പി.കെ റോസി പുരസ്കാരം ഈ വര്‍ഷം മുതല്‍ നല്‍കണം
മലയാള ചലച്ചിത്രത്തിലെ ആദ്യ നായികനടി പി.കെ റോസിയുടെ പേരിലുള്ള ചലച്ചിത്ര പുരസ്കാരം ഈ വര്‍ഷം മുതല്‍ തന്നെ നല്‍കണമെന്ന് പി കെ റോസി സ്മാരക സമിതി ആവശ്യപ്പെട്ടു. ഈ മാസം 22ന് പ്രഖ്യാപിക്കാനിരിക്കുന്ന ചലച്ചിത്ര പുരസ്കാരത്തില്‍ പി കെ റോസിയുടെ പേരിലുള്ള പുരസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ സെപ്തംബര്‍ 10ന് സെല്ലുലോയ്ഡ് എന്ന സിനിമയുടെ പൂജാവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
2009ല്‍ തൃശൂരില്‍ ചേര്‍ന്ന ദലിത് സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ആദ്യമായി പി കെ റോസിയുടെ പേരില്‍ ചലച്ചിത്ര പുരസ്കാരം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന പി കെ റോസി അനുസ്മരണസമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയം അന്നത്തെ സാംസ്കാരിക മന്ത്രിക്ക് സമര്‍പ്പിക്കാന്‍ നിരവധി പേരില്‍ നിന്ന് ഒപ്പും ശേഖരിച്ചു. ആലപ്പാട് എന്ന ഗ്രാമത്തില്‍ രൂപം കൊണ്ട പി കെ റോസി സ്മാരക ഫിലിം സൊസൈറ്റി, തിരുവനന്തപുരത്തെ പി കെ റോസി അനുസ്മരണ സമിതി തുടങ്ങിയ സംഘടനകളും ഈയാവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. അവാര്‍ഡ് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
പി.കെ റോസിയുടെ പേരില്‍ ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രത്യക്ഷസമര പരിപാടികള്‍ നടത്താന്‍ പാലക്കാട് ചേര്‍ന്ന സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നില്ലെങ്കില്‍ സമാന്തരമായി സമിതി അവാര്‍ഡ് നല്‍കും. കേരളത്തില്‍ ആദ്യ ചലച്ചിത്ര പ്രദര്‍ശനം നടത്തിയ തൃശൂര്‍ കാട്ടൂക്കാരന്‍ വാറുണ്ണി ജോസിന്റെ നാമധേയത്തിലുള്ള നഗറില്‍ സമാന്തര പുരസ്കാരം നല്‍കും. ഇതിനായി ജനകീയ പുരസ്കാരനിര്‍ണയം നടത്തും. പ്രക്ഷോഭപരിപാടികളെയും മറ്റും കുറിച്ച് ആലോചിക്കുന്നതിന് ഫെബ്രുവരി ഒമ്പതിന് വൈകിട്ട് നാലിന് തൃശൂരില്‍ സമാനചിന്താഗതിക്കാരുടെ യോഗം ചേരും. ദലിത് സാംസ്കാരികവേദി, ദലിത് സാഹിത്യ അക്കാദമി, കെ.പി.എം.എസ്, അംബേദ്കര്‍ മിഷന്‍, മഹാത്മാ അയ്യങ്കാളി അംബേദ്കര്‍ സൊസൈറ്റി, ദലിത് മീഡിയ ഫോറം തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാവും പ്രക്ഷോഭം.
ഇതിനു മുന്നോടിയായി മുഖ്യമന്ത്രി, സാംസ്കാരികവകുപ്പ് മന്ത്രി, ചലച്ചിത്ര വികസനവകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഇ പി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് കുമാര്‍ അന്തിക്കാട്, കെ കെ അര്‍ജുനന്‍, സജീവ് കോലാനി, പ്രസന്നന്‍ തൊയക്കാവ് സംസാരിച്ചു.