വിമര്‍ശിച്ചാല്‍ നിരോധിക്കും

വിവേകാനന്ദ സ്റ്റഡിസര്‍ക്കിള്‍, ധ്രുവ, വന്ദേമാതരം, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ പല പേരുകളില്‍ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ പ്രവര്‍ത്തിചുവരുന്നുണ്ടെന്നും അവയ്‌ക്കൊന്നുമില്ലാത്ത നിരോധനം തങ്ങള്‍ക്കുമാത്രം വരുന്നത് കേന്ദ്രഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നിലപാടിന്റെ ഭാഗമാണെന്നുമാണ് എ.പി.എസ്.സി ആരോപിക്കുന്നത്. എ.പി.എസ്.സി ക്കുനേരെ നേരത്തേയും വിവേചനപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. സ്ഥാപനത്തിലെ ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആയ എം.എസ് ശിവകുമാര്‍ സംഘടനയുടെ പേരില്‍നിന്ന് അംബേദ്കര്‍, പെരിയാര്‍ എന്നി നാമങ്ങള്‍ മാറ്റണമെന്ന് 2014 ജൂണില്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. അത് സംഘടന നിരാകരിച്ചതിനെ തുടര്‍ന്ന് പല വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിന്റെ പരിണാമമെന്ന നിലയ്ക്കാണ് സംഘടനയുടെ അംഗീകാരവും അതുവഴി പ്രവര്‍ത്തന സ്വാതന്ത്ര്യവും എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി ഇറങ്ങിയിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസില്‍ നിന്ന് (ഐ.ഐ.ടി.-എം) പുറത്തുവരുന്ന വാര്‍ത്തകള്‍ ജനാധിപത്യ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ വഴികളെക്കുറിച്ച ഗൗരവപ്പെട്ട സൂചനകള്‍ നല്‍കുന്നതാണ്. അംബേദ്കര്‍-പെരിയാര്‍ സ്റ്റഡിസര്‍ക്കിള്‍ (എ.പി.എസ്.സി) എന്ന പേരില്‍ 2014 ഏപ്രില്‍ 14 മുതല്‍ ആ കാമ്പസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനഅധികൃതര്‍ ഉത്തരവിറക്കിയാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാനവവിഭവശേഷി മന്ത്രി സ്മൃതിഇറാനിയെയും വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഇറക്കി, രാജ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭജനം സൃഷ്ടിച്ചു എന്നെല്ലാം ആരോപിച്ചുകൊണ്ട് മാനവവിഭവശേഷി വകുപ്പിന് ലഭിച്ച അജ്ഞാത കത്തിനെ തുടര്‍ന്നാണ് ഐ.ഐ.ടി.-എം അധികൃതര്‍ സംഘടനക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ദേശീയതലത്തിലും തമിഴ്‌നാട്ടിലുമുള്ള, ബി.ജെ.പി. ഒഴികെയുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും നിരോധനത്തെ അപലപിച്ചു രംഗത്തുവന്നുകഴിഞ്ഞു. നാഷണല്‍കമ്മീഷന്‍ ഫോര്‍ ഷെഡ്യൂല്‍ഡ് കാസ്റ്റ് ചെയര്‍മാന്‍ പി.എല്‍. പൂനിയ നടപടിയില്‍ വിശദീകരണം ചോദിച്ച് ഐ.ഐ.ടി-എം അധികൃതര്‍ക്ക് നോട്ടീസും അയച്ചു. വിവിധ സംഘടനകള്‍ ശനിയാഴ്ച സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം പടര്‍ന്നുകഴിഞ്ഞു.

വിവേകാനന്ദ സ്റ്റഡിസര്‍ക്കിള്‍, ധ്രുവ, വന്ദേമാതരം, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ പല പേരുകളില്‍ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ പ്രവര്‍ത്തിചുവരുന്നുണ്ടെന്നും അവയ്‌ക്കൊന്നുമില്ലാത്ത നിരോധനം തങ്ങള്‍ക്കുമാത്രം വരുന്നത് കേന്ദ്രഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നിലപാടിന്റെ ഭാഗമാണെന്നുമാണ് എ.പി.എസ്.സി ആരോപിക്കുന്നത്. എ.പി.എസ്.സി ക്കുനേരെ നേരത്തേയും വിവേചനപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

________________________________
എ.പി.എസ്.സി എന്നത് ഒരു സ്ഥാപനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു സംഘടനയാണ്. അത്തരമൊരു സംവിധാനത്തെപോലും ജനാധിപത്യപരമായ സഹിഷ്ണുതയോടെ കാണാന്‍ ബി.ജെ.പി ക്കും കേന്ദ്ര സര്‍ക്കാറിനും കഴിയുന്നില്ല. നരേന്ദ്രമോദി എന്ന വ്യക്തിയെ വലിയൊരു അതിമാനുഷനായി കൊണ്ടുനടക്കുന്നതാണ് സംഘ് പരിവാറിന്റെ സംസ്‌കാരം. പക്ഷേ, രാജ്യത്തെ എല്ലാവരും അദ്ദേഹത്തെ അങ്ങനെത്തന്നെ കാണണമെന്ന് അവര്‍ വാശിപിടിച്ചാല്‍ അത് വലിയ വങ്കത്തമാണ്. അതിമാനുഷ ആള്‍ദൈവങ്ങള്‍ പുരോഗമന ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തിന് അന്യമാണ്. ജനാധിപത്യത്തിന്റെ വികാസത്തില്‍ വിശ്വസിക്കുന്ന സര്‍വമനുഷ്യരും അശ്ലീലമായ വ്യക്തിപൂജകളെ വിമര്‍ശിക്കും.
________________________________ 

സ്ഥാപനത്തിലെ ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആയ എം.എസ് ശിവകുമാര്‍ സംഘടനയുടെ പേരില്‍നിന്ന് അംബേദ്കര്‍, പെരിയാര്‍ എന്നി നാമങ്ങള്‍ മാറ്റണമെന്ന് 2014 ജൂണില്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. അത് സംഘടന നിരാകരിച്ചതിനെ തുടര്‍ന്ന് പല വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിന്റെ പരിണാമമെന്ന നിലയ്ക്കാണ് സംഘടനയുടെ അംഗീകാരവും അതുവഴി പ്രവര്‍ത്തന സ്വാതന്ത്ര്യവും എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി ഇറങ്ങിയിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ, എ.പി.എസ്.സി ദലിത് വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ രൂപവത്കരിക്കപ്പെട്ട സംഘടനയാണ്. നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും അത്തരമൊരു സംഘടന വിമര്‍ശനവിധേയമാക്കും എന്നുള്ളതും സ്വാഭാവികം. എന്നാല്‍, മോദിക്കും ആര്‍.എസ്. എസിനുമെതിരെയുളള വിമര്‍ശനങ്ങളെല്ലാം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന മട്ടിലാണ് ആര്‍.എസ്.എസുകാരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കാണുന്നത്. എ.പി.എസ്.സിയെ ആറേഴുമാസം മുമ്പുതന്നെ നിരോധിക്കേണ്ടതായിരുന്നു എന്നാണ് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രസ്താവിച്ചത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സംഘടനയെ നിരോധിച്ചത് വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലടുത്തുകൊണ്ടാണെന്നാണ് തമിഴ്‌നാട്ടില്‍നിന്നുളള ബി.ജെ.പി ക്കാരനായ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.
ഐ.ഐ.ടി.-എം അധികൃതരുടെ നടപടിയും അതിനെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടും മുന്നില്‍വെച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്, കേന്ദ്രസര്‍ക്കാരിനെയും അതിലെ മന്ത്രിമാരെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണ്. രണ്ട്, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അവര്‍ നിരോധിക്കും. നമ്മുടെ രാഷ്ട്രീയസംസ്‌കാരം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.
എ.പി.എസ്.സി എന്നത് ഒരു സ്ഥാപനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു സംഘടനയാണ്. അത്തരമൊരു സംവിധാനത്തെപോലും ജനാധിപത്യപരമായ സഹിഷ്ണുതയോടെ കാണാന്‍ ബി.ജെ.പി ക്കും കേന്ദ്ര സര്‍ക്കാറിനും കഴിയുന്നില്ല. നരേന്ദ്രമോദി എന്ന വ്യക്തിയെ വലിയൊരു അതിമാനുഷനായി കൊണ്ടുനടക്കുന്നതാണ് സംഘ് പരിവാറിന്റെ സംസ്‌കാരം. പക്ഷേ, രാജ്യത്തെ എല്ലാവരും അദ്ദേഹത്തെ അങ്ങനെത്തന്നെ കാണണമെന്ന് അവര്‍ വാശിപിടിച്ചാല്‍ അത് വലിയ വങ്കത്തമാണ്. അതിമാനുഷ ആള്‍ദൈവങ്ങള്‍ പുരോഗമന ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തിന് അന്യമാണ്. ജനാധിപത്യത്തിന്റെ വികാസത്തില്‍ വിശ്വസിക്കുന്ന സര്‍വമനുഷ്യരും അശ്ലീലമായ വ്യക്തിപൂജകളെ വിമര്‍ശിക്കും.
ചെറിയ വിമര്‍ശങ്ങളെയും കൊച്ചുകൊച്ചു ബദല്‍ കൂട്ടായ്മകളെയും പോലും ഭയക്കുന്ന അവസ്ഥയിലേക്ക് കേന്ദ്രഭരണകൂടം പോവുകയാണെങ്കില്‍, അത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച അപകടകരമായ മുന്നറിവുകളാണ് നല്‍കുന്നത്. മുഴുവന്‍ പുരോഗമന വാദികളും വലിയ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭം തന്നെയാണിത്.
__________________________________
(എഡിറ്റോറിയല്‍- മാധ്യമം ദിനപ്പത്രം ജൂണ്‍ I, 2015)

Top