കോവിഡ് പ്രതിരോധം എങ്ങനെ? ഡോ. പി.കെ ശശിധരൻ സംസാരിക്കുന്നു
കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ കൈക്കൊണ്ട പ്രതിരോധ മാതൃക അശാസ്ത്രീയമാണെന്ന് ഡോ. ശശിധരൻ അഭിപ്രായപ്പെട്ടിരുന്നു. തീവ്ര വ്യാപനമുണ്ടായ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളുടെ മൗലികമായ അപര്യാപ്തതകളെയും ഫലപ്രദമായ രീതികളെയും കുറിച്ച് ഡോ. പി.കെ ശശിധരൻ സംസാരിക്കുന്നു.
ലോക തലത്തിൽ കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ നമ്മുടെ രാജ്യം. രണ്ടാം തരംഗം അത്രമേല്‍ വ്യാപനമാണ് ഇൻഡ്യയിലുണ്ടാക്കിയിരിക്കുന്നത്. ദിനംപ്രതി മൂന്നര ലക്ഷത്തിനടുത്ത് കോവിഡ് ബാധിതര്‍. ആശുപത്രികള്‍ നിറഞ്ഞുകവിയുന്നു. മരണസംഖ്യ ഉയരുന്നു. ശ്മശാനങ്ങളില്‍ ചിതകളെരിഞ്ഞു കൊണ്ടേയിരിക്കുന്നു. പുതിയ രോഗികളേറെയും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ കോവിഡ് ബാധിതര്‍ കാല്‍ ലക്ഷം കവിഞ്ഞു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയായ ഡോ. പി.കെ ശശിധരനുമായി സംസാരിക്കുന്നത്. ആദ്യ ഘട്ടം മുതല്‍ കോവിഡിനെ കൈകാര്യം ചെയ്ത രീതി അശാസ്ത്രീയമായിരുന്നു എന്ന അഭിപ്രായം ഇദ്ദേഹം ഉയര്‍ത്തിയിരുന്നു. ഈ നിരീക്ഷണം വിമര്‍ശിക്കപ്പെടുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ അദ്ദേഹവുമായി സോഫിയ ബിന്ദ് നടത്തിയ അഭിമുഖം.
കോവിഡിനെ പ്രതിരോധിക്കാൻ കണ്ടെയിന്‍മെന്റ് സോണുകൾ കൊണ്ടോ അടച്ചുപൂട്ടി ഇരുന്നതുകൊണ്ടോ കാര്യമില്ല എന്ന് തുടക്കം മുതലേ താങ്കൾ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം തരംഗത്തില്‍ സ്ഥിതി രൂക്ഷമാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ തുടങ്ങി വലിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. എങ്ങനെയാണ് ഈ സാഹചര്യങ്ങളെ നോക്കികാണുന്നത്?
എന്റെ വിമര്‍ശനം ലോകം മുഴുവന്‍ കൈക്കൊണ്ട രീതിയോടാണ്. രാഷ്ട്രീയപരമായാണ് കോവിഡിനെ കൈകാര്യം ചെയ്തത്. അടച്ചു പൂട്ടിയതു കൊണ്ടൊന്നും കാര്യമില്ല. ശാസ്ത്രീയമായ രീതിയല്ല അത്. ‘ശാസ്ത്രീയം’ എന്നു പറഞ്ഞാല്‍ ടെക്നോളജി മാത്രമല്ല, യുക്തിപരം കൂടിയാണ്. ഈ സമയത്ത് നമുക്കു ചെയ്യാന്‍ പറ്റുന്നതെന്താണ് എന്ന് ചിന്തിക്കണം. ഏത് അണുബാധയുണ്ടാകുമ്പോഴും അതിന്റെ കാരണം അണുക്കള്‍ മാത്രമല്ല. കൊറോണ വൈറസ് വന്നതു മുതല്‍, ലക്ഷണമില്ലാതെ അസുഖം വന്നവരുള്‍പ്പെടെ ഒരുപാടു പേരെ കാണാനിടയായിട്ടുണ്ട്. അവരില്‍ നിന്നെല്ലാം മനസ്സിലായ ഒരു കാര്യം, ശരീരത്തിന്റെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. പലര്‍ക്കും വിറ്റമിന്‍ ഡി, ഫോളിക് ആസിഡ് തുടങ്ങിയ അനേകം വിറ്റമിനുകളുടെ കുറവുണ്ട്. സമീകൃതാഹാരം കഴിക്കാത്തതു കൊണ്ടാണ് ഇതുണ്ടാകുന്നത്. അമിത വണ്ണമുള്ളവരുണ്ട്, മറ്റു രോഗങ്ങളുള്ളവരുണ്ട്. ഇങ്ങനെ പ്രശ്‌നങ്ങളുള്ളവരിലാണ് കോവിഡ് ബുദ്ധിമുട്ടുണ്ടാക്കിയത്. കോവിഡ് എന്നല്ല ഏത് അണുബാധ വന്നാലും ഇവരില്‍ പ്രശ്നങ്ങളുണ്ടാകും. അതുതന്നെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ശാസ്ത്രീയമായ രീതി എങ്ങനെയായിരിക്കും?
ഞാനത് മുൻപ് പറഞ്ഞിട്ടുണ്ട്. ഏത് അണുബാധയും ഒരു ശരീരത്തില്‍ പെരുമാറുന്ന രീതിക്ക് ‘ഏജന്റ്, ഹോസ്റ്റ്, പരിസരം’ (environment) എന്നു പറയും. പരിസരത്തിന്റെ പ്രത്യേകത കൊണ്ടാണല്ലോ നമ്മളെ അണുക്കളെ ബാധിക്കുന്നത്. സാമൂഹിക അകലം പാലിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്. ശരീരത്തില്‍ അണുക്കള്‍ കടന്നു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ഡോസ് ഒരു കാരണമാണ്. പിന്നെയുള്ളത് ശരീരത്തിന്റെ പ്രതിരോധ ശേഷിയാണ്. പ്രതിരോധ ശേഷിയെ നിലനിര്‍ത്തുന്ന ഒരുപാടു ഘടകങ്ങളുണ്ട്. അതൊരു ദീർഘകാല പ്രക്രിയയാണെന്നു പറഞ്ഞ് എല്ലാവരും അതിനെ അവഗണിക്കുകയാണ്. കോവിഡ് വന്നിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞു. അന്നു തുടങ്ങിയിരുന്നെങ്കില്‍ നമുക്കിതിനെ പിടിച്ചു നിര്‍ത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എന്റെയടുത്തു വരുന്ന ഒരുപാടു രോഗികളില്‍ ഒരു കൊല്ലത്തോളം അടച്ചു പൂട്ടിയിരുന്ന് 22 കിലോ വരെ ശരീരഭാരം കൂടിയവരുണ്ട്. നമ്മള്‍ ഈ സമയത്തെല്ലാം ആളുകളുടെ ജീവിതശൈലിയും ആഹാര രീതിയുമൊക്കെ മാറ്റാനുള്ള ശ്രമം കൂടിയായിരുന്നു നടത്തേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ നമുക്കിതിനെ എന്നേ പ്രതിരോധിക്കമായിരുന്നു. ഇനി മറ്റൊരു വൈറസ് വരികയാണെങ്കില്‍ എന്തു ചെയ്യും? എത്ര പേർക്ക് വാക്സിൻ എടുക്കാന്‍ പറ്റും? വാക്‌സിന്‍ അശാസ്ത്രീയമാണെന്നല്ല അതിനര്‍ഥം. ഈ ഘട്ടത്തില്‍ വാക്‌സിന്‍ നൂറു ശതമാനം ശാസ്ത്രീയമാണെന്നു പറയാറായിട്ടില്ല.
കോവിഡ് മൂലം ഒരുപാടു മരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്? കേരളത്തിലും മരണനിരക്കു കൂടുകയാണ്.
മരണമെല്ലാം കോവിഡ് മൂലം മാത്രമാണെന്നു പറയാന്‍ കഴിയില്ല. പക്ഷേ, ലോകം മുഴുവനും അങ്ങനെയാണു വിശ്വസിച്ചു കൊണ്ടിരിക്കുന്നത്. നമ്മളും അതു ശരിയാണെന്നു വിശ്വസിക്കുന്നു. ഞാന്‍ ഇതു പറയാൻ മടിക്കുകയാണ്. കാരണം നേരത്തേ ഇതു പറഞ്ഞപ്പോള്‍ പിന്തുണയുമായി വന്നത് പ്രകൃതി ചികിത്സകര്‍ മാത്രമാണ്. മടുപ്പു മൂലം ഞാന്‍ നിര്‍ത്തിവച്ചു. ഇതു ഡോക്ടര്‍മാരുമായി സംവദിക്കേണ്ട കാര്യമാണ്. എന്നാല്‍, ഒരു കൂട്ടം ഡോക്ടര്‍മാരാകട്ടെ ഞാന്‍ പ്രകൃതി ചികിത്സകരെ പോലെയാണെന്ന് പറയുകയും, ആ പ്രചാരണത്തില്‍ വിജയിക്കുകയും ചെയ്തു. മോഹനന്‍ വൈദ്യരോടും വടക്കാഞ്ചേരിയോടുമാണ് അവരെന്നെ ഉപമിച്ചത്. അങ്ങനെ മോഡേൺ മെഡിസിൻ ഡോക്ടര്‍മാരെ എനിക്കെതിരാക്കി മാറ്റി. പ്രകൃതി ചികിത്സകന്റെ യുക്തിയാണെന്നു പറഞ്ഞ് എന്നെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുക, സര്‍ക്കാരിനെതിരാണെന്നു പറഞ്ഞ് ആരോഗ്യ മന്ത്രിയൊക്കെ എന്നെ തെറ്റിദ്ധരിക്കുക, അങ്ങനെ ഒരവസ്ഥ ഉണ്ടാക്കിയെടുത്തു അവര്‍. ഇതെല്ലാം മനുഷ്യത്വമില്ലായ്മയാണ്. മനുഷ്യത്വമില്ലാത്ത പ്രവൃത്തി ഡോക്ടര്‍മാരുടെ ഇടയിലും വന്നുപോയി. ഒരിക്കലും ഒരു രോഗിയെപ്പോലും ചികിത്സിക്കാത്തവരാണ് എനിക്കെതിരെ നിന്നത്. അവര്‍ നോണ്‍-ക്ലിനിക്കല്‍ ജോലി ചെയ്യുന്നവരാണ്. ക്ലിനിക്കല്‍ പരിചയമുള്ള ഡോക്ടര്‍മാര്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും. മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ എന്നാൽ എംബിബിഎസ് പാസായിട്ട് ഐഎഎസിന് പോയവരും നോണ്‍-ക്ലിനിക്കല്‍ ജോലിയും ഓഫീസ് ജോലിയും ചെയ്യുന്നവരല്ല എന്നു മനസിലാക്കുക! രോഗികളുമായി ദിവസവും ഇടപെടുന്നവര്‍ക്ക്- ഏതെങ്കിലും ഒരു ഭാഗം മാത്രമല്ല, മൊത്തമായി കൈകാര്യം ചെയ്യുന്നവര്‍ക്ക്- ഞാന്‍ പറയുന്നത് മനസ്സിലാകും. അങ്ങനെയുള്ള ഡോക്ടര്‍മാരുടെ അഭാവം കോവിഡ് നിയന്ത്രണത്തില്‍ ലോകം മുഴുവന്‍ മുഴച്ചു നില്‍ക്കുകയാണ്.
വ്യാപനം തുടരുന്ന സ്ഥിതിവിശേഷത്തെ എങ്ങനെ നിയന്ത്രണ വിധേയമാക്കുമെന്നാണ് കരുതുന്നത്?
എല്ലാവരുടെയും ധാരണ ഇതിന്റെ പ്രോട്ടോകോൾ ഉണ്ടാക്കേണ്ടത് പള്‍മനോളജിസ്റ്റാണ്, ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റാണ്, വൈറോളജിസ്റ്റാണ് എന്നൊക്കയാണ്. തുടക്കത്തില്‍ നമ്മള്‍ കണ്ടെയിന്‍മെന്റും ലോക്ഡൗണുമൊക്കെ ചെയ്തത് ഇതിവിടെ വരില്ലെന്ന് കരുതിയാണ്. അതുകൊണ്ടൊന്നും വരാതിരിക്കില്ലെന്ന് 2019 മാര്‍ച്ച് എട്ടു മുതല്‍ ഞാൻ പറയുന്നതാണ്. കോവിഡുള്ള സാഹചര്യത്തിലൂടെ വേണം നമുക്ക് മുന്നോട്ട് പോകാൻ. അന്നേരം എന്നെ എല്ലാവരും പരിഹസിച്ചു. കോവിഡിനെ നേരിടരാന്‍ നമ്മുടെ ശരീരത്തെ തയ്യാറാക്കുക, ആരോഗ്യമുണ്ടാക്കുക എന്നതേയൂള്ളൂ മാര്‍ഗം. ഇപ്പോള്‍ നമ്മള്‍ മറ്റുള്ളവര്‍ക്ക് കോവിഡുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും കോവിഡുണ്ട് എന്ന തോന്നലിലാണ് നമ്മൾ ഇരിക്കുന്നത്. ഉള്ള പ്രശ്നങ്ങളെല്ലാം കോവിഡ് മൂലമാണെന്ന് തെറ്റിദ്ധരിക്കാനും ഇടയുണ്ട്. എല്ലാവരിലും ഭീതി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭീതി വളര്‍ത്തിക്കൊണ്ടാണ് ഇതിനെ കൈകാര്യം ചെയ്യേണ്ടത് എന്ന് ചിലരൊക്കെ തെറ്റിദ്ധരിച്ചിരിക്കുകയുമാണ്. അതു കാണുമ്പോഴാണ് വിഷമം തോന്നുന്നത്. ഭീതിയില്ലാതാക്കണം. അതിനര്‍ഥം ചികിത്സ വേണ്ട എന്നല്ല.
കൊറോണയുടെ തുടക്ക കാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഞാന്‍ കൊടുത്ത ഒരു കുറിപ്പ് അദ്ദേഹം വായിച്ചിരുന്നു. പോഷകാഹാരം ഉറപ്പു വരുത്തുന്നതിനെ കുറിച്ചായിരുന്നു അത്. അതിനു ശേഷമാണ് സൈബര്‍ ആക്രമണങ്ങൾ എനിക്കു നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയോടു നേരിട്ടു പറയാൻ നിങ്ങളാരാണ്? ഞങ്ങൾ വഴിയല്ലേ ചെയ്യേണ്ടത് എന്നൊക്കെയാണ് ചോദ്യംങ്ങൾ. ആരോടാണ് ഞാൻ കാര്യങ്ങൾ പറയേണ്ടത്. കോവിഡ് മാനേജ്മെന്റ് കമ്മിറ്റിയിൽ ഞാൻ ചേരാമെന്നു പറഞ്ഞുവെങ്കിലും, അവരെന്നെ ഉൾപ്പെടുത്തിയില്ല. ഞാന്‍ ഐ.എം.എക്ക് എതിരാണ് എന്നുവരെ അവര്‍ പറഞ്ഞുവച്ചു.
കോവിഡ് വ്യാപനത്തിനെതിരെ വീണ്ടും രാത്രി കര്‍ഫ്യൂകൾ തുടങ്ങിയിരിക്കുന്നു. വലിയ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതെല്ലാം യഥാർഥത്തിൽ ഫലപ്രദമാണോ?
അണുബാധയെ നേരിടുന്നതിന് പൊതുവായ കുറേ തത്ത്വങ്ങളുണ്ട്. അതില്‍ ആഹാര രീതിക്കും ജിവിത ശൈലിക്കും വലിയ സ്ഥാനമുണ്ട്. അത് പ്രകൃതി ചികിത്സകരുടെ നിയമമൊന്നുമല്ല. മേഡേണ്‍ മെഡിസിന്റെ തത്ത്വങ്ങള്‍ തന്നെയാണ്. ലാബിലിരിക്കുന്ന വൈറോളജിസ്റ്റിന് വൈറസിനെക്കുറിച്ചേ അറിയുകയുള്ളൂ. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അവർ അത്രയൊന്നും മനസ്സിലാക്കിയിട്ടില്ല. രോഗിയുടെ സ്വഭാവത്തെ കുറിച്ചറിയണം. അവരുടെ ആഹാര രീതിയെ കുറിച്ചറിയണം. അത് ക്ലിനിക്കല്‍ പ്രാക്റ്റീസ് ചെയ്യുന്ന ഒരാള്‍ക്കേ വ്യക്തമായി അറിയൂ.
ലോകം മുഴവന്‍ കോവിഡിനെ കൈകാര്യം ചെയ്ത തെറ്റായ രീതിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇവിടെ മാത്രമല്ല, ലോകം മൂഴുവന്‍ കോവിഡ് നിയന്ത്രണം ഏറ്റെടുക്കുന്നത് വൈറോളജിസ്റ്റുകളാണ്. സമൂഹ വ്യാപനം നടക്കുമ്പോള്‍ രോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാനുള്ള യോഗ്യത പോലും അവര്‍ക്കില്ല. വൈറസിനെക്കുറിച്ചും, എങ്ങനെ അതിനെ ഐസൊലേറ്റ് ചെയ്യണമെന്നും, വാക്‌സിനെ കുറിച്ചുമെല്ലാം അവര്‍ക്ക് പറയാം. പക്ഷേ, വാക്സിന്‍ എപ്പോള്‍ കൊടുക്കണമെന്ന് പറയേണ്ടത് ഞങ്ങളെപ്പോലുള്ള ഡോക്ടര്‍മാരാണ്.
കോവിഡ് വാക്‌സിനുകൾ വന്നു തുടങ്ങിയല്ലോ. ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ഇത്. മഹാമാരിയെ എത്രത്തോളം തടുക്കാൻ ഇവക്കാവും?
വാക്‌സിനെക്കൊണ്ട് എല്ലാ അണുബാധയെയും തടയാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിനെ പിന്തുണക്കുന്നവർ വസൂരിക്കും മറ്റുമുള്ള വാക്‌സിനുകളെക്കുറിച്ച് പറയും. അതുപോലെയല്ല ഇത്. കുറച്ചുനാള്‍ കൊണ്ടുതന്നെ വകദേദം വന്ന കോവിഡ് വൈറസാണുള്ളത്. ഇപ്പോള്‍ വാക്‌സിനെടുത്തവര്‍ക്ക് ഭാഗികമായി സംരക്ഷണമുണ്ടായിരിക്കും. എല്ലാവര്‍ക്കും വാക്സിനെടുത്ത് തടയാന്‍ എത്ര കാലമെടുക്കും. അതിനുള്ള ചെലവ് എത്രയാണ്? ഇതൊന്നുമില്ലാതെ തന്നെ ചിലതൊക്കെ ചെയ്യാമായിരുന്നു. ആരോഗ്യമില്ലാത്തവര്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണമായിരുന്നു. വാക്‌സിനെടുത്താല്‍ ഗുണം കിട്ടണമെങ്കില്‍ പോലും ആരോഗ്യം വേണം. തീരെ രോഗമില്ലാത്തവർ എടുത്താൽ വിപരീതമായിട്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക. വാക്സിന്‍ ശാശ്വതമായ പരിഹാരമായി കാണുന്നത് അശാസ്ത്രീയമാണ്. അതിനര്‍ഥം ഞാന്‍ വാക്‌സിനെതിരാണ് എന്നല്ല.
വാക്‌സിനെടുത്തോട്ടെ. അതുകൊണ്ട് മാത്രം ഇതിനെ തടയാനാകില്ല. ജീവിത ശൈലിയില്‍ മാറ്റം വേണം. അതു പൂർണമായും നടപ്പാക്കാനാവില്ല എന്നു കരുതുന്നത് ധാരണയില്ലായ്മയുടെ പ്രശ്നമാണ്. അതിന് സാമൂഹികമായ മുന്നേറ്റം വേണം. അതിൻ പ്രകാരമാണെങ്കിൽ കോവിഡ് എന്നല്ല, മറ്റു അണുബാധകളെയും അസുഖങ്ങളെയും തടയാനാകും. അതിലല്ലേ നമ്മള്‍ ശ്രദ്ധിക്കേണ്ടത്? മാസ്ക് ധരിക്കട്ടെ, ശാരീരിക അകലം പാലിക്കട്ടെ, വാക്‌സിനെടുക്കട്ടെ. പക്ഷേ, അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവഗണിച്ചാകരുത് ഇതെല്ലാമെന്നാണ് ഞാന്‍ പറയുന്നത്. ഇപ്പോള്‍ വാക്‌സിന്‍ കിട്ടിയില്ലെങ്കില്‍ മരിച്ചു പോകുമെന്ന് കരുതി നിലവിളിക്കുകയാണ് ആളുകള്‍. അതേസമയം അവര്‍ ഭക്ഷണം കഴിച്ചതിനെ കുറിച്ചൊന്ന് അന്വേഷിച്ചു നോക്കൂ. ഞാന്‍ രോഗികളോട് ഇതിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. പച്ചക്കറിയും പഴങ്ങളൊന്നുമൊന്നും കഴിച്ചിട്ടുണ്ടാകില്ല. പ്രോട്ടീനൊന്നും കിട്ടുന്നില്ല. വയറുനിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടാകും. ഇവര്‍ക്കെല്ലാം ഏത് അണുബാധ വന്നാലും, അസുഖം വന്നാലും, കൂടുതലാകും. അത് മനസ്സിലാക്കണം. അതിനു പകരം വൈറസുകൊണ്ടാണ് അസുഖം കൂടിയതെന്ന് പറയുന്നത് അശാസ്ത്രീയമാണ്. വാക്‌സിനെടുത്താല്‍ തടയാന്‍ പറ്റുമെങ്കില്‍, വരില്ല എന്നുറപ്പുണ്ടെങ്കില്‍ അതിനെ മാത്രം ആശ്രയിക്കാം. ഇപ്പോൾ വൈറസിനു വകഭേദം വന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ കൊണ്ടു മാത്രം തടയാമെന്ന ധാരണ ശാസ്ത്രീയമല്ല. ഞാനിതൊക്കെ പറയുമ്പോള്‍, എനിക്ക് കോവിഡ് വരണമെന്ന് പ്രാര്‍ഥിക്കുന്നവരുണ്ടാകും. എന്നിട്ടു കാണിച്ചുകൊടുക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. എനിക്കു നാളെ കോവിഡ് വന്നു മരിച്ചു എന്നു കരുതിക്കോളൂ. എന്നാല്‍ അതിന്റെ കാരണം കോവിഡല്ല. എന്റെ ശരീരത്തിന്റെ പ്രശ്‌നം തന്നെയാണ്. അത് തിരിച്ചറിയാനുള്ള വിവേകം ക്ലിനിക്കല്‍ മെഡിസിന്‍ പരിചയമുള്ളവര്‍ക്കേ ഉണ്ടാകൂ.
കോവിഡ് ഇപ്പോള്‍ വായുജന്യമായും പകരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളായ മാസ്കും, സാമൂഹിക അകലവും മതിയാവാതെ വരുകയല്ലേ?
നമ്മള്‍ എത്രകാലം ഇങ്ങനെ ജീവിക്കും? ഇപ്പോഴുള്ള പരിഹാര മാർഗങ്ങളെല്ലാം ചെയ്തോളൂ. ഇപ്പോള്‍ ചെയ്യേണ്ടത് ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്യുക എന്നതാണ്. Test, track, trace, isolate എന്ന പ്ലാനൊന്നും ഇനി നടക്കില്ല. ചികിത്സിക്കുന്ന ഡോക്ടർ നിര്‍ദേശിക്കുന്ന പ്രകാരം ഐസൊലേഷൻ നടത്തുക. അല്ലാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പോലെയൊന്നും ഇനി അങ്ങോട്ടു പറ്റില്ല. ഇത് പറഞ്ഞു കൊടുക്കാൻ ആരെങ്കിലും വേണ്ടേ. പറഞ്ഞാല്‍ കേള്‍ക്കാനും വേണ്ടേ ആളുകള്‍.
തീവ്ര വ്യാപനം (mass spread) വന്ന ഈ സാഹചര്യത്തില്‍ ലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക സാധ്യമാണോ?
സമൂഹ വ്യാപനം വന്നാല്‍ Mass spread വരും. എല്ലാവര്‍ക്കും വരുമ്പോൾ എന്തു ചെയ്യുണമെന്നല്ലേ തീരുമാനിക്കേണ്ടത്. എല്ലാവരെയും ടെസ്റ്റ് ചെയ്ത് പൂട്ടിയിടാന്‍ പറ്റുമോ. അവനവന്റെ ആരോഗ്യം നോക്കി, ലക്ഷണം വരുന്നതിനനുസരിച്ച് ടെസ്റ്റ് നടത്തുക, ചികിത്സിക്കുക. അതേ വഴിയുള്ളൂ. എല്ലാവരും ആശുപത്രിയില്‍ ചെന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം എങ്ങനെ മതിയാകും. ടെസ്റ്റ് ചെയ്യല്‍ ചികിത്സയല്ല. മറ്റൊരു വശം കൂടി ഇതിനുണ്ട്. ലക്ഷണമില്ലാത്ത ഒരാളില്‍ ടെസ്റ്റ് ചെയ്ത് അണുക്കളെ കണ്ടാല്‍ അയാള്‍ക്ക് രോഗമുണ്ടെന്ന് പറയാന്‍ പാടില്ല. അത് അശാസ്ത്രീയമാണ്. എനിക്ക് ജലദോഷമോ, പനിയോ, ശ്വാസം മുട്ടലോ ഉണ്ടെങ്കില്‍ ടെസ്റ്റ് ചെയ്ത് പോസറ്റീവായാല്‍ കോവിഡ് രോഗി ആയിരിക്കാൻ സാധ്യതയുടെ. എന്നാൽ, വേറെയും കാരണങ്ങള്‍ ഉണ്ടാകും.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആവുന്നത് കോവിഡ് ഉള്ളതു കൊണ്ടല്ലേ?
അണുക്കൾ ഉണ്ടാവും. എന്നാൽ അതുകൊണ്ടു മാത്രം രോഗിയാവണമെന്നില്ല. ഓരോരുത്തരുടെയും വായില്‍ നിന്ന് സ്രവം എടുത്താല്‍ സ്ട്രെപ്റ്റോകോക്കസ്, സ്‌റ്റെഫൈലോകോക്കസ്, തുടങ്ങി ഏതെല്ലാം അണുക്കളെ കിട്ടും എന്നറിയുമോ? അത്തരം അണുക്കൾ ഉള്ളതുകൊണ്ട് രോഗമുണ്ട് എന്നല്ല അര്‍ഥം. അതിന്റെ ലക്ഷണങ്ങള്‍ കൂടി കാണിക്കണം.
ഏറ്റവും കൂടുതല്‍ വയോജനങ്ങളുള്ള സംസ്ഥാനം കൂടിയാണ് കേരളം. മരണനിരക്ക് കൂടുന്ന അവസ്ഥയിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകാനിടയില്ലേ?
പ്രളയം വരുമ്പോൾ മരണമുണ്ടാകില്ലേ എന്നു ചോദിച്ചാൽ, പ്രളയത്തെ നമുക്കു പിടിച്ചുവെക്കാൻ കഴിയുമോ. പെട്ടെന്ന് അണകെട്ടാനും സാധിക്കില്ലല്ലോ. ഇങ്ങനെയൊരു വൈറസാകുമ്പോള്‍ പ്രളയം പോലെ, ഒരു പ്രകൃതി ദുരന്തം പോലെ, കുറച്ചൊക്കെ കരുതേണ്ടിവരും. അതിനെ നേരിടാനാണ് തയ്യാറെടുക്കേണ്ടത്.
എന്തു തരം തയ്യാറെടുപ്പാണ് ഉദ്ദേശിക്കുന്നത്. പതിവു പോലെ, പനിപോലെയോ മറ്റേതെങ്കിലും അസുഖമായോ കണ്ടാല്‍ മതി എന്നാണോ?
അങ്ങനെ തന്നെയാണ് കാണേണ്ടത്. പനിപോലെ കാണണം. ഇതിനെ ഇങ്ങോട് കടക്കാതെ നോക്കണം എന്ന രീതിയിലുള്ള കൈകാര്യം ചെയ്യല്‍ ഇനി പറ്റില്ല. ശ്വാസതടസം വരുന്നവരെ ചികിത്സിക്കുക. അതിന് തയ്യാറെടുക്കുക. ഇതൊക്കെ വികേന്ദ്രീകൃത തലങ്ങളിലൂടെ നടക്കണം. അതിനാണ് പ്രൈമറി കെയര്‍ ഡോക്ടർമാരും പിഎച്ച്‌സികളും നന്നാക്കണമെന്ന് പറയുന്നത്. ശ്വാസതടസം വന്ന് വെന്‍റിലേറ്റര്‍ കെയര്‍ വേണ്ടവര്‍ മാത്രമേ മെഡിക്കല്‍ കോളജുകളിൽ എത്താന്‍ പാടുള്ളൂ. ഇപ്പോള്‍ എല്ലാവരെയും ടെസ്റ്റ് ചെയ്ത് രോഗികളാക്കി കൊണ്ടിരിക്കുകയാണല്ലോ.
കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മാര്‍ച്ച് തുടക്കത്തിലേ അറിയാമായിരുന്നു. നമ്മള്‍ തുടര്‍ന്നു വന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെയെല്ലാം താളം തെറ്റിച്ചുകൊണ്ടെല്ലേ തെരഞ്ഞടുപ്പു സമയത്തുണ്ടായ ആള്‍ക്കൂട്ടവും കാഴ്ചകളും. ഇത് വ്യാപനത്തിന് ആക്കം കൂട്ടിയോ?
തെരഞ്ഞെടുപ്പ് സമയത്ത് ആളുകള്‍ കൂടിയതും ഒരു കാരണമായിരിക്കാം. പക്ഷേ, ജനാധിപത്യ സമൂഹത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട കാര്യമല്ലേ. അതിനെ നേരിടാന്‍ തയ്യാറാകണം. ചികിത്സ മാത്രം നടക്കുക. ബാക്കിയൊക്കെ അടച്ചിടുക. അങ്ങനെ പറ്റില്ലല്ലോ. എല്ലാം നടന്നു കൊണ്ട് തന്നെ നേരിടാൻ കഴിയും.
2019 ഡിസംബറില്‍ ചൈനയിലെ വൂഹാനില്‍ നിന്ന് പുറപ്പെട്ട് ലോകം മുഴുവന്‍ വ്യാപിച്ച് മരണം വിതക്കുന്ന ഈ കോവിഡ് എന്ത് പ്രതിഭാസമാണ്? ഇൻഡ്യയാണിപ്പോള്‍ ലോകത്ത് ഏറ്റവും മുന്നില്‍.
ഈ പ്രതിഭാസത്തിനു പിന്നില്‍ ഒരുപാട് തെറ്റിദ്ധാരണകൾ കൂടിയുണ്ട്. ഒരു പുതിയ വൈറസ് ഉണ്ടായി എന്നതു സത്യമാണ്. ഇതിനെതിരായി ആരിലും ആന്റിബോഡിയില്ല. എല്ലാവരെയും ബാധിക്കും എന്നതാണ് അസാധരണ പ്രതിഭാസം എന്നു പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നെയുള്ളത് മറ്റു വൈറസിനെക്കാള്‍ ഗൗരവമുള്ള വൈറസാണ് ഇത് എന്നതാണ്. അതും നൂറു ശതമാനം വൈറസ് മൂലം മാത്രമാണെന്ന് വിശ്വസിക്കുന്നുമില്ല. നിപ്പ, എന്തിനേറെ ഇവിടെ എന്നും കണ്ടുകൊണ്ടിരിക്കുന്ന ഡെങ്കി, ടൈഫോയിഡ്, എലിപ്പനി എന്നിവ ഇതിനെക്കാൾ എത്രയോ സീരിയസായ വൈറസുകളാണ്. അതെല്ലാം നമുക്ക് താങ്ങാന്‍ പറ്റുന്നെങ്കില്‍ ഇതും പറ്റും.
കൊറോണ മറ്റു വൈറസില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്?
പെട്ടെന്ന് വ്യാപിക്കുന്നു എന്നതാണ് ഒന്ന്. അതിനുകാരണം പ്രതിരോധ ശേഷിയില്ല എന്നതാണ്. ജലദോഷം എല്ലാവര്‍ക്കും ഒന്നിച്ചു വരാറില്ലല്ലോ. എല്ലാവര്‍ക്കും വന്നിട്ടുള്ളതു കൊണ്ടാണ് ഒന്നിച്ച് അതു വ്യാപിക്കാത്തത്. പുതിയ വൈറസ് മൂലമാണ് ജലദോഷം വരുന്നതെങ്കിൽ എല്ലാവര്‍ക്കും ഒന്നിച്ചുവരും. അതുപോലെയാണ് ഇതും. ഈ വൈറസ് ആദ്യമായി വരികയും, നമ്മുടെ ശരീരത്തില്‍ ആന്റിബോഡിയില്ല എന്നതിനാലും ഇതു പെട്ടെന്ന് വ്യാപിക്കുന്നു എന്നേ വ്യത്യാസമുള്ളൂ. പേടിയാണ് കോവിഡിനെ ഇത്ര വലുതാക്കിയത്. മരിക്കുന്നവരെല്ലാം ശ്വാസതടസം വന്നിട്ടാണ് മരിച്ചത്, വെന്റിലേറ്റർ വേണം, മരണനിരക്ക് കൂടുതലാണ്, അങ്ങനെയൊരു പേടി ആദ്യമേ പരന്നുകഴിഞ്ഞു. ആ പേടിയാണ് നമ്മളെ കീഴടക്കിയത്.
കോവിഡില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ലെന്നാണോ?
ഇതില്‍ നിന്നെല്ലാം മോചനമുണ്ട്. പൊതുജനാരോഗ്യം സംബന്ധിച്ച സാമൂഹിക നിശ്ചയദാര്‍ഢ്യം (social determination on health) അനിവാര്യമാണ്. സാമാന്യബുദ്ധി ഉപയോഗിക്കണം. ക്ലിനിക്കല്‍ പരിചയമുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തണം.രോഗം വന്നാലും കുഴപ്പമില്ല എന്ന ധൈര്യം വ്യക്തികളില്‍ ഉണ്ടാക്കിയെടുക്കണം. പേടിച്ചുകൊണ്ടല്ല ഇതിനെ നിയന്ത്രിക്കേണ്ടത്. കൊറോണ നമ്മുടെ കൂടെയുണ്ടാകും. അത് വൈറൽ പനിയായി കാണുക. ചിക്കൻപോക്സ് വന്നാൽ എങ്ങനെയാണ് ചികിത്സിക്കുന്നത് അത്രേയുള്ളൂ ഇതും. വ്യത്യസ്തമായി പൂട്ടിയിട്ടു ചികിത്സിക്കാനാകില്ല. മോചനമില്ലാത്തതായി ഒന്നുമില്ല.
കടപ്പാട്: പച്ചക്കുതിര മാസിക