മുസ്ലീംവിരുദ്ധത എന്ന രാഷ്ട്രീയസ്ഥാപനവും മാര്‍ക്‌സിസ്റ്റു വിശകലനങ്ങളിലെ പടുകുഴികളും

സമാനമായ വിധത്തില്‍, ബി.ജെ.പിയുടെ വിജയത്തിനു പിന്നിലെ മുസ്ലീം/ദളിത് വിരുദ്ധതയെ കാണാതെ മോദി സമം കോര്‍പ്പറേറ്റുവത്കരണം എന്ന ലളിതയുക്തിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റുകള്‍ ഒന്നടങ്കം. സംഘപരിവാറിനെപ്പോലെതന്നെ ഇക്കൂട്ടരും ഫാഷിസമെന്നത് വൈവിദ്ധ്യങ്ങളുടെ നിരാകരണമാണെന്ന വസ്തുതയെയാണ് മറച്ചുപിടിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെ ഏറ്റവും സമൂര്‍ത്തമായ രൂപം ദളിത്-പിന്നാക്ക-ന്യൂനപക്ഷ സാഹോദര്യമാണെന്നും അതിനുമാത്രമേ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാവുകയുള്ളൂ എന്ന കാര്യവും കോര്‍പ്പറേറ്റുവല്‍ക്കരണത്തെപ്പറ്റിയുള്ള മാര്‍ക്‌സിസ്റ്റ് പ്രമാണവാദ പദാവലികളിലൂടെ മാഞ്ഞുപോകുന്നു.

ഭാരതീയ ജനതാപാര്‍ട്ടി കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്ത കേട്ടതിനുശേഷം, വൈകുന്നേരം ഞാനൊരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ റിട്ടയേര്‍ഡ്അധ്യാപകനായ അച്ഛന്‍ അതീവ സന്തുഷ്ടനായി തിരഞ്ഞെടുപ്പ് ഫലത്തെപറ്റി സംസാരിക്കാന്‍ തുടങ്ങി. മുസ്ലീംങ്ങളുടെ താന്‍പോരിമയ്ക്ക് കിട്ടിയ ചുട്ടഅടിയാണ് മോദിയുടെ വിജയമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നാട്ടില്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനും അധ്യാപകസംഘടനയുടെ നേതാവുമായിരുന്ന അദ്ദേഹവുമായി ഏറെക്കുറെ രണ്ടു മണിക്കൂറുകളോളം ഞാന്‍ തര്‍ക്കിച്ചു. ഞാന്‍ പറഞ്ഞ പലകാര്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും ന്യൂനപക്ഷങ്ങള്‍ പൊതുവേയും, മുസ്ലീംങ്ങള്‍ പ്രത്യേകമായും ഒതുക്കപ്പെടേണ്ടവരാണെന്ന തന്റെ അഭിപ്രായം മാത്രം മാറ്റാന്‍ സാധ്യമല്ലെന്നു അദ്ദേഹം തീര്‍ത്തുപറഞ്ഞു. പിറ്റെദിവസം ഓഫീസില്‍ ചെന്നപ്പോഴും അയല്‍പക്കക്കാരോടുള്ള സംഭാഷണത്തിലും മേല്‍പ്പറഞ്ഞ പൊതുവികാരമാണ് കാണാന്‍ കഴിഞ്ഞത്.
കഴിഞ്ഞ രണ്ടുദശകങ്ങളായി സംഘപരിവാര്‍ ശക്തികള്‍ ആഭ്യന്തര അപരരായി മുസ്ലീംങ്ങളെ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ പ്രചാരണ പരിപാടികള്‍ സമൂഹത്തിലെ സവര്‍ണവിഭാഗങ്ങളെ പൊതുവിലും അവര്‍ണരെ ഭാഗീകമായും സ്വാധീനിച്ചതിന്റെ പ്രതിഫലമാണ് ബി.ജെ.പി.യുടെ അഭൂതപൂര്‍വ്വമായ വിജയം. പത്തുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ് വരേണ്യകുടുംബവാഴ്ചയും വിലക്കയറ്റവും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവുമെല്ലാം അപ്രധാനമായ കാര്യങ്ങളാണ് എന്നല്ല പറയുന്നത്. മറിച്ച്, ആഭ്യന്തര അപരത്വത്തോടുള്ള ശത്രുത വ്യക്തമായ ഒരു രാഷ്ട്രീയപ്രമേയമായി മാറിയിരിക്കുന്നു എന്ന വസ്തുതയെ നാം സവിശേഷമായി തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
ജര്‍മ്മനിയില്‍ നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിനെ കേവലമായ സാമ്പത്തികമാത്ര പദാവലികള്‍ കൊണ്ടു വിശദീകരിക്കാനാണ് യൂറോപ്യന്‍ മാര്‍ക്‌സിസ്റ്റുകളും സാമൂഹികചിന്തകരും രംഗത്തുവന്നത്. കുത്തക മുതലാളിത്തശക്തികള്‍ തങ്ങളുടെ സമഗ്രാധിപത്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു പുകമറയാണ് ജൂതവിദ്വേഷം എന്നവര്‍ കരുതി. മാര്‍ക്‌സിസ്റ്റുകളുടെ ഇത്തരം വ്യാഖ്യാനങ്ങളോട് നൂറുശതമാനവും വിയോജിച്ചുകൊണ്ട് വ്യത്യസ്തമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ച സാമൂഹിക ചിന്തയാണ് ഹന്ന ആരടെന്റ്. യൂറോപ്പില്‍ മുമ്പേ നിലനിന്നിരുന്ന ജൂതവിരുദ്ധതയെ പുതിയൊരു രാഷ്ട്രീയസ്ഥാപനമാക്കി പരിവര്‍ത്തനപ്പെടുത്തുകയാണ് നാസികള്‍ ചെയ്തതെന്നാണ് അവര്‍ വിലയിരുത്തിയത്. ജര്‍മ്മനിയില്‍ രൂപപ്പെട്ട ഈ പുത്തന്‍ രാഷ്ട്രീയകാലാവസ്ഥയെ ഒരുവിധത്തിലും തിരിച്ചറിയാതിരുന്ന മാര്‍ക്‌സിസ്റ്റുകളുടെ കുത്തകമുതലാളിത്ത വിരുദ്ധപ്രചാരണങ്ങള്‍ ജൂതജനതയെ മറ്റൊരുവിധത്തില്‍ നിശബ്ദരും നിര്‍വീര്യരുമാക്കുകയെന്ന കെണിയിലാണ് വീഴ്ത്തിയതെന്നും ഹന്ന ആരടെന്റ് നിരീക്ഷിക്കുകയുണ്ടായി. ഇതേ പ്രകാരത്തില്‍ മാര്‍ക്‌സിസ്റ്റ് പ്രമേയങ്ങളോട് എല്ലാ അര്‍ത്ഥത്തിലുമുള്ള വിയോജിപ്പ് മാത്രമല്ല കനത്ത പുച്ഛവുമാണ് ഹന്ന ആരടെന്റ് പ്രകടിപ്പിച്ചിട്ടുള്ളത്.1
സമാനമായ വിധത്തില്‍, ബി.ജെ.പിയുടെ വിജയത്തിനു പിന്നിലെ മുസ്ലീം/ദളിത് വിരുദ്ധതയെ കാണാതെ മോദി സമം കോര്‍പ്പറേറ്റുവത്കരണം എന്ന ലളിതയുക്തിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റുകള്‍ ഒന്നടങ്കം. സംഘപരിവാറിനെപ്പോലെതന്നെ ഇക്കൂട്ടരും ഫാഷിസമെന്നത് വൈവിദ്ധ്യങ്ങളുടെ നിരാകരണമാണെന്ന വസ്തുതയെയാണ് മറച്ചുപിടിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെ ഏറ്റവും സമൂര്‍ത്തമായ രൂപം ദളിത്-പിന്നാക്ക-ന്യൂനപക്ഷ സാഹോദര്യമാണെന്നും അതിനുമാത്രമേ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാവുകയുള്ളൂ എന്ന കാര്യവും കോര്‍പ്പറേറ്റുവല്‍ക്കരണത്തെപ്പറ്റിയുള്ള മാര്‍ക്‌സിസ്റ്റ് പ്രമാണവാദ പദാവലികളിലൂടെ മാഞ്ഞുപോകുന്നു.
മാര്‍ക്‌സിസ്‌ററ് സാമൂഹികവിശകലനങ്ങളെ ഉപാധിയാക്കുന്നതിലൂടെ കീഴാള-ന്യൂനപക്ഷ രാഷ്ട്രീയം എങ്ങനെ നിശബ്ദീകരിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ‘മാധ്യമംവാരിക’യില്‍ ഡോ. സ്റ്റാന്‍ലി ജോണി എഴുതിയ ലേഖനം2. മോദിഭരണം സമം പരമ്പരാഗത ഹിന്ദൂയിസം അധികം കോര്‍പ്പറേറ്റുവത്കരണം എന്ന പ്രാചീന കമ്മ്യൂണിസ്റ്റ് സൂത്രവാക്യം തന്നെയാണ് ലേഖനത്തിലുള്ളത്. ഫാഷിസ മെന്നത് പൂര്‍വ്വ ആധുനിക ഘടകങ്ങളുമായി സന്ധിചെയ്തിട്ടുള്ള കുത്തകമുതലാളിത്തമാണെന്ന പ്രഭാത്പട്‌നായിക്കിന്റെ ആശയത്തെയാണ് ലേഖകന്‍ ഉള്ളാലെ ഉറപ്പിക്കുന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പൂര്‍വ്വആധുനികതയായി ചിത്രീകരിക്കുന്നത് ഹിന്ദുത്വത്തെ മാത്രമല്ല, കീഴാള-ന്യൂനപക്ഷ രാഷ്ട്രീയത്തെ മൊത്തമായിട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. ജാതിയുടെയും മതത്തിന്റെയും (പൂര്‍വ്വ ആധുനികതയുടെ) കറകളൊന്നും പറ്റാത്ത ശുദ്ധമാര്‍ക്‌സിസ്റ്റുകളുടെ ഒരു ‘പൊളിറ്റിക്കല്‍ ക്ലാസ്സായിരിക്കും’ ഫാഷിസത്തെ പ്രതിരോധിക്കുകയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം അവകാശവാദങ്ങളിലൂടെ, ഹന്ന ആരടെന്റ് വിശദീകരിച്ചതുപോലെ ഫാഷിസം ഏതു ജനതയെയാണോ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആ ജനതയുടെ നിര്‍ബന്ധിത നിശബ്ദീകരണവും നിര്‍വ്വീര്യതയുമാണ് മാര്‍ക്‌സിസം മുന്‍കൂര്‍ ആവശ്യപ്പെടുന്നത്. അതായത്; സംഘപരിവാര്‍ അധികാരത്തിനുകീഴില്‍ കീഴാളബഹുജന-ന്യൂനപക്ഷ രാഷ്ട്രീയത്തിനു സവിശേഷമായ കര്‍ത്തൃത്വസ്ഥാനമുണ്ട്. അതിനെ സ്വയം റദ്ദാക്കിക്കൊണ്ട് ശുദ്ധപൊളിറ്റിക്കല്‍ ക്ലാസ് എന്ന സവര്‍ണ മതേതര കെട്ടുകഥയെ അഭയം പ്രാപിക്കാനാണ് മാര്‍ക്‌സിസം ആഹ്വാനം ചെയ്യുന്നത്. ഏതായാലും, പ്രഭാത് പട്‌നായിക്മാര്‍ ‘ഹൊററായി’ കാണുന്നത് ഹിന്ദുത്വത്തെയല്ല, സ്വത്വവാദപ്രസ്ഥാനങ്ങളെയും സിവില്‍സമുദായസമരങ്ങളെയുമാണെന്ന യാഥാര്‍ത്ഥ്യമാണ് ‘മാധ്യമം’ പോലുള്ള ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്.

________________________________
ഗുജറാത്ത് വംശഹത്യകാലത്ത് ദലിതരും മുസ്ലീംങ്ങളും പരസ്പരം ഹിംസിക്കുകയായിരുന്നു എന്നത് മതേതര മാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ഉണ്ടാക്കിയ കെട്ടുകഥയായിരുന്നുവെന്നും, അടിത്തട്ടിലെകീഴാളസാഹോദര്യം ഒരിക്കലും മുറിഞ്ഞിരുന്നില്ലെന്നും ഇന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ദലിത് അധിവാസമേഖലകളില്‍ മാത്രമായിരുന്നു മുസ്ലീം ജനതയ്ക്ക് ഏറ്റവും കുറച്ചു ക്ഷതമുണ്ടായതെന്ന് നിരവധി ദലിത് ആക്ടിവിസ്റ്റുകള്‍ കണക്കുകള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ പരിശീലിക്കപ്പെട്ട കേഡറുകള്‍ ഗവണ്‍മെന്റിനെ ഉപാധിയാക്കി ചെയ്ത ഹിംസകളെ ദലിതരുടെ മേല്‍ കെട്ടിവെക്കാന്‍ നടത്തിയ പ്രചാരണങ്ങളെ പല ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരും അക്കാദമിക്കുകളും ഏറ്റുവിളിച്ചു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായത്.
________________________________

ഹിന്ദു എന്ന സാങ്കല്പിക സ്വത്വബോധത്തെ ഏകീകരിച്ചെടുക്കുകയെന്നതാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അജണ്ട. ഇതു നടപ്പിലാക്കാന്‍വേണ്ടി സവര്‍ണ്ണ-അവര്‍ണ്ണ-പിന്നാക്ക-ദലിത് വേര്‍തിരിവുകള്‍ ഇല്ലാത്ത മൂല്യവ്യവസ്ഥയായി ഹിന്ദുത്വത്തെ സ്ഥാപിക്കേണ്ടതുണ്ട്. സ്വാഭാവികമായും, പുരോഗമനചിന്തകള്‍ കൊണ്ടോ ജനാധിപത്യപരമായ ആശയങ്ങള്‍കൊണ്ടോ ഇത് സാധ്യമല്ല. പകരം, മുസ്ലീം ശത്രുതയെ ഹിന്ദുക്കളുടെ പൊതുവികാരമാക്കി മാറ്റുകയെന്നതാണ് വഴി. ഇതിനുവേണ്ടി ഹിന്ദുവിന്റെ ‘പ്രാഗ് ദേശീയത’യുമായി സംഘര്‍ഷപ്പെട്ടിട്ടുള്ളത് ഇസ്ലാമും മുസ്ലീം സമുദായവുമാണെന്നു വരുത്തുന്നു. സവര്‍ണ്ണ അടിത്തറയുള്ള ബ്യൂറോക്രസിയും ജുഡിഷ്യറിയും മാധ്യമങ്ങളും മേല്‍പ്പറഞ്ഞ തരം അപരത്വനിര്‍മ്മിതിയുടെ ഭാഗമാകുന്നതിലൂടെ ഏറ്റവും അടിത്തട്ടുവരെ മുസ്ലീം-വിരുദ്ധത പടര്‍ന്നുപിടിക്കുയാണ് ഫലം.

ബി.ജെ.പി.യുടെ കേവലഭൂരിപക്ഷവും മോദിയുടെ വാഴ്ചയും മുസ്ലീംജനസാമാന്യത്തെ കൂടുതല്‍ നിശബ്ദീകരിക്കുമെന്നത് ഉറപ്പാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും ഒറ്റപാര്‍ലമെന്റ് അംഗം പോലും മുസ്ലീം സമുദായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗങ്ങള്‍ മാത്രമാണ് പുതിയ ലോകസഭയില്‍ മുസ്ലീംസമുദായത്തില്‍ നിന്നുള്ളത്. മുസ്ലീംങ്ങളുടെ പിന്നാക്കാവസ്ഥയെ ചൂണ്ടിക്കാണിച്ച സച്ചാര്‍ കമ്മീഷന്‍ അടക്കമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അസാധുവാകാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഈ ഭരണത്തിനുകീഴില്‍ മുസ്ലീംങ്ങള്‍ മാത്രമല്ല, സവര്‍ണ്ണഹിന്ദുചട്ടക്കൂടിനു പുറത്തുള്ളവരായ ദലിതര്‍-പിന്നാക്കക്കാര്‍-അവര്‍ണ്ണര്‍-കീഴാള സ്ത്രീകള്‍- അടിസ്ഥാനതലജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും കൂടുതല്‍ കര്‍തൃത്വനഷ്ടം സംഭവിക്കുന്നവരായി മാറുമെന്നതും ഉറപ്പാണ്. മാത്രമല്ല, ദേശീയസുരക്ഷയുടെ മറപറ്റിയുള്ള ഭരണകൂടത്തിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങള്‍, വികസനത്തിന്റെ പേരിലുള്ള കോര്‍പ്പറേറ്റുവല്‍ക്കരണം, സാംസ്‌കാരികരംഗത്തും അക്കാദമിക്‌മേഖലയിലും പാരമ്പര്യവാദത്തിന്റെ പിടിമുറുക്കല്‍ എന്നിവയും ശക്തിപ്പെടുമെന്നതും തര്‍ക്കമറ്റ കാര്യമാണ്.
ഇതേസമയം, എല്ലാ വ്യവസ്ഥാപിത സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിച്ചുകൊണ്ട് ഈ ഭരണം തികഞ്ഞ സംഘപരിവാര്‍ ഫാഷിസത്തിലേക്ക് നയിക്കപ്പെടുമെന്ന ഇടതുപക്ഷ ഭീതി അസ്ഥാനത്താണെന്നു ഞാന്‍ കരുതുന്നു. ജാതിവ്യവസ്ഥയുടെ ബലതന്ത്രവും കീഴാളസമുദായങ്ങള്‍ ചരിത്രപരമായി നേടിയിട്ടുള്ള വിഷയിസ്ഥാനവും മാത്രമല്ല, അരനൂറ്റാണ്ടിലേറെ കാലമായി നിലനില്ക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്റെ സവിശേഷ അനുഭവങ്ങളും സമ്പൂര്‍ണ്ണമായൊരു അധികാരശക്തിയായി മാറുന്നതില്‍ നിന്നും ബി.ജെ.പി.യെ തടയുന്നതാണ് കാരണം.

_______________________________
മോദിയെ പിന്തുണച്ച ദലിതര്‍-പിന്നാക്കക്കാര്‍-അവര്‍ണ്ണര്‍ മുതലായ വിഭാഗങ്ങള്‍ സാങ്കല്പികമായി മാത്രമാണ് ഹിന്ദുക്കളാവുന്നത്. സംഘപരിവാര്‍ പ്രചാരണത്തിന് അടിപ്പെട്ടത് മൂലമാണ് ഇവരിലേക്ക് മുസ്ലീം വിരുദ്ധത പടര്‍ന്നത്. മാത്രമല്ല, ഇവിടെ നിലനില്ക്കുന്ന മതേതരത്വം ഏറെക്കുറെ സവര്‍ണ്ണകേന്ദ്രീകൃതവുമാണ്. ഇതും പുനര്‍നിര്‍മ്മിക്കപ്പെടേണ്ടതായിട്ടുണ്ട്. സംഘപരിവാറിന്റെ പ്രചാരണ യന്ത്രത്തേയും മതേതരത്വത്തിന്റെ ഏങ്കോണിപ്പുകളെയും വകഞ്ഞുമാറ്റി നോക്കിയാല്‍, ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം സംഘര്‍ഷപ്പെടുന്നത് സവര്‍ണ്ണാധിപത്യത്തോടാണെന്ന് തിരിച്ചറിയാനാവും. ഈ ഭിന്നിപ്പ് വളരെ ആഴത്തിലുള്ളതും ചരിത്രപരവുമാണ്. 
_______________________________

പ്രവചനാതീതമായ വിജയം മോദിക്കും ബി.ജെ.പിക്കും കിട്ടിയതിനു പിന്നിലുള്ള ഏറ്റവും സുപ്രധാന ഘടകം അദ്ദേഹത്തിന്റെ പിന്നാക്ക/അവര്‍ണ്ണഹിന്ദു ഐഡന്റിറ്റിയാണ്. ‘വികസന നായകന്‍’ എന്നൊക്കെയുള്ള സ്ഥാനമാനങ്ങള്‍ ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ക്ക് സ്വീകാര്യമാണെങ്കിലും ഇന്ത്യയൊട്ടാകെയുള്ള പൊതുജനങ്ങളെ വശീകരിച്ചത് അവര്‍ണ്ണഹിന്ദു കാര്‍ഡ് ഇറക്കിയുള്ള കളിയാണെന്നത് നിസ്സംശയമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം; മോദിയെ പിന്തുണച്ച ദലിതര്‍-പിന്നാക്കക്കാര്‍-അവര്‍ണ്ണര്‍ മുതലായ വിഭാഗങ്ങള്‍ സാങ്കല്പികമായി മാത്രമാണ് ഹിന്ദുക്കളാവുന്നത്. സംഘപരിവാര്‍ പ്രചാരണത്തിന് അടിപ്പെട്ടത് മൂലമാണ് ഇവരിലേക്ക് മുസ്ലീം വിരുദ്ധത പടര്‍ന്നത്. മാത്രമല്ല, ഇവിടെ നിലനില്ക്കുന്ന മതേതരത്വം ഏറെക്കുറെ സവര്‍ണ്ണകേന്ദ്രീകൃതവുമാണ്. ഇതും പുനര്‍നിര്‍മ്മിക്കപ്പെടേണ്ടതായിട്ടുണ്ട്. സംഘപരിവാറിന്റെ പ്രചാരണ യന്ത്രത്തേയും മതേതരത്വത്തിന്റെ ഏങ്കോണിപ്പുകളെയും വകഞ്ഞുമാറ്റി നോക്കിയാല്‍, ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം സംഘര്‍ഷപ്പെടുന്നത് സവര്‍ണ്ണാധിപത്യത്തോടാണെന്ന് തിരിച്ചറിയാനാവും. ഈ ഭിന്നിപ്പ് വളരെ ആഴത്തിലുള്ളതും ചരിത്രപരവുമാണ്. മുന്‍കാലത്തെ ബി.ജെ.പി. ഗവണ്‍മെന്റുകള്‍ എല്ലാം തന്നെ ആടിയുലഞ്ഞതും ശിഥിലമായതും ഹിന്ദുത്വത്തിനകത്ത് അവര്‍ണ്ണ-സവര്‍ണ്ണ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മൂലമാണ്. ഇപ്രാവിശ്യവും സ്ഥിതി വ്യത്യസ്തമാകാന്‍ പോകുന്നില്ല. മുന്‍കാലത്തു എന്നപോലെ ഇപ്പോഴും ബി.ജെ.പി.യുടെ കേന്ദ്രാധികാരവും കീഴാളബഹുജനങ്ങളും ചുരുങ്ങിയ സമയം മാത്രമേ ഏകീകരിക്കപ്പെട്ടു നില്‍ക്കുകയുള്ളു.
ഗുജറാത്തില്‍ മോദിയുടെ ഭരണം സുസ്ഥിരമായി തുടര്‍ന്നതില്‍ ദലിതരടക്കമുള്ള പാര്‍ശ്വവല്‍കൃതസമുദായങ്ങളുടെ പിന്നാക്കാവസ്ഥ വളരെ പ്രധാനവശമാണ്. പരമ്പരാഗതമായി ശുചിത്വജോലികള്‍ ചെയ്യുന്ന ദലിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഗുജറാത്താണെന്നു വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ദലിത് പ്രസ്ഥാനങ്ങള്‍ അംബേദ്കറിന്റെ ആശയങ്ങളെ സ്വീകരിച്ചപ്പോള്‍ ഗുജറാത്തിലെ ദലിതര്‍ ഗാന്ധിയന്‍ മാതൃകകളില്‍ തളം കെട്ടിയതിനാലാണ് അവരുടെ അവസ്ഥ ഏറ്റവും പിന്നാക്കമായതെന്നു പല ആക്ടിവിസ്റ്റുകളും വെളിപ്പെടുത്തിയിട്ടുണ്ട്.
സംവരണവിരുദ്ധ പ്രക്ഷോഭണഘട്ടത്തില്‍ നിലനിന്നിരുന്ന ദലിത്-മുസ്ലീം ഐക്യത്തെ തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍ ആദ്യം ചെയ്തത്. പതുക്കെ ഇരു സമുദായങ്ങളെയും ഗെറ്റോകളിലേക്ക് മാറ്റുകയും ചെയ്തു. ഗുജറാത്ത് വികസനത്തിന്റെ യഥാര്‍ത്ഥ രഹസ്യം കിടക്കുന്നത് ഈ ‘ഗെറ്റോ’കളിലാണ്. എന്നാല്‍ ഗുജറാത്ത് വംശഹത്യകാലത്ത് ദലിതരും മുസ്ലീംങ്ങളും പരസ്പരം ഹിംസിക്കുകയായിരുന്നു എന്നത് മതേതര മാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ഉണ്ടാക്കിയ കെട്ടുകഥയായിരുന്നുവെന്നും, അടിത്തട്ടിലെ കീഴാളസാഹോദര്യം ഒരിക്കലും മുറിഞ്ഞിരുന്നില്ലെന്നും ഇന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ദലിത് അധിവാസമേഖലകളില്‍ മാത്രമായിരുന്നു മുസ്ലീം ജനതയ്ക്ക് ഏറ്റവും കുറച്ചു ക്ഷതമുണ്ടായതെന്ന് നിരവധി ദലിത് ആക്ടിവിസ്റ്റുകള്‍ കണക്കുകള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ പരിശീലിക്കപ്പെട്ട കേഡറുകള്‍ ഗവണ്‍മെന്റിനെ ഉപാധിയാക്കി ചെയ്ത ഹിംസകളെ ദലിതരുടെ മേല്‍ കെട്ടിവെക്കാന്‍ നടത്തിയ പ്രചാരണങ്ങളെ പല ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരും അക്കാദമിക്കുകളും ഏറ്റുവിളിച്ചു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായത്.
മോദിഭരണം ഗുജറാത്തില്‍ നിന്നും ഇന്ത്യയിലേക്ക് മാറുമ്പോള്‍ മേല്പറഞ്ഞ അനുകൂലഘടകങ്ങളൊന്നും ഇല്ലെന്നതാണ് വസ്തുത. സിവില്‍സമുദായം ഗുജറാത്തില്‍ ശൈശവ ദിശയിലാണ്. അതല്ല അഖിലേന്ത്യ തലത്തിലെ സ്ഥിതി. ഏതായാലും, കീഴാളബഹുജനങ്ങളും സ്ത്രീമുന്നേറ്റങ്ങളും പുതുസാമൂഹിക വിഷയികളും സിവില്‍ സമൂഹവും സോഷ്യല്‍ മീഡിയായും ഉണ്ടാക്കാന്‍ പോകുന്ന സമ്മര്‍ദ്ദങ്ങളെ തടയിടാന്‍ ബി.ജെ.പി. മുന്നോട്ടുവെക്കുന്ന ‘ഹിന്ദു പ്രൈഡ്’ ‘രാജ്യസ്‌നേഹം’ ‘സാംസ്‌കാരിക ദേശീയത’, ‘പട്ടേല്‍മാരുടെ ആണത്തം’ മുതലായ അറുപഴഞ്ചന്‍ മുദ്രാവാക്യങ്ങള്‍ക്ക് കഴിയില്ല.
പാക്കിസ്ഥാന്‍ പോലുള്ള ‘ബാഹ്യശത്രു’ക്കളോടുള്ള യുദ്ധമോ മുസ്ലീംങ്ങളെ പോലുള്ള ‘ആഭ്യന്തര ശത്രു’ക്കളോടുള്ള യുദ്ധമോ നിതാന്തമായി നിലനിറുത്തിയാല്‍ മാത്രമേ സംഘപരിവാര്‍ വിഭാവന ചെയ്യുന്ന ഫാഷിസ്റ്റ്അജണ്ട സാക്ഷാത്കരിക്കപ്പെടുകയുള്ളു. അതിര്‍ത്തിയില്‍ ചില കുത്തിത്തിരിപ്പുകളും പ്രാദേശിക തലങ്ങളില്‍ ഒട്ടേറെ വംശീയകലാപങ്ങളും ഉണ്ടാക്കാമെന്നല്ലാതെ സാര്‍വ്വദേശീയകാലാവസ്ഥ യുദ്ധപരതയ്ക്ക് മൊത്തത്തില്‍ അനുകൂലമല്ല. ഈ അസാധ്യതയില്‍, സംഘപരിവാറിന്റെ കുടക്കീഴില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ‘ഹിന്ദുക്ക’ള്‍ പരസ്പരം ഏറ്റുമുട്ടുകയാണ് സംഭവിക്കാന്‍ പോകുന്നത്.

_______________________________
ഹിന്ദു എന്ന സാങ്കല്പിക സ്വത്വബോധത്തെ ഏകീകരിച്ചെടുക്കുകയെന്നതാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അജണ്ട. ഇതു നടപ്പിലാക്കാന്‍വേണ്ടി സവര്‍ണ്ണ-അവര്‍ണ്ണ-പിന്നാക്ക-ദലിത് വേര്‍തിരിവുകള്‍ ഇല്ലാത്ത മൂല്യവ്യവസ്ഥയായി ഹിന്ദുത്വത്തെ സ്ഥാപിക്കേണ്ടതുണ്ട്. സ്വാഭാവികമായും, പുരോഗമനചിന്തകള്‍ കൊണ്ടോ ജനാധിപത്യപരമായ ആശയങ്ങള്‍കൊണ്ടോ ഇത് സാധ്യമല്ല. പകരം, മുസ്ലീം ശത്രുതയെ ഹിന്ദുക്കളുടെ പൊതുവികാരമാക്കി മാറ്റുകയെന്നതാണ് വഴി. ഇതിനുവേണ്ടി ഹിന്ദുവിന്റെ ‘പ്രാഗ് ദേശീയത’യുമായി സംഘര്‍ഷപ്പെട്ടിട്ടുള്ളത് ഇസ്ലാമും മുസ്ലീം സമുദായവുമാണെന്നു വരുത്തുന്നു. സവര്‍ണ്ണ അടിത്തറയുള്ള ബ്യൂറോക്രസിയും ജുഡിഷ്യറിയും മാധ്യമങ്ങളും മേല്‍പ്പറഞ്ഞ തരം അപരത്വനിര്‍മ്മിതിയുടെ ഭാഗമാകുന്നതിലൂടെ ഏറ്റവും അടിത്തട്ടുവരെ മുസ്ലീം-വിരുദ്ധത പടര്‍ന്നുപിടിക്കുയാണ് ഫലം.
_______________________________ 

മുന്‍കാലത്ത് നിരവധി പിന്നാക്ക സമുദായ നേതാക്കന്മാര്‍ ബി.ജെ.പി. യോട് കലഹിച്ചു പുറത്തുപോയപ്പോള്‍, കുറഞ്ഞപക്ഷം മണ്ഡല്‍കമ്മീഷനോടെങ്കിലും അവര്‍ നീതിപുലര്‍ത്തിയിരുന്നു എന്നു വ്യക്തമായിരുന്നു. എന്നാല്‍, സാമൂഹികനീതിയെ പറ്റിയുള്ള ചെറുചിന്തകള്‍പോലും മോദിയില്‍ നിന്നും ഉണ്ടാകുന്നില്ലെന്നതാണ് ഏറെ അസ്വസ്ഥകരമായിട്ടുള്ളത്. എതായാലും; ഇന്ത്യയിലെ അംബേദ്കര്‍ മൂവ്‌മെന്റിന്റെ സ്വാധീനം, മണ്ഡലനന്തരഘട്ടത്തിലെ കീഴാളയുവജനമുന്നേറ്റങ്ങള്‍, പുതുവിഷയിസ്ഥാനത്തേക്ക് ഉയരുന്ന ദലിത്-ബഹുജന്‍ സ്ത്രീപ്രസ്ഥാനം, മുസ്ലീംങ്ങള്‍ക്കിടയിലെ നവ പരിഷ്‌കരണ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും; ഇവയെല്ലാം മോദിസര്‍ക്കാരിന്റെ ഫാഷിസ്റ്റ്പ്രവണതകളെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്.
ബി.ജെ.പി.യുടെ ഹിന്ദുത്വരാഷ്ട്രീയത്തെ തടയുന്ന രസതന്ത്രമാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളതെന്നത് ചിലരുടെ തെറ്റിദ്ധാരണയാണ്. ജാതി, മതം, ലിംഗം, വര്‍ഗ്ഗം, പ്രദേശം മുതലായ ഘടനാപരമായ സാന്നിധ്യങ്ങളെയും പ്രാദേശിക-ദേശീയ അധികാരശക്തികള്‍, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയ കേന്ദ്രീകരണങ്ങളെയും അപ്രത്യക്ഷപ്പെടുത്തുകയാണ് ആ സംഘടന ചെയ്യുന്നത്. സവര്‍ണ്ണവ്യക്തിവാദത്തിന്റെ പഴഞ്ചന്‍ ബോധോദയങ്ങള്‍ പലതും മൂലധനമായുണ്ട് എന്നതിനപ്പുറം സ്ഥലത്തെയും സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന ‘ജനസഞ്ചയ രാഷ്ട്രീയ’മാണ് അതിനുള്ളതെന്ന് പറയുന്നത് തികഞ്ഞ അത്യാരോപണമാണ്.

___________________________________
ഹിന്ദു എന്ന സാങ്കല്പിക സ്വത്വബോധത്തെ ഏകീകരിച്ചെടുക്കുകയെന്നതാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അജണ്ട. ഇതു നടപ്പിലാക്കാന്‍വേണ്ടി സവര്‍ണ്ണ-അവര്‍ണ്ണ-പിന്നാക്ക-ദലിത് വേര്‍തിരിവുകള്‍ ഇല്ലാത്ത മൂല്യവ്യവസ്ഥയായി ഹിന്ദുത്വത്തെ സ്ഥാപിക്കേണ്ടതുണ്ട്. സ്വാഭാവികമായും, പുരോഗമനചിന്തകള്‍ കൊണ്ടോ ജനാധിപത്യപരമായ ആശയങ്ങള്‍കൊണ്ടോ ഇത് സാധ്യമല്ല. പകരം, മുസ്ലീം ശത്രുതയെ ഹിന്ദുക്കളുടെ പൊതുവികാരമാക്കി മാറ്റുകയെന്നതാണ് വഴി. ഇതിനുവേണ്ടി ഹിന്ദുവിന്റെ ‘പ്രാഗ് ദേശീയത’യുമായി സംഘര്‍ഷപ്പെട്ടിട്ടുള്ളത് ഇസ്ലാമും മുസ്ലീം സമുദായവുമാണെന്നു വരുത്തുന്നു. സവര്‍ണ്ണ അടിത്തറയുള്ള ബ്യൂറോക്രസിയും ജുഡിഷ്യറിയും മാധ്യമങ്ങളും മേല്‍പ്പറഞ്ഞ തരം അപരത്വനിര്‍മ്മിതിയുടെ ഭാഗമാകുന്നതിലൂടെ ഏറ്റവും അടിത്തട്ടുവരെ മുസ്ലീം-വിരുദ്ധത പടര്‍ന്നുപിടിക്കുയാണ് ഫലം.
___________________________________ 

ഒരുപക്ഷേ, ബി.ജെ.പി.ക്ക് ഇത്രമാത്രം അനായാസ വിജയം നേടിക്കൊടുത്തത് ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാകാം. ആ സംഘടനയുടെ മുന്‍നിരനേതൃത്വങ്ങളില്‍ ഒരാള്‍ പോലും സംഘപരിവാറിന്റെ ഹൈന്ദവ ഏകീകരണത്തെ തുറന്നു എതിര്‍ത്തില്ലെന്നു മാത്രമല്ല, പ്രതിനിധാന രാഷ്ട്രീയത്തിലൂടെ ഹൈന്ദവതയെ കാല്പനികമായും അത്യാകര്‍ഷകമായും പുനര്‍സൃഷ്ടിക്കുകയുമാണ് ചെയ്തത്. ദലിത്-ന്യൂനപക്ഷ വോട്ടുബാങ്കുകളെയും, സിവില്‍സമുദായ സമരമുന്നണികള്‍ പടുത്തുയര്‍ത്തിയ പ്രതിരോധമേഖലകളെയുമാണ് ആം ആദ്മി പാര്‍ട്ടി ശിഥിലമാക്കിയതെന്ന് ഡെല്‍ഹി ഉപതെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായതാണ്.
ബൂര്‍ഷ്വാലിബറല്‍ ഭരണവ്യവസ്ഥയില്‍ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദരാഷ്ട്രീയത്തെയും അവരുടെ സ്വയം ശാക്തീകരിക്കാനുള്ള ശ്രമങ്ങളെയും ‘അഴിമതി’ എന്ന ഒറ്റവാക്കില്‍ ഒതുക്കി അപരത്വവല്‍ക്കരിക്കാന്‍ നടക്കുന്നവരെ ”രക്ഷക”രായി കാണുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇത്തരം രക്ഷകരിലുള്ള അമിതമായ പ്രതീക്ഷ മൂലമാണ് മുസ്ലീംസമുദായ വോട്ടുകള്‍ വന്‍തോതില്‍ ചിതറിപ്പോയതും; ദലിത്‌വോട്ടുകള്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടതും.
ഇത്തവണ, സംഘപരിവാര്‍ ശക്തികള്‍ സ്റ്റേറ്റിനെ ഫാഷിസവത്കരിക്കാന്‍ ശ്രമിക്കുന്നത് ‘മുസ്ലീം തീവ്രവാദ’ത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടായിരിക്കുമെന്ന് വിചാരിക്കേണ്ടതില്ല. ബുഷ് ഭരണകാലത്ത് പ്രകടിപ്പിക്കപ്പെട്ട ‘ഇസ്ലാമോഫോബിയ’ അന്താരാഷ്ട്രീയ രംഗത്ത് വലിയ തിരിച്ചടി നേരിട്ടുകഴിഞ്ഞു. അതിനാല്‍ ഇസ്ലാമിക തീവ്രവാദത്തെപ്പറ്റിയുള്ള നിറംപിടിപ്പിച്ച കള്ളക്കഥകള്‍ വലിയ തോതില്‍ ചെലവാകാനുള്ള സാധ്യത കുറവാണ്.
ഒരുപക്ഷേ, മാവോയിസംപോലുള്ള സായുധഫ്യൂഡല്‍ കേന്ദ്രീകരണങ്ങളായിരിക്കും സ്റ്റേറ്റിനെ ഫാഷിസവത്കരിക്കാന്‍ സംഘപരിവാറിന് സുരക്ഷിതത്വ കവാടമൊരുക്കി കൊടുക്കുന്നത്. മോദിസത്തിനു പ്രതിവിധി മാവോയിസമാണെന്ന മട്ടിലുള്ള പ്രചാരണവുമായി ടി. ജി. ജേക്കബ്ബിനെപ്പോലുള്ളവര്‍ക്കൊപ്പം3 അരുന്ധതിറോയിയെപ്പോലുള്ളവരും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ കീഴാളരും ന്യൂനപക്ഷ ജനതയും സിവില്‍സമുദായ പ്രസ്ഥാനങ്ങളും വിവിധ സോഷ്യലിസ്റ്റ്ഗ്രൂപ്പുകളും ഐക്യപ്പെടേണ്ട ഫാഷിസ്റ്റ് വിരുദ്ധ ബഹുജന മുന്നണിയുടെ സ്ഥാനത്ത് മാവോയിസ്റ്റ് പ്രതിഹിംസകള്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത് ചിന്താശൂന്യതയല്ലാതെ മറ്റൊന്നുമല്ല. ജ്ഞാനശാസ്ത്രപരമായി വഴിമുട്ടിയവരും സാമൂഹിക രൂപീകരണത്തെപ്പറ്റിയുള്ള പശ്ചാത്യവാദ ധാരണകളില്‍ കുടുങ്ങിക്കിടക്കുന്നവരുമായ ഇത്തരക്കാരില്‍ നിന്നും വേറിട്ട്; കീഴാള സാഹോദര്യത്തിലും ബഹുജനപ്രസ്ഥാനത്തിലും ഉറച്ചുനിന്നാല്‍ മാത്രമേ സംഘപരിവാര്‍ രാഷ്ട്രീയം ദുര്‍ബ്ബലപ്പെടുകയുള്ളൂ.

സൂചനകള്‍

  • 1) The Origins of Totalitarianism-Hannaah Arendt (A Harvest Book 1976)
  • 2) മാധ്യമം വാരിക – ലക്കം 22, ജൂണ്‍
  • 3)ഇന്ത്യന്‍ ഫാഷിസമെന്നാല്‍ വര്‍ഗ്ഗീയഫാഷിസം മാത്രമല്ല – ടി. ജി. ജേക്കബ്ബ്; മാധ്യമം വാരിക – ലക്കം 17,മാര്‍ച്ച്
Top