ഇറാഖ്: ദേശരാഷ്ട്ര നിര്‍മ്മാണത്തിനും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുമിടയില്‍

ജനാധിപത്യത്തെ കേവലം എണ്ണങ്ങളുടെ മാത്രം കളിയാക്കി മാറ്റിയ ഇറാഖി നവജനാധിപത്യ നേതാക്കള്‍ അധികാരത്തിലെത്തിയപ്പോള്‍ തികച്ചും വംശീയ-വിഭാഗീയമായ രീതിയില്‍ മാത്രം കാര്യങ്ങളെ നോക്കി കാണുന്ന ഒരു സ്ഥിതി വിശേഷമാണ് ഇറാഖിലിപ്പോഴുള്ളത്. കടുത്ത ഏകാധിപത്യത്തിന്റെയും, സാമ്പത്തിക ഉപരോധത്തിന്റെയും, അധിനിവേശത്തിന്റെയും, ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തിക്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ഇറാഖി ജനതയ്ക്ക് മുന്‍പില്‍ ഒരു ‘അനുരജന’ (reconciliation) ശ്രമങ്ങളും നടത്താതിരിക്കുകയും ഭരണകൂടം അഥവാ ഷിയാ-കുര്‍ദ് സഖ്യം പക്ഷാപാതപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

യുദ്ധങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും മെസൊപ്പൊട്ടോമിയന്‍ സംസ്‌കാര ഭൂമികയായ ഇറാഖിന്റെ ചരിത്രത്തോടൊപ്പം എന്നും സഞ്ചരിച്ചിരുന്നു. അത്തരത്തിലൊരു സന്നിഗ്ദഘട്ടത്തിലാണ് ഇറാഖി ജനത ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുന്നത് ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ’ (ഐഎസ്‌ഐഎസ്) എന്ന സംഘടനയാണ്. ഇതിനെ ഒരു സുന്നിഇസ്ലാമിക് തീവ്രവാദസംഘടനയായി പൊതുവെ വിളിക്കപ്പെടുന്നു. ഈ ആഭ്യന്തരപ്രശ്‌നത്തെ പ്രധാനമായും രണ്ടു കാരണങ്ങളുമായി ബന്ധിപ്പിച്ചു കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. കാലാകാലങ്ങളായി നടത്തിയ ദേശരാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളാണു ആദ്യത്തേതെങ്കില്‍, അമേരിക്കയുടെ ‘ഭീകരതാ വിരുദ്ധ യുദ്ധ’ (war on terror) ത്തിന്റെ ഭാഗമായ അധിനിവേശവും തുടര്‍ന്നു നടപ്പിലാക്കിയ നയങ്ങളുടെ അനന്തരഫലങ്ങളാണ് രണ്ടാമത്തെ കാരണം.
സിറിയയില്‍ ആരംഭിച്ച്, ഇറാഖിലേക്കും എത്തപ്പെട്ട് നഗരങ്ങളോരോന്നായി പിടിച്ചടക്കി ഇപ്പോള്‍ ഒരു ഇസ്ലാമിക ഖാലിഫേറ്റ് രൂപീകരിച്ചുവെന്ന പ്രഖ്യാപനത്തില്‍വരെ എത്തിനില്‍ക്കുന്നു ഐ.എസ്.ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനെ കേവലമൊരു ആഭ്യന്തര പ്രശ്‌നമായി മാത്രം കാണുവാന്‍ സാധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാമെത്തി നില്‍ക്കുന്നത് ഇറാഖെന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണം മുതലിങ്ങോട്ടുള്ള വ്യത്യസ്ത സംഭവങ്ങളോടും പാശ്ചാത്യ ഇടപെടലുകളിലുമാണ്. ഇറാഖിനെപ്പറ്റി പ്രത്യകിച്ചും അറബ് രാഷ്ട്രങ്ങളെപ്പറ്റി പൊതുവായും പറയുമ്പോള്‍ ‘ദേശ രാഷ്ട്രം’ (nation state) മെന്നത് പാശ്ചാത്യമായി അടിച്ചേല്‍പ്പിച്ചതാണെന്നത് പലരും അംഗീകരിക്കുന്നുണ്ട്. ഓട്ടോമന്‍ പ്രദേശങ്ങളായിരുന്ന ബാഗ്ദാദും, ബസ്‌റയും, മൊസൂളും ചേര്‍ത്ത് കൊളോണിയല്‍ ശക്തികളാണ് ഇറാഖ് എന്ന ആധുനിക രാഷ്ട്രം നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഒരു കൊളോണിയാനന്തര രാഷ്ട്ര (Postcolonial state) ത്തിന്റെ എല്ലാ പ്രശ്‌നങ്ങളും തുടര്‍ന്നുള്ള ചരിത്രത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇറാഖി സമൂഹം മതപരമായും, വംശീയപരമായും, ഭാഷാപരമായും വളരെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതാണ്. ജനസംഖ്യയില്‍ 60 ശതമാനത്തോളം ‘ഷിയ’വിഭാഗക്കാരും 20 ശതമാനത്തോളം ‘കുര്‍ദ്ദു’കളും 17 ശതമാനത്തോളം സുന്നി-അറബും മറ്റുചില ചെറുനൂനപക്ഷങ്ങളും ചേര്‍ന്നതാണ് ഇറാഖി സമൂഹം. ഇത്തരം വ്യത്യസ്തകളെ ചരിത്രത്തിലൊരിടത്തും അനുകൂല ഘടകമാക്കി രാഷ്ട്രത്തിലൊരു ജനാധിപത്യവ്യവസ്ഥ സ്ഥാപിച്ചെടുക്കാന്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതാണ് ഇറാഖ് നല്‍കുന്ന പാഠം. കൂടാതെ വ്യത്യസ്തതകള്‍ പലപ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു വഴിതെളിച്ചിട്ടുമുണ്ട്. അത് ഷിയ-സുന്നി വിഭാഗീയതയായും, അറബ്-കുര്‍ദ് വംശീയതയായും പലപ്പോഴും ദൃശ്യമാക്കപ്പെട്ടിട്ടുണ്ട്.
കൊളോണിസത്തിന്റെ കീഴില്‍ രൂപപ്പെട്ട ഇറാഖി ദേശരാഷ്ട്രത്തെ ആ ഭൂപ്രദേശത്തെ വലിയൊരു വിഭാഗം കൃത്യമായി ചെറുത്തിരുന്നു. അതു അക്കാലത്തു നിരവധിയായ കാലപങ്ങള്‍ക്കു കാരണമാക്കിയിട്ടുണ്ട്. അത്തരം ചെറുത്തുനില്‍പ്പുകളാണ് ഒരു ‘മാന്‍ഡേറ്റ് വ്യവസ്ഥ’ (Mandate system) (19211932) യില്‍ നിന്നും സുന്നി ‘ഹാഷ്‌മെറ്റ് രാജവംശം’ (Hashemite monarchy) ത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മോഡല്‍ ‘ഭരണഘടനാനുസൃതമായ രാജവാഴ്ച’ (constitutional monarchy) (1932-1958) യിലേക്ക് ഇറാഖിനെ മാറ്റാന്‍ ബ്രിട്ടനെ നിര്‍ബന്ധിപ്പിച്ചത്. എന്നാല്‍ അവിടെ പൊട്ടിമുളച്ച ജനാധിപത്യത്തിന്റെ നാമ്പുകളെ കൊളോണിയല്‍-രാജാധികാര താത്പര്യങ്ങള്‍ക്കനുകൂലമായി നശിപ്പിക്കുകയാണുണ്ടായത്. അത് തുടര്‍ന്ന് 1958-ലെ രക്തരൂക്ഷിതമായ കലാപത്തോടെ രാജ്യത്തെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയുണ്ടായി. റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങള്‍ (1958-1968) ~ഒക്കെത്തന്നെയും മുന്‍പ് അധികാരത്തിലിരുന്ന വര്‍ഗ്ഗങ്ങളെ തുടച്ചു മാറ്റുന്നതില്‍ വിജയിച്ചിരുന്നുവെങ്കിലും, വിപ്ലവത്തിലുണ്ടായിരുന്ന വന്‍ ജനകീയപങ്കാളിത്വത്തെ ഒരു ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിനായി ഉപയോഗിക്കാന്‍ ഒരു നീക്കവും നടത്തിയില്ല.
ഈ കാലത്തു നടന്ന മറ്റു ചില അറബ് വിപ്ലവങ്ങളെപ്പോലെ തന്നെ സൈനികര്‍ക്കു പ്രാമുഖ്യമുള്ള ഭരണകൂടങ്ങളാണ് വിപ്ലവാനന്തരം അധികാരത്തില്‍ വന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ അധികാരത്തെ വളരെ കേന്ദ്രീകൃതമായി നിലനിര്‍ത്തുന്നതില്‍ ഇവര്‍ വളരെ താല്പര്യം കാണിക്കുകയും, എണ്ണപോലെയുള്ള വിഭവങ്ങള്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താനായി പ്രധാനമായും ഉപയോഗിക്കപ്പെടുകയും ചെയ്തു.

______________________________
പുതിയ സഖ്യത്തെ സംബന്ധിച്ചിടത്തോളം നൂനപക്ഷമായ ഇറാഖി സുന്നികളെന്നു പറയുന്നവര്‍ തങ്ങളെ മുന്‍പ് പാര്‍ശ്വവത്കരിക്കുകയും, കൂട്ടക്കൊലയ്ക്കു വിധേയവുമാക്കിയ സദാം ഭരണത്തിന്റെ ശേഷിപ്പുകളാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ഇരയാക്കപ്പെടലിനെ രാഷ്ട്രീയവത്ക്കരിക്കാനും (Politics of victim hood) അതിനെ തങ്ങള്‍ക്കു മാത്രമായി രാഷ്ട്രീയ അധികാരവും, സമ്പത്തും എന്നും നിലനിര്‍ത്താനുംശ്രമിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം തങ്ങള്‍ അനുഭവിച്ച കഷ്ടപാടുകളും ദുരിതങ്ങളും എല്ലാക്കാലത്തും രാഷ്ട്രീയ അധികാരം കൈയ്യാളാനുള്ള ഒരു അടവായി (excuse) ഉപയോഗിക്കുന്നു. ഭരണഘടന അനുവദിച്ചു കൊടുത്തിരിക്കുന്ന അവകാശങ്ങള്‍ പോലും നിരസിക്കുന്ന തരത്തിലാണ് പുതിയ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. 
______________________________

റിപ്പബ്ലിക്കന്‍ ഭരണത്തെതുടര്‍ന്ന് 1968-ല്‍ ഒരുസൈനിക അട്ടിമറിയിലൂടെ ‘അറബ് ബാത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി’ (Ba’ath party) അധികാരത്തില്‍ വന്നു. അധികം താമസിക്കാതെ തന്നെ പാര്‍ട്ടിയുടെ ജനകീയ വിഭാഗത്തെ പുറത്താക്കി സൈനിക വിഭാഗം അധികാരം കൈയ്യടക്കുകയും ചെയ്തു. അത് 1979-ല്‍ ആകുന്നതോടെ സദാം ഹുസൈന്‍ പ്രസിഡന്റായ ഭരണകൂടമായി മാറ്റപ്പെടുകയുമുണ്ടായി.
ഇന്ന് ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തെ മുന്‍പ് നടപ്പാക്കിയ വ്യത്യസ്ത രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ചില പ്രത്യയശാസ്ത്രങ്ങളുടേയും പരിണിത ഫലമായി കാണാവുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘പാന്‍-അറബ്’ (Pan-Arab) ദേശീയതയിലധിഷ്ഠിതമായ ‘അറബ്-വത്കരണ’ (Arabisation) പ്രവര്‍ത്തനങ്ങള്‍. ഇത് ഒട്ടോമന്‍ കാലത്ത് ആരംഭിച്ചതും, രാജവാഴ്ചയിലൂടെയും , റിപ്പബ്ലിക്കന്‍ കാലത്തും, ബാത്ത്-സദ്ദാമിസ്റ്റ് കാലങ്ങളില്‍ തുടരുകയും ചെയ്തിരുന്നതായിരുന്നു. ഇറാഖിലെ അറബ്‌വത്കരണം പലപ്പോഴും, അതിന്റെ മതേതരമായ ഉത്ഭവം നിലനില്‍ക്കുമ്പോള്‍ത്തന്നെയും, വ്യാഖ്യാനിക്കപ്പെട്ടത് ഒരു പരിധിവരെയും സുന്നി ഇസ്ലാമികമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇറാഖിന്റെ ദേശീയ സ്വത്വം (identity) എപ്പോഴും ഒരു സുന്നി ഇസ്ലാമികമായി നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നു.
ഇത് ബഹുസ്വര സമൂഹമായ ഇറാഖിലെ കുര്‍ട്ട്-ഷിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമായിരുന്നില്ല. ഒരു തരത്തിലുള്ള ‘അപരവത്കരണം’ (otherisation) നിരന്തരമായി ഇറാഖില്‍ നടക്കാന്‍ ഇതു കാരണമാക്കി. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു കാര്യമാണ് രാഷ്ട്ര രൂപീകരണശേഷം കൂടുതല്‍ സമയവും രാഷ്ട്രീയാധികാരം കൈയ്യടക്കിയത് സുന്നി നൂനപക്ഷമായിരുന്നുവെന്നത്. അബ്ദുള്‍ കരിം ഖ്യാസിമിന്റെ ആദ്യ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റ് മാത്രമാണ് ആധുനിക ഇറാഖിന്റെ ചരിത്രത്തില്‍ ആ സമൂഹത്തിന്റെ വ്യത്യസ്തതകളെ അംഗീകരിക്കുന്ന നയപരിപാടികള്‍ക്കു നേതൃത്വം കൊടുത്തത്. അതുകൊണ്ടുതന്നെ വളര്‍ന്നു വന്നിരുന്ന ‘അറബ് ദേശീയത’ (Arab nationalism) യുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട് ഖ്യാസിമിനു അധികാരമൊഴിയേണ്ടിവരുകയും ചെയ്തു. ഭരണകൂടങ്ങള്‍ വളരെ ബോധപൂര്‍വ്വം ഒരു വിശാല ഇറാഖി സ്വത്വം ഉണ്ടാക്കിയെടുക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. വളരെ ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഒന്നല്ലങ്കില്‍ മറ്റൊരു വിഭാഗത്തെ അരികുവത്കരിച്ചിരുന്നു.
ഇത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ബാത്ത് പാര്‍ട്ടിയില്‍ നിന്നുള്ള ഷിയാ വിഭാഗങ്ങളുടെ പുറത്താക്കലുകളെ കാണാവുന്നതാണ്. മുപ്പതു വര്‍ഷത്തിലധികം ഇറാഖിലധികാരത്തിലിരുന്ന സദാം ഭരണകൂടം രാഷ്ട്രത്തെ ആധുനികവത്കരിക്കുന്നതില്‍ നിര്‍ണ്ണായകമായ പലതും ചെയ്തുവെങ്കിലും ദേശീയസമ്പത്തായ എണ്ണയുടെ വരുമാനം ചില വിഭാഗങ്ങളുടെ കൈകളില്‍ മാത്രം നിലനിന്നതായി കാണാന്‍ കഴിയും. മുന്‍പ് സൂചിപ്പിച്ചതു പോലെ 1979-നു ശേഷം ഭരണകൂടം ബാത്ത് പാര്‍ട്ടിയുടേതില്‍ നിന്നും പതിയെ ഒരു സദാം ഭരണകൂടം അതായത് തിക്രിത്തില്‍ നിന്നുള്ള സുന്നി വിഭാഗങ്ങള്‍ക്കു മാത്രം പ്രാധാന്യമുള്ള ഭരണകൂടമായി ചുരുങ്ങുകയാണുണ്ടായത്. തുടര്‍ന്നുവന്ന ഇറാന്‍-ഇറാഖ് യുദ്ധം മുന്‍പുതന്നെ പാര്‍ശ്വവത്കരിക്കപ്പെട്ട ഷിയ-കുര്‍ദ് വിഭാഗങ്ങളെ തങ്ങളുടെ വംശീയ-വിഭാഗീയമായ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കാനും സദാം ഭരണകൂടത്തിനെതിരെ പോരാടാനും തയ്യാറാക്കി. ഇത് 1990-കളിലെ ഗള്‍ഫ് യുദ്ധാനന്തരവും ആവര്‍ത്തിക്കപ്പെട്ടു. വിഷവാതക പ്രയോഗവും, കൂട്ടക്കൊലകളുമായി ഭരണകൂടം പ്രതിരോധങ്ങളെ നേരിട്ടുവെന്നത് പിന്നീടുള്ള ചരിത്രം.
ഗള്‍ഫ് യുദ്ധാനന്തരം വന്ന സാമ്പത്തിക ഉപരോധം (economic sanction) രാഷ്ട്രത്തെയും ജനജീവിതത്തെയും തകര്‍ത്തെറിഞ്ഞെങ്കിലും ഭരണകൂടം വളരെ ശക്തമായി മുന്‍പത്തെപ്പോലെ അവിടെ നിലനിന്നിരുന്നു. യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തെ ശക്തമാക്കിയത് ജനങ്ങളുടെ ദൈനം ദിനാവശ്യങ്ങള്‍ക്കായി നിരന്തരമായി ഭരണകൂടത്തെ സമീപിക്കണമെന്നുള്ള അവസ്ഥയായിരുന്നു. അതോടൊപ്പം ഭരണകൂടം സാമ്പത്തിക ഉപരോധത്തെ നേരിടാനായി ജനതയുടെ വംശീയ വിഭാഗീയ സ്വത്വങ്ങളെ ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുകയും ചെയ്തു. ചുരുക്കത്തില്‍ പറഞ്ഞാല്‍ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാഖില്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളതു മാത്രവുമല്ല പലപ്പോഴും അത് വിപരീതമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ദേശരാഷ്ട്രനിര്‍മ്മാണം ആ രാജ്യത്തിന് പല ‘ഘടനപരവും പ്രവര്‍ത്തനപരവുമായ’ (structural functional) പരിമിതികള്‍ ഉണ്ടാക്കിയിരുന്നു.
അമേരിക്കയുടെ ‘ഭീകരത വ്യവഹാരം’ (Terror discrouse) ത്തിന്റെ ഭാഗമായ ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ ഇരയാക്കപ്പെട്ടത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുമായി നേരിട്ടു ബന്ധിപ്പിക്കാന്‍ സാധ്യമാണ്. ബുഷ് ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ-തന്ത്രപര-സാമ്പത്തികമായ താത്പര്യങ്ങള്‍ക്കനുസിതമായി ബോധംപൂര്‍വ്വം തങ്ങളുടെ ഭീകരത വ്യവഹാരത്തില്‍ ഇറാഖിനെ ഉള്‍പ്പെടുത്തുകയും 2003-ല്‍ അധിനിവേശം നടത്തി സദാംമിനെ പുറത്താക്കുകയും ചെയ്തു. ഇത് കേവലമായ ഒരു അധികാര മാറ്റം മാത്രമായി നിലനിര്‍ത്താതെ അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ സ്ഥാപനങ്ങളെ ഒന്നാകെ നശിപ്പിക്കുകയും ചെയ്തു. ഇറാഖി സൈന്യത്തിന്റെ പിരിച്ചുവിടല്‍ ഇവിടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. തത്ഫലമായി ഒരു ദേശരാഷ്ട്രമെന്ന നിലയിലുള്ള ഇറാഖിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയായി മാറി. ഇത് ആഭ്യന്തര സംഘര്‍ഷങ്ങളിലേക്കും വംശീയ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്കു കാരണമാവുകയും ചെയ്തു. അമേരിക്കന്‍ അധിനിവേശാനന്തരം അധികാരത്തില്‍ വന്ന ജനാധിപത്യ ഗവണ്‍മെന്റുകളും മുന്‍പ് സൂചിപ്പിച്ച തരത്തിലുള്ള ഇറാഖിന്റെ ‘ഘടനാപരവും പ്രവര്‍ത്തനപരവുമായ’ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണുന്നില്ല. അതായത് മുന്‍പുണ്ടായിരുന്ന ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ സ്വഭാവത്തോടുകൂടിയതുമായ രാഷ്ട്രത്തിന്റെ (േെമലേ) സ്വഭാവം തുടരുന്നുവെന്നര്‍ത്ഥം. ഇറാഖിലെ ജനാധിപത്യമെന്നാല്‍ അത് ഷിയ-കുര്‍ദുകള്‍ക്കിടയില്‍ നടന്ന ചില കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണുള്ളത്. നിസംശയമായ കാര്യമാണ്.
അധിനിവേശാനന്തരം വടക്കന്‍ കുര്‍ദ് പ്രദേശങ്ങളെല്ലാം ചേര്‍ത്ത് പ്രത്യേക ‘കുര്‍ദ് സ്വയംഭരണ പ്രദേശ’ (Kurdish Autonomous Region) മുണ്ടാക്കുകയും, ഇറാഖിന്റെ പ്രസിഡന്റായി കുര്‍ദ്ദ് വംശജനായ ജലാല്‍ തലബാനിയെ തിരഞ്ഞെടുക്കുകയും, കുര്‍ദുകള്‍ക്കു പ്രത്യേക വിറ്റോ അധികാരമുള്ള രീതിയില്‍ പുതിയ ജനാധിപത്യ ഭരണഘടന നിര്‍മ്മിക്കുകയും ചെയ്തതടക്കമുള്ളതാണ് കുര്‍ദ്ദുകളുടെ നേട്ടങ്ങളെങ്കില്‍. ജനസംഖ്യയില്‍ വലിയ വിഭാഗമായ ഷിയാക്കളെ സംബന്ധിച്ചിടത്തോളം പുതിയ ഗവണ്‍മെന്റ് അവരുടേതായാണറിയപ്പെടുന്നത്. പ്രത്യേകിച്ച് ജനാധിപത്യം കേവലം ‘എണ്ണങ്ങളുടെ കളി’ (number game) യായി മാത്രം മാറുന്ന ഇറാഖി സാഹചര്യത്തില്‍, പ്രധാനമായും വ്യക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ തിരഞ്ഞെടുക്കപ്പെന്നു പറയുന്നത് തികച്ചും പ്രഹസനമായി മാറുന്ന സന്ദര്‍ഭത്തില്‍, ഷിയാ വിഭാഗമാണ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നത്.

_________________________________
ജനാധിപത്യ വ്യവസ്ഥ തികച്ചും സ്വജനപക്ഷപാതപരമായ പ്രവര്‍ത്തനങ്ങളിലധിഷ്ഠിതമാകുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സാമൂഹ്യ വിഭാഗങ്ങള്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നത് സ്വാഭാവികമാണ്. നവജനാധിപത്യ ഇറാഖില്‍ നിരന്തരമായി പാര്‍ശ്വവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സുന്നികള്‍ തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകളിലോ സംഘങ്ങളിലോ എത്തിപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ഐ.എസ്.ഐ.എസ് ഉയര്‍ത്തുന്ന ഭീഷണികളെയും അക്രമങ്ങളെയും ഇതിന്റെ ഭാഗമായി കാണുവാന്‍ കഴിയും.
ഇത് എഴുതുമ്പോള്‍ ഇറാഖ് വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഭരണസഖ്യത്തില്‍ ഇപ്പോള്‍ തന്നെ വിള്ളലുകള്‍ വീണു കഴിഞ്ഞിരിക്കുന്നു. 
_________________________________ 

ഇവിടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പെട്ടെന്നുള്ള കാരണം നിലനില്‍ക്കുന്നത്. ജനാധിപത്യത്തെ കേവലം എണ്ണങ്ങളുടെ മാത്രം കളിയാക്കി മാറ്റിയ ഇറാഖി നവജനാധിപത്യ നേതാക്കള്‍ അധികാരത്തിലെത്തിയപ്പോള്‍ തികച്ചും വംശീയ-വിഭാഗീയമായ രീതിയില്‍ മാത്രം കാര്യങ്ങളെ നോക്കി കാണുന്ന ഒരു സ്ഥിതി വിശേഷമാണ് ഇറാഖിലിപ്പോഴുള്ളത്. കടുത്ത ഏകാധിപത്യത്തിന്റെയും, സാമ്പത്തിക ഉപരോധത്തിന്റെയും, അധിനിവേശത്തിന്റെയും, ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തിക്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ഇറാഖി ജനതയ്ക്ക് മുന്‍പില്‍ ഒരു ‘അനുരജന’ (reconciliation) ശ്രമങ്ങളും നടത്താതിരിക്കുകയും ഭരണകൂടം അഥവാ ഷിയാ-കുര്‍ദ് സഖ്യം പക്ഷാപാതപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
പുതിയ സഖ്യത്തെ സംബന്ധിച്ചിടത്തോളം നൂനപക്ഷമായ ഇറാഖി സുന്നികളെന്നു പറയുന്നവര്‍ തങ്ങളെ മുന്‍പ് പാര്‍ശ്വവത്കരിക്കുകയും, കൂട്ടക്കൊലയ്ക്കു വിധേയവുമാക്കിയ സദാം ഭരണത്തിന്റെ ശേഷിപ്പുകളാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ഇരയാക്കപ്പെടലിനെ രാഷ്ട്രീയവത്ക്കരിക്കാനും (Politics of victim hood) അതിനെ തങ്ങള്‍ക്കു മാത്രമായി രാഷ്ട്രീയ അധികാരവും, സമ്പത്തും എന്നും നിലനിര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം തങ്ങള്‍ അനുഭവിച്ച കഷ്ടപാടുകളും ദുരിതങ്ങളും എല്ലാക്കാലത്തും രാഷ്ട്രീയ അധികാരം കൈയ്യാളാനുള്ള ഒരു അടവായി (excuse) ഉപയോഗിക്കുന്നു. ഭരണഘടന അനുവദിച്ചു കൊടുത്തിരിക്കുന്ന അവകാശങ്ങള്‍ പോലും നിരസിക്കുന്ന തരത്തിലാണ് പുതിയ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. അധിനിവേശാനന്തരം അമേരിക്ക തുടങ്ങിവച്ച ‘ബാത്ത് മുക്തവത്കരണം’ (De-Ba’athification) വളരെ ശക്തമായ രീതിയിലാണ് നൂരി അല്‍ മാലിക്കി ഭരണകൂടം മുമ്പോട്ടു കൊണ്ടുപോയിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അതായത് ഒരു നവജനാധിപത്യ നേതാവെന്ന നിലയിലുള്ള മാലിക്കിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതൊരു ജനാധിപത്യവാദിക്കും നിരാശയുണ്ടാക്കുന്നതാണ്. മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ തന്റെ കൈവശം സ്ഥിരമായി വച്ച് തികച്ചും ഒരു ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ഇറാഖി വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് സൈനികരെ അയച്ചു അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള ശ്രമം നടത്തിയതും മാലിക്കിയുടെ പ്രവര്‍ത്തന രീതിയുടെ ഉത്തമ ഉദാഹരണമാണ്.
ജനാധിപത്യ വ്യവസ്ഥ തികച്ചും സ്വജനപക്ഷപാതപരമായ പ്രവര്‍ത്തനങ്ങളിലധിഷ്ഠിതമാകുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സാമൂഹ്യ വിഭാഗങ്ങള്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നത് സ്വാഭാവികമാണ്. നവജനാധിപത്യ ഇറാഖില്‍ നിരന്തരമായി പാര്‍ശ്വവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സുന്നികള്‍ തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകളിലോ സംഘങ്ങളിലോ എത്തിപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ഐ.എസ്.ഐ.എസ് ഉയര്‍ത്തുന്ന ഭീഷണികളെയും അക്രമങ്ങളെയും ഇതിന്റെ ഭാഗമായി കാണുവാന്‍ കഴിയും.
ഇത് എഴുതുമ്പോള്‍ ഇറാഖ് വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഭരണസഖ്യത്തില്‍ ഇപ്പോള്‍ തന്നെ വിള്ളലുകള്‍ വീണു കഴിഞ്ഞിരിക്കുന്നു. അതായത് കുര്‍ദ്ദുകള്‍ ഐ.എസ്.ഐ.എസ് ആക്രമത്തിന്റെ മറവില്‍ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ‘കിര്‍ക്കുക്ക്’നെ കുര്‍ദ്ദ് സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാക്കണമെന്നത് ഏകദേശം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. എണ്ണ സമ്പന്നമായ ഈ പ്രദേശം ഇറാഖി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപരവുമാണ്. കൂടാതെ കുര്‍ദ്ദ് പ്രാദേശിക ഭരണകൂടം സ്വതന്ത്ര കുര്‍ദ്ദിസ്ഥാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹിതപരിശോധന നടത്തുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പമാണ് കുര്‍ദ്ദുകള്‍ ‘ഭീകരര്‍ ആണെന്ന’മാലിക്കിയുടെ ആരോപണത്തെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റിലുള്ള കുര്‍ദ്ദ് മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്‌കരിച്ചിരിക്കുന്നത്. ഇതെല്ലാം കുര്‍ദ്ദിസ്ഥാന്‍ (Kurdistan) രൂപീകരണത്തിനായി അവര്‍ നടത്തുന്ന നീക്കങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്. അങ്ങനെ കുര്‍ദ്ദിസ്ഥാന്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് ഇറാഖെന്ന ദേശരാഷ്ട്രത്തിന്റെ ശിഥിലീകരണത്തില്‍ നിന്നാകുമെന്നതില്‍ സംശയമില്ല. ഇത് മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു കാരണമാകും. അതായത് ഇറാനിയന്‍ ചിന്തകനായ ഹമീദ് ദബാഷിയുടെ അഭിപ്രായത്തില്‍ ഇത് സിറിയ-ലബനോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ശിഥിലീകരണങ്ങളുണ്ടാക്കുകയും, സിറിയ-ഇറാന്‍ ഭരണകൂടങ്ങളുടെ പ്രതിപക്ഷത്തോടുള്ള അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, തുര്‍ക്കി പോലെയുള്ള രാജ്യങ്ങളില്‍ സൈനികവത്കരണത്തിനാക്കം കൂട്ടുന്നതിനും, ഈജിപ്തിലെ സൈനിക അട്ടിമറിയെ ന്യായീകരിക്കുന്നതിനും അതുപോലെ തന്നെ തുണിഷ്യയടക്കമുള്ള രാജ്യങ്ങളിലെ ജനാധിപത്യവത്കരണത്തെപ്പോലും മോശമായി ബാധിക്കാന്‍ കാരണമാക്കും. അതുകൊണ്ടുതന്നെ ഇറാഖിനെ സംബന്ധിച്ചിടത്തോളം വരും ദിവസങ്ങള്‍ വളറെ നിര്‍ണ്ണായകമാണ്. അതായത് ഒരു ദേശരാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ നിലനില്‍പ്പിന്റെ തന്നെയും.

ലേഖകൻ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിറ്റിക്‌സ്- എം.ജി. യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നു.

Top