”വണ്‍ ബൈ ടു” അപരവല്‍ക്കരണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍

സിനിമ
കേരളത്തില്‍ ജാതിക്കെതിരെ ഉണ്ടാകുന്ന/വളര്‍ന്നുവരുന്ന മറ്റെല്ല ധാരകള്‍ക്കും എതിരെയുള്ള പേടിയുടെ ഭാഗമായ ഒരു സാംസ്‌കാരിക ഉല്പന്നം മാത്രമാണ് അരുണ്‍ കുമാര്‍അരവിന്ദ് എന്ന സംവിധായകന്റെ, അവസാനത്തെ പ്രോഡക്റ്റ് ആയ ”വണ്‍ ബൈ ടൂ” എന്ന സ്‌ക്രീനില്‍ കളിച്ച നാടകം. 
ഈ സിനിമയില്‍, കുറ്റവാളിയുടെ സ്ഥാനത്ത് നില്‍ക്കുന്ന ഡോക്ടര്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തി, ഒരു കൊലപാതകം നടത്താന്‍ നിയോഗിച്ച ഒരു ഡ്രൈവര്‍ കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ തെരഞ്ഞെടുക്കുന്നത് നാഗ്പൂരാണ്. ഇതു വളരെ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. സാധാരണ മലയാളസിനിമയിലെ ഒളിത്താവളങ്ങളായ മുംബൈ, മംഗലാപുരം, തമിഴ്‌നാട് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ നിന്നും മാറ്റി നാഗ്പൂരിനെ തിരഞ്ഞെടുത്തതും, കുറ്റവാളിത്തവും നാഗ്പൂര്‍ എന്ന സ്ഥലവും കൂട്ടി യോജിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ഭാഗംതന്നെയാണ്. കാശിപോലുള്ള സ്ഥലങ്ങളില്‍ ഹിന്ദുആത്മീയതയുമായി ചേര്‍ത്ത്കൂട്ടിവെച്ചു മോക്ഷപ്രാപ്തി, വാനപ്രസ്ഥം എന്നിങ്ങനെയൊക്കെയുള്ള ധാരകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ബുദ്ധിസം എന്ന രാഷ്ട്രീയമണ്ഡലവുമായി ചേര്‍ന്ന്‌നില്‍ക്കുന്ന നാഗ്പൂരിനെ കുറ്റവാളിത്തത്തിനു ഒളിച്ചുതാമസിക്കേണ്ട കേന്ദ്രം ആക്കി ഈ സിനിമയില്‍ പ്രക്ഷേപിക്കുന്നതും മറ്റൊന്നുമല്ല, അപര രാഷ്ട്രീയധാരകളോടുള്ള പേടി തന്നെയാണ്.

___________
രൂപേഷ് കുമാര്‍
____________
നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍വെച്ചാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ രാഷ്ട്രീയസമരങ്ങളെ മുന്നോട്ടുവെച്ച പോരാളിയും ചിന്തകനുമായ ആയ ഡോ.അംബേദ്കര്‍ ഏകദേശം അഞ്ചുലക്ഷത്തോളം വരുന്ന ദലിത് സമൂഹവും ആയി ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത്. അംബേദ്കര്‍ തന്നെ നാഗ്പൂരിനെ ആര്യന്‍സംസ്‌കാരമല്ലാത്ത നാഗന്മാരുടെ നാട് എന്നും വിളിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ തന്നെ ഇന്ത്യയിലെ രാഷ്ട്രീയചരിത്രത്തില്‍, ജാതിക്കെതിരെയുള്ള പോരാട്ടത്തില്‍ നാഗ്പൂരിനു വളരെ വ്യക്തമായ സ്ഥാനവും ഉണ്ട്. ഇപ്പോഴും ‘നാഗലോക’ എന്നൊക്കെയുള്ള ബുദ്ധിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നാഗ്പൂരില്‍ നടക്കുന്നുണ്ട്. കേരളത്തില്‍നിന്നുമുള്ള ബുദ്ധിസ്റ്റു ജീവിതങ്ങളും പലരീതിയിലും നാഗ്പൂരിലെ ബുദ്ധിസ്റ്റു സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളസിനിമകളിലെ ജാതിയെക്കുറിച്ചുള്ള പഠനങ്ങളിലും വിമര്‍ശനങ്ങളിലെ ദളിത് ധാരകളിലും ബുദ്ധിസ്റ്റ് തിയറികളും അവ ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചകളും ഒക്കെ ശക്തിയായി വിക്ഷേപിയ്ക്കപ്പെട്ടിട്ടുണ്ട്. വിപ്ലവം എന്നാല്‍ കമ്മ്യൂണിസം എന്ന കേരളത്തിലെ അബദ്ധ ജടിലമായ തിയറിയെ അവഗണിച്ചുകൊണ്ട് ജാതിക്കെതിരെ പുതിയസംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ സഹായകവും ആയിട്ടുണ്ട്.
കേരളത്തിലെ ദളിത്-ബുദ്ധിസ്റ്റ്-ന്യൂനപക്ഷ-അപര ലൈംഗികതകളുടെ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ ഹിന്ദുയിസത്തിന്റെ മാഹാത്മ്യത്തെ ഉദ്‌ഘോഷിക്കുന്ന മലയാളസിനിമ മൂക്ക്കുത്തിയിട്ടുണ്ട്. ഇത് മറ്റാരേക്കാളും മനസ്സിലാക്കിയിട്ടുള്ളത് ഹിന്ദുജാതി സവര്‍ണതയില്‍ പൊതിഞ്ഞ മലയാള സിനിമയുടെ അധികാരഘടനയാണ്.
കേരളത്തില്‍ ജാതിക്കെതിരെ ഉണ്ടാകുന്ന/വളര്‍ന്നുവരുന്ന മറ്റെല്ല ധാരകള്‍ക്കും എതിരെയുള്ള പേടിയുടെ ഭാഗമായ ഒരു സാംസ്‌കാരിക ഉല്പന്നം മാത്രമാണ് അരുണ്‍ കുമാര്‍അരവിന്ദ് എന്ന സംവിധായകന്റെ, അവസാനത്തെ പ്രോഡക്റ്റ് ആയ ”വണ്‍ ബൈ ടൂ” എന്ന സ്‌ക്രീനില്‍ കളിച്ച നാടകം.
ഈ സിനിമയില്‍, കുറ്റവാളിയുടെ സ്ഥാനത്ത് നില്‍ക്കുന്ന ഡോക്ടര്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തി, ഒരു കൊലപാതകം നടത്താന്‍ നിയോഗിച്ച ഒരു ഡ്രൈവര്‍ കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ തെരഞ്ഞെടുക്കുന്നത് നാഗ്പൂരാണ്. ഇതു വളരെ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. സാധാരണ മലയാളസിനിമയിലെ ഒളിത്താവളങ്ങളായ മുംബൈ, മംഗലാപുരം, തമിഴ്‌നാട് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ നിന്നും മാറ്റി നാഗ്പൂരിനെ തിരഞ്ഞെടുത്തതും, കുറ്റവാളിത്തവും നാഗ്പൂര്‍ എന്ന സ്ഥലവും കൂട്ടി യോജിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ഭാഗംതന്നെയാണ്. കാശിപോലുള്ള സ്ഥലങ്ങളില്‍ ഹിന്ദുആത്മീയതയുമായി ചേര്‍ത്ത്കൂട്ടിവെച്ചു മോക്ഷപ്രാപ്തി, വാനപ്രസ്ഥം എന്നിങ്ങനെയൊക്കെയുള്ള ധാരകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ബുദ്ധിസം എന്ന രാഷ്ട്രീയമണ്ഡലവുമായി ചേര്‍ന്ന്‌നില്‍ക്കുന്ന നാഗ്പൂരിനെ കുറ്റവാളിത്തത്തിനു ഒളിച്ചുതാമസിക്കേണ്ട കേന്ദ്രം ആക്കി ഈ സിനിമയില്‍ പ്രക്ഷേപിക്കുന്നതും മറ്റൊന്നുമല്ല, അപര രാഷ്ട്രീയധാരകളോടുള്ള പേടി തന്നെയാണ്.
അതുകൊണ്ടുതന്നെയാണ് ഡോക്ടര്‍ ബാലകൃഷ്ണന്റെ വീട് കാണിക്കുമ്പോള്‍ സ്വര്‍ണ്ണനിറത്തിലുള്ളതും കറുപ്പ് നിറത്തിലുള്ളതുമായ ബുദ്ധവിഗ്രഹങ്ങളുടെ ക്ലോസപ്പു കാണിച്ചുകൊണ്ടിരിക്കുകയും, ഈ ബുദ്ധപ്രതിമകളുടെ ബാക്‌ഡ്രോപ്പില്‍ അയാളുടെ നിരന്തരമായ ക്രിമിനല്‍ മൈന്‍ഡ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. മരുന്ന് പരീക്ഷണമാഫിയ എന്നു ആരോപിക്കുന്ന വ്യക്തിയെ ഈ സിനിമ വേറിട്ടുതന്നെ പ്രതിഷ്ഠിച്ചു നശിപ്പിക്കുന്നതും ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അയാള്‍ കൊല്ലപ്പെടുന്നതും ബുദ്ധപ്രതിമകള്‍ ഉള്ള ഒരു റൂമിലെ ഒരു ചെറിയ വെള്ളം നിറഞ്ഞ പൂളിലാണ്. കൊല്ലുന്നതാകട്ടെ മുരളിഗോപി അവതരിപ്പിക്കുന്ന ഇരട്ടസഹോദരങ്ങളായ കഥാപാത്രങ്ങളില്‍ ഒന്നില്‍ ആവേശിക്കുന്ന രാമകൃഷ്ണ പിഷാരടിയെന്ന കഥകളി നടനാണ്.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം പരമബോര്‍ ആയിത്തുടങ്ങിയ ക്ലീഷേയാണ് കഥകളി. ഇതിലെ ‘നന്മാ’ സിനിമയിലെ മറ്റൊരു തമാശയാണ്. ‘പാവപ്പെട്ട കഥകളി ആശാന്‍’. ‘ദാരിദ്ര്യം നിറഞ്ഞ കഥകളി ആശാന്‍’ ‘സ്‌നേഹമുള്ള കഥകളി ആശാന്‍’, ‘കഥകളി എന്നത് ഔന്നിത്യമുള്ള കല’ എന്ന ഫിലോസഫി ഈ സിനിമയും മുന്നോട്ട് വെക്കുന്നുണ്ട്. കഥകളിയെ, അതിന്റെ ജാതീയമായ അടിസ്ഥാന രാഷ്ട്രീയത്തെ പാടെ മൂടിവെച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് ജയമോഹനും സംവിധായകനായ അരുണ്‍കുമാറും രാമകൃഷ്ണപിഷാരടി എന്ന കഥാപാത്രത്തെ പടച്ചുവിട്ടിരിക്കുന്നത.് കലാമണ്ഡലവും കഥകളിയും മുന്നോച്ചുവെക്കുന്ന ഹിന്ദു ജാതീയതയെ വിശകലനംചെയ്തുകൊണ്ടും എതിര്‍ത്തുകൊണ്ടും ഒരുപാട് ചര്‍ച്ചകള്‍ മുന്നോട്ടുവരുമ്പോളാണ് ചക്കിനുകെട്ടിയ കാളയെപ്പോലെ ഈ സിനിമയും ‘കഥകളി നന്മ’യില്‍ ചുറ്റിക്കറങ്ങുന്നത്.
കഥകളി രൂപത്തിലെ ഒരു ”കത്തി” (ഏതു അര്‍ത്ഥത്തിലും എടുക്കാം)വേഷമാണ് രവി എന്ന കഥാപാത്രം. ബാലകൃഷ്ണന്‍ എന്ന കഥപാത്രത്തിലേക്ക് മുരളിഗോപിആവേശിക്കുന്നത് മലയാള സിനിമയിലെതന്നെ ഏറ്റവും തമാശനിറഞ്ഞ സീനുകളില്‍ ഒന്നായി തന്നെ വേണമെങ്കില്‍ എടുക്കാം. ‘അന്യന’ും ‘നാഗവള്ളി’യും കഥകളിയും ചുവന്ന കണ്ണുകളും കൈവിടര്‍ത്തിയുള്ള നടത്തവും ഒക്കെ ചേര്‍ന്ന്‌കൊണ്ടുള്ള നല്ല ഒന്നാന്തരം നാടക പെര്‍ഫോര്‍മന്‍സ് ആണ് ഇദ്ദേഹം കാഴ്ചവെക്കുന്നത്. . ഫേസ്ബുക്കില്‍ ഇതിനെക്കുറിച്ച് ഉമ്മര്‍നസീഫ് അലി എന്ന സുഹൃത്ത് ഇങ്ങനെയാണ് എഴുതിയത്. ”അടുത്തവര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുരളിഗോപിക്ക് ഏറ്റവുംനല്ല കഥകളി നടനുള്ള അവാര്‍ഡ് നല്‍കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. കേരളത്തിലെ സാധാരണ പ്രേക്ഷകര്‍ക്ക് ഈ സിനിമാ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നു ഓണ്‍ലൈന്‍ അഭിപ്രായങ്ങളുണ്ട്. കേരളത്തിലെ സാധാരണ പ്രേക്ഷകരായ ഈ ലേഖകന്‍ അടക്കമുള്ളവര്‍ക്ക് ് ഈ സിനിമ ചലിക്കുന്ന രീതി മനസ്സിലാകില്ലെങ്കിലും ഈ സിനിമ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ രീതി മനസ്സിലാകും. ചെലപ്പോ അത് ബുദ്ധി കുറഞ്ഞതുകൊണ്ടായിരിക്കും”.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന മുസ്ലീം കഥാപാത്രം ആയ യാക്കൂബ് മരക്കാര്‍ എന്ന പോലീസ് ഓഫീസറെ ഈ സിനിമയിലും പുതിയ പരീക്ഷണങ്ങളിലൂടെയാണ് അപരവല്കരിച്ചു മാറ്റിനിര്‍ത്തിയത്. ഈ കഥാപാത്രം ഭ്രാന്ത്, മകനെ നഷ്ടപ്പെടല്‍, പിതാവിന്റെ ഭ്രാന്ത്, ഭ്രാന്ത് മൂലം യൂനാനി ചികിത്സ നടത്തുന്ന ഒരു ഇടം തന്നെ തീയിട്ടു നശിപ്പിക്കാന്‍ എന്ന തലങ്ങളിലൂടെ പ്രശ്‌നവല്‍ക്കരിച്ചിട്ടുമുണ്ട്. അതേസമയം രവി എന്ന വ്യക്തിയുടെ മാനസികമായ വിഭ്രാന്തിക്കും വയലന്‍സിനും അധികാരം, പണം, വംശം, മഹിമ എന്നിവയുടെയൊക്കെ സംരക്ഷണവും ഉണ്ട്. രവിയുടെ അച്ഛന്റെ ആശുപത്രിയും അതുമായി ബന്ധപ്പെട്ട ഗൂഡോലോചനയും മനസ്സിലായിട്ടും ഒന്നും ചെയ്യാനാകാതെ നിരന്തരം ഗതികെട്ടു ബൈക്ക് ഓടിക്കേണ്ടിവരുന്ന കഥാപാത്രമായി യാക്കൂബ് മരയ്ക്കാര്‍ മാറുന്നു. ഹൈന്ദവവല്‍ക്കരിച്ച സാംസ്‌കാരിക അധികാരത്തിനു ഇവിടെ എന്ത് പേക്കൂത്തും ചെയ്യാം എന്ന രീതിയിലുള്ള ഒരു ടെക്സ്റ്റിനെയാണ് ഈ സിനിമ രൂപവല്‍ക്കരിക്കുന്നത്.
അരുണ്‍കുമാര്‍ അരവിന്ദ് എന്ന ചലച്ചിത്രകാരന്റെ സിനിമകളില്‍ ”ന്യൂജനറേഷന്‍ ഹിന്ദു ജാതീയത” ഓപ്പറേറ്റ്‌ചെയ്യുന്നതിനെപ്പറ്റി ഒരുപാട് ചര്‍ച്ചകളും എഴുത്തുകളും ഉണ്ടായിട്ടുണ്ട്. അതില്‍നിന്നും വളര്‍ന്ന,് ബുദ്ധിസത്തെ വിവിധതരം സെമിയോടിക്‌സിലൂടെ അപരവല്‍ക്കരിക്കുക മാത്രമല്ല അപകടവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന ഏറ്റവും പുതിയ പരീക്ഷണം. പക്ഷെ ദോഷംപറയരുത്, ശ്യാമപ്രസാദ് എന്ന മഹാനായ പ്രാസംഗികനെ ഈ സിനിമ സംഭാവന ചെയ്തു. പണ്ട് നമ്മളെ ഏറ്റവും ബോറടിപ്പിച്ച, ജീവിതം വെറുത്ത പ്രൊഫസറുടെ ക്ലാസ്സിലേക്ക് തിരിച്ചുപോയി മാപ്പ്പറയാന്‍തോന്നും ശ്യാമപ്രസാദിന്റെ ഒക്കെ പ്രസംഗം കേട്ടാല്‍. പിന്നെ ശ്യാമപ്രസാദ്, മുരളി ഗോപി, മുരളി ഗോപിയുടെ അച്ഛനായി അഭിനയിച്ച മനുഷ്യന്റെയൊക്കെ അഭിനയം അതിഗംഭീരം. ഈ സിനിമയിലേത്‌പോലെയാണ് ഇനിയും അഭിനയിക്കുന്നതെങ്കില്‍ അവര്‍ തീര്‍ച്ചയായും തുടര്‍ന്നും അഭിനയിക്കണം. ആള്‍ക്കാരെ പേടിപ്പിക്കാന്‍.
പയ്യന്നൂര്‍ ശാന്തി ടാക്കീസില്‍ ഈ സിനിമ കണ്ട നേരത്ത്, മലയാള സിനിമയുടെ പുതിയ രീതി മനസ്സിലാകാത്ത ഒരു യുവാവ് പറഞ്ഞ കമന്റ് ഇതാണ്. ”എന്തൊരു വെറുപ്പിക്കലാപ്പ ഇത്…. ഇവരൊക്കെ വീട്ടിലും ഇങ്ങനെയാ?”

Top