സിനിമയും നവമാധ്യമ വ്യവഹാരങ്ങളും.

ആധുനികാനന്തര സമൂഹം നവമാധ്യമങ്ങളുടെ അതിപ്രസരത്താല്‍ നിയന്ത്രിതവും അതിനോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇന്റര്‍നെറ്റ്1 എന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമാണ് നവമാധ്യമങ്ങള്‍ എന്നറിയപ്പെടുന്നത്. സൈബര്‍ മാധ്യമങ്ങള്‍ ആധുനികാനന്തര മാധ്യമങ്ങള്‍ എന്നെല്ലാം അറിയപ്പെടുന്ന ഇവ ആശയവിനിമയത്തിന്റെ രീതികളെയും സാമൂഹിക പ്രയോഗങ്ങളെയും ഉള്‍ക്കൊള്ളുന്നു. വിവിധ മാധ്യമങ്ങളുടെ സവിശേഷതകളുടെ കേന്ദ്രീകരണമാണ് നവമാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഏതുസമയത്തും എവിടെവെച്ചും നവമാധ്യമങ്ങള്‍ വഴി ഉള്ളടക്ക നിര്‍മ്മിതി സാധ്യമാക്കുകയും അവയ്ക്ക് പങ്കാളിത്ത വിനിമയം, മാധ്യമ സമൂഹനിര്‍മ്മിതി തുടങ്ങിയവ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്ന സാംസ്‌കാരിക അന്തരീക്ഷമാണ് നവമാധ്യമങ്ങളെ ത്തന്നെ സാധ്യമാക്കുന്നത്.

________________________________________________________________
വി.എസ്. ശ്രീജിത്ത് കുമാര്‍

സാമൂഹികവും സാംസ്‌കാരികവുമായ ഉത്പന്നമെന്ന നിലയില്‍ സിനിമ അതാത് കാലഘട്ടത്തിന്റെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും ഉള്‍ക്കൊള്ളുന്നു. ഈ പരിപ്രേക്ഷ്യത്തില്‍ ആധുനികാനന്തര സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരികാന്തരീക്ഷം സിനിമ എന്ന മാധ്യമത്തെ എപ്രകാരം സ്വാധീനിച്ചിരിക്കുന്നു എന്ന് സമകാലിക മലയാളസിനിമയെ മുന്‍നിര്‍ത്തി വിശകലനം ചെയ്യാനാണ് ഈ പ്രബന്ധത്തില്‍ ശ്രമിക്കുന്നത്.

ആധുനികാനന്തര സമൂഹം നവമാധ്യമങ്ങളുടെ അതിപ്രസരത്താല്‍ നിയന്ത്രിതവും അതിനോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇന്റര്‍നെറ്റ്1 എന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമാണ് നവമാധ്യമങ്ങള്‍ എന്നറിയപ്പെടുന്നത്. സൈബര്‍ മാധ്യമങ്ങള്‍ ആധുനികാനന്തര മാധ്യമങ്ങള്‍ എന്നെല്ലാം അറിയപ്പെടുന്ന ഇവ ആശയവിനിമയത്തിന്റെ രീതികളെയും സാമൂഹിക പ്രയോഗങ്ങളെയും ഉള്‍ക്കൊള്ളുന്നു. വിവിധ മാധ്യമങ്ങളുടെ സവിശേഷതകളുടെ കേന്ദ്രീകരണമാണ് നവമാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഏതുസമയത്തും എവിടെവെച്ചും നവമാധ്യമങ്ങള്‍ വഴി ഉള്ളടക്ക നിര്‍മ്മിതി സാധ്യമാക്കുകയും അവയ്ക്ക് പങ്കാളിത്ത വിനിമയം, മാധ്യമ സമൂഹനിര്‍മ്മിതി തുടങ്ങിയവ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്ന സാംസ്‌കാരിക അന്തരീക്ഷമാണ് നവമാധ്യമങ്ങളെ ത്തന്നെ സാധ്യമാക്കുന്നത്.
ഇടപെടല്‍ശേഷി (interating), ബഹുമാധ്യമപരത (multimedia), സത്വരത (immediacy), പ്രതീതിപരത (virtuality), സാമൂഹിക മാധ്യമങ്ങള്‍ (social media) എന്നിവയെല്ലാം നവമാധ്യമങ്ങളുടെ പ്രത്യേകതകളാണ്. അവ ഒരേ സമയം ഒരു മാധ്യമവും ആവിഷ്‌ക്കാരവും പ്രതികരണവും അത്തരത്തില്‍ സാമൂഹിക ജീവിതവും ചേര്‍ന്ന ഇടമാണ്. സ്ഥലകാലങ്ങള്‍ക്കും ദേശവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കും അപ്പുറം ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ അതിലൂടാകുന്നു. സ്വാതന്ത്ര്യം (freedom), സഹകരണം (Co operation), പങ്കിടല്‍ (Sharing) എന്നിവ അതിന്റെ പ്രത്യേകതയാണ്. പരസ്യങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍, ചാറ്റിംഗ് എന്നിങ്ങനെ നവമാധ്യമങ്ങളിലെ ആശയസംവേദനമാര്‍ഗ്ഗങ്ങള്‍ വൈവിധ്യമുള്ളതാണ്. നവമാധ്യമങ്ങള്‍ മനുഷ്യന്റെ എല്ലാത്തരത്തിലുള്ള വ്യവഹാരങ്ങളെയും സ്വാധീനിച്ചിരിക്കുന്നു എന്നത് വസ്തുതാപരമാണ്. ഭാഷ, സാഹിത്യം, സമൂഹം, സംസ്‌കാരം, കല തുടങ്ങിയ സംവര്‍ഗ്ഗങ്ങളിലെല്ലാം നവമാധ്യമ കേന്ദ്രീകൃതമായ സവിശേഷ വ്യവഹാരങ്ങള്‍ ഇന്ന് കാണാനാകും. സാങ്കേതികതയുടെ ഉല്‍പ്പന്നങ്ങളാണ് നവമാധ്യമങ്ങള്‍
നിരവധി സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപപ്പെട്ട ഒന്നാണ് സിനിമ. ക്യാമറ, റെക്കോഡിംഗ്, ലൈറ്റിംഗ്, എഡിറ്റിംഗ് തുടങ്ങി വിതരണത്തില്‍ വരെ സംഭവിച്ച മാറ്റങ്ങള്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കാര്യത്തിന് സംഭവിച്ച മാറ്റമല്ല, ഒട്ടനേകം സാങ്കേതിക മേഖലയില്‍ ഉണ്ടായ വളര്‍ച്ചയാണ് സിനിമയെ ഇന്നുകാണുന്ന രീതിയിലാക്കിയത്. ചരിത്ര പരതയില്‍ വിശകലനംചെയ്താല്‍ സാങ്കേതികത മനുഷ്യന്റെ ഇതര സര്‍ഗ്ഗാത്മക വ്യവഹാരങ്ങളെയും എന്നതുപോലെ2 സിനിമയുടെ നിര്‍മ്മാണത്തിലും വളര്‍ച്ചയിലും വികാസത്തിലും നിര്‍ണ്ണായകമാവുകയും അതിനെ ഭാവുകത്വ പരമായി പുതിയ ഇടങ്ങളിലേക്ക് സ്ഥാനപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നു കാണാം.3
നവമാധ്യമ കേന്ദ്രീകൃതവും നിയന്ത്രിതവുമായ വര്‍ത്തമാന കാല സാമൂഹികാന്തരീക്ഷത്തിലും ഇത്തരം സ്വാധീനങ്ങള്‍ക്കും സാമൂഹിക വഴക്കങ്ങള്‍ക്കും സിനിമ വിധേയമാകുന്നു. പ്രമേയത്തില്‍ മാത്രമല്ല, നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതികരണത്തിലും കാഴ്ചയിലും അനുഭവത്തിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. ഇത്തരം സ്വാധീനങ്ങളെ നവമാധ്യമങ്ങളെ മുന്‍നിര്‍ത്തി ആധുനികാനന്തര സമൂഹത്തില്‍ സിനിമ എന്ന മാധ്യമം മുന്നോട്ടുവയ്ക്കുന്ന സാമൂഹികാനുഭവം, മാധ്യമസംസ്‌കാരം എന്നിവ തുടര്‍ന്ന് അന്വേഷിക്കുന്നു.

__________________________________
നവമാധ്യമ കേന്ദ്രീകൃതവും നിയന്ത്രിതവുമായ വര്‍ത്തമാന കാല സാമൂഹികാന്തരീക്ഷത്തിലും ഇത്തരം സ്വാധീനങ്ങള്‍ക്കും സാമൂഹിക വഴക്കങ്ങള്‍ക്കും സിനിമ വിധേയമാകുന്നു. പ്രമേയത്തില്‍ മാത്രമല്ല, നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതികരണത്തിലും കാഴ്ചയിലും അനുഭവത്തിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. ഇത്തരം സ്വാധീനങ്ങളെ നവമാധ്യമങ്ങളെ മുന്‍നിര്‍ത്തി ആധുനികാനന്തര സമൂഹത്തില്‍ സിനിമ എന്ന മാധ്യമം മുന്നോട്ടുവയ്ക്കുന്ന സാമൂഹികാനുഭവം, മാധ്യമസംസ്‌കാരം എന്നിവ തുടര്‍ന്ന് അന്വേഷിക്കുന്നു.
__________________________________ 

  • കാഴ്ചയും കാണിയും’മാറുന്ന സമവാക്യങ്ങള്‍

ഒരു കാലത്ത് സിനിമ സമം തീയേറ്റര്‍ അല്ലെങ്കില്‍ ടെലിവിഷന്‍ എന്നായിരുന്നെങ്കില്‍ ഇന്നതിനെ മൊബൈല്‍ ഫോണിനോടും ഇന്റര്‍നെറ്റിനോടും കൂടി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു. തുടര്‍ന്നുവന്ന കാഴ്ചയെയും അനുഭവത്തെയും റദ്ദുചെയ്തുകൊണ്ടാണ് നവമാധ്യമങ്ങള്‍ സിനിമയില്‍ ഇടപെട്ടുതുടങ്ങിയത്. തീയേറ്ററുകളിലോ ടെലിവിഷന്റെ മുന്‍പിലോ ഇരുന്ന് കാണുന്ന അനുഭവത്തെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും അപ്രസക്തമാക്കി. ഇരുണ്ടമുറിയില്‍ ഒരുകൂട്ടം ആളുകള്‍ക്കൊപ്പം വലിയ സ്‌ക്രീനില്‍കാണുന്ന കാഴ്ചാനുഭവങ്ങളല്ല മൊബൈലിലൂടെയും ഇന്റര്‍നെറ്റിലെ യൂട്യൂബിലൂടെയും ഇരുന്നും കിടന്നും കാണുന്ന സിനിമ നമുക്ക് നല്‍കുന്നത്. മറ്റുള്ളവര്‍ കാണിക്കുന്നത് കാണുന്ന പ്രേക്ഷകനുമല്ല ഇന്നത്തേത്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാനും കാണാനും ഇന്നവന് സ്വാതന്ത്ര്യമുണ്ട്. ഉത്പാദനകേന്ദ്രീകൃതമായ അവസ്ഥയില്‍ നിന്നും ഉപഭോക്തൃകേന്ദ്രീകൃതമായി സിനിമയും പാകപ്പെട്ടുതുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ സിനിമയുടെ പരിചരണം മുന്‍പ് മൂലധനം കൈയ്യാളുന്നവരില്‍ മാത്രമായിരുന്നെങ്കില്‍ ഇന്നതില്‍ പ്രേക്ഷകനും പങ്കാളിത്തമുണ്ടായിരിക്കുന്നു. കേവലം കാഴ്ച്ചക്കാരനല്ല മറിച്ച്, സിനിമ തിരഞ്ഞെടുക്കാനും സിനിമയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും പ്രേക്ഷകന് സാധിക്കുന്നു. ഇന്ന് സിനിമയെപ്പറ്റിയുള്ള അഭിപ്രായരൂപീകരണവും സംവാദങ്ങളും ഏറ്റവും നടക്കുന്നത് നവമാധ്യമങ്ങളിലൂടെയാണ്. ഒരു സിനിമ തുടങ്ങി ഇടവേളയ്ക്ക് മുന്‍പുതന്നെ അതിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ നമുക്ക് ആകുന്നു. മൊബൈലിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ സിനിമയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുവാനും അത് പൊതുമധ്യത്തിലെത്തിക്കുവാനും സാധിക്കുന്നു എന്നത് നവമാധ്യമങ്ങളിലൂടെ പ്രാപ്യമായ ഒന്നാണ്. സൗഹൃദം ഉള്ളവര്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കുക എന്ന പഴയ മെക്കാനിസം തന്നെയാണ് ഇവിടെയും ഉള്ളത്. മൊബൈല്‍ ഫോണ്‍ സര്‍വ്വസാധാരണവും അതില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുകയും ചെയ്തതോടെ പൂര്‍ണ്ണമായല്ലെങ്കിലും ജനപങ്കാളിത്തം സിനിമയുടെ ബാഹ്യമായ കോട്ടകളെ തകര്‍ത്തു തുടങ്ങിയിരിക്കുന്നു. സിനിമയെപ്പറ്റിയുള്ള അഭിപ്രായങ്ങളും അഭിമതങ്ങളും സ്വയം സൃഷ്ടിക്കുകയും ജനങ്ങളെക്കൊണ്ട് അത് സമ്മതിപ്പിച്ചെടുക്കുകയും ചെയ്തിരുന്ന ‘സമ്മതിനിര്‍മ്മാണ’ (manufacturing consent) ത്തിന്റെ കാലം പോയിരിക്കുന്നു. നിഷ്‌ക്രീയരായ കാണികള്‍ അല്ല ഇന്നുള്ളത് എന്ന് ചുരുക്കം. സിനിമയും സൈബര്‍ ബൂത്തുകളില്‍ ജനവിധി തേടുന്നു.
പതീതിയാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് നടക്കുന്ന സൈബര്‍ ആക്ടിവിസത്തിന്റെ ഈ അനുരണനങ്ങള്‍ യഥാര്‍ത്ഥലോകത്താണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത്.4 ഇത് ഒരുതരത്തില്‍ നവമാധ്യമങ്ങളിലൂടെ മാത്രം സാധ്യമായ ഒരു ജനാധിപത്യവ്യവസ്ഥയിലേക്ക,് അധികാര വികേന്ദ്രീകരണത്തിലേക്ക് സിനിമയെ കൊണ്ടെത്തിച്ചു. യുട്യൂബില്‍ സിനിമ കാണുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ അഭിപ്രായവും ബ്ലോഗില്‍ അതിന്റെ നിരൂപണവും5 എഴുതാന്‍ സാധിക്കുന്നുവെന്നത് മാധ്യമം തന്നെ സന്ദേശമായിത്തീരുന്ന നവമാധ്യമങ്ങളുടെ സാധ്യതയാണ്.

____________________________________
പതീതിയാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് നടക്കുന്ന സൈബര്‍ ആക്ടിവിസത്തിന്റെ ഈ അനുരണനങ്ങള്‍ യഥാര്‍ത്ഥലോകത്താണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത്.4 ഇത് ഒരുതരത്തില്‍ നവമാധ്യമങ്ങളിലൂടെ മാത്രം സാധ്യമായ ഒരു ജനാധിപത്യവ്യവസ്ഥയിലേക്ക്, അധികാര വികേന്ദ്രീകരണത്തിലേക്ക് സിനിമയെ കൊണ്ടെത്തിച്ചു. യുട്യൂബില്‍ സിനിമ കാണുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ അഭിപ്രായവും ബ്ലോഗില്‍ അതിന്റെ നിരൂപണവും5 എഴുതാന്‍ സാധിക്കുന്നുവെന്നത് മാധ്യമം തന്നെ സന്ദേശമായിത്തീരുന്ന നവമാധ്യമങ്ങളുടെ സാധ്യതയാണ്. 

____________________________________ 

  • ഇളകുന്ന താരപദവികളും വളരുന്ന താരങ്ങളും

ഇന്ന് മലയാളസിനിമയില്‍ താരപരിവേഷങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ന്യൂജനറേഷന്‍ സിനിമയുടെ കാലമാണ്. സിനിമയില്‍ ഇടപെടലുകള്‍ നടത്തിയ പ്രേക്ഷകപങ്കാളിത്തമാണ് ഇതിനൊരുകാരണം. താരങ്ങളില്ലാതെയും വിജയിക്കുന്നത് പതിവായപ്പോള്‍ ക്രമേണ സ്റ്റാര്‍ഡം പദവികള്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനും നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമയെ ഗൗരവത്തോടെ കാണുന്ന യുവതലമുറയ്ക്ക് ഇടംകിട്ടിയത് മൊബൈള്‍ ഫോണും ഇന്റര്‍നെറ്റും പ്രാപ്യമായതോടെയാണ്.സിനിമയെ വിലയിരുത്തുവാനും അഭിപ്രായരൂപീകരണം നടത്തുവാനും ചര്‍ച്ച ചെയ്യുവാനും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ സൗഹൃദവേദികള്‍ക്കായി. സാമാന്യമലയാളിയുടെ സാമൂഹികരാഷ്ട്രീയബോധം രൂപപ്പെടുന്നത് ചായക്കടകളിലെയും ആല്‍ത്തറകളിലെയും ബാര്‍ബര്‍ ഷോപ്പുകളിലെയും വര്‍ത്തമാനങ്ങളിലൂടെയാണ്. അത്തരം വര്‍ത്തമാനങ്ങളുടെ ഇടമായി ഇന്റര്‍നെറ്റിലെ കൂട്ടായ്മകള്‍ മാറി. കണ്ടുമടുത്ത നായക/നായിക സങ്കല്‍പ്പങ്ങളും പ്രമേയങ്ങളും നിരന്തരമായപ്പോള്‍ പ്രേക്ഷകര്‍ മാറ്റത്തിനായി ആഗ്രഹിക്കുകയും തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രകാശിപ്പിക്കുന്നതിനുള്ള ഇടമായി സൈബര്‍സ്ഥലങ്ങളെ മാറ്റുകയും ചെയ്തു. സൈബറില്‍ നടന്ന ഇത്തരം ജനപക്ഷ ഇടപെടലുകള്‍ മലയാള സിനിമയിലെ താരസങ്കല്പങ്ങളെയും പദവികളെയും ഇല്ലാതാക്കുന്നതിനു കാരണമായിട്ടുണ്ട്. പുതുമുഖ നടന്മാരുടെ ചെറുതെങ്കിലും മികച്ച അഭിനയത്തെ വാഴ്ത്തിയും അവരുടെ അഭിനയമികവ് കാണിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചും ചെറുതാരങ്ങളെ വളര്‍ത്തുന്നതിനും ഇന്റര്‍നെറ്റിനായി.

  • മാറിയ വിപണിയും മാറുന്ന വിതരണവിനിമയരീതികളും

സിനിമ എന്ന മാധ്യമത്തിന് ബദലല്ലെങ്കിലും അതിന് സമാന്തരമായി നിലനില്‍ക്കുന്ന ബഹുജനവും ജനപ്രിയവും ഇടപെടല്‍ ശേഷിയുള്ളതുമായ മാധ്യമമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിലെ യുട്യൂബിലും ഇതര വീഡിയോ ഷെയറിംഗ് സൈറ്റുകളിലും നിത്യസന്ദര്‍ശകര്‍ ഇന്ന് ഏറെയുണ്ട്.
‘നിങ്ങള്‍ക്ക് തന്നെ സംപ്രേക്ഷണംചെയ്യാം’ (broadcast yourself) എന്ന അവകാശവാദവുമായി യൂട്യൂബ് എത്തിയതോടെ കാഴ്ച തേടിപോകേണ്ട ആവശ്യം ഇന്നില്ല. എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ യൂട്യൂബിനായി. വ്യക്തതയുള്ള ചിത്രവും ശബ്ദവും കൈമാറ്റം ചെയ്യുന്ന ഉയര്‍ന്ന വേഗത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നതോടെ യൂട്യൂബിലേക്ക് കൂടുതല്‍പേര്‍ ആകര്‍ഷിക്കപ്പെട്ടു. മലയാളത്തിലെയും അന്യഭാഷയിലെയും പഴയതും പുതിയതുമായ ചിത്രങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത് കണ്ടുതുടങ്ങി. സി.ഡി വ്യവസായത്തെ കാര്യമായും ടെലിവിഷനെ അല്പമായും ഇത് ബാധിച്ചു എന്നത് നിസ്തര്‍ക്കമാണ്. വിപണിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സിനിമയുടെ വിതരണവും വിനിമയവും മാറുകയുണ്ടായി. ട്രെയിലറുകള്‍, ഗാനങ്ങള്‍, ചില സ്വീക്വന്‍സുകള്‍, ഹിറ്റ് ഡയലോഗുകള്‍ എന്നിവ തുടരെ പ്രദര്‍ശിപ്പിക്കുകവഴി ‘വൈറല്‍ മാര്‍ക്കറ്റിംഗ്’ (Viral Marketing) എന്ന വഴിയിലേക്ക് സിനിമയും കടന്നു. തുടക്കത്തില്‍ സംഗീത ആല്‍ബങ്ങളും പരസ്യങ്ങളുമായിരുന്നു വൈറല്‍ മാര്‍ക്കറ്റിംഗിലൂടെ പ്രചരിച്ചിരുന്നതെങ്കില്‍ ഇന്നത് സിനിമയുടെ പ്രചരണത്തിനും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് മലയാളത്തിലെ പുതു സിനിമകള്‍ എല്ലാംതന്നെ പ്രദര്‍ശനത്തിനു മുന്‍പായി യുട്യൂബിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും അതിന്റെ പ്രൊമോകള്‍ കാണിക്കുകയും ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുന്നു.

________________________________
വ്യക്തതയുള്ള ചിത്രവും ശബ്ദവും കൈമാറ്റം ചെയ്യുന്ന ഉയര്‍ന്ന വേഗത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നതോടെ യൂട്യൂബിലേക്ക് കൂടുതല്‍പേര്‍ ആകര്‍ഷിക്കപ്പെട്ടു. മലയാളത്തിലെയും അന്യഭാഷയിലെയും പഴയതും പുതിയതുമായ ചിത്രങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത് കണ്ടുതുടങ്ങി. സി.ഡി വ്യവസായത്തെ കാര്യമായും ടെലിവിഷനെ അല്പമായും ഇത് ബാധിച്ചു എന്നത് നിസ്തര്‍ക്കമാണ്. വിപണിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സിനിമയുടെ വിതരണവും വിനിമയവും മാറുകയുണ്ടായി. ട്രെയിലറുകള്‍, ഗാനങ്ങള്‍, ചില സ്വീക്വന്‍സുകള്‍, ഹിറ്റ് ഡയലോഗുകള്‍ എന്നിവ തുടരെ പ്രദര്‍ശിപ്പിക്കുകവഴി ‘വൈറല്‍ മാര്‍ക്കറ്റിംഗ്’ (Viral Marketing) എന്ന വഴിയിലേക്ക് സിനിമയും കടന്നു. തുടക്കത്തില്‍ സംഗീത ആല്‍ബങ്ങളും പരസ്യങ്ങളുമായിരുന്നു വൈറല്‍ മാര്‍ക്കറ്റിംഗിലൂടെ പ്രചരിച്ചിരുന്നതെങ്കില്‍ ഇന്നത് സിനിമയുടെ പ്രചരണത്തിനും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് മലയാളത്തിലെ പുതു സിനിമകള്‍ എല്ലാംതന്നെ പ്രദര്‍ശനത്തിനു മുന്‍പായി യുട്യൂബിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും അതിന്റെ പ്രൊമോകള്‍ കാണിക്കുകയും ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുന്നു.
________________________________

  • പുതുതലമുറ സിനിമയിലെ നവമാധ്യമസാന്നിധ്യങ്ങള്‍

പുതുതലമുറയുടെ സിനിമകളില്‍ പുതുമാധ്യമവ്യവഹാരങ്ങള്‍ സ്ഥാനംപിടിക്കുന്നതെങ്ങിനെയെന്ന് മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമയെ കേസ് സ്റ്റഡിയായെടുത്താല്‍ മതിയാകും. സമീര്‍ താഹിറിന്റെ ചാപ്പാക്കുരിശില്‍ മൊബൈല്‍ ഒരു കഥാപാത്രമാണ്. മൊബൈല്‍ ഫോണ്‍ കൗതുകവും ശീലവുമാക്കിയ ഒരു തലമുറയുടെ കഥയാണ് ചാപ്പാക്കുരിശ് ശാരീരികബന്ധം ആഘോഷിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന യുവാവ് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ചാപ്പാകുരിശിന്റെ കഥ വികസിക്കുന്നത്. ഭാര്യയും ആത്മസുഹൃത്തുമായുള്ള അടുപ്പം തിരിച്ചറിയുന്ന ഉപകരണമാണ് മൊബൈല്‍ഫോണ്‍. മൊബൈല്‍ സിംകാര്‍ഡ് വലിച്ചെറിയുന്നതിലൂടെ ടെസ്സ എന്ന കഥാപാത്രം പുതിയ ലോകത്തേക്കും അവസ്ഥയിലേക്കും ബന്ധങ്ങളിലേക്കും മാറുന്നു. അവിടെ അസ്തിത്വനിര്‍ണ്ണയത്തിന്റെ ഭാഗമായി മൊബൈല്‍ വരുന്നു. സോള്‍ട്ട് ആന്റ് പെപ്പറില്‍ രണ്ടുമധ്യവയസ്‌ക്കര്‍ക്കിടയില്‍ ആകസ്മിക പ്രണയത്തിന് കാരണമാകുന്ന പ്രണയവിനിമയ ഉപകരണമാണ് മൊബൈല്‍. ജോയി മാത്യുവിന്റെ ഷട്ടറില്‍ മനുഷ്യ ബന്ധങ്ങളുടെ ഇടയിലെ നിത്യസാന്നിധ്യമായി അത് വ്യവഹരിക്കപ്പെടുന്നു. ഇത്തരത്തില്‍ മലയാളത്തിലെ സമകാലിക സിനിമ മാധ്യമസംസ്‌കാരം സൃഷ്ടിച്ചെടുത്ത ജീവിതാവസ്ഥകളെയും സാമൂഹികാവസ്ഥകളെയും ആണ് പ്രമേയവത്ക്കരിക്കുന്നത്. പരസ്യം, മള്‍ട്ടി നാഷണല്‍ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വന്‍ നഗരങ്ങള്‍, ശരീരത്തിന്റെയും യുവത്വത്തിന്റെയും ആഘോഷം, രതിയിലൂടെ ആഘോഷിക്കുന്ന പ്രണയം, അധോലോകം എന്നിവയെല്ലാംതന്നെ ഉത്തരാധുനികതയുടെ സവിശേഷവും ഭിന്നവുമായ സാമൂഹിക അവസ്ഥകളാണ്. ഈ സാമൂഹ്യ-സാംസ്‌കാരിക സൂചകങ്ങളെയാണ് മലയാളത്തിലെ പുതുതലമുറ സിനിമ നിരന്തരം ആവിഷ്‌ക്കരിക്കുന്നതും വിനിമയംചെയ്യുന്നതും. ആഗോളീയതയില്‍ നിന്നുകൊണ്ട് വിനിമയം ചെയ്യപ്പെടുന്ന പ്രാദേശികത, യൂറോ സെന്‍ട്രിക് മനോഭാവം തുടങ്ങിയ സാംസ്‌കാരികാധിനിവേശത്തിന്റെ സൂക്ഷ്മ രാഷ്ട്രീയങ്ങള്‍ ഇത്തരം സിനിമകളില്‍ കണ്ടെത്താ നാകും. ഉത്തരാധുനിക വ്യക്തി സാങ്കേതികവിദ്യയുടെ ഭാഗമായി നിലനില്‍ക്കുന്ന ഒന്നാണ്. അയാളുടെ കര്‍ത്തൃത്വത്തിലും വ്യവഹാരങ്ങളിലും സാങ്കേതികവിദ്യയുടെ ബോധമോ അബോധമോ ആയ സ്വാധീനം ഉണ്ട്. അവയുടെ പ്രശ്‌നപരിസരങ്ങളെയോ ഒരു പക്ഷേ ഭീതികളെയോ ആണ് മുന്‍പറഞ്ഞ ചിത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്.

നവമാധ്യമങ്ങളുടെ സ്വാധീനവും ഉത്തരാധുനിക കാലത്തിലെ നിയോലിബറല്‍ അന്തരീക്ഷവും സിനിമ എന്ന മാധ്യമത്തെ സൗന്ദര്യശാസ്ത്രപരമായും പ്രത്യയശാസ്ത്രപരമായും പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. അനധികൃത ഡൗണ്‍ലോഡിംഗും റെക്കോര്‍ഡിംഗും സാമൂഹ്യ മാധ്യമങ്ങള്‍വഴിയുള്ള വ്യാജപ്രചരണങ്ങളും സിനിമയെ പ്രതിലോമപരമായി ബാധിക്കുന്നു എന്നത് ശാസ്ത്രത്തിന്റെ മറുവശം. ആധുനികാനന്തര സമൂഹത്തില്‍ സിനിമയ്ക്ക് സംഭവിച്ച ആന്തരികവും ബാഹ്യവുമായ സ്വാധീനങ്ങള്‍, വഴക്കങ്ങള്‍ എന്നിവയെ കണ്ടെത്താനാണ് ഇവിടെ ശ്രമിച്ചത്. മലയാള സിനിമയില്‍ മാത്രമല്ല ലോകസിനിമയില്‍ നടക്കുന്ന പ്രതിഭാസമായി വേണം ഇതിനെ കാണാന്‍, പ്രമേയത്തില്‍ മാത്രം സംഭവിച്ച മാറ്റമായിരുന്നില്ല നവമാധ്യമങ്ങളിലൂടെ സംഭവിച്ചത്. കാഴ്ചയിലും കാണിയിലും വിനിമയത്തിലും വാര്‍പ്പുമാതൃകകളെ അപനിര്‍മ്മിക്കാനോ പുതിയ ഇടങ്ങളിലേക്ക് സ്ഥാനപ്പെടുത്താനോ പുതുമാധ്യമാന്തരീക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ സൗന്ദര്യശാസ്ത്രത്തില്‍ സാങ്കേതികത എന്ത് മാറ്റമാണ് വരുത്തുന്നതെന്നും അത് എപ്രകാരമാണ് നമ്മുടെ സംസ്‌കാരത്തെയും സര്‍ഗ്ഗാത്മക വ്യാപാരങ്ങളെയും പുനര്‍നിര്‍മ്മിക്കുന്നത് എന്ന നിലയ്ക്കുള്ള അന്വേഷണമാണ് സിനിമയുടെ പഠനത്തില്‍ സമകാലികമായി ഉണ്ടാകേണ്ടത്. ഡിജിറ്റല്‍ മൊഡേണിറ്റിയുടെ കാലത്ത് സിനിമ അടിമപ്പെടുകയാണോ അതിജീവിക്കുകയാണോ എന്ന ചോദ്യം പ്രസക്തമാണ്. മാധ്യമ കേന്ദ്രീകൃതമായ പുതുപൊതുമണ്ഡലത്തില്‍ (New Publicsphere) സിനിമയെ അപഗ്രഥിക്കുന്നതിലൂടെ അവ മനസിലാക്കാനാകൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ് 1928ലെ വിഗതകുമാരന് സംഭവിച്ചതുപോലെ ഒരു പകര്‍പ്പുപോലും ഇല്ലാത്ത അവസ്ഥ 2013ലെ സെല്ലുലോയിഡിന് ഉണ്ടാവില്ല. ആയിരം വര്‍ഷം കഴിഞ്ഞാലും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ആരെങ്കിലും അതു ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടാകും.

  • 1. സ്വയം പ്രസാധനസംരംഭങ്ങളായ ബ്ലോഗുകള്‍, ഉള്ളടക്കം പങ്കുവെയ്ക്കാവുന്ന യു ട്യൂബ് പോലുള്ള മാധ്യമങ്ങള്‍, ഓര്‍ക്കുട്ട്, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍
  • 2. അച്ചടി സാങ്കേതികത എഴുത്തിനെയും വായനയെയും പരിവര്‍ത്തനപ്പെടുത്തിയതുപോലെ
  • 3. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്കും, ത്രി.ഡി ഇഫക്ടും, ഡി.റ്റി.എസ്. സൗണ്ടും ആനിമേഷനും എല്ലാം പ്രത്യക്ഷ ഉദാഹരണങ്ങള്‍.
  • 4. സിനിമ മാറ്റിനിര്‍ത്തിയാല്‍ അറബ് വസന്തത്തിലും അമേരിക്കന്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിലും സൈബര്‍ കാറ്റിന്റെ ഗതി വിസ്മരിക്കാവുന്നതല്ല.
  • 5.മലയാള സിനിമാനിരൂപണം (www.malayalacinemaniroopanam.com) ചിത്രവിശേഷം (www.chithravisesham.com), റിവേഴ്‌സ് ക്ലാപ്പ് (www.reverseclap.com) എന്നിവ മലയാളത്തിലെ ശ്രദ്ധേയമായ സിനിമ നിരൂപണ സൈറ്റുകളാണ്.

ഗ്രന്ഥസൂചി
1. മാനുവല്‍, കെ. ജോസ്. 2012: ന്യൂ ജനറേഷന്‍ സിനിമ. ഡി.സി. ബുക്‌സ്, കോട്ടയം.
2. വെങ്കിടേശ്വരന്‍, സി.എസ്. 2012: സിനിമ ടോക്കീസ്. ഡി.സി.ബുക്‌സ്, കോട്ടയം.
3. സുനിത, ടി. വി. 2012 : ഇ-മലയാളം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം.
4. ബിമിനിത്, ബി.എസ്. ‘വൈറല്‍ മാര്‍ക്കറ്റിംഗ് കളിയും കെണിയും’ (2013 മെയ്) മാതൃഭൂമി ആഴ്ചപ്പതിപ്പ്. 91:9

Top