മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും സമീപിക്കുന്ന ലേഖനമാണിത്. സി.പി.ഐ. എമ്മിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴുള്ള മാധ്യമഭീതിയെയല്ല കമല്‍റാം പിന്താങ്ങുന്നത്. എന്നാല്‍ സി.പി.ഐ.എം വിമര്‍ശനത്തെ ഒരുതരം വയറ്റുപ്പിഴപ്പ് പോലെ കൊണ്ടുനടക്കുന്ന വലതുപക്ഷ മാധ്യമശീലത്തെ, അതിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒരു സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ കേവലം ക്ഷുദ്രമായ ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളുടെ ഇടുങ്ങിയ രൂപങ്ങളിലേക്ക് ചുരുങ്ങിപ്പോയെന്നും അത് സൃഷ്ടിച്ച തെറ്റായ കീഴ് വഴക്കങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കുന്നുണ്ട് കമല്‍റാം സജീവ്.

_______________
ഡോ. ടി.ടി. ശ്രീകുമാര്‍
_______________
പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടുകളുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഇല്ലെന്നു തന്നെ പറയാം. നിലപാടുകളും പക്ഷപാതിത്വങ്ങളും ഉണ്ടാവുന്നതല്ല കുഴപ്പം. അവ വാദിച്ചുറപ്പിക്കാനും പ്രതിപക്ഷ ബഹുമാനത്തോടെ അവതരിപ്പിക്കാനുമുള്ള ക്ഷമയും അടിസ്ഥാന ധാരണകളും ഇല്ലാതെ പോകുന്നു എന്നതാണ് പ്രശ്‌നം. സംവാദോന്മുഖമായി ആശയങ്ങളും പരിപ്രേക്ഷ്യങ്ങളും മുന്നോട്ടു വയ്ക്കുക, അവയ്ക്ക് പിന്നിലെ നിലപാടുകള്‍ സുവ്യക്തമാക്കുക എന്നിവയൊക്കെ അറിവും അനുഭവവും വായനയും പ്രചോദനവും പ്രതികരണശേഷിയുമാവശ്യമുള്ള കാര്യങ്ങളാണ്. പത്രപ്രവര്‍ത്തനം പോലെ സദാ സംഘര്‍ഷാത്മകമായ ഒരു മേഖലയെക്കുറിച്ചാവുമ്പോള്‍ ഇതിനു കൂടുതല്‍ സാംഗത്യവുമുണ്ട്. നിര്‍ഭയമായി സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും അവയുടെ പ്രത്യയശാസ്ത്രപശ്ചാത്തലം നിഷേധിക്കാതിരിക്കുകയും ചെയ്യുന്ന തുറന്ന രീതിയാണ് കമല്‍റാം സജീവിന്റെ ‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഈ ഗ്രന്ഥം നല്‍കുന്ന വായനയുടെ അസ്വസ്ഥതകള്‍ പെട്ടെന്ന് വിട്ടുപോകുന്നതല്ല.

മറ്റു മാധ്യമപ്രവര്‍ത്തകര്‍ കടക്കാന്‍ മടിക്കുന്ന വിമര്‍ശന-സ്വയം വിമര്‍ശനത്തിന്റെ മേഖലയിലേക്കാണ് ഇവിടെ കമല്‍ കടക്കുന്നത്. ലോകത്തിലാകെ പത്രങ്ങളുടെ പ്രാധാന്യം ഇടിയുന്നുവോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ധീരമായ സമീപനമില്ലാതെ ഇതിനെക്കുറിച്ച് എഴുതാനും പറയാനും ഒരു പത്രപ്രവര്‍ത്തകനും കഴിയില്ല എന്നതാണ് വസ്തുത. ആഗോളതലത്തിലും ദേശീയതലത്തിലും ഉണ്ടാകുന്ന ചലനങ്ങള്‍ അറിയുകയും അവയെ അപഗ്രഥിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഇതിലെ പല ലേഖനങ്ങളിലും കമല്‍ ഏറ്റെടുക്കുന്നത്. എന്റെ ഒരു വിദ്യാര്‍ത്ഥി ഗവേഷണം ചെയ്തത് ദൈനിക്

കമല്‍റാം സജീവ്

ഭാസ്‌കറിനെ കുറിച്ചായിരുന്നു. ആഗോളവല്‍ക്കരണം പത്രത്തിന്റെ രൂപഭാവങ്ങളെ, വിപണനതന്ത്രങ്ങളെ എങ്ങനെ മാറ്റുന്നു എന്ന്, അത് ന്യൂസ് ഡസ്‌കിനെ തന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദമായി പഠിക്കുന്ന പ്രബന്ധമായിരുന്നു അത് (T.A. Neyazi (2009), Media Convergence and Hindi Newspapers: Changing Institutional and Discursive Dimensions, 1977-2007, NUS). സാംസ്‌കാരിക സാമ്രാജ്യത്വത്തിനും വെര്‍ണാകുലര്‍ ആധുനികതയ്ക്കും ഇടയിലുള്ള ഭാഷാപത്രങ്ങളുടെ അതിജീവനതന്ത്രങ്ങള്‍ ആ പഠനത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തനത്തിനു പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളും അവയോടുള്ള പത്രപ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ഏറെ പ്രാധാന്യമുള്ള വിഷയമാണ്. പത്രത്തെയും പത്രപ്രവര്‍ത്തനത്തെയും മാറ്റിമറിക്കുന്ന ആഗോള ചലനങ്ങളെ രാഷ്ട്രീയമായി വിലയിരുത്തുക എന്നത് എളുപ്പമല്ല. ഈ പുസ്തകത്തില്‍ കമല്‍റാം ഒരു വലിയ അളവ് വരെ ആ ജോലി ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.
‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും സമീപിക്കുന്ന ലേഖനമാണിത്. സി.പി.ഐ. എമ്മിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴുള്ള മാധ്യമഭീതിയെയല്ല കമല്‍റാം പിന്താങ്ങുന്നത്. എന്നാല്‍ സി.പി.ഐ.എം വിമര്‍ശനത്തെ ഒരുതരം വയറ്റുപ്പിഴപ്പ് പോലെ കൊണ്ടുനടക്കുന്ന വലതുപക്ഷ മാധ്യമശീലത്തെ, അതിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒരു സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ കേവലം ക്ഷുദ്രമായ ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളുടെ ഇടുങ്ങിയ രൂപങ്ങളിലേക്ക് ചുരുങ്ങിപ്പോയെന്നും അത് സൃഷ്ടിച്ച തെറ്റായ കീഴ് വഴക്കങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കുന്നുണ്ട് കമല്‍റാം സജീവ്. ഇടതുപക്ഷത്തിന്റെ നയവ്യതിയാനങ്ങളെ അതിന്റെ രാഷ്ട്രീയത്തിന്റെ സന്ദര്‍ഭങ്ങളില്‍ , ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയോട് പതുക്കെ പൊരുത്തപ്പെടാന്‍ പഠിക്കുന്ന ഒരു തീവ്രവിഭാഗത്തിന്റെ രാഷ്ട്രീയ വ്യാകുലതകളുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ വിസമ്മതിച്ചുകൊണ്ട് നല്ല സി.പി. എം/ചീത്ത സി.പി.എം. എന്നിങ്ങനെ ഒരു വിഭജനം സൃഷ്ടിച്ച്, പഴയ സി.പി.എം എപ്പോഴും മഹാനന്മകളുടെ വിളനിലവും പുതിയ സി.പി.ഐം. സദാ തിന്മകളുടെ ഘോരമൂര്‍ത്തിയും ആണെന്ന് വാദിച്ചുറപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ നല്‍കി, അത് സമര്‍ഥമായി മാര്‍ക്കറ്റ് ചെയ്തു കഴിഞ്ഞുപോരുകയാണ് മലയാളമാധ്യമങ്ങള്‍ എന്ന് കമല്‍റാം നിരീക്ഷിക്കുന്നു.
സി.പി.ഐ.എം ആകട്ടെ, എപ്പോഴും തീവ്രമായ മാധ്യമഭീതി അണികളില്‍ കടത്തിവിട്ടാണ് ഇതിനു പ്രതിരോധം നിര്‍മ്മിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ ജാഗ്രതകളും സംയമനങ്ങളും നഷ്ടപ്പെട്ട പത്രാധിപന്മാര്‍ വരെ ഗ്രൂപ്പ് കളിക്കാനിറങ്ങിയ കാലത്തിന്റെ ബാക്കി പത്രമായി, സി.പി.ഐ.എമ്മിലെ ഗ്രൂപ്പ് വൈരങ്ങള്‍ സൃഷ്ടിച്ച ഭൂതങ്ങള്‍ ആ പാര്‍ട്ടിയുടെ ഓഫീസ് പടികള്‍ കടന്നു ന്യൂസ് ഡസ്‌ക് വരെ കടന്നെത്തുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടിക്ക് ബൂര്‍ഷ്വാ പത്രങ്ങളിലെ ‘സ്വന്ത’ക്കാരുടെ പക്ഷം പിടിക്കുകയും അവരില്‍ പലരെയും സംരക്ഷിക്കുകയും ചെയ്യേണ്ട ഗതികേടായി. എന്നാല്‍ ഈ തക്കത്തില്‍ വളര്‍ന്നു കയറിയത് ഹിന്ദുത്വശക്തികളായിരുന്നു. മാധ്യമം പത്രം തുടങ്ങിയ സമയത്തെക്കുറിച്ച് കമല്‍റാം സൂചിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് മാധ്യമം ഒരു പുതിയ പത്രസംസ്‌കാരത്തിന് തുടക്കമിട്ടു എന്നതിന്റെ വസ്തുനിഷ്ഠമായ ഒരു വിശകലനം അദ്ദേഹം നടത്തുന്നു. മാധ്യമം ആ പാരമ്പര്യം ഇപ്പോള്‍ ഉപേക്ഷിക്കുന്നുവോ എന്ന സന്ദേഹത്തെ കുറിച്ചും സൂചനകള്‍ നല്കുന്നുണ്ട്. സി.പി.ഐ. എമ്മിനെ വിമര്‍ശിക്കുന്നതില്‍ എവിടെയാണ് മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയതെന്നതിനെ കുറിച്ച് നിശിതമായ ഒരു നിരീക്ഷണം കമല്‍റാം നടത്തുന്നു.
”വാര്‍ത്തകള്‍ വാര്‍ത്തകളായിത്തന്നെ പരിഗണിച്ചാല്‍ പോലും സി.പി.എം. മറുപടി പറയേണ്ട രാഷ്ട്രീയസന്ദര്‍ഭങ്ങള്‍ ഇന്ത്യയില്‍ ദിനം തോറും ഉണ്ടാകുന്നുണ്ട്. ജീവിച്ചിരിക്കുന്നവരും മുളച്ചുപൊന്തി തുടങ്ങുന്നവരുമായ സകല ആള്‍ദൈവങ്ങള്‍ക്കും സമ്പൂര്‍ണ ആധിപത്യമുള്ള പത്രം നിര്‍മ്മിക്കുക, കേരളത്തില്‍ വേരോട്ടമില്ലാത്ത കൊടിയ വര്‍ഗീയവാദികള്‍ക്ക് അവരുടെ കോളങ്ങളിലൂടെ വിഷം ചീറ്റാന്‍ അവസരമൊരുക്കുക എന്നിങ്ങനെ പ്രത്യക്ഷത്തില്‍ മനസ്സിലാകുന്ന കാംപയിന്‍ പരിസരത്തുനിന്നുള്ള സി.പി.എം. വിരോധം എത്ര സോദ്ദേശ്യപരമായിരുന്നാലും നിക്ഷിപ്ത താല്‍പ്പര്യങ്ങളായി മാത്രമേ രേഖപ്പെടുത്തപ്പെടുകയുള്ളു” (ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും).

___________________________
ഹിന്ദുത്വശക്തികളോട് കര്‍ക്കശമായ നിലപാടെടുത്തിട്ടുള്ള ചുരുക്കം ചില പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് കമല്‍റാം സജീവ്. കേരളത്തിലെ ഹിന്ദുത്വവാദത്തിന്റെ പ്രധാന ജിഹ്വകളില്‍ ഒന്നായ കേസരി പത്രം അദ്ദേഹത്തിനെതിരെ നടത്തിയിട്ടുള്ള കാംപയിനുകള്‍ മാത്രം നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഹൈന്ദവ ഫാഷിസത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന എത്ര പത്രപ്രവര്‍ത്തകരുണ്ട് നമ്മുടെ നാട്ടില്‍? എന്നു മാത്രമല്ല, അറിഞ്ഞും അറിയാതെയും ഹിന്ദുത്വ അജണ്ട സ്വന്തം അജണ്ടയാക്കി മാറ്റുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി.യുടെ കെ. സുരേന്ദ്രനെ പോലെ ഒരാളിന് ഏഷ്യാനെറ്റ് നല്‍കുന്ന പ്രാധാന്യം ശ്രദ്ധിക്കുക. ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നതുപോലെ, അതിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖര്‍ ആയതുകൊണ്ട് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമുള്ള ശ്രമമാണെന്ന് ഞാന്‍ കരുതുന്നില്ല. മറ്റൊരു ബാല്‍ താക്കറെയെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ എളുപ്പമല്ലെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല.  
___________________________

ഹിന്ദുത്വശക്തികളോട് കര്‍ക്കശമായ നിലപാടെടുത്തിട്ടുള്ള ചുരുക്കം ചില പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് കമല്‍റാം സജീവ്. കേരളത്തിലെ ഹിന്ദുത്വവാദത്തിന്റെ പ്രധാന ജിഹ്വകളില്‍ ഒന്നായ കേസരി പത്രം അദ്ദേഹത്തിനെതിരെ നടത്തിയിട്ടുള്ള കാംപയിനുകള്‍ മാത്രം നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഹൈന്ദവ ഫാഷിസത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന എത്ര പത്രപ്രവര്‍ത്തകരുണ്ട് നമ്മുടെ നാട്ടില്‍? എന്നു മാത്രമല്ല, അറിഞ്ഞും അറിയാതെയും ഹിന്ദുത്വ അജണ്ട സ്വന്തം അജണ്ടയാക്കി മാറ്റുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി.യുടെ കെ. സുരേന്ദ്രനെ പോലെ ഒരാളിന് ഏഷ്യാനെറ്റ് നല്‍കുന്ന പ്രാധാന്യം ശ്രദ്ധിക്കുക. ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നതുപോലെ, അതിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖര്‍ ആയതുകൊണ്ട് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമുള്ള ശ്രമമാണെന്ന് ഞാന്‍ കരുതുന്നില്ല. മറ്റൊരു ബാല്‍ താക്കറെയെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ എളുപ്പമല്ലെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല. അണിയറയില്‍ അതിനുള്ള നീക്കങ്ങളുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ സൃഷ്ടിക്കുന്നവരെ സംഹരിക്കുന്ന ദുര്‍ഭൂതങ്ങളെ അടക്കാന്‍ കഴിയാതെ സ്രഷ്ടാക്കള്‍ തന്നെ പിന്നീട് നെട്ടോട്ടമോടേണ്ടി വരും എന്നതാണ് ചരിത്രപാഠം. ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാനാണ് തന്റെ എഴുത്തിലൂടെയും എഡിറ്റര്‍ എന്ന ചുമതല രാഷ്ട്രീയബോധത്തോടെ നിര്‍വഹിക്കുന്നതിലൂടെയും കമല്‍റാം തുനിയുന്നത് എന്നത് ചെറിയകാര്യമല്ല.
ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളുടെ രാഷ്ട്രീയത്തെ ഒരു പത്രപ്രവര്‍ത്തകന്റെ കണ്ണിലൂടെ വിശകലനം ചെയ്യുന്ന ലേഖനം എന്നെ തികച്ചും അമ്പരപ്പിച്ചു. (പത്രം പത്രേന ശാന്തി). പക്ഷേ, അതിലെ നിഗമനങ്ങളുടെ സത്യത്തിനോട് പൊരുത്തപ്പെടുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. ആരാണ് ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് എന്ന ചോദ്യത്തിന്, എന്താണ് പത്രപ്രവര്‍ത്തനത്തിലെ ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് സങ്കല്പം എന്നതിന് കമല്‍റാം നല്‍കുന്ന സാക്ഷ്യങ്ങള്‍ അങ്ങേയറ്റം വിശ്വസനീയങ്ങളാണ്. കമല്‍റാമിന്റെ ചില പൊതുനിരീക്ഷണങ്ങള്‍ ഇന്ത്യയിലെ മാത്രമല്ല, ബഹുകക്ഷി രാഷ്ട്രീയവ്യവസ്ഥ നിലനില്‍ക്കുന്ന പല രാജ്യങ്ങളിലെയും പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകളെയും പരിമിതികളെയും മനസ്സിലാക്കാന്‍ കഴിയുന്ന അപഗ്രഥനപരമായ ഒരു ചട്ടക്കൂടിന്റെ സാന്നിധ്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തില്‍ അദ്ദേഹം അത് വികസിപ്പിക്കുന്നില്ലെങ്കിലും സൈദ്ധാന്തികമായി പ്രയോജനപ്പെടുത്താവുന്ന ഒട്ടനവധി ഉള്‍ക്കാഴ്ചകള്‍ ഓരോ ലേഖനത്തിലും അദ്ദേഹം കൊണ്ടുവരുന്നുണ്ട്. മാത്രമല്ല, റോബിന്‍ ജെഫ്രിയുടെതടക്കം പല അക്കാദമിക് പഠനങ്ങളും അദ്ദേഹം പരാമര്‍ശിക്കുന്നുമുണ്ട്. ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും അഴിമതികള്‍ ഒരുപോലെ തുറന്നുകാട്ടുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളെ, ഒരു എലീറ്റ് ഇടതുപക്ഷ എഡിറ്റര്‍ എന്ന് കമല്‍റാം വിശേഷിപ്പിക്കുന്ന എന്‍. റാം അമരക്കാരനായിരുന്നിട്ടുപോലും ഇവയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയാതെപോയ ഹിന്ദുവിനോട് താരതമ്യം ചെയ്യുന്നത് ഗ്രന്ഥകാരന്റെ കാഴ്ചപ്പാടുകളെ കുറിച്ചും വിശകലനപരമായ സൂക്ഷ്മതകളെ കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദര്‍ഭം കൂടിയാണ്. പൊതുധാരണകളില്‍ കടന്നുകൂടിയിട്ടുള്ള വികലഭാഷ്യങ്ങളെ മാറ്റിമറിക്കാന്‍ കമല്‍റാം ശക്തമായ ഉദാഹരണങ്ങളും വിശകലനങ്ങളും ഒരുപോലെ മുന്നോട്ടു വയ്ക്കുന്നു. പത്രങ്ങളിലെ പരസ്യങ്ങളെ കുറിച്ചും അതിന്റെ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചും മാത്രമല്ല, പത്രങ്ങളുടെ തന്നെ പരസ്യങ്ങളിലെ കാണാതെ പോകുന്ന രാഷ്ട്രീയത്തെ കുറിച്ചും കമല്‍റാം വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നു:
”കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ റോഡ് മാര്‍ഗം യാത്ര ചെയ്യുകയാണെങ്കില്‍ മുഖ്യധാരാ പത്രങ്ങളുടെ അവകാശവാദങ്ങളുടെ പടുകൂറ്റന്‍ പരസ്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടും. കാര്‍ ഉടമകള്‍ വായിക്കുന്ന പത്രം, മൊബൈല്‍ ഫോണ്‍ ഉടമകള്‍ വായിക്കുന്ന പത്രം, അഞ്ചില്‍ നാലുപേരും ഒപ്പം നില്‍ക്കുന്ന പത്രം, നാളെ ലാപ്‌ടോപ് വാങ്ങാന്‍ പോകുന്നവര്‍ വായിച്ചേക്കാവുന്ന പത്രം. ഒറ്റ പരസ്യപ്പലകയിലും കാണില്ല എന്ന് നമുക്ക് വാതുകെട്ടാവുന്ന രണ്ടു വാചകങ്ങള്‍ കണ്ണും പൂട്ടി ഇവിടെ എഴുതാം: 1. ഏറ്റവും നല്ല പത്രം. 2. ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന പത്രം.” (പത്രം പത്രേന ശാന്തി).

_________________________________
 ‘പത്രം പത്രേന ശാന്തി’ എന്ന ലേഖനം എല്ലാ ജേണലിസം വിദ്യാര്‍ത്ഥികളും അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് എന്നു ഞാന്‍ കരുതുന്നു. നാളെയുടെ പത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയമായി സജ്ജരാകേണ്ടതെങ്ങനെ എന്ന് ഇന്നത്തെ വീഴ്ചകളുടെ സമകാലികമായ നിരവധി ഉദാഹരണങ്ങളിലൂടെ കാട്ടിത്തരുന്നുണ്ട് ഈ ലേഖനത്തില്‍. സ്വയം വിമര്‍ശനത്തിന്റെ സഫലതയാര്‍ന്ന ഒരു തലം ഏറ്റവും സൂക്ഷ്മമായി ഉപയോഗിച്ചുകൊണ്ടാണ് കമല്‍റാം തന്റെ നിഗമനങ്ങളിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ‘കരുണാകരന്റെ എഴുതാത്ത ആത്മകഥ’ എന്ന ലേഖനം ഒരു നേതാവിന്റെ അധാര്‍മികമായ പൊതുജീവിതത്തെ അയാളുടെ ഇരകളുടെ വലിയ ദുരന്തങ്ങളിലൂടെ തുറന്നുകാട്ടുന്നതാണ്. 
_________________________________

പത്രം വായിക്കാന്‍ കഴിയാത്തവരുടെ, പത്രങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് തന്നെ തമസ്‌കരിക്കുന്നവരുടെ ലോകത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ മുഖ്യധാരാ പത്രപ്രവര്‍ത്തകര്‍ ഒഴിവാക്കാറാണു പതിവ്. ഈ പതിവ് തെറ്റിച്ച് വായനയുടെ സാമൂഹികതലങ്ങളിലേക്ക് സൂക്ഷ്മമായി കമല്‍റാം ഇറങ്ങിച്ചെല്ലുന്നു. അദ്ദേഹം പറയുന്നു:
”1.50 രൂപയുടെ ഇന്‍വിറ്റേഷന്‍ പ്രൈസില്‍ വിറ്റിട്ടും ഭോപ്പാലിലെ നവഭാരത് ടൈംസ് കാശ് കൊടുത്തു വാങ്ങുന്ന ദലിതരുടെ സംഖ്യ പൂജ്യമാണ്. മാധ്യമവിമര്‍ശകയായ സെമന്തി നൈനാനും സുഷ്മിത മാളവികയും നടത്തിയ ഒരന്വേഷണത്തില്‍, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം വരുന്ന ദലിതുകളും ന്യൂനപക്ഷങ്ങളും ഇന്നും പത്രം വാങ്ങി വായിക്കാന്‍ കഴിയാത്തവരാണ്. ഭോപ്പാലില്‍ ഇറങ്ങുന്ന പത്രം കാലത്ത് 5.20 ന് തന്നെ ദലിത് ജനസംഖ്യ കൂടുതലുള്ള പിപ്പാരിയ വഴി കടന്നുപോകുന്നുണ്ട്. പത്രം എത്താത്തതല്ല പ്രശ്‌നം” (പത്രം പത്രേന ശാന്തി).
‘പത്രം പത്രേന ശാന്തി’ എന്ന ലേഖനം എല്ലാ ജേണലിസം വിദ്യാര്‍ത്ഥികളും അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് എന്നു ഞാന്‍ കരുതുന്നു. നാളെയുടെ പത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയമായി സജ്ജരാകേണ്ടതെങ്ങനെ എന്ന് ഇന്നത്തെ വീഴ്ചകളുടെ സമകാലികമായ നിരവധി ഉദാഹരണങ്ങളിലൂടെ കാട്ടിത്തരുന്നുണ്ട് ഈ ലേഖനത്തില്‍. സ്വയം വിമര്‍ശനത്തിന്റെ സഫലതയാര്‍ന്ന ഒരു തലം ഏറ്റവും സൂക്ഷ്മമായി ഉപയോഗിച്ചുകൊണ്ടാണ് കമല്‍റാം തന്റെ നിഗമനങ്ങളിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
‘കരുണാകരന്റെ എഴുതാത്ത ആത്മകഥ’ എന്ന ലേഖനം ഒരു നേതാവിന്റെ അധാര്‍മികമായ പൊതുജീവിതത്തെ അയാളുടെ ഇരകളുടെ വലിയ ദുരന്തങ്ങളിലൂടെ തുറന്നുകാട്ടുന്നതാണ്. മാധ്യമം ലേഖകന്‍ പി. കെ. പ്രകാശിന്റെ വീട് ആന്റണിയുടെ പോലീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിലേക്ക് കെ. കരുണാകരനെ പ്രസംഗിക്കാന്‍ വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമല്‍ ഈ ലേഖനം എഴുതുന്നത്. തികച്ചും ജനാധിപത്യവിരുദ്ധനായ ഒരു രാഷ്ട്രീയക്കാരനെ, യാതൊരു സ്വയം വിമര്‍ശനത്തിനും മാനസാന്തരത്തിനും അയാള്‍ തയ്യാറായിട്ടില്ല എന്ന് നന്നായി അറിയാമായിരുന്നിട്ടും ഇതിലേക്ക് ക്ഷണിച്ചതിനു പിന്നിലെ പൊറുക്കാനാവാത്ത ‘മറവി’കളെ കമല്‍റാം ഇവിടെ വിചാരണ ചെയ്യുന്നത് നവാബ് രാജേന്ദ്രന്റെയും അഴീക്കോടന്റെയും അനുഭവങ്ങള്‍ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ്. കരുണാകരന്‍-നവാബ് രാജേന്ദ്രന്‍-ജയറാം പടിക്കല്‍ കഥയും കരുണാകരന്‍-നവാബ് രാജേന്ദ്രന്‍-അഴീക്കോടന്‍ കഥയും കരുണാകരന്‍-ജയറാം പടിക്കല്‍-പി. രാജേന്ദ്ര കഥയുമൊക്കെ പെട്ടെന്നങ്ങ് മറന്നുപോയി കെ. കരുണാകരനെ മനുഷ്യാവകാശ സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ചിത്രം പരിഹാസദ്യോതകമായാണ് കമല്‍ വരച്ചു കാട്ടുന്നത്. ‘മഹിഷമേറി വരുന്നു അന്തകന്‍’ എന്ന് സുകുമാര്‍ അഴീക്കോട് കരുണാകരന്റെ ഔദ്യോഗിക വാഹനത്തിലുള്ള യാത്രയെ തന്റെ പ്രസംഗവേദിയില്‍ നിന്ന് വിരല്‍ ചൂണ്ടി വിശേഷിപ്പിച്ചിട്ടുണ്ട്. ഭയകൗടില്യലോഭങ്ങളില്ലാതെ വിമര്‍ശിക്കാനുള്ള നാവ് നമുക്ക് നഷ്ടമാവുന്ന കാലത്ത്, രൂക്ഷവും ധീരവുമായ ആ പ്രതികരണ പാരമ്പര്യത്തെയാണ് കമല്‍ ഇവിടെ സ്വീകരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സ്വയം ഗാന്ധിയനായി, തന്നെ പുതുതലമുറയ്ക്കായി എഴുതിവയ്ക്കുന്ന കരുണാകരനെ വിശ്വസിക്കുന്ന ഒരു പുതിയ തലമുറ പത്രപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടാവുന്നു എന്ന് കമല്‍ ഓര്‍മ്മിപ്പിക്കുന്നു. അത് ഞെട്ടലില്ലാതെ, എതിര്‍പ്പുകളില്ലാതെ അംഗീകരിക്കുന്ന ഒരു പൊതുബോധം നമ്മുടെ സാംസ്‌കാരികജീവിതത്തെ മലിനമാക്കുന്നുണ്ട്. ശക്തമായ ഭാഷയിലാണ് കമല്‍ ലജ്ജാരഹിതമായ ഈ കാലസംക്രമണത്തെ അടയാളപ്പെടുത്തുന്നത്. ഇത്തരം ശക്തമായ ഇടപെടലുകള്‍ നമുക്കിന്നു കൂടുതല്‍ കൂടുതല്‍ ആവശ്യമായി വന്നിരിക്കുന്നു.
ഒടുവില്‍ നവാബ് പറഞ്ഞത്’ എന്ന ലേഖനം ഇതിന് അനുബന്ധമായി വായിക്കേണ്ടതാണ്. എന്തുകൊണ്ടാണ് കമല്‍ നവാബിനെ ഇങ്ങനെ വീണ്ടും വീണ്ടും ഉദ്ധരിക്കുകയും അദ്ദേഹത്തെക്കുറിച്ച് എഴുതുകയും ചെയ്യുന്നത്? കേവലമായ ഒരു കരുണാകന്‍ വിരോധമാണോ? ഒരിക്കലുമല്ല. കരുണാകരന്‍ കേരളത്തോട് പൊറുക്കാനാവാത്ത തെറ്റുകള്‍ ചെയ്ത രാഷ്ട്രീയക്കാരനാണ്. ആ കരുണാകരനെ പൊതുസമൂഹത്തില്‍ തുറന്നു കാണിക്കുന്നതിനുവേണ്ടി തന്റെ ജീവിതം ബലികൊടുത്ത വ്യക്തിയാണ് നവാബ്. അതുകൊണ്ടുതന്നെ സിവില്‍സമൂഹ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് അദ്ദേഹം. നവാബിനെ നാം വിസ്മരിക്കുന്നത് ജനാധിപത്യത്തോടുള്ള നമ്മുടെ താല്‍പ്പര്യരാഹിത്യത്തിനു തെളിവാകുമെന്ന് ഓര്‍മ്മിപ്പിക്കാനാണ് കമല്‍റാം ശ്രമിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ എനിക്ക് നവാബിനെ പരിചയമുണ്ട്. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എ. ഹോസ്റ്റലിലും മറ്റും ചെല്ലുമ്പോള്‍ പലപ്പോഴും കണ്ടു പരിചയപ്പെട്ടതാണ്. കമല്‍ പരിചയപ്പെടുന്നതുപോലെ നിഷ്‌കളങ്കമായ ഒരു പോരാട്ടവീര്യം രാജേന്ദ്രന്റെ കൈമുതലായിരുന്നു. ഏറ്റവും ഒടുവില്‍ കാണുന്നത് തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ചാണ്. എന്തിനാണ് അവിടെ അദ്ദേഹം വന്നത് എന്ന് ഞാന്‍ ചോദിച്ചുമില്ല, എന്നോട് പറഞ്ഞുമില്ല. അദ്ദേഹത്തിന്റെ കാന്‍സര്‍ ചികിത്സയെ കുറിച്ചൊക്കെ ഞാന്‍ അറിയുന്നത് പിന്നീടാണ്. ആ കാലം കമല്‍ ഇവിടെ വിവരിക്കുന്നുണ്ട്. എനിക്ക് അന്ന് മനസ്സിലാവാതെപോയ ആ മനസ്സ് കമല്‍ അന്നേ കണ്ടെത്തി. എന്നത് ഒരു ജീവചരിത്രകാരന്റെ സൂക്ഷ്മത മാത്രമല്ല, ഒരു പത്രപ്രവര്‍ത്തകന്‍ ഭരണകൂടം പീഡിപ്പിച്ചു നശിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു ധീരനായ പത്രപ്രവര്‍ത്തകന്റെ മനസ്സ് കണ്ടെത്തുന്നതു കൂടിയാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. നിരവധി വര്‍ഷങ്ങള്‍ക്കറുപ്പറത്തുനിന്ന് ഒന്നര മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ആ അവസാന കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്ക് ഇപ്പോള്‍ കടന്നുവരുകയാണ്. കൂട്ടായ്മകളുടെ ഭാഗമാവാന്‍ എന്തുകൊണ്ട് താനില്ലെന്ന് അദ്ദേഹം പറഞ്ഞത് അന്നെനിക്ക് സ്വീകാര്യമായി തോന്നിയില്ല. പോരാട്ടത്തിന്റെ വഴികളില്‍ മുന്‍പേ നടക്കുകയും ഒറ്റയ്ക്കായിപ്പോവുകയും ചെയ്ത ഒരു മനുഷ്യന്റെ വലിയ നൊമ്പരങ്ങള്‍ അന്ന് ഞാന്‍ വായിച്ചില്ല എന്ന് ഇപ്പോള്‍ എനിക്ക് പശ്ചാത്താപമുണ്ട്. എന്നാല്‍ ഇന്ന് രാജേന്ദ്രനെ പോലുള്ള വ്യക്തികളുടെ പ്രാധാന്യം ഞാന്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്. മറക്കരുത് ആ മനുഷ്യനെ എന്ന് വിളിച്ചു പറയാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടാവുന്നത് ചെറിയ കാര്യമല്ല എന്നെനിക്കു തോന്നുന്നത് അതുകൊണ്ടുകൂടിയാണ്.
ഈ ഗ്രന്ഥത്തില്‍ കമല്‍റാം നടത്തുന്ന മറ്റു വിമര്‍ശനങ്ങളും പ്രധാനമാണ്. മുസ്ലിം രാഷ്ട്രീയങ്ങളിലെ ഭരണകൂടങ്ങളോടുള്ള മാധ്യമ സമീപനങ്ങളിലെ ഉപരിപ്ലവതയെ കുറിച്ച് ഇതിലും ശക്തമായി എഴുതിക്കണ്ടിട്ടില്ല (ആ മുസ്ലീങ്ങള്‍ ഈ മുസ്ലീങ്ങളോട് പറയുന്നത്). എന്നാല്‍ കമല്‍റാമിന്റേത് നമുക്ക് പരിചിതമായ പതിവ് ഇസ്ലാം വിരുദ്ധ വിമര്‍ശനമല്ല. ഹിന്ദുത്വത്തിനു വേണ്ടിയുള്ള വാചോടോപമല്ല. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴിപോലെ വഴങ്ങുന്ന, സൗദിയെ തന്നെ അമേരിക്കയ്ക്ക് തീറെഴുതുന്ന സൗദി ഭരണകൂടത്തെ വിമര്‍ശിക്കാതെ വിടുന്ന മാധ്യമപ്രവര്‍ത്തകര്‍ കമലിന്റെ വിമര്‍ശനത്തിന്റെ ലക്ഷ്യമാവുന്നുണ്ട്. അതുപോലെ ഇറാഖിന്റെ ചെറുത്തുനില്‍പ്പിനുള്ള ശേഷിയെ കുറിച്ചൊക്കെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കി മലയാള പത്രങ്ങള്‍ രണ്ട് ഇറാഖ് യുദ്ധകാലങ്ങളെ സ്വന്തം വിപണി മൂല്യം കൂട്ടാന്‍ മറയാക്കിയതിനെ കമല്‍ തുറന്നു വിമര്‍ശിക്കുന്നു.

സിയാവുദ്ദീന്‍ സര്‍ദാറിന്റെ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി, അറേബ്യന്‍ ലോകത്തെ അമേരിക്കന്‍ അധിനിവേശത്തിന്റെ യഥാര്‍ഥ ചിത്രമാണ് കമല്‍റാം വിശകലനം ചെയ്യുന്നത്. ”ഇസ്ലാമിക ഭരണകൂടങ്ങള്‍ എന്ന് നാം കേള്‍ക്കുന്ന ഭരണകൂടങ്ങള്‍ മുഴുവനും തീര്‍ത്തും അമേരിക്കനൈസ് ചെയ്യപ്പെട്ട ഫ്രാഞ്ചെസികളാണെന്ന് കേരളത്തിലെ മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനത്തിനും അറിയില്ല” എന്നദ്ദേഹം വിലയിരുത്തുന്നു. ഈ അറിവില്ലായ്മ നിലനിര്‍ത്തേണ്ടത് മുസ്ലീം ‘ഭീകരരേക്കാള്‍ നമ്മുടെ മാധ്യമങ്ങളുടെ ആവശ്യമാണ് എന്ന് ചടുലമായിത്തന്നെ കമല്‍റാം പറയുന്നുണ്ട്. വിശദാംശങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകളോടും, ചിലപ്പോഴൊക്കെ സമീപനത്തോടും ഉള്ള വിയോജിപ്പ് സൂചിപ്പിച്ചുകൊണ്ടുതന്നെ പറയട്ടെ, ഒരു ചെറിയ ലേഖനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട്, രാഷ്ട്രീയമായ കൃത്യതകള്‍ കൈവിടാതെ, ഈ വലിയ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം കാട്ടിയിട്ടുള്ള ആശയപരമായ ജാഗ്രതകള്‍ ലേഖനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

__________________________________
കരുണാകരന്‍-നവാബ് രാജേന്ദ്രന്‍-ജയറാം പടിക്കല്‍ കഥയും കരുണാകരന്‍-നവാബ് രാജേന്ദ്രന്‍-അഴീക്കോടന്‍ കഥയും കരുണാകരന്‍-ജയറാം പടിക്കല്‍-പി. രാജേന്ദ്ര കഥയുമൊക്കെ പെട്ടെന്നങ്ങ് മറന്നുപോയി കെ. കരുണാകരനെ മനുഷ്യാവകാശ സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ചിത്രം പരിഹാസദ്യോതകമായാണ് കമല്‍ വരച്ചു കാട്ടുന്നത്. ‘മഹിഷമേറി വരുന്നു അന്തകന്‍’ എന്ന് സുകുമാര്‍ അഴീക്കോട് കരുണാകരന്റെ ഔദ്യോഗിക വാഹനത്തിലുള്ള യാത്രയെ തന്റെ പ്രസംഗവേദിയില്‍ നിന്ന് വിരല്‍ ചൂണ്ടി വിശേഷിപ്പിച്ചിട്ടുണ്ട്. ഭയകൗടില്യലോഭങ്ങളില്ലാതെ വിമര്‍ശിക്കാനുള്ള നാവ് നമുക്ക് നഷ്ടമാവുന്ന കാലത്ത്, രൂക്ഷവും ധീരവുമായ ആ പ്രതികരണ പാരമ്പര്യത്തെയാണ് കമല്‍ ഇവിടെ സ്വീകരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 

__________________________________

ഈ പുസ്തകത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ചിരിക്കുന്നത് ആശിഷ് ഖേതനുമായി കമല്‍ നടത്തിയ അഭിമുഖത്തിനാണ് (ന്യൂസ് ഡസ്‌കിലെ ആക്ടിവിസ്റ്റ്, ചിത്രകാരന്‍). ആ അഭിമുഖം വായിച്ചാല്‍ ഖേതന്റെ വിപുലമായ അനുഭവപശ്ചാത്തലത്തോടൊപ്പം വായനക്കാരെ ആകര്‍ഷിക്കുക, ചോദ്യകര്‍ത്താവായ കമല്‍ ആ മുഖാമുഖത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതാണ്. തികച്ചും പ്രസക്തമായ ചോദ്യങ്ങളിലൂടെ ആ അഭിമുഖത്തെ കമല്‍ വഴിനടത്തുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനമേഖലയിലെ സംഘര്‍ഷങ്ങളെക്കുറിച്ച്, അതിന്റെ രൂപപരിണാമങ്ങളെക്കുറിച്ച്, സാഹസിക പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് സംസാരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഖേതനാണെങ്കില്‍, ആ വിചാരങ്ങളുടെ ആഴവും പരപ്പും വായനക്കാരിലേക്കെത്തിക്കാന്‍ കമല്‍ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമമാണ് അതിനെ സാര്‍ഥകമാക്കുന്നത്. അങ്ങനെ ആ അഭിമുഖത്തെ മികച്ച രാഷ്ട്രീയ-ചരിത്ര മുഖാമുഖം മാത്രമല്ല, പത്രപ്രവര്‍ത്തകര്‍ക്കുള്ള നല്ലൊരു പാഠപുസ്തകം കൂടിയാക്കാന്‍ കമലിന് കഴിഞ്ഞിരിക്കുന്നു.
‘പത്രവിശേഷം (ഇന്‍ എഡിറ്റഡ്)’ എന്ന ലേഖനം ഏഷ്യാനെറ്റില്‍ നിന്ന് ബി. ആര്‍. പി. ഭാസ്‌കര്‍ രാജിവയ്ക്കാനും ‘പത്രവിശേഷം’ എന്ന പംക്തി അവസാനിപ്പിക്കാനും ഇടയായ സംഭവങ്ങള്‍ വിശദീകരിക്കുന്നതിനോടൊപ്പം പത്രപ്രവര്‍ത്തനത്തിലെ പ്രൊഫഷനല്‍ മൂല്യങ്ങള്‍ എങ്ങനെ ഉയര്‍ത്തിപ്പിടിക്കാം എന്ന് ബി. ആര്‍.പി. സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന സന്ദര്‍ഭങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഹിന്ദുവിലായാലും പേട്രിയട്ടിലായാലും ഏഷ്യാനെറ്റിലായാലും പ്രൊഫഷനല്‍ ധാര്‍മികതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്ന ധീരമായ നിലപാടായിരുന്നു ബി.ആര്‍.പിയുടേത്. ഈ ചരിത്രം വായിക്കപ്പെടേണ്ടതാണ്. ഗ്രൂപ്പ്‌വൈരത്തിന്റെ മുറിവുകള്‍ നക്കി ഇരിക്കുന്ന പാര്‍ട്ടിപത്രത്തിലെ ‘പ്രൊഫഷനലുകള്‍’ തലങ്ങും വിലങ്ങും അദ്ദേഹത്തെ ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. സിവില്‍ സമൂഹസമരങ്ങളോട് അദ്ദേഹം കാണിക്കുന്ന ക്ഷമാപണമില്ലാത്ത പക്ഷപാതിത്വമാണ് അദ്ദേഹത്തെ നിരന്തരം അവമതിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പക്ഷേ, നിര്‍മമനായി അദ്ദേഹം അവരെ നേരിടുന്നതിന്റെ പിന്നിലെ ആത്മശക്തിയുടെ അടിസ്ഥാനമെന്തെന്നു ബി.ആര്‍.പിയുടെ ജീവചരിത്രക്കുറിപ്പും തുടര്‍ന്ന് അദ്ദേഹവുമായി നടത്തിയ അഭിമുഖവും നമ്മെ ബോധ്യപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാറുമായുള്ള അഭിമുഖം പല തലങ്ങളില്‍ ശ്രദ്ധേയമാണ്. കമല്‍ സൂചിപ്പിക്കുന്നതുപോലെ എഴുതപ്പെടാത്ത ഒരു മാധ്യമചരിത്രത്തിലെ ഏഷ്യാനെറ്റിന്റെ ആദ്യകാല സാങ്കേതിക സന്നാഹങ്ങളും അതിന്റെ പിന്നിലെ ധൈഷണിക പരിചിന്തനങ്ങളും ഈ അഭിമുഖത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്നത്തെ ഏഷ്യാനെറ്റിന്റെ പല പരിപാടികളിലും വിദ്യാര്‍ത്ഥി ആയിരിക്കെ ഞാനും പങ്കെടുത്തിട്ടുണ്ട്. പ്രധാനമായും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ നടന്നിട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ സക്കറിയയും ബി.ആര്‍.പിയും പി. ഭാസ്‌കരനും എന്‍. മോഹനനും ഒക്കെ ഉണ്ടായിരുന്ന ആ കാലം എനിക്ക് നന്നായി ഓര്‍മ്മയുണ്ട്. സ്റ്റുഡിയോകള്‍ മാറിക്കൊണ്ടിരുന്നു. വെല്ലുവിളികള്‍ ഉണ്ടായിരുന്നു. പക്ഷേ, ഭാവുകത്വത്തെക്കുറിച്ചുള്ള, സംവാദനത്തെക്കുറിച്ചുള്ള സുവ്യക്തമായ ചില ചിന്തകളുടെ അടിസ്ഥാനം അന്ന് ചാനലിനുണ്ടായിരുന്നു എന്ന് ശശികുമാര്‍ പറയുന്നത് തീര്‍ച്ചയായും ശരിയാണ്. കേരളസമൂഹത്തോടുള്ള ഒരു ഉത്തരവാദിത്തം ഏതൊക്കെയോ തലങ്ങളില്‍ ചാനല്‍ നിലനിര്‍ത്തിയിരുന്നു. കേരളത്തിന്റെ മാധ്യമ മണ്ഡലത്തില്‍ ഒരു പുതിയ ചലനം അതുണ്ടാക്കിയിരുന്നു. എന്നാല്‍ പൊതുമണ്ഡലങ്ങള്‍ രൂപം കൊള്ളുകയും ക്രമേണ ജീര്‍ണിക്കുകയും ചെയ്യും എന്ന ഹേബര്‍മാസിന്റെ ചരിത്രപരമായ വിലയിരുത്തലിനെ അനുസ്മരിപ്പിക്കും വിധം ഏഷ്യാനെറ്റ് ഉയര്‍ന്നു വരുകയും പിന്നീട് പല കാരണങ്ങള്‍കൊണ്ടും ഇന്നത്തെ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. പഴയ ഏഷ്യാനെറ്റിന്റെ ചില പ്രതിബദ്ധതകള്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. ഇന്ന് ഏഷ്യാനെറ്റ് ഹിന്ദുത്വശക്തികളുടെ ഒരു കുഴലൂത്ത് സംഘമായി മാറിയിരിക്കുന്നുവോ എന്ന് സംശയം തോന്നുന്ന കാലമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കമല്‍തന്നെ ഉന്നയിക്കുന്നുണ്ട് ഈ അഭിമുഖത്തില്‍. ദൃശ്യമാധ്യമ രംഗത്തെ പ്രശ്‌നങ്ങള്‍ പൊതുവെയും സോഷ്യല്‍മീഡിയയുടെ വരവോടെ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ വിശേഷിച്ചും ചര്‍ച്ചചെയ്തുകൊണ്ടാണ് ഈ അഭിമുഖം വികസിക്കുന്നത്. ചരിത്രവും വര്‍ത്തമാനവും വലിഞ്ഞുമുറുകുന്ന ഒരു അഭിമുഖമാണിത്.

____________________________
 പഴയ ഏഷ്യാനെറ്റിന്റെ ചില പ്രതിബദ്ധതകള്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. ഇന്ന് ഏഷ്യാനെറ്റ് ഹിന്ദുത്വശക്തികളുടെ ഒരു കുഴലൂത്ത് സംഘമായി മാറിയിരിക്കുന്നുവോ എന്ന് സംശയം തോന്നുന്ന കാലമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കമല്‍തന്നെ ഉന്നയിക്കുന്നുണ്ട് ഈ അഭിമുഖത്തില്‍. ദൃശ്യമാധ്യമ രംഗത്തെ പ്രശ്‌നങ്ങള്‍ പൊതുവെയും സോഷ്യല്‍മീഡിയയുടെ വരവോടെ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ വിശേഷിച്ചും ചര്‍ച്ചചെയ്തുകൊണ്ടാണ് ഈ അഭിമുഖം വികസിക്കുന്നത്. ചരിത്രവും വര്‍ത്തമാനവും വലിഞ്ഞുമുറുകുന്ന ഒരു അഭിമുഖമാണിത്.
____________________________

ഈ പുസ്തകത്തിലെ മറ്റ് അഭിമുഖങ്ങളില്‍ സക്കറിയയുമായി, കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുമായി, പിണറായി വിജയനുമായി കമല്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രശ്‌നങ്ങള്‍ ഈ പുസ്തകത്തിന്റെ തലക്കെട്ടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു-‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും.’ കേരളത്തില്‍ ഈ സമീപകാലത്ത് ഹിന്ദുത്വത്തിനുണ്ടായ വളര്‍ച്ചയുടെ സാംസ്‌കാരിക-രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്റെ പ്രക്ഷുബ്ധമായ മനസ്സ് നമുക്കതില്‍ വായിക്കാന്‍ കഴിയും. കാവിയോടു പരാജയപ്പെടുന്ന ചുവപ്പിന്റെ പരിമിതികള്‍ കമലിനെ നൊമ്പരപ്പെടുത്തുന്നുണ്ട്. ആക്ടിവിസ്റ്റിന്റെ തുറന്ന വഴി പത്രപ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാനാവില്ല. എങ്കിലും തന്നെ വീര്‍പ്പുമുട്ടിക്കുന്ന ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോട് നിസ്സംഗനാവാനാവില്ലെന്ന നിശ്ചയദാര്‍ഢ്യം കമലിന്റെ രചനകളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനമാവുന്നു. കരീബിയന്‍ ക്രിക്കറ്റിനെക്കുറിച്ച് എഴുതുമ്പോഴും (കരീബിയന്‍ മനസ്സിനെ ക്രിക്കറ്റ് വിമോചിപ്പിക്കുന്നു), മലപ്പുറത്തെ ഫുട്‌ബോള്‍ രാഷ്ട്രീയത്തെ സൂചിപ്പിക്കുമ്പോഴും ദേശാഭിമാനിയുടെ പരസ്യ തംബോലയെക്കുറിച്ച് അല്‍പ്പമൊന്നു പരിഹസിക്കുമ്പോഴും (ദേശാഭിമാനിയുടെ റബ്ബര്‍ തംബോല അഥവാ വര്‍ത്തമാനപത്രത്തിന്റെ വഴികള്‍) മാര്‍ക്ക് ടണ്‍ഗെയിറ്റിന്റെ മീഡിയ മോണോലിത്ത്‌സ് എന്ന പുസ്തകത്തെ അധികരിച്ച് എഴുതുമ്പോഴും (ആഗോളീകരണ കാലത്തെ മാധ്യമ ധാര്‍മികത: ചില അപ്രിയസത്യങ്ങള്‍) രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിര്‍ഭയസ്വരൂപങ്ങളെ അഭിമുഖങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും, ആഗോളവല്‍ക്കരണവും ഹൈന്ദവവല്‍ക്കരണവും അടക്കമുള്ള പ്രവണതകളുടെ നിരന്തരവിമര്‍ശനവും പത്രപ്രവര്‍ത്തനത്തിലെ മുഖ്യധാരാ ശീലങ്ങള്‍ എങ്ങനെ പത്രപ്രവര്‍ത്തകരെ ഈ പ്രവണതകളുടെ കേവലവക്താക്കളാക്കി മാറ്റുന്നു എന്നതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും കമലിന്റെ എഴുത്തിന്റെ മുഖമുദ്രകളാവുന്നു. ആഗോളവല്‍ക്കരണത്തെ കുറിച്ച് തന്നെ കൂടുതല്‍ ക്രിയാത്മകമായ വിമര്‍ശനവും സ്വാംശീകരണവുമാണ് പത്രപ്രവര്‍ത്തനരംഗത്ത് വേണ്ടതെന്ന നിലപാടാണ് കമല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്. മീഡിയ മോണോലിത്ത്‌സ് പോലുള്ള പുസ്തകങ്ങളിലെ സന്ദിഗ്ധതകള്‍ ഉള്ള പൊസിഷനുകള്‍ അവതരിപ്പിക്കാനുള്ള ധൈര്യം നമുക്ക് ഇപ്പോള്‍ കൈമോശം വരുകയാണ്. അതിന്റെ പ്രത്യാഘാതങ്ങളെകുറിച്ചുകൂടിയാണ് ഈ പുസ്തകം മുന്നറിയിപ്പു നല്‍കുന്നത്. അത്തരം ഇത്തരം വിമര്‍ശന-സ്വയംവിമര്‍ശന ധാരകള്‍ ശക്തമായി ഉള്‍ച്ചേര്‍ന്നിട്ടുള്ള ഗ്രന്ഥം മലയാളിവായനക്കാര്‍ കാത്തിരുന്നതാണ്.
ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം അതിനുള്ള നമ്മുടെ ഉത്തരങ്ങള്‍ വ്യത്യസ്തമായിരുന്നാലും പ്രധാനമാണ് എന്നു ഞാന്‍ കരുതുന്നു. മുതലാളിത്തത്തില്‍ മാധ്യമങ്ങള്‍ മുതലാളിത്തത്തിന്റെ നിയമങ്ങളാണ് പിന്തുടരുക; വ്യവസ്ഥിതി ജനാധിപത്യമോ ഏകാധിപത്യമോ പട്ടാളഭരണമോ മതഭരണമോ എന്തായാലും ഇത് മാധ്യമവിമര്‍ശകര്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രാഥമികധാരണയാണ്. തങ്ങളുടെ ആശയങ്ങള്‍ക്ക്, ആഗ്രഹങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴങ്ങാത്തപ്പോള്‍ ഉപയോഗിക്കാനുള്ള ഒരു ശകാരപ്രയോഗമല്ല, മാധ്യമങ്ങളുടെ മുതലാളിത്ത പക്ഷപാതം. ഈ മുതലാളിത്ത പക്ഷപാതത്തിന് ഒരു രാഷ്ട്രീയമുഖം കൂടിയുണ്ട്. അത് പ്രാതിനിധ്യ-ലിബറല്‍ ജനാധിപത്യത്തോടുള്ള ആഭിമുഖ്യമാണ്; ബഹുസ്വരതയോടുള്ള പ്രതിബദ്ധതയാണ്. മാധ്യമങ്ങള്‍ മുതലാളിത്തത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ലിബറല്‍ ജനാധിപത്യമാണ്. ഇതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. ഏതു മാധ്യമസ്ഥാപനമാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥയുടെ സാഹചര്യം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നത്? എന്നാല്‍ പ്രാതിനിധ്യ ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രരാണെന്നോ അവര്‍ വിപ്ലവപ്രവര്‍ത്തകരാണെന്നോ ഇതിനര്‍ത്ഥമില്ല.
എന്നാല്‍, ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് പ്ലൂരലിസ്റ്റ് സമൂഹത്തിലെ, ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിലെ, സമകാല പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഇടതു-വലതു വാര്‍പ്പുമാതൃകകളെ, മാധ്യമ ധാര്‍മികതയുടെ പേരിലുള്ള ഹിപ്പോക്രസികളെ ഈ ഗ്രന്ഥം തകര്‍ത്തുകളയുന്നു എന്നാണ്. ശ്രദ്ധേയമായ ദേശീയ ഉദാഹരണങ്ങളിലൂടെ മലയാള പത്രപ്രവര്‍ത്തനത്തിനു സംഭവിച്ച വലിയ പാളിച്ചകളെ വസ്തുനിഷ്ഠമായി കമല്‍ വിശകലനം ചെയ്യുന്നു. സമീപകാല ചരിത്രത്തില്‍നിന്നുള്ള ദൃഷ്ടാന്തങ്ങള്‍ എടുത്തുകാട്ടി ധൈഷണികവും തൊഴില്‍പരവുമായ സത്യസന്ധതയോടെ വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും പുതിയ തുറസ്സുകള്‍ ഉണ്ടാക്കുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ ആത്യന്തികമായ ചായ്‌വുകള്‍ ജനാധിപത്യത്തോടായിരിക്കണം എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. പത്രപ്രവര്‍ത്തനം എന്ന രാഷ്ട്രീയകര്‍മത്തിന്റെ അറിഞ്ഞിരിക്കേണ്ട പാഠങ്ങളിലേക്ക്, മറക്കാന്‍ പാടില്ലാത്ത പാഠങ്ങളിലേക്ക് സൂക്ഷ്മതയോടെ ശ്രദ്ധതിരിക്കുന്നു. ആശയങ്ങളും അനുഭവങ്ങളും ഇഴചേര്‍ത്ത് ധീരമായൊരു പരീക്ഷണത്തിനാണ് ഇവിടെ മുതിര്‍ന്നിരിക്കുന്നത്. ആ പരീക്ഷണം വിജയിച്ചു എന്ന് വായനക്കാര്‍ക്കു ബോധ്യമാവും എന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

(കമല്‍റാം സജീവ് എഴുതിയ ‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ (ജനുവരി 2014) എന്ന പുസ്തകത്തിന്റെ അവതാരിക. :-പ്രസാധനം: ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട)

Top