മതേതര ലോകത്തിന്റെ വിശുദ്ധ ഹിംസകള്‍

ഈജിപ്തില്‍ ഇപ്പോഴുണ്ടായ വിധി സൗദി അറേബ്യയില്‍ നിന്നാണ് ഉണ്ടാവുക എങ്കില്‍ കേരളത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മതകോടതികള്‍ക്കെതിരെ സിനിമകളിറങ്ങുമായിരുന്നു. സമാന വിധി തന്നെ ഈജിപ്തിലെ മുര്‍സി ഭരണകാലയളവിലാണ് ഇറങ്ങിയിരുന്നതെങ്കില്‍ കേരളമെങ്ങനെ പ്രതികരിക്കും എന്നാലോചിച്ചു നോക്കൂ. അപ്പോള്‍ ആധുനിക ദേശരാഷ്ട്രങ്ങള്‍ നിര്‍വഹിക്കുന്ന കൊല, ശിക്ഷ എന്നതൊക്കെ തന്നെ ആധികാരികവും നിരപേക്ഷമായും നടപ്പാകുന്ന ഒന്നല്ല എന്നു തിരിച്ചറിയാന്‍ ഈ സംഭവങ്ങള്‍ കാരണമാകുന്നുണ്ട്. അതുപോലെ വയലന്‍സിനെ, നോണ്‍വയലന്‍സിനെ മുന്‍നിര്‍ത്തി അങ്ങനെയങ്ങ് തള്ളാനും സാധ്യമല്ല എന്നും കാണാന്‍ കഴിയുന്നുണ്ട്.

________________
മുഹമ്മദ് ഷാ എസ്
________________
മുസ്ലീംബ്രദര്‍ഹുഡിന്റെ 529 പ്രവര്‍ത്തകരെ തൂക്കിലേറ്റാനുള്ള സൈനിക ഏകാധിപത്യ കോടതിയുടെ ഉത്തരവിനെക്കുറിച്ചു പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും അറിയപ്പെടുന്ന ഇടതുപക്ഷചിന്തകനുമായ സമീര്‍അമീന്‍ എഴുതിയ ബ്‌ളോഗ്‌പോസ്റ്റ് ആരംഭിക്കുന്നത് ഈയിടെ നടന്ന വധശിക്ഷാവിധിയെ അപലപിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒത്ത ക്രിമിനലുകളാണ് എന്ന പ്രസ്താവത്തോടെയാണ്. വധശിക്ഷയ്ക്ക് ഹേതുവായ കോടതി വ്യവഹാരം അല്പംകൂടി പരസ്യമായി നടത്തിയല്‍ ബ്രദര്‍ഹുഡിന്റെ മുഖംമൂടി അഴിയുമായിരുന്നു എന്നാണ് സമീര്‍അമീന്‍ പറയുന്നത്.

ആധുനികലോകം കണ്ട ഏറ്റവും വലിയ വധശിക്ഷാവിധിയോട് ലോകം പുലര്‍ത്തിയ അങ്ങേയറ്റത്തെ നിശബ്ദത മതേതര ധാര്‍മികതയുടെ രാഷ്ട്രീയമുഖം വ്യക്തമാക്കുന്നു. കേരളത്തില്‍ സവിശേഷമായും പുലര്‍ത്തപ്പെട്ട നിശബ്ദതയെ നമുക്ക് മതേതരലോകത്തിന്റെ പ്രതികരണമായി കാണാമെന്ന് തോന്നുന്നു. സമാനവിധി ഏതെങ്കിലും മതകോടതിയില്‍ നിന്നാണ് വരുന്നതെങ്കില്‍ കേരളമെങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്പിച്ചുനോക്കുന്നത് നന്നാവും. മതേതര സമൂഹം പുലര്‍ത്തന്ന വിശുദ്ധമായ ഹിംസയായി നമുക്കിതിനെ കാണാമെന്ന് പ്രമുഖ ദലിത് ചിന്തകന്‍ കെ.കെ. ബാബുരാജ് നിരീക്ഷിക്കുന്നു. വധശിക്ഷാവിരുദ്ധ ശബ്ദങ്ങള്‍ ആധുനിക മനുഷ്യാവകാശ മണ്ഡലത്തിലെ പ്രധാന സാന്നിദ്ധ്യമാണ്. കേരളത്തിലും വധശിക്ഷാവിരുദ്ധ കൂട്ടായ്മകള്‍ രൂപപ്പെടുകയും ഒരു മനുഷ്യാവകാശപ്രമേയമായി അത് മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ആധുനികലോകത്തെ ഏറ്റവും വലിയ വധശിക്ഷാവിധി ഇന്നലെ ഈജിപ്തില്‍ പുറപ്പെടുവിപ്പിക്കപ്പെട്ടത്. 685 മനുഷ്യജീവനുകളെയാണ് തൂക്കിലേറ്റാന്‍ വിധിച്ചത്.

ഈ വിധിയും ജോസഫ്മാഷ്‌ടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും എങ്ങനെയാണ് രാഷ്ട്രീയമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത് എന്നത് മനസ്സിലാക്കിത്തരാന്‍ പോന്നവയാണ്. സ്റ്റേറ്റും വയലന്‍സുമായി ബന്ധപ്പെട്ടതും വയലന്‍സിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതുമായ ചില ചോദ്യങ്ങളാണ് ഇതിന്റെ പിന്നാമ്പുറത്തുള്ളത്. നിര്‍ഭാഗ്യവശാല്‍ വധശിക്ഷയെതന്നെ രാഷ്ട്രീയമായി കണ്ടിട്ടുള്ള വ്യവഹാങ്ങള്‍, വധത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടങ്ങിയവ അതിശക്തമായി ഇനിയും രൂപപ്പെട്ടുവന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

‘ഓണ്‍ സൂയിസൈഡ് ബോബിംഗ്’ എന്ന പുസ്തകത്തില്‍ തലാല്‍ അസദ് ഇത്തരം ചില ചോദ്യങ്ങളുന്നയിക്കുന്നത് കാണാം. സ്റ്റേറ്റ് എന്നത് സ്വയം തന്നെ ആളുകളെ വധിക്കാനുള്ള യുക്തിയായി നിലനില്‍ക്കുകയും അതിനെ സാധൂകരിക്കുന്ന അപരമായി അസംഘടിത വയലന്‍സ് മാറ്റപ്പെടുകയും ചെയ്യുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അങ്ങനെ നിയമപരമായ കൊല, നിയമപരമല്ലാത്തതും ഭീകരവാദപരവുമായ കൊല എന്നിങ്ങനെയുള്ള വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നു. കൊലയുടെ ഈ യുക്തി തന്നെ വധശിക്ഷാ പ്രതിഷേധങ്ങളിലും ഏറിയോ കുറഞ്ഞോ കാണാവുന്നതാണ്.

ഈജിപ്തില്‍ ഇപ്പോഴുണ്ടായ വിധി സൗദി അറേബ്യയില്‍ നിന്നാണ് ഉണ്ടാവുക എങ്കില്‍ കേരളത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മതകോടതികള്‍ക്കെതിരെ സിനിമകളിറങ്ങുമായിരുന്നു.

___________________________________
വധശിക്ഷാവിരുദ്ധ ശബ്ദങ്ങള്‍ ആധുനിക മനുഷ്യാവകാശ മണ്ഡലത്തിലെ പ്രധാന സാന്നിദ്ധ്യമാണ്. കേരളത്തിലും വധശിക്ഷാവിരുദ്ധ കൂട്ടായ്മകള്‍ രൂപപ്പെടുകയും ഒരു മനുഷ്യാവകാശപ്രമേയമായി അത് മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ആധുനികലോകത്തെ ഏറ്റവും വലിയ വധശിക്ഷാവിധി ഇന്നലെ ഈജിപ്തില്‍ പുറപ്പെടുവിപ്പിക്കപ്പെട്ടത്. 685 മനുഷ്യജീവനുകളെയാണ് തൂക്കിലേറ്റാന്‍ വിധിച്ചത്.
___________________________________

സമാന വിധി തന്നെ ഈജിപ്തിലെ മുര്‍സി ഭരണകാലയളവിലാണ് ഇറങ്ങിയിരുന്നതെങ്കില്‍ കേരളമെങ്ങനെ പ്രതികരിക്കും എന്നാലോചിച്ചു നോക്കൂ. അപ്പോള്‍ ആധുനിക ദേശരാഷ്ട്രങ്ങള്‍ നിര്‍വഹിക്കുന്ന കൊല, ശിക്ഷ എന്നതൊക്കെ തന്നെ ആധികാരികവും നിരപേക്ഷമായും നടപ്പാകുന്ന ഒന്നല്ല എന്നു തിരിച്ചറിയാന്‍ ഈ സംഭവങ്ങള്‍ കാരണമാകുന്നുണ്ട്. അതുപോലെ വയലന്‍സിനെ, നോണ്‍വയലന്‍സിനെ മുന്‍നിര്‍ത്തി അങ്ങനെയങ്ങ് തള്ളാനും സാധ്യമല്ല എന്നും കാണാന്‍ കഴിയുന്നുണ്ട്.

അതേസമയം പ്രസ്തുതവിധിയുടെ സാധുതയും അതിന്റെ രാഷ്ട്രീയവും എന്തുകൊണ്ടാവും കേരളം ചര്‍ച്ചചെയ്യാത്തത്. അത് മറ്റൊരുവിഷയമാണെങ്കിലും ഈജിപ്തിലെ പ്രശ്‌നം കേരളത്തില്‍ ചിലരുടെ മാത്രം പ്രശ്‌നമാകുന്നതിലൂടെ ആഗോളരാഷ്ട്രീയത്തെ ആധികാരികമായി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന കേരളത്തിന്റെ ‘ശാസ്ത്രസാഹിത്യ പരിഷ’കളുണ്ടാക്കിക്കൊടുത്തതെന്ന് പറയപ്പെടുന്ന പ്രബുദ്ധത എന്താണെന്ന് വ്യക്തം.

കൂടാതെ കേരളത്തിലെ തന്നെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം പ്രശ്‌നകരമാണെന്നതാണ് ഇതിന്റെ മറുവശം. അഥവാ സാമ്രാജ്യത്വ വിരുദ്ധത എന്ന വ്യവഹാരം തന്നെ കേരളത്തില്‍ നിലനില്‍ക്കുന്നത് പലപ്പോഴും ഇടതുസവര്‍ണബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സാമ്രാജ്യത്വ വിരുദ്ധമായ മുസ്ലീം കര്‍തൃത്വത്തെ അംഗീകരിക്കാനാവാത്ത മറ്റൊരു മുഖ്യധാരാസാമ്രാജ്യത്വ വിരുദ്ധത നമുക്കിവിടെ കാണാം. പലരും കരുതുന്ന പോലെ മത കര്‍തൃത്വങ്ങള്‍ക്കും ഇടതുപക്ഷങ്ങള്‍ക്കും എളുപ്പം ഐക്യപ്പെടാവുന്ന ഒരു ഫ്‌ളാറ്റ്‌ഫോമല്ല സാമ്രാജ്യത്വ വിരുദ്ധത എന്ന് നാളുകള്‍ കഴിയുന്തോറും വ്യക്തമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധത തന്നെ പകുത്തുമാറ്റപ്പെട്ടതും ജാതീയവും മുസ്ലീം വിരുദ്ധവുമായ ബോധ്യങ്ങള്‍ സൂക്ഷിക്കുന്നതാണ്. ഈജിപ്തും സിറിയയും അടക്കമുള്ള പ്രശ്‌നങ്ങള്‍ കേരത്തിലെ പ്രബുദ്ധന്മാര്‍ ചര്‍ച്ച ചെയ്യുന്ന രീതിയും രൂപവും മതി ഇത് മനസ്സിലാക്കാന്‍.

ഇതിന്റെ ഭാഗമായി ഖുതുബുദ്ധീന്‍ അന്‍സാരിക്കൊപ്പം അശോക്‌മോച്ചിയെ കേരളത്തിലേക്ക് കൊണ്ടുവരികയും അദ്ദേഹത്തിന്റെ ജാതീയമായ അപകര്‍ഷതയാവാമെന്ന് ഇന്റര്‍വ്യൂനടത്തി കണ്ടുപിടിക്കുകയും ചെയ്ത ദേശാഭിമാനിയും അശോക്‌മോച്ചിക്കും അന്‍സാരിക്കും പുറത്തുള്ള ജാതിയുടെ പൊസിഷനാണ് ഊന്നുന്നത് എന്ന് കാണാം. ഫാസിസ്റ്റുവിരുദ്ധതയും സാമ്രാജ്യത്വവിരുദ്ധതയും കേരളത്തെയാകെ ഒന്നപ്പിച്ചുകളയുന്നു എന്ന ഇടതുപക്ഷമിത്താണ് സ്വയംതന്നെ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാകുന്നത്.

685 പേരെ കൊല്ലണമെന്നായിരുന്നു ഇന്നലത്തെ വിധി. മുബാറക്ക് വിരുദ്ധ മുന്നണിയിലെ പ്രമുഖ സാന്നിധ്യമായിരുന്ന പത്രമായിരുന്നു ഈജിപ്തിലെ അല്‍ ദസ്തൂര്‍. പ്രസ്തുത പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഇബ്രാഹിം ഈസ മുബാറക്ക് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2009 ല്‍ അറസ്റ്റു ചെയ്യപ്പെടുകയും പത്രം തന്നെ ഒരു ഘട്ടത്തില്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടതുമാണ്. ആ പത്രം ഇന്നലത്തെ വധശിക്ഷാ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു. ഈ വിധിയോടെ ജഡ്ജി അദ്ദേഹത്തിന്റെ ധൈര്യം തെളിയിച്ചു. ദൈവത്തെയല്ലാതെ മറ്റാരെയും പേടിക്കാത്ത വിധിയായിരുന്നു അത് എന്നാണ് പത്രം വിശേഷിപ്പിക്കുന്നത്. ഈജിപ്തിലെ സ്വതന്ത്ര്യചിന്തയെ ജ്വലിപ്പിക്കുന്നു എന്നവകാശപ്പെടുകയും ബുദ്ധിജീവിപത്രമായി അറിയപ്പെടുന്ന അല്‍ മസ്‌റി അല്‍യൊം ജഡ്ജിയെ വിശേഷിപ്പിച്ചത് ബ്രദര്‍ഹുഡിന്റെ ഘാതകന്‍ എന്നാണ്.

_______________________________
685 പേരെ കൊല്ലണമെന്നായിരുന്നു ഇന്നലത്തെ വിധി. മുബാറക്ക് വിരുദ്ധ മുന്നണിയിലെ പ്രമുഖ സാന്നിധ്യമായിരുന്ന പത്രമായിരുന്നു ഈജിപ്തിലെ അല്‍ ദസ്തൂര്‍. പ്രസ്തുത പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഇബ്രാഹിം ഈസ മുബാറക്ക് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2009 ല്‍ അറസ്റ്റു ചെയ്യപ്പെടുകയും പത്രം തന്നെ ഒരു ഘട്ടത്തില്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടതുമാണ്. ആ പത്രം ഇന്നലത്തെ വധശിക്ഷാ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു. ഈ വിധിയോടെ ജഡ്ജി അദ്ദേഹത്തിന്റെ ധൈര്യം തെളിയിച്ചു. ദൈവത്തെയല്ലാതെ മറ്റാരെയും പേടിക്കാത്ത വിധിയായിരുന്നു അത് എന്നാണ് പത്രം വിശേഷിപ്പിക്കുന്നത്.
_______________________________

മിഡില്‍ഈസ്റ്റിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഡയറക്ടറുമായ സാറാലെവിറ്റ്‌സണിന്റെ അഭിപ്രായത്തില്‍ ട്രയല്‍ നടന്നത് കാര്യക്ഷമമായല്ല. നീതിപൂര്‍വ്വകമായ ട്രയലിന്റെ അഭാവമാണ് ഇത്തരമൊരു വിധിക്കു കാരണം. യു.എന്നുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അവസാനമായി വന്ന വാര്‍ത്ത ഈജിപ്ത് ഇനിയെന്തു ചെയ്യുമെന്ന് തങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു എന്നാണ്.

അപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് ഇനിയെന്തു നടക്കുമെന്നാണ്. ട്രയലിന്റെ അന്യായത്തെക്കുറിച്ച് സംസാരിക്കുന്നവരും ഇടതുപക്ഷ ഏകാധിപത്യവുമായി എന്താണ് ബന്ധക്കേടെന്നാണ് നമുക്ക് നോക്കാനുള്ളത്. അല്പംകൂടി പരസ്യമായി നടത്തിയാല്‍ ഇത്രയും മികച്ചൊരു വിധിക്ക് അല്പംകൂടി അന്താരാഷ്ട്ര പിന്തുണയും സാധുതയും ഉറപ്പാക്കാമായിരുന്നു എന്ന സമീര്‍ അമീന്റെ പ്രസ്താവവും ട്രയല്‍ ന്യായയുക്തമാകേണ്ടതുണ്ടായിരുന്നു എന്നു പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും യഥാര്‍ത്ഥത്തില്‍ ട്രയലിന്റെ അടിസ്ഥാന സാധുതയെക്കുറിച്ചൊന്നും മിണ്ടുന്നില്ല എന്ന വസ്തുതതയാണ് നമുക്ക് പരിഗണിക്കാനുള്ളത്. ട്രയലിന്റെ രാഷ്ട്രീയം വിശകലനം ചെയ്യാന്‍ സകല മാധ്യമവിദ്ഗധരും മനുഷ്യാവകാശത്തിന്റെ പ്രവാചകരും വിസമ്മതിക്കുകയും സവിശേഷമായ കുറ്റവിചാരണയിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി മനോഹരമാക്കാനുപദേശിക്കുകയും ചെയ്യുന്നു. മേയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ എളുപ്പത്തില്‍ സീസി ജയിച്ചു കയറുമെന്നുമാണ് ഇപ്പോഴത്തെ നില.

ടി.പി. വധം കേരളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട വധമായിരുന്നു. ഫസല്‍ വധത്തിനോ ക്രൂരമായ ഷുക്കൂര്‍ വധത്തിനോ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളെ ഹിംസാത്മകവും ജനാധിപത്യ വിരുദ്ധവുമായ പാര്‍ട്ടികളാക്കാനായില്ല. എന്നാല്‍ പ്രവാചക നിന്ദയുടെ പേരില്‍ കൈവെട്ടി മാറ്റപ്പെട്ട ജോസഫ് മാഷിനുവേണ്ടി കേരളമൊന്നടങ്കം മുസ്ലിം മതമൗലികവാദികളെ വേട്ടയാടിയത് ചരിത്രം. അതേ സമയം മതമൗലികവാദികള്‍ തന്നെയായ ജമാഅത്തുകാര്‍ ജോസഫ് മാഷിന് രക്തം നല്‍കിയതൊന്നും കേരളമോര്‍ത്തില്ലെന്നു മാത്രമല്ല, മതമൗലികവാദമെന്നത് ഏകമുനമാത്രമുള്ളൊരു കത്തിയാണെന്ന് തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ മുസ്ലം പ്രതികരണങ്ങള്‍ തന്നെ സംഘടനാപരമായി വിഭജിക്കപ്പെട്ടതുകൊണ്ട് ഇതിലഭിപ്രായം പറയാന്‍ ആരും തയാറാവുന്നു പോലുമില്ല എന്നതാണ് ഭയാനകം. ഈജിപ്തിലെ മഖ്ബറയെക്കുറിച്ചും നേര്‍ച്ചകളെക്കുറിച്ചും ലേഖനമെഴുതുന്നവരും ഈ വിഷയത്തില്‍ മനുഷ്യാവകാശ പരിഗണനപോലും പ്രകടിപ്പിക്കുന്നില്ല എന്നു വരുന്നത് കേരളത്തില്‍ തന്നെ ആഴത്തില്‍ വേരോടിയ സവര്‍ണ മുസ്ലിം വിരുദ്ധതയുടെ ആഴവും സ്വാധീനവുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

Top