കേരളത്തിലെ ആരോഗ്യാവബോധവും ആരോഗ്യ മാസികകളും

ആരോഗ്യപ്രസിദ്ധീകരണങ്ങള്‍ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ചു വിശ്വസിക്കേണ്ടതില്ല. അവര്‍ക്ക് വ്യക്തമായ വാണിജ്യതാല്‍പ്പര്യമുള്ളതുപോലെ, പ്രൈവറ്റ് മേഖലയെ അനര്‍ഹമായി  പ്രകീര്‍ത്തിക്കാനും ഉയര്‍ത്തിപ്പിടിക്കാനും വ്യഗ്രത കാണിക്കുന്നുണ്ട്. കള്‍ട്ട് ഫിഗറുകളായി അവതരിപ്പിക്കുന്ന  പല ഡോക്ടര്‍മാരും പ്രൈവറ്റ് മേഖലയിലുള്ളവരാണെന്നത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല.

എന്തായാലും, ആരോഗ്യമാസികകള്‍കൊണ്ട് പൊതുജനങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ ഉത്തരം ലഭിക്കില്ല. എങ്കിലും പഴയ കാലത്തെ ഡോക്ടറോട് ചോദിക്കാം മുതലായ പംക്തികളാല്‍ നിന്നും വ്യത്യസ്തമായി രോഗികള്‍ക്ക് തെറ്റായ ആശങ്ക ജനിപ്പിക്കാതിരിക്കാം. തെറ്റായ വിധി തീര്‍പ്പുകള്‍ ഒഴിവാക്കാം. പക്ഷേ അങ്ങിനെ കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ വായനക്കാര്‍ കുറയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

  • ഡോ. പി.കെ. ബാലകൃഷ്ണന്‍

കേരളീയരുടെ പൊതുവായ ആരോഗ്യവളര്‍ച്ചയെ രണ്ടുമൂന്നു ഘട്ടങ്ങളായി തിരിച്ചു വിശകലനം ചെയ്യാവുന്നതാണ്. ആരോഗ്യമാസികകളും ആരോഗ്യം സംബന്ധിച്ച പ്രസിദ്ധീകരണങ്ങളും വരുന്നതിനു മുമ്പേ പല വിദേശ ജേര്‍ണ്ണലുകളും മാതൃക ആരോഗ്യപരിപാലനം നിലവിലുള്ള പ്രദശമായി കേരളത്തെ കണ്ടിരുന്നു. വളരെ നല്ല ആരോഗ്യരംഗം സൃഷ്ടിച്ചെടുക്കുന്നതിനു കേരളത്തിനു കഴിഞ്ഞതിന് കാരണം അന്വേഷിക്കേണ്ടത് രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തികവുമായ വിഷയങ്ങളിലാണ്.

കേരളത്തിലേക്കുള്ള വിദേശികളുടെ വരവും വിശേഷിച്ച് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുമാണ് പ്രാഥമിക തലത്തില്‍ പുത്തന്‍ ആരോഗ്യാവബോധത്തിലേക്കു  കടക്കാന്‍ കാരണമായി പറയുന്നത്. ഡോക്ടര്‍മാരായാലും മറ്റു ജീവനക്കാരായാലും  പോകാന്‍ മടിക്കുന്ന ഇടങ്ങളിലേക്ക് മിഷനറിമാര്‍ വരികയും ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും അവരുടേതായ സംഭാവനകള്‍ നല്‍കുകയുണ്ടായി. കുഗ്രാമങ്ങളില്‍ പോലും അവര്‍ ആതുരാലയങ്ങള്‍, ചെറിയ ക്ളിനിക്കുകള്‍ മുതലായവ തുടങ്ങി.

1956-ല്‍ കേരള സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേതന്നെ ശിശുമരണ നിരക്കും പ്രസവത്തോടനുബന്ധിച്ച മരണനിരക്കും വളരെ കുറവായിരുന്നു. 1957-ലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വരവ്, ഭൂപരിഷ്ക്കരനടപടികള്‍ , ജാതിവ്യവസ്ഥ ദുര്‍ബലമായത്, വിദ്യാഭ്യാസ മേഖലയിലെ ഉണര്‍വുകള്‍ എന്നിവയും നമ്മുടെ ആരോഗ്യരംഗം മികച്ചതായി തുടരാന്‍ സഹായിച്ചു.
ശിശുമരണ, നിരക്ക്  മാതൃമരണനിരക്ക് എന്നിവയില്‍ കേരളം ഇപ്പോള്‍ നിലനില്ക്കുന്നത് അമേരിക്ക, ബ്രിട്ടന്‍ മുതലായ വിദേശ രാഷ്ട്രങ്ങള്‍ക്ക് തുല്യമായാണ്. അതുകൊണ്ടാണ് കേരള മോഡല്‍ ആരോഗ്യമാതൃക എന്നു വിശേഷിപ്പിക്കുന്നത്. ഈ ഘട്ടത്തിലും കേരളത്തില്‍ പോപ്പുലറായ ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍ നിലവില്‍ വന്നിരുന്നില്ലെന്ന് ഓര്‍ക്കണം.

പിന്നീടുണ്ടായ രണ്ടാം ഘട്ടം ശാസ്ത്ര സാഹിത്യപരിഷത്തുപോലുള്ള സംഘടനകളുടെ ഇടപെടലുകളുടെ കാലമാണ്. അക്കാലത്തുണ്ടായ മിനി സോട്ട സംഭവം മുതല്‍ ഭോപ്പാല്‍ ഗ്യാസ് ദുരന്തം വരെയും, ആണവ നിലങ്ങളിലെ പൊട്ടിത്തെറികളെയും പഠിച്ചുകൊണ്ട് പുതിയൊരു ബഹുജന ആരോഗ്യാവബോധത്തിനുവേണ്ടി രംഗത്തുവരികയാണ് പരിഷത്ത് ചെയ്തത്. ശാസ്ത്രത്തെ അറിയുക, ആരോഗ്യത്തെ അറിയുക, പരിസ്ഥിതിയെ അറിയുക എന്നിങ്ങനെയുള്ള പ്രചരണങ്ങളിലൂടെ വലിയ ഉല്‍ബുദ്ധതയാണ് അവര്‍ ഉണ്ടാക്കിയത്. ഡോ. ഇക്ബാലിനെ പോലുള്ളവര്‍ ആരോഗ്യരംഗത്തെ സവിശേഷതകള്‍ തിരിച്ചറിയുകയും ചികിത്സാരംഗത്തെ മോശമായ പ്രവണതകള്‍ക്ക് എതിരെ പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തതിലൂടെ നമ്മുടെ രണ്ടാം ഘട്ട ആരോഗ്യാവബോധം പുഷ്ടിപ്പെട്ടു എന്നു പറയാം. മാത്രമല്ല, ചെലവു കുറഞ്ഞ കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ ഉണ്ടായ ശ്രമം കൊച്ചുവീടുകള്‍ക്ക് പോലും പുതിയതരത്തിലുള്ള സാനിട്ടേഷന്‍ സൌകര്യമായി മാറിയതും എടുത്തു പറയേണ്ട വസ്തുതയാണ്. പിന്നീട് ശാസ്ത്രസാഹിത്യപരിഷത്തിന് എത്രമാത്രം മുന്നോട്ടു പോകാന്‍ കഴിഞ്ഞു എന്നത് പ്രശ്നമാണ്. 1979-ല്‍ സി.ആര്‍ സോമനും ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ടിലെ പണിക്കര്‍ സാറും കൂടിചേര്‍ന്നു എഴുതിയ പുസ്തകത്തില്‍ നമ്മുടെ നാട്ടിലെ മരണനിരക്ക് കുറവാണെങ്കിലും രോഗാതുരതയുടെ അളവ് വളരെയധികം വര്‍ദ്ധിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജീവിതചര്യയുടെ ഭാഗമായുള്ള രോഗങ്ങളെ തടയാന്‍ ഡോക്ടര്‍മാരും ചികിത്സാ സംവിധാനങ്ങളും ബോധവല്‍ക്കരണവും മാത്രം മതിയാവില്ല. നമ്മുടെ കാഴ്ചപ്പാടില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ കഴിയണം. നമ്മുടെ വീട്ടില്‍ വാഴക്കൂമ്പ് വെച്ചു കഴിക്കുന്ന ശീലം കുറയുകയാണല്ലോ. പിസ്സയെല്ലാം മധ്യവര്‍ഗ്ഗജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പെപ്സി കഴിക്കുന്നവര്‍ക്ക് അതിനകത്തുള്ള ഫോസ്ഫെറിക് ആസിഡിനെക്കുറിച്ച് അറിയാം. മിക്ക ഫാസ്റ്റ് ഫുഡുകളും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നറിയാമെങ്കിലും അതിനോടുള്ള ആസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും കാര്യങ്ങളില്‍ ആരോഗ്യമാസികകള്‍ ആവര്‍ത്തിച്ച് ഇടപെടെണ്ടത്  അത്യാവശ്യമാണ്.

മൂന്നാംഘട്ടത്തിലാണ് ആരോഗ്യമേഖലയില്‍ പ്രസിദ്ധീകരണങ്ങള്‍ കൂടുതലായി രൂപപ്പെടുന്നത്.  ഡോക്ടറോട് ചോദിക്കാം പോലുള്ള പംക്തികള്‍ മുമ്പ് ഉണ്ടായിരുന്നു. അവയെപ്പറ്റി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തിലുള്ള ആരോഗ്യമാസികയില്‍ കൂടുതല്‍ പ്രൊഫഷണലായിട്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത് ആദ്യം തുടങ്ങിയത് മനോരമയാണ്.  പിന്നീട് മറ്റുള്ളവര്‍ രംഗത്തെത്തി. കൂട്ടത്തില്‍ ഐ.എം.എ യുടെ ‘നമ്മുടെ ആരോഗ്യം’ എന്ന മികച്ച പ്രസിദ്ധീകരണവും ഉണ്ട്.
അപ്പോള്‍ പ്രധാനപ്പെട്ട ചോദ്യം, ഈ മാസികകള്‍ ഉള്ളതുകൊണ്ടാണോ നമ്മുടെ ആരോഗ്യാവബോധം മികച്ചതാണെന്ന് പറയപ്പെടുന്നത്? അല്ല എന്നാണിതിനുത്തരം. ഏറ്റവും പ്രധാനപ്പെട്ട കാര്യം കേരളത്തിന്റെ വിദ്യാഭ്യാസ കാലാവസ്ഥയാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, കാര്യങ്ങള്‍ അറിയുന്ന, അറിയാന്‍ താല്‍പ്പര്യമുള്ള വലിയൊരു വിഭാഗം ആള്‍ക്കാരാണ് കേരളത്തിലുള്ളത്. ഇന്റര്‍നെറ്റ് അടക്കമുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വികസിച്ച സന്ദര്‍ഭത്തില്‍ ഒരു ന്യൂറോ സര്‍ജന്‍ എന്ന നിലയില്‍ എന്നയടുത്ത് ഒരു രോഗി വരുന്നത് മിക്കവാറും നല്ല ധാരണയോടെയായിരിക്കും. ഉദാഹരണത്തിന്, ഒരു ട്യൂമറുണ്ടെന്ന് കരുതുക. ആ ട്യൂമറിന്റെ സവിശേഷത എന്താണെന്നും കേരളത്തിലെ ഏതൊക്കെ മെഡിക്കല്‍ കോളേജില്‍ അതിനുള്ള ചികിത്സയുണ്ടെന്നും മിക്ക രോഗികള്‍ക്കും അറിയാം. പല വിധത്തിലും അറിവ് സമ്പാദിക്കാനുള്ള വ്യഗ്രതയുള്ള സമൂഹമാണ് ആരോഗ്യാവബോധത്തെ പരിപാലിക്കുന്നതെന്ന് വ്യക്തം.
നമ്മുടെ കാലഘട്ടമെന്നത് ജീവിതചര്യാരോഗങ്ങള്‍ കൂടുതലാവുന്ന സമയമാണ്. ഇന്നു ഹൃദയാഘാതം കൂടുതലാണ്, ക്യാന്‍സര്‍ കൂടുതലാണ്, കൊളസ്ട്രോള്‍ കൂടുതലാണ്. ഇന്ത്യയുടെ ഡയബറ്റിക് തലസ്ഥാനം കേരളമായി മാറിയിരിക്കുന്നു. ചെറുപ്പക്കാരുടെ ഇടയില്‍ ഡയബറ്റിക്സ് ഭയാനകമാംവിധം വര്‍ദ്ധിക്കുന്നു. ഇത്തരം രോഗങ്ങള്‍ പലതും ജീവിതചര്യയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്.

Top