കോര്‍പറേറ്റുകളുടെ 365 ദിനങ്ങള്‍

May 30, 2015

ക്ഷേമരാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന മുതലാളിത്ത രാജ്യങ്ങള്‍ ജനരോഷം തടയാനും മൊത്തം വികസനത്തിന്റെ ലാഭത്തില്‍ കണ്ണുവച്ചും രണ്ടു കാര്യങ്ങള്‍ ചെയ്യുന്നു: വരുമാനത്തിനനുസരിച്ചു നികുതി വര്‍ധിപ്പിക്കുന്നു. പൊതുവില്‍ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗതാഗതസൗകര്യം, വൈദ്യുതി തുടങ്ങിയവ താരതമ്യേന ഏവര്‍ക്കും പ്രാപ്യമാവുന്നത് അങ്ങനെയാണ്. അതു പൗരന്മാരുടെ അവകാശമായിട്ടാണ് ജനാധിപത്യ സമൂഹങ്ങള്‍ കണക്കാക്കുന്നത്. അതാണ് മോദി ഭരണകൂടം തകര്‍ക്കാന്‍ നോക്കുന്നത്. അത്തരമൊരു വ്യവസ്ഥയില്‍ ജോലിക്കുള്ള അവകാശം, അറിയാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം- ഈ വകയൊന്നുമില്ല. (വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ തസ്തിക നികത്താതിരിക്കുന്നത് വെറുതെയല്ല).

സംഘപരിവാരത്തില്‍ പല തരം വേഷങ്ങള്‍ നിറഞ്ഞാടുന്നതിനാല്‍ ലക്ഷ്യത്തിന്റെ കൃത്യതയില്‍ കുറവു കാണും. പക്ഷേ, ലോഹപുരുഷിനെ അരുക്കാക്കി ഡല്‍ഹിയില്‍ വികാസ് പുരുഷായി മാറിയ മാനനീയ മോദിജിക്ക് കൃത്യമായ ലക്ഷ്യമാണുള്ളതെന്ന് അറിയാത്തവര്‍ ആരുണ്ട്? രാജസ്ഥാനിലെ ഒരു പ്രമുഖ ബി.ജെ.പി. നേതാവിന്റെ പുത്രനായ അരവിന്ദ് പനഗാരിയയും മറ്റൊരു നവലിബറല്‍ വീരനായ ജഗദീഷ് ഭഗവതിയും ചേര്‍ന്നുണ്ടാക്കുന്ന ഭാരതീയ വികസനത്തില്‍ മോഹിതനാണ് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി.

സര്‍ക്കാര്‍ ഭൂമിയോ സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന ഭൂമിയോ ഇഷ്ടക്കാര്‍ക്ക് കൊടുക്കുകയും ആ വികസനത്തിന്റെ ശകലങ്ങള്‍ അസ്മാദികള്‍ക്ക് നല്‍കി അവരെ അടക്കിനിര്‍ത്തുകയും ചെയ്യുന്ന വികസനത്തിനു റെന്റിയര്‍ കാപിറ്റലിസം എന്നാണ് പറയാറ്. ഇന്ത്യയില്‍ ഗൗതം അദാനിയെപ്പോലുള്ള പുത്തന്‍ മടിശ്ശീലകള്‍ അതിന്റെ പ്രചാരണവശം ഏറ്റെടുക്കുന്നതിനാല്‍ മധ്യവര്‍ഗ ഫേസ്ബുക്ക് ജനറേഷന്‍ വികസനലഹരിയുടെ ഹെവി മെറ്റല്‍ ബാന്‍ഡ് കേട്ട് നൃത്തം ചെയ്തുകൊണ്ടിരിക്കും.

പക്ഷേ, ഇത്തരം മുതലാളിമാര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ കാശു കാണില്ല. പാവപ്പെട്ടവന്റെ റേഷന്‍സഞ്ചിയില്‍ കൈയിട്ടുവാരുക എന്നത് മാത്രമാണൊരു വഴി. മോദിജി വന്നപ്പോള്‍ത്തന്നെ അതിലാണ് കണ്ണുവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷ, കുടിവെള്ളം- അങ്ങനെ പല മേഖലകളിലുമാണ് ഒരു ഭരണകൂടത്തിനു നിര്‍ണായകമായി ഇടപെടാന്‍ കഴിയുക. പക്ഷേ, നവലിബറല്‍ സാമ്പത്തിക വിദഗ്ധര്‍ അതൊന്നും പാടില്ലെന്നു പറയുന്നു. കീഴാളര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരി കൊടുക്കുന്നതോ അവരുടെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതോ വികസനത്തിനു സഹായിക്കില്ലെന്നാണ് അവര്‍ പഠിച്ച ഷിക്കാഗോ സ്‌കൂളിന്റെ നിലപാട്.

അതിനാല്‍, വന്ന ഉടനെത്തന്നെ ചുറ്റും കൂടിയ സാമ്പത്തിക വിദഗ്ധര്‍ മോദിക്ക് സബ്‌സിഡി വെട്ടിച്ചുരുക്കാനുള്ള ഒരു പട്ടിക കൊടുക്കുകയാണുണ്ടായത്. അതിനുള്ള അന്തരീക്ഷമൊരുക്കാന്‍ റേഷന്‍ വിതരണത്തിലെ അഴിമതി, പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത തുടങ്ങി മധ്യവര്‍ഗത്തെ രോഷാകുലരാക്കുന്ന മുദ്രാവാക്യങ്ങള്‍ അരങ്ങുതകര്‍ക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞപോലെ, വെള്ളക്കുതിരപ്പുറത്തു വന്നു ഗീവര്‍ഗീസ് പുണ്യാളനെപ്പോലെ, കമ്പോളത്തെ തടവിലാക്കുന്ന വ്യാളികളെ കൊല്ലുന്ന വീരപുരുഷനായി അര്‍ണബ് ഗോസ്വാമിയുടെ വായ്ത്താരി മാത്രം കേള്‍ക്കുന്ന രാജ്യസ്‌നേഹികള്‍ മോദിയെ വാഴ്ത്തി.

ഒരു വര്‍ഷത്തിനുള്ളില്‍ എന്‍.ഡി.എ. ഭരണകൂടം പാവങ്ങളുടെ അപ്പക്കുട്ടയില്‍ നിന്നു വാരിയെടുത്തത് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഒരു ഭരണകൂടവും ചെയ്യാത്തതായിരുന്നു അത്. ദേശീയ തൊഴിലുറപ്പ് പദ്ധതി, പൊതുവിതരണ വ്യവസ്ഥ എന്നിവ ബി.പി.എല്ലുകാര്‍ക്കു പോലും അപ്രാപ്യമാവുന്നവിധം ക്രൂരമായ ഈ വെട്ടിച്ചുരുക്കലിന്റെ ഫലം രാഷ്ട്രം അനുഭവിക്കാനിരിക്കുന്നു. പകരം കൊണ്ടുവന്ന ജന്‍ ധന്‍ യോജന തുടങ്ങിയ ഫണ്ട് ശേഖരണ പദ്ധതികള്‍ അന്തിമമായി കുത്തകകള്‍ക്കാണ് ഉപകരിക്കുക. കാരണം, അങ്ങനെ ശേഖരിക്കുന്ന പണത്തില്‍ പാതിയും നോണ്‍ പെര്‍ഫോമിങ് അക്കൗണ്ടായി അപ്രത്യക്ഷമാവുന്നുവെന്നു വിദഗ്ധര്‍ പറയുന്നു. അതായത്, ബാങ്കുകള്‍ക്കു വെറുതെ കുറേ കാശു കിട്ടും.

മൈക്രോഫിനാന്‍സ് എന്ന പേരില്‍ കൊള്ളപ്പലിശയ്ക്ക് സ്ത്രീകള്‍ക്ക് വിശേഷിച്ചും കടം കൊടുക്കുന്ന ഇടപാടുപോലെ ലോകബാങ്കും അന്താരാഷ്ട്ര മൂലധനസ്ഥാപനങ്ങളും പണം വാരാനാണ് പല രാജ്യങ്ങളിലും ഇത്തരം സുഖിപ്പിക്കുന്ന പദ്ധതികള്‍ നിര്‍ദേശിക്കുന്നത്. പങ്കാളിത്ത ധനകാര്യമെന്ന അവ്യക്തമായ പദം കൊണ്ടു മൂടിവച്ചുകൊണ്ടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സംഘവും ജന്‍ ധന്‍ കൊണ്ടുവരുന്നത്. 2015 ഏപ്രില്‍ 15 ആയതോടെ ഏതാണ്ട് 15 കോടി അക്കൗണ്ടുകള്‍ ആ വകയില്‍ തുറന്നു. അതില്‍ പാതിയിലും ഒരു പൈസ പോലുമില്ലായിരുന്നു എന്നു സര്‍ക്കാര്‍കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.

ജന്‍ ധന്‍ യോജനയെ ഇന്‍ഷുറന്‍സുമായും പെന്‍ഷനുമായും ബന്ധിപ്പിക്കുന്നതായി കാണാം. ആരുമറിയാത്ത ഒരു കെണി അതിലുണ്ട്. സര്‍ക്കാരിന് ഈ അക്കൗണ്ടിലിടുമെന്നു പറയുന്ന എന്തും ഒരു നോട്ടീസു പോലുമില്ലാതെ പിന്‍വലിക്കാം. തൊഴിലും വരുമാനവുമില്ലാത്തവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാതെ വരുമ്പോള്‍ അക്കാരണം പറഞ്ഞ് അടച്ച സംഖ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പിടുങ്ങാം. പ്രധാനമന്ത്രിയുടെ ജീവന്‍ ജ്യോതി ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ജന്‍ധന്‍ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ തടഞ്ഞുവയ്ക്കാം. പാചകവാതക അക്കൗണ്ടിലേക്ക് സബ്‌സിഡി ഇടുന്ന ഇടപാടു തന്നെ അതിന്റെ സങ്കീര്‍ണതയില്‍ തട്ടിത്തകരുന്നത് നാം കാണുന്നുണ്ട്. അതായത്, ഏതു നിമിഷവും തടസ്സപ്പെടുത്താവുന്ന ധനവിതരണ പദ്ധതികളാണ് മോദി ആയോഗിന്റെ മാനിഫെസ്റ്റോയിലുള്ളത്.

ക്ഷേമരാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന മുതലാളിത്ത രാജ്യങ്ങള്‍ ജനരോഷം തടയാനും മൊത്തം വികസനത്തിന്റെ ലാഭത്തില്‍ കണ്ണുവച്ചും രണ്ടു കാര്യങ്ങള്‍ ചെയ്യുന്നു: വരുമാനത്തിനനുസരിച്ചു നികുതി വര്‍ധിപ്പിക്കുന്നു. പൊതുവില്‍ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗതാഗതസൗകര്യം, വൈദ്യുതി തുടങ്ങിയവ താരതമ്യേന ഏവര്‍ക്കും പ്രാപ്യമാവുന്നത് അങ്ങനെയാണ്. അതു പൗരന്മാരുടെ അവകാശമായിട്ടാണ് ജനാധിപത്യ സമൂഹങ്ങള്‍ കണക്കാക്കുന്നത്. അതാണ് മോദി ഭരണകൂടം തകര്‍ക്കാന്‍ നോക്കുന്നത്. അത്തരമൊരു വ്യവസ്ഥയില്‍ ജോലിക്കുള്ള അവകാശം, അറിയാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം- ഈ വകയൊന്നുമില്ല. (വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ തസ്തിക നികത്താതിരിക്കുന്നത് വെറുതെയല്ല).

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ വന്‍ നേട്ടങ്ങളില്‍പ്പെട്ട, ക്ഷേമം ഉറപ്പുവരുത്തുന്ന എല്ലാ നിയമങ്ങള്‍ക്കും തുരങ്കംവയ്ക്കാനാണ് മോദി ആഗ്രഹിക്കുന്നത് എന്നു പറഞ്ഞാല്‍ തെറ്റില്ല. 13 വര്‍ഷക്കാലം ഒരേകാധിപതിയെപ്പോലെ ഗുജറാത്ത് ഭരിച്ച, അനുസരണ സംസ്‌കാരത്തിന്റെ വക്താവായ ഒരാള്‍ക്ക്, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാമൂഹിക വിഭാഗങ്ങള്‍ക്ക് അത്തരം നിയമങ്ങള്‍ ഒട്ടും പഥ്യമാവില്ല.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വരുത്തിയ ജനവിരുദ്ധമായ മാറ്റങ്ങള്‍ അതിനാല്‍ത്തന്നെ ഒരു വലതുപക്ഷ ഭരണകൂടത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതാണ്. വികസനത്തിനു ഭൂമി എന്നു പറയുന്നതൊക്കെ പുറംപൂച്ചാണ്. ഇന്ത്യന്‍ റെയില്‍വേയും പ്രതിരോധ വകുപ്പും കൈവശം വച്ചിരിക്കുന്ന ഭൂമി മാത്രം മതി പല വികസനപദ്ധതികള്‍ക്കും. പക്ഷേ, അരവിന്ദ് പനഗാരിയക്കും കൂട്ടര്‍ക്കും ആ ഭൂമി തൊടാന്‍ പറ്റില്ല.

നരസിംഹറാവു കൊണ്ടുവന്ന ഉദാരവല്‍ക്കരണം അന്യരുടെ ഭൂമിയിലേക്കുള്ള പ്രവേശനം വേണ്ടത്ര സുഗമമാക്കാത്തതില്‍ അസ്വസ്ഥരായിരുന്നു നവലിബറല്‍ സാമ്പത്തിക വിദഗ്ധന്മാര്‍. ഭൂമിയാണ് ഒരിക്കലും വളരാത്ത ആസ്തി. ഊഹക്കച്ചവടത്തിലൂടെയും ഖനനത്തിലൂടെയും സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലൂടെയും വന്‍തോതില്‍ ധനം സമ്പാദിച്ചവര്‍ക്കു ഭൂമി വേണം. വലിയ പ്രോജക്ടുകളില്‍ നിന്നാണ് വലിയ വരുമാനമുണ്ടാവുക. അതിനു പ്രധാന തടസ്സം ചെറുകിട ഭൂവുടമകളാണ്; അല്ലെങ്കില്‍ ആദിവാസികള്‍. അവരുടെ കൈയില്‍ നിന്നു ഭൂമി കൈവശപ്പെടുത്തുന്നതിനുള്ള തടസ്സങ്ങളാണ് മോദി ഭരണകൂടം നീക്കാന്‍ ശ്രമിക്കുന്നത്.

നിയമത്തിലെ നിലവിലുള്ള തടസ്സങ്ങള്‍ ഉണ്ടായിട്ടുപോലും വലിയ ജലവൈദ്യുതപദ്ധതികള്‍ മൂലം ബഹിഷ്‌കൃതരാവുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നഗരങ്ങളിലെ ചേരികളില്‍ അടിഞ്ഞുകൂടുകയാണ് അവരില്‍ ഭൂരിപക്ഷവും. 1894ല്‍ ബ്രിട്ടിഷുകാര്‍ ചൂഷണം ഉറപ്പാക്കുന്നതിനു വേണ്ടി നടപ്പാക്കിയ നിയമം ജനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2013ല്‍ യു.പി.എ.ഭരണകൂടം ഭേദഗതി ചെയ്തു. ബ്രിട്ടിഷുകാരുടെ പഴയ നിയമം ചെറിയ ഭേദഗതികളോടെ പുനസ്ഥാപിക്കാനാണ് എന്‍.ഡി.എ. ഭണകൂടം ശ്രമിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഭൂമി ഏറ്റെടുക്കുന്നതിലുള്ള തടസ്സം കാരണം നടക്കാതെപോയ പദ്ധതികള്‍ നന്നേ കുറവാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 804 വന്‍ പദ്ധതികള്‍ വഴിമുട്ടിയതില്‍ ഭൂമി കിട്ടാതെ വന്നത് എട്ടു ശതമാനം മാത്രമായിരുന്നു. നിക്ഷേപകരില്ലാത്തതുകൊണേ്ടാ മറ്റു തടസ്സങ്ങള്‍ മൂലമോ ആയിരുന്നു 40 ശതമാനം പദ്ധതികളും മുടങ്ങിപ്പോയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പഠനമനുസരിച്ചുതന്നെ കമ്പോളത്തിലെ മാന്ദ്യവും സാമ്പത്തിക പ്രശ്‌നങ്ങളും മൂലം ഏതാണ്ട് ഏഴു ലക്ഷം കോടി രൂപയ്ക്കുള്ള പദ്ധതികള്‍ വഴിമുട്ടിനിന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ മൈത്രിഷ് ഘട്ടക്കിന്റെ അഭിപ്രായത്തില്‍ ഭൂമിയുടെ അലഭ്യതയല്ല ഇന്ത്യയില്‍ വികസനത്തിന്റെ പ്രധാന തടസ്സം. മതിയായ വില ലഭിച്ചാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ് അധികവും. മിക്കപ്പോഴും സര്‍ക്കാര്‍ ചെറിയ വിലയ്ക്ക് ഭൂമി ഏറ്റെടുക്കുകയും തുടര്‍ന്നത് സ്വകാര്യ കമ്പനികള്‍ക്കു കൈമാറുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിലെ സിംഗൂരും നന്തിഗ്രാമും പുരോഗമനനാട്യമുള്ള ഭരണകൂടങ്ങള്‍ വരെ ഇല്ലാത്ത തൊഴില്‍ലഭ്യത പറഞ്ഞു പാവപ്പെട്ടവരുടെ ഭൂമി കുത്തകകള്‍ക്കു കൈമാറാന്‍ ശ്രമിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ വികസനത്തേക്കാളുമധികം, തങ്ങളെ സഹായിച്ച വലിയ കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ് ബി.ജെ.പി. ഭരണകൂടം യു.പി.എ. കൊണ്ടുവന്ന ഭേദഗതികള്‍ ഉപേക്ഷിക്കുന്നത്.

ഒരിടത്ത് വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ മോദിയും ജെയ്റ്റ്‌ലിയും ഉല്‍സാഹിക്കുമ്പോള്‍, മറുവശത്ത് അവര്‍ മിടുക്കന്മാരായ ജാലവിദ്യക്കാരെപ്പോലെ ശ്രദ്ധ തിരിക്കല്‍ തന്ത്രങ്ങള്‍ പയറ്റുന്നതും നാം കാണുന്നു. സംഘപരിവാരത്തിലെ ലുംപന്‍പ്രോലിറ്റേറിയറ്റിനെ കയറഴിച്ചുവിടുന്നതില്‍ അതു വ്യക്തം. നരേന്ദ്ര മോദി ഒരു മാതൃകാ പ്രചാരക് ആണെന്ന് വിശ്വഹിന്ദുവായ അശോക് സിംഗാള്‍ പ്രസ്താവിക്കുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ മോദിജി അടങ്ങിയിരിക്കുമെന്ന സന്ദേശമാണ് പരിവാരത്തിനു ലഭിക്കുന്നത്.

ഗോരഖ്പൂരില്‍ നിന്നുള്ള യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, ഉന്നാവോവില്‍ നിന്നുള്ള എം.പിയായ സാക്ഷി മഹാരാജ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയവരൊക്കെ നേരത്തേ രചിച്ച തിരക്കഥ അനുസരിച്ചാണ് സാമുദായികമായ ധ്രുവീകരണമുളവാക്കുന്ന നടപടികളുമായി മുമ്പിലെത്തുന്നത്.വലിയ തോതില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാതെ ചെറിയ ചെറിയ കലാപങ്ങള്‍ നടത്തുകയെന്നതാണ് സംഘപരിവാരം സ്വീകരിക്കുന്ന തന്ത്രം.

എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ തന്നെയാണിനി. 2023 ആവുന്നതോടെ ലോകത്തെ നൂറു കോടി ഡോളറുള്ള വിത്തപ്രമുഖരില്‍ കാല്‍ഭാഗം ഇന്ത്യയിലായിരിക്കും. എന്നാല്‍, ഇപ്പോള്‍ത്തന്നെ ലോകത്തെ മൊത്തം പട്ടിണിക്കാരില്‍ കാല്‍ഭാഗം ഇന്ത്യയിലാണ്.

Top