനുശേഷം റാങ്ക്ലിസ്റ്റ് വന്നപ്പോള്‍ എഴുത്തുപരീക്ഷയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ‘സവര്‍ണ’ ക്രൈസ്തവ വിഭാഗത്തില്‍പെട്ട വ്യക്തി ഒന്നാം സ്ഥാനത്ത്! കാരണം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ‘ഇന്‍റര്‍വ്യൂവിന് 150 മാര്‍ക്കായിരുന്നു.’ പ്രസ്തുത വ്യക്തിക്കാണ് കൂടുതല്‍ മാര്‍ക്ക് ലഭിച്ചതത്രെ! എഴുത്തുപരീക്ഷ 100 മാര്‍ക്കിലും ഇന്‍റര്‍വ്യൂ 150 മാര്‍ക്കിലും!

സി.എം.എസ് മിഷനറിമാരാല്‍ സ്ഥാപിതമായ സി.എസ്.ഐ സഭയിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ 1943ലെ സപ്പറേറ്റ് അഡ്മിനിസ്ട്രേഷന്‍ മൂവ്മെന്‍റ്, 1965ലെ സി.എം.എസ് ആംഗ്ളിക്കല്‍ സഭയുടെ രൂപവത്കരണം, 1980കളിലെ വിമോചന വിശ്വാസ പ്രസ്ഥാനം എന്നിവക്കുശേഷം കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനക്ക് രൂപം നല്‍കി സഭയിലെ ജനാധിപത്യധ്വംസനത്തെയും ജാതിവിവേചനത്തെയും പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ദലിത് ക്രൈസ്തവ ചെറുപ്പക്കാര്‍.
_____________________
(കോട്ടയം എം.ജി യൂനിവേഴ്സിറ്റിയില്‍ റിസര്‍ച് സ്കോളറാണ് ലേഖകന്‍)

Top