അഴിമതിയുടെ മനുസ്മൃതി വ്യാഖ്യാനം

അണ്ണാ ഹസാരെയുടെ സംഘത്തിലുള്ള പ്രശാന്ത് ഭൂഷന്റെ നീതിബോധം അത്ര നിഷ്കളങ്കമാണോ? നിയമസംവിധാനങ്ങള്‍ സംശുദ്ധമായിരിക്കണമെന്നാഗ്രഹിക്കുന്ന അദ്ദേഹം വിരിച്ച വലയില്‍ മുമ്പ് ചൂണ്ടിക്കാണിച്ച അഴിമതിക്കാരായ ചീഫ് ജസ്റ്റിസുമാരും മറ്റ് ജഡ്ജിമാരും ഉള്‍പ്പെടാതിരുന്നതെന്തുകൊണ്ടാണ്? നഗ്നമായ അഴിമതി നടത്തിയവരുള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ പ്രശാന്ത് ഭൂഷന്റെ ‘രക്തബന്ധം’ ദലിതര്‍ ഒഴിച്ചുള്ളവര്‍ക്ക് അഴിമതി നടത്താന്‍ അവകാശണ്ടെന്നും ഇത്തരക്കാര്‍ സുരക്ഷിതരായിരിക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. കെ ജി ബാലകൃഷ്ണനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ അഴിമതിക്ക് മനുസ്മൃതിയുടെ വ്യാഖ്യാനം നല്‍കാനാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

നികൃഷ്ട ജാതിയില്‍ ജനിച്ചവര്‍ അത്യാഗ്രഹം നിമിത്തം ഉല്‍കൃഷ്ട ജാതിക്ക് വിധിച്ച കര്‍മങ്ങള്‍ ചെയ്ത് ജീവിച്ചാല്‍ ഉടന്‍ തന്നെ രാജാവ് അയാളുടെ ധനമെല്ലാം കണ്ടുകെട്ടി നാടുകടത്തണം

– മനുസ്മൃതി

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ ജി ബാലകൃഷ്ണനും അദ്ദേഹത്തിന്‍റെ സഹോദരനും അഴിമതിയിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള നിയമപ്രകാരം നടപടികള്‍ക്ക് വിധേയരാകുക തന്നെ വേണം.കാരണം മറ്റേത് മേഖലയിലുള്ളതിനേക്കാളും മാരകവും ആവല്‍ക്കരവുമാണ് ജുഡീഷ്യറിയിലെ അഴിമതി. അത് രാഷ്ട്ര ജീവിതത്തെ തളര്‍ത്തി പൌരജീവിതത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടു തന്നെയാണ് കെ ജി ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ സാര്‍വത്രിക ശ്രദ്ധ നേടിയത്. വസ്തുതകളിപ്രകാരമായിരിക്കെ, ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ ഒരു  പുനര്‍വിചാരണ അര്‍ഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ അഴിമതിക്കഥകളുടെ പിന്നാലെ ഇഴഞ്ഞുനടന്നാല്‍ എത്തിച്ചേരുന്നത് വംശീയ വിദ്വേഷത്തിന്‍റെ രാവണന്‍കോട്ടകളിലായിരിക്കും.
കേരളത്തിലെ താഴ്ന്ന ഇടത്തരം ദലിത് കുടുംബത്തിലെ അംഗമായിരുന്ന ബാലകൃഷ്ണന്‍ ജന്മസിദ്ധമായ കഴിവും കഠിനമായ പ്രയത്നവും സര്‍വോപരി സംവരണമെന്ന അവകാശവും കൊണ്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസെന്ന അത്യുന്നത പദവിയില്‍ എത്തിച്ചേര്‍ന്നത്. ഈ പദവി കോടിക്കണക്കായ ദലിതര്‍ക്ക് ഭൌതിക നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും അളവറ്റ ധാര്‍മികമായ ഉണര്‍വാണ് സൃഷ്ടിച്ചത്. ഇത്തരം ഒരു നിഗമനത്തിനടിസ്ഥാനം, ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഡോ: ബി ആര്‍ അംബേദ്കറുടെ പാഠവല്‍ക്കരണമാണ്. ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതും അതിജീവിക്കുന്നതും തൊഴില്‍വിഭജനത്തിലൂടെ മാത്രമല്ല, തൊഴിലാളികളുടെ വിഭജനത്തിലൂടെയും കൂടിയാണ്. അതായത് ധര്‍മശാസനങ്ങള്‍ അനുശാസിക്കുന്ന മൂല്യവ്യവസ്ഥക്ക് ജാതിയെ സ്ഥാപനവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കാണുള്ളത്.

കേരളത്തില്‍ ഏറെ പഴക്കമില്ലാത്ത കാലത്ത് നമ്പൂതിരിയില്‍ നിന്ന് 96 അടി അകലം പാലിച്ചാണ് പുലയന്‍ നിന്നിരുന്നത്. സാമാന്യയുക്തിയിലൂടെ ചിന്തിച്ചാല്‍, നമ്പൂതിരിയുടെ തൊട്ടടുത്ത് നിന്നാലോ സ്പര്‍ശിച്ചാലോ ഒന്നും സംഭവിക്കുമായിരുന്നില്ല. എങ്കിലും മണ്‍മറഞ്ഞുപോയ അനേകം തലമുറകള്‍ ഒരനുഷ്ഠാനമെന്ന പോലെ അയിത്താചാരം പാലിക്കുകയായിരുന്നു. കേരളീയ സമൂഹം ഒരുപാട് ചോരയും വിയര്‍പ്പും ചിന്തിയാണ് ഈ അവസ്ഥ മറികടന്നതെന്ന് 1922ല്‍ കൊല്ലം പരവൂരില്‍ നടന്ന നായരീഴവ ലഹള വിളിച്ചുപറയുന്നുണ്ട്. സംഭവം ഇപ്രകാരമാണ്: ഈഴവര്‍ പ്രസിദ്ധീകരിച്ചിരുന്ന ‘സുജാത’ പത്രത്തിന്റെ ഓഫീസ് ഒരു കൂട്ടം നായന്മാര്‍ അഗ്നിക്കിരയാക്കി. തുടര്‍ന്ന് ഇരു സമുദായങ്ങളും തമ്മില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന അടികലശലുണ്ടായി. കൊള്ളയുടെയും കൊള്ളിവെയ്പിന്‍റെയും ഫലമായി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. പ്രസ്തുത സംഭവത്തെക്കുറിച്ച് കുമാരനാശാന്‍ ‘വിവേകോദയം’ മാസികയില്‍ ഒരു മുഖപ്രസംഗമെഴുതി. ‘ലഹളേ, നീയാണേറ്റവും നല്ല സാമൂഹ്യ പരിഷ്കര്‍ത്താവ്. തമ്മില്‍ തൊടാന്‍ പാടില്ലാത്തവരെ നീ തമ്മില്‍ തൊടീക്കുന്നു. അതുപോലെ തമ്മില്‍ തൊടാന്‍ പാടില്ലാത്തവരെ തമ്മില്‍ തൊടീക്കുന്ന ഒരു വ്യവഹാര മണ്ഡലം ബാലകൃഷ്ണന്‍റെ ചീഫ് ജസ്റ്റിസ് സ്ഥാനവും സൃഷ്ടിക്കുന്നുണ്ട്‌. ജന്മം കൊണ്ട്‌ 96 അടി അകലം പാലിക്കാന്‍ ബാധ്യസ്ഥനായ ബാലകൃഷ്ണന്‍ ഇന്ത്യയിലെ ബ്രാഹ്മണരോടൊപ്പം നില്‍ക്കുന്നത് നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ കാണുന്ന ദലിതര്‍ക്ക് (ബ്രാഹ്മണര്‍ക്കും) ധര്‍മശാസനകളിലൂടെ പവിത്രവും ദൈവികവുമായി നിലനില്‍ക്കുന്ന അയിത്തവും ജാതിയും അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിയാന്‍ കഴിയും. ചോര ചിന്താതെയുള്ള ഈ കലാപം ഗാന്ധിജി നടത്തിയ ഹരിജനോദ്ധാരണത്തിന്‍റെ പുന:സഷ്ടിയാണ്.

ഇപ്രകാരമുള്ള നിരവധി വഴികളിലൂടെ നടന്നാണ് ദലിതര്‍ ചരിത്രം വിധിച്ച ഹീന ജോലികള്‍ക്കപ്പുറമുള്ള, കായികേതരമായ ബൌദ്ധിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ അര്‍ഹത നേടിയത്. വേറിട്ടുള്ള തൊഴിലുകളിലേര്‍പ്പെടുന്നവരെല്ലാം സത്യസന്ധരും നീതിമാന്മാരുമായിരിക്കണമെന്ന വാദം ദലിതര്‍ക്ക് അവസരം നിഷേധിക്കണമെന്ന വംശീയാഭിലാഷമായാണ് തിരിച്ചറിയേണ്ടത്. മാത്രമല്ല, ഉന്നതസ്ഥാനങ്ങളിലെത്തുന്ന ദലിതര്‍ കഴിവു കെട്ടവരാണെന്ന സംവരണ വിരുദ്ധരുടെ ആരോപണങ്ങളോടൊപ്പം സംശുദ്ധമായ പൊതുജീവിതത്തിന് കളങ്കമുണ്ടാക്കുന്നവരാണെന്ന കുറ്റാരോപണവും ഉയരാറുണ്ട്.
ഇപ്പോള്‍ സംഭവിച്ചതെന്താണെന്ന് നോക്കുക. സുപ്രീം കോടതിയിലെ 16 മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ 8 പേര്‍ അഴിമതിക്കാരാണെന്ന (ഇക്കൂട്ടത്തില്‍ കെ ജി ബാലകൃഷ്ണനില്ല) ആരോപണവുമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് മുന്‍ നിയമമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശാന്തിഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണുമാണ്. വ്യക്തമായ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന ഈ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും അന്വേഷിക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ ഇവരുടെ ആരോപണങ്ങള്‍ മഞ്ഞുകട്ട പോലെ അലിഞ്ഞ് വിസ്മൃതമാകുകയായിരുന്നു. മാത്രമല്ല, ഇക്കാര്യം ജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ മാധ്യമങ്ങളോ പൊതുതാല്‍പര്യ ഹര്‍ജിക്കാരോ കാര്യമായി മെനക്കെട്ടില്ല.

എന്നാല്‍ കെ ജി ബാലകൃഷ്ണന്‍റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ പ്രസിഡന്‍ഷ്യല്‍ റെഫറന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സംഘടനക്ക് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണാണ് ഹര്‍ജി നല്‍കിയത്. അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ പുന: പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാലിശമായ ഈ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു.
അണ്ണാ ഹസാരെയുടെ സംഘത്തിലുള്ള പ്രശാന്ത് ഭൂഷന്റെ നീതിബോധം അത്ര നിഷ്കളങ്കമാണോ? നിയമസംവിധാനങ്ങള്‍ സംശുദ്ധമായിരിക്കണമെന്നാഗ്രഹിക്കുന്ന അദ്ദേഹം വിരിച്ച വലയില്‍ മുമ്പ് ചൂണ്ടിക്കാണിച്ച അഴിമതിക്കാരായ ചീഫ് ജസ്റ്റിസുമാരും മറ്റ് ജഡ്ജിമാരും ഉള്‍പ്പെടാതിരുന്നതെന്തുകൊണ്ടാണ്? നഗ്നമായ അഴിമതി നടത്തിയവരുള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ പ്രശാന്ത് ഭൂഷന്റെ ‘രക്തബന്ധം’ ദലിതര്‍ ഒഴിച്ചുള്ളവര്‍ക്ക് അഴിമതി നടത്താന്‍ അവകാശണ്ടെന്നും ഇത്തരക്കാര്‍ സുരക്ഷിതരായിരിക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. കെ ജി ബാലകൃഷ്ണനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ അഴിമതിക്ക് മനുസ്മൃതിയുടെ വ്യാഖ്യാനം നല്‍കാനാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ ജനാധിപത്യ ഭരണക്രമം ദേശീയപ്രസ്ഥാനത്തിലൂടെയുള്ള സവര്‍ണരുടെ വരദാനമല്ല. അത് സ്വാതന്ത്ര്യം സമരത്തിന്റെ അനിഷേധ്യഭാഗമായിത്തീര്‍ന്ന ദലിതരുടെ രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെ കൂടി സൃഷ്ടിയാണ്. അതുകൊണ്ടാണ് സവര്‍ണ മേധാവിത്വത്തിന്‍റെ കടുത്ത ശത്രുതകള്‍ക്കിടയിലും ഭരണഘടനാവകാശമായ സംവരണം നിലനില്‍ക്കുന്നത്. ഇത്തരം അവകാശങ്ങളിലൂടെ ഭരണ നിര്‍വഹണ രംഗത്തെത്തുന്നവര്‍ കേവലം വ്യക്തികളല്ല; സമുദായത്തിന്റെ പ്രതിനിധികളാണ്. തന്മൂലം സമുദായം രാഷ്ടത്തോട് ചെയ്യേണ്ട  കടമകള്‍ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണ്. മറിച്ചാവുമ്പോള്‍ സമുദായത്തിന് അവരെ ചോദ്യം ചെയ്യാനും ബഹിഷ്കരിക്കാനും അവകാശമുണ്ട്. ബാലകൃഷ്ണന്‍റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ബാലകൃഷ്നെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവ അവാസ്തവങ്ങളാണെന്ന് ദലിത് സംഘടനകളും പൊതുപ്രവര്‍ത്തകരും വിളിച്ചുപറഞ്ഞില്ല. മറിച്ച് നീതിയുടെ തുലാസിലെ തൂക്കം കൃത്യമായിരിക്കണമെന്നേ വാദിച്ചുള്ളൂ. ഇതിനു കാരണം ദലിതര്‍ കൂടി സൃഷ്ടിച്ച ജനാധിപത്യ ഭരണക്രമത്തെ ദുര്‍ബലപ്പെടുത്താനവര്‍ വിസമ്മതിച്ചതുകൊണ്ടാണിത്.
പ്രശാന്ത് ഭൂഷന്‍റെ വംശീയ വിദ്വേഷം വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങളുമായി കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്‌. കുറച്ചുനാള്‍ മുമ്പ് ദില്ലിയില്‍ അരങ്ങേറിയ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്‍റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

അഴിമതിവിരുദ്ധതയുടെ പേരില്‍ അരങ്ങേറിയ ആ സമരത്തില്‍ മണ്ഡല്‍ മസ്ജിദ് കാലത്ത് രൂപപ്പെട്ട സംവരണ- ന്യൂനപക്ഷാവകാശ വിരുദ്ധരുടെ വലുതായ പങ്കാളിത്തവും ഭരണഘടനാ നിഷേധവും ഉള്ളടക്കമായിരുന്നു. അണ്ണാ സംഘത്തിന്‍റെ സവര്‍ണ താല്‍പര്യങ്ങള്‍ക്കെതിരെ നിലപാടെടുക്കാന്‍ ഉദിത് രാജിനെപ്പോലുള്ള ദലിത് നേതാക്കളെ പ്രേരിപ്പിച്ചത് ഇതാണ്. സമരത്തിന്‍റെ  പിന്നിലെ ഹിന്ദുത്വ രാഷ്ട്രീയ താല്‍പര്യത്തോടൊപ്പം, ദേശീയ മാധ്യമങ്ങള്‍ അവഗണിച്ച ദലിത് ഇടപെടലിന്‍റെ കൂടി ഫലമായി സ്വാമി അഗ്നിവേശിനെയും പി വി രാജഗോപാലിനെയും പോലുള്ളവര്‍ പിന്മാറിയതോടെയാണ് അണ്ണാ സമരാഘോഷത്തിന് തിരശ്ശീലവീണത്. സഹജമായ ദലിത് വിരുദ്ധതയോടൊപ്പം, ഈ പരാജയത്തില്‍ നിന്നുയര്‍ന്ന പ്രതികാരബോധം കൂടിയാണ് ഇന്ത്യയിലെ ദലിതനായ ആദ്യ ചീഫ് ജസ്റ്റിസിനെതിരെ നീങ്ങാന്‍ പ്രശാന്ത്ഭൂഷണെ പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. അഴിമതിയേക്കാള്‍ അപകടകരമായ പ്രതികാരബോധത്തിന്‍റെ പര്യവസാനം, ഹിറ്റ്ലര്‍ ജൂതര്‍ക്കെതിരായി മുന്നോട്ടുവെച്ച പകയുടെ പരിഭാഷയായി മാറുമെന്നാണ് ചരിത്രാനുഭവം.

അഴിമതിവിരുദ്ധ സമരത്തിന്‍റെ പിന്നാമ്പുറ കഥകള്‍, കെ ജി ബാലകൃഷ്ണന്‍ ഒറ്റപ്പെട്ടൊരു ബലിമൃഗമല്ലെന്ന വ്യക്തമാക്കുന്നുണ്ട്‌. രാഷ്ട്രീയ നേതാക്കളും, കോര്‍പ്പറേറ്റ് മേധാവികളും, ന്യായാധിപരും അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് അഴിമതിയുടെ പിശാച രൂപങ്ങളായി മാധ്യമങ്ങളിലും പൊതുബോധത്തിലും നിറഞ്ഞുനില്‍ക്കുന്നത് ദലിത്/ആദിവാസി നേതൃത്വങ്ങളാണ്.  മുന്‍ പ്രധാനമന്ത്രിമാര്‍ മുതല്‍ സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ വരെ തിഹാര്‍ ജയില്‍വാസം വിധിക്കപ്പെട്ടത് അഴിമതിയുടെ ആള്‍രൂപങ്ങളായി ആഘോഷിക്കപ്പെടുന്ന, കേന്ദ്ര മന്ത്രിസഭയിലെ ദലിതനായ എ രാജയും സ്ത്രീയായ കനിമൊഴിയുമാണ്. സുരേഷ് കല്‍മാഡി അപൂര്‍വമായ അപവാദം മാത്രമാണ്.
ബി ജെ പിയുടെ ദേശീയ അധ്യക്ഷനായിരുന്ന ബങ്കാരു ലക്ഷ്മണ്‍ തെഹല്‍ക്കയുടെ ഒളി ക്യാമറ ഓപ്പറേഷനില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണു പിടിയിലായെങ്കിലും ദലിതനായതുകൊണ്ട്‌ മാത്രം രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാകുകയും ഒടുവില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. അതേ സമയം കോടികളുടെ അഴിമതികള്‍ നടത്തിയ ബി ജെ പി നേതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ സജീവമായി തുടരാനും പദവികള്‍ നിലനിര്‍ത്താനും കഴിയുന്നു.

ചുരുക്കത്തില്‍ അഴിമതിക്ക് മനുസ്മൃതിയിലൂടെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിയുന്ന കാലത്ത് ഇരകളെയും വേട്ടക്കാരെയും തിരിച്ചറിയാനുള്ള കടമ ദലിതര്‍ക്കും ജനാധിപത്യവാദികള്‍ക്കുമുണ്ട്‌. ഇത് അഴിമതിയെ വെള്ളപൂശാനായിരിക്കരുത്, അന്തസുറ്റ ജീവിതത്തിനു വേണ്ടിയായിരിക്കണം.

Top