പ്രതിരോധ ദേശീയതയുടെ ചരിത്രകാരന്‍

തീവ്രമായ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളെ നേരിടുന്ന രീതിയിലുള്ള ധിഷണാശക്തിയുടെ ഉടമയായിരുന്ന പാണ്ഡ്യന്‍. മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ദൗത്യങ്ങളില്‍ ഒന്ന് ഒരുപക്ഷേ, ആധുനികതയുടെയും കോളനി വാഴ്ചയുടെയും സങ്കീര്‍ണ്ണതകളെ ആഴത്തിലിറക്കാന്‍ കഴിയുന്ന മറ്റൊരു ഗ്രന്ഥമായിരുന്നു. ഇന്ത്യയെ തന്നെ അത്തരമൊരു ലെന്‍സിലൂടെ വായിച്ചെടുക്കാന്‍ നാമൊരുപക്ഷേ, ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

ധുനിക ഇന്ത്യ എന്ന യാഥാര്‍ത്ഥ്യത്തിന്റെ ധാതുക്കള്‍ തേടിയുള്ള അന്വേഷണത്തിന്റെ ഒരു സുപ്രധാന സാക്ഷി പത്രമാണ് ‘Brahmin and Non-Brahmin’ എന്ന പേരില്‍ 2007 ല്‍ പ്രസിദ്ധീകൃതമായ പുസ്തകം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു നാഗരികത ആധുനികതയെ എത്തരത്തില്‍ നിര്‍വചിക്കുന്നു എന്നും, അതില്‍ കൈമോശം വരുന്ന; അല്ലെങ്കില്‍ വരുത്തുന്ന ദളിത് വിഭാഗങ്ങളുടെ സ്വരം എങ്ങനെ വീണ്ടെടുക്കാം എന്ന് പരിശോധിക്കുന്ന’ ഇന്ത്യയിലെ തന്നെ, ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ തന്നെ, പ്രതിരോധ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിച്ച തമിഴ്‌നാട് എന്ന സംസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്ന കൃതി. ഇതിന്റെ രചയിതാവ് എന്ന രീതിയിലാണ് എം. എസ്. എസ്. പാണ്ഡ്യനെ (1957-2014) ഇന്ന് ലോകം അറിയുന്നത്.
വികാരം, വിജയം, വിശ്വാസം തുങ്ങിയ മാമൂലുകളില്‍ പെട്ടുഴറുന്ന ചരിത്രം എന്ന വിജ്ഞാന പദ്ധതിയെ, തെല്ലിട സമൂഹത്തോട്; അല്ലെങ്കില്‍ സാമൂഹ്യശാസ്ത്രത്തോട് ചേര്‍ത്ത് നിര്‍ത്തി ഇന്ത്യന്‍ ദേശീയതയെ, അതിന്റെ ചരിത്രത്തെ അപനിര്‍മ്മിക്കാന്‍ തുനിഞ്ഞിറങ്ങിയ അപൂര്‍വ്വ പ്രതിഭാശാലി. പില്‍ക്കാലത്ത്, സബാള്‍ട്ടേണ്‍ ഹിസ്റ്റോറിയന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും അത്തരത്തിലുള്ള നാമധേയങ്ങള്‍ക്കതീതമായി വര്‍ത്തിച്ചിരുന്ന മൗലികമായ വിജ്ഞാനത്വരയുടെ ഉറവിടമായിരുന്നു അദ്ദേഹം.
പാണ്ഡ്യനെ കോണ്‍ഫ്രസുകളിലും, സെമിനാറുകളിലും വലയം ചെയ്തിരുന്ന വിജ്ഞാനകൗതുകികളുടെ യുവത്വം, അത് അദ്ദേഹത്തിന്റെ ഈ മൗലികതയെ അല്ലേ വിളിച്ചറിയിച്ചിരുന്നത്. അക്കാമിക്‌സില്‍ എങ്ങിനെ പുനര്‍ജ്ജീവിപ്പിക്കും എന്ന സ്ഥായിയായ ചോദ്യം ഉന്നയിക്കാന്‍ കഴിയുന്ന ചിന്തകര്‍ നമ്മുടെ ഇടയില്‍ നിന്നും കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു എന്ന സത്യം മാത്രം വിളിച്ചു പറഞ്ഞു കൊണ്ടാണ് പാണ്ഡ്യന്റെ വിട വാങ്ങല്‍.
‘Butkarma had lost some of its explanatory power under colonialism – as we will soon see’ (Pandian, P.150, Brahmin & Non Brahmin)
പാണ്ഡ്യന്റെ അക്കാദമിക്കല്‍ ജീവിതത്തിന്റെ നാഴികക്കല്ലായി നിലകൊള്ളുന്ന പ്രസ്തുതഗ്രന്ഥത്തിന്റെ സവിശേഷത എന്തെന്നാല്‍, ഇന്ത്യയിലെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രാരംഭദശകങ്ങളെക്കുറിച്ചുള്ള ചരിത്രാവലോകത്തില്‍, അത് സംസ്‌കാരത്തിനും രാഷ്ട്രീയത്തിനും ഉള്ള പ്രത്യേക സ്ഥാനങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കുന്നു എന്നുള്ളതാണ്.
Non Brahmin എന്ന പുതിയ സ്വത്വം ഉദയം കൊള്ളുന്നത് ജസ്റ്റിസ് പാര്‍ട്ടി 1916 ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വേറിട്ട് പോന്ന്, ചെന്നൈയില്‍ വെച്ച് ഒരു Non-Brahmin Manifesto പ്രസിദ്ധീകരിച്ച്, അതില്‍ സ്വയംഭരണം ഇന്ത്യയില്‍ ബ്രാഹ്മണേതര സമുദായങ്ങള്‍ക്ക് ഗുണം ചെയ്യുകയില്ല എന്ന സമര്‍ത്ഥിക്കുന്നതോടെയാണ്. സാംസ്‌കാരികമായ ഒരു വിതാനത്തില്‍ നിന്നും, ഇതിനു മുന്‍പേ തന്നെ ബ്രാഹ്മണമേധാവിത്വത്തെ ചോദ്യം ചെയ്ത ബുദ്ധമത പ്രചാരികനായ അയ്യോതി ദാസിന്റെയും, ശൈവമതവിശ്വാസിയായ മരൈമലൈ അടികളുടെയും സംഭാവനകള്‍ അദ്ദേഹം നമുക്ക് കാണിച്ചു തരുന്നുണ്ട്. സാംസ്‌കാരികമായ ഈചലനങ്ങളെ രാഷ്ട്രീയ വിതാനത്തില്‍ എങ്ങിനെയാണ് സ്വത്വാവിഷ്‌കരണത്തില്‍ വേണ്ടി ജസ്റ്റിസ് പാര്‍ട്ടി ഉപയോഗിക്കുന്നത് എന്നതും ഈ പഠനം അന്വേഷണവിഷയമാക്കുന്നുണ്ട്. കൊളോണിയല്‍ സംവിധാനത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഈ ദ്വന്ദ്വങ്ങളുടെ അപനിര്‍മ്മിതി എന്ന നിലയില്‍ തമിഴ്‌നാട് എന്ന സംസ്ഥാനത്തിന്റെ ആധുനിക രാഷ്ട്രീയ പരിസരങ്ങളെ വ്യക്തമായി, വേര്‍തിരിച്ച് കാണിച്ച് തരുന്ന ഒരു നൂതന ഉദ്യമമായിരുന്നു തീര്‍ച്ചയായും പാണ്ഡ്യന്റേത്.
ഈയൊരു പുസ്തകത്തിലൊതുക്കാന്‍ കഴിയുന്നതല്ല. പാണ്ഡ്യന്റെ അന്വേഷണങ്ങള്‍. അദ്ദേഹത്തിന്റെ തന്നെ ‘The Image Trap’ (1992) എന്നൊരു പഠനം സിനിമയെക്കുറിച്ച്, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍, നേരത്തെ നിലവിലുണ്ട്. വൈവിധ്യത്തിന്റെതായ ഒരു തലം സ്വന്തം വ്യക്തിത്വത്തിലെന്നപോലെ സ്വന്തം ഗവേഷണത്തിലും അദ്ദേഹം നിലനിര്‍ത്തിയിരുന്നു.
കാര്‍ഷികമേഖലയിലെ പരിവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം തമിഴ്‌നാട്ടില്‍, നാഞ്ചിലനാട് എന്ന പ്രദേശത്തിന്റെ വെളിച്ചത്തില്‍ നടത്തിയിട്ടുള്ള പഠനവും (1990),ചരിത്രവിദ്യാത്ഥികളെ സംബന്ധിച്ചിടത്തോളമെങ്കിലും പരാമര്‍ശവിധേയമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിമേഖല പ്രധാനമായും ചെന്നൈയിലും ഡല്‍ഹിയിലുമായിരുന്നു. പക്ഷേ, കൊച്ചിയില്‍ നിന്നും 1990 കളില്‍ പ്രസിദ്ധീകരിച്ചിരുന്ന Soth Indian Studies എന്ന ജേര്‍ണല്‍ അദ്ദേഹം എഡിറ്റ് ചെയ്തിരുന്നു. അതുപോലെ1980 കളില്‍ കൊല്‍ക്കത്തയിലും അദ്ദേഹം ജോലിയെടുത്തതായി സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഇന്ത്യയ്ക്ക് വെളിയില്‍ മിസ്‌കോന്‍സില്‍,SOAS (ലണ്ടന്‍), കേംബ്രിഡ്ജ് എന്നിവിടങ്ങളിലേക്കും അദ്ദേഹത്തിന്റെ പ്രവൃത്തിമേഖല വ്യാപിക്കുന്നുണ്ട്.
തീവ്രമായ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളെ നേരിടുന്ന രീതിയിലുള്ള ധിഷണാശക്തിയുടെ ഉടമയായിരുന്ന പാണ്ഡ്യന്‍. മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ദൗത്യങ്ങളില്‍ ഒന്ന് ഒരുപക്ഷേ, ആധുനികതയുടെയും കോളനി വാഴ്ചയുടെയും സങ്കീര്‍ണ്ണതകളെ ആഴത്തിലിറക്കാന്‍ കഴിയുന്ന മറ്റൊരു ഗ്രന്ഥമായിരുന്നു. ഇന്ത്യയെ തന്നെ അത്തരമൊരു ലെന്‍സിലൂടെ വായിച്ചെടുക്കാന്‍ നാമൊരുപക്ഷേ, ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

Top