ഇസ്ലാമിക നവോത്ഥാനത്തിന്റെ ബലതന്ത്രങ്ങള്‍

June 21, 2014

ഞാന്‍ വിശദീകരിച്ച ഈ ചിന്താധാരകളൊക്കെ പരസ്പരം ബന്ധമില്ലാത്തതാവണമെന്നില്ല. പലപ്പോഴും അവര്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്. ആധുനികവല്‍ക്കരണത്തിന്റെ വക്താക്കള്‍ ആത്മാര്‍ത്ഥമായി മുസ്‌ലിം സമൂഹത്തിന്റെ മോചനം കാംക്ഷിക്കുന്നവര്‍ തന്നെയായിരിക്കും. ഇസ്‌ലാമിനെ ആധുനികതയുമായി ബന്ധിപ്പിക്കാനാഗ്രഹിച്ചവര്‍ പലപ്പോഴും വേഷം മാറിയ പൗരോഹിത്യത്തിന്റെ വക്താക്കളാണെന്നും വരും. ഉദാഹരണത്തിന് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പഴകിപോയ ഗ്രന്ഥശാസ്ത്രത്തിന്റെ ബലത്തില്‍ വര്‍ത്തമാനകാലത്തെ വെല്ലുവിളികളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതു കാണാം. ഇസ്‌ലാമിനെ പ്രതികരണ ശേഷിയില്ലാത്ത ജീവിത സമ്പ്രദായമാക്കി അവര്‍ ചുരുക്കി കൊണ്ടുവന്നു.

പ്രഭാഷണം
സ്ലാമിനു ചരിത്രത്തില്‍ സ്ഥാനമെവിടെ, സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക മേഖലകളിലെ ഇസ്‌ലാമിന്റെ സംഭാവനകള്‍ എന്ത്, അതിന്റെ ശക്തിയെന്ത്? കഴിഞ്ഞ അഞ്ച് നൂറ്റാണ്ട് കാലത്ത് ഇസ്‌ലാമിന്റെ തളര്‍ച്ചക്കോ വളര്‍ച്ചക്കോ എന്തൊക്കെ കാരണങ്ങള്‍ ? യൂറോപ്യന്‍ നാഗരികതയുമായി അതിനുളള ബന്ധം?

ഇവയൊക്കെ ചര്‍ച്ചചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചരിത്രത്തില്‍ കൃത്യമായി യുഗമോ വര്‍ഷമോ നിര്‍ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും ചില തിയ്യതികള്‍ ചരിത്രസംഭവങ്ങള്‍ അപഗ്രഥിക്കുന്നതിന് സഹായിക്കാറുണ്ട്. അതിലൊന്ന് 1492 ഉം 1498മാണ്. 1492ല്‍ കൊളംബസും 1498ല്‍ വാസ്‌കോ ഡ ഗാമയും യാത്ര പുറപ്പെട്ടു. ഇവര്‍ രണ്ടുപേരും കപ്പല്‍യാത്ര തുടങ്ങിയതോടെ ഒരു യുഗം ആരംഭിക്കുന്നുവെന്നു പറയാന്‍ പറ്റില്ല. എന്നാല്‍, യൂറോപ്പില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ദൃശ്യമാവുന്നുണ്ട്. പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ-സാമൂഹിക മാറ്റം കത്തോലിക്കസഭയുടെ സ്വാധീനം കുറയുകയും പകരം ഭാഷയുടെ അടിസ്ഥാനത്തിലുള്ള ദേശീയതകള്‍ വരുകയും ചെയ്തതാണ്. കത്തോലിക്കാ സഭ വളരെ സ്വാധീനവും ഏറ്റവും പഴക്കവും ശക്തിയുമുളള മതസംഘടന ആയിരുന്നു.

രാജാക്കന്മാര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാന്‍ സഭയുടെ ആശിര്‍വാദം വേണ്ടിയിരുന്നു. സഭ ഒരു രാജാവിനെ മതത്തില്‍ നിന്നു പുറത്താക്കിയാല്‍ ജനങ്ങള്‍ മിക്കവാറും അയാളെ സ്ഥാനഭൃഷ്ടനാക്കും; അവസരം കിട്ടിയാല്‍ അയാളെ കൊല്ലുകയുംചെയ്യും. ഈ രീതിയിലുള്ള ശക്തമായ സ്വാധീനം അക്കാലത്തെ പോപ്പിനുണ്ടായിരുന്നു. ഫ്രഞ്ച് രാജാവായ ഹെന്റി നാലാമനെ പോപ്പ് ഗ്രിഗറി ഏഴാമന്‍ സഭയില്‍ നിന്നും പുറത്താക്കി. കുറേ മാസം പിടിച്ചു നിന്നിട്ട് അവസാനം നിവൃത്തിയില്ലാതായപ്പോള്‍ രാജാവ് പോപ്പ് താമസിക്കുന്ന കനോസയിലെത്തി. രണ്ടുമൂന്ന് ദിവസം കൊടുംതണുപ്പ് സഹിച്ച ശേഷമാണ് പോപ്പുമായുള്ള അഭിമുഖത്തിന് അവസരം കിട്ടിയത്. അവസാനം അദ്ദേഹത്തെ മതത്തിലേക്കു തിരിച്ചെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ഹെന്റിയുടെ രാജാധികാരം നിയമാനുസൃതമായി. അത്ര സ്വാധീനമുള്ള ഒരു കാലഘട്ടമായിരുന്നു.
ആ കാലം അവസാനിക്കുന്നത് വ്യാവസായിക വിപ്ലവത്തോടെയാണ്. 16,17 നൂറ്റാണ്ടുകളില്‍ പ്രധാനപ്പെട്ടത് വ്യവസായിക വിപ്ലവമായിരുന്നു. മനുഷ്യന്റെ ശക്തിക്കപ്പുറം യന്ത്രങ്ങളുപയോഗിച്ച് ഉല്‍പ്പാദനം നടത്താനുള്ള ആദ്യത്തെ സംരംഭം. അതുവരെ നൂല്‍നൂല്‍ക്കുന്നത് ചര്‍ക്ക തിരിച്ചായിരുന്നുവെങ്കില്‍, അതിനു ശേഷം യന്ത്രങ്ങളിലൂടെയായി. വെള്ളമുപയോഗിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. കുറച്ചുകൂടി മുമ്പോട്ടു പോയി ആവിയന്ത്രമുപയോഗിച്ച് തീവണ്ടിയും മറ്റും ഓടിക്കാനുള്ള വഴി കണ്ടെത്തി. മനുഷ്യ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള ഒന്നാണ് ആവിയന്ത്രം.
പത്ത് പേര്‍ ഒരു ദിവസം 50 വസ്ത്രം നെയ്തിരുന്നിടത്ത് യന്ത്രം 100 വസ്ത്രം നെയ്യുന്ന രീതിയിലായി മാറ്റങ്ങള്‍. ഇവയൊക്കെ വിറ്റു തീര്‍ക്കണമെന്നതായി പിന്നത്തെ പ്രശ്‌നം. അവ ബാക്കിയായപ്പോള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. മറ്റു രാജ്യങ്ങളിലേക്കുളള കയറ്റുമതിക്ക് തടസ്സങ്ങളുണ്ടായി. അതു നീക്കാനുള്ള ശ്രമങ്ങളും. അതിനായി ചിലപ്പോള്‍ മറ്റുരാജ്യം പിടിച്ചെടുക്കേണ്ടിവന്നു. സാമ്രാജ്യത്വത്തിന്റെ വരവ് അങ്ങനെയാണ് ആരംഭിക്കുന്നത്. ബ്രിട്ടീഷുകാര്‍ ലോകത്തിന്റെ അധിപരാവുന്നതും. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏതാണ്ട് 80% ഭൂമി യൂറോപ്യന്‍ രാജ്യത്തിന്റെ കീഴിലായിരുന്നു. ഇത് മുതലാളിത്തത്തിന്റെ വളര്‍ച്ചക്കു കാരണമായി. കൂടുതല്‍ യന്ത്രങ്ങള്‍ ഉണ്ടാവണമെങ്കില്‍ കൂടുതല്‍ മൂലധനവും അസംസ്‌കൃത വസ്തുക്കളും വിറ്റഴിക്കാനുള്ള മാര്‍ക്കറ്റും കണ്ടെത്തണം. ഒരാള്‍ക്ക് മാത്രം ഇത്രയേറെ മൂലധനം ഇറക്കാന്‍ കഴിയില്ല. ഇംഗ്ലണ്ടിലാണ് മുതലാളിത്ത വ്യവസ്ഥിതി രൂപംകൊള്ളുന്നത്. ജോയിന്റ് സ്‌റ്റോക്ക് കമ്പനികള്‍ വരുന്നതും ഇംഗ്ലണ്ടില്‍തന്നെ. എത്ര കാശാണോ മുടക്കിയത് അതിന് മാത്രം ബാധ്യതയുളള ലിമിറ്റഡ് ലയബിലിറ്റി കമ്പനി. (ഞാന്‍ എത്ര കാശാണോ മുടക്കിയത് അതിനു മാത്രമേ ഉത്തരവാദി ആവുകയുള്ളൂ. കമ്പനി വലിയ കടമുണ്ടാക്കിയാല്‍ ഞാനുത്തരവാദിയല്ല എന്ന ന്യായം പറയുക). ജോയിന്റ് സ്‌റ്റോക്ക് കമ്പനികള്‍ വന്നപ്പോള്‍ ഒരുപാട് കാശ്കിട്ടാന്‍ തുടങ്ങി. അങ്ങനെയണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി ഉണ്ടാവുന്നത്. അതോടൊപ്പം കത്തോലിക്കാ സഭയുടെ സ്വാധീനം ദുര്‍ബലമായി. ( മറ്റു ബഹുരാഷ്ട്ര കമ്പനികള്‍ സഭക്കു പകരമാവുകയായിരുന്നു).

  • ദേശീയത രൂപപ്പെടുന്നു

കത്തോലിക്കാ സഭക്ക് ഉണ്ടായിരുന്ന സൈനിക ശേഷി ക്രമേണ ഇല്ലാതാവുകയും യൂറോപ്യന്‍ ദേശരാഷ്ട്രങ്ങള്‍ ശക്തമാവുകയും ചെയ്തു. ദേശരാഷ്ട്രങ്ങള്‍ക്ക് എന്തെങ്കിലുമൊരു അടിസ്ഥാനം വേണം. സംഘാടനത്തിന് എളുപ്പമുള്ളത് ഭാഷയാണ്. ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കു പ്രത്യേകരാജ്യം. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കു പ്രത്യേകരാജ്യം. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് സംസാരിക്കുന്നവര്‍ക്കൊക്കെ വേറെ രാജ്യങ്ങള്‍. ഇങ്ങനെയാണ് ദേശീയത രൂപപ്പെടുന്നത്. ഓരോ ജനവിഭാഗങ്ങള്‍ക്കും തങ്ങളാണ് കൂടുതല്‍ നല്ലവരെന്നുള്ള ധാരണ വരുന്നതാണ് ദേശീയത. ഇന്ത്യക്കാരാണ് പാകിസ്താനികളേക്കാള്‍ നല്ലവരെന്നു വിചാരിക്കുന്നതുപോലെ. പാകിസ്താനും ഇന്ത്യയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ട് രാജ്യങ്ങളും വളരെ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളാണ്. പക്ഷേ, ഒരു കൂട്ടര്‍ വിചാരിക്കുന്നു മറ്റുള്ളവരാണ് കൂടുതല്‍ ചീത്തയെന്ന്.
ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും സംസാരിക്കുന്ന ഭാഷയൊഴിച്ച് മറ്റെല്ലാം ഒരു പോലെയാണ്. പക്ഷേ, വേര്‍തിരിച്ചു നില്‍ക്കാന്‍ ഭാഷയുടെയോ വംശത്തിന്റെയോ ഇല്ലാത്ത മേന്മപറയണം.
ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിലേക്കു വന്നത് കച്ചവടം നടത്താന്‍ വേണ്ടിയാണ്. സൂറത്തില്‍ വന്നു, ജഹാംഗീര്‍ ആയിരുന്നു അന്നത്തെ മുഗള്‍ ചക്രവര്‍ത്തി. സര്‍ തോമസ് റോ പതിനേഴാം നൂറ്റാണ്ടിലാണ് വന്നത്. റോ ജഹാംഗീറിനോട് പറഞ്ഞു. ഞങ്ങള്‍ക്കിവിടെ സൂറത്തില്‍ കച്ചവടം ചെയ്യണം. ഗോഡൗണ്‍ സ്ഥാപിക്കാനുള്ള അനുവാദം ലഭിച്ചു. അതായിരുന്നു തുടക്കം.
യൂറോപ്പിന്റെ പടിഞ്ഞാറു വശത്ത് ഒരു ചെറിയ രാജ്യമായിരുന്നു അന്നു ബ്രിട്ടന്‍. അഞ്ചോ ആറോ കോടി ജനങ്ങള്‍. റോ മുഗള്‍ ദര്‍ബാറില്‍ കണ്ടത് താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത പ്രൗഢിയും ഗാംഭീര്യവുമാണ്. ഇംഗ്ലണ്ടിലെ എല്ലാംകൂടി പെറുക്കിയാല്‍ നമ്മുടെ ചുവന്ന കോട്ടയില്‍ അടക്കാനേ ഉണ്ടായിരുന്നുള്ളൂ.
പിന്നീടാണ് 1757 ല്‍ പ്ലാസിയുദ്ധം നടക്കുന്നത്. സിറാജുദ്ദൗളയെ റോബര്‍ട്ട് ക്ലൈവ് തോല്‍പ്പിക്കുന്നു. മന്ത്രിമാര്‍ക്കു കൈക്കൂലി കൊടുത്തിട്ട് നേടിയതാണത്. അങ്ങനെ കല്‍ക്കത്ത ബ്രിട്ടീഷ് രാജിന്റെ ആസ്ഥാനമായി. ക്രമേണ രാജ്യം മുഴുവനും കൈവശമായി. രാജ്യത്ത് അസംസ്‌കൃത വിഭവങ്ങള്‍ കുറഞ്ഞ ചെലവില്‍ കൊണ്ട് പോവാനുള്ള സൗകര്യങ്ങളായി. മറുഭാഗത്ത് മുസ്‌ലിം സാമ്രാജ്യമാണ് ഉണ്ടായിരുന്നത്. ചിന്താപരമായും ആശയപരമായും വിശ്വാസപരമായും മറുഭാഗത്ത് നില്‍ക്കുന്ന ഒരു സംസ്‌കാരത്തിനുടമകള്‍.

  • അധിനിവേശവും ഇസ്‌ലാമിക സംസ്‌കാരവും

അന്ന് ഉസ്മാനിയാ സാമ്രാജ്യം ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്തുളള മൊറോക്കോ മുതല്‍ കിഴക്ക് ബുഖാറാ, സമര്‍ഖണ്ഡ് പ്രദേശങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വലിയ ഭൂവിഭാഗം, ബാല്‍ക്കന്‍ പ്രദേശങ്ങള്‍. അങ്ങേഭാഗത്ത് മെഡിറ്ററേനിയനോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാ പ്രദേശങ്ങളുടെ മേലും സ്വാധീനമുണ്ടായിരുന്നു. ഒരു കാലത്ത് മെഡിറ്ററേനിയന്‍ തടാകം തുര്‍ക്കിയുടേതായിരുന്നു. മുസ്‌ലിംകളായിരുന്നു അതു നിയന്ത്രിച്ചിരുന്നത്. യൂറോപ്പ് ഏറ്റവും പ്രാകൃതമായി നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഇസ്‌ലാം തിളങ്ങി നില്‍ക്കുകയായിരുന്നു. മുസ്‌ലിംകളായിരുന്നു ലോകത്ത് അക്കാലത്ത് മാതൃക. ഇപ്പോള്‍ നമ്മള്‍ അമേരിക്കയിലേക്കു പഠിക്കാന്‍ പോവുന്നപോലെ ക്രിസ്ത്യാനികള്‍ സ്‌പെയിനിലേക്കായിരുന്നു പോയിരുന്നത്. മധ്യപൗരസ്ത്യ ദേശം അന്യമതക്കാരോടുള്ള അടുപ്പത്തിന്റെയും ബഹുസ്വര സമൂഹത്തിന്റെയും ഒന്നാന്തരം മാതൃകയായിരുന്നു. യൂറോപ്യന്‍മാര്‍ മുസ്‌ലിംകളുടെ വൃത്തി, സംസ്‌കാരം, ഭക്ഷണം, സംഗീതം കലാസാഹിത്യരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം കണ്ട് അല്‍ഭുതപ്പെട്ടിരുന്നു. യുറോപ്പില്‍ അന്ന് ബാത്‌റൂമുകള്‍ കുറവായിരുന്നു. വളരെ ദരിദ്രരായിരുന്നു രാജാക്കന്‍മാര്‍ പോലും. കൊട്ടാരങ്ങള്‍ തണുത്തുവിറച്ചിരുന്നു. രാജാക്കന്‍മാര്‍ കുളിക്കാതെയാണ് നടന്നിരുന്നത്. (ഹെന്‍ട്രി എട്ടാമന്‍(1491-1547) എന്ന ബ്രിട്ടീഷ് രാജാവ് ആറ് കല്ല്യാണം കഴിച്ചിട്ടുണ്ട്.
അതില്‍ രെണ്ടണ്ണത്തിന്റെ തല വെട്ടി, രെണ്ടണ്ണത്തെ ഒഴിവാക്കി. ഹെന്‍ട്രി ജീവിതത്തില്‍ ആകെ എട്ടുതവണയേ കുളിച്ചിട്ടുണ്ടാവുകയുള്ളൂ. ഒന്ന് മാമോദീസമുക്കിയപ്പോള്‍, പിന്നീട് ആറ് കല്ല്യാണങ്ങള്‍ക്കും. അവസാനത്തെ കുളി അയാള്‍ കുളിച്ചതുമല്ല. യൂറോപ്പിന്റെ ഡാര്‍ക്ക് ഏജ് മുസ്‌ലിംകളെ സംബന്ധിച്ച് ബ്രൈറ്റ് ഏജ് ആണ്. അതവസാനിച്ചതിന് പലകാരണങ്ങളുമുണ്ടാവും. ഇബ്‌നു ഖല്‍ദൂം പറയുന്നത് ഓരോ സമൂഹത്തിനും ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും കാലഘട്ടമുണ്ടാവും. ഏത് സംസ്‌കാരവും ആദ്യഘട്ടത്തില്‍ വളരെ ശക്തിയായി മുന്നോട്ടു പോവും. പ്രവാചകനു ശേഷമുള്ള 100 വര്‍ഷം അല്‍ഭൂതകരമായിരുന്നു. അങ്ങനെ ഒരു കാലം പിന്നീട് ഭൂമിയില്‍ ഉണ്ടായിട്ടില്ല. ഈ നൂറു വര്‍ഷത്തിനുള്ളില്‍ മുസ്‌ലിംകള്‍ മധ്യപൗരസ്ത്യ ദേശത്തെ മുഴുവന്‍ പ്രദേശങ്ങളും കീഴടക്കുകയാണ് ചെയ്തത്. കീഴടക്കുക മാത്രമല്ല ഈ രാജ്യങ്ങളൊക്കെ ഇസ്‌ലാമിലേക്കു വന്നു. സാധാരണ കീഴടക്കലല്ല. അമേരിക്ക ഇറാഖും അഫ്ഗാനിസ്താനും കീഴടക്കിയപോലുളള അധിനിവേശമായിരുന്നില്ല അത്. മുസ്‌ലിംകള്‍ ചെല്ലുന്നു, ജനങ്ങള്‍ അവരെ സ്വീകരിക്കുന്നു. ജനങ്ങളെ ആകര്‍ഷിച്ചത് ഇസ്‌ലാമിന്റെ സാഹോദര്യവും സമത്വവും നീതിബോധവുമാണ്. ഖലീഫ ഉമര്‍ ക്രി:വ. 637 ല്‍ ജറുസലേമിലേക്കു പ്രവേശിക്കുന്നു. പാത്രിയാര്‍ക്കീസ് സൊഫ്രോണിയസ് അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉമറിന്റെ കൂടെ ആള്‍ക്കൂട്ടമില്ല, വെറുമൊരു അംഗരക്ഷകന്‍. രണ്ടുപേരും മാറി മാറിയാണ് ഒട്ടകപുറത്തിരുന്നത്. നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അംഗരക്ഷകനായിരുന്നു ഒട്ടകപ്പുറത്ത്. പാത്രിയാര്‍ക്കീസിനെ അല്‍ഭൂതപ്പെടുത്തിയ നന്മ. ആ നന്മയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഇസ്‌ലാം നേര്‍ക്കുനേരെയുള്ള വിശ്വാസമാണ്. ദൈവശാസ്ത്രപരമായ തര്‍ക്കങ്ങളില്ല. വിശ്വാസം വളരെ ലളിതം. ഹജ്ജ് കര്‍മ്മം പോലെ ലളിതമായൊരു കാര്യം. മറ്റു മതങ്ങളില്‍ മൂന്ന് ദൈവം; അതിനൊപ്പം മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടാവും. ഏത് ദൈവത്തിനെ ആരാധിച്ചാലാണ് വിജയിക്കുക ഇത്തരം ഒരുപാട് സംശയങ്ങള്‍. ഇതൊന്നും ഇസ്‌ലാമിലില്ല.

  • ഖിലാഫത്തില്‍ നിന്നു രാജാധിപത്യത്തിലേക്ക്

ഒരു ലക്ഷം സഹാബികള്‍ പ്രവാചകന്റെ ഹജ്ജത്തുല്‍ വിദാഇല്‍ പങ്കെടുത്തെന്നാണ് ചരിത്രം പറയുന്നത്. പ്രവാചകന്‍ ഒരു ഹജ്ജാണ് ചെയ്തത്. ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകന്‍ പറഞ്ഞു: അടുത്ത വര്‍ഷം ഞാന്‍ ഹജ്ജ് ചെയ്യാനുണ്ടാവില്ല. ഖുര്‍ആനും ചര്യകളും വിട്ടേച്ചുപോവുന്നു. അന്നത് കേട്ടവര്‍ 100 വര്‍ഷത്തിനുളളില്‍ മധ്യപൗരസ്ത്യത്തിലെ മുഴുവന്‍ രാജ്യങ്ങളും ഇസ്‌ലാംവല്‍ക്കരിച്ചു. ലോകത്തിലെ ഏറ്റവും മഹത്തായ സംസ്‌കാരം സൃഷ്ടിച്ചു. പിന്നെ ഖിലാഫത്ത് രാജ്യാധിപത്യമായി. ജനങ്ങള്‍ സുഖസൗകര്യത്തില്‍ ജീവിക്കാന്‍ തുടങ്ങി. അതോടെ തകര്‍ച്ചയും ആരംഭിച്ചു. ഒന്നാമത്തെ തകര്‍ച്ച നാല് ഖലീഫമാര്‍ക്ക് ശേഷമുള്ള രാജാധിപത്യത്തോടെയാണ്. പിന്നീട് അമവികളും അബ്ബാസികളും തമ്മില്‍ പോരാട്ടമായി. ഈ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ഭരണത്തിന് ഓരോരുത്തരും തങ്ങളുടെ വ്യാഖ്യാനങ്ങള്‍ നല്‍കിയിരുന്നു. അല്ലാഹുവുമായുള്ള അടുപ്പവും പ്രവാചകനുമായുള്ള പാരമ്പര്യവും ഞങ്ങള്‍ക്കാണ് കൂടുതല്‍. എന്നാല്‍, അക്രമം ചെയ്യുന്നതില്‍ ഇരുകൂട്ടരും മല്‍സരിച്ചുകൊണ്ടുമിരുന്നു. അപ്പോള്‍ പോലും വളരെ ബ്രില്ല്യന്റ് ആയിട്ടുള്ള നാഗരികത നിലനിന്നിരുന്നു. ബഗ്ദാദ് നഗരം 1258 ല്‍ മംഗോളുകള്‍ നശിപ്പിച്ചു. പട്ടാളക്കാര്‍ പുസ്തകങ്ങളെടുത്ത് യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളിലിട്ടു. പുസ്തകങ്ങളുടെ മഷി കലര്‍ന്നിട്ട് നദി മുഴുവന്‍ ഇരുണ്ടുപോയി. അത്രയധികം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു, ഇന്നത്തെ പോലെ അച്ചടിയില്ല. പുസ്തകങ്ങളൊക്കെ എഴുതണം. സൗകര്യങ്ങള്‍ കൂടൂമ്പോള്‍ മനുഷ്യര്‍ ആട്ടിന്‍ പറ്റങ്ങളായിമാറുന്നു. ഇസ്‌ലാമിക ചൈതന്യം പോവുന്നു. മാലിക്ക് ബിന്നബി പ്രസിദ്ധനായ അള്‍ജീരിയന്‍ സാമൂഹികശാസ്ത്രജ്ഞനാണ്. അദ്ദേഹം പറയുന്നത് ഭരണാധികാരികളും ഭരണകൂടവും ഭരണീയരും തമ്മിലുള്ള ബന്ധം വിട്ടുപോവുന്നതോടെ തകര്‍ച്ച തുടങ്ങുന്നുവെന്നാണ്. ആശയവിനിമയം തകര്‍ന്നു പോവുന്നു. (ഇന്ന് സോഷ്യല്‍ നെറ്റവര്‍ക്കുകള്‍ ധാരാളമുണ്ടെങ്കിലും ആശയങ്ങള്‍ തങ്ങളുടെതായ ചെറിയ ലോകത്തേക്ക് ഒതുങ്ങുകയാണ്. കംപ്യൂട്ടറുമായി നല്ലബന്ധം. അതു നമ്മളോടു ചിരിക്കുകയൊ കരയുകയോ ചെയ്യുന്നില്ല. അങ്ങനെ ബന്ധങ്ങള്‍ ഇല്ലാതാവുന്നു). അതോടെ സമൂഹത്തില്‍ നീതി സങ്കല്‍പ്പം തകര്‍ന്നു പോവുന്നു. ഭരണാധികാരികള്‍ പുറത്തേക്കു വരില്ല. അവര്‍ ടി.വിയിലെ വരൂ. അതിലേക്ക് വെടിവെച്ചിട്ടു കാര്യമില്ല. പിന്നെ വല്ലപ്പോഴും പുറത്തേക്കുവരുമ്പോള്‍ രാജാക്കന്‍മാര്‍ക്ക് വലിയ സെക്യൂരിറ്റി ആയിരിക്കും. അവര്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൈപിടിക്കും)
അപ്പോഴാണ് യൂറോപ്പില്‍ നിന്നുള്ള പുതിയ ചെന്നായ്ക്കള്‍ വരുന്നത്. 1492, 1498 കാലം, ബ്രിട്ടീഷുകാരോടൊപ്പം യൂറോപ്പില്‍ നിന്ന് ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും സ്‌പെയിന്‍കാരും വരുന്നു. സ്‌പെയിനികള്‍ക്കു വേറെ സ്ഥലം കിട്ടി. ലാറ്റിനമേരിക്ക വലിയ ഭൂഖണ്ഡമായിരുന്നു. ഒരുപാട് ജനങ്ങള്‍. ജനങ്ങളെ നശിപ്പിച്ച് സ്‌പെയിനികള്‍ കത്തോലിക്കാ മതം സ്ഥാപിച്ച് സുഖമായിക്കഴിഞ്ഞു. അവര്‍ ഫിലിപ്പീന്‍സിലും ആഫ്രിക്കയുടെ ഭാഗത്തുള്ള ചെറിയ പ്രദേശങ്ങളിലും എത്തി. ഫിലിപ്പീന്‍സ് ഒരു കാലത്ത് മുസ്‌ലിം രാജ്യമായിരുന്നു. മനില തലസ്ഥാനം. യൂറോപ്പിനുപുറത്ത് ഒരൊറ്റ പ്രദേശം മാത്രമാണ് ക്രൈസ്തവര്‍, മുസ്‌ലിം ന്യുനപക്ഷ പ്രദേശമാക്കിമാറ്റിയത്.

  • ഇസ്‌ലാമിന്റെ നീതിബോധം

ഇസ്‌ലാമിലുള്ള സങ്കല്‍പ്പങ്ങള്‍ യൂറോപ്യന്മാര്‍ പകര്‍ത്തി. നിയമത്തിനു മുന്നില്‍ ജനങ്ങളെല്ലാം തുല്ല്യരാണ് എന്നത് ഇസ്‌ലാമിക സങ്കല്‍പ്പമാണ്. ഖുര്‍ആനില്‍ നീതിയെപ്പറ്റി ധാരാളം പറയുന്നുണ്ട്. ഇസ്‌ലാമിന്റെ സത്തയെന്താണെന്നു ചോദിച്ചാല്‍ തൗഹീദ് എന്നല്ല പറയേണ്ടത്. തൗഹീദ് തിയറിയാണ്. പ്രയോഗത്തില്‍ ഇസ്‌ലാമിന്റെ സത്ത നീതിയാണ്. രാജാക്കന്മാര്‍ വളരെയധികം അതു ശ്രദ്ധിച്ചിരുന്നു. നമ്മുടെ പ്രധാനമന്ത്രിയെ കോടതിക്കു വിചാരണയ്ക്കു ഹാജരാക്കണമെന്ന്ഉത്തരവിടാന്‍ പറ്റില്ല. ഇവിടെ സി.ബി.ഐക്ക് തന്നെ ഉന്നത ഉദ്യോഗസ്ഥന്‍ന്മാരെ ചോദ്യം ചെയ്യാനുളള അധികാരമില്ല. സി.ബി.ഐ. സുപ്രീം കോടതിയില്‍ പോയി അനുവാദം വാങ്ങണം. മുസ്‌ലിം രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് അവര്‍ക്കെതിരെ ഒരാള്‍ കേസ് കൊടുത്താല്‍ ഖാദി രാജാവിനോട് ഹാജരാവാന്‍ പറയും. ഇമാം ശാഫിയോട് ഒരിക്കല്‍ ഒരു ഗവര്‍ണര്‍ പറഞ്ഞു തന്റെ മകനെ പഠിപ്പിക്കാന്‍ രാവിലെയും വൈകുന്നേരവും വീട്ടിലേക്ക് ഞാന്‍ കുതിരവണ്ടി അയക്കാം. ഗവര്‍ണര്‍ ബഹുമാനം കൊണ്ട് പറഞ്ഞതാണ്. ഇമാം ശാഫിയുടെ മറുപടി മകനെ പഠിപ്പിക്കണമെങ്കില്‍ തന്റെ ദറസിലേക്കു അയച്ചാല്‍മതി എന്നാണ് പ്രതികരിച്ചത്. രാജാവിനെ വിമര്‍ശിച്ചതിന് ഇമാം അബൂഹനീഫയെ ജയിലിലടച്ചിരുന്നു. ഇബ്‌നു തൈമിയ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിനാല്‍ ഭരണാധികാരികളുടെ അപ്രീതിക്ക് പാത്രമായിരുന്നു.
നിയമം എല്ലാവര്‍ക്കും തുല്യമായിരുന്നില്ല. ഗ്രീക്ക് ജനാധിപത്യത്തില്‍ വോട്ടില്ലാത്തവരായിരുന്നു കൂടുതല്‍. ജനാധിപത്യവ്യവസ്ഥ ഇസ്‌ലാമിന്റേതാണ്. നിങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് ഉത്തരവുകള്‍ പുറപ്പെടുവിക്കുക. (42: 38) ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിനു മുമ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ്. കണ്‍സള്‍ട്ടേഷന്‍, ഓട്ടോണമി (സമൂഹത്തില്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉണ്ടാാവുക). വ്യക്തികളുടെ സ്വകാര്യത ഇതൊക്കെ യൂറോപ്പില്‍ ശക്തിപ്പെട്ടു. ഇസ്‌ലാമില്‍ എപ്പോഴും ഓട്ടോണമി ഉണ്ടായിരുന്നു. ജുഡീഷ്യറി, എക്‌സിക്യുട്ടീവ്, ലെജിസ്ലേച്ചര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍. ഇത് ഇസ്‌ലാമിലുള്ളതാണ്. ജുഡീഷ്യറി എപ്പോഴും സ്വതന്ത്ര്യമായിരുന്നു. ഈ സങ്കല്‍പ്പങ്ങളൊക്കെ യൂറോപ്പ് സ്വാംശീകരിച്ചതാണ്. യൂറോപ്യന്മാര്‍ വ്യാവസായിക വിപ്ലവത്തിനു ശേഷം വലിയതോതില്‍ വളര്‍ന്നു. ഞങ്ങള്‍ക്കേ ഇങ്ങനെ വളരാന്‍ കഴിയൂ, ഞങ്ങള്‍ക്കേ സാധിക്കൂ എന്നവര്‍ കരുതി. ഒരു വംശമെന്ന നിലയില്‍ അവരുടെ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിച്ചു. വംശശുദ്ധിവാദം യൂറോപ്പിന് സ്വന്തമായിരുന്നു. ഡാര്‍വിന്‍ പറഞ്ഞത് പരിണാമ വൃക്ഷത്തിന്റെ അടിയില്‍ അമീബ, മുകളില്‍ യൂറോപ്പ് എന്നാണ്. യൂറോപ്പിനു താഴെ തുര്‍ക്കി. ശാസ്ത്രങ്ങളൊക്കെ വളരെ വസ്തുനിഷ്ഠമാണ്; ശാസ്ത്രത്തിന് വികാരമില്ല. എന്നതു നുണയാണ്. എല്ലാ വിജ്ഞാനവും അത് ഉല്‍പാദിപ്പിക്കുന്ന വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരാണോ അറിവ് ഉല്‍പ്പാദിപ്പിക്കുന്നത് അവരുടെ സംസ്‌കാരം അതിനെ സ്വാധീനിച്ചിരിക്കും. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നായ ഉസ്മാനിയ സാമ്രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്തവരാണ് ബ്രീട്ടീഷുകാര്‍. അവരുടെ പ്രതിനിധി ഡാര്‍വിന്‍. അവര്‍ക്കു ശാസ്ത്രമേഖലകളില്‍ വമ്പിച്ച മുന്നേറ്റമുണ്ടായി. ആയുധങ്ങള്‍, യന്ത്രതോക്കുകള്‍ കണ്ടുപിടിച്ചു. നല്ല അച്ചടക്കമുള്ള സൈനിക വിഭാഗം; അവര്‍ക്കിടയിലുള്ള കമാന്റുകളൊക്കെ വളരെ ശാസ്ത്രീയമായിരുന്നു. 1857ല്‍ ഒന്നാംസ്വാതന്ത്ര്യ സമരം നടക്കുന്ന അവസരത്തില്‍ ബ്രീട്ടീഷുകാര്‍ വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മറ്റുള്ളവരെ അവര്‍ തോല്‍പ്പിക്കുന്നത് അച്ചടക്കം, കമാന്റോ സ്ട്രക്ചര്‍ എന്നിവ കൊണ്ടാണ്. ഇതൊക്കെ ഞങ്ങള്‍ ചെയ്യുന്നത് വംശീയശുദ്ധി കൊണ്ടാണ് എന്നുള്ള ധാരണ ബ്രീട്ടീഷുകാര്‍ക്കുണ്ടായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ക്ഷാമം തുടര്‍ക്കഥയായിരുന്നു. ലക്ഷകണക്കിനാളുകള്‍ പട്ടിണി കിടന്നു മരിച്ചു. ഗോഡൗണില്‍ നെല്ലും ഗോതമ്പും ഉണ്ടായിരുന്നു. അതു ബ്രിട്ടീഷുകാരുടെ കൈയിലായതു കൊണ്ട് പുറത്തു ലഭിച്ചില്ല. ഇന്ത്യയില്‍ അവര്‍ വരുന്ന അവസരത്തില്‍ ലോകത്തുള്ള മൊത്തം വ്യാവസായികോല്‍പ്പാദനത്തിന്റെ 22.6 ശതമാനം ഇന്ത്യയിലായിരുന്നു. (യൂറോപ്പിലത് 23.3%). അവര്‍ പോകുന്ന സമയത്ത് 3.8 ശതമാനമായി തീര്‍ന്നു.
തിരിച്ചടികള്‍ വ്യാപകമായപ്പോള്‍ എന്താണ് പരിഹാരമെന്ന് പലയാളുകളും ചോദിച്ചു. ഒരു കൂട്ടര്‍ പറഞ്ഞു. ഇതിനൊക്കെ കാരണം മുസ്‌ലിംകള്‍ പാശ്ചാത്യരെ അനുകരിക്കാത്തതാണ്. പാശ്ചാത്യ വ്യവസായ രീതികള്‍, സമ്പ്രദായങ്ങള്‍ ഇതൊക്കെ അപ്പടി പകര്‍ത്തിയാല്‍ പരിഹാരമുണ്ടാവും. വ്യവസായിക ഉല്‍പ്പാദനത്തിനു വ്യവസായ ശാലകള്‍ സ്ഥാപിക്കുക, ബ്രിട്ടീഷ് യൂറോപ്യന്‍ നിയമങ്ങള്‍ കൊണ്ടുവരിക. തുര്‍ക്കിയില്‍ സുല്‍ത്താന്മാര്‍ ഭരിച്ചിരുന്ന കാലത്ത് അവരുടെ ഉപദേശികള്‍ ചെയ്തിരുന്നത് തന്‍സീമാത് എന്ന് പറയുന്ന പുതിയ നയങ്ങള്‍ കൊണ്ടുവരികയാണ്. തന്‍സീമാത് യൂറോപ്യന്‍ നയങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്യലായിരുന്നു. അതിലൊന്ന് പലിശ ഹലാല്‍ ആക്കലും. തന്‍സീമാത് തുര്‍ക്കിയിലൊക്കെ നടപ്പിലാക്കി. ഈജിപ്ത് അന്ന് തുര്‍ക്കിയുടെ ഭാഗമാണ്.

______________________________
വംശശുദ്ധിവാദം യൂറോപ്പിന് സ്വന്തമായിരുന്നു. ഡാര്‍വിന്‍ പറഞ്ഞത് പരിണാമ വൃക്ഷത്തിന്റെ അടിയില്‍ അമീബ, മുകളില്‍ യൂറോപ്പ് എന്നാണ്. യൂറോപ്പിനു താഴെ തുര്‍ക്കി. ശാസ്ത്രങ്ങളൊക്കെ വളരെ വസ്തുനിഷ്ഠമാണ്; ശാസ്ത്രത്തിന് വികാരമില്ല. എന്നതു നുണയാണ്. എല്ലാ വിജ്ഞാനവും അത് ഉല്‍പാദിപ്പിക്കുന്ന വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരാണോ അറിവ് ഉല്‍പ്പാദിപ്പിക്കുന്നത് അവരുടെ സംസ്‌കാരം അതിനെ സ്വാധീനിച്ചിരിക്കും. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നായ ഉസ്മാനിയ സാമ്രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്തവരാണ് ബ്രീട്ടീഷുകാര്‍. അവരുടെ പ്രതിനിധി ഡാര്‍വിന്‍. അവര്‍ക്കു ശാസ്ത്രമേഖലകളില്‍ വമ്പിച്ച മുന്നേറ്റമുണ്ടായി. ആയുധങ്ങള്‍, യന്ത്രതോക്കുകള്‍ കണ്ടുപിടിച്ചു. നല്ല അച്ചടക്കമുള്ള സൈനിക വിഭാഗം; അവര്‍ക്കിടയിലുള്ള കമാന്റുകളൊക്കെ വളരെ ശാസ്ത്രീയമായിരുന്നു.  
______________________________

798ല്‍ ഈജിപ്ത് നെപ്പോളിയന്‍ പിടിച്ചടക്കിയിരുന്നു. സാങ്കേതികമായി ഈജിപ്ത് തുര്‍ക്കിയുടെ ഭാഗം തന്നെയാണ്. നെപ്പോളിയന്‍ കുതിരപ്പുറത്ത് വന്നപ്പോള്‍ ഈജിപ്ത്കാര്‍ വിചാരിച്ചു: നെപ്പോളിയനെ പോലെ നടക്കുകയും ജീവിക്കുകയും വേണമെന്ന്. പിന്നെ പാരീസിലൊക്കെ കാണുന്ന പോലെ നഗരത്തിലെ ഉപരിവര്‍ഗം ജീവിക്കാന്‍ തുടങ്ങി. മദ്യപാനം ഫാഷന്‍ ആയിമാറി. അപ്പോള്‍ മുഹമ്മദലി പാഷയായിരുന്നു തുര്‍ക്കിക്കു വേണ്ടി ഭരിച്ചിരുന്ന ഗവര്‍ണര്‍. അയാള്‍ ഈജിപ്തില്‍ വ്യവസായവല്‍ക്കരണത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. എല്ലാം യൂറോപ്പില്‍നിന്നു കൊണ്ടുവരികയായിരുന്നു.
ഇറാനിലും അങ്ങനെയായിരുന്നു. ഇറാന്‍ ഭരിച്ചിരുന്ന രാജാക്കന്മാരൊക്കെ ബ്രിട്ടീഷുകാരെയും ഫ്രഞ്ചുകാരെയും സഹായിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കി. പുകയില കുത്തകാവകാശം ബ്രിട്ടീഷുകാര്‍ക്കു കൊടുത്തു. പുകയില വ്യാപാരം അവരുടെ കുത്തകയായി. ഇന്ത്യയിലെ കറുപ്പ് കൃഷിപോലെ. പക്ഷേ, ഇസ്‌ലാമിന് ശക്തി തെളിയിച്ച സംഭവം കൂടിയാണത്. ഈ സമയത്ത് ജമാലുദ്ദീന്‍ അഫ്ഗാനി ഇറാനിലുണ്ട്. അദ്ദേഹം ആയത്തുല്ലയുമായി ആലോചിച്ചു. എന്നിട്ട് ആരും തന്നെ പുകയില ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കി. ഷാ അവസാനം കീഴടങ്ങി.
20ാം നൂറ്റാണ്ടിന്റെ ആദ്യംവരെയുള്ള ഘട്ടത്തില്‍ ഇസ്‌ലാമിക ലോകം ക്രമേണ തകരുകയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റത്തിനു വിധേയരായി പല കഷ്ണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. മിക്കവാറും ഇസ്‌ലാമിക സമൂഹത്തിന്റെ പതനം പൂര്‍ത്തിയാവുന്നത് 20-ാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തിലാണ്. 1914 ഒന്നാം ലോകമഹായുദ്ധം തുടങ്ങി. യൂറോപ്യന്മാര്‍ തുടങ്ങിയ ഈ യുദ്ധം 1914 മുതല്‍ 1919 വരെ നീണ്ടുനിന്നു. അവസാന ഘട്ടത്തില്‍ ഉസ്മാനിയ സാമ്രാജ്യം പൂര്‍ണ്ണമായി തകര്‍ന്നു. 1924 ല്‍ അവസാനത്തെ തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ മജീദ് രണ്ടാമനെ കമാല്‍പാഷ പുറത്താക്കുകയും അതോടെ പ്രതീകാത്മകതയുളള ഖിലാഫത്ത് ഇല്ലാതാവുകയും ചെയ്തു. മുസ്തഫാ കമാല്‍പാഷ, കമാല്‍ അത്താതുര്‍ക്ക് എന്ന പേരില്‍് തുര്‍ക്കിയുടെ അധികാരം ഏറ്റെടുത്തു. കമാല്‍ തുര്‍ക്കി ദേശീയതയയുടെ അടിസ്ഥാനത്തിലാണ് പുതിയ രാഷ്ട്രം കെട്ടിപ്പടുത്തത്. ആ അര്‍ഥത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തുര്‍ക്കിയെ രക്ഷിക്കുന്നതില്‍ കമാല്‍ കാര്യമായി സംഭാവന നല്‍കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ചെയ്ത പല കാര്യങ്ങളും ഇസ്‌ലാം വിരുദ്ധമായിപ്പോയി എന്നത് മറ്റൊരുവശം. ഗ്രീക്ക് സൈന്യവും ബ്രീട്ടീഷ് സൈന്യവും ചേര്‍ന്ന് ഇസ്താംബൂള്‍ വരെ കീഴടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഗാലിപോളിയില്‍ മെയ് 1915 ല്‍ മുസ്തഫാ കമാല്‍പാഷയുടെ നേതൃത്വത്തിലുള്ള തുര്‍ക്കി സൈന്യം നിര്‍ണ്ണായകമായ വിജയം നേടി. ബ്രിട്ടീഷ് – ഗ്രീക്ക് സൈന്യത്തെ തടയുകയും തിരിച്ച് ഓടിക്കുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ തുര്‍ക്കി നിലനില്‍ക്കാനുള്ള കാരണം.

_______________________________
ശാസ്ത്രിയമായിട്ട് വളരെ മുന്‍പില്‍ നില്‍ക്കുന്ന, യുക്തിസഹമായി കാര്യങ്ങള്‍ ചെയ്യുന്ന പാശ്ചാത്യരെ തോല്‍പ്പിക്കുന്നത് പ്രയാസകരമാണ് എന്നവര്‍ കരുതി. പാശ്ചാത്യ ലോകമായിരുന്നു അവരുടെ മുമ്പില്‍. പലരും ഈ പ്രവണതയെ ആധുനികവല്‍ക്കരണം എന്നു വിളിച്ചു. എന്താണ് ആധുനികത എന്നവര്‍ ചോദിച്ചില്ല. അക്രമണത്തിന്റെയും അനീതിയുടെയും കാലമായതിനാല്‍ ആത്മീയതയിലേക്കു പലായനം ചെയ്യുന്നതു സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ചര്‍ച്ച. നാം ചെറിയ ലോകത്ത് മാത്രമായി ഒതുങ്ങണം. പലപ്പോഴും സൂഫിപ്രസ്ഥാനങ്ങള്‍ അതാണ് ചെയ്തത്. സൂഫിപ്രസ്ഥാനങ്ങള്‍ പലായനത്തെ പ്രോല്‍സാഹിപ്പിക്കുകയും അനന്തമായ ആത്മീയാന്വേഷണത്തില്‍ മനുഷ്യനെ തളക്കുകയും ചെയ്യുന്നു. സംഘര്‍ഷം കൂടുമ്പോള്‍ അത്തരം പ്രസ്ഥാനം ശക്തിപ്പെടും. സൂഫിപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുന്നതിന്റെ കാരണമിതാണ്. മറ്റു മതങ്ങളിലും ഇത്തരം പ്രവണതകള്‍ കാണാന്‍ പറ്റും. ഇസ്‌ലാമിനെ യൂറോപ്പ്യന്‍ നാഗരികതയെ അഭിമുഖീകരിക്കാന്‍ പറ്റിയ ഒരു തത്വശാസ്ത്രമായി അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ മൂന്നാം ഗണത്തില്‍പ്പെട്ടു. 

_______________________________

കമാല്‍പാഷ തുര്‍ക്കി സൈന്യത്തെ പുനസംഘടിപ്പിച്ചത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലായിരുന്നു. ജനങ്ങളെ സംഘടിപ്പിക്കാന്‍ ഇസ്‌ലാമിനെ പോലെ ഒരു പ്രത്യയശാസ്ത്രം വേറെയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

  • മുസ്‌ലിം രാജ്യങ്ങളുടെ തകര്‍ച്ച

20 ാം നൂറ്റാണ്ടിന്റെ പകുതി ആവുന്നതോടെ പല രാജ്യങ്ങളും പല സാമ്രാജ്യങ്ങളുടെയും സാമന്തരാഷ്ട്രങ്ങളായി മാറി. അല്‍ജീരിയ, മൊറോക്കൊ തുടങ്ങിയ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ കീഴിലായി. അല്‍ജീരിയ, മൊറോക്കോ, മൊറിത്താനിയ, ഗാംബിയാ തുടങ്ങിയ പ്രദേശങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതു പോലെ ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശങ്ങളാണ്. ഭരണാധികാരികള്‍ അറബി, ആഫ്രിക്കന്‍ ഭാഷകള്‍ സംസാരിക്കുന്നതിനേക്കാള്‍ ഫ്രഞ്ച് സംസാരിക്കുന്നവരാണ്.
അറബി അറിഞ്ഞിട്ടും അറിയാത്തവരായിരിക്കുന്നവരുണ്ട്. ഉസ്മാനിയാ സാമ്രാജ്യം തകരുന്നതോടു കൂടി സാമ്രാജ്യത്തിന്റെ മിക്കവാറും പ്രദേശങ്ങള്‍ ഫ്രഞ്ച് ബ്രിട്ടീഷ് ഭാഗങ്ങളായി മാറി. ഈജിപ്ത് സിറിയ, ഇറാഖ്,ലബ്‌നാന്‍, തുടങ്ങിയ രാജ്യങ്ങള്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ഇതാണ് ഒന്നാം ലോകമഹായുദ്ധം കഴിയുമ്പോഴുള്ള അവസ്ഥ. ഈ മാറ്റങ്ങള്‍ക്കിടയില്‍ പരിഗണിക്കേണ്ട മറ്റൊരു കാര്യം 1917 ലുണ്ടാക്കിയ രഹസ്യക്കരാറാണ്. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഉസ്മാനിയ സാമ്രാജ്യത്തിനെതിരെ അറബികളെ സംഘടിപ്പിക്കുമ്പോള്‍ അവരോട് പറഞ്ഞത് ഒരു വലിയ അറബ് രാജ്യം ഉണ്ടാക്കുന്നതില്‍ അവരെ സഹായിക്കാമെന്നാണ്-പരമാധികാര അറബ് രാജ്യം. ഈജിപ്തു മുതല്‍ ഇറാഖ് വരെ നീണ്ടുകിടക്കുന്ന അറബി ഭാഷ മാത്രം സംസാരിക്കുന്ന സാംസ്‌കാരികമായും മതപരമായും യാതൊരു വ്യത്യാസവുമില്ലാത്ത ഒരു ഗ്രേറ്റ് അറബ് നേഷന്‍. അതിന് വേണ്ടതെല്ലാം ചെയ്യാം എന്നു പറഞ്ഞിട്ടാണ് ദീര്‍ഘദൃഷ്ടിയില്ലാത്ത, അധികാര കൊതിയന്‍മാരായ അറബികളെ ഉസ്മാനിയ സാമ്ര്യാജ്യത്വത്തിനെതിരെ സംഘടിപ്പിച്ചത്. ലോറന്‍സ് ഓഫ് അറേബ്യയുടെ നേതൃത്വത്തില്‍ ഹിജാസിലും നജ്ദിലും ഗറില്ലാ ആക്രമണങ്ങള്‍ നടത്തി. ഉസ്മാനിയ സാമ്രാജ്യം തകര്‍ക്കുന്നതില്‍ അവര്‍ വലിയ പങ്കുവഹിച്ചു. പക്ഷേ, അവരോട് പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. 1916 ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മാര്‍ക്ക് സൈക്‌സും ഫ്രഞ്ച് വിദേശകാര്യ സെക്രട്ടറി ഫ്രാന്‍സ്വാ പീക്കോയും റഷ്യക്കാരും ചേര്‍ന്ന് ഒരു കരാര്‍ ഉണ്ടാക്കി. ആ കരാര്‍ പ്രകാരം അറബ് പ്രദേശങ്ങള്‍ ഉസ്മാനിയാ സാമ്രാജ്യത്തില്‍ നിന്നു വിമോചിക്കപ്പെടുന്നതോടെ ഫ്രാന്‍സും ബ്രിട്ടനും റഷ്യയും തങ്ങളുടേതായ നിയന്ത്രണത്തിലുള്ള ചെറിയ ചെറിയ രാജ്യങ്ങളായി ഓഹരിവെക്കും. (ആ കരാര്‍ പ്രകാരമാണ് ഇപ്പോഴും കാര്യങ്ങള്‍ നടക്കുന്നതെന്ന് പറയുന്നവരുണ്ട്). 1917- ല്‍ റഷ്യയില്‍ സോവിയറ്റ് വിപ്ലവം ഉണ്ടായി. ലെനിന്‍ അധികാരത്തില്‍ വന്നു. സാമ്രാജ്യത്വ ശക്തികളുടെ കള്ളത്തരം ലോകം മനസ്സിലാക്കട്ടെ എന്നു കരുതി ലെനിനാണ് ഈ രഹസ്യകരാര്‍ നിലവിലുളളകാര്യം പുറത്തുവിട്ടത്. ഈജിപ്ത് ബ്രിട്ടിഷ്‌കാരുടെ നിയന്ത്രണത്തിലായി, ലബ്‌നാന്‍ അന്ന് സിറിയയുടെ ഭാഗമാണ്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ശാം എന്ന പ്രദേശം സിറിയയും ലബ്‌നാനും ചേര്‍ന്നതാണ്. ലബ്‌നാനില്‍ കുറച്ച് ക്രിസത്യാനികള്‍ ഉണ്ടായതു കൊണ്ടു ഫ്രാന്‍സ് ലബ്‌നാന്‍ വേറെ ഒരു രാജ്യമാക്കി. സിറിയ അവര്‍ കൈയടക്കി. ഇറാഖും ഫലസ്തീനും ബ്രിട്ടീഷ്‌കാരുടെ നിയന്ത്രണത്തിലായി. ഈ കരാര്‍ നടക്കുമ്പോള്‍ 1917ല്‍ കുപ്രസിദ്ധമായ ഒരു പ്രഖ്യാപനം നടക്കുന്നുണ്ട്. ബാല്‍ഫര്‍ പ്രഖ്യാപനം. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫറിനു യഹുദി സമ്പന്നനായ ബാരണ്‍ റോത്ത്‌സ് ചൈല്‍ഡ് എഴുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടായത്. റോത്ത്‌സ് ചൈല്‍ഡിനു യുറോപ്പിലെ ബാങ്കിങ് മേഖലകളില്‍ ഗണ്യമായ സ്വാധിനമുണ്ടായിരുന്നു. രാജാക്കന്മാര്‍ വായ്പ വാങ്ങുന്നതിന് പലപ്പോഴും സമീപിച്ചിരുന്ന വളരെ സമ്പന്നരായിരുന്നു അവര്‍. ബ്രിട്ടനില്‍ ആ കുടുംബത്തിന്റെ ഒരു ശാഖയുണ്ട് ഫ്രാന്‍സിലുമുണ്ട്. യൂറോപ്പിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ബന്ധമുണ്ട്. വൈര്യവ്യാപാരം മുഴുവന്‍ ഇവരുടെ കൈയിലാണ്. റോത്ത്‌സ് ചൈല്‍ഡ് എഴുതിയ കത്തില്‍ ഫലസ്തീനില്‍ യഹൂദര്‍ക്ക് ഒരുരാജ്യം സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് സഹായം തേടിയിരുന്നു. അത് ഒരു കത്ത് മാത്രമല്ലായിരുന്നു. അതിന്റെ കൂടെ വേറെ പലതും നടന്നിട്ടുണ്ട്. അതിനു നല്‍കിയ മറുപടിയില്‍ ബാല്‍ഫര്‍ യഹൂദര്‍ക്ക് ഫലസ്തീനില്‍ ദേശീയഗൃഹം സ്ഥാപിക്കുന്നതിനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂലിക്കുന്നു എന്ന് വ്യക്തമാക്കി. തങ്ങളുടെതല്ലാത്ത ഒരു പ്രദേശത്ത് ഭൂരിപക്ഷം വരുന്ന തദ്ദേശീയരെ അവഗണിച്ചു അന്യനാട്ടില്‍നിന്നു വരുന്ന യഹൂദര്‍ക്ക് രാഷ്ട്രം പണിയാനുളള വാഗ്ദാനമായിരുന്നു അത്. മുസ്‌ലിം ലോകത്തിന്റെ തകര്‍ച്ചയുടെ മറ്റൊരു ഘട്ടം. അതില്‍ ബാല്‍ഫര്‍ പ്രഭു ഒരു കാര്യം കൂടി പറഞ്ഞിരുന്നു. അവിടുത്തെ തദ്ദേശീയരായ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഒരു തരത്തിലും അപകടത്തിലാക്കാതെ വേണം യഹൂദരാഷ്ട്രം സ്ഥാപിക്കാന്‍. ഇസ്രായേല്‍ എന്ന രാജ്യം 1948 ല്‍ സ്ഥാപിക്കുന്നതാണ് പതനത്തിന്റെ മറ്റൊരു ഘട്ടം. മുസ്‌ലിം ലോകത്ത് സാമ്രാജ്യത്വ ശക്തികളുടെ ചെക്ക്‌പോസ്റ്റ് എന്ന പേരില്‍ ഇസ്രായേല്‍ സ്ഥാപിക്കാന്‍ അടിസ്ഥാന രേഖയായി മാറിയിട്ടുള്ളതാണ് ബാല്‍ഫര്‍ പ്രഖ്യാപനം. ജറുസലേമില്‍ മ്യൂസിയത്തില്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ഒറിജിനല്‍ പ്രദര്‍ശിപ്പിട്ടുണ്ട്.

  • ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഇതിനിടയില്‍ ഇസ്‌ലാമിക സമൂഹത്തില്‍ പുത്തനുണര്‍വിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. മുസ്‌ലിം സമൂഹത്തെ ആധുനിക ലോകവുമായി ബന്ധിപ്പിക്കുന്നകാര്യമാണ് പ്രധാനമായി ചര്‍ച്ച ചെയ്തത്. മൂന്ന് തരത്തിലുളള ചര്‍ച്ചകളുണ്ടായെന്നു പറയാം. ഒരു ഭാഗത്ത് യൂറോപ്യന്‍ ആധുനികത സ്വീകരിച്ചു കൊണ്ട് വിശ്വാസം സ്വകാര്യ മതവിഷയങ്ങളില്‍ മാത്രം ഒതുക്കുക എന്ന ആശയം മതേതരത്വം എന്നു പറയുന്ന പ്രക്രിയ. രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളില്‍ യുറോപ്പ്യന്‍മാരോട് പൊരുത്തപ്പെടണമെന്നായിരുന്നു ആവശ്യം. ഇന്ത്യയിലെ അമീര്‍ അലി എഴുതിയ സ്പിരിറ്റ് ഓഫ് ഇസ്‌ലാം ഈ മേഖലയിലുളള ചിന്തയുടെ ആഖ്യാനമായിരുന്നു. അലിഗഡ് സര്‍വ്വകലാശാലയുടെ സ്ഥാപകനായിരുന്ന സര്‍ സയ്യിദ് അഹമദ് ഖാനെപോലുളളവരും ആ രംഗത്തുണ്ടായിരുന്നു. ശാസ്ത്രിയമായിട്ട് വളരെ മുന്‍പില്‍ നില്‍ക്കുന്ന, യുക്തിസഹമായി കാര്യങ്ങള്‍ ചെയ്യുന്ന പാശ്ചാത്യരെ തോല്‍പ്പിക്കുന്നത് പ്രയാസകരമാണ് എന്നവര്‍ കരുതി. പാശ്ചാത്യ ലോകമായിരുന്നു അവരുടെ മുമ്പില്‍. പലരും ഈ പ്രവണതയെ ആധുനികവല്‍ക്കരണം എന്നു വിളിച്ചു. എന്താണ് ആധുനികത എന്നവര്‍ ചോദിച്ചില്ല. അക്രമണത്തിന്റെയും അനീതിയുടെയും കാലമായതിനാല്‍ ആത്മീയതയിലേക്കു പലായനം ചെയ്യുന്നതു സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ചര്‍ച്ച. നാം ചെറിയ ലോകത്ത് മാത്രമായി ഒതുങ്ങണം. പലപ്പോഴും സൂഫിപ്രസ്ഥാനങ്ങള്‍ അതാണ് ചെയ്തത്. സൂഫിപ്രസ്ഥാനങ്ങള്‍ പലായനത്തെ പ്രോല്‍സാഹിപ്പിക്കുകയും അനന്തമായ ആത്മീയാന്വേഷണത്തില്‍ മനുഷ്യനെ തളക്കുകയും ചെയ്യുന്നു. സംഘര്‍ഷം കൂടുമ്പോള്‍ അത്തരം പ്രസ്ഥാനം ശക്തിപ്പെടും. സൂഫിപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുന്നതിന്റെ കാരണമിതാണ്. മറ്റു മതങ്ങളിലും ഇത്തരം പ്രവണതകള്‍ കാണാന്‍ പറ്റും. ഇസ്‌ലാമിനെ യൂറോപ്പ്യന്‍ നാഗരികതയെ അഭിമുഖീകരിക്കാന്‍ പറ്റിയ ഒരു തത്വശാസ്ത്രമായി അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ മൂന്നാം ഗണത്തില്‍പ്പെട്ടു. ഈ രംഗത്ത് നാം അല്‍ഭുതത്തോടെ നോക്കികാണുന്ന ഒരാളാണ് ജമാലുദ്ദിന്‍ അഫ്ഗാനി (1838 1897). വളരെ കാല്‍പ്പനിക പ്രഭാവമുളള ഒരാളാണ് അഫ്ഗാനി. അദ്ദേഹം ചിന്താപരമായ വിപ്ലവത്തിനു വളരെ വലിയ സംഭാവന നല്‍കി. നാടോടിയായിരുന്ന ജമാലുദ്ദീന്‍ ഇന്ത്യയിലും അറബ് നാടുകളിലും സഞ്ചരിച്ചു, എഴുതി, സംസാരിച്ചു. ഈജ്പ്തിലെ അബ്ദുല്‍ റഷിദ് റിസയും മുഹമ്മദ് അബ്ദുവും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ഇസ്‌ലാമിനെ ദേശീയ വിമോചനത്തിനുളള പ്രത്യയശാസ്ത്രമായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നത് ഇവരടങ്ങിയ പുതിയ സംഘമാണ്.

_______________________________
ജനാധിപത്യ പ്രക്ഷോഭത്തെ തങ്ങള്‍ ഇഛിക്കുന്ന വഴികളിലേക്കു തിരിച്ചുവിടാന്‍ പാശ്ചാത്യ നവകൊളോണിയല്‍ ശക്തികളും അവരെ പിന്തുണക്കുന്ന ഭരണ വര്‍ഗ്ഗവും വിജയിച്ചു എന്നതിന്റെ സൂചനയാണ് അറബ് വസന്തം പൊടുന്നനെ അറബ് ഹേമന്തമായി മാറിയതിലുളളത്. തഹ്‌രീര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ എല്ലാവരും ഇസ്‌ലാമിക ജനാധിപത്യത്തിന്റെ വക്താക്കളെന്നതിനേക്കാള്‍ മുബാറക്കിനു പകരം കുറേ കൂടി മൃദുലമായി പെരുമാറുന്ന ഒരു സെക്കുലര്‍ ഡിക്‌റ്റേറ്റര്‍ ഷിപ്പിന്റെ പ്രചാരകര്‍ കൂടിയായിരുന്നു. ഇഖ്‌വാന്‍ നേതാവ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടപ്പോള്‍ അവര്‍തന്നെയാണ് തെരുവുകളില്‍ തുളളിച്ചാടിയത്. പട്ടാള ഏകാധിപതി അബ്ദുല്‍ ഫതാഫ് അല്‍സീസിക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നവര്‍ വേഷത്തിലും നാട്യത്തിലും വ്യത്യസ്ഥരാണെന്നു തോന്നും. അവര്‍ ഒരേതൂവല്‍ പക്ഷികളാണ്.
_______________________________

ഈ രംഗത്തുളള ഈജിപ്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. ഈജിപ്തില്‍ ജനസംഖ്യ കൂടുതലാണ്. അതുകൊണ്ട് ചിന്താപരമായി വളരെ മുന്നില്‍ നില്‍ക്കുന്നു. സൗദി അറേബ്യയില്‍നിന്നും ഇങ്ങനെ ഒരു ചിന്ത വരാനുള്ള സാധ്യത കുറവായിരുന്നു. മരുഭൂമിയുടെ കാര്‍ക്കശ്യമാണ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പരിഷ്‌ക്കരണങ്ങളിലുളളത്. സിറിയയില്‍ ഉടലെടുത്ത ചിന്തകളൊക്കെ അറബ് ദേശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. കോളോണിയല്‍ ശക്തികളില്‍ നിന്നുള്ള വിമോചനം ദേശിയതയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന ചിന്തവരുന്നത് സിറിയയില്‍ നിന്നാണ്. ഇതിന്റെ പിന്നില്‍ മുസ്‌ലിം ചിന്തകര്‍ ആയിരുന്നില്ല. പക്ഷേ, അവര്‍ പോലും അവസാനം അറബ് ജനത ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ ഇസ്‌ലാം കൂടിയേ തീരൂ എന്നു സമ്മതിച്ചു.
ഭാഷയുടെ അടിസ്ഥാനത്തിലുളള സംഘാടനം വളരെ താല്‍ക്കാലികം മാത്രമാണ്. ഇസ്‌ലാമാണ് സംഘടനാ ശേഷിയുളള പ്രത്യയശാസ്ത്രം. ഇസ്‌ലാമിക നവോഥാനത്തിന്റെ തുടക്കം അങ്ങനെയെന്നു പറയാം. ജമാലുദ്ദീന്‍ അഫ്ഗാനി ഒരു കൊടുങ്കാറ്റ് പോലെ വരുകയും പോവുകയും ചെയ്തു. അതൊരു മൂവ്‌മെന്റ് ആയിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് ഇമാം ഹസനുല്‍ ബന്നയുടെ ഇഖ്‌വാനുല്‍ മുസ്‌ലിമിനെ വിലയിരുത്തേണ്ടത്. 1930 കളുടെ അവസാനത്തിലാണത്‌നിലവില്‍ വരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമിയും സര്‍വേന്ത്യാ മുസ്‌ലിം ലീഗും. അത്തരം തുടര്‍ച്ച എപ്പോഴും ഉണ്ടാവും. മുല്യങ്ങള്‍ അങ്ങനെയാണ്. ഒരു തലമുറ മറ്റൊരു തലമുറയിലേക്കു മൂല്യങ്ങള്‍ കൈമാറി കൊണ്ടിരിക്കും. ഓരോ തലമുറയും അവ പുനര്‍വ്യാഖ്യാനം ചെയ്യുന്നു. സാര്‍വ്വജനീന മൂല്യങ്ങളുടെ ശക്തിയതാണ്. ഇസ്‌ലാമിന്റെ നീതി സങ്കല്‍പ്പം നോക്കു; ഒരു കുടുംബം ആ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് പകര്‍ന്ന് നല്‍കിയില്ലെങ്കില്‍ നീതിയെ പറ്റിയുള്ള സങ്കല്‍പ്പം ഉണ്ടാവില്ല. വിദ്യാഭ്യാസം എന്നത് പലതരത്തില്‍ ഉണ്ടാവും. മാതാപിതാക്കള്‍,അധ്യാപകര്‍, സൂഹൃത്തുക്കള്‍ ഒക്കെ വിദ്യ പകരുന്നു. അങ്ങനെയാണ് മൂല്യങ്ങള്‍ കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്നത്. എപ്പോഴും ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസവും കൈമാറ്റവും ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ കൊളോണിയല്‍ ശക്തികള്‍ അതു തകര്‍ക്കാന്‍ ശ്രമിക്കും. അവര്‍ വിദ്യാഭ്യാസത്തെ രണ്ടായി തിരിച്ചിരുന്നു. മതപരമെന്നും മതകീയമെന്നും. മതവിദ്യാഭ്യാസം കിട്ടുന്നവരും മറ്റുളളവരും തമ്മിലുളള ബന്ധം അറുക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യോനേഷ്യ അങ്ങനെ സംഭവിച്ചു. അവിടെ ഡച്ച് കാരായിരുന്നു അത് ചെയ്തത്.
നെതര്‍ലാന്റിലെ ലെയ്ഡണ്‍ സര്‍വ്വകലാശാലയിലെ ഓറിയന്റലിസ്റ്റുകളായിരുന്നു ഇന്തോനീസ്യയില്‍ വിദ്യാവിഭജനത്തിനു മേല്‍നോട്ടം വഹിച്ചത്. ലെയ്ഡണ്‍ ഇപ്പോഴും മസ്‌ലിം ലോകത്ത് പണ്ഡിതന്‍ന്മാരെയും വിദ്യാര്‍ത്ഥികളെയും വലയിലാക്കുന്നുണ്ട്.
ഞാന്‍ വിശദീകരിച്ച ഈ ചിന്താധാരകളൊക്കെ പരസ്പരം ബന്ധമില്ലാത്തതാവണമെന്നില്ല. പലപ്പോഴും അവര്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്. ആധുനികവല്‍ക്കരണത്തിന്റെ വക്താക്കള്‍ ആത്മാര്‍ത്ഥമായി മുസ്‌ലിം സമൂഹത്തിന്റെ മോചനം കാംക്ഷിക്കുന്നവര്‍ തന്നെയായിരിക്കും. ഇസ്‌ലാമിനെ ആധുനികതയുമായി ബന്ധിപ്പിക്കാനാഗ്രഹിച്ചവര്‍ പലപ്പോഴും വേഷം മാറിയ പൗരോഹിത്യത്തിന്റെ വക്താക്കളാണെന്നും വരും. ഉദാഹരണത്തിന് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പഴകിപോയ ഗ്രന്ഥശാസ്ത്രത്തിന്റെ ബലത്തില്‍ വര്‍ത്തമാനകാലത്തെ വെല്ലുവിളികളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതു കാണാം. ഇസ്‌ലാമിനെ പ്രതികരണ ശേഷിയില്ലാത്ത ജീവിത സമ്പ്രദായമാക്കി അവര്‍ ചുരുക്കി കൊണ്ടുവന്നു.

__________________________________
ഇന്ന് ഇസ്‌ലാമിക ലോകത്ത് കാണുന്ന ആന്ദോളനത്തിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചു കൊണ്ട് ഈ ചര്‍ച്ചയ്ക്കു വിരാമമിടാം. തുനീസ്യയില്‍ തുടങ്ങി യമനിലും ബഹ്‌റൈ്‌നിലും സിറിയയിലും ആഞ്ഞടിച്ച വസന്തകാല കൊടുങ്കാറ്റ് ആധിപത്യവല്‍ക്കരണത്തിനെതിരെയുള്ള ജനതയുടെ ശക്തമായ ആഗ്രഹത്തിന്റെ സൃഷ്ടിയാണെന്നതില്‍ സംശയമില്ല. എന്നാലത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മാത്രം പ്രവര്‍ത്തന ഫലമാണെന്നു തെറ്റിദ്ധരിക്കുകയുമരുത്. തുനീസ്യയിലും ഈജിപ്തിലും വൈകിയാണ് ഇസ്‌ലാമിക സംഘടനകള്‍ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗം ചേരുന്നത്. തെരുവ് പ്രക്ഷോഭങ്ങളെ കുറിച്ച് അവര്‍ക്കുള്ള ജന്മസിദ്ധമായ ആശങ്ക ഒരു കാരണമായിരിക്കും. കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ യുവത മുഴുവന്‍ ഇസ്‌ലാമികരായിരുന്നില്ല. പാശ്ചാത്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവരും സെക്കുലറിസ്റ്റുകളും അവരിലുണ്ടായിരുന്നു. പ്രക്ഷോഭം എങ്ങനെ നടത്തണമെന്നു യുവ നേതാക്കന്‍ന്മാര്‍ക്ക് ഈജിപ്തിനു പുറത്ത് വച്ച് പരിശീലനം കൊടുത്തത് അമേരിക്കയും യൂറോപ്പ്യന്‍ രാഷ്ട്രങ്ങളുമായിരുന്നു.  

__________________________________

ഇന്ന് ഇസ്‌ലാമിക ലോകത്ത് കാണുന്ന ആന്ദോളനത്തിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചു കൊണ്ട് ഈ ചര്‍ച്ചയ്ക്കു വിരാമമിടാം. തുനീസ്യയില്‍ തുടങ്ങി യമനിലും ബഹ്‌റൈ്‌നിലും സിറിയയിലും ആഞ്ഞടിച്ച വസന്തകാല കൊടുങ്കാറ്റ് ആധിപത്യവല്‍ക്കരണത്തിനെതിരെയുള്ള ജനതയുടെ ശക്തമായ ആഗ്രഹത്തിന്റെ സൃഷ്ടിയാണെന്നതില്‍ സംശയമില്ല. എന്നാലത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മാത്രം പ്രവര്‍ത്തന ഫലമാണെന്നു തെറ്റിദ്ധരിക്കുകയുമരുത്. തുനീസ്യയിലും ഈജിപ്തിലും വൈകിയാണ് ഇസ്‌ലാമിക സംഘടനകള്‍ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗം ചേരുന്നത്. തെരുവ് പ്രക്ഷോഭങ്ങളെ കുറിച്ച് അവര്‍ക്കുള്ള ജന്മസിദ്ധമായ ആശങ്ക ഒരു കാരണമായിരിക്കും. കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ യുവത മുഴുവന്‍ ഇസ്‌ലാമികരായിരുന്നില്ല. പാശ്ചാത്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവരും സെക്കുലറിസ്റ്റുകളും അവരിലുണ്ടായിരുന്നു. പ്രക്ഷോഭം എങ്ങനെ നടത്തണമെന്നു യുവ നേതാക്കന്‍ന്മാര്‍ക്ക് ഈജിപ്തിനു പുറത്ത് വച്ച് പരിശീലനം കൊടുത്തത് അമേരിക്കയും യൂറോപ്പ്യന്‍ രാഷ്ട്രങ്ങളുമായിരുന്നു. തുനീസ്യയില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ സൈന്യത്തെ നിഷ്പക്ഷമാക്കി നിര്‍ത്തിയതിനു പിന്നില്‍ അമേരിക്കന്‍ ചരടുവലികളുണ്ട്. മുബാറക്ക് ഭരണകൂടം മൊബൈല്‍ സംവിധാനവും ഇന്റര്‍നെറ്റും അടച്ചു പൂട്ടിയപ്പോള്‍ പ്രക്ഷോഭകരെ സഹായിക്കാനെത്തിയവരില്‍ ഗൂഗുളും ഫെയ്‌സ് ബുക്കും ഉണ്ട്. രണ്ടും യഹൂദര്‍ നിയന്ത്രിക്കുന്ന, അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളാണ്.
പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തവര്‍ ഭിന്ന വീക്ഷണമുളളവരായിരുന്നു എന്നു വ്യക്തം. രണ്ടാം ലോകയുദ്ധത്തിനു ശേഷം സാര്‍വ്വദേശീയമായ സമ്മര്‍ദ്ദം കാരണം കൊളോണിയില്‍ ശക്തികള്‍ പിന്‍വാങ്ങുന്നു. പക്ഷേ, മുസ്‌ലിം ലോകത്തവര്‍ തങ്ങളുടെ കങ്കാണിമാരെ സൃഷ്ടിച്ചാണ് സ്ഥലം വിട്ടത്. അപവാദങ്ങള്‍ കാണുമെങ്കിലും അള്‍ജീരിയ തൊട്ട് ഇറാഖ് വരെ ഒന്നുകില്‍ സൈനിക മേധാവികളെ അല്ലെങ്കില്‍ രാജാക്കന്‍ന്മാരെ അവര്‍ പിന്തുണച്ചു. അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സ് പിന്‍വാങ്ങുന്നതിന് തൊട്ടുമുമ്പ് അവരുടെ ശമ്പളം പറ്റുന്ന സൈനിക മേധാവികള്‍ കൂറുമാറി ദേശീയ വിമോചന മുന്നണി (എഫ്. എല്‍. എന്‍) യില്‍ ചേരുന്നു. അവരാണ് ഇപ്പോഴും അള്‍ജീരിയ ഭരിക്കുന്നത്. 1991 ല്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ അവരാണ് അതിക്രൂരമായി ജനാധിപത്യശക്തികളെ ചോരയില്‍ മുക്കി കൊല്ലുന്നത്. ഇപ്പോഴത്തെ പ്രസിഡണ്ട് പടുവൃദ്ധനായ ബുതഫ്‌ലീഖ് അവരുടെ പ്രതിനിധിയാണ്. സെക്കുലര്‍, പശ്ചാത്യവല്‍കൃതന്‍.
ഇങ്ങേയറ്റത്ത് സഊദി അറേബ്യ മറ്റൊരു പ്രതീകമാണ്. അബ്ദുല്‍ അസീസ് ഇബ്‌നു സഊദ് തന്റെ കുടുംബത്തിന്റെ പേരില്‍ ഒരു രാജ്യം സ്ഥാപിച്ചുവെന്ന വലിയ അശ്ലീലത അവിടെ നില്‍ക്കട്ടെ! ഇസ്‌ലാമില്‍ ജനാധിപത്യമില്ല എന്ന് ശഠിക്കുന്ന സഊദി രാജവംശമാണ് മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കന്‍ സാന്നിധ്യം ഉറപ്പു വരുത്തുന്ന പ്രധാനരാജ്യം. അഴിമതിയുടെയും ധൂര്‍ത്തിന്റെയും സുന്നി വിഭാഗീയതയുടെയും സുന്നി-ശിയാ കലഹങ്ങളുടെയും സ്രോതസ്സായി ആ രാജ്യം നിലനില്‍ക്കുന്നു.

  • ഇനി തഹരീര്‍ സ്‌ക്വയറിലേക്ക്

ജനാധിപത്യ പ്രക്ഷോഭത്തെ തങ്ങള്‍ ഇഛിക്കുന്ന വഴികളിലേക്കു തിരിച്ചുവിടാന്‍ പാശ്ചാത്യ നവകൊളോണിയല്‍ ശക്തികളും അവരെ പിന്തുണക്കുന്ന ഭരണ വര്‍ഗ്ഗവും വിജയിച്ചു എന്നതിന്റെ സൂചനയാണ് അറബ് വസന്തം പൊടുന്നനെ അറബ് ഹേമന്തമായി മാറിയതിലുളളത്. തഹ്‌രീര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ എല്ലാവരും ഇസ്‌ലാമിക ജനാധിപത്യത്തിന്റെ വക്താക്കളെന്നതിനേക്കാള്‍ മുബാറക്കിനു പകരം കുറേ കൂടി മൃദുലമായി പെരുമാറുന്ന ഒരു സെക്കുലര്‍ ഡിക്‌റ്റേറ്റര്‍ ഷിപ്പിന്റെ പ്രചാരകര്‍ കൂടിയായിരുന്നു. ഇഖ്‌വാന്‍ നേതാവ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടപ്പോള്‍ അവര്‍തന്നെയാണ് തെരുവുകളില്‍ തുളളിച്ചാടിയത്. പട്ടാള ഏകാധിപതി അബ്ദുല്‍ ഫതാഫ് അല്‍സീസിക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നവര്‍ വേഷത്തിലും നാട്യത്തിലും വ്യത്യസ്ഥരാണെന്നു തോന്നും. അവര്‍ ഒരേതൂവല്‍ പക്ഷികളാണ്.
ഇസ്‌ലാമിന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് നല്ല ചരിത്രബോധത്തിന്റെ അടയാളമാണ്. അതിന്റെ ശത്രുക്കളാണ് കോട്ട കൊത്തളങ്ങളില്‍ ആയുധസജ്ജരായി കാത്തിരിക്കുന്നത്.

Top