ഹിന്ദു ദേശീയചരിത്രാഖ്യായിക

ജെ. രഘു

__________________________________
കൊളോണിയലിസത്തിനെതിരെ സമരം ചെയ്തപ്പോള്‍ കീഴാള പ്രക്ഷോഭങ്ങള്‍ മുഖ്യമായും ഹിന്ദു കൊളോണിയലിസത്തെയാണ് നേരിട്ടത്. ആധുനിക ഇന്ത്യയുടെ ചരിത്രം അതിനാല്‍ രണ്ടു വ്യത്യസ്ത രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്ന്: ദേശീയവത്കരിക്കപ്പെട്ട ന്യൂനപക്ഷ സവര്‍ണ മൂല്യങ്ങള്‍ ദേശീയ പ്രതിനിധാനാവകാശത്തിനുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രക്ഷോഭം. രണ്ട്: ജാതിമേധാവിത്വത്തിനും ഹിന്ദു കൊളോണിയലിസത്തിനുമെതിരായി ദലിത്-പിന്നാക്ക ജനതകള്‍ നടത്തിയ പ്രക്ഷോഭം. സവര്‍ണ ജാതിമൂല്യ മണ്ഡലത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിര്‍വചിക്കപ്പെട്ട ആധുനിക ഇന്ത്യന്‍ ദേശീയതയെയും ഹിന്ദു സംസ്‌കാരത്തെയും ഇന്ത്യയുടെ ഒരേയൊരു ചരിത്രവും പാരമ്പര്യവുമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഹിന്ദു കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ വിജയം. ഇന്ത്യന്‍ സംസ്‌കാരമെന്നാല്‍ ഹിന്ദു സംസ്‌കാരവും ഇന്ത്യാ ചരിത്രമെന്നാല്‍ ഹിന്ദു ചരിത്രവുമായി മാറുന്നത് അതുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഗാധതലസ്പര്‍ശിയും സര്‍വാശ്ലേഷിയുമായ ആന്തരിക കൊളോണിയലിസത്തെയാണ് ഈ ഹൈന്ദവവത്കരണം പ്രതിനിധാനം ചെയ്യുന്നത്.  

__________________________________

ധിനിവേശ ഭൂമിയിലെ ജനതയുടെ ഓര്‍മകളെ ഇല്ലായ്മചെയ്യുകയും അധിനിവേശക്കാരുടെ ഓര്‍മകളെ പൊതു ഓര്‍മകളാക്കുകയും ചെയ്യുന്നതിലൂടെയാണ് അധിനിവേശ സംസ്‌കാരം ഒരു രാജ്യത്തിനും ജനതക്കും മേല്‍ അധീശത്വം സ്ഥാപിക്കുന്നത്. സ്വന്തം സാംസ്‌കാരികസ്വത്വവും ഭാഷയും ഓര്‍മകളും നിഷേധിക്കപ്പെടുന്ന അധിനിവേശിത ജനത അങ്ങനെ അക്രമിയുടെ ഭാഷയെയും സംസ്‌കാരത്തെയും ജീവിതരീതിയെയും സ്വന്തമെന്നമട്ടില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുന്നു. അക്രമിയുടെ ഭാഷയും ശൈലിയുമുപയോഗിച്ച് അക്രമത്തെക്കുറിച്ച് മൊഴികൊടുക്കേണ്ടിവരുന്ന ഇരയുടെ ദയനീയതയെക്കുറിച്ച് ലോദാര്‍ദ് ചര്‍ച്ചചെയ്യുന്നുണ്ട്. അക്രമത്തിനു വിധേയയാകുന്ന ഇരക്ക് അക്രമിയുടേതല്ലാത്ത ഭാഷയും ശൈലിയുമപയോഗിച്ച് അത് ആവിഷ്‌കരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ ഫലത്തില്‍ അക്രമത്തെയും അക്രമിയെയും സാധൂകരിക്കുകയാണ് ചെയ്യുക. മാത്രവുമല്ല, ഇത് അക്രമിയും ഇരയുമടങ്ങുന്ന ഒരു പൊതുസമൂഹവും പൊതുഭാഷയുമുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇരയുടെ-പീഡിതയുടെ-അധിനിവേശിതയുടെ സ്വതന്ത്രവും വ്യതിരിക്തവുമായ സ്വത്വസാധ്യതകള്‍ നിരാകരിക്കപ്പെടുന്ന ഇത്തരം സ്ഥിതിവിശേഷത്തെ ഫാഷിസത്തിന്റെ ക്ലാസിക്കല്‍ സന്ദര്‍ഭമെന്നാണ് ലോദാര്‍ദ് വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന അഹിന്ദു/അവര്‍ണ ജനവിഭാഗങ്ങളുടെ സ്ഥിതി ഇത്തരമൊരു പരിതോവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ജനസംഖ്യയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും ഈ ജനവിഭാഗങ്ങള്‍ക്ക് അവരുടേതായ സാംസ്‌കാരിക-മത-ഭാഷാ സ്വത്വങ്ങള്‍ സ്ഥാപിച്ചുറപ്പിക്കാന്‍ കഴിയുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച ഹിന്ദു നിര്‍മിതിയും ദേശീയ പ്രസ്ഥാനവും സവര്‍ണ-ബ്രാഹ്മണ മൂല്യങ്ങളെ ദേശീയവത്കരിക്കുകയും ഹൈന്ദവേതരമായ മൂല്യങ്ങളെയും വിശ്വാസ സമ്പ്രദായങ്ങളെയും പാര്‍ശ്വവത്കരിക്കുകയുമാണ് ചെയ്തത്. ദേശീയവത്ക്കരിക്കപ്പെട്ട സവര്‍ണ മൂല്യങ്ങളെയും പുരാവൃത്ത-പ്രതീക സമുച്ചയെത്തെയും സ്വീകരിച്ചുകൊണ്ടു മാത്രമേ ദലിത്- പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തിലും ആധുനിക ഇന്ത്യയിലും ഇടംലഭിക്കുകയുള്ളൂ എന്ന സ്ഥിതിയാണുണ്ടായത്. ഇന്ത്യയുടെ ജനസംഖ്യയില്‍ വളരെ ചെറിയൊരു ശതമാനം മാത്രം വരുന്ന സവര്‍ണാധിനിവേശകരുടെ മതവിശ്വാസരീതികള്‍ക്കും ചിന്താസമ്പ്രദായങ്ങള്‍ക്കും ദേശീയ പൗരമതത്തിന്റെ ആധുനിക പ്രതിഛായ നല്‍കി ദേശീയ സ്വതന്ത്ര്യപ്രസ്ഥാനം ഫലത്തില്‍ അവര്‍ണ ഭൂരി പക്ഷത്തെ അവരുടെ ഓര്‍മകളില്‍നിന്ന് നിഷ്‌കാസനം ചെയ്തു. ഇങ്ങനെ സ്വതന്ത്രമായ ഓര്‍മയും സ്വത്വബോധവും നിഷേധിച്ചതിലൂടെയാണ് ഈ അവര്‍ണ ഭൂരിപക്ഷത്തെ ഹൈന്ദവത്കരിക്കാനും സവര്‍ണ ന്യൂനപക്ഷത്തിന് ഭൂരിപക്ഷ മതസമുദായം എന്ന പദവി ആര്‍ജിക്കാനും കഴിഞ്ഞത്.
ദലിത്- പിന്നാക്ക ജനവിഭാഗങ്ങളെ ഹൈന്ദവവത്കരിച്ചുകൊണ്ടാണ് അവരെ ആത്യന്തികമായി കോളണൈസ് ചെയ്തത്. അതുകൊണ്ടാണ് ആധുനിക ഇന്ത്യയില്‍ കൊളോണിയലിസത്തിനെതിരായ ദലിത്-പിന്നാക്ക ജനതകളുടെ സമരം ഹിന്ദു കൊളോണിയലിസത്തിനെതിരായ സമരമായി മാറുന്നത്. ജ്യോതിബാ ഫൂലെയും അംബേദ്കറും നാരായണഗുരുവും അയ്യങ്കാളിയുമെല്ലാം ഹിന്ദുകൊളോണിയലിസത്തിനെതിരായ കീഴാള പ്രക്ഷോഭത്തിലെ വൃഷ്ടിമുഹൂര്‍ത്തങ്ങളാണ്. വിവേകാനന്ദനും ബാലഗംഗാധരതിലകനും ഗാന്ധിജിയുമടങ്ങുന്ന ദേശീയ ഹൈന്ദവ നേതാക്കള്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ സമരം ചെയ്തപ്പോള്‍ കീഴാള പ്രക്ഷോഭങ്ങള്‍ മുഖ്യമായും ഹിന്ദു കൊളോണിയലിസത്തെയാണ് നേരിട്ടത്. ആധുനിക ഇന്ത്യയുടെ ചരിത്രം അതിനാല്‍ രണ്ടു വ്യത്യസ്ത രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്ന്: ദേശീയവത്കരിക്കപ്പെട്ട ന്യൂനപക്ഷ സവര്‍ണ മൂല്യങ്ങള്‍ ദേശീയ പ്രതിനിധാനാവകാശത്തിനുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രക്ഷോഭം. രണ്ട്: ജാതിമേധാവിത്വത്തിനും ഹിന്ദു കൊളോണിയലിസത്തിനുമെതിരായി ദലിത്-പിന്നാക്ക ജനതകള്‍ നടത്തിയ പ്രക്ഷോഭം. സവര്‍ണ ജാതിമൂല്യ മണ്ഡലത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിര്‍വചിക്കപ്പെട്ട ആധുനിക ഇന്ത്യന്‍ ദേശീയതയെയും ഹിന്ദു സംസ്‌കാരത്തെയും ഇന്ത്യയുടെ ഒരേയൊരു ചരിത്രവും പാരമ്പര്യവുമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഹിന്ദു കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ വിജയം.

____________________________________
ഹാരപ്പന്‍ നാഗരികത, വൈദികസംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമാണെന്നും ഇന്ത്യാചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആത്യന്തികമായ സ്രോതസ്സ് വൈദികവും ഹൈന്ദവുമാണെന്നുമുള്ള സിദ്ധാന്തങ്ങള്‍ എന്‍ . സി. ഇ. ആര്‍ . ടി സിലബസില്‍ ചേര്‍ക്കാനുള്ള തീരുമാനം ദേശീയ ചരിത്രത്തിന്റെ കീഴാള വിരുദ്ധതയെയാണ് വിളംബരം ചെയ്യുന്നത്. ഹൈന്ദവ/ബ്രാഹ്മണേതരമായ മത-സംസ്‌കാരിക സ്വത്വത്തിന്റെ ചരിത്രഭൂമികയെന്ന നിലക്കാണ് ഇന്ത്യയിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ ഹാരപ്പന്‍ സംസ്‌കാരത്തെയും ശ്രാവണ- ബുദ്ധപാരമ്പര്യങ്ങളെയും വീക്ഷിക്കുന്നത്. ഇന്ത്യാചരിത്രത്തിന്റെ വേദമൂലത്വസിദ്ധാന്തങ്ങളെ അപ്രസ്‌കതമാക്കിയ ഒരു കണ്ടെത്തലായിരുന്നു ഹാരപ്പന്‍ നാഗരികത. ഈ സംസ്‌കാരത്തിന്റെ ചരിത്രവിജ്ഞാനീയ പുനരധിവാസം അതിനാല്‍ ഹിന്ദുരാഷ്ട്രത്തിന്റെ ദേശീയ ചരിത്രത്തെ അസാധുവാക്കാന്‍ പോന്നത്ര വിധ്വംസകമാണ്. വരേണ്യമായ വൈദിക പാരമ്പര്യത്തില്‍നിന്നും തികച്ചും ഭിന്നവും അതിനേക്കാള്‍ പ്രാചീനവുമായ ഒരു ജനകീയ പാരമ്പര്യത്തിന്റെ സാന്നിധ്യത്തെയാണ് ഹൈന്ദവ നാഗരികത പ്രകാശിപ്പിക്കുന്നത്. വൈദിക പൂര്‍വവും വൈദികേതരവുമായ സാംസ്‌കാരിക സ്രോതസ്സുകള്‍ ഇവിടെ നിലനിന്നിരുന്നു എന്നംഗീകരിക്കപ്പെട്ടാല്‍ ഹിന്ദുരാഷ്ട്രത്തിന്റെ ആദിമോല്‍പത്തിവാദം തന്നെ തകിടംമറിയും മാത്രവുമല്ല, ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഹൈന്ദവേതരമായ ഒരു ചരിത്രവും സംസ്‌കാരവും മതവും സ്ഥാപിച്ചുറപ്പിക്കുന്നതിനുള്ള വിദൂരഭൂമികയായി അത് പരിണമിക്കുകയും ചെയ്യും. 

____________________________________

ഇന്ത്യന്‍ സംസ്‌കാരമെന്നാല്‍ ഹിന്ദു സംസ്‌കാരവും ഇന്ത്യാ ചരിത്രമെന്നാല്‍ ഹിന്ദു ചരിത്രവുമായി മാറുന്നത് അതുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഗാധതലസ്പര്‍ശിയും സര്‍വാശ്ലേഷിയുമായ ആന്തരിക

കൊളോണിയലിസത്തെയാണ് ഈ ഹൈന്ദവവത്കരണം പ്രതിനിധാനം ചെയ്യുന്നത്. കൂട്ടക്കൊലകളോ യുദ്ധങ്ങളോ ഇല്ലാതെതന്നെ ഹിന്ദു കൊളോണിയലിസ്റ്റുകള്‍ക്ക് അവരുടെ ആധിപത്യം ഇതര ജനതകള്‍ക്കുമേല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നത് വളരെ സൂക്ഷ്മമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു കൊളോണിയലിസത്തിന്റെ ഏറ്റവും പ്രധാന സാങ്കേതികവിദ്യ ദേശീയ ചരിത്രാഖ്യാനമാണ്. ‘ഇന്ത്യയുടെ ചരിത്രങ്ങളെ’ ഹിന്ദുവിന്റെ ‘ഏകചരിത്ര’മാക്കി സങ്കോചിപ്പിക്കുന്ന ഒരു ദേശീയ ചരിത്രവിജ്ഞാനീയത്തിന്റെ സമര്‍ത്ഥമായ വിന്യാസത്തിലൂടെയാണ് ഹിന്ദു കൊളോണിയലിസ്റ്റുകള്‍ ഇങ്ങനെയൊരു മുന്നേറ്റം സാധിച്ചത്. അതിനാല്‍ ദേശീയ ചരിത്രവിജ്ഞാനീയത്തെ തകര്‍ക്കേണ്ടത് ഹിന്ദു കൊളോണിയലിസത്തിനെതിരായ ധൈഷണിക പ്രക്ഷോഭത്തിന്റെ അടിയന്തര ധര്‍മമാകുന്നു.
ചരിത്രവിജ്ഞാനീയവും ദേശീയതയും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. ദേശീയ രാഷ്ട്രം എന്ന ആധുനിക അധികാരയന്ത്രത്തിന്റെ ഏറ്റവും ഫലപ്രദവും സാധൂകരണക്ഷമവുമായ ജ്ഞാനമണ്ഡലമെന്ന നിലക്കാണ് ചരിത്രവിജ്ഞാനീയം തന്നെ ആവിര്‍ഭവിക്കുന്നത്. ഒരു വംശത്തെയോ ജാതിയെയോ മതത്തെയോ ദേശീയവത്കരിക്കുന്ന സൈദ്ധാന്തിക ധര്‍മമാണ് ചരിത്രവിജ്ഞാനീയം നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ സവര്‍ണജാതികളെയും അവരുടെ സംസ്‌കാരത്തെയും ദേശീയ പദവിയിലേക്കുയര്‍ത്തുന്നതിനുവേണ്ടി ഏറ്റവുമധികം വിന്യസിക്കപ്പെട്ട വ്യവഹാരരൂപം ചരിത്രവിജ്ഞാനീയമാണ്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ക്കു മുമ്പില്‍ സ്വന്തം ദേശീയ പ്രതിനിധാനാവകാശം സ്ഥാപിച്ചുറപ്പിക്കുന്നതിന് സവര്‍ണക്ക് ആദിമവും അനുസ്യൂതവുമായ ഒരു ദേശീയ ചരിത്രം ആവശ്യമായിരുന്നു. അങ്ങനെയാണ് വേദകാലത്തുനിന്നാരംഭിക്കുന്ന ഒരു രാഷ്ട്രത്തെ നിര്‍മിക്കുകയും അതിന്റെ ചരിത്രത്തെ ദേശീയ ചരിത്രമായി വ്യാഖ്യാനിക്കുകയും ചെയ്തത്. വ്യത്യസ്ത മതവിശ്വാസാചാരങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള ചരിത്ര സ്മരണകളെ നശിപ്പിക്കുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഇങ്ങനെയൊരു അഖണ്ഡ ഹിന്ദുരാഷ്ട്രത്തിന്റെ ചരിത്രബോധത്തിനു നിലനില്‍ക്കാനാവൂ. ഓര്‍മകളുടെ ബഹുത്വങ്ങളെ പുലരാന്‍ അനുവദിക്കാത്ത ഈ ദേശീയ ചരിത്രം അതിനാല്‍ അടിമുടി ജനാധിപത്യവിരുദ്ധവും അധാര്‍മികവുമാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ അവരുടെ മതപരവും സാംസ്‌കാരികവുമായ വ്യതിരിക്തതസ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളെയും അസാധുവാക്കുകയെന്നതാണ് ഈ ദേശീയചരിത്രത്തിന്റെ പരമമായ ധര്‍മം.
ഹാരപ്പന്‍ നാഗരികത, വൈദികസംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമാണെന്നും ഇന്ത്യാചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആത്യന്തികമായ സ്രോതസ്സ് വൈദികവും ഹൈന്ദവുമാണെന്നുമുള്ള സിദ്ധാന്തങ്ങള്‍ എന്‍ . സി. ഇ. ആര്‍ . ടി സിലബസില്‍ ചേര്‍ക്കാനുള്ള തീരുമാനം ദേശീയ ചരിത്രത്തിന്റെ കീഴാള വിരുദ്ധതയെയാണ് വിളംബരം ചെയ്യുന്നത്. ഹൈന്ദവ/ബ്രാഹ്മണേതരമായ മത-സംസ്‌കാരിക സ്വത്വത്തിന്റെ ചരിത്രഭൂമികയെന്ന നിലക്കാണ് ഇന്ത്യയിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ ഹാരപ്പന്‍ സംസ്‌കാരത്തെയും ശ്രാവണ- ബുദ്ധപാരമ്പര്യങ്ങളെയും വീക്ഷിക്കുന്നത്. ഇന്ത്യാചരിത്രത്തിന്റെ വേദമൂലത്വസിദ്ധാന്തങ്ങളെ അപ്രസ്‌കതമാക്കിയ ഒരു കണ്ടെത്തലായിരുന്നു ഹാരപ്പന്‍ നാഗരികത. ഈ സംസ്‌കാരത്തിന്റെ ചരിത്രവിജ്ഞാനീയ പുനരധിവാസം അതിനാല്‍ ഹിന്ദുരാഷ്ട്രത്തിന്റെ ദേശീയ ചരിത്രത്തെ അസാധുവാക്കാന്‍ പോന്നത്ര വിധ്വംസകമാണ്. വരേണ്യമായ വൈദിക പാരമ്പര്യത്തില്‍നിന്നും തികച്ചും ഭിന്നവും അതിനേക്കാള്‍ പ്രാചീനവുമായ ഒരു ജനകീയ പാരമ്പര്യത്തിന്റെ സാന്നിധ്യത്തെയാണ് ഹൈന്ദവ നാഗരികത പ്രകാശിപ്പിക്കുന്നത്. വൈദിക പൂര്‍വവും വൈദികേതരവുമായ സാംസ്‌കാരിക സ്രോതസ്സുകള്‍ ഇവിടെ നിലനിന്നിരുന്നു എന്നംഗീകരിക്കപ്പെട്ടാല്‍ ഹിന്ദുരാഷ്ട്രത്തിന്റെ ആദിമോല്‍പത്തിവാദം തന്നെ തകിടംമറിയും മാത്രവുമല്ല, ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഹൈന്ദവേതരമായ ഒരു ചരിത്രവും സംസ്‌കാരവും മതവും സ്ഥാപിച്ചുറപ്പിക്കുന്നതിനുള്ള വിദൂരഭൂമികയായി അത് പരിണമിക്കുകയും ചെയ്യും. സമകാലീന ഇന്ത്യയില്‍ ഹിന്ദു കൊളോണിയലിസത്തിനു ലഭിച്ചിട്ടുള്ള ദേശീയ പ്രതിനിധാനാവകാശത്തിനെതിരായ ഏറ്റവും വലിയ ചരിത്രായുധമാണ് ഹാരപ്പന്‍ നാഗരികതയുടെ വ്യതിരിക്തമായ അസ്തിത്വം. അതുകൊണ്ടാണ് കൂടുതല്‍ ഹിംസാത്മകവും സമഗ്രാധിപത്യപരവുമായിക്കൊണ്ടിരിക്കുന്ന സംഘപരിവാറും ഭരണകൂടങ്ങളും ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്വതന്ത്രചരിത്രം നിഷേധിക്കാനും അതിനെ വൈദിക ഹിന്ദു സംസ്‌കാരത്തില്‍ ലയിപ്പിക്കാനും ശ്രമിക്കുന്നത്.
ഹാരപ്പന്‍ നാഗരികതയെക്കുറിച്ച് ഇന്ന് ലഭ്യമായിട്ടുള്ള ഭാഷാപരവും പുരാവസ്ഥുപരവുമായ എല്ലാ അറിവുകളെയും നിഷേധിക്കുകയും തങ്ങളുടെ സങ്കുചിതവും വ്യാജവുമായ വ്യാഖ്യാനങ്ങള്‍ അതിനുമേല്‍ ആരോപിക്കുകയും ചെയ്യുന്ന രീതിയാണ് ഹിന്ദു കൊളോണിയലിസ്റ്റുകള്‍ അവലംബിക്കുന്നത്. 1928 ല്‍ ജോണ്‍ മാര്‍ഷലാണ് സൈന്ധവ നാഗരികത അഥവാ ഹാരപ്പന്‍ നാഗരികത കണ്ടുപിടിച്ചത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ അതിവിസ്തൃതമായ സ്ഥലങ്ങളാണ് ഹാരപ്പന്‍ നാഗരികതയുടെ ഭൂമിശാസ്ത്ര പശ്ചാത്തലം. നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും പ്രാമുഖ്യമുള്ള ഹാരപ്പനില്‍ കലപ്പ ഉപയോഗിച്ചുള്ള കൃഷി, മൃഗപരിപാലനം, മൃഗവേട്ട എന്നിവയുമായി ബന്ധപ്പെട്ട ഒരു നാഗരിക സംസ്‌കാരം നിലനിന്നിരുന്നതായി കരുതുന്നു. മോഹന്‍ജെദാരോയും ഹാരപ്പനുമാണ് ഈ വിദൂര സംസ്‌കാരത്തിന്റെ നാഗരിക അടയാളങ്ങള്‍. ഹാരപ്പന്‍ നാഗരികത നിലനിന്ന പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതം ഒരു ഭരണകൂടത്തിനുകീഴില്‍ ഏകീകൃതമായിരുന്നോ അതോ അവിടെ അനവധി ഭരണകൂടങ്ങള്‍ നിലനിന്നിരുന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഏതാരു സംസ്‌കാരത്തിന്റെയും മുഖ്യലക്ഷണമായി കരുതുന്ന സാക്ഷരതയും എഴുത്തുമാണ് ഹാരപ്പന്‍ നാഗരികതയുടെ കൊടിയടയാളമായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ സൈന്ധവലിപിയും മുദ്രകളും വായിച്ചെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ച് ആധികാരികമായ നിഗമനങ്ങളിലെത്തുക അസാധ്യമാണ്.
ഹാരപ്പന്‍ നാഗരികതയെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ഏറ്റവും വിവാദമായത് അതിന്റെ പതനത്തെ സംബന്ധിച്ച സിദ്ധാന്തങ്ങളാണ്. മധ്യ പൂര്‍വേഷ്യയില്‍നിന്ന് ഇവിടേക്കു കുടിയേറിയ ആര്യന്മാരാണ് ഹാരപ്പന്‍ സംസ്‌കാരത്തെ നശിപ്പിച്ചതെന്ന സിദ്ധാന്തം ഇപ്പോഴും ഒരു വിവാദവിഷയമായി തുടരുകയാണ്. രാമപ്രസാദ് ചന്ദ, ഗോള്‍ഡന്‍ ചൈല്‍ഡ്, മാര്‍ഷല്‍ തുടങ്ങിയവര്‍ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പതനത്തിനു കാരണം ആര്യാധിനിവേശമാണെന്നു വാദിച്ചു. 1924-ല്‍ ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പ്രഖ്യാപിക്കുന്നതിനു രണ്ടുവര്‍ഷം മുമ്പുതന്നെ ‘ദ് കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇന്ത്യ’യുടെ ഒന്നാംവാല്യത്തില്‍ ഇ. കെ. റാപ്‌സണ്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. ‘വിദേശവംശജരും വൈദേശിക സംസ്‌കാരങ്ങളും പലപ്പോഴായി ഇന്ത്യയിലേക്കു കടന്നുവന്നിട്ടുണ്ട്. അതിനാല്‍ ഇന്ത്യയുടെ ചരിത്രമെന്നത് തദ്ദേശീയരും വിദേശീയരും തമ്മിലുള്ള സമരത്തിന്റെ കഥയാണ്ണ്. 1786 ല്‍ സര്‍ വില്യംജോണ്‍സ് ആവിഷ്‌കരിച്ചതും പിന്നീട് ഓറിയന്റലിസ്റ്റുകള്‍ പ്രചരിപ്പിച്ചതുമായ ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബം എന്ന സിദ്ധാന്തത്തെ പിന്‍പറ്റിയാണ് മിക്ക ചരിത്രകാരന്മാരും ഈ നിഗമനത്തിലെത്തിയിട്ടുള്ളത്. 1947-ല്‍ മോര്‍ട്ടിമര്‍ വീലര്‍ പുതിയ പുരാവസ്തു തെളിവുകളുടെ പിന്‍ബലത്തില്‍ ഈ വാദം കൂടുതല്‍ സുശക്തമായി സമര്‍ഥിക്കുകയും ചെയ്തു.
ഈ കണ്ടെത്തലുകള്‍ ഹിന്ദുരാഷ്ട്രവാദത്തിന്റെ ദേശീയ ചരിത്രത്തിനുമുന്നില്‍ കനത്ത വെല്ലുവിളികളാണുയര്‍ത്തിയത്. ഹിന്ദു കൊളോണിയലിസ്റ്റുകള്‍ പ്രചരിപ്പിച്ച വേദമൂലത്വ സാംസ്‌കാരിക വാദത്തെ കടപുഴക്കിയെറിഞ്ഞ ആര്യാധിനിവേശ സിദ്ധാന്തം അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആകര്‍ഷണീയമാവുക സ്വാഭാവികമാണ്. ജോതിബാ ഫൂലെയുടെ കാലംതൊട്ടുതന്നെ വൈദികേതരമായ സാംസ്‌കാരിക സ്രോതസ്സുകളെക്കുറിച്ചുള്ള അന്വേഷണം കീഴാള നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഹാരപ്പന്‍ നാഗരികതയെക്കുറിച്ചുള്ള കണ്ടെത്തലും തുടര്‍ന്നുണ്ടായ ആര്യാധിനിവേശ സിദ്ധാന്തവും കീഴാള ജനവിഭാഗങ്ങളുടെ വ്യതിരിക്തമായ സ്വത്വാന്വേഷണങ്ങളെ കൂടുതല്‍ സുശക്തമാക്കുകയാണുണ്ടായത്. തദ്ദേശീയമായ ഹാരപ്പന്‍ സംസ്‌കാരത്തെ നശിപ്പിച്ചത് ആര്യബ്രാഹ്മണരും അവരുടെ വൈദിക സംസ്‌കാരവുമാണെന്ന സിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദു കൊളോണിയലിസത്തിന്റെ ദേശീയ പ്രതിച്ഛായ അഗാധമായ പ്രതിസന്ധിയിലകപ്പെട്ടു. ഇന്ത്യക്ക് ഒന്നിലധികം ചരിത്രങ്ങളുണ്ടെന്ന അറിവ് അഥവാ ഒന്നലധികം ഇന്ത്യകള്‍ ഉണ്ടെന്ന അറിവ ഹിന്ദുരാഷ്ട്രവാദത്തിന്റെ അഖണ്ഡബോധത്തെയാണ് കടന്നാക്രമിക്കുന്നത്. ജാതിമേധാവിത്വത്തിനും ഹിന്ദു കൊളോണിയലിസത്തിനുമെതിരെ പൊരുതുന്ന കീഴാള ജനവിഭാഗങ്ങള്‍ ഇതില്‍ ഏതു ചരിത്രത്തെയാണ് സ്വീകരിക്കേണ്ടത് എന്ന പ്രശ്‌നം ഗൗരവമുള്ളതായിത്തീരുന്നു. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗങ്ങള്‍ വൈദികേതരവും അഹൈന്ദവവുമായ ചരിത്രപാരമ്പര്യത്തെയാണ് സ്വീകരിക്കുന്നതെങ്കില്‍ ഹിന്ദുസംസ്‌കാരത്തിന്റെ ദേശീയതാ പ്രസക്തിതന്നെ നഷ്ടപ്പെടും. ജാതിമേല്‍ക്കോയ്മയിലധിഷ്ഠിതമായ സവര്‍ണ സംസ്‌കാരത്തിന്റെ ആധുനിക ദേശീയനാമമാണ് ‘ഹിന്ദു’ എന്നു സ്ഥാപിക്കപ്പെടുന്നതോടെ ഹിന്ദു കൊളോണിയലിസത്തിന്റെ ചരിത്രപരമായ അധിഷ്ഠാനങ്ങളാണ് തകരുന്നത്. മാത്രവുമല്ല വൈദേശിക അക്രമികളായ ആര്യന്മാരുടെ പിന്‍ഗാമികളാണ് ഹിന്ദുക്കള്‍ എന്ന ധാരണ പ്രചരിക്കുന്നതോടെ തദ്ദേശീയ സംസ്‌കാരത്തിന്റെ പിന്‍ഗാമികളായ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുമുമ്പില്‍ ഹിന്ദുത്വം ഏറ്റവും വലിയ അസുരശക്തിയായി മാറാനും ഇടയുണ്ട്.

_______________________________
ഇന്ത്യാചരിത്രത്തിലെ എക്കാലത്തെയും വലിയ അധാര്‍മിക ശക്തിയായ ‘വൈദിക പൗരോഹിത്യ’ത്തെ ആധുനികതവത്കരിക്കുകയും എല്ലാ ജനവിഭാഗങ്ങളും അഭിമാനിക്കേണ്ട പൊതുപാരമ്പര്യത്തിന്റെ പദവിയിലേക്കുയര്‍ത്തുകയുമെന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സവര്‍ണ മൂല്യമണ്ഡലത്തെയും അതിന്റെ പുരാവൃത്ത-പ്രതീകസമുച്ചയത്തെയും ഇന്ത്യയിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചുകൊള്ളണമെന്നാണ് ഫാഷിസ്റ്റുകള്‍ പരോക്ഷമായി പ്രഖ്യാപിക്കുന്നത്. ചരിത്രവിജ്ഞാനീയത്തിന്റെ രംഗത്തുനടക്കുന്ന ഇത്തരം ഫാഷിസ്റ്റു കടന്നാക്രമണങ്ങള്‍ക്കെതിരെ ദലിത്-പിന്നാക്ക ജനതകളും മുസ്‌ലീം-ക്രിസ്ത്യന്‍-ബുദ്ധ-ജൈന വിശ്വാസികളും മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളും സംഘടിതമായി പ്രതിരോധമുയര്‍ത്തേണ്ടത് അടിയന്തരാവശ്യമാണ്. ഇത്തരമൊരു കൂട്ടായ്മക്കുമാത്രമേ ഹിന്ദു കൊളോണിയലിസത്തെയും അതിന്റെ ദേശീയ ബൃഹദ്ചരിത്രാഖ്യായികയെയും തകര്‍ക്കാന്‍ കഴിയുകയുള്ളൂ.

_______________________________

ദേശീയതാ പ്രതിച്ഛായയില്‍നിന്നും വൈദേശീയവും ആസുരവുമായ ഒരു പ്രതിച്ഛായയിലേക്കുള്ള ഈ പതനത്തെ നേരിടുന്നതിനുവേണ്ടിയാണ് ഹാരപ്പന്‍ നാഗരികതയുടെ സ്വതന്ത്രാസ്തിത്വത്തെ ഇല്ലായ്മചെയ്യാന്‍ ഹിന്ദു കൊളോണിയലിസ്റ്റുകള്‍ ശ്രമിക്കുന്നത്. ആര്യന്മാര്‍ വിദേശ കുടിയേറ്റക്കാരല്ലെന്നും ഹാരപ്പന്‍ നാഗരികത ആര്യസംസ്‌കാരംതന്നെയാണെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ആര്യാധിനിവേശസിദ്ധാന്തത്തെ പരാജയപ്പെടുത്തുവാന്‍പോന്ന ശക്തമായ പുരാവസ്തുതെളിവുകളൊന്നും ഇവര്‍ക്കു സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹാരപ്പന്‍ നാഗരികതയും സൈന്ധവലിപിയും അസംഖ്യം പുരാവസ്തു സമസ്യകള്‍ അവശേഷിപ്പിക്കുമ്പോള്‍തന്നെ അത് വൈദിക സംസ്‌കാരത്തില്‍നിന്ന് തികച്ചും ഭിന്നമാണെന്ന് ലഭ്യമായ ചരിത്രസാമഗ്രികള്‍ അസന്ദിഗ്ധമായി തെളിയിക്കുന്നുണ്ട്. സൈന്ധവലിപിയും പ്രാക്‌സംസ്‌കൃതവും തമ്മിലുള്ള മൗലികമായ ഭിന്നതയും സ്പഷ്ടമാണ്. വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന രീതിയാണ് സൈന്ധവലിപിയുടേതെന്ന കണ്ടെത്തല്‍ അതിന്റെ സംസ്‌കൃതബന്ധത്തെ പൂര്‍ണമായും നിരാകരിക്കുന്നു. സംഘപരിവാറിന്റെ ചരിത്രവക്താക്കളിലൊരാളായ പുരാവസ്തു വിദഗ്ധന്‍ ബി. ബി. ലാലിനുപോലും ഹാരപ്പന്‍ സംസ്‌കാരത്തിന്റെ വൈദികേതരമായ അസ്തിത്വം നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നത് വളരെ ശ്രദ്ധേയമാണ്. ബി. ബി ലാല്‍ പറയുന്നത് നോക്കുക: ”ഹാരപ്പന്‍ നാഗരികതയെ നശിപ്പിച്ചവര്‍ എന്ന പ്രതിസ്ഥാനത്തുനിന്നും ഇന്തോ- ആര്യന്മാരെ കുറ്റവിമുക്തരാക്കാന്‍ വീലറുടെ സിദ്ധാന്തങ്ങളുടെ നിരാകരണം സഹായകരമാണ്. പക്ഷേ, ആര്യന്മാര്‍തന്നെയാണ് ഹാരപ്പന്‍ നാഗരികതയുടെ സ്രഷ്ടാക്കള്‍ എന്ന് ഈ നിരാകരണം ഒരുതരത്തിലും അര്‍ഥമാക്കുന്നില്ല”, ഹാരപ്പന്‍ നാഗരികതയുടെ വ്യതിരിക്തത നിഷേധിക്കാന്‍ ശ്രമിച്ച പി. വി.കാനെ, എ. ഡി. പുസാല്‍ക്കര്‍ എന്നീ ചരിത്രപണ്ഡിതര്‍ക്കും പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇരുമ്പിന്റെയും കുതിരയുടെയും അസാന്നിധ്യം ഹാരപ്പന്‍ നാഗരികതയുടെ വൈദികപൂര്‍വ-വൈദികേതര സ്വഭാവത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഹന്‍ജെദാരോ മുദ്രകളിലെ ‘പശുപതി’ ചിഹ്നവും പില്‍ക്കാല വൈദിക ശിവനും ഒന്നാണെന്ന ഹിന്ദു കൊളോണിയല്‍ വാദത്തെ എ. ഘോഷിനെപ്പോലുള്ള ചരിത്രകാരന്മാര്‍ നിഷേധിക്കുന്നു. മോഹന്‍ജെദാരോ മുദ്രകളിലെ പശുപതി വന്യമൃഗങ്ങളെയാണ് പ്രതീകവത്കരിക്കുന്നതെങ്കില്‍ മൃഗദൈവത്തെയും കന്നുകാലികളെയുമാണ് വൈദിക ശിവന്റെ പ്രതീകം സൂചിപ്പിക്കുന്നതെന്ന് ഷോഷ് പറയുന്നു. പുരോഹിതാധിപത്യമുള്ള ഒരു ശ്രേണീകൃതഗ്രാമസംസ്‌കാരത്തിന്റെ ചിത്രമാണ് വൈദിക കൃതികളില്‍ തെളിയുന്നത്. എന്നാല്‍ ഹാരപ്പന്‍ സാമൂഹികജീവിതം പുരോഹിത-വരേണ്യവിഭാഗത്തിന്റെ ആധിപത്യത്തില്‍നിന്നും മുക്തമായിരുന്നുവെന്ന് ലഭ്യമായ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തില്‍ ജെയിംസ് ഷാഫര്‍ വാദിക്കുന്നു. കൊളോണിയലിസത്തെ സാധൂകരിക്കുന്നതിനുവേണ്ടി ഓറിയന്റലിസ്റ്റുകള്‍ ആവിഷ്‌കരിച്ച ആര്യവംശസിദ്ധാന്തത്തെ എതിര്‍ക്കുന്ന കോളിന്‍ റെന്‍ഫ്രു ഹാരപ്പന്‍ നാഗരികതയുടെ വൈദികേതര സ്വഭാവം അസന്ദിഗ്ധമാണെന്നു സൂചിപ്പിക്കുന്നു. ബി. അല്‍ച്ചിനും എഫ്. ആര്‍ . അല്‍ച്ചിനും ചേര്‍ന്നെഴുതിയ കൃതിയിലും ഹാരപ്പന്‍ നാഗരികതയുടെ വ്യതിരിക്തത വ്യക്തമാക്കുന്നുണ്ട്.
ചരിത്രപരവും പുരാവസ്തുപരവുമായ വസ്തുതകള്‍ ഇങ്ങനെയായിട്ടും ഹിന്ദുകൊളോണിയലിസ്റ്റുകള്‍ വൈദിക സംസ്‌കാരവാദം ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണ്? ഇന്ത്യാ ചരിത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും വൈദികേതരമായ സ്രോതസ്സുകള്‍ തമസ്‌കരിച്ചുകൊണ്ടുമാത്രമേ ഹിന്ദുകൊളോണിയലിസവും ദേശീയ ചരിത്രവും ഇന്നു നേരിടുന്ന അഗാധ പ്രതിസന്ധികള്‍ നേരിടാനാവൂ എന്നതാണ് ഇതിനുകാരണം. ഹൈന്ദവ സംസ്‌കാരത്തിന്റെ ‘ആദിമ ഉല്‍പത്തി-മധ്യകാല അപചയം -ആധുനിക പുനരുത്ഥാനം’ എന്ന രീതിയിലുള്ള ദേശീയചരിത്രാഖ്യാനത്തില്‍ അഹൈന്ദവമായ ചരിത്രസംസ്‌കാരധാരകള്‍ക്ക് ഇടമുണ്ടാവില്ല. വേദപ്രോക്തവും രേഖീയവും ഏകമുഖവുമായ ഈ ദേശീയ ചരിത്രാഖ്യാനത്തിന്റെ വ്യാപനം ലക്ഷ്യമാക്കുന്നത് ഇന്ത്യാചരിത്രത്തിന്റെ കര്‍തൃത്വം ഹിന്ദുക്കളില്‍ നിക്ഷിപ്തമാക്കുകയെന്നതാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ദലിത്-പിന്നാക്ക പ്രസ്ഥാനങ്ങളും പഞ്ചാബ്, കാശ്മീര്‍ , വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ദേശീയ പ്രക്ഷോഭങ്ങളും ഹിന്ദുരാഷ്ട്രബോധത്തിന്റെ അഖണ്ഡസുരക്ഷിതത്വത്തിനുമുമ്പില്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരികവും ദേശീയവുമായ എല്ലാതരം അഖണ്ഡതാവാദങ്ങളെയും ചോദ്യം ചെയ്യുന്ന ഈ മുന്നേറ്റങ്ങള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ വ്യാജവും പെരുപ്പിച്ചതുമായ പ്രതിച്ഛായക്ക് വന്‍തോതില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മറവില്‍ സവര്‍ണര്‍ നേടിയെടുത്ത ദേശീയ ചരിത്രകര്‍തൃത്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ഇത്തരം ഭീഷണികളെ അതിജീവിക്കുന്നതിനുവേണ്ടിയാണ് ഹിന്ദുകൊളോണിയലിസ്റ്റുകള്‍ ദേശീയ ചരിത്രവിജ്ഞാനീയത്തെ പുനര്‍വിന്യസിക്കുന്നത്. ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള കണ്ടെത്തലുകളും തുടര്‍ന്നുണ്ടായ ഗവേഷണങ്ങളും ഹിന്ദുദേശീയ ചരിത്രാഖ്യായികയുടെ ‘ആദിമധ്യാന്തപ്പൊരുത്ത’ത്തെ തകര്‍ക്കുകയും അതില്‍ ആഴമേറിയ വിള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു, ഹാരപ്പന്‍ നാഗരികതയുടെ ഭിന്നചരിത്രം നിലനില്‍ക്കുവോളം ഈ വിടവുകള്‍ അടയ്ക്കുക അസാധ്യമാണ്. വ്യതിരിക്ത ചരിത്രവിജ്ഞാനങ്ങളുടെ വികാസത്തിലൂടെ ഈ വിടവുകള്‍ വലുതാവുകയും ക്രമേണ ഹിന്ദുദേശീയചരിത്രംതന്നെ അപ്രത്യക്ഷമാവുകയും ചെയ്യാനിടയുണ്. അത് ഹിന്ദുകൊളോണിയലിസത്തിന്റെയും സംഘപരിവാറിന്റെയും അന്ത്യത്തിനു വഴിവെക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ സംഘപരിവാറിനുമുമ്പിലുള്ള ഏക പോംവഴി ദേശീയ ചരിത്രാഖ്യായികയിലെ വിടവുകള്‍ ബലംപ്രയോഗിച്ച് അടയ്ക്കുകയെന്നതുമാത്രമാണ്. ഹാരപ്പന്‍ സംസ്‌കാരത്തെ വൈദികവത്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. ശ്രാവണ-ബുദ്ധ പാരമ്പര്യങ്ങളെയെല്ലാം ഇപ്രകാരം തുടച്ചുനീക്കാനും ഇന്ത്യാചരിത്രങ്ങളെ ഹിന്ദുവിന്റെ ഏക ചരിത്രമാക്കിമാറ്റാനുമുള്ള വലിയൊരു ഫാഷിസ്റ്റു ഗൂഢാലോചനയുടെ പ്രാരംഭമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയിലെ കീഴാള ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടെ വ്യതിരിക്തവും സ്വതന്ത്രവുമായ സ്വത്വം സ്ഥാപിക്കാന്‍ കഴിയണമെങ്കില്‍ വ്യത്യസ്തമായി ഭാവനചെയ്യാനും ഓര്‍മിക്കാനുമുള്ള ജനാധിപത്യസന്ദര്‍ഭങ്ങള്‍ നിലനില്‍ക്കേണ്ടതുണ്ട്. ഹാരപ്പന്‍ നാഗരികത എന്നത് കീഴാളജനങ്ങളെ സംബന്ധിച്ചിടത്തോളം ഭിന്നമായ ഓര്‍മയുടെ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അത് ഇല്ലായ്മചെയ്യപ്പെടുക എന്നതിനര്‍ഥം വ്യത്യസ്തമായി ഓര്‍മിക്കാനും വ്യത്യസ്തമായി ഭാവനചെയ്യാനുമുള്ള അവരുടെ ജനാധിപത്യാവകാശം ധ്വംസിക്കപ്പെടുക എന്നാണ്. വിശാല ജനവിഭാഗങ്ങളുടെ ബഹുത്വപൂര്‍ണമായ ഭാവനയെയും ഓര്‍മയെയും നശിപ്പിക്കുകവഴി ഹിന്ദു കൊളോണിയലിസത്തിന്റെ ഫാഷിസ്റ്റു രാഷ്ട്രീയ സങ്കല്‍പത്തിനുകീഴില്‍ ജനസാമാന്യത്തെ ആട്ടിന്‍പറ്റത്തെയെന്നവണ്ണം അണിനിരത്താന്‍ എളുപ്പമാണ്.
അതിനാല്‍ ഹാരപ്പന്‍ നാഗരികതയെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചാരണ പരാജയപ്പെടുത്തേണ്ടത് ഇന്ത്യയിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ അടിയന്തര ധര്‍മമാകുന്നു. സ്വന്തം ഭാവനയും ഓര്‍മയും തിരിച്ചുപിടിക്കാതെ കീഴാള ജനഭൂരിപക്ഷങ്ങള്‍ക്ക് അവരുടെ ചരിത്രപരമായ കര്‍തൃത്വം സ്ഥാപിച്ചുറപ്പിക്കാനാവില്ല.
ഹാരപ്പന്‍ നാഗരികതയെ ഇന്ത്യാചരിത്രത്തില്‍നിന്ന് തുടച്ചുനീക്കുന്നതിനുപുറമെ വൈദിക പൂജാവിധി പഠിപ്പിക്കുന്ന യു.ജി. സി. ബിരുദ കോഴ്‌സുകള്‍ തുടങ്ങാനും മധ്യകാല ചരിത്രം സിലബസില്‍നിന്ന് ഒഴിവാക്കാനും സംഘപരിവാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യാചരിത്രത്തിലെ എക്കാലത്തെയും വലിയ അധാര്‍മിക ശക്തിയായ ‘വൈദിക പൗരോഹിത്യ’ത്തെ ആധുനികതവത്കരിക്കുകയും എല്ലാ ജനവിഭാഗങ്ങളും അഭിമാനിക്കേണ്ട പൊതുപാരമ്പര്യത്തിന്റെ പദവിയിലേക്കുയര്‍ത്തുകയുമെന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സവര്‍ണ മൂല്യമണ്ഡലത്തെയും അതിന്റെ പുരാവൃത്ത-പ്രതീകസമുച്ചയത്തെയും ഇന്ത്യയിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചുകൊള്ളണമെന്നാണ് ഫാഷിസ്റ്റുകള്‍ പരോക്ഷമായി പ്രഖ്യാപിക്കുന്നത്. ചരിത്രവിജ്ഞാനീയത്തിന്റെ രംഗത്തുനടക്കുന്ന ഇത്തരം ഫാഷിസ്റ്റു കടന്നാക്രമണങ്ങള്‍ക്കെതിരെ ദലിത്-പിന്നാക്ക ജനതകളും മുസ്‌ലീം-ക്രിസ്ത്യന്‍-ബുദ്ധ-ജൈന വിശ്വാസികളും മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളും സംഘടിതമായി പ്രതിരോധമുയര്‍ത്തേണ്ടത് അടിയന്തരാവശ്യമാണ്. ഇത്തരമൊരു കൂട്ടായ്മക്കുമാത്രമേ ഹിന്ദു കൊളോണിയലിസത്തെയും അതിന്റെ ദേശീയ ബൃഹദ്ചരിത്രാഖ്യായികയെയും തകര്‍ക്കാന്‍ കഴിയുകയുള്ളൂ.

References :-

  • 1. Jean Francois Lyotard, The Differend: Phrases in Dispute (1983, University of Minnesota Press)
  • 2. John H. Marshall, “ The Pre-historic Civilization of the Indus’ Annual Report of the Archaeological Survey of India: 1924-25 (1927, Calcutta, P. 63)
  • 3. E. J. Rapson, The Cambridge History of India (Vol. 1992, P. 35)
  • 4. Mortimer Wheeler, The Indus Civilization (1979, Cambridge)
  • 5. B. B. Lal It is time to Rethink in Nayanjot Lahiri (ed) The Decline and Fall of the Indus Civilization. (2002, Delhi, Permanent Black, P. 87).
  • 6. James Shaffer, The Indo-Aryan Invasions: Cultural Myth and Archaeological Reality’ in ‘the People of South Asia: The Biological Anthropology of India Pakistan and Nepal’ edited by J. T. Lukacs (1984, New York, Plenum Publishers PP. 77-90)
  • 7. Colin Renfrew ‘ Archeology and Language: The Puzzle of Indo- European Origins’ (1987, London, Jonathan Cape)
  • 8. B. Allchin and F. R. Allchin ‘ The Rise of Civilization in India and Pakistan (1982, Cambridge University Press)
Top