സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും: സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

സ്റ്റുവര്‍ട് ഹോളെന്ന ജമൈക്കന്‍ ബുദ്ധിജീവിയുടേയും ജീവിതവും മരണവും മരണാനന്തര ബൗദ്ധിക ജീവിതങ്ങളും പരാപര ലോകങ്ങളും ഈ സാമാന്യ യാഥാര്‍ഥ്യത്തെ വിശദീകരിക്കുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാനവിക ശാസ്ത്രങ്ങളെ സംബന്ധിച്ച് ലോകത്തെ അക്കാദമിക-പ്രയോഗ പദ്ധതികളെ സമൂലം മാറ്റിമറിച്ച സംസ്‌കാര വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനും പത്രാധിപരും അധ്യാപകനുമായ സ്റ്റുവര്‍ട് ഹോള്‍ അനശ്വരനായിരിക്കുന്നു.  ലോകത്തെ ഏറ്റവും പഠിക്കപ്പെടുന്ന സംസ്‌കാര സൈദ്ധാന്തികനും കീഴാള സംസ്‌കാര രാഷ്ട്രീയ പോരാളിയും ന്യൂ ലഫ്‌ററ് റിവ്യൂ എന്ന ലോകോത്തര ജേണലിന്റെ ഫൗണ്ടര്‍ എഡിറ്ററുമായ ഹോള്‍ തന്റെ 82ാം വയസ്സില്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നു മൂകനായിരിക്കുന്നു.  കഴിഞ്ഞ ആറു പതിറ്റാണ്ടായി ബ്രിട്ടനിലും ഇംഗ്ലീഷ് സ്വാധീനമുള്ള അധിനിവേശാനന്തര ലോകത്തെങ്ങും മാനവിക വിഷയങ്ങളേയും അക്കാദമിക ചര്‍ച്ചകളേയും നിര്‍ണയിക്കുകയും മാറ്റിയെഴുതുകയും ചെയ്തു ഈ സാമൂഹ്യശാസ്ത പഠിതാവ്.  സംസ്‌കാര പഠനത്തിന്റേയും ബഹുസംസ്‌കാരവാദത്തിന്റേയും മുഖ്യ പ്രണേതാക്കളില്‍ അഗ്രഗണ്യനായിരുന്നു.

ജീവികള്‍ എന്ന തലത്തില്‍ നിന്നും വ്യക്തികള്‍ മനുഷ്യവിഷയികളായി ഉയിര്‍ക്കുമ്പോളാണ് സംസ്‌കാരം പ്രധാനമാകുന്നത്.  ഈ പ്രക്രിയ സ്വാഭാവികമായ സാമൂഹ്യവല്‍ക്കരണമല്ല മറിച്ച് വളരെയേറെ സങ്കീര്‍ണ  മായ ഒരു യാഥാര്‍ഥ്യമാണ്.
സ്റ്റുവര്‍ട് ഹോള്‍

__________
അജയ് ശേഖര്‍
__________
രു വിമര്‍ശ ചിന്തകന്റെ വില നാം പലപ്പോഴും അറിയുന്നില്ല, ഒരുപക്ഷേ അയാള്‍ വിടവാങ്ങുവോളം നാമതു തിരിച്ചറിയുന്നില്ല.  ഖുശ്വന്തിന്റെ വേര്‍പാടും കേരളം അറിഞ്ഞമട്ടില്ല. ഇന്ത്യയിലെ സിഖുജനതയുടെ ചരിത്രമെഴുതുകയും 1984ലെ സിഖു വംശഹത്യയെ കുറിച്ചു തുറന്നെഴുതുകയും ചെയ്തിട്ടുള്ള ആ വയോധികനെ വരും കാലങ്ങളാകാം സംവാദാത്മകമായ വിമര്‍ശ വായനയിലൂടെ വീണ്ടെടുക്കുക. പാക്കിസ്ഥാനിലേക്കല്ല പരലോകത്തേക്കുള്ള തീവണ്ടിയില്‍ സര്‍ദാര്‍ അപ്പോഴേക്കും യാത്രയായിരിക്കും, ഇനിയിങ്ങോട്ടില്ലാത്തവണ്ണം. സമഗ്രാധിപത്യം അധികാരത്തിലേക്കെത്തുകയും ചവിട്ടിനില്‍ക്കുന്ന മണ്ണിളകുകയും ചെയ്യുമ്പോള്‍ മാത്രമാണ് പലപ്പോഴും ഇത്തരം വിമര്‍ശചിന്തകരെ വീണ്ടെടുക്കേണ്ടത് സാമാന്യബോധത്തിലും മുഖ്യധാരാ മാധ്യമ സംസ്‌കാരത്തിലും അനിവാര്യമാകുന്നത്.
സ്റ്റുവര്‍ട് ഹോളെന്ന ജമൈക്കന്‍ ബുദ്ധിജീവിയുടേയും ജീവിതവും മരണവും മരണാനന്തര ബൗദ്ധിക ജീവിതങ്ങളും പരാപര ലോകങ്ങളും ഈ സാമാന്യ യാഥാര്‍ഥ്യത്തെ വിശദീകരിക്കുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാനവിക ശാസ്ത്രങ്ങളെ സംബന്ധിച്ച് ലോകത്തെ അക്കാദമിക-പ്രയോഗ പദ്ധതികളെ സമൂലം മാറ്റിമറിച്ച സംസ്‌കാര വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനും പത്രാധിപരും അധ്യാപകനുമായ സ്റ്റുവര്‍ട് ഹോള്‍ അനശ്വരനായിരിക്കുന്നു.  ലോകത്തെ ഏറ്റവും പഠിക്കപ്പെടുന്ന സംസ്‌കാര സൈദ്ധാന്തികനും കീഴാള സംസ്‌കാര രാഷ്ട്രീയ പോരാളിയും ന്യൂ ലഫ്‌ററ് റിവ്യൂ എന്ന ലോകോത്തര ജേണലിന്റെ ഫൗണ്ടര്‍ എഡിറ്ററുമായ ഹോള്‍ തന്റെ 82ാം വയസ്സില്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നു മൂകനായിരിക്കുന്നു.  കഴിഞ്ഞ ആറു പതിറ്റാണ്ടായി ബ്രിട്ടനിലും ഇംഗ്ലീഷ് സ്വാധീനമുള്ള അധിനിവേശാനന്തര ലോകത്തെങ്ങും മാനവിക വിഷയങ്ങളേയും അക്കാദമിക ചര്‍ച്ചകളേയും നിര്‍ണയിക്കുകയും മാറ്റിയെഴുതുകയും ചെയ്തു ഈ സാമൂഹ്യശാസ്ത പഠിതാവ്.  സംസ്‌കാര പഠനത്തിന്റേയും ബഹുസംസ്‌കാരവാദത്തിന്റേയും മുഖ്യ പ്രണേതാക്കളില്‍ അഗ്രഗണ്യനായിരുന്നു ഹോള്‍.  2014 ഫെബ്രുവരി 10ന് വൈകുന്നേരം വിയോഗ വാര്‍ത്ത ആദ്യം പുറത്തുവിട്ട ഗാര്‍ഡിയന്‍ ‘മള്‍ടികള്‍ച്ചറലിസത്തിന്റെ തലതൊട്ടപ്പ’നായാണ് ഈ കറുത്ത കിഴവനെ വാഴ്ത്തിയത്.  അറിവിലും പ്രായത്തിലും ഹോള്‍ തികച്ചും വയോധികനായിരുന്നു, വിമര്‍ശബോധം തികഞ്ഞവനായിരുന്നു. ഗാര്‍ഡിയനില്‍ തന്നെ ഹോളിനെ അനുസ്മരിച്ച താരീഖ് അലി അനുകമ്പയുടെ ഒഴുക്കും ജീവിതവുമായി ഹോളിനെ വിലയിരുത്തി.  ആദ്യാവസാനം രാഷ്ട്രീയം തികഞ്ഞ, രാഷ്ട്രീയത്താല്‍ നിര്‍ണീതനായ ഒരു വ്യക്തിയായിരുന്നു ഹോള്‍ എന്നും അദ്ദേഹത്തിന്റെ പ്രഭാഷണ പ്രതിഭയേയും ഈ രാഷ്ട്രീയബോധം നിര്‍ണയിച്ചിരുന്നതായി താരീഖ് അലി എഴുതുന്നു.

  • കോളനിയില്‍ നിന്നും കേന്ദ്രത്തിലേക്ക്

1932 ല്‍ കരിബിയനിലെ ജമൈക്കയിലാണ് ഹോള്‍ ജനിച്ചത്.  1951 മുതല്‍ ബ്രിട്ടനില്‍ എത്തി സാമൂഹ്യമായ അറിവിന്റെ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങി.  ബ്രിട്ടീഷ് കള്‍ച്ചറല്‍ സ്റ്റഡീസ് അഥവാ ബര്‍മിങ്ഹാം സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്നിന്നറിയപ്പെടുന്ന അക്കാദമിക ശാഖയുടെ തുടക്കക്കാരായ റയിമണ്ട് വില്യംസ്, റിച്ചഡ് ഹോഗാര്‍ത്, ഇ. പി. തോംസണ്‍ എന്നിവരോടൊപ്പം സംസ്‌കാര പഠനത്തിന്റെ അക്കാദമിക വഴികളെ നിര്‍ണയിച്ച സാമൂഹ്യ ശാസ്ത്രകാരനും സംസ്‌കാര സൈദ്ധാന്തികനും പ്രയോക്താവുമാണ് സ്റ്റുവര്‍ട് ഹോള്‍.  കഴിഞ്ഞ അരനൂറ്റാണ്ടായി അക്കാദമിക ലോകത്തു നിതാന്ത ശ്രദ്ധയാകര്‍ഷിക്കുന്ന ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ പ്രധാന സ്ഥാപകനും ആദ്യ പത്രാധിപരുമായിരുന്നു 1960കളുടെ തുടക്കത്തില്‍ തന്നെ ഹോള്‍.  ഹോഗാര്‍തിന്റെ പ്രത്യേക ക്ഷണമനുസരിച്ച് 1964ല്‍ അദ്ദേഹം ബര്‍മിങ്ഹാം സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്  കണ്ടമ്പററി കള്‍ച്ചറല്‍ സ്റ്റഡീസില്‍ ചേര്‍ന്നു.  1968ല്‍ ഹോഗാര്‍തിനു പിന്നാലെ സി. സി. സി. എസിന്റെ അധ്യക്ഷനായി. 1979 വരെ അവിടെ തുടര്‍ന്നു.  ഈ കാലത്താണ് സംസ്‌കാര പഠനത്തെ വംശ-ലിംഗ പഠനങ്ങളുമായി അദ്ദേഹം ബന്ധിപ്പിക്കുന്നത്.  ഫ്രഞ്ചു സംസ്‌കാര സിദ്ധാന്തങ്ങളുമായുള്ള ഹോളിന്റെ ബന്ധം ഇവിടെ സ്മരണീയമാണ്.  സാമൂഹ്യശാസ്ത്രത്തേയും സംസ്‌കാരത്തേയും രാഷ്ട്രീയത്തേയും സാഹിത്യത്തേയും സംഗീതത്തേയുമെല്ലാം കലര്‍ത്തിക്കൊണ്ട് ബഹുസ്വരവും ബഹുവിഷയപരവുമായ ബ്രിട്ടീഷ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ തത്വദര്‍ശനവും രീതിശാസ്ത്രവും ഈ കുടിയേറ്റക്കാരനായ കറുത്ത ബുദ്ധിജീവി ആഴത്തില്‍ നിര്‍ണയിച്ചു.
നവ ഉദാരവാദവും താച്ചറിസവുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 1979ല്‍ ബര്‍മിങ്ഹാം വിട്ട ഹോള്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസറായി സേവനം തുടര്‍ന്നു.  1997ല്‍ സേവനത്തില്‍ നിന്നും വിരമിക്കുമ്പോഴും അദ്ദേഹം വിമര്‍ശബോധം മുറ്റിയ വിധ്വംസകമായ തന്റെ പഠനങ്ങളും പ്രഭാഷണങ്ങളും തുടര്‍ന്നു.

  • സംസ്‌കാരപഠനവും ന്്യൂ ലെഫ്റ്റ് റിവ്യൂവും (എന്‍. എല്‍. ആര്‍.)

നാല്‍പ്പതുകളിലെ കൊളോണിയല്‍ കരിബിയന്‍ പ്രദേശത്തുള്ള ബാല്യവും പള്ളിക്കൂട വിദ്യാഭ്യാസവും ആദ്യ ബിരുദവും കറുമ്പനായ ആ ചെറുപ്പക്കാരനെ രാഷ്ട്രീയമായി പരുവപ്പെടുത്തി.  1951ല്‍ റോഡ്‌സ് സ്‌കോളര്‍ഷിപ്പു നേടിയാണ് അദ്ദേഹം ഓക്‌സ്ഫഡിലെത്തി എം. എയും പി. എച്ഡിയും ചെയ്യുന്നത്.  1956ലെ സോവിയത് യൂണിയന്റെ ഹങ്കേറിയന്‍ അധിനിവേശത്തെ തുടര്‍ന്ന് അദ്ദേഹവും സമാനരായ കറുത്ത ചെറുപ്പക്കാരും ബ്രിട്ടീഷ് കമ്യൂണിസ്റ്റു പാര്‍ടി വിട്ടു പോവുകയും സ്‌കൂളുകളിലും മറ്റും പഠിപ്പിക്കുകയും വയോജന വിദ്യാഭ്യാസത്തിലും മറ്റും മാറ്റത്തിനായുള്ള തങ്ങളുടെ യുവചൈതന്യവും പരിശ്രമങ്ങളും നിക്ഷേപിക്കുകയും ചെയ്തു. തോസണും വില്യംസുമായുള്ള പരിചയം ഈ രാപ്പള്ളിക്കൂടങ്ങളില്‍ നിന്നും തുടങ്ങി.  റെയില്‍വേ യാര്‍ഡിലെ കൂലിക്കാരന്റെ മകനായി ജനിച്ച വില്യംസും ഇംഗ്ലീഷ് അധ്വാനവര്‍ഗത്തിന്റെ ചരിത്രമെഴുതിയ തോംസണുമായി ചേര്‍ന്ന് ന്യൂറീസണര്‍ എന്ന ജേണല്‍ നടത്തുകയും 1960ല്‍ അതിനെ ന്യൂ ലഫ്റ്റ് റിവ്യൂ ആയി പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.  പത്രപ്രവര്‍ത്തനത്തിന്റെ ആഴമില്ലായ്മയേയും സാമാന്യബോധത്തിന്റെ തിമിരങ്ങളേയും ദൂരക്കാഴ്ച്ചയില്ലായ്മയേയും മറികടക്കുന്ന വിമര്‍ശതീവ്രവും രാഷ്ട്രീയ പക്ഷപാതങ്ങളുള്ളതുമായ ഒരു അക്കാദമിക ജേണലായി എന്‍. എല്‍. ആറിനെ മാറ്റിയത് ഹോളിന്റെ പത്രാധിപത്യമാണ്.
പോപുലര്‍ ആര്‍ട്‌സ് (1964), സിറ്റുവേറ്റിങ് മാര്‍ക്‌സ്:  ഇവാലുവേഷന്‍സ് ആന്റ് ഡിപാര്‍ച്ചേസ് (1972), എന്‍കോഡിങ് ആന്റ് ഡികോഡിങ് ഇന്‍ ദ ടെലിവിഷന്‍ ഡിസ്‌കോഴ്‌സ് (1974), ഫോമേഷന്‍സ് ഓഫ് മോഡേണിറ്റി (1992), കള്‍ച്ചറല്‍ ഐഡന്റിറ്റി (1996), കള്‍ച്ചറല്‍ റെപ്രസന്റേഷന്‍ ആന്റ് സിഗ്നിഫൈയിങ് പ്രാക്റ്റീസസ് (1997) എന്നിവ പ്രധാന രചനകളാണ്.  കാലത്തെ മാറ്റിയ മറ്റു പല സമാഹൃത ഗ്രന്ഥങ്ങളുമായും അദ്ദേഹം സഹകരിച്ചു പോന്നു.  മാര്‍ക്‌സിസം റ്റുഡേ എന്ന ജേണലുമായി നിരന്തരം സഹയാത്ര ചെയ്തു.  സൗണ്ടിങ്ങ്‌സ്: എ ജേണല്‍ ഓഫ് പൊലിറ്റിക്‌സ് ആന്റ് കള്‍ച്ചര്‍ ഹോളിന്റെ പ്ത്രാധിപത്യത്തില്‍ തുടങ്ങിയ മറ്റൊരു പ്രസിദ്ധീകരണമാണ്.

  • സംസ്‌കാരത്തിന്റെ  നിര്‍ണായകത്വവും അധീശത്വവും രാഷ്ട്രീയവും വിമര്‍ശ പഠനവും

ഗ്രാംചി തുറന്നു തന്ന പുത്തന്‍ ഇടതുപക്ഷ വിമോചന പാതയില്‍ സാമ്പത്തികമാത്രമായ വര്‍ഗതിമിരങ്ങള്‍ക്കുപരിയായി സംസ്‌കാരത്തിന്റെ നിര്‍ണായകത്വത്തെ തിരിച്ചറിഞ്ഞു തന്റെ എഴുത്തിനേയും ആശയ ലോകത്തേയും വിമര്‍ശ പ്രയോഗത്തേയും സാമൂഹ്യ ഇടപെടലുകളേയും ബോധനത്തേയും വികസിപ്പിച്ച കീഴാള വിമര്‍ശ ചിന്തകനായിരുന്നു ഹോള്‍.  ഈയര്‍ഥത്തില്‍ അദ്ദേഹം പോസ്റ്റ് മാര്‍ക്‌സിസ്റ്റു മാത്രമല്ല പോസ്‌ററ് ഗ്രാംചിയനും കൂടിയാണ്.  സംസ്‌കാരത്തെ അടിത്തറയും മേല്‍പ്പുരയും പോരാട്ടവും ജീവനവുമാക്കുന്ന ഒരു നവ ഇടതു പ്രയോഗവും ബഹുജനോന്‍മുഖമായ ദര്‍ശനവും ഹോളിന്റെ വിമര്‍ശ പദ്ധതിയില്‍ പ്രകടമാണ്.  വര്‍ഗത്തിനെ കവിഞ്ഞു നില്‍ക്കുന്ന സംസ്‌കാര രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളായ വംശവും ലിംഗവും ലൈംഗികതയും പ്രദേശവും ഭാഷയും അബോധവും അദ്ദേഹത്തിന്റെ രചനയിലെ അടിസ്ഥാന പരികല്‍പ്പനകളും ഊന്നലുകളുമാണ്.
ഗ്രാംചിയന്‍ സങ്കല്‍പ്പനങ്ങളായ അധീശത്വം, അഭിസമ്മതി, കീഴാളം, സമ്മര്‍ദ സ്വാംശീകരണം എന്നിവ വര്‍ത്തമാന സംസ്‌കാര പഠനത്തിലൂടെ വികസിപ്പിച്ചതാണ് ഹോളിന്റെ മികവ്. വില്യംസ് സംസ്‌കാരത്തെ സമഗ്രജീവനമായി കണ്ടു. ഹോഗാത് സംസ്‌കാരത്തെ സമഗ്രമായ സമരമായും കൂടി വിശദീകരിച്ചു.  ഹോളിനാകട്ടെ കേവലം പഠിക്കാനും ആസ്വദിക്കാനുമുള്ള കാനോനകളും ശ്രേഷ്ഠതയുമല്ല സംസ്‌കാരം മറിച്ച് സാമൂഹ്യ പ്രയോഗത്തിന്റേയും രാഷ്ട്രീയ ഇടപെടലിന്റേയും സങ്കീര്‍ണ ഭൂമികയും കൂടിയാണ്.  അധികാര ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന വ്യാവഹാരിക ഭൂമികയും കൂടിയാണ് അദ്ദേഹത്തിന് സംസ്‌കാരം.  സംസ്‌കാരത്തിന്റെ ജനകീയമായ ഉപയോഗവും സ്വീകരണവും അദ്ദേഹത്തിന്റെ സംസ്‌കാര സിദ്ധാന്തത്തില്‍ മുഖ്യമാണ്.  ജനപ്രിയ ദൃശ്യസംസ്‌കാരരംഗത്തും ടെലിവിഷനിലും മറ്റും സംസ്‌കാരത്തിന്റെ കോഡിങ്ങും ഡികോഡിങ്ങും എങ്ങനെ നടക്കുന്നു എന്നദ്ദേഹം വിശകലനം ചെയ്തു.  ഇതിനെ ഇന്ന് ഹോള്‍ സിദ്ധാന്തം എന്നാണു വിളിക്കുന്നത്.  പ്രേക്ഷകരുടെ ഇടപെടലുകളെ അദ്ദേഹം പ്രധാനമായി കണ്ടു.  സംസ്‌കാരത്തെ ഒരു പാഠമായി വിശകലനം ചെയ്യുന്ന രീതിയാണിത്.  വാര്‍ത്തകളുടേയും ചര്‍ച്ചകളുടേയും അജണ്ടകള്‍ സാമൂഹ്യമായി തീരുമാനിക്കുന്നതിലുള്ള മാധ്യമികമായ പങ്കിനെ അദ്ദേഹം വിമര്‍ശ വിശകലനം ചെയ്തു.  വെളുത്തവരുടെ മേല്‍ക്കൈയ്യില്‍ നടക്കുന്ന മാധ്യമങ്ങളുടെ പ്രതിനിധാനവും വാര്‍ത്താ വ്യവഹാരവും എങ്ങനെ വംശീയവും ലിംഗപരവുമായ അപരഭയങ്ങളേയും വംശഹത്യാകാമനകളേയും ജനങ്ങളുടെ ചിലവില്‍ പുനരുല്‍പ്പാദിപ്പിക്കുന്നു എന്നദ്ദേഹം തുറന്നുകാട്ടി.  കേരളത്തിലേയും ഇന്ത്യയിലേയും വര്‍ണാന്ധതയും വര്‍ഗതിമിരവും മതവെറിയും പ്രാദേശിക-ഭാഷാ സങ്കുചിതത്വങ്ങളും അപരഭീതിയും വൈരവും നിറഞ്ഞ സമൂഹത്തിനും മാധ്യമസംസ്‌കാരത്തിനും ഏറെ സംഗതമാണ് ഹോള്‍ സിദ്ധാന്തം. ചെറുവിഷയികളോടുള്ള വെറുപ്പും ഹിന്ദുസാമാന്യബോധത്തിന്റെ സവര്‍ണാന്ധ്യവും മുഖ്യധാരകളില്‍ നുരഞ്ഞു പതയുകയാണ്. നമോയുടെ നാമം ചൊല്ലലും നമശ്ശവായ ഹുങ്കാരവും നിറയുന്ന സാമാന്യബോധത്തിലും മധ്യവര്‍ഗ,ജാതി യുക്തികളിലും ഏറെ ബോധോദയപരവും അനിവാര്യവുമാണ് ഹോള്‍ സിദ്ധാന്തം.  ഫാഷിസം അധികാരത്തിലേക്കു ബാലറ്റിലൂടെ തന്നെ കുതിച്ചുകയറുന്ന ജനായത്ത പ്രതിസന്ധിയില്‍ അധീശത്വത്തെ ആഴത്തില്‍ വെളിപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെറുക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന വിധ്വംസകമായ ഹോള്‍ സിദ്ധാന്തം അക്കാദമികമായും രാഷ്ട്രീയമായും അതീവ പ്രാധാന്യം കൈവരിക്കുന്നു.

  • ഹോള്‍ സിദ്ധാന്തവും നവ ഉദാര വര്‍ത്തമാനങ്ങളും

മുഖ്യധാരാ മാധ്യമങ്ങളുടെ വംശീയവും മതപരവും ലിംഗപരവും ലൈംഗികവുമെല്ലാമായ മുന്‍വിധിയേയും വാര്‍പ്പുമാതൃകകളേയും ഹോളിന്റെ വിമര്‍ശനങ്ങള്‍ സൈദ്ധാന്തിക സ്പഷ്ടതയോടെ വിശദീകരിച്ചു. യൂറോപ്പിനു പുറത്തും സമകാലീന സാംസ്‌കാരിക പഠനങ്ങളുടെ അടിത്തറയും നൈതിക മാതൃകയുമായിത്തീര്‍ന്നത് ഈ പഠനങ്ങളാണ്.  കറുത്തവരുടെ യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസ സ്വതബോധങ്ങളേയും അതിന്റെ ചരിത്രരാഷ്ട്രീയത്തേയും വിശകലനം ചെയ്തു കൊണ്ട്  സ്വത്വം, വംശം, നരവംശീയത തുടങ്ങിയ സംസ്‌കാര സൈദ്ധാന്തിക സങ്കല്‍പ്പനങ്ങളുടെ ചര്‍ച്ചകളും അദ്ദേഹം നടത്തുകയുണ്ടായി.  അമേരിക്കയില്‍ കോര്‍ണല്‍ വെസ്റ്റിനോടും ബെല്‍ ഹുക്‌സിനോടും ബ്രിട്ടനില്‍ പോള്‍ ഗില്‍റോയിയോടും താരതമ്യം ചെയ്യാവുന്നതാണ് ഹോളിന്റെ കീഴാളമായ അപകോളനീകരണ പ്രയോഗം.  ഘടനാവാദാനന്തര ചിന്തയുമായി ചേര്‍ന്നു പോകുന്ന രീതിയില്‍ വ്യക്തി കര്‍തൃത്വത്തേയും സ്വത്വബോധത്തേയും നിര്‍ണയിക്കുന്നതില്‍ സാമ്പത്തിക വര്‍ഗനിലയേക്കാളുപരി ചരിത്രവും സാംസ്‌കാരിക ഘടകങ്ങളും നിര്‍ണായകമാണെന്നദ്ദേഹം നിരീക്ഷിച്ചു.  സ്വത്വത്തെ സ്ഥിരമല്ലാത്ത നിരന്തരം ചരിക്കുന്ന ഗണമായാണ് ഹോള്‍ കാണുന്നത്. സാംസ്‌കാരികമായ തന്മയും അനന്യതയും പ്രാദേശികവും കാലികവുമായ അനന്തമായ ഇതര ഘടകങ്ങളും ഈ ബഹുലമായ യാഥാര്‍ഥ്യത്തെ മുഖരിതമാക്കുന്നു. സ്വത്വം അദ്ദേഹത്തിന് ഒരു പ്രക്രിയയും നിതാന്ത മാററവുമാണ്. താച്ചറിസത്തിന്റെ നിരന്തര വിമര്‍ശത്തിലൂടെയും വിപണിയെ കുറിച്ചുള്ള പുതിയ പരിപ്രേക്ഷ്യങ്ങളിലൂടെയും മാര്‍ക്‌സിസം റ്റുഡേ എന്ന കമ്യൂണിസ്റ്റു പാര്‍ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജേണലില്‍ നിര്‍ത്താതെ എഴുതിക്കൊണ്ട്  ലെയിബര്‍ പാര്‍ട്ടിയേയും റ്റോണി ബ്ലെയറിനേയും പോലും ഹോള്‍ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.
താരീഖ് അലി നിരീക്ഷിക്കുന്നതു പോലെ ജനപ്രിയ സംസ്‌കാരത്തിന്റെ വിശകലനത്തിനുള്ള ഒരു വിമര്‍ശ സിദ്ധാന്തം സൃഷ്ടിക്കുകയായിരുന്നു ഹോള്‍.  അത് ആദ്യം ആംഗല ലോകത്തേയും പിന്നീട് ലോകത്തെയാകെയും വിപ്ലവകരമായി മാറ്റിമറിച്ചു.  ബ്രിട്ടനിലെ യുവ കലാകാരന്മാരെ, പ്രത്യേകിച്ചും കറുത്തവരായ സംഗീത, ചലച്ചിത്ര പ്രതിഭകളെ ഹോളിന്റെ വിമര്‍ശ സിദ്ധാന്തം ഏറെ പ്രചോദിപ്പിച്ചു.  2012ല്‍ ഹോളിനെ കുറിച്ച് അണ്‍ഫിനിഷ്ഡ്  കോണ്‍വര്‍സേഷന്‍ എന്ന സിനിമയെടുത്ത ജോണ്‍ അക്കര്‍മാഹ് തന്നെ മികച്ച ഉദാഹരണം.  പരമ്പരാഗത വര്‍ഗരാഷ്ട്രീയം കൊണ്ട് താച്ചറിസത്തെ തൊടാനാവില്ല എന്ന് ലേബറിനാദ്യം പറഞ്ഞു കൊടുത്തതും മാര്‍ക്‌സിസം റ്റുഡെയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളാണ്.  സോവിയത് അതിക്രമങ്ങള്‍ മുതല്‍ ഇറാഖ് അധിനിവേശം വരെയുള്ള എല്ലാ യുദ്ധക്കുറ്റങ്ങളേയും അദ്ദേഹം എഴുത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയും ചെറുക്കാന്‍ തന്നാലാവുന്നതും പണിയെടുക്കുകയും ചെയ്തു.  ബ്ലെയറിന്റേയും കാമറൂണിന്റേയും താച്ചറിസ്റ്റ് മിമിക്രികളെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചു.  നവ ഉദാര നയങ്ങളും സ്വകാര്യ വല്‍ക്കരണവും മൂന്നാം ലോകത്തേയും വിഴുങ്ങുന്ന വര്‍ത്തമാനത്തില്‍ ഹോളിന്റെ വിമര്‍ശ സിദ്ധാന്തത്തിനു പ്രസക്തിയേറുകയാണ്.  വംശീയ, ലിംഗ, ലൈംഗിക സങ്കീര്‍ണതകളും സന്ദിഗ്ധതകളും വര്‍ത്തമാനത്തില്‍ വളരുമ്പോള്‍ സംസ്‌കാര പഠനങ്ങള്‍ക്കു രാഷ്ട്രീയ ദിശാബോധം നല്‍കുന്ന ഹോളിന്റെ രചനകള്‍ കൂടുതല്‍ ഗൗരവമായി പഠിക്കപ്പെടുകയാണ്.

  • കടപ്പാട്

താരീഖ് അലി.  ‘സ്റ്റുവര്‍ട് ഹോള്‍സ് മെസേജ് റ്റു ദോസ് ഹു വാണ്ട് ചെയിഞ്ച്.’  ദ ഗാര്‍ഡിയന്‍. 10.2.2014. വെബ്.
‘സ്റ്റുവര്‍ട് ഹാള്‍.’  വികിപീഡിയ. 10.2.2014. വെബ്.
___________________________________________
Dr Ajay Sekher, Asst Professor of English, Sanskrit University Tirur Centre, Tirunavaya P O, 676 301.
www.ajaysekher.net, 9895797798, ajaysekher@gmail.com

Top