കീഴാള ചരിത്രപഥങ്ങള്‍

സാമ്പത്തിക പരിവര്‍ത്തനങ്ങളില്‍ ജാതി അപ്രസക്തമായെന്ന് പ്രചരിക്കപ്പെട്ടതോടെ ദലിതരുടെ സാമൂഹ്യാസ്തിത്വം ഒരുവശത്ത്; ദേശീയപ്രസ്ഥാനത്തിന്റെ ഹരിജനോദ്ധാരണം, അയിത്തോച്ചാടനം എന്നിവയില്‍ തളച്ചിടുമ്പോള്‍ മറുവശത്ത് കമ്യൂണിസ്റ്റ് സവര്‍ണരുടെ ഉദാര മാനവികതയില്‍ ഊന്നുന്നതായി മാറി. ഇതോടെ വിസ്മൃതമാക്കിയത്, ദലിതരുടെ സ്വന്തം മുേന്നറ്റങ്ങളുടെ ചരിത്രവും അതിന് നേതൃത്വം കൊടുത്തവരുടെ പങ്കാളിത്തവുമാണ്.

ന്ത്യയില്‍ രൂപപ്പെട്ട സവിശേഷമായ സാമൂഹ്യപരിവര്‍ത്തന ഘട്ടത്തില്‍, കേരളത്തിലെ ദലിതരെ സാമുദായികമായും രാഷ്ട്രീയവുമായും സ്വയം നിര്‍ണ്ണയാവകാശമുള്ള വ്യതിരക്ത സാമൂഹ്യവിഭാഗമായി പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളചരിത്രത്തില്‍ കല്ലറസുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും പ്രസക്തി. ഇപ്രകാരമൊരു ദൗത്യമേറ്റെടുക്കാന്‍ വേണ്ടി, ഇളക്കമില്ലാത്തതും ഉറഞ്ഞുപോയതും പ്രയോജനരഹിതവുമായ ജാതി സംഘടന സമവാക്യങ്ങളെ നിഷേധിക്കുക മാത്രമല്ല; വിസ്മൃതിയിലാക്കപ്പെട്ട അയ്യങ്കാളി, പൊയ്കയിലപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് എന്നിവരുടെ ജ്ഞാന-കര്‍മ്മ മണ്ഡലങ്ങളെ വീണ്ടെടുക്കുകയും അതിനെ ഡോ.ബി. ആര്‍. അംബേദ്ക്കറിന്റെ ചിന്തകളുമായി സമന്വയിപ്പിച്ച് സമകാലീനമാക്കുകയുമാണ് ചെയ്തത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദലിതരുടെ നവോത്ഥാന തുടര്‍ച്ച നിലനിറുത്തിയവരാണ് കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും.
ദലിത് സംഘടനാപ്രവര്‍ത്തനങ്ങള്‍ അപഹസിക്കപ്പെടുക മാത്രമല്ല. അസാദ്ധ്യമെന്ന് കരുതപ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ ജ്ഞാനാധിഷ്ഠിതവും കര്‍മ്മപരമാക്കിയും ഇതര കീഴാളസമുദായങ്ങളോട് പരസ്പര്യം പുലര്‍ത്തിയും വിശാലമായൊരു ജനാധിപത്യവേദിയാക്കി ദലിത് വ്യവഹാരത്തെ മാറ്റാനവര്‍ക്കു കഴിഞ്ഞു. ഇവര്‍ രൂപപ്പെടുത്തിയ ഇതേ മണ്ണിലാണ് പില്‍ക്കാലത്ത് ദലിത് പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടതും ആശയപരമായും പ്രായോഗികമായും നിലനിന്നതും.

  • ദേശീയരാഷ്ട്രീയ മാറ്റങ്ങള്‍

ഇന്ത്യയില്‍, 1970-കളുടെ അവസാനമാണ് നെഹ്‌റുവിന്റെ ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പനം തകര്‍ച്ചയെ നേരിടാന്‍ തുടങ്ങിയത്. ഇതിന് കാരണം, സമ്മിശ്ര സമ്പദ്ഘടനയുടെ (Mixed Economy) മറവില്‍ വൈദേശികാശ്രിതത്വവും കുത്തകമുതലാളിത്തവും ദ്രുതഗതിയിലുള്ള വളര്‍ച്ച നേടിയതിനാലാണ്. ഫലമോ, ദേശീയ ജീവിതത്തില്‍ ആഴമേറിയ പ്രതിസന്ധികള്‍ രൂപപ്പെടാന്‍ തുടങ്ങി. ഇവയിലേറ്റവും മുഖ്യം കാര്‍ഷിക ജനതയുടെ പാപ്പരീകരണവും കുതിച്ചുയരുന്ന തൊഴിലില്ലായ്മയുമായിരുന്നു. ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ച ഭരണവര്‍ഗ്ഗം ഒരു വശത്ത് സമ്പന്നര്‍ക്കനുകൂലമായ നിലപാടുകളെടുത്തപ്പോള്‍, മറുവശത്ത് സവര്‍ണ്ണ ജാതിമേധാവികള്‍ക്ക് അധീശത്വം ലഭിക്കുന്ന വിധത്തില്‍ മതപരവും വംശീയവും ഭാഷാപരവും പ്രദേശപരവുമായ വൈരുദ്ധ്യങ്ങളെ ഊതിപെരുപ്പിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ഫലമായി നാളിതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ”നാനാത്വത്തില്‍ ഏകത്വമെന്ന” ദേശീയതാ സങ്കല്പനം തകിടം മറിഞ്ഞ് സവര്‍ണ്ണജാതികളുടെ വംശീയാധിപത്യം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയായിരുന്നു. ഇതൊടെ ദലിതരടക്കമുള്ള കീഴാളജനതയുടെ ദേശീയവകാശങ്ങളെ ദുര്‍ബലപ്പെടുത്തുവാനും അവരെ പൊതുരാഷ്ട്രീയത്തില്‍ നിന്നും പുറന്തള്ളാനുമുള്ള ശ്രമങ്ങളുണ്ടായി. രാജ്യമെമ്പാടും നടന്ന വംശീയലഹളകള്‍, ദലിതര്‍ക്കെതിരായി നടന്ന അതിക്രമങ്ങള്‍, സംവരണ വിരുദ്ധ സമരങ്ങള്‍, ഭൂപരിഷ്‌കരണത്തിന്റെ നിഷേധം എന്നീ നിലകളിലാണ് അടിച്ചമര്‍ത്തലുകള്‍ രൂപപ്പെട്ടത്. ഈ സ്ഥിതി നിരവധി പുതുസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ദലിത് പ്രസ്ഥാനങ്ങളുടെയും രൂപീകരണത്തിലേയ്ക്ക് നയിച്ചു.
കേരളത്തിലുണ്ടായിരുന്നത് ഭിന്നമായൊരവസ്ഥയാണ്. 19-ാം നൂറ്റാണ്ടില്‍ അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് എിവരുടെ നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധ പോരാട്ടങ്ങള്‍, സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ദലിതരെ ഒരടി മുന്നിലെത്തിച്ചിരുന്നു. തന്മൂലം കേരളത്തിലെ ദലിതരുടെ സാമുദായിക രാഷ്ട്രീയവല്‍ക്കരണമായിരുന്നു സംഭവിച്ചത്. ഈ ചരിത്രപരമായ പരിവര്‍ത്തനത്തെ തടഞ്ഞുനിര്‍ത്താനാണ് വിവിധ കക്ഷി രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മുന്‍കൈയ്യില്‍ തൊഴിലാളി പേരുള്ള സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്. ഈ പ്രസ്ഥാനങ്ങള്‍ ഒരു വശത്ത് ആന്തരികമായി ജാതീയതയെ ഒളിപ്പിച്ചു വച്ചപ്പോള്‍ മറുവശത്ത് സാമ്പത്തികവകാശങ്ങളെ മുന്‍നിര്‍ത്തി സാമുദായികാസ്തിത്വത്തെ നിഷേധിച്ചിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍, രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തേക്കാളും കേരളത്തില്‍ ഭൂപരിഷ്‌കരണം അനിവാര്യമായി. 1961 മുതല്‍ ഈ ദിശയിലുള്ള ചര്‍ച്ചകളും നടപടികളും ആരംഭിച്ചെങ്കിലും 1970 ലാണ് ഭൂപരിഷ്‌ക്കരണത്തിന് സമൂര്‍ത്തരൂപം കൈവരുന്നത്. സാമൂഹ്യ നീതിയില്‍ നിന്നും വെട്ടിമാറ്റിയ ഭൂപരിഷ്‌ക്കരണത്തിലൂടെ ദലിതരെ കക്ഷി രാഷ്ട്രീയ സമരങ്ങളിലെ ചാവേറുകളാക്കുകയായിരുന്നു ലക്ഷ്യം. തന്മൂലം, ദലിതര്‍ക്ക് ഭൂവുടമസ്ഥാവകാശം നിഷേധിച്ച് കുടികിടപ്പെന്ന പേരില്‍ തുണ്ട് ഭൂമികളും ഹരിജന്‍- ലക്ഷം വീടുകളും നല്‍കപ്പെട്ടു. ഇതേ സ്ഥിതി രൂപപ്പെട്ടപ്പോള്‍ തെന്നയാണ് സാമ്പത്തിക സംവരണവാദത്തിനൊരു പ്രത്യയശാസ്ത്രാടിത്തറ നിര്‍മ്മിക്കപ്പെട്ടത്. കേരളത്തില്‍ കാല്‍നൂറ്റാണ്ടുകാലത്തെ സാമ്പത്തികരംഗത്തെ പരിവര്‍ത്തനങ്ങളെ ആധാരമാക്കി സംവരണീയ സമുദായങ്ങള്‍ സമ്പന്നരും ദരിദ്രരുമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും, തന്മൂലം സംവരണം ദരിദ്രര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നുള്ള വാദമാണ് സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. സംവരണത്തിന് ഇപ്രകാരമൊരു വര്‍ഗപരമായ വ്യാഖ്യാനമുണ്ടായതോടെ ദലിതരുള്‍പ്പെടുന്ന സംവരണീയ സമുദായങ്ങളില്‍ ആഴമേറിയ ഭിന്നിപ്പുകള്‍ രൂപം കൊള്ളുകയായിരുന്നു. ഈ വാദത്തിന്റെ മറുപുറം ദലിതരിലെ ഇടത്തരക്കാരെ ദുര്‍ബലരാക്കുകയായിരുന്നു. ചെറുതെങ്കിലും ഇവരിലുള്‍പ്പെട്ട വിദ്യാസമ്പന്നര്‍ക്കും ബുദ്ധിജീവികള്‍ക്കുമാണ് സമുദായത്തിന്റെ വളര്‍ച്ചക്കും വികാസത്തിനു അനിവാര്യമായ ജ്ഞാനപദ്ധതികള്‍ രൂപപ്പെടുത്താനാവുക.
സാമ്പത്തിക പരിവര്‍ത്തനങ്ങളില്‍ ജാതി അപ്രസക്തമായെന്ന് പ്രചരിക്കപ്പെട്ടതോടെ ദലിതരുടെ സാമൂഹ്യാസ്തിത്വം ഒരുവശത്ത്; ദേശീയപ്രസ്ഥാനത്തിന്റെ ഹരിജനോദ്ധാരണം, അയിത്തോച്ചാടനം എന്നിവയില്‍ തളച്ചിടുമ്പോള്‍ മറുവശത്ത് കമ്യൂണിസ്റ്റ് സവര്‍ണരുടെ ഉദാര മാനവികതയില്‍ ഊന്നുന്നതായി മാറി. ഇതോടെ വിസ്മൃതമാക്കിയത്, ദലിതരുടെ സ്വന്തം മുേന്നറ്റങ്ങളുടെ ചരിത്രവും അതിന് നേതൃത്വം കൊടുത്തവരുടെ പങ്കാളിത്തവുമാണ്.

______________________________
കേരളത്തിലെ എഴുത്തധികാരം ആധുനിക സമൂഹരൂപീകരണത്തിന്റെ പൊതുധാരയില്‍ നിന്നും അയ്യാങ്കാളിയെ പുറത്താക്കിയതായും പൊയ്കയിലപ്പച്ചനെ കാണാതെ പോയി എന്നും എല്ലാവര്‍ക്കുമറിയാം. ഈ അദൃശ്യതയ്ക്ക് കാരണം മുമ്പ് ചൂണ്ടിക്കാണിച്ച പ്രത്യയശാസ്ത്ര പരികല്‍പ്പനകളിലൂടെ ദലിതരിലെ വിദ്യാസമ്പന്നരെയും ഇടത്തരം സ്വത്തുടമസ്ഥരെയും ദുര്‍ബലരായതോടൊപ്പം കര്‍ഷകതൊഴിലാളി നിര്‍വചനത്തിലൂടെ ദലിതരിലെ കൈത്തൊഴിലുകാര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍മ്മാണതൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വലിയൊരു വിഭാഗത്തെ സമുദായ ശരീരത്തില്‍ നിന്നും വെട്ടിമാറ്റിയതുകൊണ്ടുമാണ്. 
______________________________

കേരളത്തിലെ എഴുത്തധികാരം ആധുനിക സമൂഹരൂപീകരണത്തിന്റെ പൊതുധാരയില്‍ നിന്നും അയ്യാങ്കാളിയെ പുറത്താക്കിയതായും പൊയ്കയിലപ്പച്ചനെ കാണാതെ പോയി എന്നും എല്ലാവര്‍ക്കുമറിയാം. ഈ അദൃശ്യതയ്ക്ക് കാരണം മുമ്പ് ചൂണ്ടിക്കാണിച്ച പ്രത്യയശാസ്ത്ര പരികല്‍പ്പനകളിലൂടെ ദലിതരിലെ വിദ്യാസമ്പന്നരെയും ഇടത്തരം സ്വത്തുടമസ്ഥരെയും ദുര്‍ബലരായതോടൊപ്പം കര്‍ഷകതൊഴിലാളി നിര്‍വചനത്തിലൂടെ ദലിതരിലെ കൈത്തൊഴിലുകാര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍മ്മാണതൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വലിയൊരു വിഭാഗത്തെ സമുദായ ശരീരത്തില്‍ നിന്നും വെട്ടിമാറ്റിയതുകൊണ്ടുമാണ്. ഫലമോ, വ്യാപാര-വ്യവസായ- സര്‍ക്കാരേതര സര്‍വ്വീസ് മേഖലകളിലേക്കുള്ള ദലിതരുടെ പ്രവേശനം തടയപ്പെട്ടു. ഈ സാഹചര്യത്തില്‍ ദലിതരിലെ ജാതി സംഘടനകള്‍ അപ്രസക്തമാക്കപ്പെട്ടു. തുടര്‍ന്ന്; ജാതിക്കതീതവും എന്നാല്‍ സാമുദായിക സ്വത്വബോധമുള്ളതുമായൊരു പുതിയ കര്‍ത്തൃത്വശക്തിയായി ദലിതര്‍ മാറേണ്ടതായിവന്നു. മേല്‍ പറഞ്ഞ ചരിത്ര സന്നിഗ്ധതകളെ നേരിട്ട് അഭിമുഖീകരിച്ച വ്യക്തിത്വങ്ങളാണ് കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും.

  • ചരിത്രപഥത്തിലേക്ക്

1957- ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയാധികാരത്തിലേക്ക് നടന്നു നീങ്ങാനുള്ള വളര്‍ച്ച നേടിയപ്പോള്‍ ദലിതരുടെ പാര്‍ശ്വവല്‍ക്കരണത്തെ സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ കല്ലറ സുകുമാര്‍: 1957 സെപ്റ്റംബര്‍ 20-നാണ് ‘പീരുമേട് താലൂക്ക് ഹരിജന്‍ ഫെഡറേഷന്‍’ രൂപീകരിക്കുന്നത്. ദേശീയപ്രസ്ഥാനത്തില്‍ നിന്നും കടമെടുത്ത ഹരിജന്‍ എന്ന സംജ്ഞ സ്വീകരിക്കുമ്പോള്‍ ജാതി- ഉപജാതി വ്യത്യാസങ്ങളെ കണക്കിലെടുക്കാതെ, ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരേയും ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയാണ് പ്രകടമായത്. ഇതോടെ ദലിതരിലെ എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഏകീകൃത സംഘടനയെന്ന സമുദായികേച്ഛയാണ് സഫലമായത്. 1974 ജനുവരി 13 ന് കല്ലറ സുകുമാരന്‍ ഈ സംഘടനയെ വികസിപ്പിച്ചു. ‘കേരളാ ഹരിജന്‍ ഫെഡറേഷന്‍’ എന്ന സംസ്ഥാന സംഘടനയാക്കി മാറ്റി. ഈ സംഘടനയില്‍ 41 -ഓളം കീഴാള സംഘടനകള്‍ ലയിച്ചു എന്നത് നേതൃത്വത്തിന്റെ വിശ്വാസ്യതയുടെ തെളിവായി മാറുന്നുണ്ട്. ‘കേരളാ ഹരിജന്‍ ഫെഡറേഷന്‍’ കേവല ജാതിസംഘടനകളുടെ കാഴ്ചപ്പാടുകളേയും പ്രവര്‍ത്തന പരിപാടികളേയും നിഷേധിച്ച് ദലിതരുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങളെയാണ് മുന്നോട്ട’് വച്ചത്. തന്മൂലം പുതിയൊരു അജണ്ടയിലേയ്ക്കാണ് ഈ പ്രസ്ഥാനം മുന്നേറ്റം കുറിച്ചത്. പ്രസിദ്ധ എഴുത്തുകാരനായ പോള്‍ ചിറക്കരോട് ‘കേരളാ ഹരിജന്‍ ഫെഡറേഷ’ന്റെ നേതൃത്വത്തിലെത്തിയതോടെ ഈ സംഘടന വലിയൊരു ദലിത് സാന്നിധ്യമായി മാറി.
‘കേരളാ ഹരിജന്‍ ഫെഡറേഷന’് ശക്തമായ അടിത്തറയുണ്ടായിരുന്നെങ്കിലും 60-കളുടെ അവസാനവും 70-കളുടെ ആരംഭത്തിലും രൂപം കൊണ്ടതും ദലിതരെ ഗാഢമായി സ്വാധീനിച്ചതുമായ പ്രതിസന്ധികളെ മറികടക്കാന്‍ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ നിഷേധിക്കേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് 1979-ല്‍ ‘കോണ്‍ഫെഡറേഷന്‍ ഓഫ് ഡിപ്രസ്സ്ഡ് ക്ലാസ്സസ് ഓര്‍ഗനൈസേഷന്‍സ്’ (CDO) എന്ന സംഘടനയും അഞ്ചുവര്‍ഷത്തിന് ശേഷം (1984) ‘ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷനും’ (IDF) രൂപം കൊള്ളുന്നത്. ഇന്‍ഡ്യന്‍ ദലിത് ഫെഡറേഷന്റെ പില്‍ക്കാല ചരിത്രം വ്യക്തമാക്കുന്നത്, കേരളത്തിലെ ദലിതരുടെ സംഘടനാ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമായതിന് മാറാന്‍ കഴിഞ്ഞുവെന്നാണ്.

  • ആശയമണ്ഡലം

‘കേരളാ ഹരിജന്‍ ഫെഡറേഷന്‍’ നിലനിന്നപ്പോള്‍തന്നെ ദലിത് പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തമായൊരാശയ മണ്ഡലവും, ദലിത് അവബോധത്തെ സാര്‍വ്വ ദേശീയാവബോധവും ആയി സംയോജിപ്പിക്കുന്ന വീക്ഷണം പോള്‍ ചിറക്കരോട് മുന്നോട്ടു വച്ചിരുന്നു. 1978 ല്‍ കല്ലറ സുകുമാരന്‍ പ്രസിദ്ധീകരിച്ച ‘കെ. എച്ച്.എഫ്. എന്ത്? എന്തിന്?’ എന്ന കൃതിയില്‍ ഇതര സമുദായങ്ങളിലെപോലെ ദലിതരിലൊരു സമ്പന്ന വിഭാഗമില്ലെന്നും, ചെറിയൊരു കൂട്ടം ഇടത്തരം സ്വത്തുടമസ്ഥര്‍ ഒഴിച്ചാല്‍ (ഉദ്യാഗസ്ഥന്മാരടക്കം) ബഹു ഭൂരിപക്ഷവും ദരിദ്രരാണെന്നും വിലയിരുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദലിതരുടെ ജ്ഞാനപരവും, കര്‍മ്മപരവുമായ വികാസത്തിനുവേണ്ട നിര്‍വ്വഹത്വം ചെറുകിട സ്വത്തുടമസ്ഥര്‍ക്കാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഈ ആശയം പ്രധാനം ചെയ്യുന്നതോടൊപ്പം അദ്ദേഹത്തിന്റെ ‘വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം’ എന്ന കൃതി മാര്‍ക്‌സ് നിരാകരിച്ച പ്രുദോണിന്റെ ചിന്തകളെയാണ് അംഗീകരിച്ചത്. പില്‍ക്കാലത്ത് കാന്‍ഷിറാം ബഹുജന്‍സമാജ് പാര്‍ട്ടി രൂപീകരിക്കാന്‍ അടിത്തറയാക്കിയതും ദലിതരിലെ ഇടത്തരക്കാരെയാണ്. അദ്ദേഹം ‘ബാംസെഫ്’ എന്ന സംഘടനയിലൂടെ വിദ്യാസമ്പരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുമായ ദലിതരില്‍ നിന്നും ബൗദ്ധികശേഷിയും സമ്പത്തും സ്വീകരിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദലിതരുടെ സാമൂഹ്യ വികാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാസമ്പര്‍ക്ക് വലുതായ പങ്കുണ്ട്. കാരണം, ദരിദ്രരെന്ന പോലെ നിരക്ഷരരും, നൂറ്റാണ്ടുകളായി ഹൈന്ദവ മൂല്യവ്യവസ്ഥയ്ക്ക് വിധേയരുമായ സമുദായാംഗങ്ങളെ ഉദ്ബുദ്ധരാക്കാനും സംഘടിതരാക്കാനും അവര്‍ക്കാണ് കഴിയുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിലപാടിന് പ്രാധാന്യമുണ്ട്. നവോത്ഥാനാനന്തര കേരളത്തിലെ സവര്‍ണ്ണ പ്രത്യയശാസ്ത്രവല്‍ക്കരണങ്ങളില്‍ നിശബ്ദരാക്കപ്പെട്ടവര്‍ ദലിതരാണ്. ഇതിനെ മറികടക്കാന്‍ ദലിതരിലെ വിദ്യാസമ്പന്നര്‍ക്കും ദലിതര്‍ക്കുമാണ് കഴിയുന്നത്. അതേ സമയം, മുന്‍ചൊന്ന വിഭാഗത്തിന്റെ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ഉണര്‍ത്തിയെടുക്കുമ്പോള്‍ തന്നെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാക്കി മാറേണ്ടത് ദരിദ്രരും നിരക്ഷരരുമായ സാധാരണ ജനതയാണ് എന്ന കാര്യം മറക്കാനും പാടില്ല.
പോള്‍ ചിറക്കരോട് രചിച്ച ‘കറുത്ത വിപ്ലവം’ എന്ന കൃതി ദലിതരുടെ പുത്തന്‍ അവബോധത്തെ സാര്‍വ്വദേശീയ ആശയങ്ങളുമായി സമന്വയിപ്പിക്കുന്നതുമായിരുന്നു. 1936-ല്‍ ‘റസ്‌തോഫാരി’ പ്രസ്ഥാനം രൂപികരിച്ച കറുത്ത ജമൈക്കന്‍ വിപ്ലവകാരിയായ മാര്‍ക്‌സ് ഗാര്‍വേയുടെ ‘ബാക്ക് റെവല്യൂഷന്‍’, ‘സെപ്പെറ്റേറിസം’ എന്നിങ്ങനെയുള്ള ആശയങ്ങളെയാണ് പ്രസ്തുത കൃതി ഉള്‍ക്കൊണ്ടിരുന്നത്. ഈ കൃതി മാര്‍ക്‌സിസവുമായി സാര്‍വ്വ ദേശീയ വീക്ഷണത്തില്‍ ബന്ധവിച്ഛേദനം സൃഷ്ടിച്ചതുകൊണ്ടാണ് ദലിതരെ സംബന്ധിച്ചടത്തോളം പ്രസക്തമായിരിക്കുന്നത്. ഇപ്രകാരം ദലിത് പ്രവര്‍ത്തനങ്ങളെ സ്വാത്മ പ്രചോദിതമെന്നതിനുപരി ജ്ഞാനാധിഷ്ഠിതമാക്കുവാന്‍ അക്കാലത്ത് ലഭ്യമായിരുന്ന ഡോ. ബി. ആര്‍. അംബേദ്കറിന്റെ കൃതികള്‍ (പൂനാ പാക്ട്, ജാതി ഉന്മൂലനം) വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ കീഴാളപക്ഷത്തുനിന്നും ചരിത്രരചന നടത്തിയ എന്‍. കെ. ജോസിന് നല്‍കിയ ”ദലിത്ബന്ധു” എന്ന ബഹുമതിയും അയ്യങ്കാളിയുടെ ജീവചരിത്രവും മറ്റ് ചില ചരിത്രഗ്രന്ഥങ്ങളും രചിച്ച ടി. എച്ച്. പി. ചെന്താരശ്ശേരിക്ക് നല്‍കിയ ആദരവും ദലിത് പ്രവര്‍ത്തനങ്ങളെ ചരിത്രബദ്ധമാക്കുകയായിരുന്നു. പഠനങ്ങള്‍, സാഹിത്യകൃതികള്‍ എന്നിങ്ങനെ നിരവധി കൃതികള്‍ അവരിരുവരും രചിക്കുകയും വോയ്‌സ് ‘ഓഫ് ഹരിജന്‍’ ‘ജ്വലനം’ എന്നീ മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

______________________________
ദലിത് സംഘടനാ പ്രവര്‍ത്തകര്‍ പ്രക്ഷോഭകരായിരിക്കണമെന്ന പാഠമാണ് കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും ജീവിതം. ഇത്തരം സമരങ്ങള്‍ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയവകാശങ്ങളുള്‍ക്കൊള്ളുന്നതോടൊപ്പം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമായിരിക്കേണ്ടതുണ്ട്. 1964-ല്‍ പീരുമേട്ടിലെ എ. ബി. ടി. ലോക്കൗട്ടിനെതിരായി നടത്തിയ നിരാഹാരം മുതല്‍, സംവരണാവകാശങ്ങള്‍ക്കും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു ലഭിക്കുന്നതിനും, ദലിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരമായ സമരങ്ങളായിരുന്നു ഇവരുടെ ജീവിതം. മാത്രമല്ല ദലിതരനുഭവിക്കുന്ന ഭൂവുടമവസ്ഥതയില്ലായ്മയെ പ്രമേയമാക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു.
______________________________ 

പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’പ്പോലുള്ള നോവലുകള്‍, മലയാളത്തില്‍ ദലിത് സാഹിത്യത്തിന്റെ അടിത്തറ പാകുന്നതില്‍ ഗണ്യമായ പങ്കാണ് വഹിച്ചത്. കോട്ടയത്തും കോഴിക്കോടും നടത്തിയ ദലിത് കൃതികളുടെ പ്രദര്‍ശനം നാളിതുവരെ അജ്ഞാതരായിരുന്ന ദലിതെഴുത്തുകാരെ പരിചയപ്പെടുത്താന്‍ മാത്രമല്ല, സമുദായിക സംഘടനാ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനും സഹായകമായി.

  • സാമുദായിക രാഷ്ട്രീയം

ദലിത് പ്രവര്‍ത്തനങ്ങളെ പുതിയൊരു സാമുദായിക രാഷ്ട്രീയ ഉല്‍ബുദ്ധതയാക്കി പരിവര്‍ത്തനപ്പെടുത്തിയതിലൂടെയാണ് കല്ലറസുകുമാരനും പോള്‍ ചിറക്കരോടും ദലിതര്‍ക്കെന്ന പോലെ കേരളീയ സമൂഹത്തിനും പ്രസക്തരാകുന്നത്.
1983-ല്‍ ‘ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി’ രൂപീകരിച്ചത് നിര്‍ണ്ണായകമാണ്. ഡോ. ബി. ആര്‍. അംബേദ്കറിന്റെ കൃതികള്‍ ലഭ്യമല്ലാതിരിക്കുകയും ആശയരംഗത്തെ ദലിത് സംവാദങ്ങള്‍ ദുര്‍ബ്ബലമായിരിക്കുകയും ചെയ്‌തൊരു കാലഘട്ടത്തില്‍ ദലിതരെ ”അടിസ്ഥാന വര്‍ഗ്ഗം” എന്ന് നിര്‍വ്വചിച്ചുകൊണ്ടാണവര്‍ ഐ. എല്‍. പി.യുടെ പ്രത്യയശാസ്ത്രത്തിന് അടിത്തറയിട്ടത്. ഇത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടികളോടെതിനേക്കാള്‍, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്ര വീക്ഷണത്തോടുള്ള വിമര്‍ശനത്തിനാണ് കളമൊരുക്കിയത്. മാര്‍ക്‌സിസത്തിന് ജാതി വ്യവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കഴിയണമെങ്കില്‍ ദലിതരെ അടിത്തറയാക്കുന്നൊരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറണമെന്നായിരുന്നു അവരുടെ വാദം. ഈ വാദം സഫലമായൊരു ആശയസംവാദമായി മാറാതിരുന്നതിന് കാരണം, യുറോപ്യന്‍ സമൂഹങ്ങളിലെ വര്‍ഗ്ഗസമൂഹങ്ങളില്‍ രൂപപ്പെട്ട മാര്‍ക്‌സിസം ഇന്ത്യയിലെ ജാതി വ്യവസ്ഥയെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമല്ലെന്നും, അതിന്റെ നേരവകാശികളായ സമ്പന്ന മദ്ധ്യവര്‍ഗ്ഗ സവര്‍ണ്ണര്‍ അതിനെയൊരു പൈതൃകാവകാശവും പ്രമാണവാദവുമാക്കിയെുള്ള തിരിച്ചറിവായിരുന്നു. എങ്കിലും 1982-ല്‍ ‘കേരളാ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയനും’, പിറ്റേ വര്‍ഷം ‘സെന്റര്‍ ഓഫ് കേരളാ ട്രേഡ് യൂണിയന്‍’സും രൂപീകരിച്ചുകൊണ്ട് വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളാല്‍ ചവിട്ടി താഴ്ത്തപ്പെട്ട ദലിത് തൊഴിലാളികളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുവാനും അവകാശ ബോധമുള്ളവരാക്കി മാറ്റാനും കഴിഞ്ഞു. ഐ.എല്‍. പി.-യുടെ തെരെഞ്ഞെടുപ്പുരംഗത്തേക്കുള്ള പ്രവേശനം ദലിതരുടെ സ്വതന്ത്രരാഷ്ട്രീയവല്‍ക്കരണമായി മാറുകയായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ജനാധിപത്യരാഷ്ട്രീയത്തില്‍ ഇടം കിട്ടാന്‍ ഐ.എല്‍. പി. പര്യാപ്തമല്ലെന്ന് അനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടതിന്റെ ഫലമായാണ് 1989-ല്‍ ഐ.എല്‍. പി., ബി. എസ്. പി.യുടെ കേരളാ ഘടകമായി മാറിയത്. കേരളരാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി ആധിപത്യം വഹിക്കുകയും, മാറി മാറി അധികാരത്തിലേറുകയും ചെയ്യുന്ന ഐക്യ ജനാധിപത്യമുന്നണിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ഭാഗമാകാതെ ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന ബി. എസ് പിയ്ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റെയും നേതൃത്വത്തില്‍ ബി. എസ്. പി.യൊരു പ്രക്ഷോഭ സംഘടനയായിരുന്നുവെന്നതാണ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്.
ദലിത് സംഘടനാ പ്രവര്‍ത്തനങ്ങളെ കീഴാള ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തി വിപുലമായൊരു സാഹോദര്യപ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രബല പിന്നോക്ക സംഘടനയായ എസ്. എന്‍. ഡി. പിയുമായും നിരവധി മുസ്ലീം സംഘടനകളുമായവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. മാത്രമല്ല ഗ്രോവാസു, അദ്ദേഹത്തോടൊപ്പം മാവൂര്‍സമരത്തില്‍ സജീവമായ പങ്കാളിത്തം വഹിച്ച മോയിന്‍ ബാപ്പു, പി. ഡി. പി. ചെയര്‍മാനായ അബ്ദുള്‍ നാസര്‍ മഅദ്‌നി, എസ്. ആര്‍. പി. നേതാവായിരുന്ന കെ. വി. വാസുദേവന്‍ എന്നിവരുമായി ഊഷ്മളമായ വ്യക്തിബന്ധങ്ങളും പുലര്‍ത്തിയിരുന്നു. ഇത്തരം സാഹോദര്യ ബന്ധത്തിലൂടെ ദലിത്-പിന്നോക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയൊരര്‍ത്ഥതലം നല്‍കാനുമവര്‍ക്കു സാധിച്ചു.
ദലിത് സംഘടനാ പ്രവര്‍ത്തകര്‍ പ്രക്ഷോഭകരായിരിക്കണമെന്ന പാഠമാണ് കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും ജീവിതം. ഇത്തരം സമരങ്ങള്‍ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയവകാശങ്ങളുള്‍ക്കൊള്ളുന്നതോടൊപ്പം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമായിരിക്കേണ്ടതുണ്ട്. 1964-ല്‍ പീരുമേട്ടിലെ എ. ബി. ടി. ലോക്കൗട്ടിനെതിരായി നടത്തിയ നിരാഹാരം മുതല്‍, സംവരണാവകാശങ്ങള്‍ക്കും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു ലഭിക്കുന്നതിനും, ദലിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരമായ സമരങ്ങളായിരുന്നു ഇവരുടെ ജീവിതം. മാത്രമല്ല ദലിതരനുഭവിക്കുന്ന ഭൂവുടമവസ്ഥതയില്ലായ്മയെ പ്രമേയമാക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു.

  • ഉപസംഹാരം

കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും അനുസ്മരിക്കപ്പെടുന്നത് അയ്യങ്കാളി, പൊയ്കയിലപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിനും ഇന്നത്തെ ദലിത് നേതൃത്വത്തിനുമിടയിലെ പ്രാതിനിധ്യമെന്ന നിലയിലാണ്. ദലിത് പ്രസ്ഥാനങ്ങള്‍ അസാദ്ധ്യമെന്ന് കരുതപ്പെട്ട ഒരു കാലഘട്ടത്തില്‍, വ്യക്തിഗതതാല്പര്യങ്ങള്‍ കണക്കിലെടുക്കാതെ നിരന്തരമായ കഠിന പ്രയത്‌നത്തിലൂടെ പൊടിയില്‍ നിന്നും ചേറില്‍ നിന്നുമൊരു ജനതയെ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു അവര്‍ ചെയ്തത്.
ആത്മസമര്‍പ്പണത്തിന്റേയും ത്യാഗത്തിന്റേയും ഈ ഭൂമികയിലൂടെ സഞ്ചരിക്കുമ്പോഴാവും ഇന്നത്തെ ദലിതരുടെ വിമോചനമാര്‍ഗ്ഗം തെളിഞ്ഞു കാണുക.
(കല്ലറ സുകുമാരന്‍ സ്മരണികയില്‍ പ്രസിദ്ധീകരിച്ചത് – 2011)

Top