എന്റെ ഉമ്മ

മഹ്മൂദ് ദര്‍വീശ് (1941-2008) വിഖ്യാതനായ പാലസ്തീനിയന്‍ മഹാകവി.
ദര്‍വീശിന്റെ ‘തിരിച്ചറിയല്‍ കാര്‍ഡ് എന്ന കവിതയാണ് പാലസ്തീന്റെ ദേശീയ ഗാനം.
‘ജിദരിയ്യ’യടക്കം നിരവധി വണ്ഡകാവ്യങ്ങളും കാവ്യസമാഗ്രഹങ്ങളുമുണ്ട് ദര്‍വീശിന്റേതായിട്ട്.

കവിത ____________
മഹ്മൂദ് ദര്‍വീശ്
____________
എന്റെ ഉമ്മയുടെ റൊട്ടിക്കുവേണ്ടി
ഞാന്‍ കൊതിക്കുന്നു
ഉമ്മയുടെ കാപ്പിക്കും
അവരുടെ സ്പര്‍ശനത്തിനുംവേണ്ടി.
ദിനന്തോറും എന്നില്‍
ബാല്യകാല സ്മരണകള്‍
വളരുന്നു.
എന്റെ ജീവിതം എനിക്കുകൊള്ളാവുന്ന-
തായിരിക്കേണ്ടേ
എന്റെ മരണവേളയില്‍
ഉമ്മയുടെ കണ്ണീരിന്റെ വിലയും
അതിന് ഉണ്ടായിരിക്കണം.

	ഒരുദിനം ഞാന്‍ മടങ്ങിവരുമെങ്കില്‍, ഉമ്മാ,
നിങ്ങളുടെ കണ്‍പീലികള്‍ക്കൊരു-
മൂടുപടമായി എന്നെ സ്വീകരിക്കുക.
നിങ്ങളുടെ കാല്പാദങ്ങള്‍ അനുഗ്രഹിച്ച
പുല്ലുകള്‍കൊണ്ട് എന്റെ അസ്ഥികള്‍ പൊതിയുക
നിങ്ങളുടെ തലമുടിനാരുകൊണ്ട്
നമ്മെ ബന്ധിക്കുക.
നിങ്ങളുടെ വസ്ത്രത്തിന്റെ പുറകില്‍
ഇഴയുന്ന നൂലുകൊണ്ട്
നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളെ
ഞാന്‍ തൊടുമെങ്കില്‍, ഉമ്മാ,
ഒരു വേള ഞാന്‍ അനശ്വരനായേക്കും
ഒരു ദൈവമായേക്കും.

	ഞാന്‍ മടങ്ങിവരുമെങ്കില്‍
നിങ്ങളുടെ തീയില്‍ എന്നെ
വിറകായി ഉപയോഗിക്കുക
നിങ്ങളുടെ വീടിന്റെ മേല്‍പ്പുരയിലെ
അയയായി.
നിങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍
എഴുന്നേറ്റ് നില്ക്കാന്‍ പോലുമാവാത്ത
ബലഹീനനാണ് ഞാന്‍.

	എനിക്കുപ്രായമായി
ബാല്യകാലത്തെ നക്ഷത്രഭൂപടങ്ങള്‍
എനിക്കു മടക്കി നല്കുക
എങ്കില്‍
എനിക്ക് ആ അരയന്നങ്ങളോടൊപ്പം
നിങ്ങള്‍ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള
വഴി രേഖപ്പെടുത്തി മടങ്ങാന്‍ കഴിയും.
______________________________________
  • പരിഭാഷ: കെ. എം. അജീര്‍കുട്ടി
മഹ്മൂദ് ദര്‍വീശ് (1941-2008) വിഖ്യാതനായ പാലസ്തീനിയന്‍ മഹാകവി.
ദര്‍വീശിന്റെ 'തിരിച്ചറിയല്‍ കാര്‍ഡ് എന്ന കവിതയാണ് പാലസ്തീന്റെ  ദേശീയ ഗാനം. 
'ജിദരിയ്യ'യടക്കം നിരവധി വണ്ഡകാവ്യങ്ങളും  കാവ്യസമാഗ്രഹങ്ങളുമുണ്ട് ദര്‍വീശിന്റേതായിട്ട്.
Top