ഈ അറസ്റ്റ് ക്രിമിനല്‍ നടപടി: മാര്‍ക്കണ്ഡേയ കട്ജു

ശിവസേന മേധാവി  ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് നടന്ന മുംബൈ ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയെ അറസ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തിരമായി സസ്പെന്‍ഷന്‍, അറസ്റ്, കുറ്റപത്രം, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ്  കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കയച്ച കത്ത്.

പ്രിയ മുഖ്യമന്ത്രി,

ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് നടന്ന മുംബൈ ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയെ അറസ്റ് ചെയ്തുവെന്ന് ആരോപിച്ച് എനിക്ക് ലഭിച്ച ഇ മെയില്‍ ഞാന്‍ താങ്കള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നു. മതവികാരങ്ങള്‍ വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അവളെ അറസ്റ് ചെയ്തത്.
ബന്ദിനെതിരെ പ്രതിഷേധിക്കുന്നത് മതവികാരങ്ങളെ വൃണപ്പെടുത്തുമെന്ന് പറയുന്നത് അസംബന്ധമാണെന്നാണ് ഞാന് കരുതുന്നത്.
നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(മ) അഭിപ്രായ സ്വാതന്ത്യ്രം മൌലികാവകാശമാണെന്ന് ഉറപ്പ് നല്‍കുന്നു. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലാണ്, ഫാസിസ്റ് സ്വേച്ഛാധിപത്യ രാജ്യത്തല്ല. ക്രിമിനല്‍ നിയമത്തിന്റെ 341, 342 വകുപ്പുകള്‍ പ്രകാരം തെറ്റായി ഒരാളെ അറസ്റ്  ചെയ്യുന്നതും കുറ്റം ചെയ്യാത്ത ഒരാളെ പ്രതിയാക്കുന്നതും കുറ്റകരമാണ്.

മേല്‍പ്പറയുന്ന വസ്തുതകള്‍ ശരിയാണെങ്കില്‍ പെണ്‍കുട്ടിയെ അറസ്റ് ചെയ്യാന്‍ ഉത്തരവിടുകയും നടപ്പാക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ (അവര്‍ എത്ര ഉന്നതരാണെങ്കിലും) അടിയന്തിരമായി സസ്പെന്‍ഷന്‍, അറസ്റ്, കുറ്റപത്രം നല്‍കല്‍, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്ന്  ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനു കഴിഞ്ഞില്ലെങ്കില്‍ താങ്കള്‍ സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയില്‍ പറയുന്ന ജനാധിപത്യപരമായ രീതിയില്‍ ഭരണകൂടത്തെ നയിക്കാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ പറയും, അതിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

  • ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു,
    ചെയര്‍മാന്‍, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ, സുപ്രീം കോടതി മുന്‍ ജഡ്ജി)
Top