ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ രാഷ്ട്രീയധാര്‍മ്മികതയെക്കുറിച്ചുള്ള സംവാദങ്ങളാണ് ഇപ്പോള്‍ സജീവമാകുന്നത്. നേതാക്കന്‍മാരുടെ ജീവിതമാതൃകകള്‍, വിശേഷിച്ചും ലാളിത്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോളീകരണം സമ്പദ്ഘടനയിലുണ്ടാക്കിയ അസമത്വം, സാമൂഹികമായ വിവേചനങ്ങള്‍, വികസനസങ്കല്‍പങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധങ്ങള്‍, എല്ലാ മേഖലകളെയും കീഴടക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണം, സ്വകാര്യമേഖലയുടെ വളര്‍ച്ചയിലൂടെ നഷ്ടപ്പെടുന്ന സാമൂഹികനീതി, കുടുംബവാഴ്ചയോടു കാണിക്കുന്ന അമിതവിധേയത്വം, ഉദ്യോഗസ്ഥമേഖലയില്‍ ശക്തമായി തുടരുന്ന വരേണ്യാധീശത്വം, ന്യൂനപക്ഷങ്ങളും കീഴാളരും നേരിടുന്ന പൗരത്വസംഘര്‍ഷങ്ങള്‍, സ്ത്രീകളോട് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന വിവേചനങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി, രാഷ്ട്രീയത്തിലെ സംശുദ്ധിക്ക് വേണ്ടിയുള്ള ഏകപക്ഷീയ മുന്നേറ്റമാണ് വേണ്ടതെന്ന പ്രതീതിയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സംവാദകേന്ദ്രം.
__________________ ഡോ. ഒ.കെ. സന്തോഷ് __________________ ഇന്ത്യയില്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രൂപപ്പെടാവുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ പ്രവചനാതീതമാണെന്ന് വിചാരിക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. അധികാരത്തില്‍ പ്രവേശിക്കുമ്പോള്‍, നിലനില്‍ക്കുന്ന രാഷ്ട്രീയഘടനകളില്‍ മാറ്റം വരുത്തുന്നതില്‍ വിമുഖത പുലര്‍ത്താത്തവരാണ് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളിലേറെയും. രാഷ്ട്രീയത്തില്‍ ശൈശവം പിന്നിടാത്ത ആം ആദ്മി പാര്‍ട്ടി വരെ ജനാധിപത്യത്തില്‍ ഘടനാപരമായി നിലനില്‍ക്കുന്ന പ്രതിസന്ധി, പ്രതീക്ഷിച്ചതുപോലെയാണെങ്കിലും രുചിച്ചുകഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതും ബഹുസാംസ്‌കാരിക-സമുദായസ്വത്വങ്ങള്‍ നിലനില്‍ക്കുന്നതുമായ സങ്കീര്‍ണ്ണ സാഹചര്യമാണ് ഇന്ത്യയുടേത്. ഇത് നിര്‍മിക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ സ്വാഭാവികവുമാണ്. പക്ഷേ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് വ്യത്യസ്തതകളെ പരിഗണിക്കാതെയും ചില ഒറ്റമൂലികള്‍ നിര്‍ദ്ദേശിച്ചുമാണെന്നതാണ് അസാധാരണമായ സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റുന്നത്.
രാഷ്ട്രീയത്തിലെ മൂന്നാം വഴി
ബി.ജെ.പി ക്ക് പ്രചരണരംഗത്തും, നരേന്ദ്രമോഡിയെന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉറപ്പിക്കുന്നതില്‍ നേടിയ തര്‍ക്കരഹിതമായ വേഗതയിലും ഏറെ മുന്‍പിലെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. എല്‍.കെ. അദ്വാനിയെന്ന മുതിര്‍ന്ന നേതാവിന്റെ ബലമില്ലാത്ത വിയോജിപ്പുകള്‍ക്ക് രാഷ്ട്രീയ പ്രതികരണങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിക്ക് ആശ്വാസകരം തന്നെ. ഒരു പക്ഷേ, തിരഞ്ഞെടുപ്പിന് മുന്‍പ് വരെ രാഷ്ട്രീയത്തില്‍ ബി.ജെ.പി നേരിട്ട ദൗര്‍ബല്യങ്ങള്‍ മോഡിയെന്ന വ്യക്തിയിലൂടെ മറികടന്നെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇയൊരു യാഥാര്‍ത്ഥ്യമാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും നേരിട്ട ആദ്യത്തെ പ്രതിസന്ധിയെന്നു പറയാം. എന്നാല്‍ പരസ്യപ്രചാരണത്തിലൂടെ സ്ഥിരീകരണത്തിനു വഴങ്ങാത്ത അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുവാന്‍ കോണ്‍ഗ്രസിനായി. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഈ രണ്ടു പ്രസ്ഥാനങ്ങളിലൂടെയല്ല കഴിഞ്ഞ മൂന്നു ദശകങ്ങളായി നിലനില്‍ക്കുന്നതെന്ന വസ്തുതയ്ക്ക് ഇതിനിടയില്‍ തെളിച്ചം കിട്ടുന്നില്ല എന്നതാണ് പരിഗണിക്കപ്പെടേണ്ടത്.
മൊറാര്‍ജി ദേശായി, വി.പി. സിംഗ്, എസ്. ചന്ദ്രശേഖരന്‍, എച്ച്.ഡി, ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ എന്നിവര്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇടയില്‍ പ്രധാനമന്ത്രിമാരായവരാണ്. 1980 കളുടെ പകുതി മുതല്‍ ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയ അപ്രമാദിത്വം തകരുന്നതായി കാണാം. എല്‍.കെ. അദ്വാനിയുടെ തേരോട്ടത്തിലൂടെയും എ.ബി. വാജ്‌പേയിയുടെ മൃദുപ്രതിഛായയിലൂടെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി. ശക്തമായി ചുവടുറപ്പിക്കുന്നതും ഇതേ കാലത്തു തന്നെയാണ്. എന്നാല്‍ ഹിന്ദിഹൃദയഭൂമിയിലും തെക്കെയിന്ത്യയിലും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാലത്തുണ്ടാക്കിയ വളര്‍ച്ചയാണ് സവിശേഷതയര്‍ഹിക്കുന്നത്. രാഷ്ട്രീയധ്രുവീകരണങ്ങളില്‍ പങ്കാളികളാവുക മാത്രമല്ല, അതാതു സംസ്ഥാനങ്ങളിലെ ഭരണകക്ഷികളായി മാറാനും ഇവര്‍ക്കു കഴിഞ്ഞു. വടക്കേയിന്ത്യന്‍ രാഷ്ട്രീയത്തെ ഇകഴ്ത്തിക്കാട്ടാന്‍ ഇന്ത്യന്‍ മധ്യവര്‍ഗം തയ്യാറാവുന്ന സന്ദര്‍ഭവുമാണിത്. ദലിതരും പിന്നോക്ക വിഭാഗങ്ങളും ഭരണനേതൃത്വത്തിലേക്ക് വന്നതുമുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നഷ്ടപ്പെട്ടുപോയ വിശുദ്ധിവേണ്ടിയുള്ള മുറവിളി ഉയര്‍ന്നു. ജാതിരാഷ്ട്രീയം എന്ന വിളിപ്പേരില്‍ ഇടതുപക്ഷം ഒതുങ്ങിയപ്പോള്‍, ലാലുപ്രസാദ്യാദ് യാദവിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാത്ത, പരിഷ്‌കൃതവേഷങ്ങള്‍ ഒഴിവാക്കുന്ന നേതാവ് ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ നിരന്തരമായ പരിഹാസങ്ങള്‍ക്ക് പാത്രമായി. അഴിമതി എന്ന മഹാവിപത്തിനെതിരെയുള്ള ജാഗ്രതകള്‍ക്ക് കനമേറി. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ച മായാവതിയെ ബ്രാഹ്മണ സഖ്യത്തിന്റെയും അഴിമതിയുടെയും പേരില്‍ വിചാരണ ചെയ്യുവാനുള്ള ഉത്സാഹം വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍, മധ്യവര്‍ഗഭാവനകള്‍ക്ക് പുറത്ത്, ഇടതുപക്ഷത്തിന്റെ ധൈഷണിക വ്യായാമങ്ങള്‍ക്കപ്പുറത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുഭൂപടം നിര്‍മ്മിച്ചവരെ ജനാധിപത്യത്തിന്റെ കറകളായി കാണുവാനാണ് പരിഷ്‌കൃത സമൂഹം ശ്രമിച്ചത്.
____________________________________ ഇന്ത്യന്‍ ഗ്രാമങ്ങളെ ഒഴിവാക്കി, തെരുവുകളെ അവഗണിച്ച്, മനുഷ്യാനുഭവങ്ങളെ തിരസ്‌കരിച്ച വെര്‍ച്വല്‍ ലോകത്താണ് യഥാര്‍ത്ഥ ഇന്ത്യയെന്ന തീര്‍പ്പിലെത്തുകയാണ് നമ്മള്‍. അഴിമതി എന്ന മാലിന്യത്തെ തൂത്തെറിയുന്ന വളണ്ടിയര്‍മാര്‍ മാത്രമാണ് ഇനി ഇന്ത്യക്കാവശ്യം എന്നു വന്നിരിക്കുന്നു. ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്നും ലോഹ്യയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കുട്ടികളെന്നുമൊക്കെ ഇതിനെ വിളിക്കുവാന്‍ അമിതാവേശം കാണിക്കുകയാണ് ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും. അഴിമതിയെക്കുറിച്ചുള്ള പൂര്‍വ്വനിശ്ചയങ്ങള്‍ ഇതിലൂടെ രൂപപ്പെടുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. ഇടതുപക്ഷ നൈതികതയില്‍ അഴിമതിയില്ല, സാമ്പത്തിക സുരക്ഷിതത്വമുള്ള പാരമ്പര്യത്തില്‍ നിന്നുവരുന്നവര്‍ക്ക് ഖജനാവ് കൊള്ളയിക്കേണ്ട കാര്യമില്ല, ആദര്‍ശാത്മക നേതൃത്വങ്ങള്‍ വിശേഷിച്ചും വിവാദങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ സംശുദ്ധരാണ് തുടങ്ങിയ നിശ്ചയിക്കപ്പെട്ട അവബോധം ഈയൊരു വ്യവഹാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
____________________________________
അഴിമതി, ലാളിത്യം
ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ രാഷ്ട്രീയധാര്‍മ്മികതയെക്കുറിച്ചുള്ള സംവാദങ്ങളാണ് ഇപ്പോള്‍ സജീവമാകുന്നത്. നേതാക്കന്‍മാരുടെ ജീവിതമാതൃകകള്‍, വിശേഷിച്ചും ലാളിത്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോളീകരണം സമ്പദ്ഘടനയിലുണ്ടാക്കിയ അസമത്വം, സാമൂഹികമായ വിവേചനങ്ങള്‍, വികസനസങ്കല്‍പങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധങ്ങള്‍, എല്ലാ മേഖലകളെയും കീഴടക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണം, സ്വകാര്യമേഖലയുടെ വളര്‍ച്ചയിലൂടെ നഷ്ടപ്പെടുന്ന സാമൂഹികനീതി, കുടുംബവാഴ്ചയോടു കാണിക്കുന്ന അമിതവിധേയത്വം, ഉദ്യോഗസ്ഥമേഖലയില്‍ ശക്തമായി തുടരുന്ന വരേണ്യാധീശത്വം, ന്യൂനപക്ഷങ്ങളും കീഴാളരും നേരിടുന്ന പൗരത്വസംഘര്‍ഷങ്ങള്‍, സ്ത്രീകളോട് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന വിവേചനങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി, രാഷ്ട്രീയത്തിലെ സംശുദ്ധിക്ക് വേണ്ടിയുള്ള ഏകപക്ഷീയ മുന്നേറ്റമാണ് വേണ്ടതെന്ന പ്രതീതിയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സംവാദകേന്ദ്രം. ഇന്ത്യന്‍ ഗ്രാമങ്ങളെ ഒഴിവാക്കി, തെരുവുകളെ അവഗണിച്ച്, മനുഷ്യാനുഭവങ്ങളെ തിരസ്‌കരിച്ച വെര്‍ച്വല്‍ ലോകത്താണ് യഥാര്‍ത്ഥ ഇന്ത്യയെന്ന തീര്‍പ്പിലെത്തുകയാണ് നമ്മള്‍. അഴിമതി എന്ന മാലിന്യത്തെ തൂത്തെറിയുന്ന വളണ്ടിയര്‍മാര്‍ മാത്രമാണ് ഇനി ഇന്ത്യക്കാവശ്യം എന്നു വന്നിരിക്കുന്നു. ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്നും ലോഹ്യയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കുട്ടികളെന്നുമൊക്കെ ഇതിനെ വിളിക്കുവാന്‍ അമിതാവേശം കാണിക്കുകയാണ് ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും.
അഴിമതിയെക്കുറിച്ചുള്ള പൂര്‍വ്വനിശ്ചയങ്ങള്‍ ഇതിലൂടെ രൂപപ്പെടുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. ഇടതുപക്ഷ നൈതികതയില്‍ അഴിമതിയില്ല, സാമ്പത്തിക സുരക്ഷിതത്വമുള്ള പാരമ്പര്യത്തില്‍ നിന്നുവരുന്നവര്‍ക്ക് ഖജനാവ് കൊള്ളയിക്കേണ്ട കാര്യമില്ല, ആദര്‍ശാത്മക നേതൃത്വങ്ങള്‍ വിശേഷിച്ചും വിവാദങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ സംശുദ്ധരാണ് തുടങ്ങിയ നിശ്ചയിക്കപ്പെട്ട അവബോധം ഈയൊരു വ്യവഹാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കുന്നതുപോലെ, ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും നെഹ്‌റുകുടുംബത്തെയും മധ്യവര്‍ഗ്ഗത്തിന്റെ അഴിമതിവിരുദ്ധ ബോധം വെറുതെ വിടുന്നു. എന്നാല്‍, താഴേത്തട്ടില്‍ നിന്ന് ഒട്ടനേകം പ്രതിസന്ധികളെ അതിജീവിച്ച് ഉയര്‍ന്ന പദവിയിലെത്തുന്നവരെ വലിയ അഴിമതിക്കഥകളില്‍ കുരുക്കിയിടുവാന്‍, അതിന് വിപുലമായ പ്രചാരണം നല്‍കുവാന്‍ അമിതമായ ഉത്സാഹം ഇന്ത്യന്‍ മാധ്യമങ്ങളും വരേണ്യപൊതുമണ്ഡലവും കാണിക്കുന്നു. ടൂ.ജി.സ്‌പെക്ട്രം അഴിമതിയില്‍ എ.രാജയെന്ന ദലിതന്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്ന് വിശ്വസിക്കുവാന്‍ മധ്യവര്‍ഗം രൂപപ്പെടുത്തിയ അവബോധമാണ് കാരണം. മുന്‍ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍, മായാവതി, ലാലുപ്രസാദ് യാദവ് (അഴിമതിവിരുദ്ധ നിയമത്തിലൂടെ അയോഗ്യനാക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ നേതാവ്) തുടങ്ങി തെഹല്‍ക്ക ഓപ്പറേഷനിലൂടെ പുറത്തുപോയ മുന്‍ ബി.ജെ.പി. അദ്ധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്‍വരെ ദലിത്-കീഴള സമുദായാംഗങ്ങളാണെന്നത് യാദൃച്ഛികമല്ല. ഇതിനര്‍ത്ഥം ഇന്ത്യന്‍ വരേണ്യര്‍ സംശുദ്ധരാണെന്നല്ല. അഴിമതി നടത്തേണ്ട കാര്യം അവര്‍ക്കില്ലെന്നും മറിച്ച് ദലിതരും കീഴാളരും ജന്മനാ കള്ളന്‍മാരാണെന്നുമാണ് അഴിമതിവിരുദ്ധ ഇന്ത്യന്‍ പൊതുബോധം കാലങ്ങളായി ഉറപ്പിച്ചെടുത്തിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും കാണാതെ പോകുന്ന യാഥാര്‍ത്ഥ്യം കൂടിയാണിത്.
കേന്ദ്രീകൃത (വ്യക്തി) അധികാരം
അണ്ണാഹസാരെ, ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അയച്ച കത്തിന് മറുപടി നല്‍കി എന്ന ഒറ്റക്കാരണത്താല്‍ മമതാബാനര്‍ജിക്കും തൃണമൂല്‍കോണ്‍ഗ്രസിനും പിന്തുണ പ്രഖ്യാപിച്ചത് അധികമാരും ചര്‍ച്ച ചെയ്തില്ല. മഹാരാഷ്ട്രയിലെ ഏകാധിപത്യഗ്രാമത്തിലിരുന്ന് ഇന്ത്യപോലൊരു ജനാധിപത്യരാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ തന്റെ ഒരു കത്തിന് കഴിയുമെന്ന് വിശ്വസിക്കുവാന്‍ അണ്ണാഹസാരെയെ പ്രേരിപ്പിക്കുന്നത് എന്താണ്? തീര്‍ച്ചയായും ഇന്ത്യ പിന്തുടരുന്ന വരേണ്യവക്തി പൂജയുടെ പ്രതിഫലനമാണിത്. രാഹുല്‍ഗാന്ധി ദുര്‍ബലനാണെങ്കില്‍, അമേഠിക്കും റായ്ബറേലിക്കും പുറത്ത് ഇന്ത്യ കാണാത്ത പ്രിയങ്ക ഗാന്ധിയെ വിളിച്ച് ദേശത്തെ രക്ഷിക്കാമെന്ന് ചിലരെങ്കിലും വിചാരിക്കുന്നതും ഇതിന് സമാനമാണ്. ഏഷ്യാനെറ്റ് പോലുള്ള ഇന്ത്യന്‍ കോര്‍പറേറ്റ് മാധ്യമം പ്രധാനമന്ത്രി പദത്തിലേക്കുള്ള സാധ്യതാപട്ടികയില്‍ മോഡിക്കും രാഹുലിനുമൊപ്പം അരവിന്ദ് കെജ്‌രിവാളിനെക്കൂടി ഉള്‍പ്പെടുത്തുന്നതും വ്യക്തി കേന്ദ്രീകൃത അധികാരത്തെക്കുറിച്ച് പുലര്‍ത്തുന്ന സങ്കല്‍പ്പം കൊണ്ടാണ്.
ബഹുരാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹികവിഭാഗങ്ങളോട് സംവാദത്മകത പുലര്‍ത്തുമ്പോഴാണ് ജനാധിപത്യത്തെക്കുറിച്ചുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും കാഴ്ചപ്പാട് തിരിച്ചറിയാനാവൂ. ആം ആദ്മി പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട് കുട്ടിക്കഥകളിലെ അതിശയന്മാരെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് പറയേണ്ടിവരും. എല്ലാവരും ഞങ്ങളെ വിളിക്കൂ, ഞങ്ങള്‍ രക്ഷിക്കാം എന്ന് പറയുന്ന അതിമാനുഷന്മാരുടെ വേഷമാണവര്‍ക്ക്. തലയിലണിയുന്ന തൊപ്പിയില്‍ (കാല്‍പ്പനിക ഗാന്ധിയന്‍ പൈതൃകം) അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച മാന്ത്രികന്‍മാരെപ്പോലെയാണവര്‍. കേരളത്തില്‍ ഇടതുപക്ഷ നൈതികത വി.എസ്. അച്യുതാനന്ദനാണെന്ന് അവസാനംവരെ വിശ്വസിക്കാനാഗ്രഹിക്കുന്ന സാറാ ജോസഫും, പുതുരാഷ്ട്രീയ സംഘടനത്തിന്റെ വിമര്‍ശകനും,ദലിതരും ഇസ്ലാമിലെ നവരാഷ്ട്രീയ പ്രസ്ഥാനങ്ങളും കഴിഞ്ഞ ദശകങ്ങളില്‍ നടത്തിയ മുന്നേറ്റങ്ങളെ ഇതുവരെ കാണാതിരുന്ന എം.എന്‍ കാരശ്ശേരിയുമാണ് രാഷ്ട്രീയത്തിലെ ”മൂന്നാമിട”ത്തിലേക്ക് കേരളത്തില്‍നിന്ന് ആകര്‍ഷിക്കപ്പെട്ടവര്‍. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇടതുപക്ഷത്തിനും നവമാര്‍ക്‌സിസ്റ്റുകള്‍ക്കുമെതിരെ കേരളീയ സംവാദമണ്ഡലം തീര്‍ത്ത പ്രതിരോധങ്ങളെ കണ്ടില്ലെന്ന് നടിച്ച ഇവരുടെ പുതിയ അവതാരോദ്ദേശ്യ#ം പൂര്‍ത്തിയാകുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും മനോജ് പത്മനാഭനെപ്പോലുള്ള ആംആദ്മി നേതാക്കള്‍ മുന്‍പറഞ്ഞ രാഷ്ട്രീയ പ്രക്രിയകള്‍ അറിഞ്ഞിട്ടില്ലെന്നാണ് ഇവരുടെ ന്യൂസ്‌റൂം ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നത്.
_________________________________ പ്രചാരണപരമായ തന്ത്രങ്ങളും നാഗരിക മധ്യവര്‍ഗത്തിന്റെ മോഡിയിസ്റ്റ് അഭിനിവേശവും കാണുമ്പോള്‍, ഇന്ത്യ തിളങ്ങുന്നു (India Shiming) എന്ന 2004 ലെ മുദ്രാവാക്യം ഓര്‍മ്മയില്‍ വരും. നാല്‍പ്പതുരൂപയില്‍ താഴെ വിലയുള്ള സാരിക്ക് വേണ്ടിയുള്ള തിക്കിലും തിരക്കിലും ചതഞ്ഞരഞ്ഞ നാല്‍പ്പതോളം സ്ത്രീജീവിതങ്ങളാണ് തിളങ്ങുന്ന ഇന്ത്യയെന്ന സങ്കല്‍പ്പത്തെ തകര്‍ത്തെറിഞ്ഞത്. അതിന് നേതൃത്വം നല്‍കിയ അടല്‍ബിഹാരി വാജ്‌പേയ് ഇന്നതൊന്നും ഓര്‍ക്കുന്നുണ്ടാവില്ല. വാര്‍ദ്ധക്യവും രോഗവും മാത്രമല്ല അതിന് കാരണം. ചരിത്രം എപ്പോഴും മറവികളുടേത് കൂടിയാണല്ലോ.
_________________________________
മൂന്നാം (ബദല്‍?) രാഷ്ട്രീയം
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ത്രിപുരഭവനില്‍ ചേര്‍ന്ന ദേശീയ-പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി ദേശീയ ഐക്യം ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. വിയോജിപ്പിന്റെയും സംഘര്‍ഷങ്ങളുടെയും മണ്ഡലങ്ങള്‍ ഇവര്‍ക്കിടയിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. രസകരമായൊരു വസ്തുത, ആര്‍.എസ്.പി. ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ ആളില്ലാപാര്‍ട്ടിയുടെ നേതാവാണെന്ന് കേരളത്തിലെ സി.പി.എം. നേതാക്കള്‍ പരിഹസിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രചൂഡനെ വലതുവശത്തിരുത്തി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദേശീയതലത്തില്‍ മൂന്നാം ബദല്‍ പ്രഖ്യാപിച്ചത്. തമിഴ് നാട്ടില്‍ എ.ഐ.എ.ഡി.എം കെ യെ സി.പി.എം. സഖ്യകക്ഷിയാക്കുമ്പോള്‍, ശരത് യാദവിന്റെ ജെ.ഡിയും ബിഹാറില്‍ സി.പി.ഐ ക്കൊപ്പം മത്സരിക്കുന്നു. കേരളത്തില്‍ എന്‍.സി.പി. ഇടതുപക്ഷത്താണെങ്കില്‍, യു.പി.എ മന്ത്രിസഭയില്‍ കൃഷിവകുപ്പ് കൈകാര്യം ചെയ്യുകയാണ് എന്‍.സി.പി.യുടെ പരമോന്നത നേതാവ് ശരത് പവാര്‍. പശ്ചിമബംഗാളില്‍ സി.പി.എം. ഉം ഫോര്‍വേര്‍ഡ് ബ്ലോക്കും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നൈതികതയുടെ പേരില്‍ അകന്നു നില്‍ക്കുകയായിരുന്നു. ഘടനാപരമായി മൂന്നാം ബദല്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇങ്ങനെയാണെങ്കിലും, ഇന്ത്യയില്‍ വരാനിരിക്കുന്ന ഭരണമാറ്റം ഇവരില്‍ കൂടിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യം ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന പുതുരാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളിലെ നിര്‍ണായകത്വത്തെക്കൂടി ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ബി.എസ്.പി , സമാജ്വാദി പാര്‍ട്ടി, തെലുഗുദേശം, മമതാബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ്, ജഗ് മോഹന്‍ റെഡ്ഡിയുടെ വെ.എസ്. ആര്‍ കോണ്‍ഗ്രസ്, തുടങ്ങി അതാതു പ്രദേശങ്ങളില്‍ ശക്തിയുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളാവാം വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ഭാവി ഭാഗധേയത്വം നിര്‍ണയിക്കുന്നത്. അതില്‍ നേതൃത്വപരമായ പങ്ക് വഹിക്കുവാന്‍ താരതമ്യേന തുല്യശക്തികളുടെ കൂടിച്ചേരല്‍ വേദിയില്‍ ഏകാഭിപ്രായം ഉണ്ടാകാനിടയില്ല. അതിന്റെ അര്‍ത്ഥം 272 എന്ന മാന്ത്രികസംഖ്യയുണ്ടായാലും മൂന്നാം ബദലിനെയും കാത്തിരിക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ്. മതേതരത്വം വേഴ്‌സസ് വര്‍ഗീയത തുടങ്ങിയ പഴഞ്ചന്‍ ആഖ്യാനം മൂന്നാം ബദലിലെ ഇടതുപക്ഷം മാത്രം തത്വത്തില്‍ നിലനിര്‍ത്തുന്ന ഒന്നാണ് ബി.ജെ.പി. നേതൃത്വം നല്‍കിയ എന്‍.ഡി.എയിലെ സഹമന്ത്രിയായിരുന്ന പി.സി തോമസാണ് കേരളത്തിലെ ഇടതുപക്ഷത്തെ നയിക്കുന്നവരിലൊരാള്‍ എന്ന യാഥാര്‍ത്ഥ്യമാണ് ഇത്തരം വ്യാഖ്യാനങ്ങളെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പ്രചാരണപരമായ തന്ത്രങ്ങളും നാഗരിക മധ്യവര്‍ഗത്തിന്റെ മോഡിയിസ്റ്റ് അഭിനിവേശവും കാണുമ്പോള്‍, ഇന്ത്യ തിളങ്ങുന്നു (India Shiming) എന്ന 2004 ലെ മുദ്രാവാക്യം ഓര്‍മ്മയില്‍ വരും. നാല്‍പ്പതുരൂപയില്‍ താഴെ വിലയുള്ള സാരിക്ക് വേണ്ടിയുള്ള തിക്കിലും തിരക്കിലും ചതഞ്ഞരഞ്ഞ നാല്‍പ്പതോളം സ്ത്രീജീവിതങ്ങളാണ് തിളങ്ങുന്ന ഇന്ത്യയെന്ന സങ്കല്‍പ്പത്തെ തകര്‍ത്തെറിഞ്ഞത്. അതിന് നേതൃത്വം നല്‍കിയ അടല്‍ബിഹാരി വാജ്‌പേയ് ഇന്നതൊന്നും ഓര്‍ക്കുന്നുണ്ടാവില്ല. വാര്‍ദ്ധക്യവും രോഗവും മാത്രമല്ല അതിന് കാരണം. ചരിത്രം എപ്പോഴും മറവികളുടേത് കൂടിയാണല്ലോ.