തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

കവി എസ്. ജോസഫുമായി ബി. മധുകുമാർ നടത്തിയ അഭിമുഖം.

‘പെങ്ങളുടെ ബൈബിളി’ന്റെ കേന്ദ്രപ്രമേയം ക്രിസ്റ്റ്യാനിറ്റി എന്ന വിശാല ഭൂപടത്തിനുള്ളിലെ ദലിത ക്രൈസ്തവരുടെ അനുഭവലോകമാണ്. പരിസ്ഥിതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ തിരോധാനം ‘പെങ്ങള്‍’ എന്ന കവിതയിലുണ്ട്. കുന്നുകളുടെ ഇല്ലാതാവല്‍, പക്ഷികളും മരങ്ങളും ഉള്‍പ്പെടെ ഒരു വലിയ ജൈവലോകത്തിന്റെ വേര്‍പെടല്‍ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. മലയാളരുടെ സാംസ്‌ക്കാരിക ഗര്‍വ്വിന്റെ മേലുള്ള പ്രവാചകത്വം ‘ബന്ധങ്ങള്‍’ എന്ന കവിതയില്‍ മുഴങ്ങുന്നുണ്ടെന്നു തോന്നുന്നു. മറുവശത്ത് കന്നുകളിലും പുറമ്പോക്കുകളിലും പാറമടക്കുകളിലും പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മേല്‍ നടത്തപ്പെടുന്ന നവ അധിനിവേശത്തേയും ഈ കവിത ധ്വനിപ്പിക്കുന്നുണ്ട്. ഭാവിയ്ക്കു വേണ്ടിയുള്ള ആദിവാസി ദലിത് സമരങ്ങള്‍, പാരിസ്ഥിതിക സമരങ്ങള്‍/റിപ്പോര്‍ട്ടുകള്‍ ഇവയൊക്കെ എന്റെ കവിതകളില്‍ നിര്‍ണായകമാവുന്നുണ്ട്. 

സമകാലിക കവിതയുടെ പാരമ്പര്യവഴികളില്‍ നിന്നും സൂക്ഷ്മമായ വിച്ഛേദം പുലര്‍ത്തുകയും ദലിത് കവിതയെ പ്രശ്‌നവല്‍ക്കരിക്കുകയും ഭാവുകത്വപരവും സൗന്ദര്യബോധപരവുമായ ദിശാസൂചികയാവുകയും ചെയ്യുന്നതാണ് ചന്ദ്രനോടൊപ്പം വരെയുള്ള താങ്കളുടെ കാവ്യജീവിതം. വിശദീകരിക്കാമോ?

എഴുത്തില്‍ വരാത്ത അപാരമ്പര്യങ്ങളുടെ ശബ്ദവും സാന്നിദ്ധ്യവും സൗന്ദര്യവുമൊക്കെയാണ് എന്റെ കവിതകളിലേറെയും തെളിച്ചപ്പെടുത്തുന്നത്. അടിത്തട്ടില്‍ നിന്നുള്ള കാഴ്ചകളുടെ പ്രത്യേക രീതിയിലുള്ള തെരഞ്ഞെടുക്കലാണ് കവിതയെ നിര്‍ണയിക്കുന്നത്. ഭാഷാപരമായ ഒരു പുതിയ സങ്കല്പനമാണ് ഇത് സാദ്ധ്യമാക്കുന്നത്. ഭാഷ, ഓര്‍മ്മ, അനുഭവങ്ങള്‍, രചനാരീതി, സംഗീതം, താളം ഇവയെ സംബന്ധിക്കുന്ന പുതിയ ഉള്‍ക്കാഴ്ചകള്‍ നിര്‍മ്മിക്കുന്നതില്‍ പുതുവഴികവിതകളില്‍ ഞാനും ശ്രമിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ മനുഷ്യന്‍ (Complete man) എന്നെ സങ്കല്പ്പത്തേയും ആധികാരികമായ ഉടല്‍സത്തയെയും വ്യവഹാരവ്യവസ്ഥകളെയും വിനിമയങ്ങളെയും തിരസ്‌ക്കരിക്കേണ്ടതുണ്ട്. ഇത്തരം മാനവ സങ്കല്പ്പങ്ങള്‍ രൂപപ്പെടുത്തുന്ന അപരങ്ങളെ കണ്ടെടുക്കുകയെന്നതാണ് പ്രധാനം. പുതിയ സമാഹാരത്തില്‍ (ചന്ദ്രനോടൊപ്പം) ഈ ആശയത്തെ വികസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സവര്‍ണ/അവര്‍ണ വിപരീത ബോധത്തില്‍ തളച്ചിടാവുന്നതല്ല സൗന്ദര്യം, വൈരൂപ്യം എന്നിവ. നിയതമായ നിയമമില്ലാത്ത എന്നാല്‍ സ്വാഭാവികമായും അനായാസവുമായ ആ പ്രക്രിയയാണ് എന്നെ സംബന്ധിച്ച് കവിതയെഴുത്ത്. ഭാവുകത്വപരമായി അതിനെ കീഴാളമെന്നോ വരേണ്യമെന്നോ വ്യവഛേദിക്കാമോ എന്നറിയില്ല. പക്ഷികളും മനുഷ്യരും ഒക്കെ ഉള്‍പ്പെടുന്ന ഒരു സമഗ്ര ജൈവീകതയുടെ സൗന്ദര്യബോധമാണ് ഇന്നാവശ്യം. എന്നാല്‍, അടിത്തട്ടില്‍ നിന്നുള്ള കാഴ്ചകളുടെയും വികാരങ്ങളുടെയും വിസ്മയങ്ങളുടെയും ചിന്തകളുടെയും ഉള്ളുറവകള്‍ അതില്‍ പതിഞ്ഞിരിക്കുമെന്നത് വിസ്മരിക്കുന്നില്ല.

ബഹിഷ്‌കൃതാനുഭവങ്ങള്‍, ഓര്‍മ്മകള്‍ എന്നിവയെ കവിതയുടെ ജൈവലായകമായി ഉപയോഗിക്കുമ്പോള്‍ തന്നെ മലയാളകവിതയില്‍ ഒരു പുതിയ സംവാദത്തിന്റെ പ്രതലം നിര്‍മ്മിക്കുന്നവകൂടിയാണ് സ്വന്തം, മലയാള കവിതയ്‌ക്കൊരു കത്ത് പോലുള്ള കവിതകള്‍. സാംസ്‌കാരിക വിമലീകരണത്തെ നിര്‍ണയിക്കേണ്ട പുതിയ രാഷ്ട്രീയത്തെ താങ്കള്‍ ഏത് രീതിയിലാണ് വിലയിരുത്തുന്നത്.

കാലഘട്ടം അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. മതം, രാഷ്ട്രീയം എന്നിവയിലൊക്കെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രമേ ഒരു തിരുത്തിനു സാധ്യതയുള്ളു. ഒരു തരം അധിനിവേശ – അധീശ യുക്തിയാണ് ഇവയ്ക്കുമേലും പ്രബലമാകുന്നത്. കവിയെന്ന നിലയില്‍ അവയെ പ്രതിരോധിക്കേണ്ടതുണ്ട്. അനേകങ്ങളുടെ ഭാഷകനാവേണ്ടതുണ്ട്. കീഴാള – ജാതി – ഗോത്രസമൂഹങ്ങള്‍ ആരുമറിയാതെ ഇല്ലാതാവുന്നുണ്ട്. ഇത്തരം ആകുലതകള്‍ പുതിയ സമാഹാരത്തില്‍ കാണാം. ജൈവ സമഗ്രതയുടെ രാഷ്ട്രീയവും ഉള്‍ക്കാഴ്ചകളും സുപ്രധാനമാണ്, ഗൗരവമുള്ളതാണ്. ഇത്തരത്തില്‍ ജൈവപാരമ്പര്യത്തിന്റെ തുടര്‍ച്ചകളുടെ ഒരു കാവ്യലോകമാണ് ചന്ദ്രനോടൊപ്പത്തില്‍ ഉള്‍പ്പെടുന്നത്. സഞ്ചരിച്ച വഴികളില്‍ നിന്നും കണ്ടെത്തുന്നവയുടെ സമാഹാരമാണ് ഈ കവിതകളോരോന്നും എന്നും പറയാം. ഒരു പക്ഷേ, വൈരൂപ്യമെന്ന നിലയില്‍ അല്ലെങ്കില്‍ വിലക്ഷണമെന്ന രീതിയില്‍ ഒഴിവാക്കിയവയുടെ എഴുത്തിലൂടെയാവാം ഒരു പുതിയ സൗന്ദര്യബോധം പുതിയ കവിതയില്‍ ഉയിര്‍പ്പിക്കാനാവുക. മലയാള കവിതയുടെ തന്നെ ഒരു പുതുക്കിയെടുക്കലാവുമത്.

പെങ്ങളുടെ ബൈബിള്‍ (മീന്‍കാരന്‍) പെങ്ങള്‍ (ചന്ദ്രനോടൊപ്പം) എന്നീ കവിതകളില്‍ പെങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രമേയമാവുന്നുണ്ട്. മതവിമര്‍ശവും സാമൂഹ്യ വിമര്‍ശവും സാംസ്‌ക്കാരിക – രാഷ്ട്രീയ വിമര്‍ശവും അന്തസത്തയായി നിലനില്‍ക്കുന്ന പെങ്ങളനുഭവങ്ങളുടെ എഴുത്തില്‍ ലാവണ്യപരവും രാഷ്ട്രീയവുമായ ഒരു ജാഗ്രതയുണ്ട്.

 

പെങ്ങളുടെ ബൈബിളിന്റെ കേന്ദ്രപ്രമേയം ക്രിസ്റ്റ്യാനിറ്റി എന്ന വിശാല ഭൂപടത്തിനുള്ളിലെ ദലിത ക്രൈസ്തവരുടെ അനുഭവലോകമാണ്. പരിസ്ഥിതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ തിരോധാനം ‘പെങ്ങള്‍’ എന്ന കവിതയിലുണ്ട്. കുന്നുകളുടെ ഇല്ലാതാവല്‍, പക്ഷികളും മരങ്ങളും ഉള്‍പ്പെടെ ഒരു വലിയ ജൈവലോകത്തിന്റെ വേര്‍പെടല്‍ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. മലയാളരുടെ സാംസ്‌ക്കാരിക ഗര്‍വ്വിന്റെ മേലുള്ള പ്രവാചകത്വം ‘ബന്ധങ്ങള്‍’ എന്ന കവിതയില്‍ മുഴങ്ങുന്നുണ്ടെന്നു തോന്നുന്നു. മറുവശത്ത് കന്നുകളിലും പുറമ്പോക്കുകളിലും പാറമടക്കുകളിലും പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മേല്‍ നടത്തപ്പെടുന്ന നവ അധിനിവേശത്തേയും ഈ കവിത ധ്വനിപ്പിക്കുന്നുണ്ട്. ഭാവിയ്ക്കു വേണ്ടിയുള്ള ആദിവാസി ദലിത് സമരങ്ങള്‍, പാരിസ്ഥിതിക സമരങ്ങള്‍/റിപ്പോര്‍ട്ടുകള്‍ ഇവയൊക്കെ എന്റെ കവിതകളില്‍ നിര്‍ണായകമാവുന്നുണ്ട്.

‘തെളിയാത്തിടങ്ങള്‍’ ആണ് തെളിഞ്ഞയിടങ്ങള്‍ എന്ന് ‘കീരി എന്ന കവിതയില്‍ എഴുതിയിട്ടുണ്ടല്ലോ? ഭാഷയിലും ആഖ്യാനത്തിലും ഒക്കെ ഉള്‍വഴികള്‍ തിരയുന്ന നിഗൂഢത വിതച്ചുപോകുന്ന ശൈലിയും രീതിയും പുതിയ കവിതകളിലും തുടരുന്നു. കീരി എന്ന കവിത പാതിമനുഷ്യരായി താഴ്ത്തപ്പെടുന്ന വംശങ്ങളെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ ആശയമാണ് പങ്കുവെയ്ക്കുന്നതെന്നു തോന്നുന്നു.

ദൃശ്യപ്പെട്ട മനുഷ്യര്‍, പക്ഷികള്‍, സസ്യങ്ങള്‍ എന്നിവയെക്കാള്‍ (തിരിച്ചറിയപ്പെടാത്തവ) ദൃശ്യപ്പെടാത്തവ അതിജീവിച്ചേക്കാമെന്നു പറയാം. കീരി എന്ന കവിതയില്‍ മനുഷ്യലോകത്തുനിന്നും മൃഗലോകത്തേക്കുള്ള ഒരു പരിണാമമുണ്ട്. വെളിച്ചം, വഴികള്‍ എന്നിവയോടുള്ള പൊരുതലാണ് പെന്തന്‍ പുല്ല്, നിഴല്‍, മാളങ്ങള്‍, കല്‍വിടവുകള്‍ എന്നിവയിലൂടെയുള്ള പിന്‍വലിയല്‍. ഇന്ത്യയിലെന്നല്ല, ലോകമെമ്പാടും പിന്‍വലിഞ്ഞു പൊരുതിയ മനുഷ്യരുടെ പ്രതിരോധ പാരമ്പര്യമുണ്ട്. പിന്‍വലിയല്‍ ഒരു ടൃേമലേഴ്യ യാണ്, മറിച്ച് കീഴടങ്ങലല്ല. ആന്തരികതയിലേക്കുള്ള ഒരു തരം ഉള്‍വലിയലായി കവിതയില്‍ അത് മാറുന്നു. രാഷ്ട്രീയമായ ജാഗ്രതയും അന്വേഷണവും ഉള്‍ക്കൊള്ളുന്നുവെങ്കിലും അത് നിഗൂഢമാണ്. ആദ്യകാല സമാഹാരം മുതല്‍ ഭാഷയില്‍ ഒരു നിഗൂഢമായ ലോകം പിന്‍വലിഞ്ഞു നില്‍ക്കുന്നുണ്ട്. കീഴാളമായ ഒരു നിശബ്ദത അതിന്റെ ആന്തരിക സത്തയെ ചലിപ്പിക്കുന്നുണ്ടെന്നു കരുതാം. ഈ നിശബ്ദത ഒരു സൗന്ദര്യബോധത്തെ നിര്‍മ്മിക്കാന്‍ പ്രാപ്തമായേക്കാം, പിന്‍വലിഞ്ഞ അര്‍ത്ഥങ്ങളെ തെളിച്ചെടുക്കുമ്പോള്‍ അത് സാധ്യമായേക്കാം. കഥാപാത്രങ്ങള്‍, അര്‍ത്ഥങ്ങള്‍, ചില സ്ഥലങ്ങള്‍, അനുഭവങ്ങള്‍ ഇവയൊക്കെ നിഗൂഢതയില്‍ ലയിച്ചു നില്‍ക്കുന്ന ഇത്തരം തെളിയാത്തിടങ്ങളിലാണ് ഉണ്ടാവുക. തെളിയാത്തിടങ്ങളുടെ തെളിച്ചെടുക്കലാവാം കവിതയും.

പുതുകവിത ബഹുസ്വരതയുടെ കവിതയാണെന്നു പറയുന്നതു പോലെ താങ്കളുടെ കവിതയില്‍ അനേകം ലോകങ്ങളുടെ കാഴ്ചകള്‍ വന്നു നിറയുന്നുണ്ട്. ജന്തുലോകം, പക്ഷിലോകം, മനുഷ്യലോകം, മനുഷ്യലോകത്തിന്റെ, ഭാഷയുടെ, തിരസ്‌ക്കാരത്തോളമെത്തുന്ന അനുഭവത്തിന്റെ, ഉള്‍ക്കാഴ്ചയുടെ ഒരു ലോകമായി താങ്കളുടെ കവിതയില്‍ കീഴ്‌പ്പെടുന്നവയോടും അടിച്ചമര്‍ത്തിയവയോടും അദൃശ്യപ്പെടുന്നവയോടുമുള്ള സാത്മീകരണമുണ്ട്.

മൃഗവും പക്ഷിയും മീനും ഒക്കെ ഉള്‍ച്ചേര്‍ന്ന ഒന്നിന്റെയുള്ളിലാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യസങ്കല്പ്പം നിലനില്‍ക്കുന്നത്. എന്തിനെയും കൃതൃമമായി നിര്‍മ്മിക്കാന്‍ ശേഷി നേടിയ മനുഷ്യന്റെ താന്‍പോരിമയാണ് ഇന്നുള്ളത്. മരങ്ങളെയും പുഷ്പങ്ങളെയും (ബോണ്‍സായി, ഓര്‍ക്കിഡ്) വെള്ളച്ചാട്ടവും, കുന്നും കൃതൃമമായി ഉണ്ടാക്കുന്ന മനുഷ്യനെ മനുഷ്യനായി കാണുവാന്‍ ആവുകയില്ല. മറുവശത്ത് മനുഷ്യസമൂഹത്തില്‍ നിന്നും പിന്തള്ളപ്പെടുന്ന മനുഷ്യരുടെ ചരിത്രത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട് താനും. ജൈവ – മനുഷ്യലോകത്തിന്റെ പുറത്താക്കപ്പെട്ട ‘പാതിമനുഷ്യന്‍’ മറുപാതിയെ മൃഗത്തോട് ചേര്‍ത്തുവെയ്ക്കുന്നതിലൂടെ കീരിയെപ്പോലെ പിന്‍വലിയലാല്‍ പൊരുതുന്നതിനാണ് താല്പര്യപ്പെടുന്നത്. പ്രാചീന കേരളത്തില്‍ മനുഷ്യനെ മൃഗത്തോടൊപ്പം പൂട്ടിക്കെട്ടി നിലമുഴുത ചരിത്രം കാണാം. പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളിലൊക്കെ അത്തരം സൂചനകള്‍ കാണാം. ‘പാതിമനുഷ്യന്‍, ‘കീരി’ എന്നിവയൊക്കെ മുമ്പു സൂചിപ്പിച്ച ഇരുണ്ട ഇടങ്ങളിലെ ഭാഷകളില്‍ നിന്നും തെളിച്ചെടുത്ത സൂചകങ്ങളോ അര്‍ത്ഥ വിവക്ഷകളോ ഉള്‍ക്കൊള്ളുന്നുണ്ട്. ജൈവലോകത്തിലെയോ മനുഷ്യലോകത്തെയോ അവമതിക്കപ്പെട്ട/അപമാനവീകരിക്കപ്പെടുന്ന അനുഭവങ്ങളോടുള്ള ആത്മസത്തയുടെ ഇഴയടുപ്പമാവാം എന്റെ കവിതകളിലും ഉറവിടുന്നത്.

Top