ഇസ്‌ലാമിസ്റ്റ്-ഇടതുപക്ഷ സംവാദങ്ങളില്‍ നഷ്ടപ്പെടുന്നത്

കേരളത്തിലെ അധീശത്വ ജാതീയ ഭാവനയാണ് സ്വയം മതേതരമായി നിന്നുകൊണ്ട് സമുദായത്തെ നിര്‍വചിച്ചത്. ഇതിലൂടെ സമുദായം എന്നത് അതിന്റെ തന്നെ ചരിത്രപരവും നൈതികവുമായ സങ്കീര്‍ണതകളെ നിര്‍വചനത്തില്‍ കൊണ്ടുവരാത്തവണ്ണം ഒന്നുകില്‍ മതേതര സമുദായമോ അല്ലെങ്കില്‍ സാമുദായികമോ ആയി മാറ്റപ്പെട്ടു. ജാതീയമായ ഭാവനയില്‍ സങ്കൽപിക്കപ്പെട്ട സമുദായം എന്ന നിര്‍വ്വചനത്തെ പരിക്കേൽപ്പിക്കാന്‍ ശ്രമിച്ചില്ല എന്നത് ഇസ്‌ലാമിസ്റ്റ്-ഇടതു സംവാദത്തിനകത്തെ പ്രധാനപ്പെട്ട പോരായ്മയായി കിടക്കുന്നത്.

“കൊല്‍ക്കത്തയിലെ അതേ പരേഡ് ഗ്രൗണ്ടില്‍ നിന്നാണ് മഹാനായ സാമൂഹിക ചിന്തകന്‍ മന്യവര്‍ കാന്‍ഷിറാം ഈ ചോദ്യം ചോദിച്ചത്. സമൂഹത്തില്‍ മേധാവിത്വമുള്ള, നേട്ടങ്ങളനുഭവിക്കുന്ന ബ്രാഹ്മണര്‍ ഒരു മാര്‍ക്‌സിസ്റ്റ് വിപ്ലവം എന്തിന് നയിക്കണം? ഇരകള്‍ മാത്രമേ വ്യവസ്ഥിതിക്കെതിരായി കലാപം നടത്തുന്നുള്ളൂ. ഞാന്‍ ദൂരെ നിന്നാണ് ഇത് കേട്ടത്. സത്യത്തിന്റെ സ്വര്‍ഗവാതില്‍ എനിക്ക് മുന്നില്‍ തുറന്നു. കഷ്ടപ്പെടുന്നവര്‍ മാത്രമേ കഷ്ടപ്പാടുണ്ടാക്കുന്ന ഏജന്‍സിക്കെതിരെ കലാപം ചെയ്യൂ. ഞാന്‍ അവസാന പോയന്റ് ചുരുക്കി തയ്യാറാക്കി.”¹

‘മുഖ്യധാര’ എന്ന സിപിഎം പ്രസിദ്ധീകരണത്തിന്റെ പേരുതന്നെ പിന്നാക്കധാര എന്ന അപരസാന്നിദ്ധ്യത്തെ നിര്‍മ്മിച്ചു ഹിംസിച്ചു നിലനിൽക്കുന്ന ഒന്നാണ്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ സമകാലീനതയിലെ അധീശപരമായ ഒരു ഇടപെടല്‍ എന്ന നിലയില്‍ ഇതൊരു ചര്‍ച്ചാവിഷയമായിട്ട് കുറേനാളായിക്കഴിഞ്ഞു. പ്രസ്തുത സംവാദത്തിലെ ചില കാര്യങ്ങളെ പ്രശ്‌നവത്ക്കരിക്കാനുളള പൂര്‍ത്തിയാവാത്തതും പ്രാഥമികവുമായ ശ്രമമായാണ് ഈ കുറിപ്പ് എഴുതുന്നത്.

മുഖ്യധാര എന്ന പ്രസിദ്ധീകരണം സിപിഎം ഇറക്കിയതോടെ മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാര്‍ മൊത്തം സുരക്ഷിതരായിത്തീരുമെന്നുള്ള ഇടതുപക്ഷ ധാരണ ചരിത്രപരമായിത്തന്നെ വിഡ്ഢിത്തമാണെന്നതിന്  ആഴത്തിലുള്ള വിശകലനങ്ങളൊന്നും വേണ്ടതില്ല. എന്നാല്‍ ഇടതുപക്ഷം കേരളത്തില്‍ അകപ്പെട്ടുപോയിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ (ഈജിപ്തിലല്ല) മനസിലാക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിച്ചേ തീരൂ. മതേതരത്വത്തിന്റെയും മതമൈത്രിയുടെയും സംരക്ഷകര്‍ ഇപ്പോഴും ഇടതുപക്ഷമാണെന്ന മിത്തിനെ ആന്തരികവല്കരിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രശ്‌നമെന്നുള്ള വസ്തുത അവഗണിച്ച് കാര്യമില്ല തന്നെ. സിപിഎം ഒരു പാര്‍ട്ടി എന്ന നിലയില്‍ ഹൈന്ദവ ഭൂരിപക്ഷമാണോ എന്നതു മാത്രമല്ല അതിനെ സവര്‍ണമാക്കുന്നത്. കേരളത്തില്‍ സിപിഎം മുന്‍കയ്യില്‍ വികസിച്ചു വന്ന ഇടതു രാഷ്ട്രീയം സാമൂഹികാധികാരങ്ങളെ മനസിലാക്കുന്നത് എങ്ങനെയാണ് എന്നതിലൂന്നി രൂപപ്പെട്ട അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു വിമര്‍ശനത്തെ രൂപപ്പെടുത്തുന്നത്. കേരളത്തിലെ ഇടതുരാഷ്ട്രീയത്തോടുള്ള ഇസ്‌ലാമിസ്റ്റ് വിമര്‍ശനങ്ങള്‍ പലപ്പോഴും രാഷ്ട്രീയപരമായി മാപ്പുസാക്ഷിത്വപരമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ ഘടനാപരമായ വിമര്‍ശനങ്ങളുന്നയിക്കപ്പെടുന്നുണ്ട് താനും. ഒരു സിസ്റ്റമെന്ന നിലയില്‍ ഇസ്‌ലാമാണോ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണോ മികച്ചത് എന്ന തരത്തിലുള്ള സംവാദങ്ങളാണ് പലപ്പോഴും കേരളത്തിലെ ഇസ്‌ലാമിസ്റ്റ്-മാര്‍ക്‌സിസ്റ്റ് ഇടങ്ങളില്‍ ഉൽപാദിപ്പിക്കപ്പെടുന്നത്. അതാകട്ടെ തികച്ചും ദ്വന്ദ്വാത്മക ഘടനാവാദ സ്വഭാവമാണ് പുലര്‍ത്തുന്നതും. അതിനപ്പുറം കേരളീയ സമൂഹത്തിലെ മാര്‍ക്‌സിയന്‍ ഇടപെടലുകളെക്കുറിച്ചും വികസിച്ചുകഴിഞ്ഞ മതേതരത്വ സംവാദങ്ങളെ ഉപജീവിച്ചും രാഷ്ട്രീയപരമായ വിമര്‍ശനങ്ങളുന്നയിക്കാന്‍  ഇസ്‌ലാമിസ്റ്റുകള്‍ക്ക് കഴിയുന്നില്ലെന്ന വസ്തുത ആത്മവിമര്‍ശനപരമായെങ്കിലും ഉള്‍ക്കൊണ്ടേ തീരു.

പിണറായി വിജയന്‍ കോഴിക്കോട് സമ്മേളനത്തിന് ഉന്നയിച്ച വിമര്‍ശനങ്ങളധികവും തെറ്റിദ്ധാരണയില്‍ നിന്നു വന്നതും അബദ്ധ പ്രസ്താവനകളുമാണ് എന്നു കരുതുന്നതിലൂടെ ആരാണ് സംരക്ഷിക്കപ്പെടുന്നത് എന്നു എളുപ്പം മനസ്സിലാക്കാം. മതേതരത്വം എന്നത് ഇപ്പോഴും കേരളത്തില്‍ തെളിയിക്കപ്പെടേണ്ടതായി അവശേഷിക്കുന്നു എന്നതിനര്‍ത്ഥം മതേതരത്വത്തെക്കുറിച്ച് ഉൽപാദിപ്പിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസക്തി ഇല്ല എന്നു തീരുമാനിക്കലാണ്. മുസ്‌ലിം സമുദായത്തെ ഒരു ഭാഗത്ത് നിര്‍ത്തി ഹൈന്ദവ സമുദായം എന്ന സാങ്കൽപിക കെട്ടുപാടുണ്ടാക്കിക്കൊണ്ടാണ് മതേതരത്വം വ്യവഹരിക്കപ്പെടുന്നത്.

അഥവാ, സമുദായത്തിന് സ്വയം നിര്‍വ്വചിക്കാനുള്ള അവസരം നിഷേധിച്ച, സവര്‍ണ്ണ ഹിന്ദുത്വം കീഴാളരെ അധീശപ്പെടുത്തിക്കൊണ്ട് രൂപപ്പെടുത്തിയ മതേതര സമുദായം എന്ന ഭാവനയാണ് സമുദായത്തെ നിര്‍വ്വചിച്ചത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ അധീശത്വ ജാതീയ ഭാവനയാണ് സ്വയം മതേതരമായി നിന്നുകൊണ്ട്സമുദായത്തെ നിര്‍വ്വചിച്ചത്. ഇതിലൂടെ സമുദായം എന്നത് അതിന്റെ തന്നെ ചരിത്രപരവും നൈതികവുമായ സങ്കീര്‍ണതകളെ നിര്‍വ്വചനത്തില്‍ കൊണ്ടുവരാത്തവണ്ണം ഒന്നുകില്‍ മതേതര സമുദായമോ അല്ലെങ്കില്‍ സാമുദായികമോ ആയി മാറ്റപ്പെട്ടു. ജാതീയമായ ഭാവനയില്‍ സങ്കൽപിക്കപ്പെട്ട സമുദായം എന്ന നിര്‍വ്വചനത്തെ പരിക്കേല്പിക്കാന്‍ ശ്രമിച്ചില്ല എന്നത് ഇസ്‌ലാമിസ്റ്റ്-ഇടതു സംവാദത്തിനകത്തെ പ്രധാനപ്പെട്ട പോരായ്മയായി കിടക്കുന്നത്. അമുസ്‌ലിംകളുമായി ഏറ്റവുമധികം ബന്ധമുള്ള മുസ്‌ലിം പ്രസ്ഥാനം എന്നൊക്കെയുള്ള അപകടകരമായ അവകാശവാദങ്ങളിലൂടെ സവര്‍ണവും സമുദായ ബാഹ്യവുമായി നിര്‍മ്മിക്കപ്പെട്ട സമുദായത്തെക്കുറിച്ചുള്ള ഈ ഹിംസാത്മക നിര്‍വ്വചനത്തെ പലരും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

ഇ.എം.എസ് നമ്പൂതിരിപ്പാട്

1952ല്‍ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ ഇലക്ഷന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം മാത്രം പരിശോധിച്ചാല്‍, ഇടതുപക്ഷ ഇടപെടലുകള്‍ പ്രത്യക്ഷമായിത്തന്നെ ജാതീയമാണെന്ന് കാണാം. കൊല്ലം ലോക്‌സഭാ സംവരണ സീറ്റില്‍ “യോഗ്യത” പരിഗണിച്ച് പട്ടിക ജാതിക്കാരെ നിര്‍ത്താത്ത ഇടതുപക്ഷ സമീപനത്തെക്കുറിച്ച് ബി.ആര്‍.പി.ഭാസ്‌കര്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസും ഇതേ ജാതി രാഷ്ട്രീയം പലയിടത്തും പുലര്‍ത്തിയെങ്കിലും സാമൂഹിക മാറ്റത്തിന്റെ കാഹളം മുഴക്കിയെന്ന് അവകാശവാദം മുഴക്കുന്ന ഇടതുപക്ഷത്തിന് കേരളത്തിലെ സാമൂഹിക അധികാരത്തെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ലെന്നത് സവിശേഷമാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നയാധികാര സ്ഥാപനങ്ങളില്‍ തന്നെ ജാതി കൊടികുത്തിവാഴുന്നത് പുതിയ കാര്യമല്ല. പ്രത്യയശാസ്ത്രപരമായി തന്നെ ഇ.എം.എസ്.നമ്പൂതിരിപ്പാടും ബുദ്ധദേവ് ഭട്ടാചാര്യയും വരെയുള്ളവരുടെ രാഷ്ട്രീയ മൂലധനമായിരുന്നു കമ്മ്യൂണിസം. 1932ലെ പൂനാ പാക്ടില്‍ ദലിതര്‍ക്ക് പ്രത്യേകം ഇലക്ടറേറ്റ് ആവശ്യപ്പെട്ട അംബേഡ്കറുടെ നടപടിയെക്കുറിച്ച് പിന്നീട് ഇഎംഎസ് പറഞ്ഞത് പ്രസിദ്ധമാണ്. അത് “നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ളതായിരുന്നുവെന്നും പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആത്യന്തിക ലക്ഷ്യത്തെ ഹരിജനങ്ങളുടെ ഉയര്‍ച്ച എന്ന ഭാഗിക പ്രവര്‍ത്തനത്തിലേക്ക് ചുരുക്കുകയായിരുന്നു” എന്നുമാണ് അദ്ദേഹം എഴുതിയത് (A History of Indian Freedom Struggle. The Social Scientist Press, 1986) ഇത് സമൂഹത്തെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ സാമൂഹിക സിദ്ധാന്തത്തിന്റെ ജനിതക പ്രശ്‌നം തന്നെയാണ്.

വര്‍ഗ്ഗം എന്നത് ഇന്ത്യയില്‍ അത്യാവശ്യം സങ്കീര്‍ണമായ കാറ്റഗറിയാണ്. ജാതിയുടെ അധികാര വ്യവസ്ഥിതിയെ വളരെ സമര്‍ത്ഥമായി മൂടിവയ്ക്കാന്‍ എളുപ്പമുള്ള കാറ്റഗറി കൂടിയാണ് ഇത്. കൊട്ടിയാഘോഷിക്കപ്പെട്ട ഭൂപരിഷ്‌ക്കരണം വ്യാജമെന്ന് തെളിഞ്ഞത് വര്‍ഗ്ഗത്തിന്റെ ജാതീയമായ മേധാവിത്വം പുറത്തുവന്നതോടു കൂടിയാണ്. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ ഇസ്‌ലാമിക സംവാദങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കപ്പെടാറില്ല.

രാജ്യത്തെ മേല്‍ജാതിക്കാരുടെ രാഷ്ട്രീയ ഭാവനകള്‍ക്ക് ഇത്രയും കാല്പനികമായ ഇടം കമ്മ്യൂണിസത്തില്‍ കാണാവുന്ന പോലെ മറ്റെവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍ ഈയൊരു അധീശത്വത്തോട് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പുരോഗമന നവോത്ഥാന മുസ്‌ലിംകള്‍ക്ക് അതില്ലെങ്കിലും വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും കേരളത്തിലെ നവചരിത്ര പുനരാഖ്യാനങ്ങളില്‍ കൊളോണിയല്‍ വിരുദ്ധത എന്ന ഏകമുഖ വ്യവഹാരത്താലാണ് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. കൊളോണിയല്‍ വിരുദ്ധത എന്ന സവിശേഷമായ രാഷ്ട്രീയ വ്യവഹാര സംവര്‍ഗ്ഗത്തെ നിഷേധിക്കാതിരിക്കുമ്പോള്‍ തന്നെ അവയുടെ ജാതിപരമായ അധികാരങ്ങളോടുള്ള ഇടപെടലുകള്‍ സൗകര്യപൂര്‍വ്വം പലരും വിസ്മരിക്കുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഫെമിലിസ്‌ററുകള്‍ പോലും ദലിത് ഇടത്ത് കയറിനിന്ന് സുരക്ഷിതരാവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മലബാറില്‍ ജാതീയ പ്രതിരോധങ്ങള്‍ തിരുവിതാംകൂറിനെ അപേക്ഷിച്ച് കുറവായിരുന്നുവെന്നൊക്കെ ചരിത്രം എഴുന്നളളിക്കുന്നു.

കൊളോണിയലിസത്തിനെതിരെ മലബാറിലെ മാപ്പിളമാര്‍ ഇടപെട്ട ചരിത്രം മികച്ച ജാതിവിരുദ്ധ സമരങ്ങളായിരിക്കെത്തന്നെയാണ് തിരുവിതാംകൂറില്‍ ഒരുപക്ഷേ വ്യത്യസ്തമായി സംഭവിച്ചിട്ടുള്ള ജാതീയ പ്രതിരോധങ്ങളെ അതുമായി താരതമ്യം നടത്തി വിധി പ്രസ്ഥാനങ്ങളില്‍ ഏര്‍പ്പെടുന്നത്. പ്രസിദ്ധമായ ചേറൂര്‍പ്പട ഇതിനുദാഹരണമാണ്. ഇസ്‌ലാം സ്വീകരിച്ച ദലിത് സ്ത്രീയെ അപമാനിച്ച നായര്‍ കാര്യസ്ഥനെ വീട്ടില്‍ക്കയറി മുസ്‌ലിം യുവാക്കള്‍ വെട്ടിയതാണ് ചേറൂര്‍ ചിന്തിന്റെ ചരിത്രം. എന്നാല്‍ കൊളോണിയല്‍ വിരുദ്ധ ചരിത്ര പുനരാഖ്യാനത്തിന്റെ ഇടത്തില്‍ കേവലം ‘യുവാക്കള്‍’ വെട്ടിയത് മാത്രമാണ് ചരിത്രം. എന്നാല്‍ കൊളോണിയല്‍ വിരുദ്ധ ചരിത്ര പുനരാഖ്യാനത്തിന്റെ ഇടത്തില്‍ മാത്രം നിലനിൽക്കാത്തതാണ് കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രം എന്നിരിക്കെ ഇടതുപക്ഷ ഇസ്‌ലാമിസ്റ്റ് സംവാദങ്ങളില്‍ ജാതി ഒരു ഘടകമാകാത്തത്തിലൂടെ എന്തുതരം സാമൂഹിക വിപ്ലവത്തെക്കുറിച്ചാണ് ഈ സംവാദങ്ങള്‍ സംസാരിക്കുന്നത് എന്ന ചോദ്യം നിലനിൽക്കുന്നതാണ്. അഥവാ, ചരിത്രത്തെ സാമ്രാജ്യത്വ വിരുദ്ധത എന്ന ആലോചനാ പദ്ധതിയില്‍ നിന്നു മാത്രം പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ ചരിത്ര വായനയും രാഷ്ട്രീയവും സാമ്രാജ്യത്വ വിരുദ്ധത എന്ന ചട്ടക്കൂടിനകത്തു മാത്രമേ നിലനില്‍ക്കൂ എന്നു വരുന്നു. അങ്ങനെ രാഷ്ട്രീയം ഒരു തരത്തിലും സമകാലികവൽക്കരിക്കപ്പെടാതെ സാമ്രാജ്യത്വത്തിന്റെ നിലനിൽപിനെ പരോക്ഷമായി ആഗ്രഹിക്കുകയും അതിലൂടെ മാത്രം നിലനിൽക്കുകയും ചെയ്യുന്നു. മോദിയുടെ മഹത്തായ ഗുജറാത്ത് വിപ്ലവം നടന്നു  വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും, കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുഖം തന്നെ വ്യത്യസ്തമായിക്കഴിഞ്ഞിട്ടും ഖുതുബുദ്ദീന്‍ അൻസാരിയെ കേരളത്തില്‍ കൊണ്ടുവന്നുകൊണ്ട് മുസ്‌ലിം മൊബിലൈസേഷന് ശ്രമിക്കുന്നതിലൂടെ സിപിഎം എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു. ഗുജറാത്ത് മുസ്‌ലിം ഹത്യയുടെ സമയത്ത് തന്നെ ഇടതുപക്ഷ കാമ്പയിനുകള്‍ ഒരേസമയം സംഘപരിവാറിനെയെന്ന പോലെ ഉണ്ടാവാന്‍ സാധ്യതയുള്ള മുസ്‌ലിം പ്രതികരണത്തെയും ലക്ഷ്യമിട്ടിരുന്നു എന്നത്  യാഥാര്‍ത്ഥ്യമായിരുന്നു. മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ സംഘപരിവാരിനൊപ്പം കൊണ്ടുപോയി കെട്ടിയ ഈ കാമ്പയിനിങിലൂടെ സവര്‍ണ മതേതരത്വത്തിന് ദീര്‍ഘകാല ഈടുവയ്പാണ് നല്‍കിയതെന്ന് കെ.കെ.ബാബുരാജ് നിരീക്ഷിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ ഉടനീളം നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ ഇരു സമുദായങ്ങള്‍ക്കും തുല്യ പങ്കുള്ള ”വര്‍ഗ്ഗീയ കലാപം” എന്നു വ്യവഹരിക്കപ്പെട്ടുപോന്നതു തന്നെ മതേതരത്വത്തിന്റെ ഈ ആശങ്കയിലൂടെയാണ്. ചരിത്രനിരപേക്ഷമായി ഈ ഹിംസകളെ വ്യാഖ്യാനിക്കുന്ന ഇടതുപക്ഷം നിലനില്ക്കുന്ന ”ജാതിരഹിത വര്‍ഗീയേതര” സമൂഹത്തില്‍ പുതുതായും വൈരുദ്ധ്യാത്മകമായും രൂപപ്പെട്ടു വന്നതാണ് അവ എന്നു കരുതിക്കളയുന്നു. ഈ കരുതലിന് ഇടതുപക്ഷ-ഇസ്‌ലാമിസ്റ്റ് സംവാദം ഒരു പരിക്കുമേൽപ്പിക്കുന്നില്ല എന്നതാണ് അപകടകരം. കാരണം “സാര്‍വ്വലൗകികത”, “മാനവികത” മുതലായ കാല്പനിക സ്വപ്നത്തിലൂടെ, വികസിച്ച് വരുന്ന ജാതി, സമുദായ അധികാരങ്ങളോടുള്ള വിശകലനങ്ങളേയും രാഷ്ട്രീയ നിലപാടുകളെയും എളുപ്പം പുഴ്ത്തിക്കളയുന്ന പ്രവണത രണ്ടുകൂട്ടരും ചിലപ്പോഴെങ്കിലും തുല്യമായി പങ്കുവെക്കുന്നുണ്ട് എന്നതു തന്നെയാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്ഥാപകാംഗങ്ങളില്‍ ഒരാളായ കൃഷ്ണപിള്ള 1934 ല്‍ എഴുതിയത് ഇപ്രകാരമാണ്. ”കമ്മ്യൂണിസം വിശ്വസിക്കുന്നത് ലോകം മുഴുവന്‍ ഒറ്റ ജാതി വിഭാഗമാണ് എന്നാണ്, അതാണ് മാനവിക ജാതി, മുതലാളിത്തം നശിക്കുകയും രാഷ്ട്രീയാധികാരം ദരിദ്ര നാരായണന്റെ കയ്യില്‍ വരിയും ചെയ്യുന്ന കാലം വരും.” ദിലീപ് മേനോന്റെ Being a Brahmin the Marxist Way: EMS Namboothiripad and the Pasts of Kerala എന്ന പഠനത്തില്‍ ഇതിനെ വിശകലനം ചെയ്യുന്നത് കാണാം. കമ്മ്യൂണിസത്തിന്റെ വിമോചന സ്വപ്നങ്ങളൊക്കെ ജാതീയമായ അധികാരങ്ങളെ കഴിയുന്നിടത്തോളം തമസ്‌കരിച്ചുകൊണ്ടായിരുന്നു എന്ന് ദിലീപ് മേനോന്‍ വിശദീകരിക്കുന്നു. ഈ പഠനം ആരംഭിക്കുന്നത് തന്നെ ബ്രാഹ്മണ അധീശത്വം എന്ന സാമൂഹിക സിദ്ധാന്തം ചരിത്രത്തെക്കുറിച്ചുള്ള വളരെ അശാസ്ത്രീയമായ സമീപനമാകുന്നു എന്ന ഇഎംഎസിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ്.

ജാതിയെക്കുറിച്ചും കേരളത്തിലെ സാമൂഹിക വൈരുദ്ധ്യങ്ങളെക്കുറിച്ചും പറയുന്നിടത്ത് കമ്മ്യൂണിസം പ്രവഹിപ്പിക്കുന്നത് ഗാന്ധിസത്തിന്റെ മണമാണെന്ന് ദിലീപ് മേനോൻ വിമര്‍ശിക്കുന്നു. കേരളം ആധുനികതയിലേക്ക് നയിക്കപ്പെടുന്നതില്‍ കമ്മ്യൂണിസം എങ്ങനെയാണ് പങ്കുവഹിച്ചതെന്ന് ജെനി റൊവീന വിശദീകരിക്കുന്നുണ്ട്. (കേരളത്തിലെ  ഇടതു ദേശീയത, തേജസ് ദ്വൈവാരിക) ശാസ്ത്രം, യുക്തി ചിന്ത തുടങ്ങിയ നവോത്ഥാന സങ്കൽപങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇടതുപക്ഷം ചില സാമൂഹിക വിഭാഗങ്ങളെ സവിശേഷമായി അളക്കുകയും അപരപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ഈഴവര്‍ എളുപ്പം സവര്‍ണ്ണവൽക്കരിക്കപ്പെടുന്നത്, ജെ.രഘുവിനെ ഉദ്ധരിച്ചുകൊണ്ട് ജെനി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

‘കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച കീഴാള നേതാക്കന്മാരെ പുറന്തള്ളിക്കൊണ്ട് ഹൈന്ദവതയോട് കുറേക്കൂടി അടുത്തുനിന്ന ശ്രീനാരായണ ഗുരുവിനെ ഈഴവ നവോത്ഥാനത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഇടതുപക്ഷം പ്രവര്‍ത്തിച്ചു’ (സമാന ലേഖനം). അഥവാ കേരളത്തിലെ ഇടതുപക്ഷ ആധുനികത തികച്ചും ഹൈന്ദവമായാണ് രൂപപ്പെട്ടത് എന്നര്‍ത്ഥം. എന്നാല്‍ പാര്‍ട്ടിയിലെ കീഴാള പ്രാതിനിധ്യത്താല്‍ നിര്‍ണ്ണയിക്കപ്പെടാതിരിക്കാനുള്ള പാര്‍ട്ടിയുടെ തന്നെ ബോധപൂര്‍വ്വമായ ശ്രമമായി ഈ ഹൈന്ദവവൽക്കരണത്തെ കാണാമെന്നതാണ് കൂടുതല്‍ യുക്തിപരം എന്നു തോന്നുന്നു.

സംസ്‌കാരം എന്നത് മേല്‍കൂരയായി മനസ്സിലാക്കിയ സിദ്ധാന്തം സാംസ്‌കാരികമായ നവോത്ഥാനത്തിലെ അധികാരങ്ങളെ നിലനിര്‍ത്താന്‍ എളുപ്പം ഉപയോഗിക്കപ്പെട്ടു. അങ്ങനെ ജാതി വിശകലനങ്ങളും മത സാന്നിദ്ധ്യങ്ങളും അശാസ്ത്രീയം എന്ന നവോത്ഥാനവിരുദ്ധ യുക്തിയിലേക്ക് എളുപ്പം കേന്ദ്രീകരിക്കപ്പെട്ടു. ഇത് ഒരുതരം ഏകാധിപത്യം തന്നെയായിരുന്നു. ഈ ഏകാധിപത്യത്തെ ദെറീദ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. (Islam and the West – A talk between Derrida and Mustafa Sherif, 2008) ശാസ്ത്രീയ യുക്തി നിലനിൽക്കുന്നത് തന്നെ വിശ്വാസി സമൂഹങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തിക്കൊണ്ടാണ് എന്നും ദെറീദ വിമര്‍ശിക്കുന്നു. കേരളത്തിലെന്നപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രീയ യുക്തിയുടെ പ്രവാചകരായ ഇടതുപക്ഷം എങ്ങനെയാണ് ഇസ്‌ലാമിക വിശ്വാസി സമൂഹത്തെ അടിച്ചമര്‍ത്തിയിരുന്നത് എന്നത് ഇതിനകം വ്യക്തമായതാണ്.

സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്ന ഘട്ടത്തില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ അസര്‍ബൈജാനിലും താജിക്കിസ്ഥാനിലുമൊക്കെ നിരത്തിപ്പിടിച്ച് പള്ളി പൊളിക്കലായിരുന്നു ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വിപ്ലവം. അങ്ങനെ പ്രവിശ്യ തിരിച്ച് മതത്തെ മിലിറ്റന്റ് പരിശോധനയ്ക്ക് വിധേയമാക്കുന്ന ഏര്‍പ്പാട് സ്പിരിറ്റ്വല്‍ ഡയറക്ടറേറ്റ് എന്ന പേരില്‍ സോവിയറ്റ് നാടുകളില്‍ തുടര്‍ച്ചയായി നടന്ന കാര്യമായിരുന്നു (Daniel Pipe, Asian Outlook, 1991). സാമ്രാജ്യത്വ വിരുദ്ധ സ്വര്‍ഗ്ഗലോകം പണിയാന്‍ സോവിയറ്റ് യൂണിയനെ മാതൃകയാക്കണമെന്ന ആഹ്വാനം മുഴക്കുന്ന നവ ഇടതുപക്ഷ എഴുത്തുകാരും ഇടതുപക്ഷ സ്വത്വ വാദികളുമൊക്കെ കേരളത്തിലും ലക്ഷ്യം വെക്കുന്നത് സ്പിരിറ്റ്വല്‍ ഡയറക്ടറേറ്റുകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

സമുദായത്തെ മതേതരമായി നിര്‍വ്വചിച്ചു എന്നതു പോലെത്തന്നെയുള്ള പ്രശ്‌നം  നവോത്ഥാന ചരിത്രത്തെക്കുറിച്ചുള്ള വ്യവഹാരത്തിലും കാണാം. നവോത്ഥാനം എന്നത് സമുദായ ബാഹ്യമായ മൂല്യവ്യവസ്ഥിതിയില്‍ മാത്രമുള്ള ഒന്നാണെന്ന വിചാരമാണത്. പൊതുവില്‍ തന്നെ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച് എല്ലാവിധ എഴുത്തുകളും ഇപ്രകാരം സമുദായ ബാഹ്യമായ, എന്നാല്‍ അത്രക്കങ്ങ് മൂര്‍ത്തമല്ലാത്ത നവോത്ഥാന മൂല്യങ്ങളെപ്പറ്റി സംസാരിക്കാറുണ്ട്.

ഇസ്‌ലാമും ശാസ്ത്രവും എന്ന സംവാദം ഇക്കാലത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നായത് ശ്രദ്ധേയമാണ്. യുക്തിയും യൂറോപ്യന്‍ ആധുനികതയും നിര്‍മ്മിച്ചു നിര്‍വ്വചിച്ച നാണയ സ്വഭാവത്തിലുള്ള (മൂന്നാമതൊരു മുഖമില്ലാത്ത) വ്യവഹാരത്തെ കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രം പഠിക്കാന്‍ ഉപയോഗിച്ചു എന്നതു തന്നെ പ്രശ്‌നാധിഷ്ഠിതമായി സംവദിക്കപ്പെടേണ്ട ഒരു കാര്യമാണ്. പരിഷത്തിന്റെ നവോത്ഥാന മൂല്യങ്ങളെ മാനദണ്ഡപ്പെടുത്തി സമുദായത്തെ അളക്കുന്ന പ്രക്രിയ രൂക്ഷമായതും ഇക്കാലത്തായിരുന്നു. എന്നാല്‍ അതിനെ രാഷ്ട്രീയപരമായി വിമര്‍ശനത്തിനും സംവാദത്തിനും വിധേയമാക്കാന്‍ ആഴത്തിലുള്ള ശ്രമങ്ങള്‍ നടക്കാത്തതിന്റെ തുടര്‍ച്ച ഇപ്പോഴുമുണ്ട്.

കേരളത്തില്‍ നവോത്ഥാനമൂല്യങ്ങളിലൂടെ ഇതേ മുസ്‌ലിം വിരുദ്ധത ഇടതുപക്ഷ മുന്‍കയ്യില്‍ പുനരാനയിക്കപ്പെടുന്നുണ്ട്. കല്യാണ പ്രായവുമായി ഉണ്ടായ വാദങ്ങളുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് അത് പകലുപോലെ വ്യക്തമായതാണ്. മലപ്പുറത്തെങ്ങും വ്യാപകമായി മുസ്‌ലിം പെണ്‍കുട്ടികളുടെ പേര് വച്ച് ‘ഡിഫി’ നടത്തിയ കാമ്പയിന്‍ മാത്രം മതി ഇതുതെളിയിക്കാന്‍. കോഴിക്കോട് നടന്ന ഒരു പരിപാടിയുടെ പോസ്റ്റര്‍ ഇപ്രകാരമായിരുന്നു. ഇളംപ്രായത്തിലുളള ഒരു പെണ്‍കുട്ടി, അവളെ മണത്തു പിറകെ ഒരു ഒട്ടകം. പശ്ചാത്തലം മരുഭൂമിയും വിവാദം കേരളത്തിലായിരിക്കെ കേരളത്തിന് പുറത്തുള്ള ഇത്തരം അടയാളങ്ങളുടെ വ്യാപക പ്രചാരത്തിലൂടെ വിഷയം കേരളത്തിന് മേലുള്ള അറബ് മുസ്‌ലിം അധിനിവേശമാണോ എന്ന സംശയിക്കത്ത വിധമായിരുന്നു പ്രസ്തുത കാമ്പയിന്‍. കൂടാതെ ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തയും കുറിച്ചുള്ള ഓറിയന്റലിസ്റ്റ് കുപ്രചാരണങ്ങളുടെ ഏറ്റവും വലിയ മൊത്തക്കുത്തകയാണ് കേരളത്തില്‍ ഇടതുപക്ഷം ഏറ്റെടുത്തത്. ഈ കാമ്പയിന്‍ കാലയളവില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉപയോഗിച്ച മുദ്രാവാക്യങ്ങളും പോസ്റ്ററുകളും മാത്രം മതി കേരളത്തിലെ മുസ്‌ലിംകളെക്കുറിച്ചുള്ള ഇടതുപക്ഷ ഭാവനയും സംഘപരിവാര്‍ ഭാവനയും എത്രമേല്‍ സമാനതകളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ മുസ്‌ലിം വിരുദ്ധ പക്ഷത്ത് ഇടതുപക്ഷമായിരുന്നു എന്ന് കാണാം.

ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്ന ബിജെപിയും ഇടതുപക്ഷവും തമ്മിലെത്രയുണ്ട് അകലം എന്നു എളുപ്പം മനസിലാക്കിത്തരുന്ന കാര്യങ്ങളാണിവ. കേരളത്തിലെ ഏറ്റവും വലിയ സ്റ്റേറ്റ് കൂട്ടക്കൊലയായിരുന്ന ബീമാപള്ളി വെടിവെപ്പ് നടത്തിയത് ഇടതുപക്ഷം ആവര്‍ത്തിക്കുന്നത് കാണാം. കെ.അശ്‌റഫിന്റെ ബീമാപള്ളി പുസ്തകം ഇതിനെ വിശകലനം ചെയ്യുന്നുണ്ട്. സംഭവാനന്തരം നടന്ന വിശദീകരണങ്ങളും സംഭവത്തോടുള്ള സമീപനങ്ങളും ഇടതുപക്ഷ നിര്‍ണ്ണയനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതു തന്നെ ഇടതുപക്ഷത്തിന്റെ സംഘപരിവാര്‍ സത്ത തുറന്നു കാണിക്കുന്നു.

സാമ്രാജ്യത്വ വിരുദ്ധത എന്ന ഇടതുപക്ഷ-ഇസ്‌ലാമിസ്റ്റ് പ്ലാറ്റ്ഫോം ജാതീയവും സമുദായപരവുമായ അധികാര വൈരുദ്ധ്യങ്ങളെ അതിവര്‍ത്തിച്ചു കൊണ്ടാണോ കേരളത്തില്‍ നിലനിൽക്കുന്നത്? സാമൂഹികാധികാരങ്ങളെ അപ്രസക്തമാക്കുമാറ് അടിയന്തിരമായ ഒന്നാണോ അത് എന്ന സംവാദം നടക്കേണ്ടതുണ്ടെന്നു തോന്നുന്നു.

  • ബ്രാഹ്മണ മാര്‍ക്‌സിസം, എസ്.കെ. ബിശ്വാസ്
    വിവര്‍ത്തനം: എ.ആര്‍. സുദേഷ്
    പ്രസാധനം: അദര്‍ ബുക്‌സ്
Top