ഫ്രാന്‍സ് കാഫ്കയുടെ കഥാപാത്രങ്ങള്‍

September 30, 2014

18 കോടി മുസ്‌ലിംകള്‍ ഏകശിലയാണെന്നും അവരൊക്കെ പൗരോഹിത്യത്തിന്റെയോ മൗലികവാദത്തിന്റെയോ പിടിയിലാണെന്നുമുള്ള നിര്‍മിതിയില്‍ അതാരംഭിക്കുന്നു. ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലാത്ത ചെറുപ്പക്കാരന്‍- അയാള്‍ മുസ്‌ലിം ചേരികളില്‍ വരുന്നുവെങ്കില്‍, താടി വളര്‍ത്തുന്നുവെങ്കില്‍, മദ്‌റസയിലോ പള്ളിയിലോ പോവുന്നുവെങ്കില്‍- ഭീകരനായി മാറുന്നു. അങ്ങനെയൊരു വര്‍ഗീകരണത്തിന്റെ ലക്ഷണങ്ങള്‍ ഭീകരര്‍ക്കെതിരായ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ വരെ കാണുന്നുണ്ട്. പലതരം ഹിന്ദുത്വ വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ ‘ഭീകരത’ എന്നു വിളിച്ചിരുന്നില്ല. ഭരണകൂടത്തിന്റെ കേവല പിന്തുണയോടെ നടന്നതും 2000ലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതുമായ ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ ഹിംസയെ വെറും കലാപമായിട്ടാണവര്‍ കാണുന്നത്.

നിരീക്ഷണം
__________ 

”ഞാന്‍ ആദില്‍ പര്‍വേസ്… എന്റെ രണ്ടു സഹോദരന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു… ആമില്‍ പര്‍വേസ് ഇന്‍ഡോര്‍ ജയിലിലാണ്. ഗാദില്‍ പര്‍വേസ് ഉന്നേല്‍ ജയിലില്‍. നിരോധിക്കപ്പെടുന്നതിനു മുമ്പ് ആമില്‍ സിമി അംഗമായിരുന്നു. 2008 മാര്‍ച്ച് 24ന് ഒരു കേസുമായി ബന്ധപ്പെട്ട് ആമില്‍ കോടതിയില്‍ ചെന്നു. പിന്നെ തിരിച്ചുവന്നില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഞങ്ങള്‍ പത്രത്തിലാണ് പോലിസ് ആമിലിനെയും നാലു പേരെയും ഇന്‍ഡോറിലെ ഗുല്‍സാര്‍ കോളനിയില്‍ നിന്ന് അറസ്റ്റു ചെയ്ത വിവരമറിയുന്നത്. ഏഴു ദിവസം അവരെ ഉറങ്ങാന്‍ അനുവദിച്ചില്ല… രാത്രിയും പകലും ചോദ്യം ചെയ്യല്‍. ഭീകരമായി അവരെ പീഡിപ്പിച്ചു. നാര്‍കോ ടെസ്റ്റിനു വിധേയമാക്കി. 2008 മാര്‍ച്ച് 30നു ഗാദില്‍ പര്‍വേസിനെ അറസ്റ്റ് ചെയ്തു. പോലിസ് വാതിലില്‍ കല്ലെറിയുകയും ചവിട്ടുകയും ചെയ്തു… അവര്‍ ഞങ്ങളുടെ പുസ്തകങ്ങളും എന്റെ മൊബൈലും കൊണ്ടുപോയി. പിന്നീട് മൊബൈല്‍ ഗാദിലിന്റേതായി കോടതിയില്‍ സമര്‍പ്പിച്ചു. പോലിസ് ഗാദിലിനെയും മര്‍ദ്ദിച്ചു. തോക്ക് ഉപയോഗിച്ചതിന്റെ പാടുകളും വെടിയുണ്ടകളും കണ്ടുപിടിക്കാനായി പോലിസ് തിരച്ചില്‍ നടത്തി. എന്നാല്‍, ഒന്നും കണ്ടെത്താനായില്ല. പക്ഷേ, പത്രങ്ങളില്‍ ഭീകരപരിശീലന ക്യാംപ് നടത്തിയതായാണ് വാര്‍ത്ത വന്നത്. ആമിലിന്റെയും മറ്റുള്ളവരുടെയും പേരില്‍ ബി.ജെ.പി. നേതാക്കളെ സ്‌ഫോടനത്തില്‍ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് ചാര്‍ജ് ചെയ്തു. തെളിവു ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഐ.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞത് നടപടികള്‍ വാര്‍ത്തയായതിനാല്‍ കേസെടുക്കാതിരിക്കാന്‍ പറ്റില്ലെന്നും ആമിലും കൂട്ടരും ജയിലില്‍ കഴിയണമെന്നുമാണ്. അവര്‍ ഇപ്പോഴും ജയിലിലാണ്. ഗാദിലിനു വേണ്ടി വാദിക്കാന്‍ ഞങ്ങള്‍ക്കൊരു വക്കീലുണ്ടായിരുന്നു- നൂര്‍ മുഹമ്മദ് സാഹിബ്. അദ്ദേഹത്തെ സഹ അഭിഭാഷകരും ബി.ജെ.പി-വി.എച്ച്.പി. പ്രവര്‍ത്തകരും പല പ്രാവശ്യം മര്‍ദ്ദിച്ചു. പിന്നെ ഒരു വക്കീലും ഞങ്ങള്‍ക്കു വേണ്ടി ഹാജരായില്ല. ഒന്നിടവിട്ട് ‘ദൈനിക് സഹാറ എന്റെയോ ആമിലിന്റെയോ പടം പ്രസിദ്ധീകരിക്കുന്നു. ഉന്നേലിലെ മുസ്‌ലിംകള്‍ വരെ കരുതുന്നത് ഞങ്ങള്‍ ഭീകരരാണെന്നാണ്…” (ഹൈദരാബാദ് പീപ്പിള്‍സ് ട്രൈബ്യൂണലിന്റെ മുമ്പില്‍ നല്‍കിയ സത്യവാങ്മൂലം).
കൊല്‍ക്കത്തയില്‍ ജോലിയെടുത്തിരുന്ന യു.പിയില്‍ നിന്നുള്ള അഫ്താബ് ആലമിനെ 2007 ഡിസംബറില്‍ യു.പി. പോലിസ് അറസ്റ്റ് ചെയ്തത് സംസ്ഥാനത്തു സ്‌ഫോടന പരമ്പരകള്‍ നടത്തിയെന്ന കുറ്റം ചാര്‍ത്തിയാണ്. എന്നാല്‍, സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ അയാള്‍ ജോലിസ്ഥലത്തായിരുന്നുവെന്നതിനു രേഖകളുണ്ടായിരുന്നു. ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമി (ഹുജി) എന്ന സാങ്കല്‍പ്പിക സംഘടനയുടെ ഏരിയാ കമാന്‍ഡറാണ് താന്‍ എന്നാണ് പോലിസ് അയാളെ ധരിപ്പിച്ചിരുന്നത്. ആലം ബംഗ്ലാദേശില്‍ നിന്നുള്ള മുഖ്താര്‍ എന്ന രാജുവാണെന്നു സമ്മതിച്ചുകിട്ടാന്‍ പോലിസ് അയാളെ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആസ്ഥാനത്തു മൂന്നാഴ്ച പീഡിപ്പിച്ച ശേഷം 2008 ജനുവരി 7ന് അയാളെ വെറുതെ വിട്ടു. പോലിസ് പറഞ്ഞ കാരണങ്ങള്‍: നന്നായി ഉര്‍ദു സംസാരിക്കാന്‍ അറിയില്ല. രണ്ടാമത് അയാള്‍ താടി വളര്‍ത്തിയിരുന്നില്ല.
പഴയ അസംബന്ധ നാടകങ്ങളിലെ സംഭവങ്ങളൊന്നുമല്ല ഇത്. ഇന്ത്യയില്‍ നടക്കുന്ന യഥാര്‍ഥ സംഭവങ്ങള്‍. റോബിന്‍ ജഫ്രിയും രണ്‍ജയ് സെന്നും എഡിറ്റ് ചെയ്ത് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച “ബീയിങ് മുസ്‌ലിം ഇന്‍ സൗത്ത് ഏഷ്യ” എന്ന ഗ്രന്ഥത്തില്‍ കാഫ്ക ഇന്‍ ഇന്ത്യ: ടെററിസം, മീഡിയ, മുസ്‌ലിം എന്ന പേരില്‍ ഇര്‍ഫാന്‍ അഹ്മദ് എഴുതിയ ഒരധ്യായത്തില്‍ നിന്നുള്ള ഭാഗമാണു മേലുദ്ധരിച്ചത്. ആസ്‌ത്രേലിയന്‍ കാത്തലിക് യൂനിവേഴ്‌സിറ്റിയിലെ പ്രഫസറാണു ബിഹാറില്‍ നിന്നുള്ള അഹ്മദ്. കാഫ്കയുടെ പേര് ഇര്‍ഫാന്‍ അഹ്മദ് ഉദ്ധരിക്കുന്നതു ബോധപൂര്‍വമാണ്. കാഫ്കയുടെ ലോകത്ത് നിയമനടപടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ വിധിയെന്തെന്നു തീരുമാനിക്കുന്നു. രാഷ്ട്രത്തിന്റെ നിലനില്‍പ്പിന്റെ സാധൂകരണത്തിനായി അതു കുറ്റവാളികളെ തേടുന്നു. യഹൂദരോട് വിരോധം കൂടുതലുള്ള പ്രൊട്ടസ്റ്റന്റ് മതക്കാര്‍ക്കു മുന്‍തൂക്കമുള്ള പ്രാഗിലെ യഹൂദ ന്യൂനപക്ഷത്തില്‍ പെട്ടവനായിരുന്നു കാഫ്ക. കാഫ്കയുടെ ദ കാസ്ല്‍, ദ ട്രയല്‍ എന്നീ കൃതികളിലൊക്കെ ഇരുള്‍ മുറ്റിയ അന്തരീക്ഷത്തില്‍ ഭീഷണമായി ഉയര്‍ന്നുനില്‍ക്കുന്ന ഒരു ആവലാതിക്കും മറുപടി പറയാത്ത സ്റ്റേറ്റാണ് പ്രധാന കഥാപാത്രം. നിയമം അധികാരബന്ധങ്ങളുടെ ദര്‍പ്പണമാണ് എന്നതാണ് ഇര്‍ഫാന്‍ അഹ്മദിന്റെ പ്രബന്ധത്തിലെ മുഖ്യപ്രമേയം. ഇന്ത്യനവസ്ഥയില്‍ മുസ്‌ലിംകള്‍ കാഫ്കയുടെ കഥാപാത്രങ്ങളെപ്പോലെ നിസ്സഹായരും മൂകരുമായി മാറുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഭീതി നിറഞ്ഞ മുസ്‌ലിം നിലനില്‍പ്പ് സ്ഥിരപ്പെടുത്തുന്നതില്‍ ഭരണകൂടത്തിന്റെ മെഗഫോണുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കുള്ള സവിശേഷമായ പങ്ക് അഹ്മദ് വിശദീകരിക്കുന്നു. ഇടതുപക്ഷ-ലിബറല്‍ വീക്ഷാഗതിയുടെ ബാഹ്യചര്‍മമുള്ള മാധ്യമങ്ങള്‍ വരെ ഈ പിശാചുവല്‍ക്കരണത്തെ സഹായിക്കുന്നു. സപ്തംബര്‍ 11നു ശേഷമുണ്ടായ ഈ മാറ്റം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിന്റെ വിനീതവിധേയരാവാന്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിനുള്ള ആഗ്രഹത്തില്‍ നിന്നുണ്ടായതു മാത്രമായിരിക്കില്ല. വര്‍ഷങ്ങളായി സൂക്ഷ്മതലത്തിലുള്ള വിഭാഗീയ പ്രചാരണങ്ങള്‍ നടക്കുന്നു.

_______________________________
ഡല്‍ഹിയില്‍ മുസ്‌ലിം പ്രദേശങ്ങളില്‍ മാത്രമാണ് ‘ആതംഗവാദി’കളെ സൂക്ഷിക്കണമെന്ന ബോര്‍ഡുകള്‍ പോലിസ് സ്ഥാപിക്കാറ്. പ്രയോഗഭംഗി കാരണം അഅ്‌സംഗഡ് ‘ആതംഗഡ്’ ആയി മാറുന്നു. ദേശരാഷ്ട്രം എന്നത് വ്യത്യസ്തമായ ഒരു പരികല്‍പ്പനയായി മാറണമെങ്കില്‍ അതിന് അപരന്‍ വേണം; മിത്തുകള്‍ വേണം. ഇന്ത്യയെപ്പോലെ ദേശമില്ലാത്ത ദേശീയത (ജി അലോഷ്യസ്) മിത്തുകള്‍ പ്രധാനമാണ്. മിത്തും ചരിത്രവും പലപ്പോഴും മാറിമാറി ഉപയോഗിക്കപ്പെടുന്നു. അത്തരമൊരു നിര്‍മിതിക്കു ടി.വി. ഭാരിച്ച സംഭാവനയാണു നല്‍കുന്നത്. 
_______________________________ 

ഉത്തരേന്ത്യയില്‍ നിന്നുടലെടുത്തു രാഷ്ട്രത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ബോധപൂര്‍വം സംപ്രേഷണം ചെയ്യപ്പെടുന്ന സവര്‍ണ സാംസ്‌കാരിക ചിഹ്നങ്ങള്‍ അവസരം വന്നപ്പോള്‍ പ്രവര്‍ത്തനനിരതമാവുന്നു. വിചിത്ര കല്‍പ്പനകളാണ് ഇത്തരമൊരു അപരവല്‍ക്കരണത്തിന് അടിത്തറയാവുന്നത്. 18 കോടി മുസ്‌ലിംകള്‍ ഏകശിലയാണെന്നും അവരൊക്കെ പൗരോഹിത്യത്തിന്റെയോ മൗലികവാദത്തിന്റെയോ പിടിയിലാണെന്നുമുള്ള നിര്‍മിതിയില്‍ അതാരംഭിക്കുന്നു. ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലാത്ത ചെറുപ്പക്കാരന്‍- അയാള്‍ മുസ്‌ലിം ചേരികളില്‍ വരുന്നുവെങ്കില്‍, താടി വളര്‍ത്തുന്നുവെങ്കില്‍, മദ്‌റസയിലോ പള്ളിയിലോ പോവുന്നുവെങ്കില്‍- ഭീകരനായി മാറുന്നു. ഇര്‍ഫാന്‍ അഹ്മദ് അങ്ങനെയൊരു വര്‍ഗീകരണത്തിന്റെ ലക്ഷണങ്ങള്‍ ഭീകരര്‍ക്കെതിരായ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ വരെ കാണുന്നുണ്ട്.
ഡല്‍ഹിയില്‍ മുസ്‌ലിം പ്രദേശങ്ങളില്‍ മാത്രമാണ് ‘ആതംഗവാദി’കളെ സൂക്ഷിക്കണമെന്ന ബോര്‍ഡുകള്‍ പോലിസ് സ്ഥാപിക്കാറ്. പ്രയോഗഭംഗി കാരണം അഅ്‌സംഗഡ് ‘ആതംഗഡ്’ ആയി മാറുന്നു. ദേശരാഷ്ട്രം എന്നത് വ്യത്യസ്തമായ ഒരു പരികല്‍പ്പനയായി മാറണമെങ്കില്‍ അതിന് അപരന്‍ വേണം; മിത്തുകള്‍ വേണം. ഇന്ത്യയെപ്പോലെ ദേശമില്ലാത്ത ദേശീയത (ജി അലോഷ്യസ്) മിത്തുകള്‍ പ്രധാനമാണ്. മിത്തും ചരിത്രവും പലപ്പോഴും മാറിമാറി ഉപയോഗിക്കപ്പെടുന്നു. അത്തരമൊരു നിര്‍മിതിക്കു ടി.വി. ഭാരിച്ച സംഭാവനയാണു നല്‍കുന്നത്. ഇര്‍ഫാന്‍ അഹ്മദ് ഇതു സംബന്ധിച്ചു പ്രമുഖ പത്രപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. പലരും മാധ്യമങ്ങളില്‍ മുസ്‌ലിം വിരുദ്ധ നിലപാടുണ്ടെന്നു സമ്മതിക്കാന്‍ തയ്യാറായില്ല. പ്രസിദ്ധ പത്രാധിപരായ ഔട്ട്‌ലുക്കിന്റെ വിനോദ് മേത്ത, ലിബറല്‍ മുസ്‌ലിംകള്‍ കുറവായതും ആധുനികവല്‍ക്കരണത്തിന് അവര്‍ മുന്നോട്ടുവരാത്തതും മുസ്‌ലിം പ്രതിനിധാനം കുറയുന്നതിനു കാരണമായി കണ്ടു. ആധുനികതയുമായി സമാധാനത്തിലാവാന്‍ ഫ്രാന്‍സിസ് ഫുകുയാമ മുസ്‌ലിംകളെ ഉപദേശിച്ചതിനോടാണ് അഹ്മദ് ഇതിനു സാദൃശ്യം കാണുന്നത്.
പരിണിതപ്രജ്ഞനായ രജനി കോത്താരിക്കു വരെ മുസ്‌ലിംകള്‍ സാമൂഹികമായി ചിന്തിക്കുന്നില്ലെന്നായിരുന്നു പരാതി. മതപരമായ പക്ഷപാതിത്വം മാത്രമായിരിക്കില്ല അതിനു കാരണമെന്ന് അഹ്മദ് നിരീക്ഷിക്കുന്നു. പല മാധ്യമപ്രവര്‍ത്തകരും കമ്പോളം മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നു പറയുന്നു. അതിനാല്‍, ഒരു വ്യക്തിയുടെയോ ചാനലിന്റെയോ പ്രശ്‌നം മാത്രമായിരിക്കില്ല ഇത്. ഉദാഹരണത്തിനു ശൗര്യ എന്ന ഹിന്ദി ഫിലിമില്‍ മുസ്‌ലിം വിരുദ്ധമായ പല സംഭാഷണങ്ങളുമുണ്ട്. (മുസ്‌ലിം പെണ്‍കുട്ടികള്‍ കുട്ടികളല്ല, പട്ടിക്കുട്ടികളാണ്). എന്നാല്‍, ശൗര്യ സംവിധാനം ചെയ്തതും അതിന്റെ തിരക്കഥ തയ്യാറാക്കിയതും മുസ്‌ലിംകളാണ്. ബോളിവുഡിലെ താഴേക്കിടയിലുള്ള സിനിമാ പ്രവര്‍ത്തകരില്‍ 50 ശതമാനം മുസ്‌ലിംകളാണ്. ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരോ സൂപ്പര്‍സ്റ്റാറുകളും. പക്ഷേ, ഈ മൂന്നു പേരും നല്ല ഹിന്ദുക്കളായിട്ടാണ് അഭിനയിക്കുന്നത്. അതേപോലെ മുസ്‌ലിം വിരുദ്ധരായ അരുണ്‍ ഷൂരി, സ്വപന്‍ദാസ് ഗുപ്ത, ഗിരിലാല്‍ ജെയിന്‍, പ്രവീണ്‍ സ്വാമി എന്നിവര്‍ അങ്ങനെയാവുന്നത് വ്യക്തിപരമായ പക്ഷപാതിത്വം കൊണ്ടായിരിക്കണമെന്നില്ല. അവര്‍ ഒരു ദേശീയ മിത്തിനെ അനുകൂലിക്കുകയാണ്. കമ്പോളത്തില്‍ വിശാലാര്‍ഥത്തില്‍ രണ്ടു തരം മുസ്‌ലിംകളാണുള്ളത്: നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം. ദേശീയ മിത്തിന്റെ ഭാഗത്തുള്ളവരാണ് നല്ലവര്‍. മറുവിഭാഗത്തെ നിയന്ത്രിക്കുകയും വിദ്യ അഭ്യസിപ്പിക്കുകയും വേണം. 2001ല്‍ ഒരു ടി.വി. ചര്‍ച്ചയില്‍ ചീത്ത മുസ്‌ലിം ഡല്‍ഹി ജുമാമസ്ജിദിലെ സയ്യിദ് അഹ്മദ് ബുഖാരിയായിരുന്നു. നല്ല മുസ്‌ലിമായി വന്നത് സിനിമാതാരം ശബാന ആസ്മി. ചാനലുകള്‍ അമേരിക്ക നിര്‍ണയിച്ച വര്‍ഗീകരണങ്ങള്‍ അപ്പടി സ്വീകരിക്കുന്നു. ബുഖാരിക്കും ആസ്മിക്കുമിടയിലുള്ള നിറഭേദങ്ങള്‍ അവര്‍ക്ക് ആവശ്യമില്ല. ‘ഭീകരരു’ടെ പ്രപഞ്ചവീക്ഷണത്തിന്റെ കണ്ണാടി പ്രതിരൂപമാണിത്. ഭീകരപ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ രൂപാന്തരം വരുത്തി ദേശീയ ആഖ്യാനത്തിനു പാകത്തിലാക്കുന്നു. അപ്പോള്‍ ദേശക്കൂറും രാജ്യദ്രോഹവും അതില്‍ കടന്നുവരുന്നു. ഭീകരപ്രവര്‍ത്തനം ഇന്ത്യയില്‍ പുതിയതല്ല. യാത്രക്കാരെ കഴുത്തു ഞെരിച്ചുകൊന്നു കൊള്ളയടിക്കുന്ന തക്ഷികള്‍ ഭീകരരായിരുന്നു. (ഭീകരപ്രവര്‍ത്തനത്തെ ചാണക്യന്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്). വിപ്ലവകാരികളായ ഭീകരപ്രവര്‍ത്തകര്‍ എന്ന പ്രയോഗം സ്വാതന്ത്ര്യസമര കാലത്തു പ്രചാരത്തില്‍ വന്നു.

____________________________________
ഭീകരര്‍ എന്നു സംശയിക്കപ്പെടുന്നവരുടെ നേരെ സ്വീകരിക്കുന്ന നിയമവിരുദ്ധമായ പീഡനങ്ങള്‍, പീഡനകേന്ദ്രങ്ങള്‍, നിയമവിരുദ്ധമായ തടങ്കല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, തെളിവു നശിപ്പിക്കല്‍, വ്യാപകമായ ഭയപ്പെടുത്തല്‍ എന്നിവയൊന്നും മാധ്യമങ്ങള്‍ക്കു വിഷയമാവാറില്ല. ഡല്‍ഹിയില്‍ ചുരുങ്ങിയത് 15 പീഡനകേന്ദ്രങ്ങളുണ്ടെന്ന വാര്‍ത്ത ദ വീക്ക് വാരിക പ്രസിദ്ധീകരിച്ചിരുന്നു. അവിടെ ലൈംഗികാവയവങ്ങളില്‍ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുന്നു. പെത്തഡിന്‍ കുത്തിവയ്ക്കുകയും ചെയ്യുന്നു. ‘നമ്മുടെ ഗ്വണ്ടാനമോകള്‍’ എന്നാണ് വാരിക അവയെ വിശേഷിപ്പിക്കുന്നത്. നേരത്തേ സ്ഥാപിതമായ ഒരു മിത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തു ഭീകരത ചര്‍ച്ച ചെയ്യപ്പെടുന്നതെന്നാണ് ഇര്‍ഫാന്‍ അഹ്മദിന്റെ പ്രധാന വാദം. അതുകൊണ്ടാണ് മുസ്‌ലിംകള്‍ക്കെതിരായ ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തവും പിറ്റേ ദിവസം തന്നെ അവരുടെ മേല്‍ ചുമത്തപ്പെടുന്നത്. 
____________________________________ 

ബ്രിട്ടീഷുകാര്‍ക്കെതിരായ ഭീകരപ്രവര്‍ത്തനം നടത്തിയവരെ നാം രക്തസാക്ഷികള്‍ എന്നാണു വിളിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ‘ഭീകരര്‍’ കശ്മീരിലും പഞ്ചാബിലുമായി ഒതുങ്ങി. മുസ്‌ലിം കള്‍ക്കെതിരായി നടക്കുന്ന കലാപം ഒരിക്കലും ഭീകരതയായില്ല. നക്‌സലുകളും മാവോവാദികളും ഭീകരരാവുന്നത് 2011നു ശേഷമാണ്. 2008ലെ മുംബൈ ആക്രമണത്തോടെ ആ പ്രയോഗം വ്യാപകമായി. ആക്രമണം കഴിഞ്ഞു പത്തു ദിവസത്തിനുള്ളില്‍ മുംബൈ ആക്രമണത്തെ ‘ഇന്ത്യയുടെ 9/11’ എന്നു മാമോദീസ മുക്കി പേരു നല്‍കിയത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്ന്‍. അതിനിടയില്‍ മറ്റൊരു പ്രക്രിയ കൂടി നടന്നിരുന്നുവെന്ന് അഹ്മദ്. ഹിന്ദു ദേശീയവാദം കൂടുതല്‍ ദൃശ്യമാവുന്നതിനനുസരിച്ചാണ് മാധ്യമങ്ങളുടെ രൂപമാറ്റം നടക്കുന്നത്. പലതരം ഹിന്ദുത്വ വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ ‘ഭീകരത’ എന്നു വിളിച്ചിരുന്നില്ല. ഭരണകൂടത്തിന്റെ കേവല പിന്തുണയോടെ നടന്നതും 2000ലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതുമായ ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ ഹിംസയെ വെറും കലാപമായിട്ടാണവര്‍ കാണുന്നത്. ഇടതുപക്ഷത്താണെന്നു കരുതപ്പെടുന്ന എന്‍.ഡി.ടി.വി. മുസ്‌ലിം പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഇര്‍ഫാന്‍ അഹ്മദ് വിശകലനം ചെയ്യുന്നു. സപ്തംബര്‍ 11നു പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വി. നടത്തിയ ഒരു ചര്‍ച്ചയാണ് അഹ്മദ് പരിശോധിക്കുന്നത്. 2001 സപ്തംബര്‍ 27നു ബി.ജെ.പി. ഭരണകൂടം സിമിയെ നിരോധിച്ചു.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും’ ‘രാജ്യദ്രോഹവൃത്തികളില്‍ ഏര്‍പ്പെടുകയും’ ചെയ്യുന്ന ‘മതമൗലികവാദ സംഘടന’യായ സിമിക്ക് ‘ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നായിരുന്നു’ ഭരണകൂടം പ്രചരിപ്പിച്ചത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അഡ്വാനി സിമിനിരോധം നേരത്തേ പ്രവചിച്ചിരുന്നു. ഇസ്‌ലാമിക ഭീകരവാദത്തിന്റെ ഇരകളാവാനുള്ള തിരക്കില്‍ ബി.ജെ.പി. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെ അനുകൂലിച്ചു. സിമിനിരോധനത്തിനു ശേഷം ഭീകരവേട്ട തുടങ്ങി. മദ്‌റസകള്‍ നിരീക്ഷണത്തിലായി. അപ്പോഴാണ് എന്‍.ഡി.ടി.വിയില്‍ ബര്‍ഖാ ദത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്. അഫ്ഗാന്‍ അധിനിവേശത്തിന്റെ നിയമപരവും ധാര്‍മികവുമായ വശങ്ങളായിരിക്കും ചര്‍ച്ചാവിഷയം എന്നാണ് നാം കരുതുക. പക്ഷേ, മിതവാദികളായ മുസ്‌ലിംകള്‍ ഭീകരതയെ എങ്ങനെ നേരിടും എന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മം. ബുര്‍ഖ ധരിച്ച ചില സ്ത്രീകളെ സദസ്സില്‍ പ്രതിഷ്ഠിച്ചിരുന്നു. എന്നാല്‍ ബിന്ദി ധരിച്ച ശബാന ആസ്മിയായിരുന്നു താരം. (ഈ ബിന്ദി വളരെ പ്രതീകാത്മകമാണ്. സപ്തംബര്‍ 11നു ശേഷം അമേരിക്കയില്‍ ചിലയിടത്ത് ഇന്ത്യക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ബിന്ദി ധരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു; മുസ്‌ലിം ഇന്ത്യക്കാരില്‍ നിന്നു തിരിച്ചറിയാനായിരുന്നുവത്രേ അത്). ബര്‍ഖയുടെ ചര്‍ച്ച മിതവാദി/മൗലികവാദി ദ്വന്ദ്വത്തിന്റെ പ്രതിസ്ഥാപനമായിരുന്നു. ഇസ്‌ലാം ഭീകരതയെ കേവലമായി എതിര്‍ക്കുന്നുവെന്നു പറഞ്ഞുവെങ്കിലും ഡല്‍ഹി ഇമാം എന്‍.ഡി.ടി.വി. ചര്‍ച്ചയില്‍ മതമൗലികവാദിയായി മാറി. ഇമാം ശബാന ആസ്മിയെ ‘നൃത്തക്കാരി’യെന്നു വിളിച്ചത് വലിയ വിമര്‍ശനത്തിനു കാരണമായി. എന്നാല്‍, ആസ്മി ബുഖാരിയെ ‘ഭ്രാന്തന്‍’ എന്നു വിളിച്ചത് ബര്‍ഖയ്ക്കു പ്രശ്‌നമായില്ല. ചര്‍ച്ചയില്‍ ഉടനീളം ബര്‍ഖ ‘മുസ്‌ലിംകള്‍ ഭീകരതയെ അനുകൂലിക്കുന്നു’ എന്നാണ് സൂചിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ബുര്‍ഖാധാരിണിയുടെ യുക്തിസഹമായ പ്രതികരണങ്ങള്‍പോലും ഉപചോദ്യങ്ങളിലൂടെ അവര്‍ക്കെതിരാക്കി മാറ്റാനാണ് ബര്‍ഖ ശ്രമിച്ചത്. ചാനലിന് ഇഷ്ടപ്പെട്ടവരെക്കൊണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്ന രീതി തന്നെയായിരുന്നു ബര്‍ഖ സ്വീകരിച്ചത്. അതവസാനിപ്പിച്ച ആസ്മി ബുഖാരിയെ വര്‍ഗീയവാദിയും യാഥാസ്ഥിതികനുമായി വിശേഷിപ്പിച്ചു.

___________________________________
തങ്ങളെപ്പോലുള്ള മിതവാദി മുസ്‌ലിംകളാണു മുസ്‌ലിംകളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു. ബുഖാരി ഉസാമാ ബിന്‍ലാദിനെ ന്യായീകരിച്ചെന്നും ജിഹാദിന് ആഹ്വാനം ചെയ്തുവെന്നുമുള്ള നുണ എന്‍.ഡി.ടി.വി. വെബ്‌സൈറ്റ് ഇപ്പോഴും ആവര്‍ത്തിക്കുന്നതായി ഇര്‍ഫാന്‍ അഹ്മദ് പറയുന്നു. ബുഖാരി ഭ്രാന്തന്റെ ഭാഷ സംസാരിക്കുന്നുവെന്ന ആസ്മിയുടെ പരാമര്‍ശം അവര്‍ ഉള്‍പ്പെടുത്തിയില്ല. ബുഖാരിയും ബുര്‍ഖാധാരിണികളും സാമ്രാജ്യത്വ മേല്‍ക്കോയ്മക്കെതിരായി പറഞ്ഞതൊന്നും വെബ്‌സൈറ്റില്‍ വന്നില്ല. പൊതുവേ ഈ രീതിയിലാണു മാധ്യമങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നത്. 
___________________________________ 

തങ്ങളെപ്പോലുള്ള മിതവാദി മുസ്‌ലിംകളാണു മുസ്‌ലിംകളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു. ബുഖാരി ഉസാമാ ബിന്‍ലാദിനെ ന്യായീകരിച്ചെന്നും ജിഹാദിന് ആഹ്വാനം ചെയ്തുവെന്നുമുള്ള നുണ എന്‍.ഡി.ടി.വി. വെബ്‌സൈറ്റ് ഇപ്പോഴും ആവര്‍ത്തിക്കുന്നതായി ഇര്‍ഫാന്‍ അഹ്മദ് പറയുന്നു. ബുഖാരി ഭ്രാന്തന്റെ ഭാഷ സംസാരിക്കുന്നുവെന്ന ആസ്മിയുടെ പരാമര്‍ശം അവര്‍ ഉള്‍പ്പെടുത്തിയില്ല. ബുഖാരിയും ബുര്‍ഖാധാരിണികളും സാമ്രാജ്യത്വ മേല്‍ക്കോയ്മക്കെതിരായി പറഞ്ഞതൊന്നും വെബ്‌സൈറ്റില്‍ വന്നില്ല. പൊതുവേ ഈ രീതിയിലാണു മാധ്യമങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇന്ത്യാടുഡേ ‘ഇന്ത്യയുടെ അല്‍ഖൊയ്ദ’ എന്നു വിളിച്ച സിമിയും ഇന്ത്യന്‍ മുജാഹിദീനും പിശാചുക്കളായി തുടരുന്നു. എന്നാല്‍, വിശ്വസനീയമായ ഒരു വിവരവും രണ്ടിനെക്കുറിച്ചും ലഭ്യമല്ല. ഉദാഹരണത്തിന്, റിയാസ് ഭട്കല്‍ എന്ന ഭീകരനെ ഛോട്ടാ രാജന്‍ സംഘം കറാച്ചിയില്‍ വച്ചു കൊലപ്പെടുത്തി എന്നായിരുന്നു ഒരിക്കല്‍ വാര്‍ത്ത. എന്നാല്‍, 2011 ജൂലൈയില്‍ മുംബൈ സ്‌ഫോടനം നടന്നപ്പോള്‍ പോലിസ് അയാളെ തേടിപ്പോയി. ഒരു വിദഗ്ധന്‍ ‘പാക്കധീന കശ്മീരില്‍ മെയ് 2008 ഹുജി-ലശ്കര്‍ നേതാക്കള്‍ പങ്കെടുത്ത ഒരു യോഗത്തിലാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടതെ’ന്നു പറഞ്ഞ് അടുത്ത വാചകത്തില്‍ ‘2007 നവംബറിലാണ് ഐ.എം. ആദ്യം പ്രത്യക്ഷപ്പെട്ടതെ’ന്ന് എഴുതി. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ക്രിസ്റ്റീന്‍ ഫെയര്‍ ‘2001ലോ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമോ ആണത് ഉടലെടുത്തതെ’ന്നു പറഞ്ഞപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ‘2005ലാണത് രൂപീകരിക്കപ്പെട്ടതെ’ന്ന് ഉറപ്പിച്ചു. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിലിലെ നമ്രത ഗോസ്വാമി 2007 ഡിസംബറാണ് അതിന്റെ ജന്മമാസമായി കണ്ടത്. 2001നു ശേഷം സിമി അംഗങ്ങളേക്കാള്‍ അധികമാളുകള്‍ അറസ്റ്റിലായതായി അഹ്മദ് പറയുന്നു. ഇതുവരെയും സിമിയെ നിരോധിക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റിനു ബോധ്യം വരുന്ന ഒരു ന്യായവും അവതരിപ്പിക്കാനായിട്ടില്ല.
മാധ്യമങ്ങള്‍ ഔദ്യോഗിക ഭാഷ്യങ്ങള്‍ തങ്ങളുടെ വക മസാല ചേര്‍ത്തു പ്രസിദ്ധീകരിക്കുകയാണു ചെയ്യുന്നത്. ഭീകരര്‍ എന്നു സംശയിക്കപ്പെടുന്നവരുടെ നേരെ സ്വീകരിക്കുന്ന നിയമവിരുദ്ധമായ പീഡനങ്ങള്‍, പീഡനകേന്ദ്രങ്ങള്‍, നിയമവിരുദ്ധമായ തടങ്കല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, തെളിവു നശിപ്പിക്കല്‍, വ്യാപകമായ ഭയപ്പെടുത്തല്‍ എന്നിവയൊന്നും മാധ്യമങ്ങള്‍ക്കു വിഷയമാവാറില്ല. ഡല്‍ഹിയില്‍ ചുരുങ്ങിയത് 15 പീഡനകേന്ദ്രങ്ങളുണ്ടെന്ന വാര്‍ത്ത ദ വീക്ക് വാരിക പ്രസിദ്ധീകരിച്ചിരുന്നു. അവിടെ ലൈംഗികാവയവങ്ങളില്‍ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുന്നു. പെത്തഡിന്‍ കുത്തിവയ്ക്കുകയും ചെയ്യുന്നു. ‘നമ്മുടെ ഗ്വണ്ടാനമോകള്‍’ എന്നാണ് വാരിക അവയെ വിശേഷിപ്പിക്കുന്നത്. നേരത്തേ സ്ഥാപിതമായ ഒരു മിത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തു ഭീകരത ചര്‍ച്ച ചെയ്യപ്പെടുന്നതെന്നാണ് ഇര്‍ഫാന്‍ അഹ്മദിന്റെ പ്രധാന വാദം. അതുകൊണ്ടാണ് മുസ്‌ലിംകള്‍ക്കെതിരായ ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തവും പിറ്റേ ദിവസം തന്നെ അവരുടെ മേല്‍ ചുമത്തപ്പെടുന്നത്. അതിനാല്‍ത്തന്നെ റിപോര്‍ട്ടുകളില്‍ അസംബന്ധങ്ങളും വൈരുധ്യങ്ങളും മുന്‍ധാരണകളും കടന്നുവരുന്നു. ഭീകരന്‍ ആരെന്നു തീരുമാനിക്കുന്നത് താടിയും ഉര്‍ദുഭാഷയും മസ്ജിദും താമസസ്ഥലവുമാണ്. സാംസ്‌കാരികമായ ഒരു വികല നിര്‍മിതിയായി അതു മാറുന്നു. ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത മൂന്നു മുസ്‌ലിം യുവാക്കളെ ഫലസ്തീന്‍കാരുടെ ശിരോവസ്ത്രം ഉപയോഗിച്ചു മുഖം മറച്ചു മാധ്യമങ്ങളുടെ മുമ്പില്‍ ഹാജരാക്കുന്നതില്‍ അതിനാല്‍ ഒട്ടേറെ പ്രതീകാത്മകതയുണ്ട്.

Top