ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെമുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential knowledge) ”ബ്രാഹ്മനിക്”മുഖവുര ആവശ്യമാണെന്നുള്ള ഇന്ത്യന്‍ പൊതുമനസ്സിന്റെ ജാതിബോധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജാതിനിര്‍മ്മൂലനം എന്നത് ഒരു സിദ്ധാന്തം അഥവാ പ്രയോഗം എന്ന നിലയില്‍ വ്യാഖ്യാനിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ വിലയിരുത്തുന്നതോടൊപ്പം തങ്ങളുടെ ജാതീയമൂലധനത്തെ (caste capital) തിരിച്ചറിയുകയും സാമൂഹിക വിപ്ലവത്തിനു പ്രതിബന്ധമായി അംബേദ്കര്‍ നിരീക്ഷിച്ച ഈ വ്യവസ്ഥിതിയോട് കലഹിക്കുന്നവരും ആകണം. എന്നാല്‍ അരുന്ധതി റോയിയുടെ ‘ഡോക്ടര്‍ ആന്റ് സെയ്ന്റ്’ വായിക്കുമ്പോള്‍ വ്യത്യസ്തമായി ചില ചോദ്യങ്ങളാണ് മനസിലേക്കെത്തുന്നത്. ഒന്നാമതായി, ഈ ആമുഖം ജാതിനിര്‍മ്മൂലനം എന്ന കൃതിക്കുള്ളതോ അതോ ഡോ. അംബേദകറെ ഗാന്ധിയുമായി നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങുന്ന ഈ ആമുഖത്തിന്റെ പരിഷ്‌കരണരാഷ്ട്രീയവും സന്ദര്‍ഭോചിതമായ പ്രചരണലക്ഷ്യവുമെന്താണ്? ഏറ്റവും പ്രധാനമായ മറ്റൊരുസംശയം, എഴുത്തുകാരിയെയും പ്രസാധകരെയും ജാതിനിര്‍മൂലനത്തിനു ഇത്തരമൊരു മുഖവരു ആവശ്യമാണ് എന്ന് ചിന്തിപ്പിച്ചതിന്റെ സാംഗത്യം എന്തായിരിക്കും എന്നതാണ്.

___________
പ്രവീണ താളി
____________
ബാബാ സാഹേബ് അംബേദ്ക്കറുടെ ‘ജാതിനിര്‍മ്മൂലനം’ (Annihilation of Caste) എന്നകൃതിക്ക് ബൂക്കര്‍പ്രൈസ് ജേതാവും, സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് എഴുതിയ ആമുഖത്തെക്കുറിച്ചും ഇതു പ്രസിദ്ധീകരിച്ച ‘നവയാന’ പ്രസാധകരെപ്പറ്റിയും ഇന്ത്യയില്‍ പലവിധത്തിലുള്ള ചര്‍ച്ചകളും, വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു Round Table India എന്ന വെബ്‌പോര്‍ട്ടലില്‍ ഏകദേശം ഒരു ഡസനോളം ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ ഈ ഇടപെടലുകള്‍ എല്ലാംതന്നെ അരുന്ധതിറോയ് എന്ന വ്യക്തി ‘ജാതിനിര്‍മ്മൂലനം’ എന്ന കൃതിക്ക് ആമുഖം എഴുതിയതാണ് ‘മുഖ്യപ്രശ്‌നം’ എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്. മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍, അംബേദ്കര്‍ കൃതികളെക്കുറിച്ചും പൊതുവിലും ദളിത് എഴുത്തുകളെ സംബന്ധിച്ച് പ്രത്യേകിച്ചും ആര്‍ക്കൊക്കെ സംസാരിക്കാം/സംസാരിച്ചുകൂടാ എന്ന നിലയില്‍ സവര്‍ണലിബറല്‍ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ചര്‍ച്ചകളോടൊപ്പം, ആരാണ് രാഷ്ട്രീയവബോധമുള്ള ദളിതര്‍; അല്ലെങ്കില്‍ അവര്‍ ഇത്തരം വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കേണ്ടതുണ്ടോ (ആനന്ദ് തെല്‍തുംതെയുടെ വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുക) എന്നുള്ള രീതിയില്‍ ദലിത്പക്ഷത്തുനിന്നും ഉയരുന്ന ചേദ്യങ്ങളും ഈ സംവാദത്തിന്റെ ഗൗരവത്തെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.
ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെ മുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential knowledge) ”ബ്രാഹ്മനിക്”മുഖവുര ആവശ്യമാണെന്നുള്ള ഇന്ത്യന്‍ പൊതുമനസ്സിന്റെ ജാതിബോധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജാതിനിര്‍മ്മൂലനം എന്നത് ഒരു സിദ്ധാന്തം അഥവാ പ്രയോഗം എന്ന നിലയില്‍ വ്യാഖ്യാനിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ വിലയിരുത്തുന്നതോടൊപ്പം തങ്ങളുടെ ജാതീയമൂലധനത്തെ (caste capital) തിരിച്ചറിയുകയും സാമൂഹിക വിപ്ലവത്തിനു പ്രതിബന്ധമായി അംബേദ്കര്‍ നിരീക്ഷിച്ച ഈ വ്യവസ്ഥിതിയോട് കലഹിക്കുന്നവരും ആകണം. എന്നാല്‍ അരുന്ധതി റോയിയുടെ ‘ഡോക്ടര്‍ ആന്റ് സെയ്ന്റ്’ വായിക്കുമ്പോള്‍ വ്യത്യസ്തമായി ചില ചോദ്യങ്ങളാണ് മനസിലേക്കെത്തുന്നത്. ഒന്നാമതായി, ഈ ആമുഖം ജാതിനിര്‍മ്മൂലനം എന്ന കൃതിക്കുള്ളതോ അതോ ഡോ. അംബേദകറെ ഗാന്ധിയുമായി നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങുന്ന ഈ ആമുഖത്തിന്റെ പരിഷ്‌കരണരാഷ്ട്രീയവും സന്ദര്‍ഭോചിതമായ പ്രചരണലക്ഷ്യവുമെന്താണ്? ഏറ്റവും പ്രധാനമായ മറ്റൊരുസംശയം, എഴുത്തുകാരിയെയും പ്രസാധകരെയും ജാതിനിര്‍മൂലനത്തിനു ഇത്തരമൊരു മുഖവരു ആവശ്യമാണ് എന്ന് ചിന്തിപ്പിച്ചതിന്റെ സാംഗത്യം എന്തായിരിക്കും എന്നതാണ്.
അംബേദ്കര്‍ക്കും ജാതിനിര്‍മ്മൂലനത്തിനും പ്രത്യേകമായ ഒരാമുഖം ആവശ്യമില്ലാത്ത സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍, അരുന്ധതിയെപ്പോലുള്ളവര്‍ ദളിത് ജ്ഞാനമേഖലയില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ ദളിത് പക്ഷത്തുനിന്നും സംശയദൃഷ്ടിയോടുകൂടി വീക്ഷിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ഇതു രണ്ടുവിധത്തില്‍ നോക്കിക്കാണാന്‍ കഴിയും, ഒന്ന് ഒരു സ്ത്രീ ആമുഖം എഴുതി, രണ്ടു ലോകപ്രശസ്തയായ ഒരെഴുത്തുകാരി ഇതിലിടപെട്ടു. എന്നിരുന്നാലും ഈ പുസ്തകം ആത്യന്തികമായി ജാതിയെക്കുറിച്ചും, അതിന്റെ നിര്‍മ്മൂലനത്തെപ്പറ്റിയും ആയതുകൊണ്ടുതന്നെ, അതിനു ആമുഖം എഴുതിയ ആളുടേയും അതിന്റെ പ്രസാധകരുടേയും സാമൂഹ്യപശ്ചാത്തലത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ കഴിയില്ല. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ അംബേദ്കര്‍ കൃതികള്‍ക്ക് സഹാനുഭൂതിയോടുകൂടിയ ഒരാമുഖം വേണമെന്ന് ചിലരെക്കൊണ്ട് ചിന്തിപ്പിക്കുന്ന വംശീയബോധം തീര്‍ച്ചയായും ബോധപൂര്‍വ്വമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. കാരണം ദളിതര്‍ പലരീതിയിലുള്ള പ്രതിനിധാനങ്ങളിലൂടെ (സമരങ്ങള്‍, എഴുത്ത്, കള്‍ച്ചറല്‍ ആക്ടിവിസം തുടങ്ങിയ) അംബേദ്കര്‍ ദര്‍ശനങ്ങളെ തങ്ങളുടെ സ്വാഭാമാന പോരാട്ടത്തിന്റെ കേന്ദ്രമാകുന്ന ഈ സാഹചര്യത്തില്‍, അത്തരം ആശയങ്ങളെ പിന്തള്ളി ഗാന്ധിയുമായി ഒരു താരതമ്യപഠനം മാത്രം നടത്തുന്നത് ഒട്ടും ധാര്‍മ്മികമാണെന്നുതോന്നുന്നില്ല.

______________________________
അംബേദ്കര്‍ക്കും ജാതിനിര്‍മ്മൂലനത്തിനും പ്രത്യേകമായ ഒരാമുഖം ആവശ്യമില്ലാത്ത സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍, അരുന്ധതിയെപ്പോലുള്ളവര്‍ ദളിത് ജ്ഞാനമേഖലയില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ ദളിത് പക്ഷത്തുനിന്നും സംശയദൃഷ്ടിയോടുകൂടി വീക്ഷിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ഇതു രണ്ടുവിധത്തില്‍ നോക്കിക്കാണാന്‍ കഴിയും, ഒന്ന് ഒരു സ്ത്രീ ആമുഖം എഴുതി, രണ്ടു ലോകപ്രശസ്തയായ ഒരെഴുത്തുകാരി ഇതിലിടപെട്ടു. എന്നിരുന്നാലും ഈ പുസ്തകം ആത്യന്തികമായി ജാതിയെക്കുറിച്ചും, അതിന്റെ നിര്‍മ്മൂലനത്തെപ്പറ്റിയും ആയതുകൊണ്ടുതന്നെ, അതിനു ആമുഖം എഴുതിയ ആളുടേയും അതിന്റെ പ്രസാധകരുടേയും സാമൂഹ്യപശ്ചാത്തലത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ കഴിയില്ല. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ അംബേദ്കര്‍ കൃതികള്‍ക്ക് സഹാനുഭൂതിയോടുകൂടിയ ഒരാമുഖം വേണമെന്ന് ചിലരെക്കൊണ്ട് ചിന്തിപ്പിക്കുന്ന വംശീയബോധം തീര്‍ച്ചയായും ബോധപൂര്‍വ്വമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്.  
______________________________

ജാതിവ്യവസ്ഥ നിലനില്കുന്നിടത്തോളം കാലം പ്രസക്തിയുള്ള ഒരു പുസ്തകത്തിനു ഇത്തരമൊരു ആമുഖം ആവശ്യമാണോ എന്നത് പുനഃപരിശോധിക്കേണ്ടിവരും. എന്തുകൊണ്ടെന്നാല്‍ ഹിന്ദു സവര്‍ണ പരിഷ്‌കരണവാദികളുടെ പ്രസ്ഥാനമായ ജാഠ്-പത്-തൊഡക് മണ്ഡലിന്റെ നയങ്ങളോട് അംബേദ്കര്‍ സന്ധിചെയ്തിരുന്നുവെങ്കില്‍ ജാതി നിര്‍മ്മൂലനം എന്ന ഗ്രന്ഥത്തിന്റെ ചരിത്രം മറ്റൊന്നായി പോകുമായിരുന്നു. തന്റെ എഴുത്തിനുമേല്‍ പരിഷ്‌കരണവാദികള്‍ നിരന്തരം നടത്താന്‍ ശ്രമിച്ച ഇടപെടലുകള്‍ക്കെതിരെ ശക്തമായ തീരുമാനം എടുത്തതുകൊണ്ടാണ് തന്നെ അധ്യക്ഷനായി ക്ഷണിച്ച സമ്മേളനം തന്നെ റദ്ദു ചെയ്യാന്‍ അദ്ദേഹം മണ്ഡലിനോട് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ അംബേദ്കറുടെ നിര്‍ഭയമായ തീരുമാനങ്ങള്‍ എഴുത്തിയേഴ് വര്‍ഷങ്ങള്‍ക്ക് അപ്പുറവും ദീന സ്വരത്തിലായിരുന്നില്ല എന്നത് വ്യക്തമാണ്. എന്നാല്‍ അരുന്ധതി റോയിയുടെ ആമുഖം നമ്മെ കാട്ടിത്തരുന്നത് ദീനാനുകമ്പ ആവശ്യമുള്ള അംബേദ്കറെയാണ്. ചരിത്രം നീതികേടുകാട്ടി എന്നുപറഞ്ഞുകൊണ്ട് അദ്ദേഹത്തിനുവേണ്ടി വാദിക്കുന്ന അവര്‍ മുകളില്‍ പറഞ്ഞ ധീരശ്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നത് തികച്ചും അപലപനീയം ആണെന്ന് പറയേണ്ടി വരും. ജാതിനിര്‍മ്മൂലനം എന്ന പ്രസംഗം ലഹോറില്‍ അച്ചടിക്കാം എന്ന് നിര്‍ബന്ധം പിടിച്ച മണ്ഡലിന്റെ ആവശ്യം നിരാകരിച്ച അംബേദ്കര്‍ ഇതു കേവലം അച്ചടിയുടെ പ്രശ്‌നം മാത്രമായല്ല കണ്ടത്. മറിച്ച്, ഈ ടെക്സ്റ്റിന്റെ ഉള്ളടക്കം എന്താണെന്നറിയാനുള്ള അവരുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നു തിരിച്ചറിയുകയും താനെഴുതിയ ആമുഖത്തില്‍ത്തന്നെ അത് പരാമര്‍ശിക്കുകയും ചെയ്തു. ഇത്തരത്തില്‍ തുടക്കം മുതല്‍ ജാതിനിര്‍മ്മൂലനം എന്ന കൃതിയുടെമേല്‍ പ്രത്യക്ഷവും പരോക്ഷവുമായ കൈകടത്തലുകള്‍ പരിഷ്‌കരണവാദികള്‍ നടത്താന്‍ ശ്രമിച്ചതായി കാണാം. അതുകൊണ്ടുതന്നെയാണ് ഈ ആമുഖത്തിന്റെ ഉദ്ദേശത്തെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടിവരുന്നത്. ജാതിനിര്‍മ്മൂലനം അടിസ്ഥാനപരമായി ജാതിവ്യവസ്ഥയേയും അതിന്റെ മതസങ്കല്പങ്ങളിലൂന്നിയ മൂല്യവ്യവസ്ഥിതിയേയും ചോദ്യം ചെയ്യുന്നതുകൊണ്ടുതന്നെ സവര്‍ണ പരിഷ്‌കര്‍ത്താക്കള്‍ നടത്തിയ ശ്രമങ്ങള്‍ അവരുടെ കുടുംബ പരിഷ്‌കരണത്തെ ചുറ്റിപറ്റിയുള്ളതാണെന്നും ജാതിവ്യവസ്ഥയെ തകര്‍ക്കാനുള്ള സാമൂഹ്യപരിഷ്‌കരണവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും, തന്മൂലം അവ പരാജയങ്ങളാണെന്നു ജാതിനിര്‍മ്മൂലനത്തില്‍തന്നെ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട് (ജാതിനിര്‍മ്മൂലനം പേജ്. 48). ചുരുക്കത്തില്‍, ദളിത് ജ്ഞാനവ്യവഹാരങ്ങള്‍ക്കുള്ളില്‍ ചിലര്‍ നടത്തുന്ന പരിഷ്‌കരണശ്രമങ്ങളും കൈകടത്തലുകളും അംബേദ്കര്‍ ഫിലോസഫിയെ അടിസ്ഥാനപ്പെടുത്തി വായിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്ത്യയില്‍ അംബേദ്കര്‍ കൃതികള്‍ക്ക് മാത്രമല്ല ദളിത് മേഖലയില്‍നിന്നും രൂപപ്പെടുന്ന എഴുത്തുകള്‍ക്കെല്ലാം തന്നെ ഒരു മുഖവുര/ഫ്രെയിംവര്‍ക്ക്/ഫ്ലേവര്‍ വേണമെന്ന് ശഠിക്കുന്ന പ്രസാധകരുടെ ജാതിയുക്തിയും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. കാരണം ബ്രാഹ്മിനിക് ആശിര്‍വാദത്തോടുകൂടി പുറത്തിറങ്ങുന്ന എഴുത്തുകള്‍ മാത്രമേ ആധികാരിക (definitive) അറിവെന്ന നിലയില്‍ പരിഗണിക്കപ്പെടുകയുള്ളൂ എന്നത് വ്യക്തമാക്കുന്നത്. അറിവധികാരം ഇപ്പോഴും ജാതികേന്ദ്രീകൃതമാണെന്നാണ്. ഇന്ത്യയില്‍ ബുദ്ധിജീവികള്‍ എന്നത് ബ്രാഹ്മണരുടെ മറ്റൊരു പേരാണ് എന്ന് പ്രസ്തുത കൃതിയില്‍ അംബേദ്കര്‍ നിരീക്ഷിച്ചിരിക്കുന്നത് ഇവിടെ ചേര്‍ത്തുവായിക്കണം. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ഇന്റര്‍സെക്ഷന്‍സ് ഓഫ് ജെന്‍ഡര്‍ ആന്റ് കാസ്റ്റ് (Intersections of Gender and Caste) പതിപ്പില്‍ ദളിത് സ്ത്രീകളുടെ ലേഖനങ്ങള്‍ക്കുമേല്‍ ഒരുകൂട്ടം സവര്‍ണ ഫെമിനിസ്റ്റുകള്‍ ആമുഖം എഴുതിയതിന്റെ രാഷ്ട്രീയവും ഈ വരേണ്യ ആധികാരികതയുടെ രാഷ്ട്രീയവും ഒന്നുതന്നെയാണ്.
‘നവയാന’ പബ്ലിക്കേഷന്റെ തുടക്കത്തില്‍ അതിന്റെ രാഷ്ട്രീയവും നയവും വ്യക്തമാക്കുന്നതിന് വേണ്ടി പ്രസിദ്ധീകരിച്ച ടച്ചബിള്‍ ടെയില്‍സ് എന്ന പുസ്തകത്തില്‍, അതിന്റെ അന്നത്തെ കോ-പബ്ലിഷറും പ്രമുഖ വിമര്‍ശകനും ആയ രവികുമാര്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആമുഖ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം, ആര് ആരെയാണ് പ്രതിനിധീകരിക്കേണ്ടത് എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. സാഹിത്യഅക്കാദമിയുടെ ജേര്‍ണലായ ഇന്ത്യന്‍ ലിറ്ററേച്ചര്‍ 1999 ല്‍ തമിഴ് ദളിത് എഴുത്തുകളുടെ സ്‌പെഷ്യല്‍ വാല്യം ഇറക്കിയപ്പോള്‍ അതിനു ആമുഖം എഴുതിയത് തമിഴ് സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത, ദല്‍ഹിയില്‍നിന്നുള്ള ഹാര്‍ഡ്-കോര്‍ ബ്രാഹ്മണിസ്‌ററായ വെങ്കട്ട് സ്വാമിനാഥന്‍ ആയിരുന്നു. മാത്രമല്ല തമിഴ് ദളിത് എഴുത്തുകളുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുന്ന ആളുകള്‍ ഇത്തരം ആമുഖങ്ങള്‍ ആധികാരികമാണെന്നു ധരിക്കുകയും ചെയ്യുമെന്നു രവികുമാര്‍ വിലയിരുത്തുന്നു (Touchable Tales p.9) ഇത്തരത്തില്‍ ആമുഖങ്ങളുടെ ആധികാരികതയെ വിമര്‍ശനപരമായി വിലയിരുത്തുമെന്നു പ്രഖ്യാപിച്ച നവയാന ഇപ്പോള്‍ എന്തുകൊണ്ടാണ് ബ്രഹ്മോ-സിറിയന്‍ ക്രിസ്ത്യന്‍ എന്ന ഐഡന്റിറ്റി ഉറക്കെ പറയുന്ന അരുന്ധതിറോയിയെക്കൊണ്ട് ജാതിനിര്‍മ്മൂലനം പോലെ മൂല്യവത്തായ ഒരു ഗ്രന്ഥത്തിന് ആമുഖം എഴുതിക്കുന്നതെന്നു വായനക്കാരോടും ദളിത് സമൂഹത്തോടും വ്യക്തമാക്കേണ്ടതില്ലേ?

_______________________________
ഇന്ത്യയില്‍ അംബേദ്കര്‍ കൃതികള്‍ക്ക് മാത്രമല്ല ദളിത് മേഖലയില്‍നിന്നും രൂപപ്പെടുന്ന എഴുത്തുകള്‍ക്കെല്ലാം തന്നെ ഒരു മുഖവുര/ഫ്രെയിംവര്‍ക്ക്/ഫ്‌ളോര്‍ വേണമെന്ന് ശഠിക്കുന്ന പ്രസാധകരുടെ ജാതിയുക്തിയും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. കാരണം ബ്രാഹ്മിനിക് ആശിര്‍വാദത്തോടുകൂടി പുറത്തിറങ്ങുന്ന എഴുത്തുകള്‍ മാത്രമേ ആധികാരിക (definitive) അറിവെന്ന നിലയില്‍ പരിഗണിക്കപ്പെടുകയുള്ളൂ എന്നത് വ്യക്തമാക്കുന്നത്. അറിവധികാരം ഇപ്പോഴും ജാതികേന്ദ്രീകൃതമാണെന്നാണ്. ഇന്ത്യയില്‍ ബുദ്ധിജീവികള്‍ എന്നത് ബ്രാഹ്മണരുടെ മറ്റൊരു പേരാണ് എന്ന് പ്രസ്തുത കൃതിയില്‍ അംബേദ്കര്‍ നിരീക്ഷിച്ചിരിക്കുന്നത് ഇവിടെ ചേര്‍ത്തുവായിക്കണം. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ഇന്റര്‍സെക്ഷന്‍സ് ഓഫ് ജെന്‍ഡര്‍ ആന്റ് കാസ്റ്റ് (Intersections of Gender and Caste) പതിപ്പില്‍ ദളിത് സ്ത്രീകളുടെ ലേഖനങ്ങള്‍ക്കുമേല്‍ ഒരുകൂട്ടം സവര്‍ണ ഫെമിനിസ്റ്റുകള്‍ ആമുഖം എഴുതിയതിന്റെ രാഷ്ട്രീയവും ഈ വരേണ്യ ആധികാരികതയുടെ രാഷ്ട്രീയവും ഒന്നുതന്നെയാണ്. 
_______________________________

ദളിതര്‍ തങ്ങളുടെ കര്‍തൃത്വത്തെ സംബന്ധിച്ച് വ്യത്യസ്ത രീതികളിലുള്ള ആവിഷ്‌കാരങ്ങള്‍ക്ക് പ്രാപ്തരാണെങ്കിലും അരുന്ധതി റോയിയെ പോലെയുള്ളവരുടെ ‘മിശിഹാബോധം’ ഒരു തരത്തിലുള്ള സംരക്ഷക റോള്‍ ദളിതര്‍ക്ക് മേലും, ഒരു പടികൂടി കടന്നു ജാതിനിര്‍മ്മൂലനത്തിനുമേലും ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം. തീര്‍ച്ചയായും അംബേദ്കറെ പരിചയമില്ലാത്ത, വ്യത്യസ്തമായ രീതിയില്‍ പരിശീലിപ്പിക്കപ്പെട്ട (differently schooled Indians)െ ഇന്ത്യന്‍ ഭൂരിപക്ഷത്തിന് ബോധം ജനിപ്പിക്കുന്നതായിരിക്കണം ഇപ്പോഴും സൂക്ഷിക്കുന്ന അവരുടെ ജാതിശീലം തന്നെ ജാതിനിര്‍മ്മൂലനത്തിന്റെ അടിസ്ഥാന ആശയങ്ങളോട് തികഞ്ഞ വൈരുദ്ധ്യം പുലര്‍ത്തുന്നു. എഴുത്തുകാരിയുടെ ‘സംരക്ഷക ബോധവും’ പ്രസാധകന്റെ വില്പന രാഷ്ട്രീയവും ഒത്തുചേര്ന്നു നടത്തുന്നത്, ജാതിനിര്മ്മൂ ലനം എന്ന പുസ്തകത്തിന്റെ സ്വാംശീകരണം മാത്രമല്ല. ഈ കാലഘട്ടത്തില്‍ അംബേദ്കര്‍ കൃതികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യംകൂടി ഞങ്ങള്‍ ഏറ്റെടുക്കുന്നു എന്ന കച്ചവടകണ്ണുള്ള പ്രചരണംകൂടിയാണത്. ഇക്കാലമത്രയും അംബേദ്കര്‍ കൃതികളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങള്‍ നടത്തിയ മഹത്തായ ശ്രമങ്ങളെ നിരാകരിക്കുകയാണ് ഇവര്‍ ഇതിലൂടെ ചെയ്യുന്നത്. എന്തൊക്കെയാണെങ്കിലും ജാതിനിര്‍മ്മൂലനത്തിനുമേല്‍ നടക്കുന്ന എല്ലാതരം സവര്‍ണ രക്ഷകര്‍തൃത്വശ്രമങ്ങളും അധീശത്വ സ്വഭാവമുള്ളവയാണെന്ന് തന്നെ പറയേണ്ടിവരും.
ജാതിവ്യവസ്ഥയുടെ കഠിനത അനുഭവിച്ച ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം തങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന ജ്ഞാന വ്യവഹാരത്തിനുള്ളില്‍ സവര്‍ണ്ണ ഉദ്ധാരകര്‍ നടത്തുന്ന പരിഷ്‌കരണ ശ്രമങ്ങള്‍ ഒരുപക്ഷെ ശരിയായ ഉദ്ദേശത്തോടുകൂടി ഉള്ളതാണെങ്കില്‍പോലും സംശയത്തോടുകൂടി വീക്ഷിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ടുതന്നെ അയിജാതിക്കാരെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവരോട് നിങ്ങള്‍ എത്രമാത്രം പരിഷ്‌കരിക്കപ്പെട്ടവര്‍ ആണെന്നുള്ള അംബേദ്കറുടെ ചോദ്യം ഇവിടെ കൂടുതല്‍ പ്രസ്‌കതമാവുകയാണ്. അരുന്ധതി റോയ് ജാതിനിര്‍മ്മൂലനം എന്ന കൃതിയെ അതിന്റെ പ്രയോഗത്തിലൂന്നിയാണ് സമീപിക്കുന്നതെങ്കില്‍ അവരുടെതന്നെ ജാതീയ മൂലധനത്തിന്റെ സ്വീകാര്യതയെപ്പറ്റി വിമര്‍ശനപരമായി എങ്ങനെ വിലയിരുത്താം എന്നത് വ്യക്തമാക്കേണ്ടതായിരുന്നു. എന്നിരുന്നാലും വിവിധ തരത്തിലുള്ള ജാതീയ വിനിമയങ്ങളെ പറ്റി തന്റെ നോവലില്‍ പരാമര്‍ശിച്ച അരുന്ധതി റോയി സ്വസമുദായം ജാതിനിര്‍മ്മൂലനത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് ഈ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ പുതിയ തലത്തിലുള്ള ചര്‍ച്ചകള്‍ രൂപപ്പെടുമായിരുന്നു. കാരണം ഒരു നോവലിസ്റ്റ് എന്ന നിലയില്‍ വെളുത്ത എന്ന ദളിത് യുവാവിന്റെ ജീവിതം വളരെ റിയാലിസ്റ്റിക് ആയി വരച്ചിട്ട അവര്‍ അവന്റെ ദാരുണമായ അന്ത്യത്തെ വളരെ സ്വാഭാവികമാക്കുകയാണ് ചെയ്തത്.
ഇന്ത്യയിലെ പൊളിറ്റിസെസ്‌ട് ആയ സമൂഹത്തിന് ജാതിനിര്‍മ്മൂലനം എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തെയും, പ്രചാരണത്തെയും പറ്റിയുള്ള ചരിത്രം അറിവുള്ളതാണ്. മാത്രമല്ല ലക്ഷക്കണക്കിനാളുകള്‍ ഈ പുസ്തകം വായിച്ചത് പ്രത്യേകമായ ആമുഖം ഇല്ലാതെയുമാണ്. അതുകൊണ്ടുതന്നെ അംബേദ്കറെ മഹാനായ ഇന്ത്യക്കാരന്‍ ആക്കാന്‍ വേണ്ടി നടത്തുന്ന അനുകമ്പാപൂര്‍ണമായ രക്ഷകര്‍തൃശ്രമങ്ങളെ നിശ്ചയമായും അപലപിക്കേണ്ടിവരും. യഥാര്‍ത്ഥത്തില്‍ ഇത്തരം അഭിമുഖമെഴുത്തുകള്‍ക്ക് ഇനിയും വിശകലനങ്ങള്‍ വേണ്ടതുണ്ട്, ഒപ്പം തന്നെ ആര്‍ക്കാണ് ഇത്തരമൊരു ഗ്രന്ഥത്തിന് ഇനിയും ആമുഖം ആവശ്യം ഉള്ളതെന്ന് ചര്‍ച്ച ചെയ്യേണ്ട വസ്തുതയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന ചര്‍ച്ചകളിലെല്ലാംതന്നെ ജാതിനിര്‍മ്മൂലനം എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തേക്കാളുപരിയായി അരുന്ധതി റോയി എന്ന വ്യക്തി എങ്ങനെ കേന്ദ്രമാകുന്നു എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. തന്മൂലം ആരാണ് ജാതിയെ നിര്‍മ്മൂലനം ചെയ്യേണ്ടതെന്ന ചോദ്യം വീണ്ടും ചോദിക്കേണ്ടതായി വരും. എന്നാല്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകള്‍ക്കും ഈ ആമുഖം തുടക്കമിടുന്നില്ല എന്ന് മാത്രമല്ല. നിലവിലെ സാഹചര്യത്തില്‍ വായനാലോകത്ത് ജാതി എന്ന വിഷയം ആകര്‍ഷകമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ വിപണന സാധ്യതയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. ദളിത് ജാതി വിഭാഗങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ വെമ്പുന്ന പലരും തങ്ങളുടെ ജാതി നല്‍കുന്ന സവിശേഷാധികാരത്തെപ്പറ്റി പൊതുവേ ചര്‍ച്ച ചെയ്യാറില്ല. ഈയൊരു സാഹചര്യത്തിലും ജാതിനിര്‍മ്മൂലനത്തിനും അംബേദ്കര്‍ക്കും ആമുഖം വേണമെന്ന് വാദിക്കുന്ന ഇവര്‍ ഇന്ത്യയില്‍ ഇനിയും ജാതിക്ക് ആമുഖം വേണമെന്ന് ശഠിക്കുന്നവരോ എന്നു തോന്നിപ്പോകും. ആയതിനാല്‍ ഇത്തരം പരിഷ്‌കരണവാദികളില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ഒളിച്ചിരിക്കുന്ന ‘ആധികാരിക അറിവ്’ എന്ന ധാര്‍ഷ്ട്യം ജാതിയോടൊപ്പം തന്നെ നിര്‍മ്മൂലനം ചെയ്യപ്പെടേണ്ട ഒന്നാണ്

സഹായ ഗ്രന്ഥങ്ങള്‍

  • Ambedkar, B.R. (1979) “Annihilation of Caste’, Dr.Babasaheb Ambedkar Writing and Speeches vol.1, Education Department Maharashtra Government.
  • Anand, S (2003) Touchable Tales, Chennai, Navayana Publication.

(ഈ വിഷയത്തില്‍ സണ്ണി എം. കപിക്കാടും ഡോ.ഒ.കെ.സന്തോഷുമായി നടത്തിയ സംഭാഷണം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്)

 

അനുബന്ധ ലേഖനങ്ങൾ :-

 

 

 

Top