ഇ മെയില്‍ നിരീക്ഷണം : പ്രതിഷേധം പടരുന്നു
മുസ്ലിം സമുദായത്തില്‍ പെട്ട ജനപ്രതിനിധികളുടേയും മറ്റ് രാഷ്ട്രീയ നേതാക്കളുടേയും പത്രപ്രവര്‍ത്തകരുടേയും ഇ-മെയില്‍ ചോര്‍ത്തിയ സംസ്ഥാന പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു.
- സ്വന്തം ലേഖകന്‍
നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു ആരോപിച്ചാണ് പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രഫഷനലുകളും അടക്കമുള്ള മുസ്ലിം സമുദായത്തിലെ 258 പേരുടെ ഇ മെയിലുകള്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ചോര്‍ത്താനും സംസ്ഥാന അഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. മാധ്യമം വാരികയാണ് ഈ സംഭവം പുറത്തു കൊണ്ടുവന്നത്.പോലിസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ നടപടി ഫാഷിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആരോപിച്ചു. വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തലും അവരുടെ സ്വാതന്ത്യ്രം നിഷേധിക്കലുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് വി.എസ് കുറ്റപ്പെടുത്തി. ഭീകര പ്രവര്‍ത്തകരോ ഭീകര സംഘടനയുമായി ബന്ധമുള്ളവരോ ആണെന്ന വിവരം ലഭിച്ചത് കൊണ്ടാണോ ലീഗ് നേതാവ് വഹാബും സമദാനിയുമടക്കമുള്ളവരുടെ മെയിലുകള്‍ തുറന്ന് പരിശോധിച്ചതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. .
വ്യക്തികളുടെയും സംഘടനകളുടെയും ഇ-മെയില്‍ നിരീക്ഷിക്കാനുള്ള കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരണം വ്യക്തമാക്കണമെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും മൌലിക അവകാശങ്ങളും നന്ഘിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് എന്താണെന്ന് വ്യക്തമാക്കണം. ഒരു മതവിഭാഗത്തെ ഉന്നം വെച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൗരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നുവെന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാവില്ല. ഇക്കാര്യത്തില്‍ ലീഗ് അഭിപ്രായം വ്യക്തമാക്കണം.
പോലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് നവ ജനാധിപത്യ പ്രസ്ഥാനം സംസ്ഥാന കമ്മറ്റി വിലയിരുത്തി. മുസ്ലിം ജനതയെ ഭീകരവാദ ബന്ധം ആരോപിച്ചു വേട്ടയാടുന്ന നടപടി ഒരു ജനാധിപത്യ സമൂഹത്തിനു അന്ഗീകരിക്കനാവില്ല. സമൂഹത്തില്‍ ഭിന്നതയും പരസ്പര സംശയവും ജനിപ്പിക്കുന്ന നടപടിക്കു സര്‍കാര്‍ തന്നെ നേതൃത്വം നല്‍കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.
മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയിലും ഫോണും ചോര്‍ത്താന്‍ തീരുമാനമെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന പൊലീസ് ഭീകരതയുടെ ഭാഗമാണ് ഇ-മെയില്‍ ചോര്‍ത്തലെന്നുവേണം കരുതാന്‍. ഇ-മെയിലും ഫോണും ചോര്‍ത്താനുള്ള എന്ത് പ്രത്യേക സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഡി.ജി.പി വ്യക്തമാക്കണം എന്നും കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്‍റ് കെ.സി.രാജഗോപാല്‍ ആവശ്യപ്പെട്ടു.
പോലീസിന്റെ നടപടിയില്‍ വിവിധ മുസ്ലിം സമുദായ സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം വിചിത്രവും കൂടുതല്‍ സംശയം ജനിപ്പിക്കുന്നതുമാണ്.ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ളെന്നും അതിനുള്ള സംവിധാനം കേരളത്തില്‍ ഇല്ലെന്നുമാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് പറയുന്നത്. 258 പേരുടെ മാത്രമല്ല ആയിരക്കണക്കിന് പേരുടെ വിവരങ്ങള്‍ പല കേസുകളിലായി പൊലീസ് ശേഖരിക്കുന്നുണ്ട്. ഒരാളുടെ വിശദാംശം തേടുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരാളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ അയാള്‍ കുറ്റക്കാരനാണെന്ന് അര്‍ഥമില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തെകുറിച്ച് മാത്രം അന്വേഷിക്കുന്നുവെന്ന നിലയില്‍ വാര്‍ത്ത നല്‍കിയത് ഉചിതമായില്ല. ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്. സൈബര്‍ സെല്ലില്‍ ടെലിഫോണുകള്‍ പരിശോധിക്കാനായി നിരവധി പരാതികളാണ് നിത്യേന ലഭിക്കുന്നത്. സംശയകരമായ ചില ഇ-മെയില്‍ വിലാസങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവയുടെ ഉമസ്ഥര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുക സ്വാഭാവികമാണ്- ഡി.ജി.പി പറഞ്ഞു.
ചില സംഭവങ്ങളും കേസുകളുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ കണ്ടെത്തേണ്ടിവരുമ്പോള്‍ വിശദമായ അന്വേഷണം വേണ്ടിവരും. ആരുടെയും വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയല്ല സ്പെഷല്‍ ബ്രാഞ്ച് നടത്തുന്നത്. പേരുകള്‍ നല്‍കിക്കൊണ്ടല്ല അവരുടെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ എന്നാണ് ഡിജിപി പറയുന്നത്.
ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇ-മെയില്‍ പരിശോദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ ഇന്‍റലിജന്‍സ് മേധാവിയും നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറുമായ എ. ഹേമചന്ദ്രന്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ ഇന്‍റലിജന്‍സ് വിഭാഗം മേധാവിയല്ല. പൊലീസ് വകുപ്പില്‍നിന്ന് പുറത്തുനില്‍ക്കുന്ന വ്യക്തിയായതിനാല്‍ ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ഉചിതമല്ല. രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാകും ഇന്‍റലിജന്‍സ് വിഭാഗം എന്തെങ്കിലും കാര്യം ചെയ്യുക. വസ്തുതകള്‍ കണ്ടെത്താനുള്ള ശ്രമമാണ് രഹസ്യാന്വേഷണ വിഭാഗം നടത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് അധികൃതരുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. രാഷ്ട്രീയ അനുമതിയില്ലാതെ ഇത്തരം ഒരു നടപടി സാധ്യമല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. അഥവാ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയാതെയാണ് നടപ്ടിയെങ്കില്‍ അദ്ദേഹം ആ വകുപ്പ് ഒഴിയുകയാകും ഉചിതം.
എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ലവ് ജിഹാദിന്റെ പേരില്‍ കേരളത്തിലെ പോലീസും ഹിന്ദുത്വ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും മുസ്ലിം സമുദായത്തെ വേട്ടയാടിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പോലും ചില മുസ്ലിം സംഘടനകള്‍ കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞത് മറക്കാന്‍ സമയമായിട്ടില്ല. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ സംഭവവുമായി ബന്ധപ്പെടുത്തിയും കേരളത്തിലെ മുസ്ലിങ്ങള്‍ ആകെ ഭീകര വാദികള്‍ അഥവാ ഭീകര വാദത്തെ അനുകൂലിക്കുന്നവര്‍ എന്ന സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയുണ്ടായി. ഇത്തരം നിരവധി സന്ദര്‍ഭങ്ങളില്‍ ഒരു ജനവിഭാഗത്തെ സംശയത്തോടെ വീക്ഷിക്കപ്പെടെണ്ടവര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ പത്തു വര്‍ഷക്കാലം നരക യാതന അനുഭവിച്ച ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച അബ്ദുല്‍ നാസര്‍ മ അദനി അതെ ആരോപണത്തില്‍ വീണ്ടും ബാംഗ്ലൂര്‍ ജയിലില്‍ വിചാരണ കത്ത് കിടക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്.
ഇത് മുസ്ലിങ്ങളുടെ മാത്രം പ്രശ്നവുമല്ല. വര്‍ക്കലയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെടുത്തി DHRM എന്ന ദളിത് സംഘടനയുടെ പ്രവര്‍ത്തകരെയും ഇങ്ങനെ വേട്ടയാടി. മറ്റു ദളിത് പ്രവര്‍ത്തകരെയും തീവ്രവാദ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പോലീസ് ശ്രമിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തുന്നവരെയും മാവോ വാദികള്‍ എന്നും തീവ്രവാദികള്‍ എന്നും മുദ്ര കുത്തി പ്രക്ഷോഭങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും പതിവാണ്. മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട നിരശ്രയരായ മനുഷ്യരുടെ സമരത്തിന് പിന്നില്‍ മാവോ വാദികള്‍ ആണെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.
അതിനാല്‍ ഇ മെയില്‍ ചോര്‍ത്തല്‍ സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി എഴുതി തള്ളാനാവില്ല. വ്യക്തിയുടെ സ്വത്ന്ത്ര്യത്തിലെക്കും സ്വകാര്യതയിലെക്കുമുള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റമായി കാണേണ്ടിവരും. ഇതിനെതിരെ മുസ്ലിം സംഘടനകളോ പൌരാവകാശ സംഘടനകളോ മാത്രമല്ല, ജനാധിപത്യ ബോധമുള്ള എല്ലാ മനുഷ്യരും പ്രതിഷേധത്തിന്റെ പതാക ഉയര്തിപ്പിടിക്കണം. അല്ലെങ്കില്‍ നാളെ നിങ്ങളും തീവ്രവാദിയോ ഭീകര വാദിയോ ആയി മാറാന്‍ ഒരു ഇ മെയില്‍ ലിങ്ക് മതിയാകും എന്ന് ഓര്‍ക്കുക.