നവമാധ്യമങ്ങള്‍ അനിവാര്യമാണ്

മാധ്യമങ്ങള്‍ പെരുകുമ്പോഴും ആശയവിനിമയസാധ്യതകള്‍ ചുരുങ്ങുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ദിനപ്പത്രങ്ങള്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കുന്നതിന്പകരം സംഭ്രമംജനിപ്പിച്ചു ശ്രദ്ധനേടാന് ശ്രമിക്കുന്നത്. അവയുടെ ഏകപക്ഷീയമായ സമീപനം വായനക്കാര്‍ക്ക് വ്യത്യസ്ത ചിന്താഗതികളെ മനസ്സിലാക്കാന്‍ അവസരം നല്‍കുന്നില്ല. ആശയസംഘട്ടനവേദികളായി പരിവര്‍ത്തിച്ചിരിക്കുന്ന ആനുകാലികങ്ങളുടെ പരിചരണത്തില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നു, അച്ചടിമാധ്യമങ്ങളെ മറികടന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ ആശയവിനിമയത്തെ ശബ്ദഘോഷമായി പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു. ഇവയുടെയൊക്കെ സ്വാധീനതയിലും പ്രബുദ്ധതയിലും അഭിമാനിച്ചിരുന്ന കേരളീയര്‍ രാഷ്ട്രീയമന്ധബുദ്ധികളായി പരണമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല സമസ്തമേഖലകളിലും ഏറ്റക്കുറച്ചിലുകളോടെ പ്രകടമായിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ സ്വതന്ത്ര ആശയവിനിമയം സാധ്യമാക്കുന്നതിന് നവമാധ്യമങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗം കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും അത് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിലയ്ക്ക് നവമാധ്യമങ്ങള്‍ കേരളത്തിന്റെ ഭാവിയുടെ അനിവാര്യഭാഗമാണ്. ചുരുങ്ങിയകാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നല്ല സംഭാവനകള്‍ നല്കിയ ഉത്തരകാലം പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുന്നതായ് അറിയുന്നതില്‍ സന്തോഷമുണ്ട്. നവോത്ഥാന പാതയില്‍നിന്നും വ്യതിചലിച്ചതിന്റെ ഫലമായി ജീര്‍ണ്ണതകളിലേയ്ക്ക് കൂപ്പികുത്തിക്കൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന് പുതിയ ചൈതന്യം നല്കാനുള്ള ഉത്തരകാലം പ്രവര്‍ത്തകരുടെ ഉദ്യമത്തിന് വിജയം ആശംസിക്കുന്നു.

(എഴുത്തുകാരന്‍/മാധ്യമപ്രവര്‍ത്തകന്‍)

Top