ഗാനഗന്ധര്‍വന്റെ യാഗസംസ്‌കാരപ്രചാരണം

പുനഃപ്രസാധനം
____________ 

രാജാക്കന്മാരേക്കാള്‍ മഹാന്മാരാണ് ബ്രാഹ്മണപുരോഹിതര്‍ എന്ന് സ്ഥാപിക്കലാണ് യാഗത്തിന്റെ ഒരു ലക്ഷ്യം. രാജസൂയയാഗത്തില്‍ രാജാവിനെ അഭിഷേകം ചെയ്തശേഷം പുരോഹിതര്‍ പറയുന്ന മന്ത്രമിതാണ്:” അല്ലയോ ജനങ്ങളേ, ഇദ്ദേഹമാണ് നിങ്ങളുടെ രാജാവ്, ഞങ്ങളുടെ രാജാവാകട്ടെ സോമമാണ്” (ശതപഥബ്രാഹ്മണം 5-3-3-12) ”രാജാപ്രത്യക്ഷ ദൈവം” എന്ന ക്ഷത്രിയരുടെ തിരിച്ചടി വന്നത് ഈ മേധാവിത്തസമീപനം കൊണ്ടായിരിക്കാം. ഇക്കഥകള്‍ അറിയാതെയാണ് യേശുദാസന്മാര്‍ യാഗഭൂമിയിലെ ബലിയാടായിത്തീരുന്നത്. അതുകൊണ്ടാണ് ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും യാഗത്തിന് പോകണമെന്ന് പന്നിയൂരില്‍ യേശുദാസ് പറഞ്ഞത്. ഫലത്തില്‍ ആധുനിക കേരള സൃഷ്ടിക്ക് നിദാനമായ നവോത്ഥാനസംസ്‌കാരത്തെ ‘മുപ്പത് വെള്ളിക്കാശിനുവേണ്ടി” ഒറ്റിക്കൊടുക്കുകയാണ് യേശുദാസ് ചെയ്തത്. കപടസന്ന്യാസികളെയും പുരോഹിതന്മാരെയും ചുങ്കക്കാരെയും ചാട്ടവാറുകൊണ്ടടിക്കണമെന്നാണ് യേശുക്രിസ്തു പറഞ്ഞത്. പ്രിയപ്പെട്ട യേശുദാസ് നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം വര്‍ജ്ജ്യമായത് എന്തുകൊണ്ട്? അല്പമെങ്കിലും ധാര്‍മ്മികത അവശേഷിക്കുന്നെങ്കില്‍ ആ ‘വെള്ളിക്കാശ്’ യാഗഭൂമിയിലേക്കു തന്നെ വലിച്ചെറിയുക.
 

___________________

ഡോ.എം.എസ് ജയപ്രകാശ്
_____________________

2007 മാര്‍ച്ച് 23 മുതല്‍ 28 വരെ പന്നിയൂരില്‍ നടന്ന സോയാഗത്തിന് യജ്ഞപതാക ഉയര്‍ത്തിയത് യേശുദാസായിരുന്നു. 500 വര്‍ഷങ്ങള്‍ക്കുശേഷം പന്നിയൂരില്‍ വീണ്ടും അരങ്ങേറിയ പ്രാകൃത യാഗസംസ്‌കാരത്തിന്റെ പ്രചാരകനായി അഹിന്ദുവായിട്ടും യേശുദാസിനെ ക്ഷണിച്ചുകൊണ്ട് പോയതിനുപിന്നില്‍ നവോത്ഥാനസംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ഹിന്ദുത്വകേന്ദ്രങ്ങളുടെ തന്ത്രമാണുള്ളതെന്ന് കാണാന്‍ വിഷയമില്ല. കാവിരാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തയ്യാറായ ബാബുപോളിന് പിന്നാലെ ഗാനഗന്ധര്‍വ്വനും എത്തിയിരിക്കുകയാണ്. യേശുദാസിന്റെ ശബ്ദം ആകാശവാണിക്ക് പറ്റിയതല്ലെന്ന് വിധിയെഴുതിയവരുടെ പരമ്പരയില്‍പ്പെട്ടവരാണ് ഇപ്പോള്‍ ആ ശബ്ദം യാഗസംസ്‌കാരപ്രചാരണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാലും ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനമില്ല. പന്നിയൂരില്‍ വേദവിധിപ്രകാരം നടന്ന സോമയാഗത്തില്‍ പങ്കെടുത്ത യേശുദാസിനെ വേദവിധിപ്രകാരം ഗുരുവായൂര്‍ അമ്പലത്തില്‍ കടത്താതിരിക്കുന്നത് വിരോധാഭാസമാണ്. ഈ സാഹചര്യത്തില്‍ യാഗസംസ്‌കാരത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്നത് ഉചിതമായിരിക്കുമല്ലോ.
സൈന്ധവസംസ്‌കാരത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഇന്ത്യയെ അന്ധകാരയുഗത്തിലേക്ക് വലിച്ചെറിയുകയാണ് വേദകാല വൈകൃതങ്ങളുടെ ഭാഗമായ യജ്ഞങ്ങളും യാഗങ്ങളും അനുഷ്ഠിച്ച ദൗത്യം. ഇന്ത്യയെ നൂറ്റാണ്ടുകളോളം അന്ധകാരത്തിലാഴ്ത്തിയതും ചേരനാടിനെ കേരളമെന്ന ഭ്രാന്താലയമാക്കിയതും ഈ യജ്ഞ-യാഗ വൈകൃതങ്ങളുടെ വക്താക്കളായിരുന്നു. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ നടത്തിപ്പുകാരായി രംഗത്ത് വന്ന ബ്രാഹ്മണര്‍ ദൈവത്തിന്റെ സ്വന്തം പ്രതിനിധികളായി സ്വയം പ്രഖ്യാപിക്കുകയും ഭരണകൂടങ്ങളുടെ മേല്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു. യജ്ഞം, യാഗം തുങ്ങിയ അനുഷ്ഠാന വൈകൃതങ്ങളിലൂടെയാണ് ദൈവത്തിന്റെ സ്വന്തം പ്രതിനിധികളായി ഇക്കൂട്ടര്‍ അഭിനയിച്ചത്. അവരുടെ പ്രഖ്യാപനം ഇതായിരുന്നു.

”ദൈവാധീനം ജഗല്‍സര്‍വ്വം
മന്ത്രാധീനന്തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം”

ലോകം മുഴുവനും ദൈവത്തിന്റെ അധീനതയിലാണ്. ആ ദൈവമോ മന്ത്രത്തിന്റെ അധീനതയിലുമാണ്. ആ മന്ത്രമോ ബ്രാഹ്മണന്റെ അധീനതയിലുമാണ്. അതുകൊണ്ട് ബ്രാഹ്മണരാണ് നമ്മുടെ ദൈവം എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. ഇതുമാത്രമല്ല, ക്ഷത്രിയനായ രാജാവ് മനുനിയമപ്രകാരം രാജ്യം ഭരിച്ചാല്‍ പശുവിനും ബ്രാഹ്മണനും എന്നും സുഖം വരുമെന്നും അങ്ങനെ സുഖംവരുമ്പോള്‍ സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്നുമാണ്.”ലോകസമസ്താ സുഖിനോ ഭവന്തു” എന്നവസാനിക്കുന്ന ശ്ലോകത്തിന്റെ അര്‍ത്ഥമെന്നും അറിയേണ്ടതുണ്ട്. ഇതൊക്കെയാണ് യജ്ഞ-യാഗസംസ്‌കാരത്തിന് പിന്നിലെ സവര്‍ണ്ണരാഷ്ട്രീയ ദര്‍ശനം. ഈ യാഗസംസ്‌കാരത്തെ വെല്ലുവിളിച്ചും തച്ചുതകര്‍ത്തുമാണ് വിപ്ലവകാരികളായ ബുദ്ധനും ശ്രീനാരായണഗുരുവും മാനവധര്‍മ്മം വിളംബരം ചെയ്തത്. കേരളത്തില്‍ നായര്‍ മേധാവിത്തം സ്ഥാപിക്കാന്‍ ബ്രഹ്മണ്യത്തെ വെല്ലുവിളിച്ച ചട്ടമ്പിസ്വാമികളും യജ്ഞ-യാഗ സംസ്‌കാരത്തെ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. “”Vedic rituals are futile”- വേദകാല അനുഷ്ഠാനങ്ങള്‍ നിഷ്പ്രയോജനങ്ങളാണെന്നാണ് ബുദ്ധന്‍ പ്രഖ്യാപിച്ചത്. വേദധര്‍മ്മം വെള്ളം ഇല്ലാത്ത മരുഭൂമിയിയാണെന്നും നടപ്പാതയില്ലാത്ത വനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചുട്ടുണ്ട്. അത് ഹീനവിദ്യയാണെന്നും യജ്ഞ-യാഗാദികളിലൂടെ ബ്രാഹ്മണപൗരോഹിത്യം ചൂഷകവര്‍ഗ്ഗമായിട്ടുണ്ടെന്നും ബുദ്ധന്‍ തുറന്നടിച്ചിരുന്നു. അതുകൊണ്ടാണ് വാല്മീകിരാമായണത്തില്‍ ബ്രാഹ്മണരുടെ ആജ്ഞാനുവര്‍ത്തിയായ ശ്രീരാമന്‍ ബുദ്ധനെ കള്ളനെന്നു വിളിക്കുന്നത് (അയോദ്ധ്യകാണ്ഡം,109-ാം സര്‍ഗ്ഗം, 34-ാം ശ്ലോകം).
യാഗസംസ്‌കാരത്തെ ചട്ടമ്പിസ്വാമികള്‍ കഴിച്ചുമൂടുന്നത് നോക്കുക:”യജ്ഞയൂപത്തിന്മേല്‍ പശുവിനെ ബന്ധിച്ച് നവദ്വാരബന്ധനം ചെയ്തശേഷം മര്‍മ്മസന്ധികളില്‍ മര്‍ദ്ദിച്ച് നിഷ്ഠൂരമായി കൊല്ലുന്ന കര്‍മ്മംകൊണ്ട് സ്വര്‍ഗ്ഗവാതില്‍ തുറന്നുകിട്ടുമെങ്കില്‍ നരകത്തില്‍ പോകാനുള്ള കര്‍മ്മം ഏതായിരിക്കുമോ?” ”പുണ്ഡരിക യാഗത്തില്‍ വിധവയും ബ്രഹ്മചാരിയും ചേര്‍ന്നു നടത്തുന്ന സംഭോഗത്തെയും, അശ്വസ്യശിശ്‌നം പത്‌ന്യ ഉപസ്ഥേ നിധത്തെ (കുതിരയുടെ ലിംഗം രാജപത്‌നി തന്റെ യോനിയില്‍ കടത്തുന്നു) എന്ന് അശ്വമേധപ്രകരണം പറയുന്നതിനെയും ‘മഹാവ്രതാഖ്യയജ്ഞ ബ്രഹ്മചാരീത്വര്യോരതഭിമതം’ എന്നതിലെ ബ്രഹ്മചാരിയും കുലടയും തമ്മിലുള്ള സംയോഗത്തിന്റെ സമ്മതിയെയും ആയിരംവേദങ്ങള്‍ ആദരിച്ചു എന്നു വരികിലും പരിശുദ്ധന്മാര്‍ ആദരിക്കയില്ല.” (ചട്ടമ്പിസ്വാമികളുടെ ‘വേദാധികാരനിരൂപണം’ എന്ന കൃതി നോക്കുക) ഇപ്രകാരം ബുദ്ധനും നാരായണഗുരുവും ചട്ടമ്പിസ്വാമികളും തിരസ്‌കരിച്ച യാഗ സംസ്‌കാരത്തിന്റെ പ്രചാരകനായിട്ടാണ് നാരായണഗുരുഭക്തനെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള യേശുദാസ് പന്നിയൂരില്‍ നടന്ന സോമയാഗത്തില്‍ പങ്കെടുത്തത്. യാഗഭൂമിയില്‍ യജ്ഞ പതാക ഉയര്‍ത്തിക്കൊണ്ട് യേശുദാസ് പറഞ്ഞത് ഇങ്ങനെ: ”സര്‍വലോകത്തിന്റെയും നിലനില്പിനും ഐശ്വര്യത്തിനുമായി ഋഷിവര്യന്മാര്‍ ചെയ്തുപോന്നതാണ് യാഗങ്ങള്‍. സത്കര്‍മ്മങ്ങളില്‍നിന്ന് അകന്നുപോകുന്ന വര്‍ത്തമാനകാലത്ത് യാഗങ്ങള്‍ നിലനില്‌ക്കേണ്ടത് ആവശ്യമാണ്.” (മാതൃഭൂമി റിപ്പോര്‍ട്ട് മാര്‍ച്ച് 1, 2007, പുറം 10) നവോത്ഥാന നായകര്‍ സൃഷ്ടിച്ച യുക്തി ചിന്തയ്ക്കും മാനവധര്‍മ്മത്തിനുംനേരെ കാര്‍ക്കിച്ചുതുപ്പുകയാണ് ഗാനഗന്ധര്‍വ്വന്‍ ചെയ്തിരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ ‘ജാതി ഭേദം മതദ്വേഷം…’ എന്ന വരികളാണ് താന്‍ ആദ്യമായി റിക്കാര്‍ഡിങ്ങിനായി ആലപിച്ചതെന്ന് പറഞ്ഞ അതേ നാവുകൊണ്ടാണ് ജാതിഭേദത്തിന്റെയും മതവിദ്വേഷത്തിന്റെയും അപ്പോസ്തലന്മാര്‍ക്കുവേണ്ടി യേശുദാസ് ഇപ്രകാരം പറഞ്ഞത്. ജനഹൃദയങ്ങളില്‍ ഗാനഗന്ധര്‍വ്വന്‍ നേടിയെടുത്ത സ്ഥാനം ഉപയോഗപ്പെടുത്തി കാവിവത്കരണം ത്വരിതപ്പെടുത്തുകയാണ് ചാതുര്‍വര്‍ണ്യശക്തികളുടെ ലക്ഷ്യം. അഹിന്ദുവായാലും അയാളെ കരുവാക്കി ലക്ഷ്യം കാണുകയാണ് അവരുടെ തന്ത്രം. അതേസമയം ഗുരുവായൂര്‍ അമ്പലത്തിന് പുറത്താണ് ഈ അഹിന്ദുവിന് ഇക്കൂട്ടര്‍ നല്കുന്ന സ്ഥാനം.ഇനി ഗുരുവായൂരിലേക്കില്ലെന്ന് പറഞ്ഞ യേശുദാസാണ് ഇപ്പോള്‍ സോമയാഗത്തിന് യജ്ഞപതാക ഉയര്‍ത്തി ചരിത്രപരമായ അടിമത്തം വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ സിനിമാനടന്മാര്‍ മദ്യത്തിന്റെ ബ്രാന്റ് അംബാസഡര്‍മാരാകുമ്പോള്‍ ഗായകന്മാര്‍ യജ്ഞ-യാഗസംസ്‌കാരത്തിന്റെ പ്രചാരകരായി മാറുകയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതേണ്ടവര്‍ പൂമൂടാനും ആള്‍ദൈവങ്ങള്‍ക്ക് പൂമെത്തവിരിക്കാനും തയ്യാറാകുന്നു. നമ്മുടെ സാംസ്‌കാരികനായകന്മാരും വാനമ്പാടികളും അനാചാരക്കോട്ടകളുടെ സൂക്ഷിപ്പുകാരായി വിലസുന്നു.
ഇരുട്ടിന്റെ ശക്തികളെ താലോലിക്കുന്ന ഇടതു-വലത് ശക്തികള്‍ ഭ്രാന്താലയത്തിലേക്കുള്ള വഴി വെട്ടിത്തെളിക്കുകയാണ്. വേദങ്ങളില്‍ ആരംഭിച്ച് ബ്രാഹ്മണങ്ങളില്‍ വളര്‍ന്ന് കല്പസൂത്രത്തില്‍ പൂത്തുനില്ക്കുന്നവയാണ് യാഗങ്ങള്‍. ശ്രുതസൂത്രങ്ങളില്‍നിന്നാണ് യാഗങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ നമുക്കു ലഭിക്കുന്നത്. സാമ്പത്തിക ചൂഷണം ലക്ഷ്യമിട്ട് എണ്ണമറ്റ യാഗങ്ങളാണ് ബ്രാഹ്ണപൗരോഹിത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ യാഗങ്ങളെ വിഭജിച്ചിട്ടുണ്ട്. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദൈവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം, എന്നിങ്ങനെയും വിഭജനമുള്ളതായി ഗാരുഢപുരാണം പറയുന്നു. കര്‍മ്മജ്ഞം, തപോയജ്ഞം, ജപയജ്ഞം, ധ്യാനയജ്ഞം, പാകയജ്ഞം, ഹവിര്‍യജ്ഞം, സോമയജ്ഞം എന്നിങ്ങനെയും യജ്ഞങ്ങളെ വിഭജിച്ച് ചൂഷണമാര്‍ഗ്ഗമാക്കിയിട്ടുണ്ട്. ഇവ കൂടാതെ അശ്വമേധം, അജമേധം, മഹിഷമേധം, ഗോമേധം, പുരുഷമേധം എന്നിങ്ങനെ മനുഷ്യമാംസംവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള യജ്ഞപരമ്പരയുമുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുപറയാതെ നുണക്കഥകള്‍ പ്രചരിപ്പിച്ചാണ് വര്‍ഗ്ഗീയശക്തികള്‍യജ്ഞസംസ്‌ക്രാത്തിന് ആളെക്കുട്ടുന്നത്. ഹിന്ദുമതം മ്ലേച്ഛമായി കരുതുന്ന അഹിന്ദുക്കളെയും പ്രചാരണത്തിന് ഉപയോഗിക്കുന്നത് അതുകൊണ്ടാണ്.
യാഗങ്ങള്‍ക്കു പിന്നാലെ ഭീകരത മനസ്സിലാക്കിയാല്‍ ഈ പ്രകൃതാചാരം തിരിച്ചുവരുന്നതിനെ നാം എതിര്‍ക്കുകതന്നെ ചെയ്യും. സോമയാഗങ്ങളില്‍ ജന്തുഹോമം ഒരു പ്രധാന പരിപാടിയാണ്. ആട്, പശു, കാള, കുതിര, പോത്ത്, മാന്‍ എന്നിവയെ ഹോമിച്ചിരുന്നു. പശു നമ്മുടെ അമ്മയാണെന്ന് പറയുന്നതും ഈ യജ്ഞക്കാരാണ്. പശു അമ്മയാണെങ്കില്‍ കാള അച്ഛനാകണ്ടെ എന്ന് ചോദിക്കുന്നത് ഇവര്‍ക്ക് ഇഷ്ടവുമല്ല. വേണ്ടിവന്നാല്‍ അച്ഛനെയും അമ്മയെയും ഹോമിക്കും! ഭര്‍ത്താവ് മരിച്ച സ്ത്രീയെ (അമ്മയെ) സതി അനുഷ്ഠിപ്പിക്കുന്നത് ഇക്കൂട്ടരാണ്. സ്വന്തം മക്കളും ബന്ധുക്കളും ചേര്‍ന്നാണ് ഈ സ്ത്രീയെ (അമ്മയെ) ബലമായി പിടിച്ച് ചിതയിലിടുന്നത്. ഇറങ്ങി ഓടാതിരിക്കാന്‍ വലിയ വടികള്‍കൊണ്ട് ‘അമ്മയെ’ തീയില്‍ തന്നെ കുത്തിനിറുത്തുകയും ചെയ്യും! പുണ്യം വേണമെങ്കില്‍ അങ്ങനെതന്നെ ചെയ്യണം. ബ്രിട്ടീഷുകാരും രാജാറാംമോഹന്‍ റോയിയും ചേര്‍ന്ന് നിറുത്തലാക്കിയ ഈ ‘മഹത്തായ പാരമ്പര്യത്തെ’ സ്വതന്ത്ര ഭാരതത്തിലെ മാതൃസ്‌നേഹികള്‍ വീണ്ടും നടപ്പിലാക്കിയത് നാം കണ്ടതാണ്. ഇതൊക്കെ കാണാന്‍ ഇന്നത്തെ യാഗത്തിന് ഹോമിക്കാനുള്ള മൃഗത്തെശ്വാസംമുട്ടിച്ചോ കഴുത്തു ഞെരിച്ചോ വേണം കൊല്ലാന്‍. യജ്ഞ പശുവിനെ 36 കഷണങ്ങളാക്കി ഓരോ ഭാഗവും വ്യത്യസ്ത റാങ്കിലുള്ള യജ്ഞ പുരോഹിതന്മാര്‍ എടുക്കണമെന്നാണ് വ്യവസ്ഥ. ഐതരേയ ബ്രാഹ്മണം പറയുന്നത് ഇങ്ങനെ(7-1):

പ്രസ്‌തോതാവ് – താടിയെല്ലും നാക്കും
ഉദ്ഗാതാവ് – വയറ്
പ്രതിഹര്‍ത്താവ് – കഴുത്ത്
മൈത്രാവരുണന്‍ – വലതു തുടയുടെ കീഴ്ഭാഗം
ബ്രാഹ്മണാച്ഛംസി – ഇടതു തുടയുടെ കീഴ്ഭാഗം
അച്ഛാവാകന്‍ – വലതു തുടയുടെ മുകള്‍ഭാഗം
അഗ്നീധ്രന്‍ – ഇടതു തുടയുടെ മുകള്‍ഭാഗം
നേഷ്ടാവ് – വലതു മുന്‍കാലിന്റെ കീഴ്ഭാഗം
പോതാവ് – ഇടതു മുന്‍കാലിന്റെ കീഴ്ഭാഗം
അത്രേയന്‍ – വലതു മുന്‍കാലിന്റെ മുകള്‍ഭാഗം
സദസ്യന്‍ – ഇടതു മുന്‍കാലിന്റെ മുകള്‍ഭാഗം
അധ്വര്യു – ചുമലോടു ചേര്‍ന്ന വലതുഭാഗം
പ്രതിപസ്താവ് – ചുമലോട് ചേര്‍ന്ന ഇടതുവശം
ഗ്രാവസ്തുതന്‍ – കഴുത്തിലെ മാംസം
നേതാവ് – പിന്‍ഭാഗത്തെ മാംസം
സുബ്രഹ്മണ്യന്‍ – തല

യജ്ഞപതാക ഉയര്‍ത്തുന്നവര്‍ക്ക് ഇതിന്റെ പങ്കുണ്ടോ എന്ന കാര്യം യാഗാചാര്യന്മാരോട് ചോദിച്ചാലറിയാം. ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യമുണ്ടാക്കാനാണ് സോമയാഗം നടത്തുന്നതെന്ന പ്രചാരണം പൊള്ളയാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. അശ്വമേധത്തിന്റെ കുതിരയെ കൊന്ന് വേവിക്കുന്നതിന്റെ യാഥാര്‍ത്ഥചിത്രം ഋഗ്വേദത്തില്‍ കാണാം. അശ്വത്തെ വേവിക്കുന്നതു നോക്കിനില്ക്കുന്നവര്‍, ”നല്ല മണം- ഇത്തിരി തരുമോ” എന്നു ചോദിക്കുന്നവര്‍, കുതിരയുടെ ബാക്കി മാംസം ഇരക്കുന്നവര്‍ ഇവരൊക്കെ നമ്മെ ചുഴലട്ടെ എന്ന് ഋഗ്വേദം പ്രഖ്യാപിക്കുന്നു. വള്ളത്തോള്‍ തര്‍ജ്ജമചെയ്ത ഋഗ്വേദത്തില്‍ ഇക്കാര്യമെല്ലാം കാവ്യരൂപത്തില്‍ പറയുന്നുണ്ട്. മാംസം മാത്രമല്ല യാഗത്തിന്റെ പേരില്‍ ബ്രാഹ്മണര്‍ക്ക് കിട്ടിയിരുന്നത്. സ്വര്‍ണ്ണം, വെള്ളി, നാണയം, ആഹാരസാധനങ്ങള്‍ എന്നിവ കൂടാതെ സുന്ദരിമാരായ കന്യകമാരെയും സമ്മാനമായി കൊടുത്തിരുന്നു. ചിലപ്പോള്‍ ഒരു ഗ്രാമം തന്നെ തീറെഴുതി കൊടുക്കുകയും ചെയ്യും (മാനവശ്രുതസൂത്രം,11-1-1).
യാഗം നടത്തിച്ചിരുന്ന യജമാനന്റെ കൂലിക്കാരാണ് യഥാര്‍ത്ഥത്തില്‍ യാഗത്തിലെ പുരോഹിതന്മാര്‍. ഇതിന്റെ ഗുണം കിട്ടുമെന്ന് വിശ്വസിച്ചിരുന്നത് യാഗത്തിന് പണം മുടക്കുന്ന യജമാനന്മാരാണ്. ബ്രാഹ്മണപൗരോഹിത്യത്തിന്റെ തന്ത്രങ്ങളില്‍ വീണുപോയ രാജാക്കന്മാരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. യാഗത്തിനിടെ അതിന്റെ ഗുണം തങ്ങള്‍ക്കു കൂടി കിട്ടാന്‍ ഈ പുരോഹിതര്‍ പ്രാര്‍ത്ഥിക്കാറുമുണ്ട് (വള്ളത്തോള്‍, ഋ ശശശ2-13-5). യാഗം നടത്തി പാപ്പരായ രഘു എന്ന രാജാവിന്റെ ചിത്രമാണ് കാളിദാസന്‍ രഘുവംശത്തില്‍ വരച്ചുകാട്ടിയിരിക്കുന്നത്. ഉടുവസ്ത്രംമാത്രമാണ് രഘുവിന്റേതായി ഒടുവില്‍ അവശേഷിച്ചത്. ഇതിനെയാണ് സര്‍വ്വര്‍ക്കും ഐശ്വര്യമുണ്ടാക്കുന്ന സോമയാഗമെന്ന് പന്നിയൂരിലെ യാഗനേതാക്കളും മറ്റും പ്രചരിപ്പിക്കുന്നത്. രാജാക്കന്മാരേക്കാള്‍ മഹാന്മാരാണ് ബ്രാഹ്മണപുരോഹിതര്‍ എന്ന് സ്ഥാപിക്കലാണ് യാഗത്തിന്റെ ഒരു ലക്ഷ്യം. രാജസൂയയാഗത്തില്‍ രാജാവിനെ അഭിഷേകം ചെയ്തശേഷം പുരോഹിതര്‍ പറയുന്ന മന്ത്രമിതാണ്:” അല്ലയോ ജനങ്ങളേ, ഇദ്ദേഹമാണ് നിങ്ങളുടെ രാജാവ്, ഞങ്ങളുടെ രാജാവാകട്ടെ സോമമാണ്” (ശതപഥബ്രാഹ്മണം 5-3-3-12) ”രാജാപ്രത്യക്ഷ ദൈവം” എന്ന ക്ഷത്രിയരുടെ തിരിച്ചടി വന്നത് ഈ മേധാവിത്തസമീപനം കൊണ്ടായിരിക്കാം. ഇക്കഥകള്‍ അറിയാതെയാണ് യേശുദാസന്മാര്‍ യാഗഭൂമിയിലെ ബലിയാടായിത്തീരുന്നത്. അതുകൊണ്ടാണ് ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും യാഗത്തിന് പോകണമെന്ന് പന്നിയൂരില്‍ യേശുദാസ് പറഞ്ഞത്. ഫലത്തില്‍ ആധുനിക കേരള സൃഷ്ടിക്ക് നിദാനമായ നവോത്ഥാനസംസ്‌കാരത്തെ ‘മുപ്പത് വെള്ളിക്കാശിനുവേണ്ടി” ഒറ്റിക്കൊടുക്കുകയാണ് യേശുദാസ് ചെയ്തത്. കപടസന്ന്യാസികളെയും പുരോഹിതന്മാരെയും ചുങ്കക്കാരെയും ചാട്ടവാറുകൊണ്ടടിക്കണമെന്നാണ് യേശുക്രിസ്തു പറഞ്ഞത്. പ്രിയപ്പെട്ട യേശുദാസ് നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം വര്‍ജ്ജ്യമായത് എന്തുകൊണ്ട്? അല്പമെങ്കിലും ധാര്‍മ്മികത അവശേഷിക്കുന്നെങ്കില്‍ ആ ‘വെള്ളിക്കാശ്’ യാഗഭൂമിയിലേക്കു തന്നെ വലിച്ചെറിയുക.
__________________________

(ഡോ.എം.എസ് ജയപ്രകാശ് അടിയുറച്ച കീഴാള നിലപാടുകള്‍ എടുത്തിരുന്ന ചരിത്രകാരനാണ്. ദീര്‍ഘകാലം അധ്യാപകനായിരുന്നു. നിവര്‍ത്തന പ്രക്ഷോഭണത്തെപ്പറ്റിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 2013 മെയ് 10-ന് അന്തരിച്ച അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി Dr.M.S Jayaprakash Foundation for Social Justice എന്ന സ്ഥാപനം 2014 ഫെബ്രുവരിയില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. 2007 മാര്‍ച്ച് മാസത്തില്‍ പത്തിയൂരില്‍ നടന്ന സോമയാഗത്തിന് പതാക ഉയര്‍ത്തിയ കെ. ജെ. യേശുദാസിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഡോ. ജയപ്രകാശിന്റെ ലേഖനമാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്)

Top