കറുത്തമ്മ എന്ന അരയത്തിയും

അജിത്കുമാര്‍ എ എസ്

ശ്രീലേഖയുടെ ലേഖനത്തിലും കാണുന്നത് സവർണ്ണ മലയാളി സ്ത്രീയിൽ നിന്നും പുറന്തള്ളേണ്ട കീഴാള സ്ത്രീയാണ്. ഈ അങ്കലാപ്പ് എന്ത് കൊണ്ട് ഇപ്പോൾ ഉയര്‍ന്നു വന്നു? സരിത നായരെ പോലെയുള്ള നായര്‍ സ്ത്രീകളള്‍ കുറ്റവാളികൾ ആയി പൊതു വ്യവഹാരത്തിൽ പൊന്തി വന്നു എന്നത് കൊണ്ടാണ്. സവർണ്ണ സ്ത്രീക്ക് കുറ്റവാളിയാകണമെങ്കിൽ താഴ്ന്നജാതി സ്ത്രീയാകെണ്ടതുണ്ട് എന്നതാണ് ശ്രീലേഖയുടെ ലേഖനത്തിന്റെ ന്യായം. ഈ ലേഖനത്തിലെ ജാതീയതയെ കാണാതെ ഒരു പുരുഷമേധാവിത്വ/പിതൃമേധാവിത്വ  പ്രശ്നമോ അല്ലെങ്കിൽ കറുപ്പ് എന്ന നിറത്തിന്റെയോ പ്രശ്നമോ ആയി കാണുന്നത് വളരെ ഉപരിപ്ലവമായ ഒരു സമീപനമായിരിക്കും കാരണം ഇത് വെറും സ്ത്രീ വിരുദ്ധമായ ഒരു ലേഖനമല്ല. ദലിത് പിന്നോക്ക സ്ത്രീകള്‍ക്കെതിരായ സവർണ്ണ സ്ത്രീ ആശങ്കകളാണ്.

ശ്രീലേഖ ഐ പി എസ് എഴുതിയത് കേവലമായ ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയല്ല. ആ ലേഖനം മുഴുവൻ വായിച്ചാൽ മനസിലാകും അത് സദാചാര പ്രശ്നമോ അല്ലെങ്കിൽ കറുപ്പ് എന്ന നിറത്തിന്റെയോ പ്രശ്നമല്ല. എന്നാണ് എനിക്ക് തോന്നുന്നത്. അതിൽ അടങ്ങിയിരിക്കുന്ന ജാതിയെ മനസിലാക്കേണ്ടതുണ്ട്. അത് “സ്ത്രീയെ” കുറിച്ചല്ല സംസാരിക്കുന്നത്. ഏതു സ്ത്രീയിൽ നിന്നും ഏതു സ്ത്രീയെ രക്ഷിക്കണമെന്ന കൃത്യമായ ബോധ്യത്തോടെ തന്നെയാണ് ശ്രീലേഖ എഴുതിയിട്ടുള്ളത്. ശരിക്കും അതിലുള്ളത് സവർണ്ണ/വെളുത്ത സ്ത്രീയുടെ സ്വത്വ പ്രതിസന്ധിയാണ്. അത് തങ്ങളിൽ തന്നെയുള്ള അപര സ്ത്രീയെ-കീഴാളയായ. കറുത്തമ്മയെ പോലെയുള്ള താഴ്ന്ന ജാതി സ്ത്രീയെ പുറന്തള്ളി കൊണ്ട് ശുദ്ദിയായ നല്ലവളായ വെളുത്ത സ്ത്രീയെ രക്ഷിചെടുക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമമാണ്. ‘കറുത്തമ്മ ‘ എന്നത് കറുത്തവൾ എന്നതിനെക്കാളും തകഴിയുടെ കറുത്തമ്മ തന്നെയാണ് എന്ന് തന്നെ മനസിലാക്കേണ്ടതുണ്ട്. സവർണ്ണ സ്ത്രീ കുറ്റങ്ങൾ ചെയ്തു കറുത്തമ്മയെ പോലുള്ള കീഴാള സ്ത്രീയായി മാറരുത് എന്നതാണ് ഈ ഉപദേശത്തിന്റെ ഉള്ളടക്കം. അതായത് , സവർണ്ണ സ്ത്രീ കുറ്റവാളിയാകുന്നത് “കറുത്തമ്മ”ആകുമ്പോഴാണ് . ആ കറുത്തമ്മയെ പുറന്തള്ളി കൊണ്ട് മാത്രമാണ് നല്ലവളായ സ്ത്രീയുടെ മാതൃകയായ “സവർണ്ണ “സ്ത്രീയാകാൻ കഴിയു.
അത് മനസിലാക്കണമെങ്കിൽ ശ്രീലേഖയുടെ ലേഖനത്തിലെ ഈ വരികൾ ശ്രദ്ധിക്കു “സ്ത്രീകൾ കുറ്റം ചെയ്യില്ല. അവര്‍ക്കതിനാവില്ല എന്ന് തന്നെ വിശ്വസിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. ദൈവം സ്ത്രീകളെ സൃഷ്ട്ടിചിരിക്കുന്നത് അങ്ങനെയാണ്. മൃദുല ഹൃദയരായി. സ്നേഹം, ക്ഷമ ,കരുണ എന്നീ വികാരങ്ങള്‍ നിറഞ്ഞ ഹൃദയവുമായി. സഹിക്കാനും ത്യജിക്കാനുമുള്ള വലിയ കഴിവുമായി. എന്ത് കൊണ്ടാണ് ഇത്തരത്തിലുള്ള സ്ത്രീകള്‍ മനപൂര്‍വ്വം തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത്?”. അപ്പോൾ സ്ത്രീകളെ ദൈവം തന്നെ സൃഷ്ട്ടിചിരിക്കുന്നത് “മൃദുല ഹൃദയരായി” ആണ് ! ഏതു സ്ത്രീകള്‍ ? എല്ലാ സ്ത്രീകളെയും ദൈവം അങ്ങനെ സൃഷ്ട്ടിക്കുന്നില്ല. കുറഞ്ഞ പക്ഷം തകഴിയുടെ കറുത്തമ്മയെ പോലുള്ളവരെ. സവർണ്ണ സ്ത്രീകളെ മാത്രമാണ് ! കറുത്തമ്മമാര്‍ ആകുന്നതിലൂടെ ഈ സ്ത്രീകള്‍ സ്ത്രീകള്‍ അല്ലാത്താകുന്നു. കാരണം കറുത്തമ്മ സ്ത്രീയല്ല!

ചെമ്മീൻ സിനിമയിലെ പാട്ട് ഇങ്ങനെയാണ്:
“പണ്ടൊരു മുക്കുവൻ മുത്തിന് പോയി
അവനെ കടലമ്മ കൊണ്ട് പോയി
അരയത്തി പെണ്ണ് പിഴച്ചു പോയി
അവനെ കടലമ്മ കൊണ്ട് പോയി
കണവൻ തോണിയിൽ പോയാലെ
കരയില് കാവല് നീ വേണം.”
“പെഴക്കാൻ സാധ്യതയുള്ളവൾ കീഴാള സ്ത്രീയാണന്നതും സവര്‍ണ്ണ സ്ത്രീക്കാണ് “അന്ദസ്സും അഭിമാനവും” ഒക്കെയുള്ളതും അവരാണ് നല്ല കുടുംബിനികൾ എന്നും ഒരു സാമന്യ ബോധം ഇതിലുണ്ട്.”

അവിടെയാണ് ശ്രേലേഖയുടെ നിലപാടിലെ ജാതി പുറത്തു വരുന്നത്. “വെളുത്ത് സുന്ദരിയായ അരയത്തിപ്പെണ്ണിനെ തകഴി ‘കറുത്തമ്മ’ എന്ന് എന്തിനു വിളിച്ചു എന്ന് പണ്ടെനിക്ക് സംശയം ഉണ്ടായിരുന്നു. എത്ര അന്ന്വർഥമായ പേര്! കടലിൽ പോകുന്ന മുക്കുവന്റെ ജീവൻ കുടിലിലിരിക്കുന്ന മുക്കുവത്തിയുടെ കൈയ്യിലാണെന്ന തത്വം മറക്കുന്നവരെ മറ്റെന്ത് വിളിക്കാൻ? ഒരു കുടുംബം രക്ഷപെടണമെങ്കിൽ സ്ത്രീ വിചാരിച്ചാൽ മതിയെന്ന തത്വം, ഒരു സമൂഹത്തിന്റെ ഭാവി സ്ത്രീകളുടെ കൈയ്യിൽ സുരക്ഷിതമാണെന്ന സത്യം എവിടെപ്പോയി മറഞ്ഞു? നമ്മുടെ ഇടയിൽ ‘കറുത്തമ്മമാർ’ കൂടിക്കൂടി വരികയാണോ?”. കറുത്തമ്മ വെളുത്ത സുന്ദരിയാണെങ്കിലും സവര്‍ണ്ണയല്ല അരയത്തിയാണ്. അപ്പോൾ നിറമല്ല പ്രശ്നം കറുത്തമ്മയുടെ ജാതിയാണ്. കറുത്തമ്മ വെളുത്തിരിക്കുന്നത് അവളുടെ ജാതിക്കും സ്വഭാവത്തിനും നിരക്കാത്ത രീതിയിലാണ്. അതായതു കറുത്തമ്മയുടെ സ്വഭാവം ജാതി ഗുണമാണ്. സവർണ്ണ സ്ത്രീകള്‍ ഈ ജാതി സ്വഭാവത്തിലേക്കു പോകരുത് എന്നതാണ് ശ്രീലേഖയുടെ ഉപദേശം. അങ്ങനെ ആ ജാതി സ്വഭാവത്തിലേക്കു താണ് കൊണ്ട് ആ കറുപ്പ് എന്ന നിറത്തെ അന്വർത്ഥമാക്കരുത് എന്ന്.

കേരളത്തിലെ പൊതു സമൂഹത്തില മീൻ പിടുത്തവുമായി ബന്ധപെട്ട സമുദായങ്ങളോടുള്ള വംശീയമായ വെറുപ്പും അവരെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകളും അറിയാവുന്നതാണ്. ഈ വംശീയതയുടെ മറ്റൊരു രൂപമാണ് ഈ അരയതി പെണ്ണ് എന്ന അപര സ്ത്രീയെ പുറന്തള്ളാനുള്ള ശ്രമത്തിലൂടെ ശ്രീലേഖ വെളിവാക്കുന്നത്.

കറുത്തമ്മയുടെ സ്വഭാവം എങ്ങനെ ജാതിയുടെ സ്വഭാവമായി തിരിച്ചറിയപ്പെടുന്നത് എന്നതരിയാൻ തകഴിയുടെ ‘കറുത്തമ്മ”യുടെ പാത്ര സൃഷ്ട്ടിയിലേക്ക് പോകാം. തകഴിയെ സംബ്ബ്ന്ധിച്ചു അരയത്തി പെണ്ണുങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമാണ്. തകഴിയുടെ ചെമ്മീനിനെ വിമര്‍ശിച്ച് കൊണ്ട് വി വി വേലുക്കുട്ടി അരയൻ 1956 ല്‍ എഴുതി :
“നീണ്ടാനാവും , അസ്ഥാനത്തിലുള്ള നീട്ടിയ ഉച്ചാരണവും ആത്മബലവും , എന്ത് വന്നാലും കുലുക്കമില്ലാത മനസ്ഥിതിയും ഉള്ള അരയത്തികളാകുന്ന ഭദ്രകാളികൾ ” ഇതാണ് തകഴി അരയത്തികൾ എന്നതിന് കൊടുത്തിരിക്കുന്ന നിര്‍വചനം , ഭദ്രകാളിയെ ഒരു രൗദ്ര ദേവതയായിട്ടാണ് വർണ്ണിക്കപ്പെട്ടു കാണുന്നത്. ആ ഭദ്രകാളി ഒരിക്കൽ മഹിഷാസുരനെ കൊന്നു, താരകാസുരനെ കൊന്നു, പിന്നെയും പല കൊലകളും നടത്തി. ശത്രു സംഹാരം നടത്തിയ ശേഷം അവരുടെ രക്തവും കുടിച്ചു കുടല്മാലയും വലിച്ചു കടിച്ചു പിടിച്ചു ഒരു കൈയിൽ വാളും മറുകൈയിൽ ശത്രുവിന്റെ തലയും പിടിച്ചു ദംഷ്ട്രങ്ങളും വെളിക്കു കാണിച്ചു നില്ക്കുന്ന ഭദ്രകാളിയുണ്ടല്ലോ. ഓരോ അരയത്തിയും അങ്ങനെയുള്ള രൌദ്രവേഷക്കാരിയാണ്‍; കാളിയാണ് ! നീണ്ട നാവും അസ്ഥാനത്തുള്ള നീട്ടിയ ഉച്ചാരണവും നീർക്കുന്നത്തെ അരയത്തികൾക്കുണ്ടന്ന് മനസിലാക്കി സ്ഥലീപുലകന്യേന ആ ലക്ഷണം തോവാള മുതൽ തുളുനാട് വരെയുള്ള അരയത്തികളിൽ ഒരു പോലെ കാണുമെന്നുറപിച്ചു കൊണ്ടാണ് ചെമ്മീനില്‍ ഈ അബദ്ധം കുത്തി കുറിചത് മോശപ്പെട്ടതെങ്കിലും ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം ബാധിക്കുന്ന ഒരു സംഗതി സൂചിപ്പിക്കുമ്പോൾ വിവേകവും സമത്വ ബോധവും കൈവിടുന്നത് വിവരക്കേടാണ്.” ( തകഴിയുടെ ചെമ്മീൻ :ഒരു നിരൂപണം(1956) പച്ചകുതിര ഓഗസ്റ്റു 2004) . അരയതി പെണ്ണുങ്ങളെ കുറിച്ചുള്ള ഒരു ജാതീയമായ വർപ്പുമാത്രുകയാണ് തകഴി സൃഷ്ട്ടിച്ചത്. അത് പിൻപറ്റുകയാണ് ശ്രീലേഖ ചെയ്തത്.

കേരളത്തിലെ പൊതു സമൂഹത്തില മീൻ പിടുത്തവുമായി ബന്ധപെട്ട സമുദായങ്ങളോടുള്ള വംശീയമായ വെറുപ്പും അവരെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകളും അറിയാവുന്നതാണ്. ഈ വംശീയതയുടെ മറ്റൊരു രൂപമാണ് ഈ അരയത്തി പെണ്ണ് എന്ന അപര സ്ത്രീയെ പുറന്തള്ളാനുള്ള ശ്രമത്തിലൂടെ ശ്രീലേഖ വെളിവാക്കുന്നത്. ഫാസിലിന്റെ മണിച്ചിത്രത്താഴിൽ തറവാടിനു ഭീഷണിയാകുന്ന “നാഗവല്ലിയെ “നശിപ്പിച്ചു കൊണ്ട് ഗംഗയെ മെരുക്കാൻ നടത്തുന്ന ഒരു ശ്രമം പോലെയാണത്. മണിച്ചിത്രത്താഴിൽ ഗംഗ/ നാഗവല്ലി എന്ന ദ്വന്തം എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നത് “എസ് സഞ്ജീവ്” മണിച്ചിത്രത്താഴിനെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനത്തിന്റെ സൂക്ഷ്മതകിളിലേക്ക് പോകുന്നില്ല. തറവാടിനു ഭീഷണിയായി മാറുന്ന നാഗവല്ലിയെ നശിപ്പിച്ചു കൊണ്ട് ഗംഗയെ മെരുക്കുന്ന ദൗത്യം എങ്ങനെയാണ് ഈ സിനിമ നിര്‍വഹിക്കുന്നത് എന്ന് അതിൽ പരിശോധിക്കപ്പെടുന്നുണ്ട്. “പതിവൃത , കുടുംബിനി , ഭാര്യ- ഇതെല്ലാമായ നല്ലസ്ത്രീ ” ഇതിനൊക്കെ നേരെ കടക വിരുദ്ധമായ “ചീത്ത സ്ത്രീ -ഈ സ്റ്റീരിയോ ടൈപ്പുകളെ ആധാരമാക്കി തന്നെയാണ് ഗംഗയും നാഗവല്ലിയും വാര്‍തെടുക്കപ്പെട്ടിരിക്കുന്നത്.” എന്ന് സഞ്ജീവ് നിരീക്ഷിക്കുന്നു. ഈ കുറിപ്പിന് ഉപകരിക്കപ്പെടുന്ന രണ്ടു നിരീക്ഷണങ്ങളെയാണ് ഞാൻ ഇവിടെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാമതായി മണിച്ചിത്രത്താഴിൽ കടന്നു വരുന്ന ആധുനിക മന:ശാസ്ത്രം നാഗവല്ലിയെ ഗംഗയുടെ “രോഗമായി” നിർവചിക്കുന്നുവേന്നതാണ്. രണ്ടാമത് “സിനിമയിലുടനീളം നാഗവല്ലി ഒരു തമിഴത്തി” ആണെന്ന് ആവർത്തിക്കപ്പെടുന്നുണ്ട്” എന്നതാണ്. “ഇവിടെ ആധുനിക വനിതയായ ഗംഗയിൽ (മലയാളി) നിന്ന് നീക്കം ചെയ്യപ്പെടേണ്ട “കാടത്തമായി” നാഗവല്ലി (തമിഴത്തി) മാറുന്നു.” .( എസ് സഞ്ജീവ്: മണിച്ചിത്ര താഴിനെ കുറിച്ച് ‘, കേരള പഠനങ്ങൾ (1995)

ശ്രീലേഖയുടെ ലേഖനത്തിലും കാണുന്നത് സവർണ്ണ മലയാളി സ്ത്രീയിൽ നിന്നും പുറന്തള്ളേണ്ട കീഴാള സ്ത്രീയാണ്. ഈ അങ്കലാപ്പ് എന്ത് കൊണ്ട് ഇപ്പോൾ ഉയര്‍ന്നു വന്നു? സരിത നായരെ പോലെയുള്ള നായര്‍ സ്ത്രീകളള്‍ കുറ്റവാളികൾ ആയി പൊതു വ്യവഹാരത്തിൽ പൊന്തി വന്നു എന്നത് കൊണ്ടാണ്. സവർണ്ണ സ്ത്രീക്ക് കുറ്റവാളിയാകണമെങ്കിൽ താഴ്ന്നജാതി സ്ത്രീയാകെണ്ടതുണ്ട് എന്നതാണ് ശ്രീലേഖയുടെ ലേഖനത്തിന്റെ ന്യായം. ഈ ലേഖനത്തിലെ ജാതീയതയെ കാണാതെ ഒരു പുരുഷമേധാവിത്വ/പിതൃമേധാവിത്വ പ്രശനമോ അല്ലെങ്കിൽ കറുപ്പ് എന്ന നിറത്തിന്റെയോ പ്രശ്നമോ ആയി കാണുന്നത് വളരെ ഉപരിപ്ലവമായ ഒരു സമീപനമായിരിക്കും കാരണം ഇത് വെറും സ്ത്രീ വിരുദ്ധമായ ഒരു ലേഖനമല്ല. ദലിത് പിന്നോക്ക സ്ത്രീകള്‍ക്കെതിരായ സവർണ്ണ സ്ത്രീ ആശങ്കകളാണ്.

Top