ഒത്തുതീര്‍പ്പുകള്‍കൊണ്ട് അശ്ലീലമാകാത്ത ഒരു ജീവിതം

ദൈവത്തെ നിഷേധിച്ചപ്പോഴും ദൈവത്തെ പോലെ മറഞ്ഞിരിക്കാനാഗ്രഹിച്ചവന്‍, ക്രിസ്തുമതത്തിന്റെ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞപ്പോഴും നസ്രത്തിലെ യേശുവിനെ ജീവിതത്തില്‍ പകര്‍ത്താന്‍ തുനിഞ്ഞവന്‍, ഗാന്ധിയുടെ ദളിത്‌നിലപാടുകളെ വിമര്‍ശിച്ചപ്പോഴും ആ ജീവിതവും പ്രകൃതിസ്‌നേഹവും അനുകരിച്ചവന്‍, വ്യവസ്ഥാപിത മാര്‍ക്‌സിസത്തോടു വിമര്‍ശകമായ അകലം പാലിച്ചപ്പോഴും മാര്‍ക്‌സിയന്‍ മാനവികതയെയും സംവാദാത്മകതയെയും ജീവിതത്തിന്റെ ഭാഗമാക്കിയവന്‍ – ഇത്തരം വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ആ മനുഷ്യന്‍ .

തലവാചകം എന്റേതല്ല, ഇസ്താക്ക് സാറിന്റെ മരണവാര്‍ത്തയറിഞ്ഞ്, വി. ജി. തമ്പി ഫെയ്‌സ് ബുക്കില്‍ കുറിച്ചതാണ്. ഇസ്താക്കിനെ വിശേഷിപ്പിക്കാന്‍ ഇതിലും യോജിച്ച വാക്കുകളില്ല.
പന്ത്രണ്ടുകൊല്ലംമുമ്പ് എസ്. ബി. കോളേജില്‍ നിന്നു വിരമിച്ച മലയാളം പ്രൊഫസറായിരുന്നു ഇസ്താക് സാര്‍. സത്യജ്വാല എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ അവസാനത്തെ ലേഖനത്തില്‍ അദ്ദേഹം സ്വയം വെളിപ്പെടുത്തുന്നതു കുമരംപറമ്പില്‍ പാപ്പച്ചന്‍ എന്നാണ്. അതെ, ആലപ്പുഴയില്‍ കൈതവനയിലുള്ള കുമരംപറമ്പില്‍ കുടുംബത്തിലാണദ്ദേഹം ജനിച്ചുവളര്‍ന്നത്. ഓമനപ്പേര് പാപ്പച്ചനെന്നും.
പ്രൊഫസറായിരുന്നപ്പോഴും ആ പദവിയെക്കുറിച്ചുള്ള സാമാന്യധാരണകളെ അട്ടിമറിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വേഷത്തിലും സംഭാഷണത്തിലും മനുഷ്യസമ്പര്‍ക്കങ്ങളിലും അദ്ദേഹം എന്നുമൊരു സാധരണക്കാരന്‍തന്നെയായിരുന്നു. ക്ലാസുമുറിയില്‍ സ്വയം ഗരുസ്ഥാനത്തു പ്രതിഷ്ഠിച്ചില്ല. ഒരിക്കല്‍ താന്‍ അക്ഷരമെഴുതിച്ച കുട്ടി ഗുരുവിന്റെ കാല്‍തൊട്ടു വന്ദിച്ചു. ഉടനെതന്നെ, അദ്ദേഹം കുനിഞ്ഞ് ആ ശിഷ്യയുടെയും കാലു തൊട്ടു വണങ്ങി. അതാണ് ഇസ്താക്ക് സാര്‍. ആരും ആരുടെയും മുമ്പില്‍ തലകുനിക്കരുതെന്നും മനസ്സാക്ഷിയെ പണയപ്പെടുത്തരുതെന്നും പഠിപ്പിച്ച ഗുരുനാഥന്‍. ഏതൊരു പ്രസ്ഥാനത്തിന്റെയും ചിന്തകന്റെയും പുസ്തകത്തിന്റെയും ഉള്‍വെളിച്ചത്തിലേക്കിറങ്ങി മുങ്ങിക്കുളിക്കാന്‍ അദ്ദേഹം വ്യഗ്രതപ്പെട്ടിരുന്നു. വന്‍കിട മതങ്ങളോടും അവയുടെ അധീശത്വപരമായ ദൈവസങ്കല്‍പങ്ങളോടും അദ്ദേഹത്തിന് ആഭിമുഖ്യമുണ്ടായിരുന്നില്ല. അതേസമയം അടിച്ചമര്‍ത്തപ്പെട്ടവരുടെ ദൈവസങ്കല്‍പങ്ങളോട് അനുഭാവസമീപനം പുലര്‍ത്തുകയും ചെയ്തു. ദൈവങ്ങള്‍ മനുഷ്യരോടൊത്തു നൃത്തം വയ്ക്കുന്ന കോലംതുള്ളലിലും പടയണിയിലുമൊക്കെ പങ്കുകൊള്ളാന്‍ ഉത്സാഹിച്ചു. ഒരിക്കല്‍ അമ്പലപ്പുഴ ക്ഷേത്രോത്സവവേളയില്‍ ഉത്സവപ്പറമ്പില്‍ ആദിവാസിവേഷത്തില്‍ ഒരാള്‍ കൈയിലൊരു കൊമ്പും പിടിച്ചു നടക്കുന്നതു ഞങ്ങള്‍ കണ്ടു. ചില സ്ത്രീകളും കുട്ടികളും അയാളുടെയടുത്തു ചെന്ന് കുമ്പിടുന്നു. അയാള്‍ കൈയിലിരിക്കുന്ന കൊമ്പ് അവരുടെ തലയില്‍ മുട്ടിച്ച് അനുഗ്രഹിക്കുന്നു. ഞങ്ങള്‍ ഇസ്താക്കിയന്‍ കൂട്ടുകാര്‍ കൗതുകകരമായ ഈ കാഴ്ച നോക്കി നിന്നതേയുള്ളു. പക്ഷേ, ഇസ്താക്ക് പതുക്കെ ആ ദിവ്യന്റെ അടുത്തുചെന്ന് തലകുനിച്ച് അയാളുടെ അനുഗ്രഹം വാങ്ങി.
അന്ന് അതൊരു തമാശയായി തോന്നിയെങ്കിലും ഇന്ന് അതിന്റെ പൊരുള്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയും. സവര്‍ണ്ണ-സെമിറ്റിക് ദൈവങ്ങള്‍ക്കു മുമ്പില്‍ കുനിയാത്ത ആ ശിരസ് ഒരു ദളിതദൈവത്തിനു മുമ്പില്‍ കുനിയുന്നതാണു ഞങ്ങള്‍ കണ്ടത്. ദളിതര്‍ക്ക് ആത്മവിശ്വാസം പകരുന്ന ദൈവസങ്കല്‍പങ്ങളെ തമസ്‌കരിച്ചുകൊണ്ടാണു മേലാളര്‍ അവരെ അടിമപ്പെടുത്തിയതും സമുദ്ധാരകര്‍ ബ്ലീച്ചുചെയ്ത് അവരുടെ ആത്മവിശ്വാസം കെടുത്തിയതും എന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരേ പക്ഷക്കാരായിരുന്നു.
സമൂഹത്തിന്റെ ക്യാമറാക്കണ്ണുകളില്‍ നിന്നു മറഞ്ഞിരിക്കാന്‍ കൊതിച്ചവനാണ് ഇസ്താക്ക്. പൊതുപരിപാടികളില്‍ വേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കാനുമദ്ദേഹം പാടുപെട്ടിരുന്നു. യൗവ്വനകാലത്തെ ഇസ്താക്കുകവി സുഗന്ധിയെന്നോ മറ്റോ ഒരു പെണ്‍പേരിനു പിന്നില്‍ ഒളിച്ചാണു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. Confused Words എന്ന തന്റെ ഒരേയൊരു പുസ്തകത്തില്‍ Re lit Neyt എന്ന വിചിത്രനാമത്തിനു പിന്നിലും മേല്‍സൂചിപ്പിച്ച അവസാന ലേഖനത്തില്‍ പാപ്പച്ചനെന്ന ആദ്യനാമത്തിനു പിന്നിലും അദ്ദേഹം ഒളിച്ചിരുന്നു. പുസ്തകങ്ങളുടെ മഹാപുസ്തകമെന്നാണ് വി. ജി. തമ്പി ഇസ്താക്കിനെ വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം കുറ്റപ്പെടുത്തിയിരുന്ന, എഴുത്തിന്റെ കാര്യത്തിലുള്ള അലംഭാവത്തിനു പിന്നിലും ആ ഒളിച്ചിരിക്കല്‍ മനോഭാവം ഉണ്ടായിരുന്നില്ലേയെന്നു ഞാന്‍ സംശയിക്കുന്നു.
വലിയ സദസുകളിലദ്ദേഹം മൗനം പാലിച്ചു. അതേസമയം അഞ്ചെട്ടുപേര്‍ മാത്രമുള്ള ചെറിയ കൂടിച്ചേരലുകളില്‍ വാചാലനായി. ആഴമുള്ള ചിന്തകള്‍ ചെറിയ നര്‍മ്മോക്തികളിലൂടെ അവതരിപ്പിക്കാനുള്ള ഇസ്താക്കിയന്‍സിദ്ധി അത്ഭുതകരമായിരുന്നു. ഒരുദാഹരണം പറയാം: ഒരു ബസുയാത്രക്കിടയില്‍ ഒരാള്‍ ഇസ്താക്കിനോടു ചോദിച്ചു, സെമിയോട്ടിക്‌സ് എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്ന്. ഉടനെ വന്നു മറുപടി, ”ആരാ സെമിയോന്‍? തന്റേതല്ലാത്ത കുരിശു ചുമന്നവന്‍. അതുതന്നെയല്ലേ ചിഹ്നവും ചെയ്യുന്നത്? തന്റേതല്ലാത്ത അര്‍ത്ഥം ചുമക്കുന്നു. അതുകൊണ്ട് ചിഹ്നവിജ്ഞാനീയം സെമിയോട്ടിക്‌സ് ആയി. വെരി സിമ്പിള്‍.” എത്ര ക്രിയാത്മകമായിരുന്നു ആ മനസ്സെന്നു കാണാന്‍ ഇതില്‍പ്പരം തെളിവെന്തു വേണം?
കാപ്പനച്ചനുമായി നടന്ന നീണ്ട സംഭാഷണങ്ങള്‍ക്കു ശേഷം, അച്ചന്റെ നിര്‍ബ്ബന്ധപ്രകാരം ഇസ്താക്കൊരു ലേഖനമെഴുതി, ‘ഡെത്ത് ആന്റ് റിസറക്ഷന്‍ ഓഫ് ദി ഗ്രെയ്റ്റ് മതര്‍'(നെഗേഷന്‍സ്, ജൂലൈ-സെപ്റ്റ. 1982) അതു തുടങ്ങുന്നതിങ്ങനെയാണ്, ”മുതലാളിത്ത പരിതസ്ഥിതിയില്‍ ജീവിക്കുന്ന ആധുനിക മനുഷ്യന്‍ അനാഥനാണ്. വലിയൊരു ആള്‍ക്കൂട്ടത്തില്‍ വീണ്ടെടുക്കാനാവാത്തവണ്ണം സ്വയം നഷ്ടപ്പെട്ടവനായി അവന്‍ ചിത്രീകരിക്കപ്പെടുന്നു. അത്തരം നിശിതരൂപകങ്ങള്‍ മനുഷ്യചേതനയുടെ കേന്ദ്രബിന്ദുവില്‍ മിന്നിത്തെളിയുന്നതു സാഹിത്യത്തിലൂടെയാണ്. സാഹിത്യത്തില്‍ ഇത്തരം വെളിപ്പെടുത്തലുകളുണ്ടാവാന്‍മാത്രം മനുഷ്യനിന്ന് എന്തു സംഭവിച്ചു?”
യുഗാന്തരങ്ങളിലൂടെ മനുഷ്യന്‍ നേടിയ ‘യുക്തിക്കതീതമായ ജ്ഞാനവും ആത്മീയമായ ഔന്നത്യവും’ പരിപോഷിപ്പിച്ചിരുന്ന ഒരു ആദിമാതൃസങ്കല്‍പം ഇസ്താക്കിനുണ്ടായിരുന്നു. മുതലാളിത്തവും അതുമായി സമരസപ്പെട്ടുപോകുന്ന മതങ്ങളും ആ മഹാമാതാവിനെ ഉന്മൂലനം ചെയ്തപ്പോഴാണ് മനുഷ്യന്‍ അനാഥനാക്കപ്പെട്ടത് എന്നാണ് ഇസ്താക്ക് സമര്‍ത്ഥിക്കുന്നത്.
മനുഷ്യനെന്തു സംഭവിച്ചു എന്ന അന്വേഷണമാണ് ഇസ്താക്കിനെ 1980-കളിലും 90-കളിലും എം. ഗോവിന്ദന്‍, ഫാദര്‍ കാപ്പന്‍, എം. എന്‍. വിജയന്‍, എം. ഗംഗാധരന്‍, കളര്‍കോട് വാസിദേവന്‍, കെ. എന്‍. രാജ് എന്നിങ്ങനെ ബൗദ്ധികജാഗ്രതയും ജീവിതവിശുദ്ധിയുമുള്ള ജൈവബുദ്ധിജീവികളിലേക്കു നയിച്ചത്. ഇവരെ തേടി കണ്ണൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി, തിരുവന്നതപുരം, ബാംഗ്ലൂര്‍, ചെന്നൈ എന്നിങ്ങനെ പലസ്ഥലങ്ങളിലേക്കും ഞാനദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. ഇതില്‍ ഓരോ മനുഷ്യനെയും ഒറ്റയ്ക്കു കിട്ടിയാല്‍ പിന്നെ ഒരുപാടു ചോദ്യങ്ങളുമായി ആ ആശയഗംഗയില്‍ മുങ്ങിക്കുളിച്ചിട്ടേ ഇസ്താക്ക് തിരിയെ പോരുമായിരുന്നുള്ളു.
ഒരിക്കല്‍ ചെന്നൈയിലെ ഹാരിസ് റോഡ് 77ബി എന്ന ഗോവിന്ദഭവനത്തിലിരുന്നു ഗോവിന്ദനോടു സംസാരിക്കുന്നതിനിടയില്‍ ഇസ്താക്ക് ചോദിച്ചു, ഇനി ഗോവിന്ദന്റെ കവിതകളെല്ലാമൊന്നു ശേഖരിക്കണ്ടേ എന്ന്. അവയില്‍ നിലനില്‍ക്കാന്‍ യോഗ്യതയുള്ളവ എങ്ങനെയെങ്കിലും നിലനിന്നുകൊള്ളും എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. പക്ഷേ, ആ കവിതകളെല്ലാം ശേഖരിക്കാന്‍ മനസ്സിലുറച്ചാണ് ഇസ്താക്ക് തിരിച്ചെത്തിയത്. ഒരുപക്ഷേ മലയാള ഭാഷയ്ക്ക് ഏറ്റവും വലിയ ഇസ്താക്കിയന്‍ സംഭാവന രണ്ടു വാല്യങ്ങളായി രഞ്ജിമ പ്രസിദ്ധീകരിച്ച എം. ഗോവിന്ദന്റെ കവിതകള്‍ ആയിരിക്കും.
്യൂഇസ്താക്കും ജോണ്‍ വില്ലോത്തും ജോസഫ് നെടുമ്പുറവും സി. പി. ചെട്ടിശ്ശേരിയും ഞാനും ചേര്‍ന്ന് ബാംഗ്ലൂരില്‍ പോയി കാപ്പനച്ചനോടും മേഴ്‌സി കാപ്പനോടുമൊപ്പം ഒരാഴ്ച താമസിച്ച് അച്ചനില്‍നിന്നു മാര്‍ക്‌സിസം പഠിക്കുകയുണ്ടായി. അന്നുമുതല്‍ കാപ്പനച്ചനുമായി ഇസ്താക്ക് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യേശുവിനോട് അച്ചനുണ്ടായിരുന്ന അടുപ്പത്തെ ജീസസ് ഫിക്‌സേഷന്‍ എന്നു വിളിച്ച് ഇസ്താക്ക് കളിയാക്കുമായിരുന്നു. മലയാള സാഹിത്യത്തിലേക്കും നമ്മുടെ വേരുകളിലേക്കുമിറങ്ങിച്ചെല്ലാന്‍ ഇസ്താക്കുമായുള്ള ദീര്‍ഘസംഭാഷണങ്ങള്‍ അച്ചനെ സഹായിച്ചിരുന്നു. അതിന്റെ ഫലമായാണ് എം. ഗോവിന്ദന്‍, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ആറ്റൂര്‍ രവിവര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവരുടെ കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി തന്റെ നെഗേഷന്‍സ് എന്ന ജേര്‍ണലില്‍ കാപ്പനച്ചന്‍ പ്രസിദ്ധീകരിച്ചത്. അച്ചന്റെ പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതില്‍ എന്നെ ഏറ്റവുമധികം സഹായിച്ചതും ഇസ്താക്കാണ്.
തിരുവല്ലയിലെ എം. ജെ. ജോസഫച്ചന്റെ ഡൈനാമിക് ആകക്ഷന്‍ ഗ്രൂപ്പിന്റെയും കാണക്കാരിയില്‍ ജോസ് വട്ടമറ്റത്തിന്റെ സി. ഡി. എ. യുടെയും ചങ്ങനാശ്ശേരിയില്‍ മുഖമുദ്രയുടെയും സി. എസ്. ഐ. യൂത്ത് സെന്ററിന്റെയും ഓറയും രസനയും പോലുള്ള ഒരുപാട് സമാന്തര പ്രസിദ്ധീകരണങ്ങളുടെയും പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനങ്ങളിലും പി. എം. ആന്റണിയുടെയും പൂണിയില്‍ സുരേന്ദ്രന്റെയും നാടകപ്രവര്‍ത്തനങ്ങളിലും ഇസ്താക്ക് സഹകരിച്ചിരുന്നു. ആറാം തിരുമുറിവു നാടകത്തിനെതിരെ ക്രിസ്ത്യന്‍ മതഭ്രാന്തന്മാര്‍ കോടതിയില്‍ പോയപ്പോള്‍ ആന്റണിക്കൊപ്പംനിന്ന് കേസില്‍ കക്ഷിചേരാനും ഇസ്താക്ക് മടിച്ചില്ല. അതുപോലെ നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന പേരില്‍ ഭരണകൂടം മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിച്ചപ്പോള്‍ അതിനെതിരെ നടന്ന നീക്കങ്ങളില്‍ പങ്കുചേരാനും ഇസ്താക്കുണ്ടായിരുന്നു. കേണിച്ചിറയില്‍ മഠത്തില്‍ മത്തായി കൊല്ലപ്പെട്ടതിനു ശേഷമുണ്ടായ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ആലപ്പുഴയില്‍ അജിതയും കെ. വേണുവും സച്ചിദാനന്ദനും ബി. രാജീവനും മറ്റും പങ്കെടുത്ത റാലിയില്‍ ഇസ്താക്കിനൊപ്പം നടന്നുനീങ്ങിയതു ഞാനിന്നുമോര്‍ക്കുന്നു.
1981-ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടശേഷം ഞാനാരംഭിച്ച മാര്‍ക്‌സിസം പഠനസംഘത്തിലും മുഖമുദ്രയെന്ന കലാസാംസ്‌കാരികസംഘടനയിലും ഇസ്താക്ക് നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുഖമുദ്രക്കാരാണ് മറിയാമ്മച്ചേടത്തിയിലെ നാടന്‍പാട്ടുകാരിയെ കണ്ടെത്തുന്നത്. അവരില്‍നിന്നു പാട്ടുകള്‍ ശേഖരിച്ചു പുസ്തകമാക്കുന്നതിലും അവരെ മുന്‍നിര്‍ത്തി നാടന്‍ കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇസ്താക്കു ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. ഇതെല്ലാം എസ്. ബി. കോളേജ് ക്യാമ്പസിനു വെളിയിലാണു നടന്നത്. അപ്പോഴും ക്യാമ്പസിനകത്തു മറിയാമ്മച്ചേടത്തി തൂപ്പുകാരി മറിയ മാത്രമായിരുന്നു. ഇതിനുമാറ്റം വന്നത് ഇസ്താക്ക് അവരെക്കൊണ്ടു മലയാളം എം. എ. വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസുകളെടുപ്പിക്കാന്‍ തുടങ്ങിയതോടെയാണ്.
മറിയാമ്മച്ചേടത്തിയുമായുള്ള സമ്പര്‍ക്കം ഞങ്ങളുടെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റം വരുത്തി. പടയണിയും കോലംതുള്ളലും മുടിയാട്ടവും മുടിയേറ്റും ഒക്കെ കണ്ടും കൊണ്ടുമറിയാന്‍ ഇസ്താക്കും ഇസ്താക്കിയന്‍സും ചേര്‍ന്നു നടത്തിയ യാത്രകള്‍ നിരവധിയാണ്. ഇവയില്‍ പലതും എസ്.ബി. ക്യാമ്പസിലെത്തിക്കാനും ഇസ്താക്കിനു കഴിഞ്ഞു. കഥകളിയും കൂടിയാട്ടവും ക്യാമ്പസിലെത്തിച്ചതും ഇസ്താക്കിന്റെ മുന്‍കൈയിലാണ്.
എസ്. ബി.യിലെ യാഥാസ്ഥിതികാന്തരീക്ഷത്തില്‍ വീര്‍പ്പുമുട്ടിയിരുന്ന ധാരാളം അദ്ധ്യാപര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇസ്താക്ക് ഒരു തണല്‍വൃക്ഷമായിരുന്നു. പൊതുരംഗത്തെ അവരുടെ ഇടപെടലുകളിലും അദ്ദേഹം പങ്കുചേര്‍ന്നു. തന്റെ നാട്ടിലെ മുക്കംപെട്ടി വനം വ്യാപകമായി വെട്ടി നശിപ്പിക്കപ്പെടുന്നു എന്ന് ശിഷ്യനായ എന്‍. ഐ,. ജോസഫ് പറഞ്ഞറിഞ്ഞപ്പോള്‍ എഴുത്തിലൂടെയും നേരിട്ടും അതിനെതിരെ ഉയര്‍ന്നുവന്ന സമരങ്ങളില്‍ ഇസ്താക്ക് പങ്കു ചേര്‍ന്നു.
സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ കൊച്ചുകൊച്ചു കൂടിച്ചേരലുകള്‍ക്ക് അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. അതിന്റെയെല്ലാമൊരു ഘട്ടത്തിലാണ് സൈദ്ധാന്തികവ്യക്തത ലക്ഷ്യമാക്കി, പിന്നീടു ഘടന എന്ന പേരിലറിയപ്പെട്ട പഠനക്ലാസുകള്‍ സംഘടിപ്പിച്ചത്. സ്റ്റാഫ് ക്വാര്‍ട്ടേഴിസില്‍ ഇസ്താക്കിന്റെ മുറിയിലും സി. എസ്. ഐ. യൂത്ത് സെന്ററിലും നടന്ന ക്ലാസുകളില്‍ ഡോ. വി. സി. ഹാരിസ്, ഡോ. പി. പി. രവീന്ദ്രന്‍, ഡോ. എ. കെ. രാമകൃഷ്ണന്‍, ദളിത് ബന്ധു എന്‍. കെ. ജോസ്. ഡോ. എം. ഗംഗാധരന്‍ എന്നിങ്ങനെ അനേകം പ്രഗത്ഭര്‍ ഘടനാവാദവും ഉത്തരാധുനികതയും നവചരിത്രവാദവും മറ്റു അവതരിപ്പിച്ചു.
ഇസ്താക്കിന്റെ വലിയൊരു സവിശേഷത തന്റെ വിയോജിപ്പുകളെ സൗമ്യമായി പ്രകടിപ്പിക്കാനും ആശയത്തെ എതിര്‍ക്കുമ്പോഴും അതിന്റെ പിന്നിലുള്ള വ്യക്തികളെ വെറുക്കാതിരിക്കാനുമുള്ള അപാരമായ കഴിവായിരുന്നു. ഇക്കാര്യത്തില്‍ ഞാനെന്നും അയാളോട് അസൂയപ്പെട്ടിരുന്നു.
ദൈവത്തെ നിഷേധിച്ചപ്പോഴും ദൈവത്തെ പോലെ മറഞ്ഞിരിക്കാനാഗ്രഹിച്ചവന്‍, ക്രിസ്തുമതത്തിന്റെ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞപ്പോഴും നസ്രത്തിലെ യേശുവിനെ ജീവിതത്തില്‍ പകര്‍ത്താന്‍ തുനിഞ്ഞവന്‍, ഗാന്ധിയുടെ ദളിത്‌നിലപാടുകളെ വിമര്‍ശിച്ചപ്പോഴും ആ ജീവിതവും പ്രകൃതിസ്‌നേഹവും അനുകരിച്ചവന്‍, വ്യവസ്ഥാപിത മാര്‍ക്‌സിസത്തോടു വിമര്‍ശകമായ അകലം പാലിച്ചപ്പോഴും മാര്‍ക്‌സിയന്‍ മാനവികതയെയും സംവാദാത്മകതയെയും ജീവിതത്തിന്റെ ഭാഗമാക്കിയവന്‍ – ഇത്തരം വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ആ മനുഷ്യൻ.
ജോലിയില്‍ നിന്നു വിരമിച്ചശേഷം ഇസ്താക്കിന്റെ ജീവിതം പുതിയൊരുതരം യാത്രകളുടേതായിരുന്നു. പ്രാചീനവും അത്യപൂര്‍വ്വവുമായ ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന കാവുകളിലേക്കും മറ്റുമുള്ള യാത്രകള്‍. ഇതിലൊന്നും പങ്കചേരാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍, തിരിച്ചെത്തിയ ശേഷം നേരിട്ടും ഫോണിലൂടെയും അദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ ഞാനുമായി പങ്കുവച്ചിരുന്നു. അതെല്ലാം മലയാളക്കരയുടെയും മലയാളിത്തത്തിന്റെയും വേരുകള്‍ തേടിയുള്ള യാത്രകളായിരുന്നു. എല്ലാം കേട്ടുകഴിയുമ്പോള്‍ ഇതൊന്നുമെഴുതി പ്രസിദ്ധീകരിക്കാത്തതിന്റെ പേരില്‍ ഞാനയാളെ പഴിക്കുമായിരുന്നു. എഴുതുന്നുണ്ടെന്നായിരുന്നു എപ്പോഴും മറുപടി.
പലപ്പോഴും ഭാര്യ മോളമ്മ ടീച്ചറിനോടുപോലും പറയാതെയായിരുന്നു ഇസ്താക്കിന്റെ യാത്രകള്‍. അവസാനത്തെ യാത്രയും അങ്ങനെ തന്നെ. വിദൂരതയില്‍ നിന്നെത്തിയ ഏതോ ചെണ്ടമേളം കേട്ട് ആരോടും പറയാതെ അദ്ദേഹം യാത്രയായി. ഒഗസ്റ്റ് ആറാം തിയതി അന്തരിച്ച അദ്ദേഹത്തിന്റെ ശരീരം, തന്റെ ഹിതമറിയാവുന്ന കുടുംബാംഗങ്ങള്‍ വൈദ്യശാസ്ത്രപഠനങ്ങള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിനു കൈമാറി.

(2014 ഓഗസ്റ്റ് 6- തിയതി അന്തരിച്ച പ്രൊഫ. ഐ. ഇസ്താക്കിനെക്കുറിച്ച്.)

Top