അതിവാദം, വിദ്വേഷം, പ്രതിലോമം

ജി പി രാമചന്ദ്രന്‍

_______________________________

ഗീഥ എഴുതിയ “ഒളിഞ്ഞുനോട്ടക്കാരുടെ കുമ്പസാരങ്ങള്‍” എന്ന ലേഖന(ചന്ദ്രിക ആഴ്ചപ്പതിപ്പ് – 2013 ജൂണ്‍ 8-14)ത്തോടുള്ള നന്ദി ആദ്യം തന്നെ പ്രകടിപ്പിക്കട്ടെ. എന്റെ പരാമര്‍ശിത ലേഖനം, വാക്കുകളും വാചകങ്ങളും ഇഴ പിരിച്ച് പരിശോധിക്കുന്നതിനായി ഗീഥ നടത്തിയ സൂക്ഷ്മവും വിപുലവുമായ പഠനത്തിനായി ചിലവഴിച്ച സമയവും ഊര്‍ജ്ജവും പശ്ചാത്തലവും എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനീയമാണ്. ഷട്ടര്‍ മാത്രം വിഗ്രഹഭഞ്ജനം നടത്തി എന്ന് ഞാനെഴുതിയിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞാന്‍ എഴുതിയ സിനിമാ സംബന്ധിയായ നൂറു കണക്കിന് ലേഖനങ്ങളും അവ സമാഹരിച്ചുകൊണ്ടിറക്കിയ ഏഴോ എട്ടോ പുസ്തകങ്ങളും ഇല്ല എന്ന് മായ്ച്ചുകളഞ്ഞുകൊണ്ട് ഈ ഒരൊറ്റ ലേഖനത്തില്‍ തൂങ്ങി നിന്ന് അന്തിമവിധികളിലേക്കെത്തുന്നത് എന്തിനാണെന്നറിയുന്നില്ല. ഏതൊക്കെ സിനിമകളെ സംബന്ധിച്ച് ഞാനെന്തൊക്കെ എഴുതി എന്ന് ഇപ്പോള്‍ വിവരിക്കാന്‍ മെനക്കെടുന്നില്ലെങ്കിലും അവയെയൊക്കെയും നിരാകരിച്ച് ഷട്ടറിനെപ്പറ്റി മാത്രമെഴുതുന്ന ഒരു പരിമിത വിഭവന്‍ എന്ന നിലക്കാണ് ആക്രമണം കൊഴുക്കുന്നത്. അവളുടെ രാവുകളെ മഹത്വവത്ക്കരിക്കാനുള്ള ഗീഥയുടെ പരിശ്രമത്തെ സഹതാപത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ.
__________________________________ 

  • ലൈംഗികത എല്ലാത്തിന്റെയും ഒരു വ്യാഖ്യാനമാണ്. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് നാം എവിടെയാണെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് നോക്കൂ. ലൈംഗികത എന്നത് അതിന്റെ പ്രതിനിധാനപ്രകൃതത്തിലല്ല, മറിച്ച് ചരിത്രമെന്ന നിലക്കും അടയാളമെന്ന നിലക്കും വ്യവഹാരമെന്ന നിലക്കും നാം അതിനോട് എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വെളിപ്പെട്ടിരിക്കുന്നത്. ഒരു ഊര്‍ജ ശാസ്ത്രം എന്നതിനു പകരം, ലൈംഗികതയുടെ ന്യായവാദത്തെയാണ് ലൈംഗികത എന്ന അടയാളത്തിനു കീഴില്‍ നാം ഉള്‍ക്കൊള്ളുന്നത്. ശരീരവും അന്തസത്തയും തമ്മില്‍: മാംസവും ആത്മാവും തമ്മില്‍ ; സഹജവാസനയും കാരണവും തമ്മില്‍ ; തോന്നലിനെ പിന്തുടരലും ധര്‍മാധര്‍മ വിചാരത്തെ അനുസരിക്കലും തമ്മില്‍ എന്നിങ്ങനെയുള്ള വിരുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികതയെ കാരണത്തിന്റെ അഭാവത്തിലുള്ള ഒരു ബലതന്ത്രമെന്ന നിലയില്‍ നിന്ന് പാശ്ചാത്യബോധം യുക്തിപരതയുടെ ഒരനുബന്ധമാക്കി വികസിപ്പിച്ചു. ഇത് വലിയ ഒരു നേട്ടം തന്നെയാണ്. ആസക്തിയുടെയും തീവ്ര കാമേഛയുടെയും ആന്ദോനങ്ങളില്‍ നിന്ന് മനുഷ്യരുടെ ശരീരങ്ങള്‍ , മനസ്സുകള്‍ , വ്യക്തിത്വങ്ങള്‍ , ചരിത്രം എന്നിവയെ മനസ്സിലാക്കിയെടുക്കാനുള്ള കാഴ്ചപ്പാട് അത് വികസിപ്പിച്ചെടുത്തു. (മിഷേല്‍ ഫൂക്കോ/ദ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി).

ജി പി രാമചന്ദ്രന്‍

ജോയി മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന മലയാള സിനിമയെ മുന്‍നിര്‍ത്തി; ഞാന്‍ ഉള്‍ക്കാഴ്ച എന്ന പംക്തിയിലെഴുതിയ കുറിപ്പി(ചന്ദ്രിക ആഴ്ചപ്പതിപ്പ് – 2013 ഏപ്രില്‍ 13-19)നെ കടന്നാക്രമിച്ചുകൊണ്ട് ബഹുമാന്യ സുഹൃത്ത് ഗീഥ എഴുതിയ ഒളിഞ്ഞു നോട്ടക്കാരുടെ കുമ്പസാരങ്ങള്‍ എന്ന ലേഖന(ചന്ദ്രിക ആഴ്ചപ്പതിപ്പ് – 2013 ജൂണ്‍ 8-14)ത്തോടുള്ള നന്ദി ആദ്യം തന്നെ പ്രകടിപ്പിക്കട്ടെ. എന്റെ പരാമര്‍ശിത ലേഖനം, വാക്കുകളും വാചകങ്ങളും ഇഴ പിരിച്ച് പരിശോധിക്കുന്നതിനായി ഗീഥ നടത്തിയ സൂക്ഷ്മവും വിപുലവുമായ പഠനത്തിനായി ചിലവഴിച്ച സമയവും ഊര്‍ജ്ജവും പശ്ചാത്തലവും എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനീയമാണ്. മാത്രമല്ല, ഈ ലേഖനത്തിനടക്കം എനിക്ക് ലഭിക്കാറുള്ള പ്രതികരണങ്ങളില്‍ ഉള്‍പ്പെടുത്താറുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും, എന്റെ സമീപനങ്ങളുടെ കുറവുകളും പരിമിതികളും അശ്രദ്ധകളും തെറ്റുകളും പലപ്പോഴും വെളിപ്പെടുത്തി തരാറുണ്ട്. പരാമര്‍ശിക്കപ്പെടുന്ന ലേഖനങ്ങള്‍ പുസ്തകരൂപത്തിലാക്കുമ്പോള്‍ വേണ്ട എഡിറ്റിംഗ് നടത്താനും പിന്നീടുള്ള കാലങ്ങളില്‍ പുതിയ ലേഖനങ്ങള്‍ എഴുതുമ്പോള്‍ മാര്‍ഗനിര്‍ദേശകമായി വര്‍ത്തിക്കാനും ഇത്തരം പ്രതികരണങ്ങള്‍ പലപ്പോഴും സഹായകമായിട്ടുമുണ്ട്. ഇങ്ങിനെയായിരിക്കെ തന്നെ, ഒരു നിരൂപകനു നേരെയും അയാളിലേക്ക് അനാവശ്യമായും ധൃതിയിലും സംലയിപ്പിച്ചു ചേര്‍ക്കുന്ന ഒരു ചലച്ചിത്രകാരനു നേരെയും അമിതവും പ്രതിലോമ രാഷ്ട്രീയ പരവുമായ വെറുപ്പും വിദ്വേഷവും ചാലിച്ചു ചേര്‍ത്താണ് ഈ ലേഖനവും അതിന്റെ തലക്കെട്ടും നിര്‍മിച്ചെടുത്തിരിക്കുന്നത് എന്നത് പറയാതിരിക്കാനുമാവില്ല. പ്രതിലോമ രാഷ്ട്രീയം എന്ന് ആരോപിക്കുന്നത് വ്യക്തമായ ഉത്തരവാദിത്തബോധത്തോടെ തന്നെയാണ്. കുടുംബം എന്ന വ്യവസ്ഥയെ സാധൂകരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു എന്നതിന്റെ പേരില്‍ ഷട്ടറിനെ ഇകഴ്ത്തുന്നതിന്റെ മറവില്‍ അവളുടെ രാവുകള്‍ എന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ (എന്തുകൊണ്ട് അവളുടെ രാവുകളെ സ്ത്രീവിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നു എന്ന് പുറകെ വിശദീകരിക്കുന്നുണ്ട്) സിനിമയെ വാഴ്ത്തുന്ന അതിവാദ സമീപനത്തെ പ്രതിലോമ രാഷ്ട്രീയം എന്നല്ലാതെ എന്തു വിളിക്കും?
മലയാള സിനിമാ ചരിത്രത്തിലെ ഗുണപാഠ സിനിമകളില്‍(?) ഷട്ടര്‍ മാത്രം വിഗ്രഹഭഞ്ജനം നടത്തി എന്ന് ഞാനെഴുതിയിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞാന്‍ എഴുതിയ സിനിമാ സംബന്ധിയായ നൂറു കണക്കിന് ലേഖനങ്ങളും അവ സമാഹരിച്ചുകൊണ്ടിറക്കിയ ഏഴോ എട്ടോ പുസ്തകങ്ങളും ഇല്ല എന്ന് മായ്ച്ചുകളഞ്ഞുകൊണ്ട് ഈ ഒരൊറ്റ ലേഖനത്തില്‍ തൂങ്ങി നിന്ന് അന്തിമവിധികളിലേക്കെത്തുന്നത് എന്തിനാണെന്നറിയുന്നില്ല. ഏതൊക്കെ സിനിമകളെ സംബന്ധിച്ച് ഞാനെന്തൊക്കെ എഴുതി എന്ന് ഇപ്പോള്‍ വിവരിക്കാന്‍ മെനക്കെടുന്നില്ലെങ്കിലും അവയെയൊക്കെയും നിരാകരിച്ച് ഷട്ടറിനെപ്പറ്റി മാത്രമെഴുതുന്ന ഒരു പരിമിത വിഭവന്‍ എന്ന നിലക്കാണ് ആക്രമണം കൊഴുക്കുന്നത്. തുടര്‍ച്ച നോക്കുക: ഷട്ടര്‍ മാത്രമാണോ ആത്മഹത്യാ വിരുദ്ധ സ്‌ക്വാഡ് ആകുന്നത്? അങ്ങിനെ ഞാനെവിടെയാണ് എഴുതിയിട്ടുള്ളത്. ഷക്കീല ചിത്രങ്ങള്‍ വരെ ഒരര്‍ത്ഥത്തില്‍ (ശ്രദ്ധിക്കുക: ഒരര്‍ത്ഥത്തില്‍. മറ്റൊരര്‍ത്ഥത്തില്‍ ഇതേ സിനിമകള്‍ നിലനില്‍ക്കുന്ന കപട സദാചാരവ്യവസ്ഥയെ സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്) സദാചാരകാപട്യത്തെ തകര്‍ക്കുന്നുണ്ടെന്ന് അക്കാലത്ത് ഞാനെഴുതിയിരുന്നതോര്‍ക്കുന്നു. അത്, ഇന്ത്യാ ടുഡെയില്‍ ഉദ്ധരിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു.

____________________________
അവളുടെ രാവുകളെ മഹത്വവത്ക്കരിക്കാനുള്ള ഗീഥയുടെ പരിശ്രമത്തെ സഹതാപത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. അവളുടെ രാവുകള്‍ എന്ന സിനിമ, ഞാനടക്കമുള്ളവരുടെ സാമൂഹ്യചരിത്രബോധത്താല്‍ രൂപീകരിക്കപ്പെട്ട ഓര്‍മകളില്‍ നിലനില്‍ക്കുന്നത് ആ ചിത്രത്തിന്റെ പോസ്റ്ററില്‍ , ഷര്‍ട്ട് മാത്രമണിഞ്ഞ സീമ എന്ന നടി അവളുടെ അനാവൃത തുടകളിലെ മുറിവ് പരിശോധിക്കുന്നതിന്റെ മാദകത്വമായാണ്. മാത്രമല്ല, ഐ വി ശശി എന്ന സംവിധായകന്റെ അവളുടെ രാവുകള്‍ അല്ലാതുള്ള നിരവധി ചിത്രങ്ങളും അതിലെ ദൃശ്യങ്ങളും ഓര്‍മയിലെത്തുന്നുമുണ്ട്. 
____________________________

അവളുടെ രാവുകളെ മഹത്വവത്ക്കരിക്കാനുള്ള ഗീഥയുടെ പരിശ്രമത്തെ സഹതാപത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. അവളുടെ രാവുകള്‍ എന്ന സിനിമ, ഞാനടക്കമുള്ളവരുടെ സാമൂഹ്യചരിത്രബോധത്താല്‍ രൂപീകരിക്കപ്പെട്ട ഓര്‍മകളില്‍ നിലനില്‍ക്കുന്നത് ആ ചിത്രത്തിന്റെ പോസ്റ്ററില്‍ , ഷര്‍ട്ട് മാത്രമണിഞ്ഞ സീമ എന്ന നടി അവളുടെ അനാവൃത തുടകളിലെ മുറിവ് പരിശോധിക്കുന്നതിന്റെ മാദകത്വമായാണ്. മാത്രമല്ല, ഐ വി ശശി എന്ന സംവിധായകന്റെ അവളുടെ രാവുകള്‍ അല്ലാതുള്ള നിരവധി ചിത്രങ്ങളും അതിലെ ദൃശ്യങ്ങളും ഓര്‍മയിലെത്തുന്നുമുണ്ട്. ഈനാടിലെ വ്യാജമദ്യദുരന്ത ദൃശ്യം ഓര്‍ക്കുക. മരിച്ചു കിടക്കുന്ന സുരേഖയുടെ മുക്കാല്‍ നഗ്നമായ ശരീരത്തിന്മേല്‍ ക്യാമറ കയറി ഇറങ്ങുന്നത് ശവഭോഗതൃഷ്ണയാലെന്നതു പോലെയാണ്. ഏതായാലും അവളുടെ രാവുകളെക്കുറിച്ചുള്ള വാഴ്ത്തലിനെ തുടര്‍ന്ന് തേടിപ്പിടിച്ച് 45 രൂപ കൊടുത്ത് ഒറിജിനല്‍ സി ഡി മേടിച്ചു. സിഡിയുടെ കവറിലും പിന്നെ അകത്തുള്ള രണ്ടു സിഡികളിലും ഈ മാദക/തുട/മുറി നോട്ടം ഒട്ടിച്ചു വെച്ചിട്ടുണ്ട്. ആരുടെയും പ്രതീക്ഷകള്‍ തെറ്റിക്കരുതല്ലോ! ഈ നോട്ടത്തിന്റെ പോസ്റ്റര്‍, കേരളം മാത്രമല്ല, കേരളത്തിനു പുറത്തേക്കുള്ള അക്കാലത്തെ(ഏതാണ്ട് പത്തുകൊല്ലക്കാലം) ഏതു യാത്രകളിലും മലയാളിയെ പിന്തുടര്‍ന്നിരുന്ന ഒരു നോട്ടമായിരുന്നു. അവിടങ്ങളിലുള്ള സിനിമാശാലകളിലൊക്കെയും അക്കാലത്ത് നിറഞ്ഞോടിയ മലയാള സിനിമയായിരുന്നു അവളുടെ രാവുകള്‍.
പുരുഷന്‍ എന്ന സാമൂഹ്യ അധീശത്വ ഏജന്‍സിയുടെ രക്ഷാകര്‍തൃത്വസ്ഥാനം, ആത്യന്തിക നന്മ തുടങ്ങിയ ഗുണസവിശേഷതകള്‍ വ്യവസ്ഥാപനപ്പെടുത്തുന്നതിനു വേണ്ടിയാണ് അവളുടെ രാവുകള്‍ എന്ന സിനിമയുടെ ഇതിവൃത്തം പരിശ്രമിക്കുന്നത്. അവളുടെ രാവുകളിലെ മൂന്നു പ്രധാനപ്പെട്ട പുരുഷ കഥാപാത്രങ്ങളും ഒരു ഘട്ടത്തില്‍, രാജി(സീമ)യെ കുറ്റപ്പെടുത്തുകയോ അപായപ്പെടുത്തുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. (രാജി എന്ന നാമകരണം തന്നെ എല്ലാത്തിനോടും രാജിയാവുന്നവള്‍ എന്ന അര്‍ത്ഥമാണ് ധ്വനിപ്പിക്കുന്നത്). ഇതിനു പശ്ചാത്താപം ചെയ്യാന്‍ അവര്‍ക്കോരോരു—ത്തര്‍ക്കുമായി തിരക്കഥ അവസരമൊരുക്കുന്നു. സിനിമയുടെ ആഖ്യാനമാകട്ടെ തുടക്കം മുതല്‍ ഒടുക്കം വരെയും ആണ്‍ നോട്ടത്തിന് വിധേയമായ നഗ്നവും അര്‍ദ്ധനഗ്നവും വേഷമണിഞ്ഞതുമമായ സ്ത്രീ ശരീരത്തെ പ്രദര്‍ശിപ്പിക്കുന്നതിനും അതിലൂടെ ചരക്കുവത്ക്കരിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.
നിത്യ മദ്യപാനിയും നിത്യ വ്യഭിചാരിയുമായ ജയന്‍(സുകുമാരന്‍) രാജിയെ അയാളുടെ കാമസംതൃപ്തിക്കുള്ള ഒരു ചരക്ക് മാത്രമായിട്ടാണ് ആദ്യ ഘട്ടങ്ങളിലെല്ലാം പരിഗണിക്കുന്നത്. കരിമ്പടപ്പുതപ്പിനുള്ളില്‍ ഉറക്കമുണരുന്ന ജയന്റെയും രാജിയുടെയും നഗ്നശരീരങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നതു തന്നെ. പിന്നീടും പല തവണ ഈ ഉദ്ദേശ്യത്തോടെ അവളോട് സംസാരിക്കുകയോ അവളെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യുന്നുണ്ട് അയാള്‍. എനിക്കിയാളെ അറിയാം, മഹാ ചീത്തയാണ് എന്നാണ് ജയനെക്കുറിച്ച് രാജി അവളുടെ ആദര്‍ശ കാമുകനായ ബാബു(രവികുമാര്‍)വിനോട് പറയുന്നത്. എന്നാല്‍, ബാബു അവളെ കുടുക്കി പോലീസ് ലോക്കപ്പിലാക്കുമ്പോള്‍ വക്കീലുമായി ചെന്ന് അവളെ സധൈര്യം ജാമ്യത്തിലിറക്കുന്നത് ജയനാണ്. അവള്‍ക്കൊരപായം വന്നപ്പോള്‍ സഹായിക്കാന്‍ ജയനേ ഉണ്ടായുള്ളൂ എന്നാണ് ആ ഘട്ടത്തില്‍ വ്യക്തമാക്കപ്പെടുന്നത്. നാട്യങ്ങളില്ലാതെ, തന്റെ ആസക്തികളും ലഹരികളും ബന്ധങ്ങളും ഇഷ്ടങ്ങളും ദേഷ്യങ്ങളും പ്രകടിപ്പിക്കുന്ന പച്ചയായ പുരുഷന്‍ എന്ന കാറ്റഗറിയിലാണ് ജയന്‍ മഹത്വവത്ക്കരിക്കപ്പെടുന്നത്. നീ എന്തിനാണ് കരയുന്നത്. നിന്നോട് ഞാനൊരിക്കലും നന്നായി പെരുമാറിയിട്ടില്ല. നിന്നെ ഞാന്‍ ഈ ജിവിതത്തില്‍ നിന്ന് രക്ഷിക്കുമായിരുന്നു. പക്ഷെ എനിക്ക് ഇനിയൊരു ജീവിതമില്ല. എന്നാണ് ജയന്‍ അവളവനെ മനസ്സിലാക്കി കരയുമ്പോള്‍ പ്രതികരിക്കുന്നത്.
നീലക്കുയിലിലെ ശ്രീധരന്‍ മാസ്റ്റര്‍(സത്യന്‍) തന്നെയാണ് അവളുടെ രാവുകളിലെ ചന്ദ്രന്‍ മാഷ്(സോമന്‍). മധ്യവര്‍ഗത്തില്‍ പെട്ട ഈ ആധുനിക പുരുഷന്റെ കുറ്റം, പിന്നീട് അയാളേറ്റു വാങ്ങുന്ന ശിക്ഷ, അതിനുള്ള പശ്ചാത്താപം എന്നിങ്ങനെയാണ് പല നായകത്വങ്ങളിലൊരാളെ പെരുപ്പിച്ച് മഹത്വവത്ക്കരിക്കുന്നത്. തുടക്കത്തില്‍ രാജിയുടെ ഓലക്കുടിലിനടുത്തുള്ള ലോഡ്ജില്‍ താമസിക്കുന്ന അയാള്‍, അവളുടെ ഇളയ സഹോദരന്‍ സുധാകരനു(മാസ്റ്റര്‍ രഘു)മായി സൗഹൃദത്തിലാവുന്നു. സുധാകരന്‍ അയാളുടെ ക്ലാസിലെ വിദ്യാര്‍ത്ഥിയുമാണ്. ഈ ഘട്ടത്തില്‍, ഒളിഞ്ഞു നോക്കിക്കൊണ്ടും ആസക്തി കടിച്ചമര്‍ത്തിക്കൊണ്ടും അയാള്‍ കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ഈ നിരാശ കൂടിയായിരിക്കണം, തന്റെ വിലകൂടിയ വാച്ച് നഷ്ടപ്പെട്ടപ്പോള്‍ ആ കുറ്റം സുധാകരനില്‍ ആരോപിക്കാന്‍ അയാളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സുധാകരനും രാജിയും പോലീസ് പിടിയിലാവുന്നു, മര്‍ദനത്തിനിരയാവുന്നു; സുധാകരന്‍ മരണമടയുന്നു. അതിനിടെ, വാച്ച് മോഷ്ടിച്ചത് വികലാംഗനായ ഒരു യാചകനാണെന്ന് രാജിയുടെ കൂട്ടിക്കൊടുപ്പുകാരനായ ദാമു(കുതിരവട്ടം പപ്പു) കണ്ടെത്തുകയും അയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു. തന്റെ മറച്ചുവെക്കപ്പെട്ട ആസക്തിയും അനാവശ്യമായ കുറ്റാരോപണവും അതിനെ തുടര്‍ന്ന് രാജിയുടെ സഹോദരന്‍ മരണമടഞ്ഞതുമെല്ലാം ചേര്‍ന്നാണ് അയാളിലെ കുറ്റബോധത്തെയും പശ്ചാത്താപത്തെയും ഉണര്‍ത്തുന്നത്. സാരി ജനലിലൂടെ എറിഞ്ഞുകൊടുത്ത് സമ്മാനിച്ചും മറ്റും തന്റെ തെറ്റ് തിരുത്താന്‍ അയാള്‍ തുനിയുന്നുണ്ടെങ്കിലും അവളതെല്ലാം നിഷ്‌ക്കരുണം തട്ടിക്കളയുന്നു. അങ്ങിനെയാണ് ഹോട്ടലില്‍ മുറിയെടുത്ത് അവിടേക്ക് ഉപഭോക്താവാരാണെന്ന് അറിയിക്കാതെ അയാള്‍ അവളെ വരുത്തുന്നത്. അവിടെ വെച്ച് മേല്‍വസ്ത്രങ്ങളെല്ലാം ഒന്നൊന്നായി അഴിച്ച് ബ്രായും പാന്റീസും മാത്രമണിഞ്ഞ് കിടക്കയില്‍ ലൈംഗികബന്ധത്തിന് തയ്യാറെന്നോണം മലര്‍ന്നു കിടക്കുന്ന രാജിയുടെ അടുത്തേക്ക് ചന്ദ്രന്‍ മാഷ് എത്തുമ്പോള്‍ , അവള്‍ അതീവ തീവ്രതയോടെ അയാളെ നിരാകരിക്കുന്നു. ഇതിനു സമാനമായ ലൈംഗികഭീകരവാദ ദൃശ്യം ലൂയി ബുനുവലിന്റെ ദ ഒബ്‌സ്‌ക്യൂര്‍ ഓബ്ജക്ട് ഓഫ് ഡിസയറിലുണ്ട്. വരേണ്യ പുരുഷനായ ബൂര്‍ഷ്വാസിയെ തന്റെ ശരീരം കാണിച്ച് വശീകരിച്ച് നിര്‍ണായക സമയത്ത് പിന്‍വാങ്ങുന്ന സ്ത്രീകഥാപാത്രം ഉണര്‍ത്തുന്ന ഞെട്ടല്‍ തന്നെയാണ് രാജിയും സൃഷ്ടിക്കുന്നത്. എന്നാല്‍, ഒരു സ്ത്രീ അതും സുന്ദരിയായ ഒരു വേശ്യ ഇപ്രകാരം ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായമുള്ള അവളുടെ രാവുകളുടെ തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് അവളെ തൊട്ടടുത്ത രംഗത്തില്‍ കടപ്പുറത്തു വെച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കുന്നു. അയാളുടെ പാപപരിഹാരത്തിന് നിന്നു കൊടുക്കാത്ത അവളുടേതാണ് കൂടുതല്‍ വലിയ തെറ്റ് എന്നാണ് അവളുടെ രാവുകള്‍ ആ ഘട്ടത്തില്‍ കാണിയെ പഠിപ്പിക്കുന്നത്. പിച്ചിച്ചീന്തപ്പെടുന്ന അവളെ ആശുപത്രിയിലാക്കുന്നതും ചികിത്സ മുഴുവനായി മേല്‍നോട്ടം നിന്ന് നടത്തുന്നതും, ഡിസ്ചാര്‍ജിനു ശേഷം ഒരു മാസത്തേക്ക് തൊഴില്‍ ചെയ്യരുതെന്നുള്ള ഡോക്ടറുടെ നിര്‍ദേശം പാലിക്കുമ്പോള്‍ പട്ടിണി കിടക്കാതിരിക്കാനായി അവള്‍ക്ക് ചിലവിന് പണം കൊടുക്കുന്നതും -ഗീഥ തന്നെ സമ്മതിക്കുന്നതു പോലെ, പുരുഷാഹങ്കാര പ്രതികരണവും ആണിന്റെ ആത്യന്തിക വിജയത്തിന്റെ പ്രകടനവും – എല്ലാമയാളാണ്. പിന്നീട് ഈ വലിയ പിഴ- വലിയ പിഴയില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് അയാള്‍ സ്ഥലം മാറ്റമായി പോകുന്നതിന് തലേന്ന് അയാള്‍ കൊടുത്തതും അവള്‍ ആദ്യം വലിച്ചെറിഞ്ഞതുമായ സാരിയണിഞ്ഞ് വലിയ ടിഫിന്‍ കാരിയറില്‍ സദ്യയുണ്ടാക്കി വാഴയിലയില്‍ വിളമ്പി അയാളെ അവള്‍ സല്‍ക്കരിക്കുന്നത്. എനിക്കൊരാള്‍ ചിലവിനെന്ന് പറഞ്ഞ് കാശുതരുന്നതും ആദ്യം. ഞാനൊരാള്‍ക്ക് വെച്ചു വിളമ്പിക്കൊടുക്കുന്നതും ആദ്യം. ഇതിനി ഒരിക്കലും എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നില്ല. എന്നാണ് രാജി ഈ ശുഭമുഹൂര്‍ത്തത്തെ വര്‍ണിക്കുന്നത്. അപ്പോഴും തന്റെ ശരീരത്തോടുള്ള മാഷുടെ ആഗ്രഹം നിറവേറ്റപ്പെടാതെ പോകരുതെന്ന രാജിയുടെ വാഗ്ദാനം അയാള്‍ നിരസിക്കുന്നു. മാംസനിബദ്ധമല്ല രാഗം എന്ന കുമാരനാശാന്‍ തത്വത്തിലേക്ക് വളരുന്ന ചന്ദ്രന്‍ മാഷും ഇതോടെ സമ്പൂര്‍ണ പുരുഷനായി പരിണമിക്കുന്നു.
മാംസനിബദ്ധമല്ല രാഗം എന്ന കുമാരനാശാന്‍ തത്വത്തില്‍ ആദ്യമേ തളച്ചിടാനായി രാജി ഒരുക്കിയിരിക്കുന്ന കാമുകകഥാപാത്രമാണ് ബാബു(രവികുമാര്‍). ചോക്കളേറ്റ് നായകനു യോജിച്ച വഴുവഴുമ്പന്‍ ശരീരപ്രകൃതിയുള്ള രവികുമാറിനെ ഈ വേഷത്തിലേക്ക് നിയോഗിച്ചത് വെറുതെയായില്ല. വിരൂപരും പരുക്കന്‍ മുഖമുള്ളവരും കെട്ട സ്വഭാവമുള്ളവരും, ഇത്തരത്തിലുള്ള വെളുവെളുത്ത ചോക്കളേറ്റ് നായകര്‍ നന്മയുടെ നിറകുടങ്ങളുമായിരിക്കുമെന്ന പൊതുബോധത്തെയാണിവിടെ അവളുടെ രാവുകള്‍ പിന്തുടരുന്നത്. കറുത്ത തൊലി നിറമുള്ളവര്‍, കറുത്ത മുണ്ടുടുത്തവര്‍, മുഷിഞ്ഞ വേഷമണിഞ്ഞവര്‍, മുഖം വ്യക്തമല്ലാത്തവര്‍, വികലാംഗര്‍, അലഞ്ഞു തിരിയുന്നവര്‍ എന്നിങ്ങനെ തെണ്ടിവര്‍ഗത്തില്‍ പെട്ട പുരുഷന്മാരാണ് രാജിയെ കടല്‍ത്തീരത്തു വെച്ച് കൂട്ടമായി ആക്രമിക്കുന്നതും, പാട്ടു സീനില്‍ ചാട്ടവാര്‍ കൊണ്ടടിക്കുന്നതും, അവളുടെ സഹോദരന്റെ മരണത്തിലേക്കു വരെ നയിക്കുന്ന ഗുരുതരമായ മോഷണം നടത്തുന്നതും. ഇത്തരത്തിലുള്ള ലുംപന്‍ വിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളോടാണ് -ദില്ലി കൂട്ട ബലാത്സംഗക്കേസിലെന്നതു പോലെ – പൊതുജനം പ്രതികരിക്കുക എന്നും പോലീസും പട്ടാളവും വെളുത്ത വരേണ്യരും നടത്തുന്ന സ്ത്രീ വേട്ടകള്‍ പുറത്തറിയാതെ ഒതുക്കുകയാണ് ചെയ്യുകയെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടതും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. ഈ ഉദ്ദേശത്തോടു കൂടി എന്നെ തൊടരുത്. എന്റെ ശരീരത്തിനുവേണ്ടിയല്ലാതെ എന്നെ സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ചെനിക്കോര്‍ക്കണം. അത് ബാബുവായിരിക്കണം; എപ്പോഴും ബാബുവിനെക്കുറിച്ചുള്ള ഓര്‍മ, സ്‌നേഹിച്ചു പോയി. ഞാന്‍ ബാബുവേട്ടാ എന്ന് വിളിച്ചോട്ടേ. ഞാനെന്റെ എല്ലാമായി കരുതി അങ്ങിനെ വിളിച്ചോട്ടെ. എന്നൊക്കെയാണ് രാജി ബാബുവിനോടുള്ള പൈങ്കിളിപ്രണയവേളകളില്‍ സംസാരിക്കുന്നത്. ഇത്തരത്തില്‍ അവള്‍ വിശ്വസിക്കുകയും ശരീരം മാത്രം കൊടുക്കാതെ പ്രണയിക്കുകയും ചെയ്യുന്ന മഹാനായ ബാബു കിട്ടിയ അവസരത്തില്‍ അവളെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുന്നു. എന്നിട്ടും പ്രകോപിതയാകാതെ അയാള്‍ക്കു ചുറ്റും തന്നെ വട്ടം തിരിയുന്ന അവളെ മനസ്സിലാക്കുന്നത് ബാബുവിന്റെ അമ്മയാണ് (കവിയൂര്‍ പൊന്നമ്മ). ആ അമ്മയുടെ തിരിച്ചറിവിനെ തുടര്‍ന്ന് ബാബുവിനും ബോധോദയം ഉണ്ടാകുകയും അവളെ അവന്റെ ഭാര്യയായി സ്വീകരിക്കുകയുമാണ്. ബാബുവിന് രാധയെന്ന ആലോചിച്ചുവെച്ച വധു നഷ്ടമാകുമ്പോഴാണ്, രാജി സ്വീകാര്യയാകുന്നത്. അവള്‍ വിവാഹത്തിലൂടെയോ ലൈംഗികബന്ധത്തിലൂടെയോ ബാബുവിനെ കളങ്കപ്പെടുത്താന്‍ വിചാരിക്കുന്നില്ല എന്ന് പലവട്ടം പറയുന്നുണ്ട്.

____________________________________
വേശ്യ, ഉപഭോക്താവ്, കൂട്ടിക്കൊടുപ്പുകാരന്‍, മനോരോഗ ചികിത്സകന്‍, ചിത്തഭ്രമക്കാരന്‍ /കാരി എന്നിങ്ങനെയുള്ളവരെ അദര്‍ വിക്‌റ്റോറിയന്‍സ്(മറ്റു വിക്‌ടോറിയന്‍സ് അഥവാ വിക്‌ടോറിയനിതരര്‍) എന്നാണ് സ്റ്റീവന്‍ മാര്‍ക്കൂസ് വിളിക്കുന്നത്. ഈ ഒളിമറകള്‍ക്കുള്ളില്‍ വെച്ച് കൂലി, വില, ലാഭം എന്നിവയുടെ കൈമാറ്റക്കണക്കനുസരിച്ച് ലൈംഗികത പ്രതിബന്ധങ്ങളില്ലാതെ ആവിഷ്‌ക്കരിക്കപ്പെടാം എന്നാണ് വിക്‌ടോറിയന്‍ ബൂര്‍ഷ്വാസിയുടെ സദാചാര നിയമം അനുവദിച്ചുകൊടുത്തിരിക്കുന്നത്. മറ്റിടങ്ങളെല്ലാം, നിരോധനം, നിലനില്‍ക്കുന്നില്ലെന്ന അവസ്ഥ, നിശ്ശബ്ദത എന്നീ എഡിറ്റിങ്ങുകളിലൂടെ ലൈംഗികതയെ ഒളിപ്പിച്ച് ആധുനിക സംശുദ്ധിവാദം അധീശപ്പെടുത്തി. അതായത്, സംശുദ്ധി എന്ന കുടുംബവ്യവസ്ഥയുടെ അപരം മാത്രമാണ് ‘അശുദ്ധ’മായ വേശ്യാവൃത്തി. മുതലാളിത്ത ധാര്‍മികതയുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി, ഒരു ഭാഗത്ത് കുടുംബത്തെ മഹത്വവത്ക്കരിക്കുകയും അപ്പുറത്ത് വേശ്യാവൃത്തിയെ അനുവദിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് അത് പുലര്‍ത്തുന്നത്.
____________________________________

ഇവിടെ വ്യഭിചാരം അല്ല, ലൈംഗികതയാണ് കുറ്റകൃത്യമായി ആവിഷ്‌ക്കരിക്കപ്പെടുന്നത്. പിഴച്ചവളും വേശ്യയുമായ നായികയെ കഥാന്ത്യത്തിനു മുമ്പായി കൊന്നോ പടുമരണത്തിനു വിധേയയാക്കിയോ അവസാനിപ്പിക്കാതെ പവിത്രകുടുംബത്തിലേക്ക് വിലയിപ്പിക്കുന്നത് സാഹസികവും എടുത്തു പറയേണ്ട വിധത്തില്‍ പ്രശംസനീയവുമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ അധികം ആരും ധൈര്യപ്പെടാത്ത ഈ കഥാഗതിയുടെ പേരില്‍ തിരക്കഥാകൃത്ത് ഷെറീഫും സംവിധായകന്‍ ഐ വി ശശിയും അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍, സ്ത്രീയുടെ (പുരുഷന്റെയും)ആത്യന്തികമായ സംരക്ഷണവും മോക്ഷവും പവിത്രകുടുംബത്തിനകത്തു മാത്രമേ നിര്‍വഹിക്കപ്പെടുകയുള്ളൂ എന്ന വരേണ്യ പൊതുബോധത്തെ മഹത്വവത്ക്കരിക്കാനും അരക്കിട്ടുറപ്പിക്കാനുമാണ് ഈ കഥാഗതി ഇപ്രകാരമാക്കി അവസാനിപ്പിച്ചതും എന്നതും പരാമര്‍ശിക്കേണ്ടതുണ്ട്.
കൂട്ടിക്കൊടുപ്പുകാരനായ ദാമു(കുതിരവട്ടം പപ്പു), ബാബുവിന്റെ അഛന്‍(ബഹദൂര്‍) എന്നീ പുരുഷ കഥാപാത്രങ്ങളും വേശ്യയായ രാജിയെ സംരക്ഷിക്കുകയും വെച്ചു പൊറുപ്പിക്കുകയും ചെയ്യുന്നതിലൂടെ പുരുഷ രക്ഷാകര്‍തൃത്വത്തിന്റെ പാര്‍ശ്വ പ്രതിനിധാനങ്ങളായിട്ടാണ് സ്ഥാനപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ; സ്ത്രീ കഥാപാത്രത്തിന് പ്രാമുഖ്യം, വേശ്യയുടെ സമൂഹത്തോടുള്ള പ്രതികരണത്തെ ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കാനുള്ള ശ്രമം, കടുത്ത സാമൂഹിക വിമര്‍ശനം എന്നിങ്ങനെയുള്ള പ്രശംസകളാല്‍ മൂടപ്പെട്ട അവളുടെ രാവുകള്‍ പുരുഷസ്വത്വം ആത്യന്തികമായി നന്മയിലേക്കും രക്ഷാകര്‍തൃത്വത്തിലേക്കും വളര്‍ന്നെത്തുന്ന ശക്തിയാണെന്നും പവിത്രകുടുംബം തന്നെയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള അന്തിമ പരിഹാരം എന്നും തന്നെയാണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ പുറം മോടികള്‍ കണ്ട് ഇതാ സത്യസന്ധമായ സിനിമ എന്ന് ഉദ്‌ഘോഷിക്കുന്നവരോട് നമുക്ക് വീണ്ടും സഹതപിക്കാം.
ഹാപ്പി ഹസ്ബന്റ്‌സ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങിയ സിനിമകളിലെന്നതു പോലെ, വഴി തെറ്റിപ്പോകുന്ന പുരുഷനെ/ഭര്‍ത്താവിനെ/കാമുകനെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ഭാര്യ/കാമുകി ബിംബങ്ങള്‍ ഷട്ടറിലെ മകളിലൂടെ ആവര്‍ത്തിക്കുന്നു എന്നേ ഉള്ളൂ എന്നും അതിലെന്താണ് അവകാശപ്പെടാനുള്ളത് എന്നുമാണ് ഗീഥ ചോദിക്കുന്നത്. ഒരു സിനിമയെ/ഇതിവൃത്തത്തെ അതിന്റ അന്ത്യരംഗം മാത്രം വെച്ച് വിലയിരുത്തുന്ന ഉദാസീനമായ വ്യാഖ്യാനരീതി കൊണ്ടാണ് ഇത്തരത്തിലുള്ള എളുപ്പനിഗമനത്തിലെത്തുന്നത്. ഷട്ടറിനു പുറമേ നിന്നു കണ്ട ഒരു ലോകവും ജീവിതവുമല്ല, റഷീദ് തനിക്ക് ഇടപെടാനാകാത്ത ആ അധോതലത്തിലിരുന്ന് നേരിടുന്നത്. ഇവിടെ നിന്നങ്ങോട്ട് ചിത്രം ഒരു സൈക്കോ ത്രില്ലറിന്റെ ലാഞ്ഛനയോടെ, ഉദ്വേഗത്തോടെ ചുരുള്‍ നിവരുകയാണ് എന്നാണ് മറ്റൊരു ‘പുരുഷ’ നിരൂപകനായ അന്‍വര്‍ അബ്ദുള്ള അഭിപ്രായപ്പെടുന്നത് (റിവേഴ്‌സ് ക്ലാപ്പ്). ഈ അധോതലത്തെ നേരിടാനാകാതെ കുഴയുന്ന റഷീദ് എന്ന മുതിര്‍ന്ന പുരുഷന്റെ ധാര്‍മികവും ശാരീരികവും മാനസികവും കുടുംബപരവും സാമൂഹികവും ചരിത്രപരവും രാഷ്ട്രീയവുമായ പ്രതിസന്ധി ആഴത്തില്‍ ഷട്ടറിന് ആവിഷ്‌ക്കരിക്കാനായി എന്നു തന്നെയാണ് എന്റെ സുവ്യക്തമായ അഭിപ്രായം. കഥയുടെ അന്ത്യം മാത്രം കണ്ട് ചിത്രത്തെ മുഴുവനായി വിലയിരുത്തുന്നത് അഭികാമ്യമായ ഒരു രീതിയല്ല.
മദ്യപാനം, ലൈംഗികത്തൊഴില്‍ എന്നീ കൃത്യങ്ങളോട് ഇരട്ടത്താപ്പുള്ള സമീപനമാണ് കേരള സമൂഹം പുലര്‍ത്തി വരുന്നത് എന്നും അതിനെ തുറന്നു കാട്ടുന്ന സമീപനമാണ് ഷട്ടറിലുള്ളത് എന്നും ധാരണയുള്ളതുകൊണ്ടാണ് അതു സംബന്ധിച്ച പരാമര്‍ശങ്ങളെഴുതിയത്. ഇതിനര്‍ത്ഥം, ജോയി മാത്യുവും ജി പി രാമചന്ദ്രനും ഒരാളാണെന്നല്ല. അത്തരത്തില്‍ തോന്നിപ്പിക്കുന്ന വിധത്തില്‍ ജോയിമാത്യു/ജി പി രാമചന്ദ്രന്‍ എന്നൊക്കെ പ്രയോഗിക്കുന്നത് ജുഗുപ്‌സ ഉളവാക്കുന്നു. എന്താണ് ലൈംഗികത്തൊഴില്‍ അഥവാ വേശ്യാവൃത്തി? അത് സ്വയം ഭൂവായ ഒന്നോ, മറ്റു ചരിത്ര-സാമ്പത്തിക-രാഷ്ട്രീയ-ലൈംഗിക വ്യവസ്ഥകളോട് പ്രതിപ്രവര്‍ത്തിക്കാതെ ഒറ്റക്ക് നിലനില്‍ക്കുന്ന ഒന്നോ അല്ല. പ്രയോജനമാത്രവാദപരവും പ്രത്യുല്‍പാദനമാത്രപരവുമായി ലൈംഗികതയെ വിക്‌ടോറിയന്‍ ബൂര്‍ഷ്വാസി, ഭാര്യാഭര്‍ത്താക്കന്മാരുടെ കിടപ്പറയില്‍ കൂട്ടിലിട്ടടച്ചതിനു ശേഷവും നിയമരഹിതമായ ലൈംഗികതക്കായി അനുവദിക്കപ്പെട്ട സ്ഥലമാണ് വേശ്യാലയം എന്നാണ് മിഷേല്‍ ഫൂക്കോ(ദ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി) വിവരിക്കുന്നത്. വേശ്യ, ഉപഭോക്താവ്, കൂട്ടിക്കൊടുപ്പുകാരന്‍, മനോരോഗ ചികിത്സകന്‍, ചിത്തഭ്രമക്കാരന്‍ /കാരി എന്നിങ്ങനെയുള്ളവരെ അദര്‍ വിക്‌റ്റോറിയന്‍സ്(മറ്റു വിക്‌ടോറിയന്‍സ് അഥവാ വിക്‌ടോറിയനിതരര്‍) എന്നാണ് സ്റ്റീവന്‍ മാര്‍ക്കൂസ് വിളിക്കുന്നത്. ഈ ഒളിമറകള്‍ക്കുള്ളില്‍ വെച്ച് കൂലി, വില, ലാഭം എന്നിവയുടെ കൈമാറ്റക്കണക്കനുസരിച്ച് ലൈംഗികത പ്രതിബന്ധങ്ങളില്ലാതെ ആവിഷ്‌ക്കരിക്കപ്പെടാം എന്നാണ് വിക്‌ടോറിയന്‍ ബൂര്‍ഷ്വാസിയുടെ സദാചാര നിയമം അനുവദിച്ചുകൊടുത്തിരിക്കുന്നത്. മറ്റിടങ്ങളെല്ലാം, നിരോധനം, നിലനില്‍ക്കുന്നില്ലെന്ന അവസ്ഥ, നിശ്ശബ്ദത എന്നീ എഡിറ്റിങ്ങുകളിലൂടെ ലൈംഗികതയെ ഒളിപ്പിച്ച് ആധുനിക സംശുദ്ധിവാദം അധീശപ്പെടുത്തി. അതായത്, സംശുദ്ധി എന്ന കുടുംബവ്യവസ്ഥയുടെ അപരം മാത്രമാണ് ‘അശുദ്ധ’മായ വേശ്യാവൃത്തി.

__________________________________
പതിനേഴാം നൂറ്റാണ്ടിനു ശേഷം നിരവധിയായ കുടുംബ-വിദ്യാഭ്യാസ-സാമൂഹ്യ-നിയമ പദ്ധതികളിലൂടെ നടത്തിയെടുത്തതും വാഴ്ത്തപ്പെട്ടതുമായ വിക്‌ടോറിയന്‍ സദാചാരം എന്ന കോട്ടകൊത്തളം ഇതോടെ നുറുങ്ങിയൊടുങ്ങി എന്നൊന്നുമല്ല അവകാശപ്പെടുന്നത്. പക്ഷെ, അത്രയും വലിയ കോട്ടക്കെതിരെ ചില്ലറ ചരല്‍ വാരിയെറിയലുകള്‍ തന്നെയാണ് ഷട്ടര്‍ നടത്തുന്നത്. അമര്‍ത്തിവെക്കപ്പട്ട ലൈംഗികത ശമിപ്പിക്കുന്നതിനു വേണ്ടി വേശ്യയെ പ്രാപിക്കാന്‍ ശ്രമിക്കുന്നവനായ ആ ബാപ്പക്ക് എങ്ങിനെയാണ് തന്റെ മകളെ നിശ്ശബ്ദതയും സഹനവും കണ്ടില്ലെന്നു നടിക്കലും നിയന്ത്രണവും വഴിയുള്ള ലൈംഗിക ക്രമീകരണത്തിന് വിധേയയാക്കാന്‍ സാധിക്കുക? അവളെ അവളുടെ പാട്ടിന് വിടേണ്ടി വരുക തന്നെ ചെയ്യും. ഇതിനെ ബ്ലാക്ക് മെയ്‌ലിംഗ് ആയിട്ടാണ് ഗീഥ വ്യാഖ്യാനിക്കുന്നത്. അധികാരവാഴ്ചക്കെതിരായ കലാപങ്ങള്‍ നിയമവിരുദ്ധമായ ബ്ലാക്ക് മെയ്‌ലിംഗ് ആയിട്ടാണെങ്കിലും നിര്‍വഹിക്കപ്പെടുന്നത് ആഹ്ലാദത്തോടെ മാത്രമേ സ്വാതന്ത്ര്യവാദികള്‍ ഉള്‍ക്കൊള്ളുകയുള്ളൂ. 
__________________________________

മുതലാളിത്ത ധാര്‍മികതയുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി, ഒരു ഭാഗത്ത് കുടുംബത്തെ മഹത്വവത്ക്കരിക്കുകയും അപ്പുറത്ത് വേശ്യാവൃത്തിയെ അനുവദിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് അത് പുലര്‍ത്തുന്നത്. സാമൂഹിക ബന്ധങ്ങളിലെതിരിച്ചറിവില്ലായ്മ തുറന്നു കാട്ടുന്നതിലൂടെ സാമൂഹികമായ അവിശ്വാസമാണ് ആവിഷ്‌ക്കരിക്കുന്നത് എന്നും സാമൂഹിക ബന്ധങ്ങള്‍ അപകടകരമാം വിധം ചതിക്കുഴികളാണെന്ന ഋജുരേഖയിലുള്ള നിര്‍വചനമാണ് ഷട്ടര്‍ മുന്നോട്ടു വെക്കുന്നത് എന്നതും ഉപരിപ്ലവമായ നിരീക്ഷണമാണ്. കക്ഷി രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും കോടതി വിധികളെയും ജഡ്ജുമാരുടെ പരാമര്‍ശങ്ങളെയും വിശകലനവിധേയമാക്കുന്നത് കോടതിയലക്ഷ്യമാണെന്നും പറയുന്ന ലാഘവത്തോടെയാണ് ലേഖിക നിഗമനങ്ങളെയും നിരീക്ഷണങ്ങളെയും വളച്ചൊടിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നത്. നിലനില്‍ക്കുന്ന ചരിത്ര-സാമ്പത്തിക-രാഷ്ട്രീയ-ലൈംഗിക-സാംസ്‌ക്കാരിക അവസ്ഥകളില്‍ നിന്ന് ഭിന്നമായി സമൂഹം വിപരീതം കുടുംബം എന്ന ദ്വന്ദ്വത്തെ നിര്‍മിച്ചെടുക്കുക എന്ന മൂഢതയുടെ ബഹിര്‍സ്ഫുരണമാണിത്. കുടുംബം എന്നു മാത്രമല്ല, വ്യക്തി സ്വത്വവും അയാളുടെ/അവളുടെ ബോധമണ്ഡലവും വരെ സാമൂഹികമാണ് എന്നും സമൂഹം എന്ന് പ്രത്യക്ഷത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ഥലം/ചരിത്രം/സംസ്‌ക്കാരം, മുതലാളിത്ത-നാടുവാഴിത്ത ബോധം നിര്‍മിച്ചെടുത്ത കുടുംബ നിയമങ്ങളുടെ ഒരു പൊതുവല്‍ക്കരണം മാത്രമാണെന്നും സൂക്ഷ്മമായി ആലോചിച്ചാല്‍ ബോധ്യപ്പെടും. അഥവാ കുടുംബ സങ്കുചിതത്വത്തില്‍ നിന്ന് ഭിന്നമായ ഒരു പൊതുമ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ തന്നെ ആ പൊതുമാ ചെരുപ്പ് അഴിച്ചു വെച്ചാണ് അവര്‍ പവിത്ര കുടുംബത്തിനകത്തേക്ക് പ്രവേശിക്കുന്നത്.

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കള്‍ക്കും അവരിലൂടെ സാമാന്യ സമൂഹത്തിനുമുള്ള കരുതല്‍(!) എന്ന പ്രതിഭാസത്തെയാണ് പ്രധാനമായും ഷട്ടര്‍ പ്രശ്‌നവത്ക്കരിക്കുന്നത് എന്നതാണ് എന്റെ ലേഖനത്തില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്. കുട്ടികളും മുതിര്‍ന്നവരും തമ്മില്‍; വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍: എല്ലാം കാലങ്ങളായി നിലനിന്നിരുന്ന ഭാഷ/സംഭാഷണങ്ങളുടെ സ്വാതന്ത്ര്യം, വിക്‌ടോറിയന്‍ സദാചാര വാഴ്ച നിലവില്‍ വന്നതിനെ തുടര്‍ന്ന് അപ്രത്യക്ഷമായതിനെ സംബന്ധിച്ച് മിഷേല്‍ ഫൂക്കോ വിവരിക്കുന്നുണ്ട്. (ദ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി). ലൈംഗികതയുടെ ക്രമത്തില്‍ പുരുഷന്‍, മുതിര്‍ന്നവര്‍ , മാതാപിതാക്കള്‍ , ഡോക്ടര്‍മാര്‍ എന്നിവരുടെ കൈയിലാണ് നിയന്ത്രണാധികാരം ഉള്ളത്. സ്ത്രീകള്‍ , കൗമാരപ്രായക്കാര്‍, കുട്ടികള്‍ , രോഗികള്‍ എന്നിവരാണ് അധികാരത്തിനു കീഴില്‍ ഞെരിഞ്ഞമരുന്നത്. ആര്‍ക്കാണ് വിവരങ്ങളുള്ളത്? ആരാണ് വിവരമില്ലാത്തവര്‍? എന്നതും ഈ വിഭജനത്തിലൂടെ മനസ്സിലാക്കാനാവും. കുട്ടികളുടെ ലൈംഗികത നിയന്ത്രണവിധേയമാക്കുക എന്നതാണ് കുടുംബജീവിതധര്‍മത്തിന്റെ അര്‍ത്ഥന്യായം എന്ന് വിക്‌ടോറിയന്‍ സദാചാരവാഴ്ച തെളിയിച്ചെടുത്തു. അഥവാ അപ്രകാരമുള്ളൊരു കുടുംബത്തെ രൂപീകരിച്ചെടുത്തു. ഈ കുടുംബത്തിന്റെ നൈതികത, സുരക്ഷ, അതിരുകള്‍ , ബന്ധം എന്നിവയെയൊക്കെയും രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നതിനാണ് ഷട്ടര്‍ തുനിയുന്നത് എന്ന് സൂക്ഷ്മമായി ആലോചിച്ചാല്‍ ബോധ്യപ്പെടും. അപ്പോള്‍, അത് ആത്യന്തികമായി കുടുംബവ്യവസ്ഥയെ പുനര്‍ നിര്‍മിക്കുകയാണ് എന്ന് വാദിക്കുന്നതില്‍ എന്തു കഴമ്പാണുള്ളത്? പതിനേഴാം നൂറ്റാണ്ടിനു ശേഷം നിരവധിയായ കുടുംബ-വിദ്യാഭ്യാസ-സാമൂഹ്യ-നിയമ പദ്ധതികളിലൂടെ നടത്തിയെടുത്തതും വാഴ്ത്തപ്പെട്ടതുമായ വിക്‌ടോറിയന്‍ സദാചാരം എന്ന കോട്ടകൊത്തളം ഇതോടെ നുറുങ്ങിയൊടുങ്ങി എന്നൊന്നുമല്ല അവകാശപ്പെടുന്നത്. പക്ഷെ, അത്രയും വലിയ കോട്ടക്കെതിരെ ചില്ലറ ചരല്‍ വാരിയെറിയലുകള്‍ തന്നെയാണ് ഷട്ടര്‍ നടത്തുന്നത്. അമര്‍ത്തിവെക്കപ്പട്ട ലൈംഗികത ശമിപ്പിക്കുന്നതിനു വേണ്ടി വേശ്യയെ പ്രാപിക്കാന്‍ ശ്രമിക്കുന്നവനായ ആ ബാപ്പക്ക് എങ്ങിനെയാണ് തന്റെ മകളെ നിശ്ശബ്ദതയും സഹനവും കണ്ടില്ലെന്നു നടിക്കലും നിയന്ത്രണവും വഴിയുള്ള ലൈംഗിക ക്രമീകരണത്തിന് വിധേയയാക്കാന്‍ സാധിക്കുക? അവളെ അവളുടെ പാട്ടിന് വിടേണ്ടി വരുക തന്നെ ചെയ്യും. ഇതിനെ ബ്ലാക്ക് മെയ്‌ലിംഗ് ആയിട്ടാണ് ഗീഥ വ്യാഖ്യാനിക്കുന്നത്. അധികാരവാഴ്ചക്കെതിരായ കലാപങ്ങള്‍ നിയമവിരുദ്ധമായ ബ്ലാക്ക് മെയ്‌ലിംഗ് ആയിട്ടാണെങ്കിലും നിര്‍വഹിക്കപ്പെടുന്നത് ആഹ്ലാദത്തോടെ മാത്രമേ സ്വാതന്ത്ര്യവാദികള്‍ ഉള്‍ക്കൊള്ളുകയുള്ളൂ.

Top