വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വം: ദേശീയതയും ജനാധിപത്യവും പുതിയ കാഴ്ച്ചപ്പാടില്‍

ഇന്ത്യയുടെ ദേശീയ സവിശേഷത വൈവിദ്ധ്യമാണ്. ഇത് നാനാത്വമല്ല. നാനാത്വം ഏകമുഖമായ ഘടകങ്ങളായിരിക്കുമ്പോള്‍, വൈവിധ്യം വ്യതിരിക്ത ഘടകങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ഈ വൈവിദ്ധ്യങ്ങളില്‍ മതപരവും ഭാഷാപരവും പ്രാദേശികവുമായവയില്‍ ഏറ്റവും മുഖ്യം സാമുദായികമാണ്. ദേശീയ പ്രക്ഷോഭണകാലത്ത് തന്നെ രാഷ്ട്രീയ ഭദ്രതയ്ക്ക് സാമുദായിക ഭദ്രത അനിവാര്യമാണെന്നും സാമൂഹ്യഭദ്രതയുടെ ഉള്ളടക്കം സാമുദായിക നീതിയാണെന്നും സാമുദായിക നീതി സാമൂഹ്യമേഖലയ്ക്ക് മാത്രമല്ല സാമ്പത്തിക മേഖലയ്ക്ക് കൂടി ബാധകമാക്കണമെന്നും ഡോ. അംബേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യനീതി ഭരണഘടനാപരമായ സാമൂഹ്യഅവകാശങ്ങളില്‍ മാത്രം നിലനിര്‍ത്തുക വഴി ബഹുഭൂരിപക്ഷത്തിനെതിരായി ചില പ്രത്യേക സമുദായങ്ങള്‍ക്ക് പ്രയോജനകരമായ സാമൂഹ്യഅവസ്ഥയാണ് ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നത്. ഇത് ഹിന്ദു സമുദായത്തിലെ സവര്‍ണ്ണഹിന്ദുക്കളൊഴിച്ചുള്ള ബഹുഭൂരിപക്ഷം സമുദായങ്ങള്‍ക്കും, ഹൈന്ദവേതര മതങ്ങള്‍ക്കും എതിരായി ജനാധിപത്യത്തെമാറ്റിതീര്‍ത്തിരിക്കുന്നു. തന്മൂലം മറ്റെല്ലാവൈരുദ്ധ്യങ്ങളേയും പിന്തള്ളിക്കൊണ്ട് സാമുദായിക നീതി ഉള്ളടക്കമാക്കിയിട്ടുള്ള സാമൂഹ്യനീതി ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

1943 ജനുവരി 13 ന് നടത്തിയ ഒരു പ്രഭാഷണത്തില്‍ ഡോ. അംബേദ്ക്കര്‍ പറഞ്ഞു. ‘ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ മുന്നുപാധി ഒരു ജനാധിപത്യ സമൂഹമാണ്. സാമൂഹ്യജനാധിപത്യത്തിന്റെ അഭാവത്തില്‍ ജനാധിപത്യത്തിന്റെ ഔപചാരികമായ ചട്ടക്കൂടിന് വിലയുണ്ടാവില്ല. അത് ഇണങ്ങാത്ത കണ്ണിയായിത്തീരും. ജനാധിപത്യമെന്നത് ഒരു ഭരണകൂടരൂപമല്ല, മറിച്ച അതൊരു സമൂഹരൂപമാണ്’. ഈ സമൂഹരൂപത്തില്‍ ഐക്യവും സാമൂഹ്യലക്ഷ്യവും സഹഭാവവും ഉണ്ടായില്ലെങ്കില്‍ കൂടി പ്രതിബന്ധങ്ങളില്‍ നിന്നും മുക്തമായ സാമൂഹ്യസംഘടനാ രൂപവും ഒറ്റപ്പെടുത്തലിനെയും വേര്‍തിരിക്കലിനെയും നിഷേധിക്കുന്ന സാഹോദര്യവും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
അരനൂറ്റാണ്ടുകാലമായി ഭരണവ്യവസ്ഥയുടെ പിന്‍ബലത്തോടെ നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വം സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട്; മതപരവും സാമുദായികവും ഭാഷാപരവും പ്രദേശപരവും സാമ്പത്തികവുമായ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ അവഗണിക്കാനാവാത്ത പിന്നോക്കാവസ്ഥയും സമ്പന്നരും ദരിദ്രരുമായുള്ള ആഴമേറിയ അന്തരവും പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഢനങ്ങളും ഇനിയും പരിഹരിയ്ക്കപ്പെടേണ്ട പ്രശ്‌നങ്ങളായി നിലനില്‍ക്കുകയാണ്. മുന്‍ചൊന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഒരു ദേശീയ ഉയിര്‍ത്തെഴുന്നേല്പ്പിലേക്ക് നയിക്കുന്ന രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുന്നുവെന്ന് ഭരിക്കുന്നവരില്‍ നിന്നുപോലും മുറവിളി ഉയരുമ്പോള്‍, അഞ്ച് പതിറ്റാണ്ട് കാലത്തെ സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പരാജയമാണ് തുറന്നുകാട്ടുന്നത്. മാത്രമല്ല, ഇന്ന് നടപ്പാക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും നയങ്ങള്‍ സാമ്പത്തിക സാമൂഹ്യ വൈരുദ്ധ്യങ്ങളെ ദ്രുതഗതിയില്‍ ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിലപാടു കൈക്കൊള്ളേണ്ടതുണ്ടെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഈ നയാവിഷ്‌ക്കാരം കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും, ഭാരതീയ ജനതാപാര്‍ട്ടിയുമടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ക്കും വിവിധ പ്രാദേശിക പാര്‍ട്ടികള്‍ക്കും കഴിയില്ലെന്ന് തെളിയിച്ചുകൊണ്ട് സാമൂഹ്യവികാസത്തിന്റെ ചാലകശക്തിയായി പുത്തന്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
അവ ആദിവാസികളുടെ നിലനില്‍പ്പിനായുള്ള സമരങ്ങള്‍, ദളിത് മുന്നേറ്റങ്ങള്‍ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യസമരങ്ങള്‍, മതന്യൂനപക്ഷങ്ങളുടെ ചെറുത്തുനില്പുകള്‍, സ്വയം ഭരണത്തിനും സ്വയം നിര്‍ണയത്തിനും വേണ്ടിയുള്ള പ്രക്ഷോഭണങ്ങള്‍, തൊഴില്‍ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രക്ഷോഭണങ്ങള്‍, സ്ത്രീകളുടെ ലിംഗാവകാശത്തിനായുള്ള സമരങ്ങള്‍, പ്രകൃതിയുടെയും മനുഷ്യരുടെയും വിനാശത്തിന്നിടയാക്കുന്ന വികസന നയങ്ങള്‍ക്കെതിരായ സമരങ്ങള്‍, കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്കുള്ള സമരങ്ങള്‍, പൗരാവകാശ പ്രക്ഷോഭണങ്ങള്‍, വരേണ്യസംസ്‌കാരികാധിപത്യത്തിനെതിരായ സമരങ്ങള്‍ എന്നിവയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമോ പിന്തുണയോ ഇല്ലാത്ത ഈ പ്രക്ഷോഭണങ്ങള്‍, ദേശീയത, ജാതിവിരുദ്ധത, മതേതരത്വം, ഫെഡറലിസം, സ്വാശ്രയത്വം എന്നിവയുടെ പുനര്‍ നിര്‍ണ്ണയനവും സാമുദായിക നീതിയും സാമ്പത്തികനീതിയും ഉള്‍ക്കൊള്ളുന്നു. ഈ ഘട്ടത്തില്‍ ദളിതുകളുടെ രാഷ്ട്രീയം ഏത് ദിശാബോധമാണ് ആര്‍ജ്ജിക്കേണ്ടത്? ദേശീയ രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കണ്ടെത്താനോ, ജനാധിപത്യത്തിന്റെ ഘടനാപരമായ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കുകയോ?

  • സാമുദായിക നീതിയുടെ രാഷ്ട്രീയവത്ക്കരണം

ഇന്ത്യയുടെ ദേശീയ സവിശേഷത വൈവിദ്ധ്യമാണ്. ഇത് നാനാത്വമല്ല. നാനാത്വം ഏകമുഖമായ ഘടകങ്ങളായിരിക്കുമ്പോള്‍, വൈവിധ്യം വ്യതിരിക്ത ഘടകങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ഈ വൈവിദ്ധ്യങ്ങളില്‍ മതപരവും ഭാഷാപരവും പ്രാദേശികവുമായവയില്‍ ഏറ്റവും മുഖ്യം സാമുദായികമാണ്. ദേശീയ പ്രക്ഷോഭണകാലത്ത് തന്നെ രാഷ്ട്രീയ ഭദ്രതയ്ക്ക് സാമുദായിക ഭദ്രത അനിവാര്യമാണെന്നും സാമൂഹ്യഭദ്രതയുടെ ഉള്ളടക്കം സാമുദായിക നീതിയാണെന്നും സാമുദായിക നീതി സാമൂഹ്യമേഖലയ്ക്ക് മാത്രമല്ല സാമ്പത്തിക മേഖലയ്ക്ക് കൂടി ബാധകമാക്കണമെന്നും ഡോ. അംബേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യനീതി ഭരണഘടനാപരമായ സാമൂഹ്യഅവകാശങ്ങളില്‍ മാത്രം നിലനിര്‍ത്തുക വഴി ബഹുഭൂരിപക്ഷത്തിനെതിരായി ചില പ്രത്യേക സമുദായങ്ങള്‍ക്ക് പ്രയോജനകരമായ സാമൂഹ്യഅവസ്ഥയാണ് ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നത്. ഇത് ഹിന്ദു സമുദായത്തിലെ സവര്‍ണ്ണഹിന്ദുക്കളൊഴിച്ചുള്ള ബഹുഭൂരിപക്ഷം സമുദായങ്ങള്‍ക്കും, ഹൈന്ദവേതര മതങ്ങള്‍ക്കും എതിരായി ജനാധിപത്യത്തെമാറ്റിതീര്‍ത്തിരിക്കുന്നു. തന്മൂലം മറ്റെല്ലാവൈരുദ്ധ്യങ്ങളേയും പിന്തള്ളിക്കൊണ്ട് സാമുദായിക നീതി ഉള്ളടക്കമാക്കിയിട്ടുള്ള സാമൂഹ്യനീതി ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
സാമൂഹ്യനീതി നിഷേധത്തിലൂടെ രാജ്യമിന്ന് സാമുദായിക വൈരുദ്ധ്യങ്ങളെക്കൊണ്ട് കീറി മുറിഞ്ഞിരിക്കുകയാണ്. സ്വാതന്ത്ര്യപ്രാപ്തിക്ക് തൊട്ടുമുമ്പുള്ള ഘട്ടങ്ങളില്‍ മുസ്ലീംങ്ങള്‍ക്കെതിരായുള്ള ലഹളകളില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം വിസമ്മതിച്ചിരിക്കുന്നു. പിന്നീടാകട്ടെ ഭരണകൂടത്തിന്റെ പരോക്ഷമായ പിന്തുണയും ഇപ്പോള്‍ പ്രത്യക്ഷമായ പിന്തുണയും മുസ്ലീം വിരുദ്ധ ലഹളകള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് ഹിന്ദു സമുദായത്തില്‍ ഉള്‍പ്പെട്ടവരെന്ന് കരുതപ്പെടുന്ന ദളിതുകള്‍ക്കും ബാധകമായിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദളിതുകള്‍ക്കെതിരായി നടന്ന കൂട്ടക്കൊലകള്‍ തടയാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, തമിഴ്‌നാട്ടിലെ കീഴ്‌വെണ്‍മഗ്രാമത്തില്‍ നടന്ന കൂട്ടക്കൊലയില്‍ നീതി നിര്‍വ്വഹണവിഭാഗം സവര്‍ണ്ണഹിന്ദുപക്ഷത്തെ നഗ്നമായി പിന്തുണയ്ക്കുകയായിരുന്നു. ഇത്തരം കടന്നാക്രമണങ്ങളുടെ ലക്ഷ്യം പുത്തന്‍ വംശീയ ആധിപത്യമാണ്.
ഇതേ പശ്ചാത്തലത്തിലാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഭരണകൂടം ദീര്‍ഘകാലം വിസമ്മതിച്ചത്. ജനസംഖ്യയിലെ 52% പിന്നോക്ക സമുദായങ്ങള്‍ക്ക് സാമുദായിക നീതി വാഗ്ദാനം ചെയ്ത മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സവര്‍ണമേധാവികള്‍ നടത്തിയ പ്രക്ഷോഭണങ്ങള്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ മര്‍ദ്ദക സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം ജാര്‍ഖണ്ഡുകള്‍, ഗൂര്‍ഖകള്‍ എന്നീ ദേശീയ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണാവകാശങ്ങള്‍ നിഷേധിച്ചും, ആദിവാസി ഭൂമി അന്യായമായി പിടിച്ചെടുത്തും, പട്ടികവര്‍ഗ്ഗ സ്വയംഭരണ കൗണ്‍സിലുകള്‍ ദുര്‍ബലമാക്കിയും സാമുദായിക നീതിയുടെ നിഷേധം സാര്‍വ്വത്രികമാക്കുകയായിരുന്നു. ഇത് ഗവണ്‍മെന്റിനേയും സവര്‍ണ്ണ ഹിന്ദു താത്പര്യങ്ങളേയും ഒന്നാക്കി രാജ്യത്തെ സവര്‍ണ്ണ ഹിന്ദു ഫാസിസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.

______________________________
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാനുള്ള പ്രക്ഷോഭണവും അതിനെതിരെ സവര്‍ണ്ണവിഭാഗങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളും ഹിന്ദുസമുദായത്തിന്റെ ജാതീയ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുക മാത്രമല്ല, ജനസംഖ്യയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണ്ണ മേധാവികളെ ഒറ്റപ്പെടുത്തുക കൂടിയായിരുന്നു. സാമൂഹ്യമായ ഈ ഒറ്റപ്പെടലിനെ അതിജീവിക്കുവാന്‍ സാമ്പത്തിക മേഖലയില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സാമ്രാജ്യത്വാശ്രിതത്വം സ്വീകരിക്കുവാന്‍ ബ്രാഹ്മണിസം നിര്‍ബന്ധിതമായിത്തീര്‍ന്നു.
______________________________

1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് സംഘപരിവാറിലൂടെ രൂപം കൊണ്ട മതേതരത്വത്തിനെതിരായ വെല്ലുവിളിയെന്നതിനപ്പുറം ഭരണകൂടത്തിന്റയും സവര്‍ണ്ണ മേധാവിത്വത്തിന്റെയും താത്പര്യങ്ങള്‍ ഒന്നായതിന്റെ ഉദാഹരണമാണ്. ഈ അവസ്ഥ രാജ്യത്തിന്റെ  ഫെഡറല്‍ രാഷ്ട്രഘടനയ്ക്ക് പകരം വംശീയാധിപത്യമുള്ള കേന്ദ്രീകരണമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. 1980 കളില്‍ രാജ്യമെമ്പാടും മുഴങ്ങിക്കേട്ട ‘അഖണ്ഡഭാരതം’ ‘ഒരൊറ്റ ഇന്ത്യ’ ‘ഒരൊറ്റ ജനത’ ഇപ്പോള്‍ ബി. ജെ. പി. മുഴക്കുന്ന ‘ഒരു ദേശം’ ‘ഒരു ജനത’ ‘ഒരു സംസ്‌കാരം’ എന്നീ മുദ്രാവാക്യങ്ങള്‍ ദേശീയ വൈവിദ്ധ്യങ്ങളെ അടിച്ചമര്‍ത്തി ബ്രാഹ്മണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛയാണ്. ഇപ്രകാരം സാമുദായിക അവകാശങ്ങള്‍ മാത്രമല്ല, മറ്റെല്ലാ ജനാധിപത്യമൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ദളിത്/പിന്നോക്ക ന്യൂനപക്ഷ ജനതകള്‍ ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം സവര്‍ണ്ണാധിപത്യത്തിനും കാര്‍ഷിക വ്യവസായിക കുത്തകാധിപത്യത്തിനുമെതിരെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്നതിന്റെ ഫലമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ബഹുജനസംഘടനകള്‍ എന്നിവ ദേശവ്യാവകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ മുന്നണികളുടെ മുന്നണിയിലെത്തുമ്പോള്‍ ദളിത് രാഷ്ട്രീയം സമകാലീന ഇന്ത്യയില്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള ദേശീയ മുന്നേറ്റമാകുന്നു.

  • സാമ്പത്തികാവസ്ഥയുടെ പ്രത്യാഘാതം

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാനുള്ള പ്രക്ഷോഭണവും അതിനെതിരെ സവര്‍ണ്ണവിഭാഗങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളും ഹിന്ദുസമുദായത്തിന്റെ ജാതീയ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുക മാത്രമല്ല, ജനസംഖ്യയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണ്ണ മേധാവികളെ ഒറ്റപ്പെടുത്തുക കൂടിയായിരുന്നു. സാമൂഹ്യമായ ഈ ഒറ്റപ്പെടലിനെ അതിജീവിക്കുവാന്‍ സാമ്പത്തിക മേഖലയില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സാമ്രാജ്യത്വാശ്രിതത്വം സ്വീകരിക്കുവാന്‍ ബ്രാഹ്മണിസം നിര്‍ബന്ധിതമായിത്തീര്‍ന്നു. 1991 ല്‍ നടപ്പിലാക്കപ്പെട്ട ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും ഈ അടിസ്ഥാനത്തിലാണ് വിലയിരുത്തെപ്പെടേണ്ടത്.
സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയാധികാരം രൂപം കൊള്ളുമ്പോള്‍ സ്വാശ്രിതത്വത്തെക്കുറിച്ച് വിവിധ കാഴ്ച്ചപ്പാടുകള്‍ നിലനിന്നിരുന്നു. ടാറ്റാ-ബിര്‍ളമാരുടെ ബോംബെ പദ്ധതി, ശ്രീമന്‍നാരായണന്റെ ഗാന്ധിയന്‍ പദ്ധതി, എം. എന്‍. റോയിയുടെ ജനകീയ പദ്ധതി, എ. ഐ. സി. സി. യുടെ ജനകീയ ആസൂത്രണ കമ്മീഷന്‍ പദ്ധതി എന്നിവയായിരുന്നു അവ. ഈ ആസൂത്രണ പദ്ധതിയുടെ ലക്ഷ്യം ദേശീയ സ്വത്തുകൊണ്ട് പൊതുമേഖല കെട്ടിപ്പടുക്കുകയും പൊതുമേഖലയുടെ തണലില്‍ സ്വകാര്യമേഖലയെ വികസിപ്പിക്കുകയുമായിരുന്നു. സര്‍ക്കാര്‍ മൂലധനം കൊണ്ട് നിലനിന്ന പൊതുമേഖലയുടെ നിയന്ത്രണം പൂര്‍ണ്ണമായും ബ്രാഹ്മണര്‍ക്കായിരുന്നു, മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളായ ബാങ്കുകള്‍, എല്‍. ഐ. സി., ജി. ഐ. സി. എന്നിവയുടെ തലപ്പത്തും ബ്രാഹ്മണരാണുള്ളത്. സാമ്പത്തികാധിപത്യം, അധികാരം, പദവി എന്നിവയുടെമേലുള്ള കുത്തക മൂലം സാമ്രാജ്യത്വ ശക്തികളും രാജ്യത്തിനുള്ളിലെ ഭൂപ്രഭുക്കന്മാരുമായുള്ള സവര്‍ണരുടെ സഖ്യവും രൂപംകൊണ്ടു. ഫലമോ ഭൂപരിഷ്‌ക്കരണങ്ങളുടെ അഭാവത്തില്‍ ഭൂമിയുടെ 50% ജനസംഖ്യയിലെ 10 ശതമാനം ഇവര്‍ കൈയ്യടക്കിയിരിക്കുകയുമാണ്. തത്ഫലമായി, കാര്‍ഷിക മേഖലയെ  ആശ്രയിച്ച് ഉപജീവനം കഴിയുന്നവര്‍ 1951 ല്‍ 19.1 ദശലക്ഷമായും വര്‍ദ്ധിച്ചു. (1.9 മടങ്ങു വര്‍ദ്ധന) കാര്‍ഷിക മേഖലയിലെ കുത്തകാവകാശത്തിന്റെ ഫലമായി 1977-78 ല്‍ ജനസംഖ്യയില്‍ 51 ശതമാനം ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെയായിരുന്നു. ഇതേ സമയം 1951 ല്‍ 28 ശതമാനമായിരുന്ന കാര്‍ഷികത്തൊഴിലാളികള്‍ 1971 ല്‍ 35% മായി മാറി. സാമ്പത്തിക മേഖലയില്‍ സാമൂഹ്യനീതി നിഷേധം ദളിതുകളുള്‍പ്പെടുന്ന ദാരിദ്രജനങ്ങളെ ഉദാരവത്ക്കരണത്തിന്റെ ഇരകളാക്കുന്നവിധം ദാരിദ്ര നിര്‍മ്മാര്‍ജനത്തിന്റെയും സഹായധനങ്ങളുടെയും നടപടികളാണ് സ്വീകരിക്കപ്പെട്ടത്. ഇതിന്റെ ലക്ഷ്യമാകട്ടെ, മര്‍ദ്ദിത ഭൂരിപക്ഷത്തെ മാറ്റമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിലനിര്‍ത്തുകയാണ്.

ഇതേസമയം വ്യാവസായിക രംഗത്തെ സ്ഥിതിയും ഭിന്നമല്ല. 1963 – ല്‍ 75 കുത്തക കുടുംബങ്ങളുടെ ആസ്തി 55% ത്തില്‍ നിന്നും 1976 ല്‍ 75% ലേക്ക് കുതിച്ചുയര്‍ന്നു. തൊഴില്‍ രഹിതരുടെ സംഖ്യ 1951 ല്‍ 5.1 ദശലക്ഷമായിരുന്നെങ്കില്‍ 1979 ല്‍ 15.6 ദശലക്ഷമായി മാറി. വ്യാവസായിക മേഖലയിലെ സ്വത്തുടമയില്‍ രൂപംകൊണ്ട ഈ ഭീമമായ അന്തരം നിലനില്‍ക്കുമ്പോഴാണ് 1980 കളില്‍ ഉദാരവത്ക്കരണ നടപടികള്‍ ആരംഭിക്കപ്പെടുന്നത്. ഫലമോ, ഇറക്കുമതിക്കുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിലൂടെ രാജ്യമിന്ന് ഉപഭോഗ വസ്തുക്കളുടെ ചന്തയായി മാറി. സ്വദേശിയും വിദേശിയുമായ വ്യവസായ സംരംഭങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കയറ്റുമതി നയം ദേശീയ വ്യവസായങ്ങളെയും ചെറുകിട ഉല്‍പാദനങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ഒപ്പം പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ദേശീയോത്പാദനവും തൊഴില്‍ ശക്തിയും അവഗണിക്കപ്പെടുകയുമാണ്. കാര്‍ഷിക – വ്യവസായിക മേഖലയുടെ തകര്‍ച്ചയും ഉല്‍പാദന മേഖലയിലുള്ള പുത്തന്‍ കൊളോണിയല്‍ ആധിപത്യവും രൂപയുടെ വിലകുറയ്ക്കുകയും വിലക്കയറ്റത്തെ രൂക്ഷമാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഫലമായി ഗ്രാമവികസനത്തിനും സാമൂഹ്യക്ഷേമത്തിനുമുള്ള സംഖ്യ വെട്ടിക്കുറച്ചിരിക്കുന്നതിലൂടെ ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഗവണ്‍മെന്റ് പിന്‍വാങ്ങിയിരിക്കുകയാണ്. പൊതുമേഖലയുടെ സ്വകാര്യവത്ക്കരണവും ധനകാര്യസ്ഥാപനങ്ങളിലെ വിദേശമൂലധന  പങ്കാളിത്തവും ഭരണഘടനാപരമായി നിലനില്‍ക്കുന്ന സംവരണം പോലുള്ള അവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.  സമ്പദ്ഘടനയുടെ പരിവര്‍ത്തനസ്വഭാവം ചൂണ്ടിക്കാട്ടുന്നത്, പൈതൃകമായ സ്വത്തുടമസ്ഥത മാറ്റം വരാതെ നിലനില്‍ക്കുമ്പോള്‍ ഐ. എം. എഫ് ലോകബാങ്ക് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ഭീമ വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങളിലേക്കും കുത്തകകളിലേക്കും ഒഴുകുക വഴി, രാജ്യത്ത് ബ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണ്ണരുടെ സ്വത്ത് അളവില്ലാതെ വര്‍ദ്ധിക്കുന്നുവെന്നതാണ്. ഈ കേന്ദ്രീകൃത സ്വത്തുടമസ്ഥതയുടെ സാമ്രാജ്യത്വവുമായുള്ള സഖ്യമാണ് ന്യൂനപക്ഷമായ സവര്‍ണ്ണരുടെ ആധിപത്യത്തിനു അടിത്തറയായി മാറിയിരിക്കുന്നത്.

  • ആഗോളവത്ക്കരണവും ദളിതുകളും

ആഗോളവത്ക്കരണത്തിന്റെ ദേശീയ പരിപ്രേക്ഷ്യത്തെ നമുക്കവഗണിക്കാനാവുകയില്ല. അത് ഭരണകൂടത്തിന്റെ കടമകള്‍ ഇല്ലാതാക്കി സ്വകാര്യവത്ക്കരണത്തെ ത്വരിതപ്പെടുത്തുന്നുവെന്ന വാദമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, സംഭവിച്ചിരിക്കുന്നതെന്താണ്? ആഗോളവത്ക്കരണം വിഭവ മേഖലകളെയും ജനങ്ങളെയും വിഭജിച്ചാണ് അധികാരത്തിന്റെ ബലതന്ത്രം സൃഷ്ടിച്ചിരിക്കുന്നത്. അതായത്, പ്രായേണ ദളിതുകള്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നതും ആശ്രയിക്കുന്നതുമായ വിപുലമായ വിഭവമേഖലകളില്‍ മൂലധനം വിനിയോഗിക്കാതെ അതിനെ സാമ്രാജ്യത്വവിപണിക്ക് വിധേയമാക്കുന്നു. ഇതേ സമയം ശാസ്ത്രസാങ്കേതിത്വത്തിന്റെയും മൂലധനത്തിന്റെയും ഉറച്ച പിന്തുണയോടെ സാമ്ര്യാജ്യത്വാശ്രിതമായി മറ്റൊരു വരേണ്യ വിഭവമേഖല സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാകട്ടെ, ബൗദ്ധികാദ്ധ്വാനം ഉള്‍ക്കൊള്ളുന്നതും, കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും സര്‍വ്വീസ് മേഖലയുടെയും രാഷ്ട്രീയാധിപത്യത്തിന്റെയും സഹായത്തോടെ ബഹുഭൂരിപക്ഷത്തിന്റെയും സര്‍വ്വാധിപത്യം പുലര്‍ത്തുന്നതുമാണ്. ഈ മേഖല ബ്രാഹ്മണര്‍ക്കും സവര്‍ണര്‍ക്കുമായി തുറന്നിട്ടിരിക്കുന്നതിനാല്‍ ഭൂരിപക്ഷത്തിന്റെ വിഭവോല്‍പണന മേഖലയുടെ വളര്‍ച്ചയും സംരക്ഷണവും നേടാന്‍ സാമ്ര്യാജ്യത്ത്വത്തോടെന്നപോലെ സവര്‍ണ മേധാവിത്വത്തിനുമെതിരായ സമരങ്ങള്‍ അത്യാവശ്യമാണ്. തന്മൂലം ഈ രാഷ്ട്രീയത്തിന്റെ അജണ്ട നിര്‍ണ്ണയിക്കേണ്ടത് ദളിത് – പിന്നാക്ക – ന്യൂനപക്ഷങ്ങളാണ്.

______________________________
ആഗോളവത്ക്കരണത്തിന്റെ ദേശീയ പരിപ്രേക്ഷ്യത്തെ നമുക്കവഗണിക്കാനാവുകയില്ല. അത് ഭരണകൂടത്തിന്റെ കടമകള്‍ ഇല്ലാതാക്കി സ്വകാര്യവത്ക്കരണത്തെ ത്വരിതപ്പെടുത്തുന്നുവെന്ന വാദമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, സംഭവിച്ചിരിക്കുന്നതെന്താണ്? ആഗോളവത്ക്കരണം വിഭവ മേഖലകളെയും ജനങ്ങളെയും വിഭജിച്ചാണ് അധികാരത്തിന്റെ ബലതന്ത്രം സൃഷ്ടിച്ചിരിക്കുന്നത്. അതായത്, പ്രായേണ ദളിതുകള്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നതും ആശ്രയിക്കുന്നതുമായ വിപുലമായ വിഭവമേഖലകളില്‍ മൂലധനം വിനിയോഗിക്കാതെ അതിനെ സാമ്രാജ്യത്വവിപണിക്ക് വിധേയമാക്കുന്നു. ഇതേ സമയം ശാസ്ത്രസാങ്കേതിത്വത്തിന്റെയും മൂലധനത്തിന്റെയും ഉറച്ച പിന്തുണയോടെ സാമ്ര്യാജ്യത്വാശ്രിതമായി മറ്റൊരു വരേണ്യ വിഭവമേഖല സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാകട്ടെ, ബൗദ്ധികാദ്ധ്വാനം ഉള്‍ക്കൊള്ളുന്നതും, കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും സര്‍വ്വീസ് മേഖലയുടെയും രാഷ്ട്രീയാധിപത്യത്തിന്റെയും സഹായത്തോടെ ബഹുഭൂരിപക്ഷത്തിന്റെയും സര്‍വ്വാധിപത്യം പുലര്‍ത്തുന്നതുമാണ്.
______________________________

മറിച്ചാവുമ്പോള്‍ ദലിത് സമരങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട് കേവലാവകാശ സമരങ്ങളായി മാറുമെന്ന് ഉറപ്പാണ്. ആഗോളവത്ക്കരണത്തെ ദലിത് വിഭവമേഖലയുടെ പരിഷ്‌ക്കരണത്തിലൂടെയുള്ള തൊഴിലാളി വര്‍ഗ്ഗവത്ക്കരണമായി വിലയിരുത്തുന്ന ഗെയ്ല്‍ ഓംവെദിന്റെയും വാദങ്ങള്‍ നിരാകരിക്കപ്പെടാനും കാരണമിതാണ്.

  • ദേശീയതയുടെ പുഃനര്‍ നിര്‍വ്വചനം

ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടന്റെ ഭരണകാലത്താണ് ദേശീയത രൂപം കൊള്ളുന്നത്. യൂറോപ്യന്‍ ശക്തികളുടെ അഞ്ഞൂറ് വര്‍ഷക്കാലത്തെ വെട്ടിപ്പിടിക്കലുകള്‍ക്കിടയില്‍ വിദേശശത്രുവിനെതിരായ ദേശീയ ഏകോപനം ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നില്ല.
വിദേശ ആക്രമണങ്ങള്‍ക്കെതിരെ ഒരു ദേശീയ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയാതെ വന്നതിനു കാരണം, ചാതുര്‍വര്‍ണ്യത്തിന്റെയും  ജാതി വ്യവസ്ഥയുടെയും വിഭജനങ്ങള്‍ ആയിരുന്നു. ഫലമോ രാജ്യഭരണവും സൈനികവൃത്തിയും ചില സമുദായങ്ങളുടെ മാത്രം കുത്തകയായി. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിനിന്ന ഈ സാമൂഹ്യവ്യവസ്ഥയില്‍ സൈനീകവൃത്തിയുടെയോ ആയുധങ്ങളുടെയോ പരിഷ്‌ക്കരണം അസാദ്ധ്യമായിരുന്നു. ഡോ. അംബേദ്ക്കര്‍ എഴുതുന്നു. ‘രാജവംശങ്ങള്‍ ഒന്നിന് പുറകെ ഒന്നായി മറിഞ്ഞു വീഴുന്നു. ഒരു വിപ്ലവത്തെ തുടര്‍ന്ന് മറ്റൊരു വിപ്ലവം വളരുന്നു. ഹിന്ദുക്കളും വഗണികളും, മുഗളന്മാരും മറാത്തികളും സിക്കുകാരും ബ്രിട്ടീഷുകാരും യജമാനന്മാരായി മാറി മാറി വരുന്നു. കുഴപ്പങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ സ്വയം ആയുധം ധരിച്ച് തങ്ങളുടെ രക്ഷയക്ക് തയ്യാറാകുന്നു’. രാഷ്ട്രീയ ആധിപത്യത്തിലുപരി വിഭവക്കൊള്ളകള്‍ക്ക് വേണ്ടി നടന്ന വൈദേശിക ആക്രമണങ്ങള്‍ ഏറെയും ബാധിച്ചത് ഉയര്‍ന്ന സമുദായങ്ങളെ ആയിരുന്നു. കാരണം, ധര്‍മ്മശാസനകളനുസരിച്ച് സമ്പത്തും അധികാരവും പദവിയും അവര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ദളിതുകളുള്‍പ്പെടുന്ന ബഹുഭൂരിപക്ഷമാകട്ടെ, നിസ്വരോ പുറമ്പോക്കുകളോ ആയിരുന്നു. ചുരുക്കത്തില്‍ ഗ്രാമസമുദായങ്ങളുടെ സ്വയം ഭരണത്തില്‍ നിലനിന്ന അവസ്ഥ ഡോ. അംബേദ്ക്കറുടെ വീക്ഷണത്തില്‍, ‘പ്രാദേശിക ചിന്തയുടെ കുപ്പത്തൊട്ടിയും അജ്ഞാനത്തിന്റെയും സങ്കുചിത ചിന്തയുടെയും മാളവുമായിരുന്നു’.
1757 ലെ പ്ലാസ്സി യുദ്ധവും, 1764 ലെ ബാക്‌സര്‍ യുദ്ധവും ബ്രിട്ടീഷ് ഈസ്റ്റിഡ്യാകമ്പനിയ്ക്ക് ബംഗാള്‍, ബീഹാര്‍, ഒറീസ്സാ എന്നിവിടങ്ങളില്‍ സിവില്‍ ഭരണാധികാരം നല്‍കി. ഇത് ഇന്‍ഡ്യാ ചരിത്രത്തിലിദംപ്രഥമമായി വൈദേശിക രാഷ്ട്രീയാധിപത്യത്തിന്റെ ആരംഭമായി 1772 ല്‍ വാറന്‍ ഹേസ്റ്റിംഗ്‌സ് ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമ നിര്‍മ്മാണം, നീതി ന്യായപരിപാലനം, പൊതുഭരണം എന്നിവയ്ക്കുള്ള അധികാരങ്ങളുടെ ബ്രിട്ടീഷ് ഭരണകൂടം രൂപംകൊണ്ടു. ഈ പുതിയ ഭരണകൂടം നടപ്പാക്കിയ വ്യവസ്ഥപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയും, വിളകള്‍ യഥാക്രമം കൃഷിക്കാരന്‍, മദ്ധ്യവര്‍ത്തി സര്‍ക്കാര്‍ എന്നിവര്‍ക്കായി വിഭജിക്കാനും തുടങ്ങി. ഈ പുതിയ സമ്പ്രദായത്തില്‍ പ്രത്യാഘാതം ആര്‍. പി. ദത്ത് വിലയിരുത്തുന്നു: ‘പഴയ തറവാടുകളിലെ പിന്മുറക്കാര്‍, തങ്ങളുടെ ഭൂസമ്പത്ത് കല്‍ക്കത്തയിലെ ഉത്തമര്‍ണ്ണന്‍മാരുടെയും ഊഹക്കച്ചവടക്കാരുടെയും കൈകളിലേക്ക് വഴുതിപ്പോകുന്നത് നിസ്സഹായരായി നോക്കിനിന്നു. വിധവകളും ചെറുകിട ജന്മിമാരും, തങ്ങളുടെ കുടിയാന്മാര്‍, കല്‍ക്കത്തയില്‍ നിന്ന് നിയമിതരായ ദുരാഗ്രഹികളും നിര്‍ദ്ദയരുമായ ഏജന്റുമാരാല്‍ പീഡിപ്പിക്കപ്പെടുന്നത് കാണുകയുണ്ടായി.      സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ക്കൊപ്പം 1784 ലെ ആക്ട്പ്രകാരം പ്രാദേശിക കോടതികള്‍ക്കും കൗണ്‍സിലുകള്‍ക്കും വേണ്ട നിയമാവലികള്‍ സൃഷ്ടിച്ചുകൊണ്ട് വ്യക്തികളുടെ അവകാശങ്ങളെയും സ്വത്തുക്കളെയും സംബന്ധിച്ച ലിഖിത നിയമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. ഇപ്രകാരം രാജാവിന്റെ വ്യക്തിപരമയ ഭരണത്തിന്റെ സ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടു. ഫലമോ 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൈതൃകമായി സ്വത്തും അധികാരവും ഉണ്ടായിരുന്ന രാജാക്കന്മാര്‍, നാടുവാഴികള്‍, പ്രഭുക്കന്മാര്‍ എന്നിവര്‍ ദുര്‍ബ്ബലരാകാന്‍ തുടങ്ങി. ഈ നാടുവാഴിത്തത്തിന്റെ പിന്തുണയോടെ നിലനിന്ന ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും തകര്‍ച്ചയെ നേരിട്ടു. ഗ്രാമത്തിനകത്ത് നാല് വര്‍ണങ്ങളും ഗ്രാമത്തിന് പുറത്ത് അയിത്തക്കാരുമെന്ന വര്‍ണനിയമവും, ജാതിവ്യവസ്ഥയിലെ സാമ്പദായിക തൊഴിലുകളുടെ നിര്‍വ്വഹണവും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതോടെ, അസ്പൃശ്യതയ്‌ക്കെതിരായ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ട് സാമൂഹ്യവിപ്ലവത്തിന്റെ രൂപം കൈക്കൊണ്ടു. ഇതോടെ ബ്രിട്ടീഷ് ഭരണപരിഷ്‌ക്കാരങ്ങളിലൂടെ സമ്പത്തും, അധികാരവും, പദവിയും നഷ്ടപ്പെട്ട സവര്‍ണ്ണ സമുദായങ്ങള്‍, തങ്ങളുടെ സ്ഥാനമാനങ്ങള്‍ തിരിച്ചു പിടിയ്ക്കാന്‍ മതപരിഷ്‌ക്കരണങ്ങളെ ആശ്രയിച്ചു. ഡോ. കെ. എന്‍. പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു, ’19-ാം നൂറ്റാണ്ടിലെ എല്ലാ പരിഷ്‌ക്കര പ്രസ്ഥാനങ്ങളും സാമൂഹ്യമാറ്റത്തിന്റെ ഉപകരണമായി മതത്തിന്റെ അനുമതി തേടാനുള്ള ശ്രമം നടന്നു. കൊളോണിയലിസത്തിനു മുമ്പുള്ള ഇന്‍ഡ്യയില്‍ വേദപഠനം മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. മതത്തിന്റെ പിന്‍ബലമുണ്ടായിരുന്ന സാമൂഹ്യാചാരങ്ങള്‍ മാറ്റുവാന്‍ മതത്തിന്റെ അംഗീകാരത്തോടുകൂടിയ ഇടപെടലുകള്‍ വേണമെന്ന് പരിഷ്‌കരണവാദികള്‍ വാദിച്ചു. യൂറോപ്പിന്റേതില്‍ നിന്നും ഭിന്നമായ ഈ മതപരിഷ്‌ക്കരണങ്ങളുടെ മുന്‍പന്തിയില്‍ നിന്നും സവര്‍ണ്ണമേധാവികള്‍ വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സംസ്‌കൃതത്തിന്റെയും സ്വാധീനം കൊണ്ട് ഇന്‍ഡ്യ ഒരൊറ്റ ദേശീയതയാണെന്ന വാദമുന്നയിച്ചു. ബ്രാഹ്മണാധിപത്യവും സവര്‍ണ മേധാവിത്വവും പുനഃസ്ഥാപിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ ദേശീയവാദത്തിന് പിന്‍ബലം നേടാന്‍ ചാതുര്‍വര്‍ണ്ണ്യത്തെ സാമൂഹ്യാദര്‍ശമാക്കി പരിഷ്‌ക്കരണവാദികള്‍ ഉയര്‍ത്തിപ്പിടിച്ചു’.
ചാതുര്‍വര്‍ണ്യത്തിന്റെ സാമൂഹ്യവത്ക്കരണം ബ്രാഹ്മണ ക്ഷത്രിയ വൈശ്യ – ശൂദ്ര വര്‍ണങ്ങളെ ദേശീയ നേതൃത്വത്തിലേയ്ക്കുയര്‍ത്തിയപ്പോള്‍ അയിത്തക്കാരെ അന്യവത്ക്കരിച്ചു. ഇതോടൊപ്പം നടന്ന ആര്യാവര്‍ത്തനത്തിന്റെ പുനഃസ്ഥാപനം ദക്ഷിണേന്ത്യന്‍ മേഖലകളെയും ദ്രാവിഡ ജനപഥങ്ങളെയും ദേശീയതകളില്‍ നിന്നും വെട്ടിമാറ്റുന്നതായിരുന്നു. സംസ്‌കൃതത്തിന് കിട്ടിയ അമിത പ്രാധാന്യം പ്രാദേശിക ഭാഷകളെയും അതിലൂടെ പ്രാദേശിക വര്‍ണ്ണ സമുദായങ്ങളെയും ദേശീയതയ്ക്ക് സ്വീകാര്യമല്ലാതാക്കി. ഈ ദേശീയതാ രൂപീകരണത്തിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരുന്നു. മഹാരാഷ്ട്രയില്‍ ജ്യോതി ബാഫൂലെയുടെ നേതൃത്വത്തിലുയര്‍ന്ന അബ്രാഹ്മണ പ്രസ്ഥാനം ബ്രാഹ്മണേതര പ്രസ്ഥാനങ്ങളുടെ ഏകോപനത്തിനും മുന്നേറ്റത്തിനും പ്രാരംഭമായി. ജാതീയ വിവേചനങ്ങള്‍ക്കെതിരായ കീഴാളസമുദായങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദേശവ്യാപകമായതോടെ ആര്യന്‍ മേധാവിത്വത്തിനെതിരായി ദ്രാവിഡ ജനതകളും സംസ്‌കൃതാധിപത്യത്തിനെതിരായി പ്രാദേശിക ഭാഷാ സമൂഹങ്ങളും ഉയിര്‍ത്തെഴുന്നേറ്റു, ഇതോടെ ഇന്ത്യയില്‍ രൂപം കൊണ്ട ദേശീയത അതുള്‍ക്കൊണ്ട സാമുദായികതകൊണ്ട് വിഭജിക്കപ്പെട്ടതായി മാറി.

  • ദേശീയതയുടെ രാഷ്ട്രീയവത്ക്കരണം

19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ദേശീയതയുടെ വ്യത്യസ്തധാരകള്‍കൊണ്ട് ദേശീയ പ്രസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. ഇത് സവര്‍ണഹിന്ദുക്കളില്‍ ഏകീകരണവും, സവര്‍ണ്ണ അവര്‍ണ്ണ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകളും സൃഷ്ടിച്ചു. ഈയൊരു ഘട്ടത്തിലാണ് സവര്‍ണ്ണരും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരും കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നത്. ഇതിനടിസ്ഥാനമായി തീര്‍ന്നത് ദാദാഭായി നവറോജിയുടെ ‘ചോര്‍ച്ച സിദ്ധാന്ത’മായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇന്ത്യയുടെ പാപ്പരീകരണത്തിനടിസ്ഥാനം ദേശീയ സമ്പത്ത് ബ്രിട്ടനിലേയ്ക്ക് കടത്തിക്കൊണ്ടുപോകുന്നതായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ദേശീയ പ്രസ്ഥാനത്തെ ചരിത്രപരമാക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ഈ രൂപാന്തര പ്രാപ്തിയില്‍ വ്യത്യസ്ത സമുദായങ്ങളുടെ ദേശീയമായ ഏകോപനത്തിനായി നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയ വീക്ഷണം ഉയര്‍ത്തപ്പെട്ടതോടെ ഹൈന്ദവേതരമതങ്ങളും ഹിന്ദുമതത്തിലുള്‍പ്പെട്ടവരെന്നു കരുതപ്പെട്ട അയിത്തക്കാരും ദേശീയ പ്രസ്ഥാനത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

________________________________
‘ഇന്‍ഡ്യ ഒരു രാഷ്ട്രമോ, ദേശമോ അല്ല, മറിച്ച് ദേശീയതകളുടെ സമുച്ചയമായ ഒരു ഉപഭൂഖണ്ഡമാണ്’. 1942 ല്‍ ഈ ദേശീയ വീക്ഷണത്തെ അദ്ദേഹം ഇപ്രകാരം രാഷ്ട്രീയവത്ക്കരിച്ചു. ‘ഹിന്ദുവും മുസ്ലീമുമായുള്ള അന്തരം ആഴമേറിയതും മായ്ച്ചുകളയാനാവാത്തതുമാണ്. നാം നമ്മുടേതായ പ്രത്യേകസംസ്‌കാരം, ഭാഷ, സാഹിത്യം, കാര്യവിചാരബോധം, നിയമസംഹിതകള്‍, സദാചാരസങ്കല്‍പ്പങ്ങള്‍, ചരിത്രം, പാരമ്പര്യം എന്നിവകൊണ്ട് പ്രത്യേക രാഷ്ട്രമായിരിക്കുന്നു’. കോണ്‍ഗ്രസ്സിന്റെ ആധിപത്യത്തിനെതിരെ ഇപ്രകാരം മുസ്ലീം മതാധിഷ്ഠിത രാഷ്ട്രീയം രൂപം കൊണ്ടതോടെ ഹിന്ദുസമുദായത്തിനുള്ളിലെ സാമുദായിക ഘടകങ്ങളും, സംഘര്‍ഷത്തിനും വേര്‍പിരിയലിനും വിധേയമാകാന്‍ തുടങ്ങി. ഇതേ ഘട്ടത്തിലെ സാമുദായിക രാഷ്ട്രീയവത്ക്കരണത്തിന്റെ ഭാഗമായാണ് ഇന്‍ഡ്യയിലൊരു ദളിത് രാഷ്ട്രീയം രൂപം കൊള്ളുന്നത്.
________________________________

ദേശീയതയിലെ ഹൈന്ദവമേധാവിത്വത്തിനെതിരെ, ഹൈന്ദവേതര മതങ്ങളില്‍ പ്രബലമായ മുംസ്ലീംങ്ങളില്‍ രൂപം കൊണ്ട രാഷ്ട്രീയ ധാരയെ ‘അണ്ടര്‍സ്റ്റാന്റിംഗ് ദി മുസ്ലീം മൈന്‍ഡ്’ എന്ന കൃതിയില്‍ രാജ്‌മോഹന്‍ ഗാന്ധി വിവരിക്കുന്നതിപ്രകാരമാണ്. ‘1906 ല്‍ സിംലയിലുള്ള മിന്റോ പ്രഭുവിന്റെ അടുക്കലേക്ക് ആഗാഖന്‍ ഒരു മുസ്ലീം ദൗത്യസംഘത്തെ നയിച്ചു. ഇതിലൂടെ അവര്‍ ആവശ്യപ്പെട്ടത് മുസ്ലീംങ്ങള്‍ക്ക് പ്രത്യക നിയോജകമണ്ഡലങ്ങള്‍ വേണമെന്നായിരുന്നു. മുസ്ലീംങ്ങളുടെ ജനസംഖ്യാ പ്രാതിനിധ്യമായിരിക്കരുത്, മറിച്ച്  രാജ്യത്തെ രക്ഷിക്കാനുള്ള അവരുടെ സംഭാവനകളെ അടിസ്ഥാനമാക്കണമെന്നായിരുന്നു ആഗാഖാന്റെ വാദം. മിന്റോ ഈ വാദം അംഗീകരിച്ചു’. 1909 ല്‍ മുസ്ലീംങ്ങള്‍ക്കു മുസ്ലീം ജനപ്രതിനിധികളെ തെരെഞ്ഞെടുക്കാനുള്ള അവകാശം ലഭിച്ചു. മുസ്ലീംങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍ ഒരു അഖിലേന്ത്യാ മുസ്ലീം പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഇപ്രകാരമാണ് ഡാക്കയില്‍ വച്ച് അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപം കൊള്ളുന്നത്. ദേശീയ രാഷ്ട്രീയധാരയില്‍ നിന്നുള്ള മുസ്ലീംങ്ങളുടെ വേര്‍പിരിയലിനെ മുഹമ്മദാലി ജിന്ന ഇപ്രകാരം ന്യായീകരിച്ചു. ‘ഇന്‍ഡ്യ ഒരു രാഷ്ട്രമോ, ദേശമോ അല്ല, മറിച്ച് ദേശീയതകളുടെ സമുച്ചയമായ ഒരു ഉപഭൂഖണ്ഡമാണ്’. 1942 ല്‍ ഈ ദേശീയ വീക്ഷണത്തെ അദ്ദേഹം ഇപ്രകാരം രാഷ്ട്രീയവത്ക്കരിച്ചു. ‘ഹിന്ദുവും മുസ്ലീമുമായുള്ള അന്തരം ആഴമേറിയതും മായ്ച്ചുകളയാനാവാത്തതുമാണ്. നാം നമ്മുടേതായ പ്രത്യേകസംസ്‌കാരം, ഭാഷ, സാഹിത്യം, കാര്യവിചാരബോധം, നിയമസംഹിതകള്‍, സദാചാരസങ്കല്‍പ്പങ്ങള്‍, ചരിത്രം, പാരമ്പര്യം എന്നിവകൊണ്ട് പ്രത്യേക രാഷ്ട്രമായിരിക്കുന്നു’. കോണ്‍ഗ്രസ്സിന്റെ ആധിപത്യത്തിനെതിരെ ഇപ്രകാരം മുസ്ലീം മതാധിഷ്ഠിത രാഷ്ട്രീയം രൂപം കൊണ്ടതോടെ ഹിന്ദുസമുദായത്തിനുള്ളിലെ സാമുദായിക ഘടകങ്ങളും, സംഘര്‍ഷത്തിനും വേര്‍പിരിയലിനും വിധേയമാകാന്‍ തുടങ്ങി. ഇതേ ഘട്ടത്തിലെ സാമുദായിക രാഷ്ട്രീയവത്ക്കരണത്തിന്റെ ഭാഗമായാണ് ഇന്‍ഡ്യയിലൊരു ദളിത് രാഷ്ട്രീയം രൂപം കൊള്ളുന്നത്. ഇതിന് നേതൃത്വം കൊടുത്തത് ഡോ. ബി. ആര്‍. അംബേദ്ക്കറായിരുന്നു. 1925 ല്‍ മൂകനായിക് എന്ന പത്രം പ്രസിദ്ധീകരിച്ചുകൊണ്ട് പൊതുരംഗത്തേയ്ക്ക് കടന്നുവന്ന അദ്ദേഹം ദളിതുകളുടെ സാമൂഹ്യ അവകാശങ്ങള്‍ക്കും സാമൂഹ്യ പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭണങ്ങളാണ് മുഖ്യമായും നടത്തിയിരുന്നത്. ഇതിനായദ്ദേഹം അസ്പൃശ്യരെ താഴെപ്പറയുന്ന പ്രകാരം നിര്‍വചിച്ചു
1.    അധഃസ്ഥിതര്‍ ബുദ്ധ-ജൈന വിഭാഗക്കാരാണ്. അവര്‍ ബ്രാഹ്മണരില്‍ നിന്ന് മന്ത്രം സ്വീകരിക്കുന്നില്ല.
2.    അവര്‍ക്ക് ബ്രാഹ്മണ പുരോഹിതന്മാരുടെ പരിചരണം ഒട്ടും തന്നെയില്ല.
3.    അവര്‍ക്കിടയില്‍ നിന്ന് വളര്‍ത്തിയെടുത്ത പുരോഹിതന്മാരാണവര്‍ക്കുള്ളത്.
ഈ നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യാവകാശങ്ങള്‍ നേടിയെടുക്കുക എന്ന അംബേദ്ക്കറിന്റെ വീക്ഷണം പരിവര്‍ത്തനപ്പെട്ടത്; ദേശീയ രാഷ്ട്രീയത്തില്‍ ഗാന്ധിജി രംഗപ്രവേശനം ചെയ്യപ്പെട്ടതോടുകൂടിയാണ്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ദളിതുകള്‍, ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. തന്മൂലം ഹിന്ദുമതതാത്പര്യങ്ങളില്‍ നിന്നും ഭിന്നമായി ദളിതുകള്‍ രാഷ്ട്രീയ അവകാശം ഉന്നയിക്കാന്‍ പാടില്ലെന്ന് അദ്ദേഹം ശഠിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സംവരണവും രാഷ്ട്രീയാധികാരവുമല്ല മറിച്ച് ഹിന്ദുക്കളിലെ ഉല്‍പതിഷ്ണുക്കളാല്‍ അവര്‍ പരിരക്ഷിക്കപ്പെടുകയാണ് വേണ്ടത്.
1910 ല്‍ ക്രിപ്‌സ് ദൗത്യത്തെ തുടര്‍ന്ന് രാഷ്ട്രീയാധികാരം ഇന്‍ഡ്യാക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടാമെന്ന അവസ്ഥ സംജാതമായതോടെ, മുസ്ലീംങ്ങളുടെ പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടിയുള്ള വാദം ശക്തമായി. ഇതോടെ അധഃസ്ഥിതരെ ഹിന്ദുമതത്തില്‍ ഏകോപിപ്പിക്കുന്നതിനായി ‘അയിത്തോച്ചാടനം’ ‘ഹരിജനോദ്ധാരണം’ എന്നീ നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ് നിര്‍ബന്ധിതമായി. 1927 ല്‍ മോട്ടിലാല്‍ നെഹ്‌റു ഡ്രാഫ്ടിംഗ് കമ്മറ്റി ചെയര്‍മാനായി രൂപം കൊടുത്ത ഭരണഘടന, ഗാന്ധിജിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദളിതുകളുടെ പ്രത്യേക രാഷ്ട്രീയ പ്രാതിനിധ്യത്തെ നിഷേധിച്ചപ്പോള്‍, സാമൂഹ്യ അവകാശ സമരങ്ങളിലൂടെ ദളിതുകളെ വളര്‍ത്തിയെടുത്ത അംബേദ്ക്കര്‍ അവരെ രാഷ്ട്രീയവത്ക്കരിക്കുകയായിരുന്നു. ദളിതുകളെ പുനര്‍ നിര്‍വചിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘അധഃസ്ഥിത ഹിന്ദു സമുദായത്തില്‍ ഉള്‍ക്കൊള്ളുന്നവരായിട്ടാണ് പരിഗണിയ്ക്കപ്പെട്ടു പോരുന്നതെങ്കിലും, അവര്‍ ഒരിക്കലും ഹിന്ദുസമുദായത്തിന്റെ അനിഷേധ്യഭാഗമായി നിലനിന്നിട്ടില്ല. അധഃസ്ഥിതര്‍ക്ക് സ്വാതന്ത്രമായ ഒരു അസ്തിത്വം ഉണ്ടെന്ന് മാത്രമല്ല, മറ്റേതൊരു ഇന്‍ഡ്യന്‍ സാമുദായിക വിഭാഗത്തില്‍ നിന്നും വ്യതിരിക്തമായ സാമൂഹ്യനിലയവര്‍ നേടിയെടുത്തിട്ടുണ്ട്. അവരുടെ സാമൂഹ്യനിലയെ കുടിയായ്മയ്ക്കും അടിമത്വത്തിനും ഇടയിലുള്ളതായി രേഖപ്പെടുത്താനാവും. സൗകര്യത്തിനുവേണ്ടി ഈ നിലയെ അടിയായ്മ എന്നു വിളിക്കുകയാവും ഉത്തമം. എന്നാല്‍ ഒരു കുടിയാനും അടിമയെയും അസ്പര്‍ശ്യതയ്ക്കു പാത്രീഭവിക്കപ്പെട്ടിരുന്നില്ലെങ്കിലും അടിയാനാവട്ടെ അയിത്തത്തിന് പാത്രീഭവിക്കപ്പെട്ടു എന്നുള്ളതാണ് ഇവിടെയുള്ള പ്രത്യേകത’. ഈ നിര്‍വചനത്തിലൂടെ ദളിതുകളുടെ സാമൂഹ്യവത്ക്കരണത്തെ രാഷ്ട്രീയവത്ക്കരിക്കുകയുമായിരുന്നു അംബേദ്ക്കര്‍. തന്മൂലം മതപരവും സാമുദായികവുമായ പദവികളേക്കാളുപരി സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാനദ്ദേഹത്തിനുകഴിഞ്ഞു. മാത്രമല്ല, മറ്റേതൊരു അവകാശത്തെക്കാള്‍ വിലപ്പെട്ടത് രാഷ്ട്രീയ പ്രാതിനിധ്യമാണെന്ന് അദ്ദേഹം വാദിച്ചു. അംബേദ്ക്കര്‍ പറഞ്ഞു ‘അധഃസ്ഥിതരുടെ പ്രശ്‌നം ഒരു സാമൂഹ്യപ്രശ്‌നം മാത്രമാണെന്നും അതിന്റെ പരിഹാരം രാഷ്ട്രിയേതരമാണെന്നും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പലപ്പോഴും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ ഈ വീക്ഷണത്തോടുള്ള വിയോജനം ശക്തമായി രേഖപ്പെടുത്തുന്നു. അധഃസ്ഥിതരുടെ കൈകളിലേക്ക് രാഷ്ട്രീയാധികാരം ഏല്‍പിക്കപ്പെടുന്നതുവരെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹൃതമാവുകയില്ലെന്ന് ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു’. ഈ അചഞ്ചലമായ വീക്ഷണമാണദ്ദേഹം വട്ടമേശസമ്മേളനത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. 1932 നവംബര്‍ 12 ന് ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്ത വട്ടമേശ സമ്മേളനത്തില്‍ ദളിതുകളെ അംബേദ്ക്കര്‍ പ്രതിനിധീകരിച്ചു. ഈ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധി ഗാന്ധിജി ആയിരുന്നു. ഒന്നാം വട്ടമേശസമ്മേളനത്തിന്റെ തീരുമാനമായി സിക്കുകാര്‍ക്കും, മുസ്ലീംങ്ങള്‍ക്കുമൊപ്പം അധഃസ്ഥിതര്‍ക്കും രാഷ്ട്രീയ പരിരക്ഷാവകാശങ്ങള്‍ ഉറപ്പാക്കപ്പെട്ടതോടെ ഗാന്ധിജി പറഞ്ഞു. ‘ഹിന്ദുക്കളില്‍ നിന്നും അയിത്ത ജാതിക്കാരെ വേര്‍തിരിക്കുന്നതിനെ ഞാനെതിര്‍ക്കുന്നു. അതു ആത്മഹത്യാപരമാണ്’. മാത്രമല്ല, സെപ്തംബര്‍ 7 ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘അയിത്തജാതിക്കാരുടെ പ്രത്യേക പ്രാതിനിധ്യത്തെ ഞാനെതിര്‍ക്കുന്നു’.

______________________________
1956 ല്‍ ആകാശവാണിയിലൂടെ നടത്തിയ ഒരു പ്രക്ഷേപണ പ്രസംഗത്തില്‍ സ്വന്തം ആദര്‍ശമായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ജനാധിപത്യമൂല്യങ്ങള്‍ ബുദ്ധനില്‍ നിന്ന് സ്വീകരിച്ചതാണെന്നദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ സാമ്പത്തിക വീക്ഷണം അദ്ദേഹം താഴെപ്പറയുന്ന പ്രകാരം അവതരിപ്പിക്കുന്നു.
1.    സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഭൂമിയുടെയും മുഖ്യ വ്യവസായങ്ങളുടെയും ദേശസാത്ക്കരണം.
2.    ഉല്‍പാദനക്ഷമതയുള്ള വിഭവങ്ങളുടെ ഉപയോഗം ഭരണകൂടം ഏറ്റെടുക്കല്‍.
3.    ജാതി വംശ വ്യത്യാസമില്ലാതെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉല്പ്പന്നങ്ങളുടെ നീതിപൂര്‍വ്വമായ വിതരണം.
______________________________

ഇപ്രകാരം സാമുദായിക പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ ഗാന്ധിജി മുഖ്യപ്രതിബന്ധമായതിനാല്‍ അംബേദ്ക്കര്‍ അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് കേന്ദ്രനിയമസഭയിലും പ്രാദേശിക നിയമസഭകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി പ്രത്യേക നിയോജനക മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടു. സെപറേറ്റ് ഇലക്‌ട്രേറ്റ് അംഗീകരിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രഖ്യാപനം 1932 സെപ്തംബര്‍ 17 ന് ഗാന്ധിജിയെ പുനയിലെ യാര്‍വാദാ ജയിലില്‍ മരണം വരെ ഉപവാസത്തിലേക്കു നയിച്ചു. തുടര്‍ന്നുണ്ടായ പ്രക്ഷുബ്ധാവസ്ഥയുടെ മദ്ധ്യത്തില്‍ സെപ്തംബര്‍ 24 ന് ഗാന്ധിജിയും അംബേദ്ക്കറുമായുണ്ടാക്കിയ കരാറിലൂടെ സംവരണം നിലവില്‍ വന്നു. ഇതോടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ദളിതുകള്‍ രാഷ്ട്രീയ പ്രാതിനിധ്യം കൈവരിച്ചു.

  • ദളിത് രാഷ്ട്രീയം – സ്വതന്ത്ര ഇന്‍ഡ്യയില്‍

പൂനാകരാറിന്റെ അഠിസ്ഥാനത്തില്‍ ദളിതുകള്‍ക്കു ലഭിച്ച രാഷ്ട്രീയ പ്രാതിനിധ്യം അംബേദ്ക്കര്‍ വിഭാവന ചെയ്തതായിരുന്നില്ല. മറിച്ച് അത് സവര്‍ണ്ണ മേധാവികള്‍ക്ക് ഇഷ്ടമുള്ളവരും ഹിതാനുവര്‍ത്തികളുമായവരെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് നല്‍കിയത്. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സ് തുടങ്ങിവച്ച ഈ നയമാണ് പിന്നീട് എല്ലാ പാര്‍ട്ടികളും തുടര്‍ന്നത്. ഇതിന്റെ ദോഷമെന്താണ്? കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദളിത് പ്രതിനിധികള്‍ ഭരണകൂടങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നയമാണ് നടപ്പിലാക്കുന്നത്. പാര്‍ട്ടികളാവട്ടെ സവര്‍ണ്ണ നേതൃത്വത്താല്‍ നയിക്കപ്പെടുന്നതുകൊണ്ട് ദളിത് സമുദായവുമായി ശത്രുതാപരമായ വൈരുദ്ധ്യം രൂപംകൊള്ളുന്നു. അതേസമയം സാമൂഹ്യസമരങ്ങളിലൂടെ ദളിതുകളെ വസ്തുനിഷ്ഠമായി പ്രതിനിധീകരിക്കുവാന്‍ കഴിയുന്നവരും പരിപാടികളും, പദ്ധതികളും ആവിഷ്‌ക്കരിക്കാന്‍ കഴിയുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഇതര സമുദായങ്ങളുടെ സമ്മതിദാനാവകാശം ലഭിക്കാതെ തെരെഞ്ഞെടുക്കപ്പെടാതെ പോകുന്നു. പ്രദേശപരവും ജനസംഖ്യാപരവുമായ ഭൂരിപക്ഷമില്ലാതിരുന്നതിനാലും വിവിധ സമുദായങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നതിനാലും ഒരു ദളിത് പാര്‍ട്ടിയിലൂടെ യഥാര്‍ത്ഥ ദളിത് പ്രാതിനിധ്യം ഭരണരംഗത്ത് സ്ഥാപിക്കുക കഠിനമാണ്.
ദളിതുകള്‍ മുന്‍ചൊന്ന പ്രതിസന്ധിയെ മറികടക്കുവാനുള്ള ശ്രമമെന്ന നിലയിലായിരിക്കണം ഡോ. ബി. ആര്‍. അംബേദ്ക്കര്‍ രൂപീകരിച്ച ഇന്‍ഡ്യന്‍ ലേബര്‍ പാര്‍ട്ടിയെ വിലയിരുത്തേണ്ടത്. ഐ. എല്‍. പി. ക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ദളിതുകളെ രാഷ്ട്രീയമായി ഐക്യപ്പെടുത്താനോ തെരഞ്ഞെടുപ്പില്‍ വിജയം വരിക്കാനോ കഴിഞ്ഞില്ല. ഇതേ സമയം ഇന്‍ഡ്യയുടെ ദേശീയ യാഥാര്‍ത്ഥ്യങ്ങളെ മറ്റേത് നേതാക്കളെക്കാളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ അദ്ദേഹത്തിന് സാമുദായിക പ്രശ്‌നം ഉന്നയിച്ച് ദേശീയം ഐക്യം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതിനദ്ദേഹത്തെ സഹായിച്ചത് ജനാധിപത്യത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടായിരുന്നു. 1956 ല്‍ ആകാശവാണിയിലൂടെ നടത്തിയ ഒരു പ്രക്ഷേപണ പ്രസംഗത്തില്‍ സ്വന്തം ആദര്‍ശമായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ജനാധിപത്യമൂല്യങ്ങള്‍ ബുദ്ധനില്‍ നിന്ന് സ്വീകരിച്ചതാണെന്നദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ സാമ്പത്തിക വീക്ഷണം അദ്ദേഹം താഴെപ്പറയുന്ന പ്രകാരം അവതരിപ്പിക്കുന്നു.
1.    സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഭൂമിയുടെയും മുഖ്യ വ്യവസായങ്ങളുടെയും ദേശസാത്ക്കരണം.
2.    ഉല്‍പാദനക്ഷമതയുള്ള വിഭവങ്ങളുടെ ഉപയോഗം ഭരണകൂടം ഏറ്റെടുക്കല്‍.
3.    ജാതി വംശ വ്യത്യാസമില്ലാതെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉല്പ്പന്നങ്ങളുടെ നീതിപൂര്‍വ്വമായ വിതരണം.
സ്റ്റേറ്റ് സോഷ്യലിസം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വീക്ഷണത്തിലൂടെ ഇന്‍ഡ്യയുടെ സാമ്പത്തികവും സാമൂഹ്യവുമായ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കി ഒരു സമത്വ-സാഹോദര്യ സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹിന്ദു സമുദായത്തെക്കുറിച്ചദ്ദേഹം പറഞ്ഞു: ‘ഇന്‍ഡ്യാക്കാര്‍ ഒരു ദേശമല്ലെന്നും അരൂപസ്ഥിതിയിലുള്ള ഒരു ജനസഞ്ചയമാണെന്നും സമ്മതിക്കാന്‍ സ്വന്തം മിഥ്യാഭിമാനം പല ഇന്‍ഡ്യാക്കാരേയും അനുവദിക്കുന്നില്ല. ഹിന്ദുക്കളുടെയിടയില്‍ പ്രത്യക്ഷമായി കാണുന്ന നാനാത്വത്തില്‍ അടിസ്ഥാനപരമായി ഒരു ഏകത്വം അന്തര്‍ലീനമായിരിക്കുന്നുവെന്നാണ് ഇക്കൂട്ടര്‍ ശഠിക്കുന്നത്. ഇന്‍ഡ്യാവന്‍കരയില്‍ എല്ലായിടത്തും ശീലങ്ങളിലും ആചാരങ്ങളിലും ചിന്തകളിലും സാദൃശ്യമുണ്ടെന്നത് ശരിതന്നെ. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ ഒരു സമുദായമായി തീരുന്നുവെന്ന നിഗമനം അംഗീകരിക്കാന്‍ നിവൃത്തിയില്ല. ഒരു സമുദായ നിര്‍മ്മിതിക്കുള്ള മൂലതത്വങ്ങളെ തെറ്റിദ്ധരിക്കുന്നതിന്റെ ഫലമായിട്ടാണ് അവരീ നിഗമനത്തിലെക്കിച്ചേര്‍ന്നത്’. ഹിന്ദുസമുദായത്തിന്റെ വൈവിദ്ധ്യങ്ങളെ അംഗീകരിച്ച അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം ഒരേകീകൃത ദേശീയ സമൂഹത്തിന്റെ രൂപീകരണത്തിനായി ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യേണ്ടതുണ്ടായിരുന്നു. ജാതിരഹിതമായ ഒരു സമൂഹസൃഷ്ടിക്കടിസ്ഥാനം ജനാധിപത്യപരമാണെന്ന് കണ്ടെത്തിയ അംബേദ്ക്കര്‍ രാഷ്ട്രീയ പ്രയോഗങ്ങളില്‍ ക്ഷേമരാഷ്ട്രങ്ങള്‍ സ്വീകരിച്ചതോടെ, മുഖ്യദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സുമായല്ല, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായാണ് സംഘര്‍ഷപ്പെട്ടത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സവര്‍ണ്ണ താല്പര്യങ്ങളെ ദേശീയ താത്പര്യങ്ങളാക്കി രാഷ്ട്രീയ വിജയം കൈവരിച്ചു.

  • ദളിത് രാഷ്ട്രീയം – സമകാലീന പ്രവണതകള്‍

സ്വതന്ത്ര്യാനന്തര ഇന്‍ഡ്യ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴാണ് ദളിതുകളുടെ തനതും സ്വതന്ത്രവുമായ പ്രക്ഷോഭണങ്ങള്‍ പൊട്ടിപ്പിറപ്പെടുന്നത്. ബ്രാഹ്മണിസ്റ്റ് വിരുദ്ധമായും സാമ്പത്തിക പിന്നോക്കാവസ്ഥയ്‌ക്കെതിരായും സാമൂഹ്യമായ അടിച്ചമര്‍ത്തലിനെതിരായും രൂപം കൊണ്ട ഈ പ്രക്ഷോഭണങ്ങള്‍ എന്നതിലുപരി ദളിതുകളുടെ ദേശീയാസ്തിത്വ പ്രഖ്യാപനം എന്ന നിലയിലാണ് മുന്‍ ചൊന്ന പ്രക്ഷോഭണങ്ങള്‍ കാണപ്പെടുന്നത്. ഇത് ഹിന്ദു സമുദായവുമായുള്ള വിച്ഛേദനമെന്നതിലുപരി സ്വന്തം സംസ്‌ക്കാരവും ജീവിതരീതിയും ആചാരാനുഷ്ഠാനവുമുള്ളവരാണ് ഞങ്ങളെന്ന ദളിതുകളുടെ പ്രഖ്യാപനമായിരുന്നു ഇവയില്‍ മുഖ്യം. ഈ ഘട്ടത്തില്‍ രാജ്യവ്യാപകമായപ്രക്ഷോഭം നിലനിന്നിരുന്നുവെങ്കിലും അത് രാഷ്ട്രീയ സംഘടനാരൂപം കൈവരിച്ചിരുന്നില്ല. ഇന്‍ഡ്യയുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിസന്ധികളുടെ പ്രത്യാഘാതമായി രൂപം കൊണ്ട ഈ ദളിത് മുന്നേറ്റങ്ങളെ സാമുദായികമായി സ്വാംശീകരിച്ചതിന്റെ ഫലമായാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും പ്രാദേശികമായി ഇന്‍ഡ്യന്‍ ലേബര്‍ പാര്‍ട്ടിയും (പിന്നീട് ബി. എസ്. പി.യുടെ കേരളസംസ്ഥാന ഘടകമായി) റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മഹാരാഷ്ട്ര) ബഹുജന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (ആന്ധ്ര) എന്നിവ രൂപം കൊണ്ടത്. ഈ പ്രസ്ഥാനങ്ങളില്‍ ബി.എസ്.പി. ക്ക് ഉത്തര്‍പ്രദേശില്‍ നിലവിലുള്ള ഭരണകൂടസംവിധാനത്തില്‍ ഐക്യമുന്നണിയുടെ രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ദളിതുകളുടെ നേട്ടമായിരിക്കുമ്പോള്‍ തന്നെ. ബി. എസ്. പി. (ആന്ധ്ര) നേരിടുന്ന പ്രതിസന്ധികള്‍ ആര്‍. പി. ഐ (മഹാരാഷ്ട്ര), ബി. ആര്‍. പി. തുടങ്ങിയവയുടെ പ്രസക്തിയില്ലായ്മയും ദളിതുകള്‍ വിമര്‍ശനപരമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. എന്നാല്‍ ഉലയുന്ന രാഷ്ട്രീയ സഖ്യങ്ങള്‍, മുഖ്യധാര രാഷ്ട്രീയത്തില്‍ നിര്‍ദ്ദേശങ്ങളില്ലായ്മ, സര്‍വ്വോപരി ജനാധിപത്യപരമായ സംഘടനാ രൂപത്തിന്റെ നിഷേധം എന്നിവകൊണ്ട് ബി. എസ്. പി. പ്രതിസന്ധിയില്‍ നേരിടുകയാണ്.
മുന്‍ചൊന്ന വിലയിരുത്തല്‍ ദളിത് രാഷ്ട്രീയത്തിന്റെ സമകാലീന സ്വഭാവം എന്തായിരിക്കണമെന്ന ദിശാബോധമാണ് നല്‍കുന്നത്. അതായത്, ദേശീയ പ്രസ്ഥാനഘട്ടം മുതല്‍, നാളിതുവരെയായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യസമരങ്ങള്‍, രാഷ്ട്രീയ പ്രക്ഷോഭണങ്ങള്‍, പ്രത്യയശാസ്ത്രാന്വേഷണങ്ങള്‍, ഒരു ജാതീയ ഗ്രൂപ്പിന്റെ പ്രക്ഷോഭണങ്ങള്‍ എന്നതിലുപരി ഒരു ദേശീയ ജനതയുടെ രാഷ്ട്രീയ പ്രക്ഷോഭണമായി മാറിയിട്ടുണ്ട്. ഈ മുന്നേറ്റത്തെ പുതിയ ഒരു രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ ജനാധിപത്യ രാഷ്ട്രീയമാണ് ദളിതുകള്‍ സ്വീകരിക്കേണ്ടത്. കാരണം ചരിത്രപരമായി പരിശോധിക്കുമ്പോള്‍ ബ്രാഹ്മണിസത്തിനെതിരായ ഏറ്റവും സുപ്രധാന ദേശീയ ശക്തിയായി ദളിതുകളെ കണ്ടെത്താനാവും.
ആധുനിക ലോകത്ത് അധികാരം, സമ്പത്ത്, പദവി എന്നിവ സാമൂഹ്യമായി വിനിയോഗിക്കാനുള്ള അവകാശമാണ്. ഇതിന് കഴിയണമെങ്കില്‍ ദളിതുകള്‍ സ്വയം പരിഷ്‌ക്കരിക്കപ്പെടേണ്ടതുമുണ്ട്. ഇതിനായി ദളിതുകളിലെ വിവിധ ജാതികള്‍ സമുദായമായി മാറേണ്ടതുണ്ട്. ജീവിതരീതികള്‍, ആചാരാനുഷ്ഠാനം, വിശ്വാസം എന്നിവയിലെ ഏകോപനമാണ് സമുദായവത്ക്കരണത്തിന്റെ അടിസ്ഥാനം.
ഇന്ന് സാര്‍വ്വദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മുമ്പൊക്കെ മുതലാളിത്തത്തിനെതിരെ സോഷ്യലിസം തെരെഞ്ഞെടുക്കുവാന്‍ മനുഷ്യരാശിക്കുകഴിയുമായിരുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് പരിഗണിക്കാന്‍ കഴിയാതിരുന്ന മതപരവും വംശീയവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തന്നെ തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുകയാണ്. പ്രത്യാശ നിലനില്‍ക്കുന്നത്     പീഡിത ജനതകളുടെ പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല എന്നതിനാലാണ്. അത് സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായി മാറിയിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങളെ മുതലാളിത്തവും സാമ്രാജ്യത്വവും നേരിടുന്നത്  വംശീയവും മതപരവുമായ ആധിപത്യത്തോടൊപ്പം സാമ്പത്തിക മേധാവിത്വം കൊണ്ടാണ്. തന്മൂലം പീഡിത ജനതകളുടെ മോചനം സമ്പദ്ഘടനയെ പുനഃസംഘടിപ്പിച്ചുകൊണ്ടുകൂടിയായിരിക്കണം.
ഇന്ത്യയിലെ ദളിതര്‍ക്കും മുകളില്‍ പറഞ്ഞ കടമകളാണുള്ളത്. അവരുടെ ബ്രാഹ്മണിസ്റ്റ് വിരുദ്ധ സമരത്തെ വ്യവസ്ഥയുടെ പുനഃസംഘടനയുമായി ഐക്യപ്പെടുത്തുന്ന പ്രത്യയശാസ്ത്ര സംഘടനാവീക്ഷണമാണ് ഉയര്‍ന്നുവരേണ്ടത്. കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബി. ജെ. പി.യും നിരവധിയായ പ്രാദേശിക പാര്‍ട്ടികളും സവര്‍ണ്ണജാതി മേധാവിത്വത്താല്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ദളിതുകള്‍ക്ക് ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ മതിയായ ചരിത്രാനുഭവങ്ങളുണ്ട്.
_________________________________
(2004 ജനുവരിയില്‍ ‘ആദിയര്‍ ദീപം’ മാസികയിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്)

Top