ജാതിയും മാനസികാരോഗ്യവും
ഇൻഡ്യയിൽ ജാതി അവബോധങ്ങളെയും മാനസികാരോഗ്യത്തെയും സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ചികിത്സകർ നന്നേ കുറവാണ്. ഇത്തരം ചികിത്സകരുടെ കുറവ് മാത്രമല്ല, മണിക്കൂറിന് 1500 മുതൽ 5000 രൂപ വരെ പ്രതിഫലം വാങ്ങുന്ന ചികിത്സകർ ജാതിയധിഷ്ഠിത വ്യവസ്ഥാപിത ഹിംസകളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നതു കൂടിയാണ് ഇവിടെ ദൃശ്യമാകുന്നത്. ആതിക സിങ്, ശുഭ്കരംദീപ് സിങ് എന്നിവർ എഴുതുന്നു.
രോഗത്തിന്റെ കാരണം രോഗിയിൽ തന്നെയാണുള്ളത് എന്ന അനുമാനത്തിന് പുറത്താണ് വൈദ്യശാസ്ത്ര സാങ്കേതികതകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ശരീരികമായ നാനാ തരം വിവേചനങ്ങളും ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, മാനസികാരോഗ്യ ചികിത്സയെ പറ്റി പറയുമ്പോൾ, ജാതി വിവേചനങ്ങളെ തിരിച്ചറിയുന്ന ആരോഗ്യ വിദഗ്ധനെ പ്രതീക്ഷിച്ചുകൊണ്ട് അനേകമിടങ്ങളിൽ കയറിയിറങ്ങേണ്ടി വരുന്നതിന്റെ കഷ്ടതകളെ കൂടിയാണ് ദലിതർക്ക് പറയാനുണ്ടാവുക.
ഇൻഡ്യയിൽ, മാനസിക ആരോഗ്യത്തെയും ജാതി അവബോധങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ചികിത്സകനെ (therapist) കണ്ടെത്തുക പ്രയാസമാണ്. ഈ വിടവ് നികത്തുകയും ലഭ്യമായ വിഭവങ്ങളെ ഉപയുക്തമാക്കുകയും ചെയ്യുന്ന ‘ബ്ലൂ ഡോൺ’ എന്ന സംഘടനയെ മാത്രമാണ് ഏറിപ്പോയാൽ നമുക്ക് ചൂണ്ടിക്കാട്ടാനാവുക. ചികിത്സകരുടെ അഭാവം മാത്രമല്ല ഇവിടെ ദൃശ്യമാകുന്നത്, മറിച്ച്, മണിക്കൂറിന് 1500 മുതൽ 5000 രൂപ വരെ പ്രതിഫലം വാങ്ങുന്ന ചികിത്സകർ ജാതിയധിഷ്ഠിത വ്യവസ്ഥാപിത ഹിംസകളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നതു കൂടിയാണ്. സ്വജാതിയിൽ പെട്ട ചികിത്സകനെ ലഭിക്കാനുള്ള സാധ്യത ദലിതനെ സംബന്ധിച്ചിടത്തോളം തുലോം തുച്ഛമാണ്. 2015ലെ ഒരു പഠനം സൂചിപ്പിക്കുന്നത്, വിട്ടുമാറാത്ത രോഗബാധ ഏൽക്കുന്നവരിൽ അധികവും അധസ്ഥിത ജാതിക്കാരാണെന്നാണ്, വിശേഷിച്ചും മാനസിക ആരോഗ്യ പ്രശ്നങ്ങൾ. കൂടാതെ, അസമത്വം വർഷിക്കുന്ന മുതലാളിത്വ സമൂഹത്തിൽ, മാനസികാരോഗ്യത്തെ ‘മക് മൈൻഡ്ഫുൾനസ്’ എന്ന ആശയത്തോട് എളുപ്പം ഉൾചേർക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു.
ഇൻഡ്യയിലെ സമകാലിക മാനസികാരോഗ്യ ചട്ടക്കൂട് മേൽജാതി-വർഗ വീക്ഷണങ്ങളിൽ പെട്ടുഴറുകയാണ്. ഇത് അരികുവത്കരിക്കപ്പെട്ട ജനതക്ക് മാനസികാരോഗ്യ ചികിത്സയുടെ ലഭ്യതയെ ശുഷ്കമാക്കുന്നു. ഒരു പഠനശാഖ എന്ന നിലക്ക് മനോരോഗ പഠനം (psychiatry) സാമൂഹിക യാഥാർഥ്യങ്ങളെ തൊട്ട് അജ്ഞമായി നിലനിൽക്കുന്നു. മനോരോഗ പഠനത്തിന്റെ ദൗർഭാഗ്യകരമായ ഈ പരിതസ്ഥിതി, വളരെ കുറച്ചാളുകൾ മാത്രമാണ് മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നത് എന്ന പ്രതീതി ഉത്പാദിപ്പിച്ചിട്ടുണ്ട്. സമകാലിക ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ദലിത് ജീവിതങ്ങളെ മനസ്സിലാക്കാൻ ആവശ്യമായ അനുഭവ ജ്ഞാനം അവർക്കില്ല. ആധുനിക കാലത്തെ വ്യവസ്ഥാപിതവും നിർദയവുമായ പിന്നാക്കാവസ്ഥയെ ദൃശ്യമാക്കുന്ന രാഷ്ട്രീയ ചരിത്രങ്ങളെയും സാമൂഹിക സ്ഥാപനങ്ങളുടെ വൈവിധ്യങ്ങളെയും കുറിച്ച് അവർക്ക് വിശദീകരണങ്ങളില്ല. അവരതിന് പരിശീലിക്കപ്പെട്ടിട്ടുമില്ല. ഉത്പാദനക്ഷമതയുടെ ഉത്തമീകരണം (optimisation of productivity) ആവശ്യപ്പെടുന്ന ഇന്നിന്റെ നിയോ-ലിബറൽ പശ്ചാത്തലത്തിൽ, ഈ സാമന്വയ സമീപനത്തിന്റെ പ്രാമുഖ്യം ഏറെയാണ്.
കുറവ് വരുമാന നിരക്കുള്ളവരിൽ അധികവും ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവരും, അതിനാൽ തന്നെ മാനസികാരോഗ്യ ചികിത്സക്ക് വേണ്ടത്ര ചിലവ് വഹിക്കാൻ സാധിക്കാത്തവരുമാണ്. തന്മൂലം അവരുടെ ജീവിതങ്ങളിൽ വന്നുഭവിക്കുന്ന മാനസിക ആഘാതങ്ങളെ നിവാരണം ചെയ്യാൻ വേണ്ട വിഭവങ്ങളോ ആലംബമോ അവർക്കില്ല.
അഭ്യസ്ഥവിദ്യരും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവരുമായ ദലിതർക്ക് പോലും നമ്മുടെ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളിലൂന്നിയ ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമല്ല. ഏതെങ്കിലും ചികിത്സകന്റെ സമീപനത്തിൽ നിന്ന് നമ്മുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ആശയപ്രകാശനം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ജാതിക്കുള്ള ബന്ധം, ജാതിയധിഷ്ഠിത വിഭജന രേഖകളിലേക്കുള്ള കേവല നോട്ടത്തിൽ പോലും ദൃശ്യപ്പെടുന്നതാണ്. മാനസികാരോഗ്യ ചികിത്സയുടെ അപ്രാപ്യതയെ കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ, ജാതിബന്ധങ്ങളെ കുറിച്ച് അവബോധമുള്ള ചികിത്സകനെ തേടി അനേകമിടങ്ങളിൽ അലയേണ്ടി വരുന്നതിന്റെ കഷ്‌ടതകളെ കുറിച്ച് കൂടി പറയേണ്ടിവരും. ഈ പ്രക്രിയ ഇപ്പോൾ കുറഞ്ഞുവരികയാണ്. വിവേചനത്തിന് റിവേഴ്‌സ് ഗിയറില്ലാത്തതിനാൽ ദിനേന ഉയർന്നുവരുന്ന പ്രശ്നങ്ങളെ അതിജയിക്കാൻ മാനസിക സംഘർഷങ്ങളോട് നിരന്തരമായി പടവെട്ടുക എന്നത് അത്ര എളുപ്പമല്ല. പ്രശ്നങ്ങൾ സ്ഥായിയും വ്യവസ്ഥാപിതവുമാണെങ്കിൽ വലിയ ആഘാതമാണ് അത് വ്യക്തികളിൽ ഏൽപ്പിക്കുക. രണ്ടാമതായി, പ്രതികാരവാജ്ഞയുള്ള നീതിപീഠങ്ങളുടെ അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളോടുള്ള വെറുപ്പ് നിയാമക സ്ഥാപനങ്ങളുടെ അതിരുകൾക്കുള്ളിലും തുടരുന്നു. ഉദാഹരണത്തിന്, എന്തുകൊണ്ട് മാനസികാരോഗ്യ ചികിത്സ അധസ്ഥിത സമുദായങ്ങൾക്ക് ഏറ്റം പ്രധാനമാകുന്നു എന്ന ബോധ്യത്തിന്റെ അഭാവം മൂലം 2017ലെ മാനസികാരോഗ്യ പരിചരണ നിയമത്തിന്റെ സ്ഥാപനം പൂർണമായും അവതാളത്തിലാണ് എന്ന് കാണാവുന്നതാണ്. സംവരണ നയത്തെ ആട്ടിമറിക്കാനോ, 1989ലെ പട്ടിക ജാതി/പട്ടിക വർഗ (അക്രമ നിരോധന നിയമം) നിയമത്തിലെ നിയതമായ വ്യവസ്ഥകൾ എടുത്തുകളയാനോ ഉള്ള നിരന്തരമായ ശ്രമങ്ങൾ, എങ്ങനെയാണ് നിയമ സംവിധാനങ്ങൾ ജാതി വിവേചനങ്ങളെ തുടർത്തുകയും കൂടുതൽ അക്രമങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്.
മേൽപറഞ്ഞ പരിതസ്ഥിതിയെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഏതാനും ആഖ്യാനങ്ങൾ ‘ക്ലിനിക്’ എന്നതിന്റെ സൈദ്ധാന്തിക ചട്ടക്കൂടിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, സുശ്രുത് ജാദവ് എന്ന മാനസികാരോഗ വിദഗ്ദന്റെ ക്ലിനിക് കീഴ്ജാതിക്കാർക്ക് അനുചിതവും വിരുദ്ധവുമായി നിലനിൽക്കുന്നു. രോഗനിദാന ശാസ്ത്രത്തിന്റെ (pathology) ഒരു സാംസ്‌കാരിക നിർമിതിക്ക് മുകളിലാണ് പ്രായോഗിക പ്രശ്നങ്ങളും ചികിത്സയും തമ്മിൽ അജഗജാന്തരമുള്ള അദ്ദേഹത്തിന്റെ നിർമിതി സാധ്യമാക്കുന്നത്. ആസ്സാമിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളാൽ കൊല്ലപ്പെടുന്നവരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാവും. ഗ്രാമ പ്രദേശങ്ങളിലും വന മേഖലകളിലും പാർക്കുന്ന സമുദായങ്ങളിൽ ഭവനരാഹിത്യവും മദ്യാസക്തിയും അനുബന്ധ മാനസിക പ്രശ്നങ്ങളും ഏറെയായിരിക്കും. ജീവിക്കാനുള്ള ഇടം കുറഞ്ഞുവരുന്നതിന്റെയോ ജീവനോപാധി കണ്ടെത്താനുള്ള അവസരങ്ങൾ ലഭിക്കാത്തതിന്റെയോ മാത്രം പ്രശ്നമല്ല, മറിച്ച് ആനക്കൂട്ടങ്ങളുടെ ആക്രമണങ്ങളാൽ സംഭവിക്കുന്നത് കൂടിയാണ്. വനഭൂമിയുടെ അളവ് കുറയുന്നത് മൂലം ആനകളും ദുരിതമനുഭവിക്കുന്നുണ്ട്. തന്മൂലം ഈ പ്രദേശങ്ങളിൽ കഴിയുന്ന കീഴ്ജാതിക്കാരായ സമുദായങ്ങളും അവയും തമ്മിൽ സംഘർഷങ്ങൾ അധികരിക്കുന്നു. ആനയുടെ ആക്രമണത്തിൽ കുടിൽ ചവിട്ടിമെതിക്കപ്പെടുകയും കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തതുമൂലം കനത്ത മാനസിക സംഘർഷം അനുഭവിച്ച രാജു എന്നയാളുടെ മെഡിക്കൽ റെക്കോർഡ് പരിശോധിക്കുമ്പോൾ, അദ്ദേഹമനുഭവിച്ച മാനസിക സംഘർഷങ്ങളൊന്നും ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടില്ല എന്ന് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ, കൃത്യമായ രോഗനിർണയം നടത്താനോ സമയബന്ധിതമായി ചികിത്സ നൽകാനോ കഴിഞ്ഞില്ല. മുതലാളിത്വ-വികസന ദ്വന്ദങ്ങൾ ഉത്പാദിപ്പിക്കുന്ന ഇത്തരം പ്രശ്നങ്ങൾ അരികുവത്കരിക്കപ്പെട്ട സമുദായങ്ങളെ നിരന്തരമായി അടിച്ചമർത്തുകയും, അവരുടെ സാമൂഹിക-രാഷ്ട്രീയ അവകാശങ്ങൾ മാത്രമല്ല, അടിസ്ഥാന മനുഷ്യാവകാശങ്ങളെ പോലും ഹനിക്കുകയും ചെയ്യുന്നു. വിശേഷിച്ച്, മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ.
സാമ്പത്തിക പരാധീനതകൾ മൂലമോ സംരക്ഷണ വ്യവസ്ഥകളുടെ അഭാവം മൂലമോ ഒരു ദലിത് സ്ത്രീക്ക് ചികിത്സ ലഭ്യമാവാതെ വരുന്ന വ്യവസ്ഥാപിത ഹിംസയുടെ സാഹചര്യത്തെ മറ്റൊരു ഉദാഹരണമായി കാണാവുന്നതാണ്. തന്മൂലം, അൽപം ഒഴിവെടുത്ത് വായനയിലോ ധ്യാനത്തിലോ ഏർപ്പെട്ടുകൊണ്ട് മാനസിക പ്രശ്നങ്ങളോട് പ്രതികരിക്കാൻ അവർക്ക് സാധിക്കാതെ വരുന്നു.
അവർക്ക് മാനസിക സൗഖ്യം ലഭിക്കാനുള്ള രണ്ട് സാധ്യതകൾ കൗൺസിലുകളോ ആന്റി-ഡിപ്രെഷൻ മരുന്നുകളോ മാത്രമാണ്. ഇവ രണ്ടുമാകട്ടെ, അരികുജീവിതങ്ങളെ കുറിച്ചോ, എങ്ങനെയാണ് ബഹുവിധ അരികുവത്കരണങ്ങൾ ഒരൊറ്റ വ്യക്തിയിൽ കുടികൊള്ളുന്നത് എന്നതിനെ കുറിച്ചോ കൃത്യമായ ധാരണയില്ലാത്തവയാണ്. രോഗത്തിന്റെ കാരണം വ്യക്തിയിൽ തന്നെയാണുള്ളത് എന്ന അനുമാനത്തിന് പുറത്താണ് വൈദ്യശാസ്ത്ര സാങ്കേതികതകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ശരീരികമായ നാനാ തരം വിവേചനങ്ങളും ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ദലിത് ശരീരങ്ങളെ ദിനേനയെന്നോണം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിത ജാതി യാഥാർഥ്യങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല നമ്മുടെ മാനസികാരോഗ്യ ചട്ടക്കൂടും.
ഈ വിടവ് നികത്താൻ കേവലം വ്യക്തികേന്ദ്രീകൃത ചികിത്സ മതിയാവുകയില്ല. അതുകൊണ്ടുതന്നെ, നീതി സങ്കൽപ്പത്തിലും അവസര സമത്വത്തിലും മാന്യതയിലും ഊന്നിനിന്നുകൊണ്ട് അരികു സമൂഹങ്ങളെയും, തമുറകളായി തുടരുന്ന വിവേചനങ്ങളുടെ ഭാഗമായി അവരനുഭവിക്കുന്ന മാനസിക ആഘാതങ്ങളെയും കൃത്യമായി അഭിമുഖീകരിക്കുന്ന സമഗ്ര സമീപനമാണ് സ്വീകരിക്കേണ്ടത്. ഇപ്പോഴും മാനസികാരോഗ്യ ചികിത്സയുടെ ഊന്നലും രീതിശാസ്ത്രവും സമീപനവുമെല്ലാം സാംസ്‌കാരികബദ്ധമായ ചികിത്സയിൽ നിന്ന് ഭിന്നമായി മരുന്നുകളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. മിക്കവാറും സന്ദർഭങ്ങളിലും ആന്റി-ഡിപ്രെഷൻ മരുന്നുകളിൽ തുടങ്ങി, രോഗിയുടെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ ചോദിച്ചറിയാതെ ആന്റി-സൈക്കോട്ടിക് മരുന്നുകൾ കൊണ്ടുള്ള ചികിത്സയിലൂടെ തുടർന്നുപോകുന്നു. സൈക്കോമെട്രിക് ടെസ്റ്റുകൾക്കും പരിശോധനാ രീതികൾക്കും ഇൻഡ്യൻ സമൂഹത്തിന്റെ പ്രധാന സവിശേഷതകളായ ജാതി പോലുള്ളവയെ സംബന്ധിച്ച് യാതൊരു ധാരണയുമില്ല. അതുകൊണ്ടുതന്നെ, ‘ക്ലിനിക്കുകളോട്’ ആളുകൾക്ക്- വിശേഷിച്ചും ഗ്രാമ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്കും, അധസ്ഥിതർക്കും ന്യൂനപക്ഷങ്ങൾക്കും- അതൃപ്തി വർധിച്ചുവരുന്നതിൽ അത്ഭുതപ്പെടാനില്ല. തദ്ഫലമായി ദലിത്, സ്ത്രീ, ക്വിയർ സമൂഹങ്ങളുടെ കാര്യത്തിൽ തെറ്റായ രോഗനിർണയം ഉണ്ടാകുന്നത് സ്വഭാവികമായി മാറിയിരിക്കുന്നു. അടുത്തിടെ, സമാന്തര ചികിത്സക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ ഡാൻസ് തെറാപ്പി പോലെയുള്ള, ശരീരത്തെ കൂടുതലായി കേന്ദ്രീകരിക്കുന്ന ചികിത്സ രീതികൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ ഇവയും അരികുവത്കൃത ശരീരങ്ങളെ പരിഗണിക്കുന്നില്ല. ദലിതരുടെയും മറ്റു അധസ്ഥിത സമൂഹങ്ങളുടെയും മാനസിക സൗഖ്യത്തെ പരിഗണിക്കുന്ന ഒരു സമീപനത്തിലേക്ക് നാം ഇനിയും എത്തിച്ചേരേണ്ടിയിരിക്കുന്നു.
മാനസിക ആരോഗ്യത്തെ ജാതി രഹിതമാക്കാൻ ഇതുവരെയുള്ള ശാസ്ത്രീയ രീതികളൊന്നും പരിശ്രമിച്ചിട്ടില്ല. വിഷാദരോഗം, ബിപിഡി, പിടിഎസ്ഡി, ആത്മഹത്യ തുടങ്ങിയ അനവധി പ്രതിസന്ധികളുടെ പ്രധാന ചേരുവയായി ജാതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിന് പ്രധാന്യമേറെയാണ്. നിലവിലുള്ള ചികിത്സാരീതികളുടെ ന്യൂനതകളെ പരിഹരിക്കാൻ സാമൂഹ്യ ശാസ്ത്രവും മെഡിക്കൽ സമ്പ്രദായങ്ങളും തമ്മിൽ ഫലപ്രദമായ ചർച്ചകൾ ഉണ്ടാവേണ്ടതുണ്ട്. വ്യക്തിയുടെ ഉന്നമനത്തിനല്ല, സമുദായത്തിന് മുഴുവൻ സുരക്ഷിതമായ ഇടമൊരുക്കുന്നതിനാവണം ഈ ചർച്ചകൾ പ്രാമുഖ്യം നൽകേണ്ടത്. ആരോഗ്യകരമായ ജീവിതത്തെയും മനസ്സിനെയും തകർത്തുകളയുന്ന ജാതിയെന്ന സാമൂഹിക വിപത്തിനെ ബോധപൂർവം അവഗണിക്കുന്നതാവരുത് നമ്മുടെ മാനസികാരോഗ്യ പ്രവർത്തനങ്ങൾ.
◆
ജെഎൻയുവിൽ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഈസ്തെറ്റിക്സിൽ വിദ്യാർഥിയാണ് ആതിക സിങ്. അമൃത്സർ ജിഡിസിഎച്ചിൽ ബിഡിഎസ് അവസാന വർഷ വിദ്യാർഥിയാണ് ശുഭ്കരംദീപ് സിങ്.
വിവർത്തനം: അഫ്സൽ ഹുസൈൻ
- https://thelifeofscience.com/2020/12/17/psychiatry-caste/