മുദാസിറിന്റെ മരണവും അക്കാദമിക്ക് വര്‍ണ്ണ വ്യവസ്ഥയും

അഹമ്മദ് ജൂനൈദ്,
______________________________________________________________
കാശ്മീരി വിദ്യാര്തികള്‍കെതിരെയുള്ള മുന്‍ധാരണരകളും വിവേചനങ്ങളും ന്യൂനപക്ഷങ്ങളോടും ദളിതുകളോടും സവര്‍ണ്ണ -വരേണ്യ മനസ്സുകള്‍ പുലര്‍ത്തുന്ന സമീപനങ്ങളുടെ തുടര്‍ച്ചയാണ്. സംവരണത്തിന്റെ ആനുകൂല്യത്തില്‍ കയറിപ്പറ്റിയാലും കടുത്ത അവഗണനയും മാനസീകപീടനവും അനുഭവിക്കേണ്ട സ്ഥിതിവിശേഷമാണ് നമ്മുടെ ഒട്ടുമിക്ക കലാലയങ്ങളിലും. കശ്മീരികളുടെ കാര്യത്തിലെത്തുമ്പോള്‍ ദേശീയ സുരക്ഷയില്‍ പൊതിഞ്ഞ മറ്റൊരു ആശങ്ക കൂടി ഉണ്ടാകുന്നു. ആ ആശങ്ക അവരെ വേട്ടയാടാനുള്ള സാഹചര്യം കൂടുതല്‍ എളുപ്പമുള്ളതാക്കി തീര്‍ക്കുന്നു.
_______________________________________________________________

സൌത്ത് ഇന്ത്യയിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെത്തിയതായിരുന്നു മലയാളിയായ വിദ്യാര്‍ത്ഥി. പ്രവേശനത്തിനെത്തുന്നവരെ  സഹായിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കിലെ വിദ്യാര്‍ത്ഥിയോടൊപ്പം ഇരിക്കുകയായിരുന്ന, നാട്ടിന് പുറത്തുകാരനായ രക്ഷിതാവ്  ഇവിടെ കാശ്മീരി കുട്ടികള്‍ ഏറെയുണ്ടെന്ന് തോന്നുന്നുവെന്ന ‘ആശങ്ക’ മറ്റു വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. അഡ്മിഷന്‍ കഴിഞ്ഞ്  പോകാന്‍ നേരത്ത് യൂണിവേഴ്സിറ്റിയിലെ തന്നെ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളോട് മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ കൂട്ടത്തില്‍ ആ രക്ഷിതാവ് ഒരുപദേശവും നല്കി; കാശ്മീരില്‍ നിന്നുള്ളവരോട് കൂട്ടുകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. യൂണിവേഴ്സിറ്റിയിലെ കാശ്മീരി വിദ്യാര്‍ത്ഥികളുടെ പ്രകടമായ പ്രാതിനിത്യമായിരുന്നു ആ രക്ഷിതാവിന്റെ ആശങ്കക്ക് കാരണമെന്ന് പിന്നീടാണ് മനസ്സിലായത്.
ഒരു നാട്ടിന്‍ പുറത്തുകാരന് കാശ്മീരിനെയും കാശ്മീരികളെയും കുറിച്ചുള്ള പതിന്‍മടങ്ങ്  ആശങ്കളും  സംശയങ്ങളും മറ്റു സ്ഥാപനങ്ങളിലെന്ന പോലെ, നമ്മുടെ കലാലയങ്ങളിലും ഇതിനോടകം സ്ഥാപനവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കടുത്ത വിവേചനമായും, ഒറ്റപ്പെടുത്തലായും ഈ ‘കാശ്മീരി ഫോബിയ’ക്ക്  നമ്മുടെ കലാലയ അന്തരീക്ഷത്തില്‍ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പിഴയൊടുക്കേണ്ടി വരുന്നുണ്ട്. ഹോസ്റലിലെ സഹമുറിയന്‍ കാഷ്മീരിയനെങ്കില്‍ റൂം മാറാന്‍ അപേക്ഷ നല്കി, അതുവരെയും മറ്റേതെങ്കിലും സുഹൃത്തിന്റെ  റൂമില്‍ കിടന്നുറങ്ങുന്ന വിദ്യാര്‍ത്ഥി മുതല്‍, പൊതു ഇടങ്ങളിലും മറ്റും കാശ്മീരികളില്‍ നിന്ന് കൃത്യവും കൌശലപൂര്‍ണ്ണവുമായ ഒരകലം പാലിക്കാന്‍ ശീലിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികളും ഈ  കാശ്മീരിഫോബിയയുടെ പ്രതിഫലനങ്ങളാണ്. ഈ ഫോബിയയുടെ ഒടുവിലത്തെ ഇരയാണ് ഇംഗ്ളീഷ് ആന്റ് ഫോറിന്  ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ  മുദാസിര്‍ കംമ്രാന്റെ “ആത്മഹത്യ”യില്‍ കലാശിച്ച  സംഭവ പരമ്പരകള്‍.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ശനിയാഴ്ച വൈകുന്നേരമാണ് മുദാസിര്‍ കംമ്രാന്റെ  മൃതദേഹം തന്റെ  കിടപ്പുമുറിയില്‍ കാണപ്പെട്ടത്. മുദാസിന്റേത് ആത്മഹത്യയാണെന്നു പോലീസും യൂണിവേഴ്സിറ്റി അധികൃതരും  വിശദീകരിക്കുന്നു. പക്ഷെ, മരണത്തിലേക്ക് എത്തിപ്പെടും മുന്‍പ് മുദാസിന്റെ ജീവിതത്തില്‍ സംഭവിച്ച തിക്തമായ അനുഭവങ്ങള്‍ പക്ഷെ,  ഈ പോലീസ് വ്യാഖ്യാനം എളുപ്പത്തില്‍ വിഴുങ്ങാന്‍ അനുവദിക്കുന്നില്ല.

__________________________________________
കടുത്ത വിവേചനമായും, ഒറ്റപ്പെടുത്തലായും ഈ ‘കാശ്മീരി ഫോബിയ’ക്ക്  നമ്മുടെ കലാലയ അന്തരീക്ഷത്തില്‍ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പിഴയൊടുക്കേണ്ടി വരുന്നുണ്ട്. ഹോസ്റലിലെ സഹമുറിയന്‍ കാഷ്മീരിയനെങ്കില്‍ റൂം മാറാന്‍ അപേക്ഷ നല്കി, അതുവരെയും മറ്റേതെങ്കിലും സുഹൃത്തിന്റെ  റൂമില്‍ കിടന്നുറങ്ങുന്ന വിദ്യാര്‍ത്ഥി മുതല്‍, പൊതു ഇടങ്ങളിലും മറ്റും കാശ്മീരികളില്‍ നിന്ന് കൃത്യവും കൌശലപൂര്‍ണ്ണവുമായ ഒരകലം പാലിക്കാന്‍ ശീലിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികളും ഈ  കാശ്മീരിഫോബിയയുടെ പ്രതിഫലനങ്ങളാണ്.
__________________________________________

സൌത്ത് ഏഷ്യയിലെ തന്നെ മികച്ച ഇംഗ്ളീഷ് ഭാഷ സാഹിത്യ പഠനകേന്ദ്രങ്ങളിലൊന്നായ ഹൈദ്രാബാദ് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസിലെ ഇംഗ്ളീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഉന്നത ഗ്രേഡോടെ എംഫില്‍ പൂര്‍ത്തിയാക്കി പിഎച്ച് ഡിക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥിയാണ് മുദാസിര്‍ കംമ്രാന്‍. ക്യാമ്പസിലെ തന്നെ ഹോസ്റ്റലില്‍ ആയിരുന്നു മുദാസിര്‍ താമസിച്ചിരുന്നത്.  ഇതിനിടയില്‍ സഹമുറിയനായ വസീമുമായി മുദാസിര്‍  ഇടഞ്ഞു. പലപ്പോഴും ഇവര്‍ തമ്മില്‍ കാമ്പസില്‍ വെച്ച് പരസ്പരം ഉരസലുണ്ടായി. തുടര്‍ന്ന്, മുദാസിര്‍ തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ച് വസീര്‍ യൂണിവേഴ്സിറ്റി പ്രോക്ടര്‍ക്ക് പരാതി നല്കി. രണ്ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്വാഭാവികമായ ഇടര്‍ച്ചയും അസ്വാരസ്യങ്ങളും എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ട ഈ വിഷയം പ്രോക്ടര്‍ പക്ഷെ, തന്റെ കാശ്മീരികളെക്കുറിച്ചുള്ള മുന്‍വിധികളെ വെച്ച് കൈകാര്യം ചെയ്യാന്‍ തുടങ്ങി. പ്രോക്ടര്‍ ഉടനെ  തൊട്ടടുത്ത ഉസ്മാനിയ സര്‍വകലാശാല പോലീസ് സ്റേഷനില്‍ (ഒരു യൂണിവേഴ്സിറ്റിയുടെ പേര് ചേര്‍ത്തുള്ള പോലീസ് സ്റേഷന്‍ ഒരു പക്ഷെ ഉസ്മനിയക്ക് മാത്രം അവകാശപ്പെട്ടതാകും! ഇപ്പോഴും പൊട്ടിത്തെറിക്കാനിടയുള്ള, സ്വാതന്ത്രാനന്തരം ഇന്ത്യന്‍ ദേശീയതയോട് എളുപ്പത്തില്‍ ചേര്‍ന്ന് നില്ക്കാന്‍ വിസമ്മതിച്ചവരുടെ മുന്‍ഗാമികള്‍ സ്ഥാപിച്ച ഒരു സര്‍വകലാശായില്‍ സ്ഥിരമായി പോലീസ് വേണ്ടത് സ്വാഭാവികമാണല്ലോ?) വിളിച്ചു പരാതിപ്പെടുകയും മുദാസിര്‍നെ കസ്റടിയിലെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് യൂണിവേഴ്സിറ്റിയില്‍ എത്തി മുദാസിര്‍നെ കസ്റടിയിലെടുക്കുകയും സ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ ദീര്‍ഘനേരത്തെ “ചോദ്യം ചെയ്യലിനു”ശേഷം  യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മുദാസിര്‍നെ പോലീസ് വിട്ടയച്ചത്. പുറത്തുവന്ന മുദാസിര്‍ കംമ്രാന്‍ വൈകുന്നേരത്തോടെ “ആത്മഹത്യ” ചെയ്യുകയായിരുന്നു.
മുദാസിനെ പോലീസില്‍ ഏല്പിച്ചതിനെ കുറിച്ച് പ്രോക്ടരോട് അന്വേഷിച്ച സഹപാടികള്‍കള്‍ക്ക്  പ്രോക്ടര്‍ ഹരീഷ് വിജ്രയില്‍ നിന്ന് കിട്ടിയ മറുപടിയില്‍, കംമ്രാന്റെ മരണത്തില്‍ അദ്ദേഹത്തിനുള്ള പങ്കും അതില്‍ വജ്രയുടെ കാശ്മീരി വിരുദ്ധ മനസ്സും പ്രകടമാണ്. കമ്രാന്‍ ഒരുതെമ്മാടിയും, മാനസികരോഗിയും ആണ്, പോലീസ് സ്റേഷനാണ് അവനെപ്പോലുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലം എന്നായിരുന്നു വജ്രയുടെ പ്രതികരണം. മാനസിക രോഗിയായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കല്ലേ കൊണ്ടുപോകേണ്ടത്? നിങ്ങളുടെ മകന് അസുഖമാണെങ്കില്‍ നിങ്ങള്‍ പോലീസ് സ്റേഷനിലേക്കാണോ കൊണ്ടുപോവുക എന്ന് തിരക്കിയ വിദ്യാര്‍ത്ഥികളോട് വജ്ര പുച്ഛവും പരിഹാസവും കലര്‍ത്തി പറഞ്ഞു;  ‘അതിന് എന്റെ മകന്‍ ഒരു തെമ്മാടി അല്ലല്ലോ’ (കമ്രാന്‍ നീതിവേദിയുടെ കുറിപ്പില്‍ നിന്നും)
പോലീസ് സ്റേഷനില്‍ തന്നെ കണ്ട സഹപാഠികളുടെ മുന്നില്‍ മണിക്കൂറുകളോളം മുദാസിര്‍ കരയുകാണുണ്ടായതെന്നു അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപമാനഭാരത്താല്‍ സംസാരിക്കാല്‍ പോലുമാകാതെ ഇരിക്കുകയാരുന്നത്രേ മുദസിര്‍. കഴിഞ്ഞ ദിവസം മുദാസിര്‍ന്റെ മുറിയില്‍നിന്നും കണ്ടെത്തിയ കുറിപ്പുകളില്‍ താന്‍ അനുഭവിക്കേണ്ടി വന്ന അപമാനത്തെയും അവഗണനെയും കുറിച്ച് ഈ വിദ്യാര്‍ത്ഥി വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. പ്രോക്ടര്‍ ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ടു മുദാസിര്‍ നല്കിയ മറുപടിയും ആ കുറിപ്പുകളില്‍ കാണാം. ഒപ്പം പ്രോക്ടര്‍ തന്നോട് സ്വീകരിച്ച തീര്‍ത്തും മാനുഷികവിരുദ്ധമായ സമീപനങ്ങളെ കുറിച്ചും മുദാസിര്‍ മാതൃഭാഷയില്‍ എഴുതിയ കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും പ്രോക്ടര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കാന്‍  യൂണിവേഴ്സ്റി തയ്യാറാകുന്നില്ല എന്നിടത്താണ് എത്രമേല്‍ ആസൂത്രിതമായ നീക്കങ്ങളാണ് അധികൃതര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത് എന്ന് വ്യക്തമാകുന്നത്. മുദാസിര്‍ന്റെ ആത്മഹത്യയില്‍ പ്രോക്ടര്‍ക്കുള്ള പങ്കിനെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്കിയ പരാതി പോലും ഫയലില്‍ സ്വീകരിക്കാതെ തള്ളുകയാണുണ്ടായത്. മുദാസിനെതിരെ പ്രോക്ടറുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളെ ഈയിടെ ഹൈദരാബാദില്‍ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മുസ്ളീം വേട്ടയുടെയും, നിയമവ്യവസ്ഥയെ അവഗണിച്ചു അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെയും കൂടി പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കിയെടുക്കാന്‍. കാശ്മീരികള്‍ക്കെതിരെയുള്ള വിവേചനങ്ങളും മുന്‍ധാരണയും ഭയത്തിന്റെയും സംശയത്തിന്റെയും പരിഹാസത്തിന്റെയും നിഴലിലാണ് ഓരോരുത്തരും രൂപീകരിക്കുന്നത്.


__________________________________________

മുദാസിറിന്റെ തീര്‍ത്തും സംശയകരമായ “ആത്മഹത്യ” അന്വേഷിക്കണമെന്നും പ്രോക്ടരെ സസ്പെന്റു ചെയ്യണം എന്നും ആവശ്യപ്പെട്ടു ഇഫ്ളുവില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തോട്, മുദാസിനോട് സ്വീകരിച്ച അതേ നിലപാടിലാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പ്രതികരിച്ചത്. ജനാധിപത്യപരമായി സമരത്തെ നേരിടാന്‍പോലും മിനക്കെടാതെ സമരം തുടര്‍ന്നാല്‍ സെമസ്റര്‍ റദ്ദ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു അധികൃതര്‍. പോലീസിനെ വിന്യസിച്ചും, സമരക്കാരോട് ഐക്യദാര്‍ഢ്യവുമായി മറ്റു യൂണിവേഴ്സ്റികളില്‍ നിന്ന് എത്തുന്നവരെ കവാടത്തില്‍ വെച്ച് തന്നെ തടഞ്ഞും മുദാസിന്റെ മരണത്തിലേ ദുരൂഹതകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന പത്രപ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയുമാണ് യൂണിവേഴ്സിറ്റ് അധികൃതര്‍ നേരിടുന്നത്.
__________________________________________

രാജ്യത്തെ ഓരോ സ്ഫോടനത്തിനുശേഷം അവരുടെ ജീവിതം കുറേക്കൂടി ദുരൂഹമാവുകയാണ്. മുസ്ളീംങ്ങള്‍ എന്ന നിലയിലും കാശ്മീരികള്‍ എന്ന നിലയിലും ഇരട്ട സംശയകാരികള്‍ ആണവര്‍. ഈ സംശയത്തിന്റെ മറവില്‍നിന്നും അവരെ രക്ഷപ്പെടാന്‍ ഭരണകൂടവും അതിന്റെ വിവിധ സ്ഥാപനനങ്ങളും അനുവദിക്കാറില്ല. ഇതിന്റെ നേര്‍ പ്രതിഫലനമാണ് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി പ്രോക്ടര്‍ മുദാസിനെതിരെ സ്വീകരിച്ച നിലപാടിലും പ്രതിഫലിച്ചിരിക്കുന്നത്.
അകാദമിക് രംഗത്ത് പേരും പെരുമയും ഉണ്ടെങ്കിലും എഫ്ളുവിനെ അടിമുടി ഭരിക്കുന്നത് സവര്‍ണ്ണദേശീയ കാഴ്ചപ്പാടുകളും സമീപങ്ങളുമാണ്. അകാദമികമായ പേരും പെരുമയും അനുഭവിക്കാന്‍ സംവരണത്തിലൂടെ കാമ്പസിലെത്തുന്നവരെ ഇഫ്ളു അനുവദിക്കാറില്ല എന്ന് തന്നെ വേണം കരുതാന്‍. മറ്റേതൊരു യൂണിവേഴ്സിറ്റിയുടെയും സ്ഥിതിയും ഏറെയൊന്നും വ്യത്യസ്തമായിരിക്കില്ല. ഇഫ്ളുവിലെ തന്നെ ജര്‍മ്മന്‍ ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ത്ഥിയായ മുനായത് ശ്രീ രാമുലുവിന് വകുപ്പ് മേധാവിയായ പ്രൊഫ. മീനാക്ഷി റെഡിയില്‍ നിന്നും ഏല്ക്കേണ്ടി വന്ന ജാതി അധിഷേപത്തില്‍ പ്രതിഷേദിച്ചു ഇഫ്ളു കാമ്പസില്‍ സത്യാഗ്രഹം ഇരിക്കേണ്ടി വന്നു. മുദാസിര്‍ന്റെ മരണത്തിനുശേഷം മാനസികമായി തകര്‍ന്നിരിക്കുകയാണ് മുനായാത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഈ കാമ്പസില്‍ നടന്ന നാലാമത്തെ ആത്മഹത്യയാണ് മുദാസിര്‍ന്റേത്.

മുദാസിര്‍ന്റെ തീര്‍ത്തും സംശയകരമായ “ആത്മഹത്യ” അന്വേഷിക്കണമെന്നും പ്രോക്ടരെ സസ്പെന്റു ചെയ്യണം എന്നും ആവശ്യപ്പെട്ടു ഇഫ്ളുവില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തോട്, മുദാസിനോട് സ്വീകരിച്ച അതേ നിലപാടിലാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പ്രതികരിച്ചത്.         ജനാധിപത്യപരമായി സമരത്തെ നേരിടാന്‍പോലും മിനക്കെടാതെ സമരം തുടര്‍ന്നാല്‍ സെമസ്റര്‍ റദ്ദ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു അധികൃതര്‍. പോലീസിനെ വിന്യസിച്ചും, സമരക്കാരോട് ഐക്യദാര്‍ഢ്യവുമായി മറ്റു യൂണിവേഴ്സ്റികളില്‍ നിന്ന് എത്തുന്നവരെ കവാടത്തില്‍ വെച്ച് തന്നെ തടഞ്ഞും മുദാസിന്റെ മരണത്തിലേ ദുരൂഹതകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന പത്ര പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയുമാണ് യൂണിവേഴ്സിറ്റ് അധികൃതര്‍ നേരിടുന്നത്. പ്രോക്ടര്‍ക്കെതിരെ സ്വാഭാവികമായ നടപടികള്‍പോലും സ്വീകരിക്കുന്നതിനു പകരം മുദാസിന്റെ സ്വാഭാവത്തെക്കുറിച്ചുള്ള തെറ്റായതും സംശയകരവുമായ കഥകളെ പ്രചരിപ്പിക്കുകയാണ് പോലീസും അധികൃതരും.
കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മുന്‍ധാരണകളും വിവേചനങ്ങളും ന്യൂനപക്ഷങ്ങളോടും ദളിതരോടും സവര്‍ണ്ണവരേണ്യമനസ്സുകള്‍ പുലര്‍ത്തുന്ന സമീപനങ്ങളുടെ തുടര്‍ച്ചയാണ്. സംവരണത്തിലൂടെ അഡ്മിഷന്‍ നേടുന്നവര്‍ കടുത്ത അവഗണനയും മാനസികപീഡനവും അനുഭവിക്കേണ്ട സ്ഥിതിവിശേഷമാണ് നമ്മുടെ ഒട്ടുമിക്ക കലാലയങ്ങളിലും ഉള്ളത്. കാശ്മീരികളുടെ കാര്യത്തിലെത്തുമ്പോള്‍ ദേശീയ സുരക്ഷയില്‍ പൊതിഞ്ഞ മറ്റൊരു ആശങ്ക കൂടി ഉണ്ടാകുന്നു. ആ ആശങ്ക അവരെ വേട്ടയാടാനുള്ള സാഹചര്യം കൂടുതല്‍ എളുപ്പമുള്ളതാക്കി തീര്‍ക്കുന്നു. കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും സാധാരണ അഞ്ഞുറോളം വിദ്യാര്‍ത്ഥികളെ കേരളത്തില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്ന മതപണ്ഡിതന്റെ കാശ്മീരി ബന്ധവും തീവ്രവാദബന്ധവും അന്വേഷിക്കണം എന്ന് ചില സംഘടനകള്‍ ആവശ്യപ്പെടുന്നതും ആത്യന്തികമായി അവര്‍വെച്ച് പുലര്‍ത്തുന്ന കാശ്മീരി വിരുദ്ധ സവര്‍ണ്ണ മനസ്സുകാരണമാണ്. മുദാസിന്റെ വേദനാജനകമായ വിയോഗം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതിപരവും മതപരവുമായ വിവേചനങ്ങളെ കുറിച്ച് പര്യലോചനകള്‍ നടത്താനും അത്തരം വിവേചനങ്ങള്‍ക്കെതിരെ ഫലപ്രദമായ നിലപാടുകള്‍ രൂപപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും അധികൃതരെ പ്രേരിപ്പിക്കണം. അല്ലാത്തപക്ഷം, അകാദമിക് അഗ്രഹാരങ്ങളില്‍ വരേണ്യ താല്പര്യങ്ങള്‍ക്ക് മുന്നില്‍ കുരുതികൊടുക്കാന്‍ മാത്രമായിരിക്കും ദളിത്- ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ നിയോഗം. മുദാസിര്‍ന്റേത് ഒരൊറ്റപ്പെട്ട സംഭവമല്ലെന്ന വസ്തുത അത്തരമൊരു ദുരന്തത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
(അഹമ്മദ് ജൂനൈദ്, ഹൈദരാബാദ് സര്‍വകലാശാലയില്‍ എം. എ. കമ്മ്യൂണിക്കേഷനില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്)
Top